കമ്പ്യൂട്ടർ സംബന്ധമായ ഒരു പ്രശ്നം പരിഹരിക്കാൻ പരിജ്ഞാനമുള്ള എന്റെ പ്രിയ സുഹൃത്തുക്കൾ ഒന്ന് സഹായിക്കാമോ.പ്രശ്നം അൽപ്പം A ആണ്.
എന്റെ കമ്പ്യൂട്ടറിന് ഒരു കുഴപ്പവുമില്ലാതെ ശാന്ത സുന്ദരമായി അത് പ്രവർത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു അങ്ങിനെ കഴിഞ്ഞ് വരവേ കഴിഞ്ഞ ദിവസം അതിൽ ഒരു പരസ്യം വന്നു. ഇംഗ്ളിഷിലാണ്. നിങ്ങളുടെ കമ്പ്യൂട്ടർ വൈറസ് ബാധിതമായിരിക്കുന്നു ഓരോ മിനിട്ടിലും ഇത്രയിത്ര വൈറസ്കൾ ആക്രമിക്കുന്നു. ഉടൻ നടപടികൾ കൈക്കൊള്ളുക.ഇതായിരുന്നു ആ പരസ്യം ഒരു ആന്റീ വൈറസ് കമ്പനിയുടേതാണ്`ആ പരസ്യം. തിരക്കിലായതിനാൽ ഞാനതങ്ങ് അവഗണിച്ച് ആ വിൻടോ ക്ളോസ് ചെയ്തു. കയ്യെടുക്കുന്നതിനു മുമ്പ് തന്നെ ആ പരസ്യം വീണ്ടും വരുന്നു. MAC എന്നീ വാക്കുകൾ തുടങ്ങുന്നതാണ് ആ കമ്പനിയുടെ പേര്. ശ്ശെടാ!ഇതെന്ത് ശല്യം! വീണ്ടും ക്ളോസ് ചെയ്യുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ, എന്റെ കമ്പ്യൂട്ടർ രോഗ ബാധിതമാണെന്നും ഉടൻ പരിഹാരമായി ആന്റീ വൈറസ് ഉപയോഗിക്കണമെന്നും നിർദ്ദേശിച്ച് പല തരത്തിലും വിധത്തിലും നിറത്തിലും പല പേരിലും പരസ്യങ്ങൾ വരുകയും ഞാൻ ആ നിമിഷം തന്നെ അവ ക്ളോസ് ചെയ്യുകയും ചെയ്തു വന്നു. എന്റെ കാര്യത്തിൽ ഇവന്മാർക്കെന്തിത്ര താല്പര്യം. വൈറസ് ബാധിച്ചെങ്കിൽ ഞാനങ്ങ് സഹിച്ചു. നിനക്കെന്താ പുല്ലേ ഇത്രക്ക് വാശി എന്ന് വാശിയുള്ള ഞാനും മസിൽ പിടിച്ചു.
അവന്മാർ പ്രവചിച്ചത് പോലെ കമ്പ്യൂട്ടർ 5--10-- മിനിട്ട് നേരം ഇടക്കിടെ മരവിച്ചപ്പോൾ ഇവന്മാർ പരസ്യം കയറ്റി വിട്ടത് പോലെ വൈറസിനെയും കയറ്റി വിട്ടോ എന്ന് എനിക്ക് സംശയമായി. ഞാൻ അല്പം പോലും കുലുങ്ങിയില്ല. മരവിപ്പ് മാറുമ്പോൾ മാറട്ടെ അത് വരെ ഞാനും മരവിച്ചിരുന്നു. അതാ! അപ്പോഴാണ് പുതിയ ഒരു പ്രയോഗം കടന്ന് വന്നത്. ഉടുതുണി അലക്കാൻ കൊടുത്ത കുറച്ച് അവളുമാരുടെ തിരിഞ്ഞും മറിഞ്ഞും ഉള്ള പോട്ടങ്ങൾ എന്റെ കമ്പ്യൂട്ടറിൽ വന്ന് തുടങ്ങി. ”ന്നാ താൻ കേസ് കൊട്“ സിനിമയിലെ മജിസ്ട്രേറ്റ് വിളിച്ച് കൂവുന്നത് പോലെ ങാ....കർട്ടനിട്...കർട്ടനിട്.. എന്ന് ഞാനും വിളിച്ച് കൂവി. നിമിഷം കൊണ്ട് ഞാൻ ആ പോട്ടങ്ങൾ ക്ളോസ് ചെയ്യുമ്പോൾ ഉടൻ അവന്മാരുടെ ആന്റീ വൈറസ് പരസ്യങ്ങൾ വരും.
വീട്ടിലെ കുട്ടികൾ കമ്പ്യൂട്ടർ തുറക്കുമ്പോൾ എന്റടുത്ത് വന്ന് നിൽക്കാറുണ്ട്.ആ കുഞ്ഞുങ്ങൾ അടുത്ത് വന്ന് നിൽക്കുമ്പോൾ മീൻ വെയിലത്ത് ഉണക്കാൻ വെച്ചത് പോലുള്ള പോസിലെ ലവളുമാരുടെ ഈ പോട്ടങ്ങൾ കാണുമോ എന്ന് ഭയന്ന് കുട്ടികൾ ഉറങ്ങി കഴിഞ്ഞാണ്` കമ്പ്യൂട്ടർ ഇപ്പോൾ തുറക്കുന്നത്.
ഇവന്മാർക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുക്കാമെന്ന് കരുതി അന്വേഷിച്ചപ്പോൾ ഇവന്റെയെല്ലാം കമ്പനി കണ്ട് കിട്ടുകയില്ലെന്നും അത് സിംഗപ്പൂരിലോ പെനാങ്കിലോ മറ്റോ ആയിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
കമ്പ്യൂട്ടറിൽ അത്ര പരിചയമില്ലാത്തവനാണ്` ഞാൻ. ടൈപ്പ് ചെയ്യും കോപ്പി പേസ്റ്റ് പോലുള്ള ചെറിയ ചെറിയ കിസുമത്ത് പണികൾ ചെയ്യും അതിനപ്പുറം എന്റെ അറിവ് പൂജ്യമാണ്. എന്റെ അടുത്ത ഒരു സുഹൃത്തിനോട് അദ്ദേഹം കമ്പ്യൂട്ടറിൽ പണ്ഡിതനാണ്.വിവരങ്ങൾ പറഞ്ഞപ്പോൾ നൂലിൽ ഊതി കെട്ടിയത് പോലെ എന്തോ എല്ലാം ചെയ്തിട്ടുണ്ട്, ഫലിക്കുമോ എന്നറിയില്ല, ഇല്ലെങ്കിൽഈ ഉപദ്രവം ഒഴിവാക്കാൻ വലിയ പൈസാ ചെലവില്ലാത്ത മാർഗം പറഞ്ഞ് തരുമോ ആരെങ്കിലും..... എന്റെ കുഴപ്പങ്ങൾ മാറുകയും മറ്റുള്ളവരെ ഈ ഭീഷണിയെ പറ്റി ബോധവാന്മാരാക്കുകയും ചെയ്യാമല്ലോ.
No comments:
Post a Comment