Thursday, January 25, 2024

20 വർഷങ്ങൾ കടന്ന് പോയി........


 ഉമ്മാ ഇല്ലാത്ത 20 വഷങ്ങൾ കടന്ന് പോയിരിക്കുന്നു.

തിളങ്ങി നിന്നിരുന്ന ഒരു പകലിന്റെ  അന്ത്യത്തിൽ ഉമ്മായുടെ ശബ്ദം അന്തരീക്ഷത്തിലൂടെ അലയടിച്ച് വന്നു. ശരീഫേ!...നീ എവിടെയാണ്?

മൈതാനത്ത് കളിച്ച് കൊണ്ടിരുന്ന കൂട്ടുകാരെ  വിട്ട് ഞാൻ ഓടി ചെന്നപ്പോൾ എന്നെ പിടികൂടി നിറയെ വെള്ളം കോരി വെച്ചിരുന്ന അലൂമിനിയം ചരുവത്തിനടുത്ത്  നിർത്തി തല വഴി ഉമ്മാ വെള്ളം കോരി ഒഴിച്ചു. ശരീരത്തിൽ വെള്ളം വീണ സന്തോഷത്താൽ ഞാൻ തുള്ളി ചാടിയപ്പോൾ എന്റെ പുറക് വശത്ത് ചെറുതായി ഒന്നടിച്ചിട്ട്  ഉമ്മാ വഴക്ക് പറഞ്ഞു “ അടങ്ങി നിൽക്കെടാ സുവ്വറേ!“ 

റെക്സോണ സോപ്പ് ആദ്യമായി ഉപയോഗിച്ചത് അന്നാണെന്ന് തോന്നുന്നു. കാരണം റെക്സോണയുടെ മണം മൂക്കിലടിക്കുമ്പോഴൊക്കെ ഇപ്പോഴും അന്നത്തെ ആ തെങ്ങിൻ ചുവട്ടിൽ വെച്ച് സായാഹ്നത്തിൽ ഉമ്മാ കുളിപ്പിക്കുന്ന കാര്യം ഓർമ്മ വരും. ഗന്ധങ്ങൾക്ക് ഓർമ്മകൾ കൊണ്ട് വരാനുള്ള കഴിവുണ്ടല്ലോ.

ഇന്നും ആഗ്രഹിച്ച് പോകുന്നു, ഉമ്മാ എന്നെ ആ തെങ്ങിൻ ചുവട്ടിൽ കൊണ്ട് നിർത്തി റെക്സോണ ഉപയോഗിച്ച് ഒന്ന് കൂടി കുളിപ്പിച്ചിരുന്നെങ്കിൽ. ഇന്ന് ആ തെങ്ങില്ല, ഉമ്മായുമില്ല, ആ സ്ഥലങ്ങളെല്ലാം ആകെ മാറിയിരിക്കുന്നു.ഞാനും നാട് വിട്ടിരിക്കുന്നു. പക്ഷേ ഓർമ്മകൾക്ക് മരണമില്ലല്ലോ.

എന്തെല്ലാം പ്രശ്നങ്ങളിൽ കൂടി കടന്ന് പോകുമ്പോഴും മനസ്സിന്റെ ഭാരം കുറക്കാൻ  ഉമ്മായുടെ സാമീപ്യം കൈക്കൊണ്ട ഔഷധമായിരുന്നു. അവർക്ക് എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ  കഴിവില്ലായിരുന്നെങ്കിലും ഉമ്മായോട് വിഷമങ്ങൾ ചുമ്മാ പറയുന്നത് ഒരു ആശ്വാസമായിരുന്നു. എല്ലാം കേട്ടിരുന്നിട്ട്  പിന്നെ അവർ പതുക്കെ പറയും “ എല്ലാ വിഷമവും മാറ്റി തരുമെടാ...മുകളിലിരിക്കുന്നവൻ...“

ജീവൻ പിരിയുന്നതിനു മുമ്പ്  അവസാന സമയത്ത് ആലപ്പുഴ കൊട്ടാരം ആശുപത്രിയിൽ ഓടി ചെല്ലാൻ എനിക്ക് സാധിച്ചു. ആലപ്പുഴ പടിഞ്ഞാറേ  ജമാ അത്ത് പള്ളി പറമ്പിലെ പഞ്ചാര മണ്ണ് നിറഞ്ഞ കബറിടത്തിൽ ഉമ്മാ അപ്രത്യക്ഷമാകുന്നത് നോക്കി നിന്നപ്പോൾ ആ വേർപാട്  ജീവിതത്തിൽ ഇത്രത്തോളം ശൂന്യത സൃഷ്ടിക്കുമെന്നും  കരുതിയില്ല. ഇന്ന് ജീവിത സംഘർഷങ്ങളിൽ പെടുമ്പോൾ  ഉമ്മായുടെ വില തിരിച്ചറിയുന്നു. ഭാരങ്ങൾ ഇറക്കി വെക്കാൻ പിന്നീട് അവലംബമായിരുന്ന മൂത്ത സഹോദരിയും അൽപ്പ വർഷങ്ങൾ കഴിഞ്ഞ് ഉമ്മാക്ക് കൂട്ടിന് പള്ളി പറമ്പിൽ പോയി. അതോടെ ജീവിതത്തിലെ ശൂന്യത പൂർത്തിയായി.

ഇന്ന് ഈ ഇരുപത് വർഷങ്ങൾക്ക് ശേഷവും ഓർമ്മകൾ എന്നെ വിട്ട് പിരിഞ്ഞിട്ടില്ല. ഉറ്റവരെ കുറിച്ചുള്ള ഓർമ്മകളും സന്തോഷ പ്രദമാണല്ലോ.

Tuesday, January 23, 2024

ആൽ...മാവ്

 കേട്ടവർ കേട്ടവർ അതിശയം കാണാൻ  ആലപ്പുഴ പടിഞ്ഞാറേ  ജമാ അത്ത് പള്ളിയിലേക്ക് പാഞ്ഞ് പോയി. തളിർത്ത് നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നും തീയും പുകയും വരുക അതിശയം  തന്നെയാണല്ലോ!!!

ഒൻപത് വയസ്സ്കാരനായ ഞാനും പള്ളിക്കൂടത്തിൽ നിന്നുമിറങ്ങി അൽഭുത കാഴ്ച കാണാൻ പോയി. മണ്ണിട്ടാൽ നിലത്ത് വീഴാത്ത വിധം ജനക്കൂട്ടം അവിടെ കൂടിയിരിക്കുന്നു. മുത്തലിബ് തങ്ങളുടെ കബറിന് സമീപം നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നുമാണ് തീയും പുകയും വരുന്നത്. ആ കാഴ്ച ജനം അന്തം വിട്ട് നോക്കി നിന്നു.

മുമ്പ് ഞാൻ ആ കബറും പരിസരവും കണ്ടിട്ടുണ്ട്.  ജമാ അത്ത് പള്ളിയുടെ പടിഞ്ഞാറേ ഗേറ്റിന് സമീപമാണ് മുത്തലിബ് തങ്ങളുടെ കബർ സ്ഥിതി ചെയ്യുന്നത്.അന്ന് ഒരു ചെറിയ മതിൽക്കെട്ടിനാൽ വേർ തിരിച്ചിരുന്ന ഇടത്താണ് കബർ ഉണ്ടായിരുന്നത്. കബറിന് സമീപം കത്തിച്ച് നിർത്തിയിരുന്ന ചന്ദന തിരികളും പുകഞ്ഞ് കൊണ്ടിരുന്ന എണ്ണ തിരികളും കാണപ്പെട്ടിരുന്നു. വെള്ള മണൽ വിരിച്ച പള്ളി പറമ്പിൽ നിറയെ കബറുകളാണ്.തണൽ വിരിച്ച് നിൽക്കുന്ന പെരുമരത്തിന്റെയും മറ്റ് വൃക്ഷങ്ങളുടെയും തണലിൽ സ്ഥിതി ചെയ്യുന്ന  കബറിടങ്ങളിൽ മനുഷ്യർ ഉറങ്ങുന്നു. അന്ത്യ കാഹളം മുഴങ്ങുമ്പോൾ  നാഥന്റെ മുമ്പിൽ തിരക്കിട്ട് എത്താനായി അവർ കാത്ത് കിടക്കുകയാണ്.

പള്ളി പരിസരത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾ കുട്ടികൾ മുത്തലിബ് തങ്ങൾക്ക് ഉൾപ്പടെ ഉച്ചത്തിൽ സലാം ചെല്ലും.അസ്സലാമു അലൈക്കും....( അത്യുന്നതമായ സമാധാനം നിങ്ങളിൽ ഉണ്ടാകട്ടെ.) അവർ ആ സലാം കേൽക്കുമോ എന്ന് ഞാൻ ഒരിക്കൽ ഉമ്മായോട് ചോദിച്ചു. നമ്മൾ കേൾക്കുന്നതിനേക്കാളും അവർ അത് കേൾക്കുമെടാ“ എന്ന് ഉമ്മാ ഉത്തരം നൽകിയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് തങ്ങളുപ്പുപ്പായുടെ കബറിന് സമീപം ആൽ മരം കൂടാതെ ഒരു മാവ് വൃക്ഷവും ഉണ്ടായിരുന്നത്രേ!   കുല കുലയായുള്ള മധുരമുള്ള  മാങ്ങാ അതിൽ നിറഞ്ഞ് നിന്നിരുന്നതിനാൽ കുട്ടികൾ മാവിൽ കല്ലെറിയൽ പതിവായിരുന്നു.

എന്റെ അപ്പച്ചി (പിതൃ സഹോദരി) ആ കഥ പറഞ്ഞ് തന്നു. തുരു തുരാ കല്ലുകൾ കബറിന് മേൽ വന്ന് വീണു കൊണ്ടിരുന്നതിനാൽ  തങ്ങൾ ഉപ്പുപ്പാ പടച്ചവനോട് ഈ ഉപദ്രവത്തെ പറ്റി പ്രാർത്ഥിച്ചെന്നും തുടർന്ന് മാവ് ആലായി മാറിയെന്നുമായിരുന്നു ആ  കഥ.  കേട്ട് കൊണ്ടിരുന്ന എന്റെ കൊച്ചാപ്പാ പ്രതികരിച്ചു. “പിന്നേയ്! ആലിന് സമീപം ഏത് മരം നിന്നാലും ആലിന്റെ വേടുകൾ അതിനെ പൊതിയും...  പിന്നെ  ആ മരം കാണില്ല  അത് സാധാരണമാണ്...“

കൊച്ചാപ്പാ വഹാബിയാണെന്ന് അപ്പച്ചി പ്രതികരിച്ചു. നവീനാശയങ്ങളുമായി വാദിക്കുന്നവരെല്ലാം അന്ന് വഹാബി ആയിരുന്നല്ലോ.

അന്ന്  ആലിന് തീ പിടിച്ചപ്പോൾ കൂടിയ ജനത്തോട് കബർ വെട്ടി (കബർ കുഴിക്കുന്ന ആൾ) കയ്യും കലാശവും കാട്ടി പറഞ്ഞു.  “തീയെങ്ങിനെ വരുന്നെന്ന് നോക്കാൻ  ഞാൻ ആലിൽ കയറി . അപ്പോൾ ദാണ്ടെ! അവിടെ ഒരുത്തൻ പത്തിയും പൊക്കി നിൽക്കുന്നു. ഞാൻ ജീവനും കൊണ്ടോടി....തങ്ങൾ ഉപ്പാപ്പായുടെ കറാമത്തുകളേ.....“

“ വെടി വെക്കല്ലേ മോനേ.....“ കൂട്ടത്തിൽ ആരോ വിളിച്ച് പറഞ്ഞു.

“കളിയാക്കിക്കോ കളിയാക്കിക്കോ.....തീക്കൊള്ളി കൊണ്ട് തല ചൊറിയല്ലേ മോനേ....ഇത് തങ്ങൾ ഉപ്പാപ്പയാണ്..വിവരം അറിയും....“

പിന്നീട് ഫയർ എഞ്ചിൻ വന്നു. ആൽ മരത്തിന്റെ മണ്ടയിലേക്ക് വെള്ളം ചീറ്റി. തീ അണഞ്ഞു. അതിലൊരു ഫയർ മാൻ ഏണി വെച്ച് ആൽ മരത്തിന്റെ കവരത്തിൽ വരെ എത്തി നോക്കിയിട്ട് തിരികെ ഇറങ്ങി പറഞ്ഞു :പഴയ മാവിന്റെ അവശിഷ്ടം ഇപ്പോഴും ആലിനകത്ത് ജീർണിച്ച് നിൽപ്പുണ്ട്. താഴെ നിന്ന് കാക്കയോ എലിയോ എണ്ണ തിരി കൊത്തി എടുത്ത് ആലിന്റെ മണ്ടയിൽ വെച്ചു..ചൂട് കാലമല്ലേ ... ജീർണിച്ച മാവിൽ ആ തീ പടർന്ന് പിടിക്കാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല.....“

കാലങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു...ഇന്ന് മുത്തലിബ് തങ്ങളുടെ കബർ ചുറ്റു മതിൽ കെട്ടി തറയിൽ ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിട്ടുണ്ട്. സ്ത്രീകളാണ്അവിടെ കൂടുതലും തങ്ങൾ ഉപ്പാപ്പായോട്  പ്രാർഥിക്കാനായി വരുന്നതും തിരി കത്തിക്കുന്നതും.എല്ലാ വെള്ളിയാഴ്ച തിങ്കളാഴ്ച രാവുകളിൽ അവിടെ തിരക്കാണ് പരികർമ്മികളായി രണ്ട് മൂന്നു പേർ  അവിടെ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിൽപ്പുണ്ടാകും, കൂട്ടത്തിൽ  കൈ മടക്ക് വാങ്ങിക്കാനും.

പണ്ട് പട്ടിണിയും ദാരിദ്രിയവും മുറ്റി നിന്ന കാലത്ത് നേരത്തോട് നേരമാകുമ്പോൾ  കത്തിച്ചേക്കാവുന്ന അടുപ്പിൽ കലം കേറ്റാനായി ഓട്ടത്തിലായിരുന്നല്ലോ ജനം. കലത്തിൽ വേവുന്നത് എല്ലാ ചട്ടിയിലുമെത്തിക്കാൻ അശ്രാന്ത പരിശ്രമത്തിലായിരുന്നു സ്ത്രീകൾ. ആ തിരക്കിനിടയിൽ ഭക്തി വലിയ രീതിയിൽ ഇല്ലായിരുന്നു. പട്ടിണി മാറി പത്ത് പുത്തൻ കയ്യിൽ വന്നപ്പോൾ ഭക്തി വർദ്ധിച്ചു, തീർത്ഥാടനം കൂടി.ദർഗകളിൽ ക്യൂ ആയി. തങ്ങൾ ഉപ്പുപ്പായുടെ മുമ്പിൽ പ്രാർത്ഥനകൾ വർദ്ധിച്ചു, കാണിക്കകൾ ധാരാളമായി. അദ്ദേഹം ജീവനോടിരിക്കുമ്പോൾ അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ അദ്ദേഹം സമ്മതിക്കില്ലായെന്ന് ഉറപ്പ്.

 തങ്ങൾ ഉപ്പുപ്പായുടെ ദർഗക്ക്  കുറച്ച് അപ്പുറത്ത് മാറി സ്ഥിതി ചെയ്യുന്ന ജമാ അത്ത് പള്ളിയുടെ മിനാരങ്ങളിലൂടെ ഓരോ നമസ്കാരത്തിനും ക്ഷണിച്ച് കൊണ്ട് ബാങ്കിന്റെ കർണാനന്ദമായ  ഒലികൾ കാറ്റിലൂടെ കടന്ന് വരാറുണ്ട്.

അശ് ഹദ് അൻ ലാ ഇലാഹ ഇല്ലല്ലാ....( ഞാൻ സാക്ഷ്യപ്പെടുത്തുന്നു മറ്റ് ഒരു ദൈവവുമില്ലാ...ഏകനായ  ദൈവമല്ലാതെ..)

Thursday, January 11, 2024

മാളിക മുകളിലേറിയ......

 മാളിക  മുകളിലേറിയ മന്നന്റെ  തോളിൽ മാറാപ്പ് കയറിയ  കവിത പണ്ട് സുപരിചിതമായിരുന്നു. പലരുടെയും ആകസ്മികമായ പതനം കാണുമ്പോൾ ഈ വരികൾ ഇപ്പോഴും മൂളി പോകുന്നു 

 ആ മാറാപ്പ് മന്നന്റെ തോളിലേക്ക് പൊക്കി വെക്കാൻ ഈ കാലത്ത് നിമിത്തമാകുന്നത് നവ മാധ്യമങ്ങളാണ്. എന്നിട്ട് അവർ തന്നെ ഇന്നലെ വരെ  പുകഴ്തി പാടി ഉയരത്തിൽ നിർത്തിയ വ്യക്തിയെ ഇന്ന് നേരം വെളുക്കുമ്പോഴേക്ക് കാലിൽ പിടിച്ച് വലിച്ചിടുന്നു. ഇന്നലെ വരെ ഞാൻ പൊക്കി നിർത്തിയ വ്യക്തിയാണിത് എന്ന് ഒരു കുറ്റ ബോധവും അപ്പോൾ അവർക്ക് കാണില്ല. കുറ്റം കണ്ടാൽ പറയേണ്ടേ എന്ന ചോദ്യം ഉയരുമെങ്കിൽ  ഇന്നലെ വരെ നിങ്ങൾക്ക് ഈ കുറ്റം കാണാൻ കഴിഞ്ഞില്ലേ എന്ന മറു ചോദ്യവും ആകാം. 

പ്രശസ്ത മാന്ത്രികൻ \ജാലവിദ്യക്കാരൻ ആംഗലേയത്തിൽ മാജിക് കിംഗ്  മുതുകാടിന്റെ കാര്യമാണ് ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്. മുഖ പുസ്തകവും മറ്റ് ഗുൽഗുലു തിക്തകങ്ങളും കൂടി അദ്ദേഹത്തെ നന്മ മരമായി ഇന്നലെ വരെ വാഴ്ത്തി പാടിയപ്പോൾ എല്ലാവരും ബലേ ഭേഷ് കയ്യടിച്ചും ഭിന്ന ശേഷി കുഞ്ഞുങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ചും  പൊക്കി പൊക്കി മാനം വരെ കൊണ്ട് പോയി. എന്നിട്ടിപ്പോൾ ധിം തരികിട തോം എന്ന് പരുവത്തിൽ വലിച്ച് താഴെ ഇടുന്നു.

പണ്ട്  പ്രകടനത്തിൽ ആളെ നിറക്കാൻ വിളിച്ച്  കയറ്റിക്കൊണ്ട് പോയ ജാഥാ തൊഴിലാളികൾക്ക് പറഞ്ഞ് കൊടുത്ത മുദ്രാവാക്യങ്ങൾ അവർ അതേ പോലെ   ഏറ്റ് പറഞ്ഞ് കൊണ്ടിരുന്ന സമയം “ചന്ത മുക്കിൽ ആളിറങ്ങണം“ എന്ന് ബസ്സിൽ ആരോ വിളിച്ച് പറഞ്ഞപ്പോൾ ജാഥക്കാരും  ചന്തമുക്കിൽ ആളിറങ്ങണം എന്ന് കൂട്ടായി വിളീച്ച് പറഞ്ഞത് പോലായി നവ മാധ്യമങ്ങളുടെ കാര്യങ്ങൾ. എവിടെയോ എന്തോ ചീഞ്ഞ് നാറുന്നു എന്ന വാർത്ത കേട്ടത് പാടെ  സർവ പുകഴ്ത്തലും പൂക്കുറ്റി പോലെ “ശൂ“ എന്ന് താഴേക്കായി.

മുകളിലേക്ക് ഉയർത്തി വിടുമ്പോഴും താഴേക്ക് വലിച്ചിടുമ്പോഴും  എല്ലാം നല്ലത് പോലെ ഗ്രഹിച്ചിട്ട് പോരായിരുന്നോ കലാ പരി പാടികളൊക്കെ ചങ്ങായിമാരേ! 

നമ്പി നാരായണൻ നമ്മുടെ മുമ്പിലുണ്ട്. നമ്പി നാരായണൻ അല്ലാത്ത എത്രയോ പേർ ഈ ദുനിയാവിൽ ഇനിയും ഉണ്ടായിരിക്കണം, എല്ലാം സഹിച്ച് കഴിയുന്നവർ.

അത് കൊണ്ട് നവ മാധ്യമ പടുക്കളേ! പ്രിയ സുഹൃത്തുക്കളേ ഏതൊരു വിഷയവും  നമ്മുടെ മുമ്പിലെത്തുമ്പോൾ നിശിതമായി ഗ്രഹിച്ച് പഠനം നടത്തി പുറത്തേക്ക് വിക്ഷേപിക്കുക, അല്ലാതെ വെറും “ചന്ത മുക്കിൽ ആളിറങ്ങണം“ ആയി പോകരുത്

Sunday, January 7, 2024

സൗജന്യം ചതിക്കാനാണ്.

 ഒരു സ്വർണ കടക്കാരനും  നമ്മുടെ അപ്പനോ അമ്മായി അപ്പനോ അളിയനോ അല്ലല്ലോ! ഇത്രത്തോളം സൗജന്യം നമുക്ക് വാരിക്കോരി നൽകാൻ.

ഹോ!! എന്തെല്ലാം സൗജന്യങ്ങളാണ് പരസ്യത്തിലൂടെ നമ്മളിലേക്ക് വാരി വിതറുന്നത്.

പണിക്കുറവില്ല, പണിക്കൂലി ഇളവ്, പത്തരമാറ്റ്...പിന്നെ  കൗതുകരമായ മറ്റൊരു ഓഫർ. ഒരു നിശ്ചിത ഫീ നൽകി രജിസ്റ്റർ ചെയ്യാം.പിന്നീട് നടക്കാൻ പോകുന്ന വിവാഹത്തിന് ഇപ്പോൾ തന്നെ സ്വർണം ബുക്ക് ചെയ്യാം ഇന്നത്തെ വിലക്ക്. വിവാഹ തീയതിയിൽ ഇന്നത്തേക്കാളും വില അന്ന് കൂടുതലായാലും  ഇന്നത്തെ വിലക്ക് തന്നെ അന്ന് സ്വർണം നൽകും 

തൊപ്പിയും താടിയും വെച്ച് മതഭക്ത ഭാവക്കാരനും  ആഭരണങ്ങൾ കിലോ കണക്കിൽ ശരീരത്തിൽ തൂക്കി പ്രദർശിപ്പിക്കുന്ന  സുന്ദരിയും അങ്ങിനെ പല വേഷത്തിലും ഭാവത്തിലും പരസ്യത്തിൽ നിരന്ന് നിൽക്കുന്ന എല്ലാ സ്വർണ കടക്കാരും സൗജന്യത്തിന്റെ വാഗ്ദാന പെരുമഴ  പെയ്യിക്കുമ്പോൾ ആ ചോദ്യം വീണ്ടും മുമ്പിൽ ഉണർന്ന് വരുന്നു....നമുക്കിത്രത്തോളം സൗജന്യം ചൊരിയാൻ ഇവർ നമ്മുടെ അപ്പനോ അമ്മായി അപ്പനോ അളിയന്മാരോ അല്ലല്ലോ.അവർ വ്യാപാരം ചെയ്യുകയാണ് ലാഭം കൊയ്യാൻ. അതിന് അവരിലേക്ക്  നമ്മളെ ആകർഷിക്കാനാണ് ഈ സൗജന്യങ്ങൾ പരസ്യം ചെയ്യുന്നത്.

അവർ നമ്മെ തേടിയെത്തുന്ന വഴികൾ പഠിക്കുമ്പോൾ, ഇത്രത്തൊളം റിസ്ക് എടുത്ത് ഇവർ നമുക്ക് സൗജന്യം തരുന്നതെന്തിനെന്ന് ആലോചിച്ച് പോകും.

ആഡിറ്റോറിയങ്ങളിലെ ജീവനക്കാരെ കൈ മടക്ക് കൊടുത്ത് അവർ കൈവശത്തിലാക്കുന്നു.വിവാഹത്തിനായി നമ്മൾ ആഡിറ്റോറിയം ബുക്ക് ചെയ്യുമ്പോൾ ജ്യൂവലിക്കാർ എങ്ങിനെ മണത്തറിയുന്നു?  നമ്മൾ താമസിക്കുന്ന ഇട്ടാവട്ടം നാട്ടിൻ പുറത്തെ മേലേ വാരിയിൽ  കുഴിയിൽ വീട്ടിൽ ഇട്ടുണ്ണൻ കോദണ്ണ കുറുപ്പിനെയും പൂച്ചാണ്ടി പുരയിടത്തിലെ മമ്മൂഞ്ഞിനെയും കുരിശും വഴി ഓനാച്ചനെയും  ന ഗരത്തിലെ  സ്വർണക്കടക്കാരൻ മുതലാളി എങ്ങിനെ അറിയാനാണ്. ആഡിറ്റോറിയം ജീവനക്കാരൻ ബുക്ക് ചെയ്ത ഉടനെ നമ്മൂടെ മേൽ വിലാസം സഹിതം വിശദ വിവരങ്ങൾ സ്വർണ കടക്കാരന് എത്തിക്കുന്നു. വിവരം കിട്ടിക്കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിൽ കടക്കാരന്റെ ഏജന്റ് കോട്ടും കളസവും ഗള കൗപീനവും ധരിച്ച് പാഞ്ഞെത്തുന്നു സൗജന്യങ്ങൾ വിവരിക്കുന്നു..പെണ്ണിന്റെ അപ്പനും അമ്മയും അപ്പച്ചിയും അമ്മൂമ്മയും ആ വാരിക്കുഴിയിൽ വീണു കഴിഞ്ഞു.

 വിദൂരമായ സ്ഥലത്തെ കടയിലാണ് നമ്മൾ ബുക്ക് ചെയ്യുന്നതെന്നും അതിനോടൊപ്പമുള്ള മറ്റ് അപാകതകളൊന്നും നാം തിരിച്ചറിയുന്നില്ല. സൗജന്യം...അത് മതി നമുക്ക്.   സൗജന്യത്തിന് ഇപ്പോൾ ഒരു പുതിയ പേരുമുണ്ട്,ഓഫർ!!! ആംഗ്ളേയത്തിൽ കേൽക്കുമ്പോൾ ഒരു അന്തസ്സുമുണ്ട് ആ വാക്കിന്.

അങ്ങിനെ സൗജന്യം കൈ പറ്റിയാൽ എന്ത് കുഴപ്പം എന്ന് ചോദിക്കുന്നവരോട് വാങ്ങിയ സ്വർണം  മാറ്റ് എന്ത്? അത് പുതിയ സ്വർണമാണോ പഴയത് പോളിഷ് ചെയ്ത് കളർ അടിച്ചതാണോ എന്ന് നമുക്ക്  തിരിച്ചറിയാനെന്ത് വഴി എന്ന് ചോദിക്കുന്നു. ഇനി ആ കുഴപ്പങ്ങളൊന്നും ഇല്ലാ എന്ന് തന്നെ കരുതിക്കോളൂ, പക്ഷേ ഈ സ്വർണാഭരണം പിന്നീട് പൊട്ടുകയോ മങ്ങുകയോ ചെയ്താൽ  അത് തിരികെ എടുത്ത് പകരം പുതിയത് തരാമെന്ന ഗാരണ്ടി വല്ലതും ഉണ്ടോ? വിദൂരത്തിലുള്ള കടയിൽ വണ്ടിക്കൂലി ചെലവാക്കി ദിവസങ്ങൾക്ക് ശേഷം  പൊട്ടിയ ആഭരണവും കൊണ്ട് ചെന്നാൽ നമ്മൾ അവിടെ ഇറച്ചിക്കടയിൽ പട്ടി തൂങ്ങിയത് പോലെ കുറേ നേരം നിൽക്കണം.പിന്നീട് നമ്മളെ അകത്തേക്ക് കൊണ്ട് പോകും പരാതി കേൾക്കും പരിഹാരവും പറയും. പകരം പുതിയ സ്വർണം തരാം, പക്ഷേ ആ സ്വർണത്തിന് ഇന്നത്തെ കമ്പോള വില നൽകണം. എന്താ പരിഹാരമായില്ലേ?

 മേൽ പറഞ്ഞത് ഒരു ചെറിയ ഉദാഹരണം മാത്രം. സൗജന്യത്തിൽ  കാലിടറി വീണ പല കേസുകളുമുണ്ട്.വിസ്താര ഭയത്താൽ അതൊന്നും കുറിക്കുന്നില്ല. ഒരു കാര്യം മാത്രം തിരിച്ചറിയുക. കച്ചവടക്കാരൻ ലാഭം കിട്ടാനാണ് കച്ചവടം ചെയ്യുന്നത്. അവന്റെ മുതൽ നഷ്ടപ്പെട്ട് ഒരു കച്ചവടവും ചെയ്യില്ല. നമുക്ക് വില കുറച്ച് തരണമെങ്കിൽ അവൻ മറ്റെന്തോ കണ്ടിട്ടാണ്. അല്ലാതെ അവന് നമ്മോട് അനുരാഗമൊന്നുമില്ല ഓഫർ തരാൻ. സൗജന്യം ഉള്ളിടത്തെ ചതിക്കുഴികളെയും തിരിച്ചറിയുക, അത് സ്വർണമായാലും ഉണക്ക മീനായാലും ശരി.....