Tuesday, October 29, 2013

എനിക്ക് കിട്ടണം പണം.

ഇന്ന് രാവിലെ  നടക്കാനിറങ്ങിയപ്പോൾ  ആ പെൺകുട്ടിയെ  അവരുടെ  വീടിന്റെ  മുൻ വശത്തായി  കണ്ടു.  ഉദിച്ചുയരുന്ന  സൂര്യന്റെ  പൊൻ കിരണങ്ങൾ  മുഖത്ത്  ചിരിയായി  പരത്തി അവൾ എന്നെ  അഭിവാദ്യം ചെയ്തു. മനസ്സിൽ നൊമ്പരത്തോടെയാണെങ്കിലും  ഞാൻ  തിരിച്ച് അഭിവാദ്യം  ചെയ്ത  ശേഷം  മുന്നോട്ട് നടക്കുമ്പോൾ  ഇത്രയും  പ്രസന്നവതിയായ   ഇവളെ  വേണ്ടെന്ന്  വെച്ച  ആ മൂഡൻ  തീർച്ചയായും  അനുഭവിക്കും  എന്ന്  മനസ്സിലാരോ  പറയുന്നുണ്ടായിരുന്നു. കേവലം  രണ്ട് മാസം  മാത്രം വിവാഹജീവിതത്തിൽ  ഏർപ്പെട്ടതിന് ശേഷം   അവളെ  നിഷ്കരുണം  ഉപേക്ഷിക്കുമ്പോൾ  അവന്റെ  മനസ്സിൽ  പണത്തിന് നേരെയുള്ള  ആർത്തി  മാത്രമാണുണ്ടായിരുന്നത്.  ഉന്നത  വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരിയായ  അവൾക്ക്  ഹെറിഡറ്ററിയായി  കിട്ടിയ  ശരീര വണ്ണം മാത്രം ന്യൂനതയായി   ഉണ്ടായിരുന്നതല്ലാതെ മറ്റൊരു  കുറ്റവും  ഇല്ലായിരുന്നല്ലോ. അത് അവൾ മനപൂർവം  വരുത്തി വെച്ചതുമല്ല. ചിലരുടെ  ശരീര പ്രകൃതം  അങ്ങിനെയാണെന്ന്  മാത്രം. ആ ന്യൂനത  പരിഹരിക്കാനായി  അവൾക്ക് നല്ല  ഊർജസ്വലതയും  പ്രസന്നതയും  എപ്പോഴും  ചിരിച്ച  മുഖവും  പ്രകൃതി  നൽകിയിരുന്നല്ലോ.  മാത്രമല്ല അവൻ ഈ കുട്ടിയെ കല്യാണത്തിന് മുമ്പ്  കണ്ട്  ബോദ്ധ്യപ്പെട്ടിട്ടായിരുന്നു  വിവാഹം  കഴിച്ചത്.  പക്ഷേ  അവളുടെ  ന്യൂനത ഒന്നുമല്ലായിരുന്നു  ഉപേക്ഷിക്കാൻ  കാരണം. അവൻ  പണം  മാത്രം  ലക്ഷ്യം വെച്ചായിരുന്നു  ഈ ബന്ധത്തിന് മുതിർന്നത്. പെൺകുട്ടിക്ക് അൽപ്പം  ന്യൂനത  വല്ലതുമുണ്ടെങ്കിൽ അത് അവന്റെ ലക്ഷ്യ സാദ്ധ്യതക്കായി  ഉപയോഗിക്കാമെന്ന് അവൻ  കരുതി.  അല്ലാതെ  ത്യാഗ മനസ്ഥിതിയിലല്ല അവൻ  ആ കുട്ടിയെ  വിവാഹം  കഴിച്ചതെന്ന്  അവന്റെ പിൽക്കാല  ചെയ്തികൾ  സാക്ഷ്യം വഹിച്ചു. ആദ്യം  ആഭരണങ്ങൾ വിറ്റ്  ധൂർത്തടിച്ചു. പിന്നീട്  വൻ തുകകൾ  ആവശ്യപ്പെട്ട് തുടങ്ങി. തുടർന്ന്  അവളുടെ ഏക  വാസസ്ഥലം വിൽക്കാൻ  പ്രേരിപ്പിക്കാൻ  തുടങ്ങി. രണ്ട്  മാസം  കൊണ്ട് ഇത്രയുമായപ്പോൾ    ബുദ്ധിമതിയായ അവൾക്ക്  ആളെ മനസ്സിലായി. പണം  മാത്രം  ആവശ്യമുള്ള  സ്നേഹത്തിന്റെ കണിക പോലും  കാണിക്കാത്ത  ഈ പണ പേ  പിശാചിന്റെ  ഉദ്ദേശ ലക്ഷ്യം  മനസ്സിലാക്കിയപ്പോൾ  അവൾ അവന്റെ  പണത്തിന് വേണ്ടിയുള്ള  നിർബന്ധം കണ്ടില്ലാ എന്ന്  നടിച്ചു. ഫലം  അവൾ തിരികെ  വീട്ടിൽ  വരാൻ  ഇടയായി. കുറച്ച്  കാലം  കഴിഞ്ഞപ്പോൾ  വിവാഹ ബന്ധം  വിടർത്തി നോട്ടീസ്  വന്നു.  ആ നോട്ടീസിനെ നിയമ പരമായി  നേരിടാനുള്ള  ഒരുക്കത്തിലാണ് അവളിപ്പോൾ. അവളിൽ നിന്നും  പിടിച്ച് വാങ്ങിയ  മുതലുകൾ നഷ്ട പരിഹാരം  സഹിതം  ഈടാക്കാൻ  ഈ നാട്ടിൽ  നിയമങ്ങളുണ്ട്.  പക്ഷേ അവൾക്കത്  ലഭ്യമാകാൻ  വർഷങ്ങൾ കോടതി വരാന്തകളിൽ അവളുടെ  ജീവിതം  തള്ളി  നീക്കേണ്ടി വരുമെന്ന സത്യം  മനസ്സിൽ കഠാര മുള്ളുകൾ കുത്തി കയറ്റുകയാണ്.
 ഇവിടെ  ചിന്തിക്കേണ്ട  വിഷയം  മറ്റൊന്നാണ് . സമൂഹത്തിലെ  ആവശ്യമില്ലാത്ത വിഷയങ്ങൾക്കായി  ഘോര ഘോരം  ശബ്ദം  ഉയർത്തുന്ന  നേതാക്കൾ ഈ വക  പീഡനങ്ങൾക്കെതിരെ  ശബ്ദം  ഉയർത്താൻ  സമയം  കണ്ടെത്തേണ്ടതല്ലേ. വിവാഹ  നിശ്ചയം മുതൽ ഇടപെടുന്ന സമുദായ പരിപാലന സമിതികൾ ,  ഓരോ വ്യക്തിയും ചേർന്നതാണ് സമൂഹമെന്ന  ചങ്ങലയെന്നും   ചങ്ങലയിലെ കണ്ണികൾക്ക്  കേട് പാടുകൾ ഉണ്ടായാൽ  അത് ചങ്ങലയുടെ ദൃഢതയെ തന്നെ ബാധിക്കുമെന്ന സത്യം  ഇനിയെങ്കിലും തിരിച്ചറിയേണ്ടതല്ലേ.  ഈ വക  ആർത്തി പണ്ടാരങ്ങൾ  പുനർ വിവാഹത്തിന്  അനുവാദ അപേക്ഷ നൽകുമ്പോൾ   അനുവാദം നൽകാതിരിക്കുകയും  ആദ്യ വിവാഹ ബാദ്ധ്യതകൾ  പരിഹരിച്ച് കിട്ടുവാൻ  കോടതി കയറി ഇറങ്ങുന്ന  ആ പെൺകുട്ടിയെ  കോടതിയിൽ നിന്നും  തിരിച്ച് വിളീച്ച്  അവളുടെ  ബാദ്ധ്യതകൾ  തീർത്തിട്ട്   വാ പിന്നെ നിനക്ക് പുനർ വിവാഹത്തിന്  അനുവാദം  തരാം  എന്ന്  പറയാനും   ചങ്കൂറ്റം കാണിക്കുവാൻ  തയറാകേണ്ടതുമല്ലേ ?

1 comment:

  1. പണത്തിനു മീതേ പരുന്തും...!!

    ReplyDelete