ഇന്നേക്ക് 25 വർഷങ്ങൾക്ക് മുമ്പ് ഫോട്ടോയിൽ കാണുന്ന എന്റെ മകൻ സൈഫുവിന് 14 വയസ്സായിരുന്നു. മൈനഞ്ചിറ്റിസും ബ്രൈൻ അബ്സസും ബാധിച്ച് ഗുരുതരാവസ്ഥയിൽ അവൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറിവിഭാഗത്തിൽ പ്രവേശിക്കപ്പെട്ടിരിക്കുകയായിരുന്നു. 20--11--1997 തീയതി അവന്റെ തലയിൽ നിന്നും പഴുപ്പ് കുത്തി എടുത്ത ദിവസത്തിൽ ഞാനും ഭാര്യയും അനുഭവിച്ച ടെൻഷൻ ഇന്ന് 25 വർഷങ്ങൾക്ക് ശേഷവും എന്നെ വിറപ്പിക്കുന്നു.
പിൽക്കാലത്ത് ഞാൻ അവനോട് ചോദിച്ചു “ ആ ദിവസങ്ങൾ നിനക്കോർമ്മയുണ്ടോ..“? “ഓ! അതെല്ലാം ഒരു മൂടൽ പോലെ എനിക്കനുഭവപ്പെട്ടു“ എന്ന് അവൻ പറഞ്ഞു. 20--11--1997 തീയതിയിൽ രാതി ഡയറിയിൽ ഞാൻ പകൽ നടന്ന സംഭവങ്ങൾ അതേപടി കുറിച്ചിട്ടിരുന്നത് ഇവിടെ പകർത്തുന്നു. (മെഡിക്കൽ കോളേജ്ൽ വെച്ചെഴുതിയ ആ ഡയറി പിന്നീട് (ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പുകൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു)
"അവന്റെ നിലവിളി ഉച്ചത്തിലായി. ഞാൻ ചെവിയിൽ രണ്ടു വിരലും തിരുകി അവിടെ നിന്നും നടന്നു. നിലവിളി പിൻ തുടരുന്നതുപോലെ എനിക്കു തോന്നി. ഞാൻ മാനത്തേകു നോക്കി. സന്ധ്യയുടെ ആഗമനം വിളിച്ചറിയിച്ചു കൊണ്ടു പടിഞ്ഞാറൻ മാനത്തു ചോര നിറം. മനസ്സു ഏകാഗ്രമാക്കി ദൈവത്തോടു കേണു. എന്റെ എല്ലാ ദുഃഖങ്ങളും അറിയുന്നവനായ കരുണാമയനേ! അവിടെന്നു പരമ കാരുണികനും കരുണാനിധിയുമാണല്ലോ എന്റെ കുഞ്ഞിനെ അവിടത്തെ കരുണക്കായി സമർപ്പിക്കുന്നു. എല്ലാം തീരുമാനിക്കുന്നതു അവിടന്നാണു. ഞങ്ങളിൽ കരുണ ചൊരിയേണമേ! ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്കു നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം. .പെട്ടെന്നു
നിലവിളി നിലച്ചു. എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. വാതിൽ
തള്ളി തുറന്നു ഞാൻ സൈഫു കിടന്ന മുറിയിലേക്കു പാഞ്ഞു. ഇടനാഴിയിൽ
നിൽപ്പുണ്ടായിരുന്ന രാജുവും സലിയും എന്നെ തടഞ്ഞു. അവരുടെ
കയ്യും തട്ടി ഞാൻ റൂമിന്റെ വാതില്‍ക്കലെത്തി . അപ്പോഴേക്കും
എന്റെ പുറകെ പാഞ്ഞെത്തിയ രാജു എന്റെ കൈക്കു പിടിച്ചു നിർത്തി. "എന്താണു ഈ കാണിക്കുന്നതു" ഞാൻ സമനില വീണ്ടെടുക്കനായി എണ്ണി; "ഒന്നു...രണ്ടു....മൂന്നു.....നാലു....." അതാ
കേൽക്കുന്നു എന്റെ മകന്റെ ശബ്ദം. ഡോക്റ്റർ
ജേക്കബ് ആലപ്പാടൻ അവനോടു എന്തോ ചോദിക്കുന്നു.അവൻ
മറുപടി പറയുന്നു. എന്റെ
ദൈവമേ നന്ദി! ഞാൻ ഭിത്തിയിലേക്കു ചാരി,അറിയാതെ നിലത്തേക്കു ഇരുന്നു. ഭാര്യ
അടുത്തു വന്നിരുന്നു. ഞങ്ങൾ
പരസ്പരം നോക്കി. അവളും
സൈഫുവിന്റെ ശബ്ദം കേട്ടിരിക്കുന്നു. ഇതിനിടയിൽ
സലി അകത്തു പോയി തിരികെ വന്നു. " അവനു
കുഴപ്പമില്ല,
40 സി.സി.പഴുപ്പു
കുത്തിയെടുത്തു. സലി
പറഞ്ഞു. ഇത്രയും
പഴുപ്പു അവന്റെ തലയിൽ ഉണ്ടായിരുന്നു. ആദ്യ
തവണ ഡ്രിൽ ചെയ്ത അതേ ദ്വാരത്തിലൂടെ തന്നെയാണു ഇപ്പോഴും ഡ്രിൽ ചെയ്തു പഴുപ്പു
കുത്തി എടുത്തതെന്നു അറിയാൻ കഴിഞ്ഞു. എന്റെ
മോൻ എന്തു മാത്രം വേദന സഹിച്ചിരിക്കണം. അവൻ
അത്രയും ഉച്ചത്തിൽ നിലവിളിച്ചതിന്റെ കാരണം അതായിരുന്നു. മരവിക്കാനുള്ള മരുന്നു അവനിൽ ശക്തമായി അലർജി ഉണ്ടാക്കിയിരുന്നതിനാൽ മരവിപ്പിക്കാതെയാണ് പഴുപ്പ് കുത്തി എടുത്തത്, അതാണ് അവൻ അത്രയും ഉച്ചത്തിൽ കരഞ്ഞത്.....“
കാലം കടന്ന് പോയി ആ 53 ദിവസങ്ങൾ നിത്യ ഹരിത നായകനായി വിലസിയിരുന്ന എന്നെ ശരിക്കും പിടിച്ചുലച്ചു.കാലത്തിന്റെ തേയ്മാനം എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. ഇന്ന് 2022ൽ നിന്ന് കൊണ്ട് 1997ലെ ആ ദിവസം ഉൾക്കിടത്തിലൂടെയല്ലാതെ ഓർമ്മിക്കാൻ കഴിയുന്നില്ല. ഒരു വരയുടെ അപ്പുറത്തുമിപ്പുറത്ത് നിന്നും കളിച്ച സൈഫു ഒടുവിൽ ദൈവ കാരുണ്യത്താൽ ഇപ്പുറത്ത് കടന്നു. . എല്ലാറ്റിൽ നിന്നും ദൈവം അവ്നെ കാത്ത് രക്ഷിച്ചു. ഇന്ന് കൊട്ടാരക്കരയിൽ അഭിഭാഷകനായി അവൻ ജോലി നോക്കുന്നു. ഭാര്യ ഷൈനിയും വക്കീലാണ്`. ഒരു മകൻ സിനാൻ...സിനാനെ നിങ്ങൾക്കെല്ലാമറിയാമല്ലോ......
No comments:
Post a Comment