Friday, September 23, 2022

കെ.എസ്.ആർ.റ്റി.സിയും ചില ചിന്തകളും.

  കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ കൊല്ലത്ത് ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ    കൊട്ടാരക്കര നിന്നും കെ.എസ്.ആർ.റ്റി.സി ബസ്സിലെ യാത്രക്കാരനായി പോവുകയായിരുന്നു.  വഴിയിലെ  തിരക്കും ബസ്സിന്റെ മെല്ലെ പോക്കും കാരണം യോഗത്തിൽ നിശ്ചിത സമയത്ത് എത്തിച്ചേരുമോ എന്ന സംശയത്താൽ കണ്ടക്ടറോട്  ഞാൻ ചോദിച്ചു.

സർ, കൊല്ലത്ത് ഈ ബസ് എപ്പോൾ എത്തും“ ആ കണ്ടക്ടർക്ക് അതിന് മറുപടി പറയാൻ സാധിക്കില്ല എന്നെനിക്കറിയാം. പക്ഷേ  യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരുമോ എന്ന ഉൽക്കണ്ഠയിലിരിക്കുന്ന എനിക്ക് ഏത് മറുപടിയും  ആശ്വാസകരമാകുമായിരുന്നു.

അയാൾക്ക് പറയാം“ റോഡിലെ തിരക്ക് കണ്ടില്ലേ എന്ത് ചെയ്യാനൊക്കും..എത്തേണ്ട സമയം ഇത്ര മണിക്കാണ്.....പക്ഷേ  ആ മനുഷ്യൻ അമ്മിക്കല്ലിന് കാറ്റ് പിടിച്ചത് പോലെ  ഇരുന്നു. ഒരു മറുപടിയും തന്നില്ല. ഞാൻ ആലോചിച്ചു, ഈ ബസ്സിലെ  യാത്രക്കാരെല്ലാവരും ഓരോ ചോദ്യങ്ങൾ ചോദിക്കാനൊരുമ്പെട്ടാൽ അയാൾ കഷ്ടത്തിലാകും, അപ്പോൾ അയാൾ നിശ്ശബ്ദത പാലിക്കുന്നതാണ് നല്ലതെന്ന് കരുതിക്കാണും അതായിരിക്കാം അയാൾ മിണ്ടാത്തത്. എന്ന് സമാധാനിച്ചു.

പക്ഷേ അൽപ്പം അസഹിഷ്ണത  ഉള്ള യാത്രക്കാരനാണെങ്കിൽ  വീണ്ടും ആ ചോദ്യം ആവർത്തിക്കും, അതിനും മറുപടി കിട്ടിയില്ലെങ്കിൽ “ അയാളുടെ വായിൽ നാവില്ലായിരിക്കും“ എന്ന് പ്രതികരിച്ചേക്കാം, അത് കേട്ട ഉടനെ നാവില്ലാത്ത  കണ്ടക്ടർ വാ തുറന്ന്  നല്ല രണ്ട് മലയാളം പറഞ്ഞേക്കാം, അങ്ങിനെ ഒരു ശണ്ഠക്ക് ഹേതു ആകാം ആ നിശ്ശബ്ദത.

പണ്ട് കാലത്ത് പോലീസ് കഴിഞ്ഞാൽ സർക്കാർ വണ്ടിയിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമായിരുന്നു ഗൗരവം കൂടുതൽ. “സാറേ ഇതെങ്ങോട്ടാ ഈ ബസ്സ് “ അല്ലെങ്കിൽ ഇത് അടുക്കള മൂലക്കുള്ള  ബസ്സ് ആണോ എന്ന് ബസ്സിലെ സാരഥിയോട് പുറത്ത് നിന്ന് ചോദിച്ചാൽ ബോർഡ് വായിച്ച് നോക്ക് എന്ന മറുപടിയോ അല്ലെങ്കിൽ  “വായില്ലാ കുന്നപ്പൻ“ ആയി  ഇരിക്കുകയോ ചെയ്യും. അവിടെയും   യാത്രക്കാരെല്ലാവരോടും മറുപടി പറയാൻ വയ്യ എന്ന  പ്രതികരണമായിരിക്കാം ജീവനക്കാർക്ക് ഉണ്ടാകുന്നത്. പൊതു ജനത്തിന്റെ മനശ്ശാസ്തം പഠിക്കേണ്ട ആവശ്യമൊന്നും ജീവനക്കാർക്കില്ല.  അത് കൊണ്ട് തന്നെ ചുണ്ടിൽ ഒരു ചെറു ചിരിയുമായി ഒരു ട്രാൻസ്പോർട്ട് ജീവനക്കാരനെയും കാണുകയുമില്ല. ഗൗരവം തന്നെ ഗൗരവം.

 ഇതെല്ലാം സർക്കാർ വക ശകടത്തിലെ ജീവനക്കാരുടെ  സ്വഭാവ വിശേഷമാണ്. അവരുടെ നിശ്ശബ്ദതയും ഗൗരവവും അവർ സർക്കാർ വിലാസമായതിനാലും  കൃത്യമായി ഒന്നാം തീയതി  പപ്പനാവന്റെ ചക്രം കയ്യിൽ കിട്ടുമെന്ന  അഹന്തയിലുമാണ് ഉണ്ടാകുന്നത്. കുറച്ച് കാലമായി കാര്യങ്ങൾ കൈ വിട്ട് പോയപ്പോൾ  ഒന്നാം തീയതി വേതനം മുടക്കം വരുകയും ചെയ്തപ്പോൾ  എല്ലാ ഗൗരവവും പാളീസായി.

ഇതിത്രയും എഴുതി കൂട്ടിയത്  കെ.എസ്.ആർ.റ്റി.സി. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയപ്പോൾ  ആ ശമ്പളം രണ്ട് മാസത്തിലൊരിക്കലോ  ഒന്നിനും നിശ്ചയമില്ലാത്ത അവസ്തയിലോ വന്ന് ചേർന്നപ്പോഴും പൊതു ജനമെന്ന കഴുതകളാരും  ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചതായി കാണപ്പെട്ടില്ല., അവരും പഴയ കണ്ടക്ടറെ പോലെ നിശ്ശബ്ദരും ഗൗരവ സ്വമിമാരാ വുകയും.അതിൽ നിന്നും ജീവനക്കാരോട് ജനത്തിന്റെ  ഉള്ളിലിരിപ്പ് വെളിവാക്കപ്പെടുകയും ചെയ്തുവല്ലോ.

അത് കൊണ്ട് തന്നെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന അഛനെയും മകളെയും ഉപദ്രവിച്ച കേസിൽ  കുറ്റക്കാർക്കെന്തുണ്ട് പറയാനെന്നും അവർ അങ്ങിനെ പ്രകോപിതരാകാൻ കാരണമെന്തെന്നും അവരുടെ  ഒരു വാക്ക് പോലും  പുറത്ത് വരാത്ത വിധം അവർ കല്ലെറിയപ്പെട്ടു. ഇവിടെ ഞാൻ അവരെ ന്യായീകരിക്കുകയല്ല ചെയ്യുന്നത് ജനത്തിന് ഇത്രത്തോളം കലിപ്പ് സർക്കാർ ബസ്സ് ജീവനക്കാരോടുണ്ടാകാൻ കാരണമെന്തെന്ന് അവർ സ്വയം ചിന്തിക്കാനും  തുടർന്ന് സ്വയം മാറാനും കിട്ടിയ സന്ദർഭമാണിതെന്ന് ഓർമ്മിപ്പിക്കാനായി പറഞ്ഞെന്ന് മാത്രം.

Tuesday, August 30, 2022

വ്രദ്ധ സദനത്തിൽ......

കഴിഞ്ഞ ദിവസം ഒരു അമ്മയുടെ  കരച്ചിൽ  കേൾക്കേണ്ടി വന്നു. ഫോണിലൂടെയായിരുന്നു ആ കരച്ചിൽ. എങ്കിലും അവരുടെ  മനസ്സിലെ വ്യഥ എനിക്ക് നല്ലവണ്ണം  തിരിച്ചറിയാൻ കഴിഞ്ഞു.

ഓണക്കാലമാണ്. പേരക്കുട്ടികളെ കാണണം. വർഷത്തിലൊരിക്കൽ വരുന്ന ആഘോഷമാണ് അപ്പോഴല്ലേ കൊച്ച് കുട്ടികളുമായി ഒന്നിച്ചിരുന്ന് ഉണ്ണാനും കഥകൾ പറയാനും മറ്റും കഴിയൂ. അമ്മയും അഛനും തനിച്ചാണ് താമസം. മകൾ വിവാഹിതയായി ദൂരെ ഭർതൃ ഗൃഹത്തിൽ താമസമാണ്. അവരെ ഓണത്തിന് പ്രതീക്ഷിക്കേണ്ട. പിന്നെ ഏക മകൻ, അവന്റെ രണ്ട് കുഞ്ഞുങ്ങളെ  പൊന്നുംകുടം പോലെ  അമ്മയാണ്` വളർത്തിയിരുന്നത്. എന്നാൽ ഭാര്യയുടെ കുത്തി തിരിപ്പിൽ അച്ഛനുമായുണ്ടായ ചെറിയ തർക്കം കാരണം  മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണ പോലെ മരുമകൾ ഉപയോഗപ്പെടുത്തി കുഞ്ഞുങ്ങളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് താമസം മാറി. അനുസരണ ശീലമുള്ള  ഭർത്താവ് ഭാര്യ പറയുന്നത് അതെ പടി കേട്ട് അഛനെയും അമ്മയെയും പിന്നെ തിരിഞ്ഞ് നോക്കാറില്ല. അഛനും കുഞ്ഞുങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മരുമകളോട് മാപ്പ് പറയുന്നതിലും ഭേദം അങ്ങ് ചത്ത് കളയുന്നതാണ്` നല്ലതെന്നാണ്` മൂപ്പരുടെ അഭിപ്രായം.  മകൻ എന്റെ പരിചയക്കാരനായതിനാലും ഞാൻ പറഞ്ഞാൽ അയാൾ കേൾക്കുമെന്ന പ്രതീക്ഷയാലുമാണ് അമ്മ എന്നെ വിളിച്ചത്.

എനിക്ക് ആ മകനെയും ഭാര്യയെയും നല്ലവണ്ണം അറിയാം. ഭാര്യ പറയുന്നതിനപ്പുറമില്ലാത്ത ആ കോന്തൻ ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്നാണ് എന്റെ സംശയം. ഭാര്യക്ക് ആ അമ്മയുടെ വേദന തിരിച്ചറിയാൻ കഴിയില്ല കാരണം അവളുടെ സ്വപ്നത്തിൽ താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമാണുള്ളത്.  അവിടെ മറ്റുള്ളവരെല്ലാം അധിനിവേശക്കാർ മാത്രം.

ഈ കഥ കേട്ടപ്പോൾ  വർഷങ്ങൾക്കപ്പുറത്ത് ഒരു ഓണക്കാലത്ത് മറ്റൊരമ്മയെ വൃദ്ധ സദനത്തിൽ കണ്ട് മുട്ടിയ കഥ ഓർത്ത് പോയി. ആ കഥ മുമ്പ് എപ്പോഴോ ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരമാൺ`:--

 ഒരു  മകന്‍  മാത്രമുള്ള    മാതാവിന്റെ  നിലവിളി  ആയിരുന്നു അന്ന് ഞാൻ കേട്ടത്.. അഗതി  മന്ദിരം  വൃദ്ധസദനമായി  ഉപയോഗിച്ച്  വരുന്ന  ഒരു  സ്ഥാപനമായിരുന്നു സംഭവസ്ഥലം.  മറ്റൊരു  കാര്യത്തിനായി  അല്‍പ്പ  ദിവസങ്ങള്‍ക്ക്  മുമ്പ്  ആ സ്ഥാപനത്തില്‍  പോയതായിരുന്നു  ഞാന്‍ . യാദൃശ്ചികമായി  എന്റെ  ഒരു  പരിചയക്കാരന്റെ  മാതാവിനെ  ഞാന്‍  അവിടെ കണ്ടു.  വിദൂരതയില്‍  കണ്ണും നട്ട്  സ്ഥാപനത്തിന്റെ  പുറക്  വശമുള്ള  തോട്ടത്തില്‍  ഒരു  ആഞ്ഞിലി  മരത്തിന്റെ  തണലില്‍  കിടന്ന  സിമിന്റ്  ബെഞ്ചില്‍  അവര്‍  ഇരിക്കുകയായിരുന്നു. അടുത്ത്  ചെന്ന്  ഞാന്‍  മുരടനക്കിയപ്പോള്‍  അവര്‍ തല ഉയര്‍ത്തി  എന്നെ  നോക്കുകയും   തിരിച്ചറിഞ്ഞപ്പോള്‍   പെട്ടെന്ന്  ചാടി  എഴുന്നേല്‍ക്കുകയും  ചെയ്തു.

“അമ്മ  ഇവിടെ........’?!  ഞാന്‍  ശങ്കയോടെ  വിവരം  അന്വേഷിച്ചു.

“അവന്‍  ബിസ്സിനസ്  ആവശ്യത്തിനായി  തിരുവനന്തപുരത്ത്   സെറ്റില്‍  ചെയ്തു. ഒറ്റ  മുറി  ഫ്ലാറ്റില്‍.  ഭാര്യയെയും  കുട്ടികളെയും  കൂടെ കൂട്ടി.  ഒരു  മുറി  മാത്രമുള്ള  ഫ്ലാറ്റില്‍  ഞാനും  കൂടെ  താമസിക്കുന്നതെങ്ങീയെന്ന്  കരുതി    എന്നെ  ഇവിടെ  കൊണ്ടു  വന്നു.അവന്‍  ആവശ്യത്തിനു  രൂപ  കൊടുക്കുന്നത്  കൊണ്ട്  ഇവിടെ  സുഖമാണ്.“ മകനെ  കുറ്റപ്പെടുത്തുന്നതൊന്നും  തന്റെ  വാക്കുകളില്‍  ഉണ്ടായിരിക്കരുതെന്ന  വ്യഗ്രത  അവരില്‍  പ്രകടമായി  കണ്ടു. 

എങ്കിലും  മനസ്  ഏതോ  പന്തി  ഇല്ലായ്ക  മണത്തു.  അവന്റെ  ഭാര്യ  ഈ  അമ്മയോട്   എങ്ങിനെയാണ്   പെരുമാറിയിരുന്നതെന്ന്  എനിക്ക്  സുവ്യക്തമായിരുന്നല്ലോ.  ആവശ്യമില്ലാതെ  ചോദ്യങ്ങള്‍  ചോദിച്ച്  അവരെ  അലട്ടരുതെന്ന്  കരുതി  ഞാന്‍  യാത്ര  പറഞ്ഞ്  തിരികെ  പോകാന്‍  നേരം  അവര്‍  എന്നെ  വിളിച്ചു.”ഒന്ന്  നില്‍ക്കണേ!”

“മകനോടൊന്ന്  പറയുമോ,   ഓണ ദിവസം  എനിക്ക്  അവന്റെ  കുഞ്ഞുങ്ങളെ  ഒന്ന്   കാണാനായി  കൊണ്ട്  വരണമെന്ന്.....  ആ  കൊച്ചു  കുഞ്ഞുങ്ങളെ  ഒന്ന്  കാണാന്‍  വല്ലാത്ത  ആഗ്രഹം” പറഞ്ഞ്  പൂര്‍ത്തിയാക്കുന്നതിനു  മുമ്പ്  അവര്‍  വിമ്മി  കരഞ്ഞു.  ഞാന്‍  വല്ലാതായി.

  രംഗം  വീക്ഷിച്ച്  കൊണ്ടിരുന്ന  ആയ  ഓടി  വന്നു. “നിങ്ങള്‍ക്കെന്താ  ഇവിടെ  കുഴപ്പം,  സമയത്ത്  ആഹാരമില്ലേ?  പരിചരണമില്ലേ? ഹും... എന്തിന്റെ  കുറവാ  നിങ്ങള്‍ക്ക്....ഹും...?“ആയമ്മയുടെ വാക്കുകളില്‍  ഒരു മയവുമില്ലായിരുന്നു.  .

 പെട്ടെന്ന്  അമ്മ  സമനില  വീണ്ടെടുത്തു. രണ്ടാം  മുണ്ട്  കൊണ്ട്  മുഖം  തുടച്ചു.  എന്നെ  നോക്കി  ചിരി  പോലൊന്ന്  വരുത്തിയിട്ട്   പറഞ്ഞു,  “എന്നാ....പൊയ്ക്കോ..” 

ഈ  ഓണക്കാലത്ത്  ഇപ്പോഴും പഴയ  രീതികളും കുടുംബ ബന്ധങ്ങളും മനസ്സിൽ പേറി കഴിയുന്ന എത്രയോ മാതാ പിതാക്കൾ  തങ്ങളുടെ മക്കളെയും പേരക്കുഞ്ഞുങ്ങളെയും ഓർത്ത് വിമ്മി കരയുന്നുണ്ടാകാം. 

Monday, August 29, 2022

പുസ്തക പ്രകാശനം പത്ര വാർത്ത

 

എന്റെ പുസ്തകം “ഒരു അമ്പഴങ്ങാ പ്രേമവും പിന്നെ കുറേ അനുഭവങ്ങളും“ പ്രകാശനം ചെയ്തതിന്റെ പത്ര വാർത്ത.

Sunday, August 28, 2022

നവ മാധ്യമ ഗുണങ്ങൾ....

 കത്തി  പഴം മുറിക്കാൻ ഉപയോഗിക്കാം  അതേ പോലെ ഈ കത്തി തന്നെ  കഴുത്ത് മുറിക്കാനും ഉപയോഗിക്കാം.

സമാനമായി ഉപയോഗത്തിലിരിക്കുന്ന ഒരു  ഉപകരണമാണ്  നവ മാധ്യമങ്ങൾ. ഗുണമുണ്ട്,അതോടൊപ്പം ദോഷവും.

ഇന്നലെ എന്റെ പുതിയ എ.റ്റി.എം. കാർഡ്  പ്രവർത്തന നിരതമാക്കാൻ   യുവ സ്നേഹിതൻ ഫാസിൽ ഇസ്മായിലുമായി  ഒരു ഏ.റ്റി.എം. കൗണ്ടറിലെത്തി നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചു. കാർഡ് ഒരു കവറിനുള്ളിൽ ഭദ്രമായി വെച്ചു ഫാസിൽ  “സൂക്ഷിക്കണേ സാറേ..“.എന്ന മുന്നറിയിപ്പോടെ എന്റെ പക്കൽ തന്നിരുന്നു. വഴിയിൽ കണ്ടവരോടെല്ലാം കുശലം പറഞ്ഞ് വീട്ടിലെത്തിയപ്പോൾ കാർഡ് നഷ്ടപ്പെട്ടിരിക്കുന്നതായി തിരിച്ചറിഞ്ഞു.

പിറ്റേ ദിവസം ബാങ്കിൽ ചെന്ന് കാർഡ് നഷ്ടപ്പെട്ടതിന്റെ മേൽ നടപടികൾ എടുക്കണം. പിന്നെ പുതിയ കാർഡിനായുള്ള ബാങ്കിൽ കയറി  ഇറങ്ങൽ.യജ്ഞം....ആകെ വിഷമത്തിലായി. നടന്ന് വന്ന  വഴികൾ ഞങ്ങളുടെ    സ അദുമായി ആ രാത്രി തന്നെ  അരിച്ച് പെറുക്കി നോക്കി.ഊങ്ഹും  കാർഡിന്റെ പൊടി പോലുമില്ല.. വല്ലാത്ത ജാള്യതയും മനസ്സിൽ ഉണ്ടായി. ഫാസിൽ പ്രത്യേകം പറഞ്ഞതാണ് “സൂക്ഷിക്കണേ“ എന്ന്....എന്തൊരു അലസനാണ് ഞാൻ...ഞാൻ സ്വയം കുറ്റപ്പെടുത്തി.

എന്തും വരട്ടെ എന്ന് കരുതി ഫാസിലിനെ രാത്രി തന്നെ വിവരം അറിയിച്ചു.നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാം  സാർ എന്നും പറഞ്ഞ് അയാൾ ഫെയ്സ് ബുക്കിലും വാട്സ് അപ്പ് ഗ്രൂപ്പിലുമായി രണ്ട് മൂന്ന് പോസ്റ്റുകൾ എന്റെ പേരിൽ തട്ടി, എന്റെ ഫോൺ നമ്പറും കൊടുത്തു  പിറ്റേ ദിവസം  രാവിലെ  കൊട്ടാരക്കര മുനിസിപാലിറ്റി തെരഞ്ഞെടുപ്പിൽ രണ്ടാം വാർഡ് സ്ഥാനാർത്ഥിയായി മൽസരിച്ച  സിദ്ദീഖ് എന്നെ വിളിക്കുന്നു, സാറേ!  കാർഡ് ഇന്നലെ രാത്രിയിൽ  റോഡിൽ കിടന്ന് എനിക്ക് കിട്ടി..ഞാൻ പോസ്റ്റ് വായിച്ചു. അതിൽ കണ്ട നമ്പറിൽ വിളിക്കുകയാണ്....കാർഡ് വീട്ടിലെത്തിക്കാം......മനസ്സിൽ കുളിർ മഴ പെയത  സുഖം.  ദൈവത്തിന് സ്തുതി. ഫാസിലിനും  സിദ്ദീഖിനും നന്ദി പറഞ്ഞു.

എന്തും മാത്രം  ബുദ്ധിമുട്ടുകളാണ്  ഒഴിവായി കിട്ടിയത്. ഫെയ്സ് ബുക്കിനും വാട്ട്സ് അപ്പിനും ഗൂഗ്ൾ അമ്മച്ചിക്കും നന്ദി..

അതാണ് ഞാൻ പറഞ്ഞത്..കത്തി പഴം കണ്ടിക്കാനും ആ കത്തി. തന്നെ.............വേണ്ടാ...നല്ലത് മാത്രം പറയാം   അല്ലേ ....!!!

Friday, August 26, 2022

പുസ്തക പ്രകാശനം

നാളെ നടക്കുന്ന  എന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ഏവരേയും ക്ഷണിച്ച് കൊള്ളുന്നു. പുസ്തകത്തിന്റെ പേര് “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും.

പ്രസാധകർ| പ്രഭാത് ബുക്ക് ഹൗസ്.