Saturday, October 26, 2013

അമ്മയും അടിയും

ചെറുപ്പത്തിൽ  ഉമ്മാ  എന്നെ  വല്ലാതെ  ശിക്ഷിച്ചിരുന്നു. കയ്യിൽ  കിട്ടിയിരുന്നതെന്തായാലും  അത് കൊണ്ടെന്നെ  പ്രഹരിക്കാൻ  ഉമ്മാക്ക്  ഒരു  മടിയുമില്ലായിരുന്നു. ശരിക്കും  പിരാക്കും ചീത്ത വിളിയും  പുറമേ. ഒരിക്കൽ  ചട്ടകം ചൂടാക്കി  വെപ്പും  നടന്നു. എന്റെ  കയ്യിലിരിപ്പും  ഒട്ടും  കുറവില്ലായിരുന്നു  എന്നതും  നേര്. 15 വയസ്സിന്  ശേഷവും   എന്റെ  നേരെയുള്ള  ഉമ്മായുടെ  ശൈലിക്ക്  മാറ്റമൊന്നുമില്ലായിരുന്നു.
ബാപ്പാ അടിയോട് അടിയായിരുന്നു  എന്നെ.  ഒരിക്കൽ ഖുർ ആൻ  നഷ്ടപ്പെടുത്തിയതിനായിരുന്നു  ശിക്ഷ .  മദ്രസ്സയിൽ  പോക്ക്  എന്നെ വട്ട് പിടിപ്പിച്ചു. ഓതിയില്ലെങ്കിൽ  ഞങ്ങളുടെ  ഉസ്താദ്  സൈക്കിൾ  ചവിട്ടിക്കും.  തുടയിൽ  നഖം  താഴ്ത്തുമ്പോൾ ആ കാൽ  പൊക്കി നിൽക്കും,  അതിനെയാണ് സൈക്കിൽ  ചവിട്ട്  എന്ന്  പറയുക. ശരി! ഖുർ ആൻ  ഗ്രന്ഥം  ഉണ്ടെങ്കിലല്ലേ മദ്രസ്സയിൽ  അയക്കൂ.  ഞാൻ  വിശുദ്ധ ഗ്രന്ഥം  ഒളിപ്പിച്ച്  വെച്ചിട്ട്  അത്  കണ്ടില്ലാ എന്ന്  കള്ളം  പറഞ്ഞ് മദ്രസ്സയിൽ  പോയില്ല. അന്ന്  വൈകുന്നേരം  ഉസ്താദ്  ബാപ്പായോട്  വിവരം  പറഞ്ഞു.  എന്റെ  കൂട്ടുകാരിലൊരു  ജൂദാസ്സ്  ഞാൻ  ഒളിച്ച്  വെച്ചിടത്ത്  നിന്നും  ഖുർ ആൻ  കണ്ടെടുത്ത്  ഉസ്താദിനെ  ഏൽപ്പിച്ചിരുന്നു. അന്ന്  എന്നെ  ബാപ്പാ തല്ലിയ  തല്ല്! ഉഗ്രൻ  അടിയായിരുന്നു. വിരൽ വണ്ണമുള്ള  ചൂരൽ  അച്ചലും മുച്ചാലും  പായിച്ചു. എന്റെ  കണം  കൈ ഒടിഞ്ഞോ  എന്നെനിക്ക് സംശയമായി.  അവസാന  പ്രോഗ്രാം  എന്ന രീതിയിൽ  എന്നെ  തൂക്കി  എടുത്ത് അടുത്ത് നിന്നിരുന്ന  തെങ്ങിലേക്ക്  എറിഞ്ഞു. അയൽ പക്കത്തെ  ഒരു കൊച്ചുമ്മാ  എന്നെ  വാരിയെടുത്ത്  കൊണ്ട്  പോയതോടെയാണ് അടി  നിന്നത്.
പക്ഷേ  എന്റെ  ബാപ്പായെ  എനിക്ക്  പ്രാണനായിരുന്നു.  ഉമ്മയേയും. ബാപ്പാ  മരിച്ചിട്ട് നവംബർ 23ന് 39  വർഷമാകുന്നു. വൃദ്ധനാകുന്നതിന് മുമ്പ്  ബാപ്പാ മരിച്ചു.  ഇല്ലായ്മയിൽ  ഞങ്ങൾക്ക്  ആഹാരം  നൽകി   ബാപ്പാ പട്ടിണി കിടന്നാണ്  മരിച്ചത്.  ഇന്നും  ബാപ്പായുടെ  സ്മരണ  എന്നിൽ  വിങ്ങൽ  ഉണ്ടാക്കും. എന്നിൽ  വായനാ ശീലം  ഉണ്ടാക്കിയത്  ബാപ്പായുടെ  പുസ്തക  വായനയായിരുന്നു. പട്ടിണി  മാറി  ബാപ്പാക്ക്  മക്കൾ  നല്ല  ജീവിതം  കൊടുക്കുന്നതിനു  മുമ്പ്  കഷ്ട കാലത്തിൽ  തന്നെ  ബാപ്പാ യാത്രയായി.  പക്ഷേ  ഉമ്മാ ഒരുപാട് നാൾ  ജീവിച്ചാണ്  മരിച്ചത്.2004ൽ.  ഉമ്മാ പട്ടിണി  മാറിയ  കാലത്താണ്  പോയത്. എങ്കിലും  പണ്ട്  ശിക്ഷിച്ചതിന്റെ  അസ്വാരസ്യം  ഞങ്ങൾക്ക് ആർക്കുമില്ലെന്ന്  മാത്രമല്ല  അത്  പറഞ്ഞ്  ഞങ്ങൾ ചിരിക്കാറുമുണ്ടായിരുന്നു..  ഇത്  ഇത്രയും  ഇവിടെ  കുറിച്ചിടാൻ  കാരണം  അടുത്ത  ദിവസത്തെ  പത്രവാർത്തയാണ് . സ്വന്തം  കുട്ടിയെ   ഏതോ  കുറ്റത്തിന്  ചൂട്  വെച്ച  അമ്മയെ  പോലീസ് പിടികൂടി  കേസ്  ചാർജു ചെയ്തുവത്രേ്. പണ്ട് വികൃതി  കാട്ടുമ്പോൾ  അമ്മമാരും മറ്റും  പറയാറുണ്ടായിരുന്നു,  നിന്നെ  ചട്ടകം  ചൂടാക്കി  വെക്കും,  വായിൽ  മുളക് തേക്കും എന്നൊക്കെ.  ചിലർ  അത്  പ്രവർത്തി രൂപത്തിലാക്കിയെന്നുമിരിക്കും.  പണ്ട്  ചൈൽഡ് വെൽഫയർ  കമ്മിറ്റി  ഒന്നുമില്ലാതിരുന്നത്  കൊണ്ട്   എന്റെ  ബാപ്പായും  ഉമ്മായും  രക്ഷപെട്ടു. അല്ലെങ്കിൽ പോലീസ്സ് അവരെ പൊക്കിയേനെ.  പക്ഷേ, അപ്പോഴും  എനിക്ക്  ഉറപ്പിച്ച്  പറയാൻ  കഴിയും  അവരെ  പോലീസ്സ്  പിടിക്കാൻ  ഞങ്ങൾ  മക്കൾ  സമ്മതിക്കില്ലായിരുന്നു.  കാരണം ആ കാലത്തെ  പട്ടിണിയും  ദാരിദൃയവും   കഷ്ടപ്പാടുകളും  അവരുടെ ഉള്ളിൽ  മാരകമായ  തോതിൽ  സംഘർഷം  സൃഷ്ടിക്കുമ്പോൾ  ആ സംഘർഷം  അവരുടെ  സ്വന്തം കുഞ്ഞുങ്ങളുടെ  മേൽ  അറിയാതെ അവർ  ചൊരിഞ്ഞ്  പോകുന്നതാണെന്നും  അവർ  ശിഷിക്കുമ്പോഴും  അവരുടെ  സ്നേഹം   എത്രമാത്രം  ഞങ്ങളുടെ  മേൽ  ഉണ്ടായിരുന്നെന്നും  ഞങ്ങൾ  തിരിച്ചറിഞ്ഞിരുന്നു.

3 comments:

  1. അവര്‍ ശിക്ഷിച്ചത് സ്നേഹത്തില്‍ നിന്നായിരുന്നു

    ReplyDelete
  2. ഷെരീഫ്ക്കാ പറഞ്ഞതെല്ലാം ശരി ..സ്നേഹവും തിരിച്ചറിയുന്നു. ഇന്ന് കാലം മാറി .. കഥയും മാറി.. മക്കളെ ശിക്ഷിക്കാൻ മാതാപിതാക്കൾക്ക് അധികാരമുണ്ട്.. പക്ഷെ ശിക്ഷ ആക്രമണമാവരുത്.. അതിനു യാതൊരു ന്യായീകരണവും ഇല്ല.. ചില മക്കളുടെ മനസിൽ അത് മായാത്ത മുറിവുണ്ടാക്കും. അവരുടെ ജീവിതത്തെയും അത് ബാധിക്കും. അനുഭവം പങ്കു വെച്ചതിനു നന്ദി..

    ReplyDelete
  3. ആ കാലത്ത് എല്ലാ നാട്ടിലും ഇതു തെന്നെയയിരുന്നു സ്തിഥി. പട്ടിണിയും പരിവട്ടവും. വയലുകള്‍ മണ്ണിട്ട്‌ മുടിയിട്ടില്ല. എല്ലാവരും കൃഷികരും. എന്നിട്ടും പട്ടിണി ബാകി. ബഷീര്‍ ദോഹ

    ReplyDelete