“ഈ കുഞ്ഞിന് മരുന്ന് കുപ്പി ഒഴിഞ്ഞിട്ട് നെരമില്ല“ രോഗിയാകുന്ന കുഞ്ഞുങ്ങളെ നോക്കി മുൻ തലമുറ പറയുന്ന ഒരു പൊതു വാചകമാണിത്.
പണ്ട് മരുന്ന് , കുപ്പിയിൽ തന്നെയായിരുന്നു ലഭിച്ചിരുന്നത്. സർക്കാർ ആശുപത്രിയിൽ വലിയ ചില്ല് കുപ്പിയിൽ പല നിറത്തിലുള്ള മരുന്നുകൾ നിറച്ച് വെച്ചിരിക്കുന്നതിൽ നിന്നും കുപ്പിയുമായി ചെല്ലുന്ന രോഗിക്കോ പകരക്കാരനോ അയാൾ കൊണ്ട് വരുന്ന കുപ്പിയിലേക്ക് മരുന്ന് പകരുന്ന കമ്പൗണ്ടർ എന്ന ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള പാന്റും ഷർട്ടും തൊപ്പിയും ധരിച്ച ഒരു ഗൗരവ സ്വാമി. ഡോക്ടർ എഴുതിയിരിക്കുന്ന കുറിപ്പിലേക്കും വലിയ കുപ്പികളിലേക്കും മാറി മാറി നോക്കി നമ്മൾ കൊണ്ട് ചെല്ലുന്ന കുപ്പിയിലേക്ക് മരുന്ന് പകർന്ന് തരുന്ന തമ്പുരാൻ.
മെഡിക്കൽ സ്റ്റോറിലും ഇപ്രകാരം മരുന്ന് മിശ്രിതം കൂട്ടിയെടുക്കാൻ പരിചയം സിദ്ധിച്ച ആൾക്കാരെ കാണാമായിരുന്നു.
കാലം കടന്ന് പോയപ്പോൽ ഈ കുപ്പികളും കമ്പൗണ്ടറും രംഗത്ത് നിന്നും അപ്രത്യക്ഷരായി. ആ കാലത്ത് ആശുപത്രി പരിസരത്തുള കടകളിലെ പ്രധാന വിൽപ്പന സാധനമായിരുന്നു പല അളവിലുള്ള മരുന്ന് കുപ്പികൾ.ഉള്ളിൽ ഉള്ളിൽ കഴിക്കാനുള്ളത്, പുറമേ പുരട്ടാനുള്ളത്, അങ്ങിനെ പല പല തരത്തിലെ അളവുകളിലെ കുപ്പികൾ. അന്ന് ഗുളികകൾ വലിയ പ്രചാരത്തിൽ ഇല്ലായിരുന്നു. എന്നാലും മേമ്പൊടി പോലെ സൾഫാ ഡയാസിൻ, സൾഫാ ഗുനൈഡിൻ, എ.പി.സി. തുടങ്ങിയ ഗുളികകൾ ഉണ്ടായിരുന്നത് കമ്പൗണ്ടർ സാർ കുറിപ്പിൽ നോക്കി പേപ്പർ തുണ്ടുകളിൽ പൊതിയാതെ തരും. നമ്മൾ പൊതിഞ്ഞ് കൊണ്ട് പോകണം. കഴിക്കുന്ന വിധവും അദ്ദേഹം പറഞ്ഞ് തരുമായിരുന്നു.
കാലം കഴിഞ്ഞപ്പോൾ ഗുളികകൾ അലൂമിനിയം നിക്കർ ധരിച്ച് പുറത്ത് വന്നു. അത് ആദ്യത്തിൽ ആസ്പ്രോ, അനാസിൻ തുടങ്ങിയ വേദന സംഹാരികളായിരുന്നു. പിന്നീട് എല്ലാ ഗുളികകളും ആലൂമിനിയം പ്ളാസ്റ്റിക് കവർ ധാരികളായപ്പോൾ കുപ്പികളും കമ്പൗണ്ടറും തുടർന്ന് മരുന്നിന് വേണ്ടിയുള്ള കാത്തിരിപ്പും “അമ്മിണിക്കുട്ടി 38 വയസ്സ് കുപ്പി കൊണ്ട് വാ“ വിളികളും എങ്ങോട്ടോ പോയി.
ഇപ്പോൾ ഗുളിക എന്ന വാക്കും കുറഞ്ഞ് വരുന്നു, ടാബ്ലറ്റ്സ്, ക്യാപ്സൂൾ എന്നൊക്കെയായി പകരക്കാർ. എങ്കിലും പഴയ മരുന്ന് കുപ്പിയേയും കമ്പൗണ്ടറേയും മറക്കാൻ കഴിയുന്നില്ലല്ലോ.
No comments:
Post a Comment