രാവിന്റെ അന്ത്യ യാമങ്ങളിൽ എപ്പോഴോ ആ ശബ്ദം ആലപ്പുഴ വട്ടപ്പള്ളിയിലെ ഇടവഴികളിൽ മുഴങ്ങി. “ഉഷാർ ബാബാ...ഉഷാർ.“.
അത്താഴക്കൊട്ടുകാരൻ ഖാലിദിക്കാ ആണ്.
നോമ്പ് കാലത്ത് രാത്രിയിൽ വളരെ വൈകി കഴിക്കുന്ന അത്താഴത്തിന് വിശ്വാസികളെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ പണ്ട് മുതൽക്കേ ഖാലിദിക്കാ പതിവായി ചെയ്യുന്ന സേവനമാണ് അറബനാ മുട്ടി ഉഷാർ ബാബാ ഉഷാർ.. വിളിയും തുടർന്ന് ഈണത്തിൽ പാടുന്ന ബൈത്തുകളും. അയാൾക്ക് പ്രതിഫലമായി നോമ്പ് ഇരുപത്തേഴാം രാവ് എല്ലാവരും എന്തെങ്കിലും കൈ മടക്ക് കൊടുക്കും.
അന്ന് മൊബൈൽ ഫോണോ സമയമറിയിച്ച് ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ കഴിയുന്ന മറ്റ് സംവിധാനങ്ങളോ നിലവിലില്ലല്ലോ.
ഖാലിദിക്കായുടെ വിളിച്ച് പറയലും ബൈത്ത് പാട്ടും അറബനാ മുട്ടും കേട്ട് മുതിർന്നവർ എഴുന്നേൽക്കുകയും പകലത്തെ നോമ്പിനാൽ ക്ഷീണിച്ച് ഉറങ്ങുന്ന ഞങ്ങൾ കുട്ടികളെ തട്ടി എഴുന്നേൽപ്പിക്കുകയും ചെയ്യുന്നു. പാതി ഉറക്കത്തിൽ മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം അത് റേഷനരി ചോറോ ചമ്മന്തി അരച്ച് കൂട്ടാനോ അതെന്തായാലും കഴിച്ച് തീരുമ്പോൾ ഉമ്മാ നിയ്യത്ത് പറഞ്ഞ് തരും. നാളത്തെ നോമ്പ് നോൽക്കുന്നു എന്ന തീരുമാനം ഏറ്റ് പറയുന്ന ഒരു ചടങ്ങാണ് നിയ്യത്ത്. (തീരുമാനം, ശപഥം, പ്രതിജ്ഞ. എന്നൊക്കെ അർത്ഥം കൽപ്പിക്കാം നിയ്യത്തിന്)
ഉമ്മാ എനിക്ക് നിയ്യത്ത് ചൊല്ലിതരുന്നത് ഞാൻ ഏറ്റ് ചൊല്ലും
“ നബൈത്തു, സൗമ ഖദിൻ, അൻ അദായി, ഫർളി റമളാനി ഹാദിഹി സനത്തി ലില്ലാഹി ത ആലാ...“ എന്നിട്ട് അതിന്റെ അർത്ഥവും ചൊല്ലി തരും “ ഈ വർഷത്തെ റമദാൻ മാസത്തിലെ ഫർളായ (നിർബന്ധ കർമ്മം) നാളത്തെ റമദാൻ നോമ്പിനെ അള്ളാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ കരുതി ഉറപ്പിക്കുന്നു..“
ഇത് ചൊല്ലിക്കഴിയുമ്പോൾ ഉറക്കം കൺ പോളകളെ തഴുകുന്നുണ്ടാകും. അപ്പോഴും ഖാലിദിക്കായുടെ അറബനാ മുട്ട് ശബ്ദവും ഉഷാർ ബാബാ ഉഷാർ വിളിയും ദൂരെ ദൂരെ കമ്പിക്കകം വളപ്പിൽ നിന്നും രാത്രിയുടെ നിശ്ശബ്ദതയിൽ ഒഴുകി വരുമായിരുന്നു.
ഇപ്പോൾ ഖാലിദിക്കാ മരിച്ച് കാണൂം. മൊബൈൽ ഫോണീന്റെയും മറ്റും അതി പ്രസര കാലത്ത് “ഉഷാർ ബാബാ ഉഷാർ വിളിയുടെ ആവശ്യമില്ലല്ലോ. നിശ്ചിത സമയത്ത് ഞങ്ങൾ പഴയ തലമുറ എഴുന്നേറ്റ് പുതു തലമുറയെ തട്ടി വിളിച്ച് ആഹാരം കൊടുത്ത് കഴിഞ്ഞ് നിയ്യത്ത് ചൊല്ലിക്കൊടുക്കുകയും അവർ ഏറ്റ് പറയുകയും ചെയ്യുന്നു.
അത് കാണുമ്പോൾ കടന്ന് പോയ ഒരു കാലത്ത് രാത്രിയിലും നോമ്പാണോ ഉമ്മാ എന്ന് പറയേണ്ടി വന്നിരുന്ന ഒരു പട്ടിണിക്കാലത്ത് മങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ മുമ്പിലെത്തിയ റേഷൻ അരി ചോറും കഴിച്ച് പാതി ഉറക്കത്തിൽ നിയ്യത്ത് ചൊല്ലുന്ന ആ പയ്യനെ ഓർമ്മ വരുന്നു., ഇപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾ നിയ്യത്ത് ഏറ്റ് പറയുന്നത് കാണുമ്പോൾ എന്റെ ഉമ്മാ ഒരിക്കൽ കൂടി എന്റെ അടുത്തിരുന്ന് നിയ്യത്ത് പറഞ്ഞ് തന്നിരുന്നെങ്കിൽ...എന്ന് ആശിച്ച് പോകുന്നു. ഉമ്മാ ആലപ്പുഴ പടിഞ്ഞാറേ പള്ളി പറമ്പിൽ എന്റെ മൂത്ത സഹോദരിയൊടൊപ്പം നീണ്ട ഉറക്കത്തിലാണല്ലോ എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത വേദനയും തോന്നുന്നു. . അവർ ചൊല്ലി പഠിപ്പിച്ച നിയ്യത്ത് തലമുറകൾ കടന്ന് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കുമ്പോൾ ദൂരെ ദൂരെ എവിടെയെങ്കിലും ഇനി ഒരിക്കലും കേൾക്കാൻ ഇടയില്ലാത്ത ഖാലിദിക്കായുടെ അറബനാ മുട്ടും ഉഷാർ ബാബാ ഉഷാർ..വിളി കേൾക്കാനും കൊതി ആകുന്നല്ലോ.
No comments:
Post a Comment