Monday, May 23, 2011

അബുവിന്റെ മുന്‍ഗാമി

"ആദമിന്റെ മകന്‍ അബു " മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സലീം കുമാറിന് അവാര്‍ഡും ലഭിച്ചു. നല്ല ചിത്രത്തിനും ഒരു നടന്റെ അഭിനയ മികവിനു ലഭിച്ച അംഗീകാരത്തിനും പക്ഷാന്തരമില്ല; സമ്മതിക്കുന്നു. മാത്രമല്ല സാധാരണ ഈ വക അവാര്‍ഡുകള്‍ പ്രാഖ്യാപിക്കുമ്പോള്‍ തര്‍ക്കവും ബഹളവും സാധാരണമായിരുന്നു; പക്ഷേ ഈ വര്‍ഷം അങ്ങിനെ ഒരു കോണില്‍ നിന്നും അല്‍പ്പം പോലും വിമര്‍ശം ഉണ്ടായില്ലാ എന്നും എടുത്ത് പറയേണ്ടതുമാണ്.

പക്ഷേ അവാര്‍ഡിനെയും ചിത്രത്തിന്റെ കഥയേയും പറ്റിയുള്ള പത്രവാര്‍ത്തകളിലൂടെ കണ്ണോടിച്ചപ്പോള്‍ ഈ ചിത്രത്തിന്റെ കഥയുടെ പുതുമ പലരും എടുത്തു പറഞ്ഞു. സിനിമ ഇതുവരെ പുറത്തു വരാത്തതിനാല്‍ കഥയുടെ പൂര്‍ണ രൂപം നമുക്ക് വിവരിക്കാനാവില്ലെങ്കിലും പത്രങ്ങളില്‍ നിന്നും മനസിലാക്കാനായതിന്റെ ഏകദേശ രൂപം ഇപ്രകാരമാണു:-

അത്തറും, വിശുദ്ധ ഗ്രന്ഥങ്ങളും വിറ്റ് ഉപജീവനം നടത്തുന്ന ഒരു സാധുവാണ് കഥാനായകനായ അബു. വിശ്വാസിയായ ഏതൊരു മുസ്ലിമിനെയും പോലെ അയാളുടെ ജീവിത അഭിലാഷം പരിശുദ്ധ മക്കാ--മദീനാ ദര്‍ശനമാണ്. ഉറുമ്പ് അരിമണികള്‍ ശേഖരിക്കുന്നത് പോലെ തന്റെ അല്‍പ്പ വരുമാനത്തില്‍ നിന്നും ഈ പുണ്യ യാത്രക്കായി അയാള്‍ മിച്ചം പിടിക്കാന്‍ ശ്രമിക്കുന്നു. എന്നിട്ടും ആവശ്യമുള്ള തുകയുടെ അയലത്തെത്താന്‍ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. ഒടുവില്‍ വീട്ടു മുറ്റത്തെ വൃക്ഷം മുറിച്ചു വിറ്റ് തുക തികക്കാന്‍ അയാള്‍ ശ്രമിക്കുന്നെങ്കിലും അതും ഏതോ കാരണത്താല്‍ ( ചിത്രം കാണാന്‍ കഴിയാത്തതിനാല്‍ വിശദ വിവരങ്ങള്‍ അറിയില്ല)വിഫലമാകുന്നു. പക്ഷേ അയാള്‍ ഒരു സത്യം മനസിലാക്കുന്നു. വൃക്ഷത്തിനും ദൈവം നല്‍കുന്ന ജീവന്‍ ഉണ്ട്, അതില്‍ കൂടു വെച്ചു കഴിയുന്ന പറവകള്‍ക്ക് വൃക്ഷം മുറിക്കുന്നതോടെ സ്വന്തം ഗേഹം നഷ്ടമാകുന്നു. അത് ദൈവത്തിന് നിരക്കാത്ത കാര്യമാണ് അതു കൊണ്ടായിരിക്കാം തനിക്ക് തന്റെ പുണ്യ യാത്ര തരപ്പെടാതെ പോയതു.... കഥയില്‍ ഉടനീളം പു ണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ജീവിത അഭിലാഷമായി കാണുന്ന ഒരു സാധുവിന്റെ കഷ്ടപ്പാടുകളുടെ കാഴ്ചകളാണ് നിറഞ്ഞു നില്‍ക്കുന്നത്. അരി മണി പോലെ ശേഖരിച്ച് ഉണ്ടാക്കിയ സമ്പാദ്യം അവസാനം ഉപയോഗിക്കാനാകാതെ വരുക... ഹജ്ജ് യാത്ര ,ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്ന ഒരു സാധുവിന്റെ കഥ അഭ്രപാളിയില്‍ ആദ്യമാണെന്ന് ഒരു പത്രത്തില്‍ ഞാന്‍ വായിച്ചു. അവിടെയാണ് എനിക്ക് വിയോജിപ്പ്; അത് കൊണ്ടു തന്നെയാണു ഈ കുറിപ്പുകള്‍ പിറവി കൊണ്ടതും.

ഹജ്ജ് തീര്‍ത്ഥാടനം ജീവിത അഭിലാഷമായി കണ്ട് തന്റെ തുഛ വരുമാനത്തില്‍ നിന്നും ഹജ്ജ് യാത്രക്കായി പണം സ്വരൂപിക്കുക എന്ന ആശയം അടങ്ങിയ കഥ മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. വളരെ പഴയ ഒരു മലയാള ചിത്രത്തില്‍. ആദാമിന്റെ മകന്‍ അബുവിന്റെ കഥ മേല്പറഞ്ഞ ചിത്രം പകര്‍ത്തിയതാണെന്ന് എനിക്ക് അഭിപ്രായമില്ല. സംവിധായകന്‍ ഈ തീം വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടന്നതാണെന്നും ഞാന്‍ എവിടെയോ വായിച്ചു. അദ്ദേഹം ഞാന്‍ പറഞ്ഞ പഴയ മലയാള ചിത്രം കണ്ടിരിക്കാന്‍ ഒരു സാധ്യതയും ഇല്ലാ എന്നും ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ആശയത്തിന്റെ പുതുമ മാത്രം അവകാശപ്പെടരുതു എന്ന് മാത്രം.

ഞാന്‍ പറഞ്ഞ പഴയ മലയാള സിനിമയുടെ പേരു:-
കണ്ടം ബെച്ച കോട്ട്” അതിലെ നായകന്റെ പേരു മമ്മദ്, അദ്ദേഹം ഒരു ചെരിപ്പ് കുത്തിയാണു. പഴയ നടന്‍ മുത്തയ്യാ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. മറ്റൊരു നായകന്‍ പ്രേം നവാസ്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അംബിക, നെല്ലിക്കോടു ഭാസ്കരന്‍, തുടങ്ങി അന്നത്തെ പ്രഗല്‍ഭരായ എല്ലാ താരങ്ങളും അണി നിരന്ന ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. മലയാളത്തിലെ ആദ്യ മുഴുനീള കളര്‍ ചിത്രമായിരുന്നു കണ്ടം ബെച്ച കോട്ട്. ഇതിന്റെ സിനിമാ നോട്ടീസ് ഹെലി കോപ്റ്ററില്‍ വിതരണം ചെയ്തു എന്നൊക്കെ അന്ന് പരസ്യം ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. അന്ന് ഈ കുറിപ്പ്കാരന്റെ വളരെ ചെറുപ്പത്തിലായിരുന്നു ഈ ചിത്രം വന്നതെങ്കിലും അതിലെ പാട്ടുകള്‍ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നു. അതിലെ ഒരു തമാശ പാട്ടാണു:- “കണ്ടം ബെച്ചൊരു കോട്ടാണ്, പണ്ടേ കിട്ടിയ കോട്ടാണ് , മമ്മദ് കാക്കായുടെ കോട്ടാണ്, ഇദ് നാട്ടില്‍ മുഴുവന്‍ പാ...ട്ടാ...ണ്...“ ഈ പാട്ടിന്റെ താഴെ പറയുന്ന വരികള്‍ പാടിയപ്പോള്‍ കൊട്ടകയില്‍ ഗംഭീരമായ കയ്യടി ഉയര്‍ന്നതും എന്റെ ബാല്യ കാല സ്മരണയില്‍ തെളിഞ്ഞ് നില്‍ക്കുന്നു.” തൊഴിലാളികളെ കൊള്ള അടിക്കണ മുതലാളികളുടെ കോട്ടല്ലാ..കഷ്ടത പെരുകിയ സാധു ജനങ്ങളുടെ കണ്ണീരൊപ്പണ കോ..ട്ടാ...ണ്....”

ഈ സിനിമയിലെ കഥ ഇപ്രകാരമാണ്. മമ്മദ് കാക്കാ ഒരു പാവം ചെരിപ്പ്കുത്തിയാണ്. ശരിക്കും ഒരു വിശ്വാസിയും കൂടിആണ് അദ്ദേഹം. ആരെയും സഹായിക്കും, അവരുടെ ദു:ഖത്തില്‍ പങ്ക് ചേരും. അദ്ദേഹത്തിന്റെ ഏക അഭിലാഷം മക്കാ-മദീനാ ദര്‍ശനം മാത്രം. അതിനായി ആ പാവം അശ്രാന്തം പരിശ്രമിക്കുന്നുമുണ്ട്. അരിഷ്ടിച്ചു ജീവിക്കുന്ന ആ സാധുവിന്റെ വസ്ത്രം ഒരു പഴയ കോട്ടാണ്. ആ കോട്ട് നിറയെ കണ്ടം വെച്ചിട്ടുമുണ്ട്. കീറി പോകുന്നിടം തുണി വെച്ചു കണ്ടം വെക്കുന്നു എന്നാണ് നാട്ടുകാര്‍ ധരിച്ചിരുന്നത്. പക്ഷേ അരിമണികള്‍ ശേഖരിക്കുന്നത് പോലെ തന്റെ മക്കാ യാത്രക്കായി മിച്ചം വെക്കുന്ന ചില്ലറ തുക കോട്ടില്‍ വെച്ചു അദ്ദേഹം തുന്നി പിടിപിക്കുകയായിരുന്നു എന്ന വിവരം അവസാനമാണ് വെളിപ്പെടുന്നതു. ഒരു പാവം പെണ്‍കുട്ടിയുടെ വിവാഹം, സ്ത്രീധനം പറഞ്ഞ സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ വരന്റെ പിതാവ് ഹാജിയാര്‍ കല്യാണ പന്തലില്‍ നിര്‍ത്തി വെപ്പിച്ചപ്പോള്‍ പെണ്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത സാധു ചെരിപ്പുകുത്തിയായ മമ്മദ് കാക്കാ ഹാജിയാരുടെ കാലു പിടിച്ചു യാചിച്ചിട്ടും ആ മനുഷ്യന്‍ വഴങ്ങാതിരുന്ന സന്ദര്‍ഭത്തില്‍ കല്യാണ പന്തലില്‍ നാട്ടുകാരുടെ മുമ്പില്‍ വെച്ചു തന്റെ പഴയ കോട്ടില്‍ തുന്നി പിടിപ്പിച്ചിരുന്നതും തന്റെ ജീവിത ലക്ഷ്യമായ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ശേഖരിച്ചിരുന്നതുമായ നോട്ടുകള്‍ “ഇന്നാ പിടിച്ചോ"
എന്നും പറഞ്ഞു ഹാജിയാരുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്ത് ആ കല്യാണം അദ്ദേഹം നടത്തി. ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ മാറ്റുന്നതാണ് താന്‍ ഹജ്ജിനു പോകുന്നതിനേക്കാളും പടച്ചവന്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു മമ്മത് കാക്കയുടെ ആ സന്ദര്‍ഭത്തിലെ അഭിപ്രായം. പുതിയ സിനിമയിലെ പ്രമേയവും ഹജ്ജിനു പോകുന്നത് ജീവിത അഭിലാഷമായി കാണുന്ന ഒരു സാധുവിന്റെ യാത്രാ ചിലവു സമാഹരണവും അവസാനം അതിനു സാധിക്കാതെ വരുന്നതുമാണ് . അതു കൊണ്ടാണ് ആദാമിന്റെ മകന്‍ അബുവിന്റെ കഥയിലെ ഹജ്ജ് യാത്രാ പ്രമേയം മുമ്പ് അവതരിക്കപ്പെട്ടതാണ് എന്ന് ഞാന്‍ പറഞ്ഞതും.

ഈ ചിത്രത്തിന്റെ സംവിധായകന്റെ കഴിവിനെ ഇകഴ്ത്തി കാട്ടാനോ അദ്ദേഹം അറിഞ്ഞു കൊണ്ട് ഈ പ്രമേയം പകര്‍ത്തി എന്നോ എനിക്ക് ഒരിക്കലും അഭിപ്രായമില്ലാ എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.

20 comments:

  1. രണ്ട് ചിത്രവും കണ്ടിട്ടില്ല.:)

    ReplyDelete
  2. കണ്ടംബെച്ച കോട്ടിനെക്കുറിച്ച് അറിയാമായിരുന്നു. ആദാമിന്റെ മകന്‍ അബുവും കണ്ടംബെച്ചകോട്ടും ഏകദേശം ഒരുപോലെതന്നെയാണ് (അബുവിനെ കാണട്ടെ) എനിയ്ക്കും തോന്നുന്നത്. പ്രശസ്ഥമായ പല പുതിയ സിനിമാഗാനങ്ങളുടെയും "ഒര്‍ജിനലുകള്‍" പെട്ടെന്നുതന്നെ രംഗത്തുവരുന്നുണ്ടല്ലോ. ഇത് അതുപോലെയാവാതിരിക്കട്ടെ. സിനിമ എന്തുതന്നെയായാലും സലിംകുമാര്‍ എന്ന നടനുകിട്ടിയ ഈ അംഗീകാരത്തെ നിറഞ്ഞമനസ്സോടെ അംഗീകരിക്കുന്നു.

    ReplyDelete
  3. "കോട്ട്" കണ്ടതാണ്. എനിക്കും ചെറിയൊരു സാമ്യം തോന്നിയിരുന്നു.

    ReplyDelete
  4. അപ്പോൾ പഴയ മമ്മത് കാക്കാന്റെ കോട്ട് പുതിയ കൊട്ടകയിൽ കളിക്കുന്നതാണല്ലേ സംഗതി? നല്ല ലേഖനം.

    ReplyDelete
  5. സാരല്ല്യ ഇക്കാ ... വിട്ടേക്കൂ ...
    അത് പഴെതല്ലേ ...

    ReplyDelete
  6. ഞാനും കണ്ടതാണ് "കോട്ട്".പക്ഷെ വിദൂരമായ ഓര്‍മ്മയെ ഉള്ളൂ.പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയതിനു പെരുത്ത്‌ നന്ദി.ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരും ജനിക്കാറുണ്ട്.ഇത് അതാണോ എന്നറിയാന്‍ പടം കാണണം. ആവാതിരിക്കട്ടെ.

    ReplyDelete
  7. രണ്ടും കണ്ടിട്ടില്ല!
    കാര്യമെന്തായാലും സലിം കുമാറിന്റെ അവാര്‍ഡ് ലബ്ധി അവാര്‍ഡ്‌ 'സാധാരണക്കാരിലേക്ക്' എന്ന പ്രതീതിയുളവാക്കുന്നു, സന്തോഷം.

    ReplyDelete
  8. പ്രിയപ്പെട്ടവരേ! അബുവിന്റെ സംവിധായകനെ ഇകഴ്ത്തി കാട്ടാന്‍ ഉദ്ദേശിച്ചല്ല ഈ കുറിപ്പുകള്‍ എന്ന് ഞാന്‍ ആദ്യമേ പറഞ്ഞു വെച്ചിട്ടുണ്ട്. സലീം കുമാറിന്റെ അഭിനയ മികവിനെ പറ്റി തെല്ലും അഭിപ്രായ വ്യത്യാസവുമില്ല.അഭിനയ ശേഷി പൂര്‍ണമായി ഉള്‍ക്കൊണ്ട നടന്‍ . അദ്ദേഹത്തിനു അര്‍ഹമായ അവാര്‍ഡാണു ലഭിച്ചിരിക്കുന്നതും. പക്ഷേ കഥയുടെ ആശയത്തിനു പുതുമ അവകാശപ്പെടാന്‍ കഴിയില്ല എന്നാണു ഞാന്‍ പറഞ്ഞത്. ഈ ആശയം ഉള്‍ക്കൊണ്ട സിനിമ മുന്‍പ് വന്നിട്ടുണ്ട് എന്നു സൂചിപ്പിച്ചു. അത്ര മാത്രം.

    പ്രിയ ജുവൈരിയാ അബു വരുമ്പോല്‍ കാണാം. കോട്ട് ഇപ്പോള്‍ ലഭ്യമല്ലാ എന്നാണറിവ്.

    പ്രിയപ്പെട്ട കൊട്ടോട്ടിക്കാരന്‍ അതേ! സലീം കുമാറിന്റെ അഭിനയ മികവു നൂറു മേനി തന്നെ.

    പ്രിയ ഡോക്റ്റര്‍ ആര്‍.കെ.തിരൂര്‍, സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!

    പ്രിയ ശ്രീനാഥന്‍, നൌഷു, അഭിപ്രായത്തിനു നന്ദി സുഹൃത്തുക്കളേ..

    പ്രിയപ്പെട്ട ഷാനവാസ്, ആവാതിരിക്കട്ടെ എന്നു ഞാനും പ്രാര്‍ത്ഥിക്കുന്നു.

    പ്രിയപ്പെട്ട തെച്ചിക്കോടന്‍ , അതേ! അവാര്‍ഡ് സാധരണക്കാരിലേക്ക് വന്നു എന്നത് ഒരു മഹനീയമായ വസ്തുതയാണു.

    ReplyDelete
  9. ആദാമിന്റെ മകന്‍ അബു കാണാതെ , ഒരു അഭിപ്രായത്തില്‍ എത്താന്‍ കഴിയില്ല. അങ്ങിനെ യാണെങ്കില്‍ ഈ പോസ്റ്റ്‌ പോലും ധ്രിതി പിടിച്ചു എഴുതി എന്ന് പറയേണ്ടി വരും.
    പിന്നെ പ്രമേയത്തിലെ സാമ്യത, മലയാളത്തില്‍ ഇപ്പോഴിറങ്ങുന്ന ഒട്ടുമിക്ക സിനിമകള്‍ക്കും പഴയ പല സിനിമകളോടും സാമ്യം കാണുന്നുണ്ട്.
    എന്തായാലും അബു കണ്ടിട്ട് ഇവിടെ ഒന്ന് കൂടി ചര്‍ച്ചയാവാമെന്ന് തോന്നുന്നു. ( അതിനു, ഇനി കൊട്ടും കാണേണ്ടി വരുമല്ലോ )

    ReplyDelete
  10. പ്രിയ ശെരീഫ്

    എന്റെ പോസ്റ്റിന് കമന്റായി താങ്കള്‍ തന്ന ലിങ്ക് ഈ പോസ്റ്റായിരുന്നല്ലോ. ചില കാര്യങ്ങള്‍ സ്ദൂചിപ്പിക്കട്ടെ.

    1.ഹജ്ജ് യാത്ര ,ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്ന ഒരു സാധുവിന്റെ കഥ അഭ്രപാളിയില്‍ ആദ്യമാണെന്ന് ഞാന്‍ എഴുതിയിട്ടില്ല.
    2.താങ്കള്‍ പറഞ്ഞ കണ്ടം ബെച്ച കോട്ട് കാണാത്ത പഴയ തലമുറയില്‍പ്പെട്ട മലയാളികളുണ്ടാവില്ല. മിക്കവാറും സലീം അഹ്‌മദും അത് കണ്ടിട്ടുണ്ടാവും. എന്നാല്‍ അതല്ല, ആദാമിന്റെ മകന്‍ അബു. രണ്ടും രണ്ട് കഥ.
    3.താങ്കളുടെ പ്രതികരണത്തില്‍ നിന്ന് കഥയാണ് സിനിമ എന്ന ധാരണ താങ്കള്‍ക്കുണ്ടെന്ന് തോന്നുന്നു. കൃത്യമായ ഒരു കഥ സിനിമയ്ക്ക് ആവശ്യമേയില്ല. കഥ അറിയാന്‍ കഥ വായിച്ചാല്‍ മതിയല്ലോ, സിനിമ കാണണമെന്നില്ലല്ലോ.
    4.ഹജ്ജും മതവും മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്‍ സലീമിന്റെ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്. അത് ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു ഘടകമായൊഇ കണ്ടം ബെച്ച കോട്ടിനേയും പരാമര്‍ശിക്കാം. എന്നാല്‍ ഇവിടെ താങ്കള്‍ നടത്തിയ വിശകലനം ചലച്ചിത്രാസ്വാദനത്തിന്റെ രീതികള്‍ക്കു ചേര്‍ന്നതേയല്ല.

    പ്രതികരിച്ചതിനു നന്ദി.

    ReplyDelete
  11. സലീം കുമാറിന്റെ ഡ്യൂപ്പ് കൊട്ടോട്ടി.

    ReplyDelete
  12. കേട്ടിട്ടേയുള്ളു

    ReplyDelete
  13. ഇsmile chemmaad, സുഹൃത്തേ! ആദാമിന്റെ മകന്‍ അബു-സിനിമയെ കുറിച്ച് കാണാതെ വിശകലനം നടത്തുന്നത് താങ്കള്‍ പറഞ്ഞത് പോലെ ധൃതി പിടിച്ച വേല തന്നെയാണ്. പക്ഷേ ഞാന്‍ അത് ചെയ്തില്ലല്ലോ. താങ്കള്‍ രണ്ടാമത് പറഞ്ഞ പ്രമേയ സാദ്ധ്യതയെ പറ്റിയാണ് ഞാന്‍ സൂചിപ്പിച്ചത്. അത് താങ്കള്‍ പറഞ്ഞത് പോലെ സാധാരണവുമാണ്. ഹജ്ജ് യാത്രാ പ്രമേയം ആദ്യമാണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത് ഇതിനും മുമ്പ് വന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു അത്രമാത്രം.

    ReplyDelete
  14. പ്രിയ sh@do/F/luv, ഒരിക്കലും താങ്കളുടെ പോസ്റ്റിനെ ഇകഴ്ത്താനോ ആ പോസ്റ്റിനു ഒരു ബദല്‍ മറുപടി ആയിട്ടോ അല്ല എന്റെ കമന്റ് . താങ്കളുടെ പോസ്റ്റിലെ പരാമര്‍ശ വിഷയമായ ആദമിന്റെ മകന്‍ എന്ന സിനിമയെ സംബന്ധിച്ച് എന്റെ ഒരു പോസ്റ്റും ഉണ്ട് എന്ന് സാധാരണ രീതിയില്‍ ഒരു അറിയിപ്പ്.അത്രമാത്രം.


    >>>1.ഹജ്ജ് യാത്ര ,ജീവിത ലക്ഷ്യമായി കണ്ട് ജീവിക്കുന്ന ഒരു സാധുവിന്റെ കഥ അഭ്രപാളിയില്‍ ആദ്യമാണെന്ന് ഞാന്‍ എഴുതിയിട്ടില്ല.<<<<
    താങ്കള്‍ അങ്ങിനെ എഴുതിയെന്ന് ഞാന്‍ എന്റെ കമന്റില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.താങ്കളുടെ പോസ്റ്റിനു കമന്റ് ആയി എന്റെ പോസ്റ്റ് ലിങ്ക് തന്നപ്പോള്‍ അത് താങ്കളുടെ പോസ്റ്റിന്റെ മറുപടിയായി തന്നതാണെന്ന് ഉള്ള ധാരണാ പിശകില്‍ നിന്നു ഉടലെടുത്തതാണത്.ക്ഷമിക്കുക സുഹൃത്തേ! താങ്കളുടെ പോസ്റ്റിന്റെ മറുപടിയായി തന്നതലല്ല എന്റെ പോസ്റ്റിനെ സംബന്ധിച്ച ലിങ്ക്.
    അബു സിനിമ സംബന്ധിച്ച് ചില പത്രങ്ങളില്‍ ഹജ്ജ് യാത്ര പ്രമേയം ആദ്യമായി ഉന്നയിച്ച ചിത്രം എന്ന് കണ്ടപ്പോള്‍ ഈ പ്രമേയം ഉള്‍ക്കൊള്ളിച്ചു ഒരു സിനിമ പണ്ടു വന്നിരുന്നു എന്ന് അറിയിക്കുക എന്ന്മാത്രമായിരുന്നു എന്റെ ലക്ഷ്യം.ഒരിക്കലും സംവിധായകന്റെ കഴിവിനേയോ സലീം കുമാറിന്റെ നടന വൈഭവത്തെയോ ഇകഴ്ത്താനല്ല മറിച്ച് പ്രമേയം മുമ്പും വന്നിരുന്നു എന്ന് കാണിക്കാന്‍ മാത്രമായിരുന്നു എന്റെ പോസ്റ്റ്.അബുവിനെ സംബന്ധിച്ച് താങ്കളുടെ പോസ്റ്റ് കണ്ടപ്പോള്‍ ആ സിനിമയെ പരാമര്‍ശിച്ച് എന്റെ ഒരു പോസ്റ്റും ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രം ഞാന്‍ താങ്കളുടെ പൊസ്റ്റില്‍ കമന്റിട്ടതാണു എന്ന് ഒരിക്കല്‍ കൂടി വിനയപൂര്‍വം അറിയിക്കട്ടെ.
    >>>2.താങ്കള്‍ പറഞ്ഞ കണ്ടം ബെച്ച കോട്ട് കാണാത്ത പഴയ തലമുറയില്‍പ്പെട്ട മലയാളികളുണ്ടാവില്ല. മിക്കവാറും സലീം അഹ്‌മദും അത് കണ്ടിട്ടുണ്ടാവും. എന്നാല്‍ അതല്ല, ആദാമിന്റെ മകന്‍ അബു. രണ്ടും രണ്ട് കഥ.

    അബുവും കണ്ടന്‍ ബെച്ച കോട്ടും രണ്ടും രണ്ടാണെന്ന് പറയാന്‍ ഞാന്‍ അബു കണ്ടിട്ടില്ല. പക്ഷേ അബുവിലെ പ്രമേയം ഇന്നതാണെന്നും അത് ആദ്യമായാണു സിനിമയില്‍ വരുന്നതെന്നും പത്രങ്ങളില്‍ വന്നിരുന്നു.ആ പ്രമേയം മുമ്പ് സിനിമയില്‍ വന്നിരുന്നു എന്ന് ഞാനും.
    >>>3..താങ്കളുടെ പ്രതികരണത്തില്‍ നിന്ന് കഥയാണ് സിനിമ എന്ന ധാരണ താങ്കള്‍ക്കുണ്ടെന്ന് തോന്നുന്നു. കൃത്യമായ ഒരു കഥ സിനിമയ്ക്ക് ആവശ്യമേയില്ല. കഥ അറിയാന്‍ കഥ വായിച്ചാല്‍ മതിയല്ലോ, സിനിമ കാണണമെന്നില്ലല്ലോ.<<<
    ഇത് താങ്കളുടെ അഭിപ്രായം.സിനിമക്ക് ഒരു കഥ വേണമെന്നും അത് കൂടാതെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും,മറ്റു പലതും അവശ്യം ആവശ്യമാണെന്നും ഇതെല്ലാം കൂടി ചേരുമ്പോള്‍ മാത്രമാണു സിനിമ ജനിക്കുകയുള്ളൂ എന്നും എന്റെ പഴ മനസില്‍ തോന്നുന്നു. സിനിമക്ക് കൃത്യമായി ഒരു കഥ വേണമെന്നില്ലാ എന്നത് എനിക്ക് പുതിയ അറിവാണ്.
    >>>4.ഹജ്ജും മതവും മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്‍ സലീമിന്റെ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്. അത് ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു ഘടകമായൊഇ കണ്ടം ബെച്ച കോട്ടിനേയും പരാമര്‍ശിക്കാം. എന്നാല്‍ ഇവിടെ താങ്കള്‍ നടത്തിയ വിശകലനം ചലച്ചിത്രാസ്വാദനത്തിന്റെ രീതികള്‍ക്കു ചേര്‍ന്നതേയല്ല.<<<
    ഞാന്‍ പറഞ്ഞുവല്ലോ അബു എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല.മാത്രമല്ല ചലചിത്രാസ്വാദനത്തിന്റെ ഒരു വിശകലനം ഞാന്‍ നടത്തിയില്ലല്ലോ. അങ്ങിനെ ഒരു വിശകലനം നടത്താന്‍ എനിക്ക് ഈ ഫീല്‍ഡില്‍ ഒരു യോഗ്യതയുമില്ലാ ചങ്ങായീ. എന്റെ പോസ്റ്റ് എന്തിനായിരുന്നു എന്ന് ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്. ഒരു പത്രക്കാരന്റെ “ആദ്യ പ്രമേയം“ എന്ന കണ്ട് പിടുത്തത്തിനു അതല്ല ശരി ഈ പ്രമേയം മുമ്പും വന്നിട്ടുണ്ട് എന്ന ഒരു മറുപടി മാത്രം. ഒരിക്കലും ആ‍ാ മറുപടി ചലചിത്രാസ്വാദന വിശകലനമല്ലാ എന്ന് പോസ്റ്റ് വായിക്കുന്നവര്‍ക്ക് മനസിലാകും എന്നാണെന്റെ വിശ്വാസം.

    താങ്കള്‍ അക്കമിട്ടു മറുപടി എഴുതിയപ്പോള്‍ ഒരു വിശദീകരണം ആവശ്യമാണെന്ന തോന്നലില്‍ നിന്നാണു ഇത്രയും കുത്തിക്കുറിച്ചത്. ക്ഷമിക്കുമല്ലോ.
    എല്ലാവിധ നന്മകളും നേരുന്നു.

    ReplyDelete
  15. യൂസുഫ്പാ, അജിത്, നന്ദി സുഹൃത്തുക്കളേ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും

    ReplyDelete
  16. അബുവിന്റെ മുൻ‌ഗാമിയായ “കണ്ടം ബെച്ച കോട്ട്” കണ്ടതു കാലടിയിലെ സിനിമാക്കോട്ടയിൽ വച്ചാണു. ഓല മേഞ്ഞ വിക്റ്ററി ടാക്കീസ്. തറ , ബെഞ്ച്, കസേര അങ്ങിനെ മൂന്നു ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്.

    രണ്ടിലും കഥാനായകന്റെ ലക്ഷ്യം മക്കയിൽ ഹജ്ജിനു പോകുക എന്നതു തന്നെ. “ആദമിന്റെ മകൻ അബു” കണ്ടുകഴിഞ്ഞാലേ അതിന്റെ പ്രതിപാദനരീതി എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു പറയാൻ കഴിയൂ.

    ReplyDelete
  17. പ്രിയ ആവനാഴീ, തീര്‍ച്ചയായും പ്രതിപാദന രീതിക്ക് വ്യത്യാസം കാണും രണ്ടു പടങ്ങള്‍ തമ്മിലും. കാരണം അന്ന് അന്നത്തെ രീതിക്ക്, ഇന്ന് ഇന്നത്തെ രീതിക്ക്. ഇന്നില്‍ കാല്‍ ചവിട്ടി അന്നത്തേത് വീക്ഷിച്ചാല്‍ അന്നത്തെ പടം അറു പൊളിയായിരിക്കും.ഒരു പ്രമേയം അതാത് കാലഘട്ടത്തിനനുസൃതമായിരിക്കും സംവിധാനം ചെയ്തിരിക്കുക. അതിനാല്‍ പ്രതിപാദന രീതി കാര്യമായി എടുക്കേണ്ടതില്ല.അതിനു കാലം തടസമാണ്. പ്രമേയ സാമ്യത മാത്രം നിരീക്ഷിക്കുക.

    ReplyDelete
  18. രണ്ടും കണ്ടിട്ടില്ല. “കണ്ടം ബെച്ച കോട്ട് “; എന്നെങ്കിലും ദൃശ്യമാധ്യമത്തിൽ വരുമ്പോൾ കാണാൻ ശ്രമിക്കാം. രണ്ടാമത്തേത് എങ്ങനെയെങ്കിലും ഉടനെ കാണും.
    ഷെരീഫ് സാഹിബെ, ഒട്ടുമിക്ക കഥകൾക്കും എന്തെങ്കിലും സാമ്യം കാണും. പക്ഷെ, അവതരണത്തിൽ വിത്യസ്ഥത കാണും. അത്കൊണ്ടാൺല്ലോ ഇത്തരം അവാർഡ്മേളകളിൽ അവാർഡുകൾക്കായി മത്സരിക്കുന്നത്. എന്തായാലും സലിം കുമാറിന് ഭരത് അവാർഡ് കിട്ടിയതിൽ “ഹാസ്യം ഇഷ്ട്ടപെടുന്ന” ഞാൻ സന്തോഷിക്കുന്നു. ചുമ്മ വെറുതെ.

    ReplyDelete
  19. പ്രിയ സാദിഖ്, അവതരണം കാലഘട്ടത്തിന്റെ അഭിരുചിക്കനുസൃതമാകുമ്പോള്‍ ഇന്നത്തെ കാഴ്ചപ്പാടില്‍ കണ്ടം ബെച്ച കോട്ട് അറു പൊളി ആയിരിക്കും. പക്ഷേ ആശയത്തിന് മാറ്റം കാണില്ല. ഇവിടെ വന്നതില്‍ നന്ദി സുഹൃത്തേ!.

    ReplyDelete
  20. sambhavam enthaayaalum saleem
    kumar oru sambhavam thanne..
    namukku abhimaanikkaam...

    ReplyDelete