പരിചയക്കാരനായ ഒരു ആട്ടോ ഡ്രൈവറോടൊപ്പം അയാളുടെ ആട്ടോയിൽ നഗരത്തിലേക്ക് പോവുകയായിരുന്നു ഞാൻ.
പ്രദേശത്തെ പ്രധാന അമ്പലത്തിലെ ഉൽസവമായതിനാൽ റോഡിലെ തിരക്കു കാരണം ഊട് വഴികളിലൂടെയായിരുന്നു യാത്ര. വഴിയിൽ വെച്ച് ഞങ്ങൾക്ക് രണ്ട് പേർക്കും പരിചയമുള്ള കാലിന് സ്വാധീന കുറവുള്ള ഒരാളെയും വണ്ടിയിൽ കയറ്റി. യാത്ര തുടരവേ ഡ്രൈവർ തിരിഞ്ഞ് എന്റെ സഹ യാത്രികനോട് പറഞ്ഞു.
“ ജംഗ്ഷനിലുള്ള ആ കടയിൽ നിന്നും ഇനി സാധനങ്ങളും വാങ്ങിയിട്ട് വീട്ടിലേക്ക് പോകാൻ എന്നെ മൊബൈലിൽ വിളിച്ചാൽ ഞാൻ വരില്ലാ .“
“അതെന്തെടോ...തനിക്ക് ഞാൻ പൈസ്സാ വല്ലതും തരാനുണ്ടോ ?
അതല്ലാാ ചേട്ടാ കാര്യം.. ചേട്ടൻ സ്ഥിരമായി അരിയും മറ്റും വാങ്ങുന്നത് ആ കടയിൽ നിന്നാണ്..ചേട്ടന് കാല് വയ്യാത്തത് കൊണ്ട് വാങ്ങിയ സാധനവും ചുമന്ന് അൽപ്പമങ്ങോട്ടോ ഇങ്ങോട്ടോ മാറി വണ്ടി നിർത്തുന്നിടത്ത് നിൽക്കാൻ കഴിയൂലാ അത് കൊണ്ടാ എന്നെ വിളിക്കുന്നത്, സാധാരണ ഞാൻ റോഡരികിൽ കടയുടെ മുമ്പിൽ വണ്ടി ഒതുക്കി തരുമ്പോൾ സാധനം വണ്ടിയിൽ കയറ്റി നമ്മൾ വീട്ടിൽ പോകും. ഇനി അങ്ങിനെ വണ്ടി ഒതുക്കുകയോ സ്ലോ ചെയ്ത് ആ കടയുടെ മുമ്പിൽ നിർത്തുകയോ ചെയ്താൽ ദേ! ആ ജങ്ഷനിൽ ഇപ്പോൾ കൊണ്ട് വെച്ച. ക്യാമറാ ഒന്ന് മിന്നും എന്റെ കീശ അപ്പൊത്തന്നെ കീറും. അത് കൊണ്ടാ സംഗതി പറ്റൂല്ലാ എന്ന് ഞാൻ പറഞ്ഞേ.. ഡ്രൈവർ പറഞ്ഞു.
“ അത് നോ പാർക്കിംഗ് ഏരിയാ അല്ലേ.....താനെങ്ങിനെ ഇത്രയും കാലം വണ്ടി അവിടെ നിർത്തി.ഇദ്ദേഹത്തെ കയറ്റി..മാത്രമല്ല,,,തൊട്ടടുത്ത് പോലീസ്കാരനും കണ്ണിലൊഴിച്ച് നിൽപ്പുണ്ട്..അവിടെ നിർത്തുന്ന വണ്ടിയെ ഓടിക്കാൻ....“ സംഭാഷണം കേട്ട് കൊണ്ടിരുന്ന ഞാൻ ഇടപെട്ടു.
“ഞാനും അതാ പറഞ്ഞോണ്ട് വരുന്നത് സാറേ......പോലീസ്കാരൻ പലവട്ടം എന്നെ ഓടിക്കാൻ വന്നിട്ടുണ്ട്..പക്ഷേ അപ്പോഴൊക്കെ ഇദ്ദേഹത്തിന്റെ കാല് ഞാൻ ചൂണ്ടിക്കാണിച്ച് “പോലീസണ്ണാ......എന്ന് ദയാനീയമായി വിളിക്കും അദ്ദേഹം ഈ സാറിന്റെ കാല് നോക്കീട്ട് “പെട്ടെന്ന് വണ്ടി വിട്ട് പോടോ“ എന്ന് അമറിയിട്ട് വീണ്ടും പഴയ സ്ഥലത്ത് പോയി നിന്ന് ഡ്യൂട്ടി ചെയ്യും....ഇപ്പോ വണ്ടി അവിടെ സ്ലോ ചെയ്താൽ ക്യാമറാ മിന്നിക്കാണിക്കും. അപ്പോ ക്യാമറായുടെ അടുത്ത് ചെന്ന് ഈ സാറിന്റെ കാല് കാണിച്ച് എന്റെ പൊന്ന് ക്യാമറാ അണ്ണാ......മനപ്പൂർവമല്ലാ എന്ന് കരഞ്ഞ് പറഞ്ഞാൽ അതിന് വല്ല അനക്കമുണ്ടോ..പിന്നെയും അത് മിന്നിക്കാണിക്കും അത്രന്നെ....“
“ശ്ശെടാ...ഇതൊരു പുലിവാലായല്ലോ...സഹ യാത്രികൻ പിറു പിറുത്തു...
“ഒന്നുകിൽ ക്യാമറാ കണ്ണ് എത്താത്ത കടയിൽ നിന്ന് സാധനം വാങ്ങ്....അല്ലെങ്കിൽ പാർക്കിംഗ് ഏരിയാ വരെ സാധനം ചുമക്കാൻ ആരെയെങ്കിലും കൂട്ടിന് വിളിക്ക്.... ഞാൻ ബദൽ നിർദ്ദേശം വെച്ചു.
കിട്ടിയ മറുപടി എഴുതാൻ കൊള്ളില്ലാ.....അത് കൊണ്ട് ഞാനൊന്ന് പൊട്ടിച്ചിരിച്ചു.
ശരിയാണ് മനുഷ്യനും മെഷീനും തമ്മിൽ വ്യത്യാസമുണ്ട്. ഈ കേസിൽ മനുഷ്യന് വിവേചനാ ബുദ്ധിയുണ്ട്. മെഷീന് ആ സാധനം ഇല്ല.
No comments:
Post a Comment