Thursday, January 25, 2024

20 വർഷങ്ങൾ കടന്ന് പോയി........


 ഉമ്മാ ഇല്ലാത്ത 20 വഷങ്ങൾ കടന്ന് പോയിരിക്കുന്നു.

തിളങ്ങി നിന്നിരുന്ന ഒരു പകലിന്റെ  അന്ത്യത്തിൽ ഉമ്മായുടെ ശബ്ദം അന്തരീക്ഷത്തിലൂടെ അലയടിച്ച് വന്നു. ശരീഫേ!...നീ എവിടെയാണ്?

മൈതാനത്ത് കളിച്ച് കൊണ്ടിരുന്ന കൂട്ടുകാരെ  വിട്ട് ഞാൻ ഓടി ചെന്നപ്പോൾ എന്നെ പിടികൂടി നിറയെ വെള്ളം കോരി വെച്ചിരുന്ന അലൂമിനിയം ചരുവത്തിനടുത്ത്  നിർത്തി തല വഴി ഉമ്മാ വെള്ളം കോരി ഒഴിച്ചു. ശരീരത്തിൽ വെള്ളം വീണ സന്തോഷത്താൽ ഞാൻ തുള്ളി ചാടിയപ്പോൾ എന്റെ പുറക് വശത്ത് ചെറുതായി ഒന്നടിച്ചിട്ട്  ഉമ്മാ വഴക്ക് പറഞ്ഞു “ അടങ്ങി നിൽക്കെടാ സുവ്വറേ!“ 

റെക്സോണ സോപ്പ് ആദ്യമായി ഉപയോഗിച്ചത് അന്നാണെന്ന് തോന്നുന്നു. കാരണം റെക്സോണയുടെ മണം മൂക്കിലടിക്കുമ്പോഴൊക്കെ ഇപ്പോഴും അന്നത്തെ ആ തെങ്ങിൻ ചുവട്ടിൽ വെച്ച് സായാഹ്നത്തിൽ ഉമ്മാ കുളിപ്പിക്കുന്ന കാര്യം ഓർമ്മ വരും. ഗന്ധങ്ങൾക്ക് ഓർമ്മകൾ കൊണ്ട് വരാനുള്ള കഴിവുണ്ടല്ലോ.

ഇന്നും ആഗ്രഹിച്ച് പോകുന്നു, ഉമ്മാ എന്നെ ആ തെങ്ങിൻ ചുവട്ടിൽ കൊണ്ട് നിർത്തി റെക്സോണ ഉപയോഗിച്ച് ഒന്ന് കൂടി കുളിപ്പിച്ചിരുന്നെങ്കിൽ. ഇന്ന് ആ തെങ്ങില്ല, ഉമ്മായുമില്ല, ആ സ്ഥലങ്ങളെല്ലാം ആകെ മാറിയിരിക്കുന്നു.ഞാനും നാട് വിട്ടിരിക്കുന്നു. പക്ഷേ ഓർമ്മകൾക്ക് മരണമില്ലല്ലോ.

എന്തെല്ലാം പ്രശ്നങ്ങളിൽ കൂടി കടന്ന് പോകുമ്പോഴും മനസ്സിന്റെ ഭാരം കുറക്കാൻ  ഉമ്മായുടെ സാമീപ്യം കൈക്കൊണ്ട ഔഷധമായിരുന്നു. അവർക്ക് എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ  കഴിവില്ലായിരുന്നെങ്കിലും ഉമ്മായോട് വിഷമങ്ങൾ ചുമ്മാ പറയുന്നത് ഒരു ആശ്വാസമായിരുന്നു. എല്ലാം കേട്ടിരുന്നിട്ട്  പിന്നെ അവർ പതുക്കെ പറയും “ എല്ലാ വിഷമവും മാറ്റി തരുമെടാ...മുകളിലിരിക്കുന്നവൻ...“

ജീവൻ പിരിയുന്നതിനു മുമ്പ്  അവസാന സമയത്ത് ആലപ്പുഴ കൊട്ടാരം ആശുപത്രിയിൽ ഓടി ചെല്ലാൻ എനിക്ക് സാധിച്ചു. ആലപ്പുഴ പടിഞ്ഞാറേ  ജമാ അത്ത് പള്ളി പറമ്പിലെ പഞ്ചാര മണ്ണ് നിറഞ്ഞ കബറിടത്തിൽ ഉമ്മാ അപ്രത്യക്ഷമാകുന്നത് നോക്കി നിന്നപ്പോൾ ആ വേർപാട്  ജീവിതത്തിൽ ഇത്രത്തോളം ശൂന്യത സൃഷ്ടിക്കുമെന്നും  കരുതിയില്ല. ഇന്ന് ജീവിത സംഘർഷങ്ങളിൽ പെടുമ്പോൾ  ഉമ്മായുടെ വില തിരിച്ചറിയുന്നു. ഭാരങ്ങൾ ഇറക്കി വെക്കാൻ പിന്നീട് അവലംബമായിരുന്ന മൂത്ത സഹോദരിയും അൽപ്പ വർഷങ്ങൾ കഴിഞ്ഞ് ഉമ്മാക്ക് കൂട്ടിന് പള്ളി പറമ്പിൽ പോയി. അതോടെ ജീവിതത്തിലെ ശൂന്യത പൂർത്തിയായി.

ഇന്ന് ഈ ഇരുപത് വർഷങ്ങൾക്ക് ശേഷവും ഓർമ്മകൾ എന്നെ വിട്ട് പിരിഞ്ഞിട്ടില്ല. ഉറ്റവരെ കുറിച്ചുള്ള ഓർമ്മകളും സന്തോഷ പ്രദമാണല്ലോ.

No comments:

Post a Comment