നട്ടുച്ച വെയിലിൽ .കുംഭ മാസം നിന്ന് കത്തുന്നു.
കൊട്ടാരക്കര പള്ളിക്കൽ റോഡിൽ നിന്നും ഗുരുമന്ദിരം നിരത്തിലൂടെ ഞങ്ങൾകാറിൽ പോകുകയാണ്. ഞാനും കൊച്ച് മകൻ സൽമാനും.
രണ്ടാമത്തെ മകൻ ബിജുവിന്റെ താമസ സ്ഥലമാണ് ലക്ഷ്യം. റോഡ് പണികൾക്കായി നിരത്തിൽ വലിയ മെറ്റൽ വാരി വിരിച്ചിരിക്കുന്നതിനാൽ സൽമാൻ സൂക്ഷിച്ചിച്ചാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്.
റോഡ് എത്രയോ ദിവസങ്ങളായി ഈ ഗതിയിൽ എത്തിച്ചേർന്നിട്ട്.
ദൂരെ നിന്നും ഒരു സ്കൂട്ടർകാരൻ ഞങ്ങളുടെ നേരെ വന്നുകൊണ്ടിരുന്നു. ഏകദേശം ഇരുപത് അടി അകലമെത്തിയപ്പോൾ അയാൾ സ്കൂട്ടറുമായി മറിഞ്ഞ് വീണു. വിരിച്ചിട്ടിരുന്ന മെറ്റലിൽ വീൽ പതറിയതാണ് കാരണം.
നിലത്ത് കിടന്ന അയാളുടെ നെഞ്ചത്ത് ആണിപ്പോൾ സ്കൂട്ടർ.അവിടെ കിടന്ന് എഴുന്നേൽക്കാനാകാതെ രണ്ട് കയ്യും ഉയർത്തി അയാൾ സഹായം തേടി.
സൽമാൻ ഓടി ചെന്നു. ഞാൻ പുറകെയും. അപ്പോഴേക്കും എതിർ വശത്ത് നിന്നും ഒരു ആട്ടോ വന്നു, ആട്ടോ ഡ്രൈവറും രംഗത്തേക്ക് കുതിച്ച് ചെന്നു. സൽമാനും ആട്ടോ ഡ്രൈവറും ചേർന്നു അയാളുടെ നെഞ്ചത്ത് നിന്നും സ്കൂട്ടർ പൊക്കി മാറ്റി. താഴെ കിടന്ന വണ്ണമുള്ള ആ മനുഷ്യനെ ഞങ്ങൾ മെല്ലെ ഉയർത്തി. ഹെൽമറ്റ് ഊരി മാറ്റിയപ്പോൾ ആൾ എനിക്ക് പരിചിതനാണ്, തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ആളാണ്.
രണ്ട് കാലും നീര് വന്ന് ചീർത്തിരിക്കുന്നതിനാൽ അയാൾ നടന്നിരുന്നത് ഏറെ ശ്രമിച്ചിട്ടായിരുന്നു. പൊരി വെയിലിൽ വിയർത്ത് നിന്ന അയാളെ ഒരു വിധത്തിൽ അടുത്ത വീട്ടിലെ തണലിലേക്ക് ഞങ്ങൾ മാറ്റി.
കാല് വയ്യാത്ത നിങ്ങൾ എന്തിനാണ് ഈ സ്കൂട്ടറുമായി വെയിലത്തിറങ്ങിയത് എന്ന എന്റെ ചോദ്യത്തിന് മരുന്ന് വാങ്ങാൻ ബാങ്കിൽ നിന്നും പൈസാ എടുക്കാനിറങ്ങിയതാ സാറേ! എന്ന് അയാൾ മറുപടി പറഞ്ഞു. അയാളുടെ മൊബൈൽ കേടായെന്നും ജി.പേ സമ്പ്രദായം നടപ്പിലാക്കാൻ കഴിവില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.. ഇത് പറയുമ്പോഴും അയാൾ വിയർത്തൊലിക്കുകയും വിറക്കുകയും ചെയ്ത് കൊണ്ടിരുന്നു.
എനിക്കറിയാം; അയാൾ വീട്ടിൽ തനിച്ചാണ്. ഭാര്യ കുറച്ച് കാലത്തിനു മുമ്പ് മരിച്ചു. രണ്ട് പെൺ മക്കളിൽ ഒരെണ്ണം രോഗ ബാധിതയായി ഏതോ ആശുപതിയിൽ സ്ഥിര വാസവും രണ്ടാമത്തെ ആൾ ഉപജീവനാർത്ഥം സംസ്ഥാനത്തിനു പുറത്തുമാണ്.
നടക്കാൻ പ്രയാസമുള്ള ആ മനുഷ്യൻ നീര് വന്ന വീർത്ത കാലുമായി പ്രാഞ്ചി പ്രാഞ്ചി ആ വീട്ടിനുള്ളിൽ ഏകനായി കഴിയുന്നു.
അടുക്കളയിൽ എങ്ങിനെയെങ്കിലും എത്തപ്പെട്ടാൽ ആവുന്ന തരത്തിൽ കഞ്ഞി വെക്കുകയോ ചായ തയാറാക്കുകയോ ചെയ്യും. കടയിലോ മറ്റോ പോകാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് എങ്ങിനെയെങ്കിലും അതിൽ കയറി ഇരുന്ന് ഓടിച്ച് പോകും. അങ്ങിനെ ഇന്ന് ബാങ്കിൽ പോകുമ്പോഴാണ് വിരിച്ചിട്ടിരുന്ന മെറ്റലിൽ ചതുക്കി അയാൾ വീണത്. അൽപ്പ സ്വൽപ്പം ഉരസലും തൊലി പോക്കും മാത്രമേ ഈ വീഴ്ചയിൽ പരിക്കായി ഉണ്ടായുള്ളൂ.
പണ്ട് അയാളുടെ ആരോഗ്യാവസ്ഥയിൽ ആവുന്ന കാലത്തോളം ഗൾഫിൽ ജോലി ചെയ്ത് തിരിച്ച് വന്നതാണ്.
ഈ നിസ്സഹയാവസ്ഥയിലും ആരോടും പരാതി പറയാതെ വീടിനുള്ളിൽ കഴിയുന്ന ആ മനുഷ്യൻ ഞാൻ കാണുമ്പോഴെല്ലാം പ്രസന്ന വദനനായിരുന്നു. എന്നെ കാണുമ്പോഴെല്ലാം മനോഹരമായി പുഞ്ചിരിച്ച് പറയും “നമസ്കാരം സാർ......“
ആട്ടോക്കാരനെ അയാളെ ബാങ്കിൽ എത്തിക്കാൻ ആ വീട്ടുകാരും ഞാനും പറഞ്ഞ് ചുമതലപ്പെടുത്തി.
തിരികെ വരുമ്പോൾ അയാളുടെ അവസ്ഥയും എന്റെ ജീവിതവുമായി ഞാൻ താരതമ്യം ചെയ്തു.
എവിടെ വേണമെങ്കിലും എനിക്ക് പോകാം. ഇഷ്ടമുള്ള ആഹാരം ഇഷ്ടമുള്ളപ്പോൾ കഴിക്കാം. അഥവാ ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആശ്രയിക്കാൻ ആൾക്കാരും.
എന്റെ സൗഭാഗ്യത്തെ പറ്റി എനിക്ക് വിലയില്ല. സാധാരണ സംഭവം പോലെ എനിക്ക് ലഭിക്കുന്നത് ഉപയോഗപ്പെടുത്തി ഞാൻ മുമ്പോട്ട് പോകുമ്പോൾ ഇതൊന്നും സാധിക്കാത്ത എത്രയെത്ര മനുഷ്യർ ഈ ഭൂമിയിലുണ്ട്.
ഉദ്ദേശിച്ച മോഡലിലുള്ള കാർ വാങ്ങാൻ സാധിക്കാതതിലും ഇഷ്ട തരത്തിലുള്ള വിഭവങ്ങൾ അൽപ്പം കുറയുന്നതിലും അയൽ വാസിയുടെ തരത്തിൽ എല്ലാ മുറിയിലും എയർ കണ്ടീഷണർ സ്ഥാപിക്കാൻ കഴിയാത്തതിലും അപ്രകാരം നിലവിൽ ഉള്ളതിൽ അധികരിച്ച് ആഗ്രഹങ്ങൾ സാധിക്കാത്തതിൽ മനപ്രയാസപ്പെടുമ്പോൾ ഇതൊന്നും ജീവിതത്തിൽ ഇല്ലാത്ത നിശ്ശബ്ദരായി എല്ലാ പ്രയാസങ്ങളും സഹിച്ച് എത്രയോ പേർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന ചിന്ത നമ്മുടെമനസ്സിൽ ഉണ്ടാവേണ്ടേ...
പ്രവാചകൻ അരുളിയത് എത്രയോ അന്വർത്ഥം:--
“ഒരു കണ്ണുള്ളവൻ രണ്ട് കണ്ണൂള്ളവരെ നോക്കി പരിതാപപ്പെടാതെ രണ്ട് കണ്ണുമില്ലാത്തവനെ നോക്കി എനിക്ക് ഒരു കണ്ണെങ്കിലുമുണ്ടല്ലോ എന്ന് സമാധാനിക്കുകയല്ലേ വേണ്ടത്.“
എപ്പോഴെങ്കിലും അതി മോഹം മനസ്സിൽ കയറി ഇരുട്ടുമായി വന്നാൽ ആ സ്കൂട്ടർകാരന്റെ അവസ്ഥയെ പറ്റിയുള്ള ചിന്ത പ്രകാശമായി മനസ്സിൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
No comments:
Post a Comment