ഒരു സ്വർണ കടക്കാരനും നമ്മുടെ അപ്പനോ അമ്മായി അപ്പനോ അളിയനോ അല്ലല്ലോ! ഇത്രത്തോളം സൗജന്യം നമുക്ക് വാരിക്കോരി നൽകാൻ.
ഹോ!! എന്തെല്ലാം സൗജന്യങ്ങളാണ് പരസ്യത്തിലൂടെ നമ്മളിലേക്ക് വാരി വിതറുന്നത്.
പണിക്കുറവില്ല, പണിക്കൂലി ഇളവ്, പത്തരമാറ്റ്...പിന്നെ കൗതുകരമായ മറ്റൊരു ഓഫർ. ഒരു നിശ്ചിത ഫീ നൽകി രജിസ്റ്റർ ചെയ്യാം.പിന്നീട് നടക്കാൻ പോകുന്ന വിവാഹത്തിന് ഇപ്പോൾ തന്നെ സ്വർണം ബുക്ക് ചെയ്യാം ഇന്നത്തെ വിലക്ക്. വിവാഹ തീയതിയിൽ ഇന്നത്തേക്കാളും വില അന്ന് കൂടുതലായാലും ഇന്നത്തെ വിലക്ക് തന്നെ അന്ന് സ്വർണം നൽകും
തൊപ്പിയും താടിയും വെച്ച് മതഭക്ത ഭാവക്കാരനും ആഭരണങ്ങൾ കിലോ കണക്കിൽ ശരീരത്തിൽ തൂക്കി പ്രദർശിപ്പിക്കുന്ന സുന്ദരിയും അങ്ങിനെ പല വേഷത്തിലും ഭാവത്തിലും പരസ്യത്തിൽ നിരന്ന് നിൽക്കുന്ന എല്ലാ സ്വർണ കടക്കാരും സൗജന്യത്തിന്റെ വാഗ്ദാന പെരുമഴ പെയ്യിക്കുമ്പോൾ ആ ചോദ്യം വീണ്ടും മുമ്പിൽ ഉണർന്ന് വരുന്നു....നമുക്കിത്രത്തോളം സൗജന്യം ചൊരിയാൻ ഇവർ നമ്മുടെ അപ്പനോ അമ്മായി അപ്പനോ അളിയന്മാരോ അല്ലല്ലോ.അവർ വ്യാപാരം ചെയ്യുകയാണ് ലാഭം കൊയ്യാൻ. അതിന് അവരിലേക്ക് നമ്മളെ ആകർഷിക്കാനാണ് ഈ സൗജന്യങ്ങൾ പരസ്യം ചെയ്യുന്നത്.
അവർ നമ്മെ തേടിയെത്തുന്ന വഴികൾ പഠിക്കുമ്പോൾ, ഇത്രത്തൊളം റിസ്ക് എടുത്ത് ഇവർ നമുക്ക് സൗജന്യം തരുന്നതെന്തിനെന്ന് ആലോചിച്ച് പോകും.
ആഡിറ്റോറിയങ്ങളിലെ ജീവനക്കാരെ കൈ മടക്ക് കൊടുത്ത് അവർ കൈവശത്തിലാക്കുന്നു.വിവാഹത്തിനായി നമ്മൾ ആഡിറ്റോറിയം ബുക്ക് ചെയ്യുമ്പോൾ ജ്യൂവലിക്കാർ എങ്ങിനെ മണത്തറിയുന്നു? നമ്മൾ താമസിക്കുന്ന ഇട്ടാവട്ടം നാട്ടിൻ പുറത്തെ മേലേ വാരിയിൽ കുഴിയിൽ വീട്ടിൽ ഇട്ടുണ്ണൻ കോദണ്ണ കുറുപ്പിനെയും പൂച്ചാണ്ടി പുരയിടത്തിലെ മമ്മൂഞ്ഞിനെയും കുരിശും വഴി ഓനാച്ചനെയും ന ഗരത്തിലെ സ്വർണക്കടക്കാരൻ മുതലാളി എങ്ങിനെ അറിയാനാണ്. ആഡിറ്റോറിയം ജീവനക്കാരൻ ബുക്ക് ചെയ്ത ഉടനെ നമ്മൂടെ മേൽ വിലാസം സഹിതം വിശദ വിവരങ്ങൾ സ്വർണ കടക്കാരന് എത്തിക്കുന്നു. വിവരം കിട്ടിക്കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിൽ കടക്കാരന്റെ ഏജന്റ് കോട്ടും കളസവും ഗള കൗപീനവും ധരിച്ച് പാഞ്ഞെത്തുന്നു സൗജന്യങ്ങൾ വിവരിക്കുന്നു..പെണ്ണിന്റെ അപ്പനും അമ്മയും അപ്പച്ചിയും അമ്മൂമ്മയും ആ വാരിക്കുഴിയിൽ വീണു കഴിഞ്ഞു.
വിദൂരമായ സ്ഥലത്തെ കടയിലാണ് നമ്മൾ ബുക്ക് ചെയ്യുന്നതെന്നും അതിനോടൊപ്പമുള്ള മറ്റ് അപാകതകളൊന്നും നാം തിരിച്ചറിയുന്നില്ല. സൗജന്യം...അത് മതി നമുക്ക്. സൗജന്യത്തിന് ഇപ്പോൾ ഒരു പുതിയ പേരുമുണ്ട്,ഓഫർ!!! ആംഗ്ളേയത്തിൽ കേൽക്കുമ്പോൾ ഒരു അന്തസ്സുമുണ്ട് ആ വാക്കിന്.
അങ്ങിനെ സൗജന്യം കൈ പറ്റിയാൽ എന്ത് കുഴപ്പം എന്ന് ചോദിക്കുന്നവരോട് വാങ്ങിയ സ്വർണം മാറ്റ് എന്ത്? അത് പുതിയ സ്വർണമാണോ പഴയത് പോളിഷ് ചെയ്ത് കളർ അടിച്ചതാണോ എന്ന് നമുക്ക് തിരിച്ചറിയാനെന്ത് വഴി എന്ന് ചോദിക്കുന്നു. ഇനി ആ കുഴപ്പങ്ങളൊന്നും ഇല്ലാ എന്ന് തന്നെ കരുതിക്കോളൂ, പക്ഷേ ഈ സ്വർണാഭരണം പിന്നീട് പൊട്ടുകയോ മങ്ങുകയോ ചെയ്താൽ അത് തിരികെ എടുത്ത് പകരം പുതിയത് തരാമെന്ന ഗാരണ്ടി വല്ലതും ഉണ്ടോ? വിദൂരത്തിലുള്ള കടയിൽ വണ്ടിക്കൂലി ചെലവാക്കി ദിവസങ്ങൾക്ക് ശേഷം പൊട്ടിയ ആഭരണവും കൊണ്ട് ചെന്നാൽ നമ്മൾ അവിടെ ഇറച്ചിക്കടയിൽ പട്ടി തൂങ്ങിയത് പോലെ കുറേ നേരം നിൽക്കണം.പിന്നീട് നമ്മളെ അകത്തേക്ക് കൊണ്ട് പോകും പരാതി കേൾക്കും പരിഹാരവും പറയും. പകരം പുതിയ സ്വർണം തരാം, പക്ഷേ ആ സ്വർണത്തിന് ഇന്നത്തെ കമ്പോള വില നൽകണം. എന്താ പരിഹാരമായില്ലേ?
മേൽ പറഞ്ഞത് ഒരു ചെറിയ ഉദാഹരണം മാത്രം. സൗജന്യത്തിൽ കാലിടറി വീണ പല കേസുകളുമുണ്ട്.വിസ്താര ഭയത്താൽ അതൊന്നും കുറിക്കുന്നില്ല. ഒരു കാര്യം മാത്രം തിരിച്ചറിയുക. കച്ചവടക്കാരൻ ലാഭം കിട്ടാനാണ് കച്ചവടം ചെയ്യുന്നത്. അവന്റെ മുതൽ നഷ്ടപ്പെട്ട് ഒരു കച്ചവടവും ചെയ്യില്ല. നമുക്ക് വില കുറച്ച് തരണമെങ്കിൽ അവൻ മറ്റെന്തോ കണ്ടിട്ടാണ്. അല്ലാതെ അവന് നമ്മോട് അനുരാഗമൊന്നുമില്ല ഓഫർ തരാൻ. സൗജന്യം ഉള്ളിടത്തെ ചതിക്കുഴികളെയും തിരിച്ചറിയുക, അത് സ്വർണമായാലും ഉണക്ക മീനായാലും ശരി.....
No comments:
Post a Comment