Thursday, March 31, 2022

പോലീസിന്റെ മിടുക്ക്

 43 വയസ്സ്കാരിയായ പെൺകുട്ടിയോട്  വഴിയിൽ വെച്ച് സ്ത്രീത്വത്തിനെ അപമാനിക്കത്തക്ക വിധം  പെരുമാറിയ കുറ്റത്തിന് ഇട്ടുണ്ണൻ കോദണ്ഡക്കുറുപ്പിനെ  (65 വയസ്സ്)  പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ശേഷം  രക്ഷപെടാൻ  ശ്രമിച്ച ഇട്ടുണ്ണനെ  പോലീസ് സംഘം അതി വിദഗ്ദമായ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് കഠിനമായ ശ്രംത്തിലൂടെയാണ്  കസ്റ്റഡിയിലെടുത്തത്.

പ്രതിയെ  പിടിച്ച , ഇൻസ്പക്ടർ ശങ്കറിന്റെ  പോലീസ് സംഘത്തിൽ ഹേഡ് നാറാണ പിള്ള,  ഹൗസ് ഓഫീസർ  മത്തായിക്കുട്ടി, വനിതാ പോലീസുകാരായ  കുഞ്ഞ് ലക്ഷ്മി  ത്രേസ്യാമ്മ, കോൺസ്റ്റിബ്ൾമാരായ, മെയ്തീൻ കുഞ്ഞ്,  രവികുമാർ, ലംബോധരൻ, സൈമൺ, സുന്ദരേശൻ,  രമേശൻ പിള്ള, നവാസ്ഖാൻ, തുളസീധരൻ പിള്ള  പോലീസ് ജീപ് ഡ്രൈവർ സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത്  എന്ന് ഞങ്ങളുടെ പ്രാദേശിയ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.

Friday, March 25, 2022

പൂജാരിയും തുമ്മലും

 യാഹ് ഛീ......യാഹ്ചീ.... തുമ്മിയത്  സ്കൂൾ കുട്ടികൾ

പോടാ...പോടാ...ഉമ്മായേം ബേണ്ടാ...പെങ്ങലേം ബേണ്ടാ...നാറും.... ഈ ചീത്ത വാക്കുകൾ പറഞ്ഞത് അമ്മൻ കോവിലിലെ  പൂജാരി.

സ്ഥലം ആലപ്പുഴ  മുഹമ്മദൻ സ്കൂൾ  കവല (ഇപ്പോൾ അത് കളക്ട്രേറ്റ് ജംഗ്ഷനാണ്) സ്കൂളിന് കിഴക്ക് വശം ഒരു ചെറിയ അമ്മൻ കോവിൽ ഉണ്ട്. ഇന്ന് അത് പുനർ നിർമ്മാണം ചെയ്ത്  വലുതാക്കിയിരിക്കുന്നു. പണ്ട് ആ അമ്മൻ കോവിലിൽ ഉത്തരേന്ത്യക്കാരനായ ഒരു പൂജാരി ഉണ്ടായിരുന്നു.സ്കൂൾ  ഇന്റർവെൽ സമയത്ത് കുട്ടികൾ അവർ എല്ലാ മതസ്തരുമുണ്ട്, അമ്മൻ കോവിലിന് സമീപം ചെന്ന് പൂജാരിയെ കാണുമ്പോൾ  തുമ്മി കാണിക്കും. അയാൾക്ക് അത് ഭയങ്കര കലിപ്പാണ്. അശുദ്ധമാകുമ്മെന്നുള്ളത് കൊണ്ടാകാം അയാളുടെ  കോപം. അപ്പോൾ പ്രതികരിക്കുന്ന തെറിയാണ് മുകളിൽ പറഞ്ഞത്. എല്ലാ മതസ്തരുമുണ്ടെങ്കിലും പൂജാരിക്ക്  പക മുസ്ലിം കുട്ടികളോടായിരുന്നു

ശരീരം ആസകലം ഭസ്മം പൂശി നെറ്റിയിൽ ഭസ്മത്തിന് മദ്ധ്യത്തിൽ സിന്ദൂര പൊട്ടുമിട്ട്  തല മുണ്ഡനം ചെയ്ത ഈ മനുഷ്യൻ മുട്ടോളം എത്തിയിരുന്ന ഒരു തോർത്താണ് സാധാരണയായി ധരിക്കാറ് പതിവ്. അതിന് കീഴിൽ കൗപീനം  തെളിഞ്ഞ് നിൽക്കും. അമ്മൻ കോവിലിൽ നിന്നും അയാൾ സൈക്കിളിൽ ഈ വേഷത്തിൽ പടിഞ്ഞാറൂള്ള ഗുജറാത്തി സ്ട്രീറ്റിൽ  ഏതോ അമ്പലത്തിൽ പൂജക്കായി പോകും. സൈക്കിളിന്റെ  ഹാൻഡിലിനിടയിൽ ഒരു ചെറിയ ശൂലം കുത്തി നിർത്തിയാണ് യാത്ര. മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന സക്കര്യാ ബസാർ ജംഗ്ഷനിൽ എത്തുമ്പോൾ ആൾക്കാർ കടത്തിണ്ണയിൽ നിന്നും യാഹ്ചീ..തുമ്മും സ്വാമി “ഉമ്മ നാരും പെങ്ങൽ നാരും“  ഉച്ചത്തിൽ കൂവി പറഞ്ഞ് സ്പീഡിൽ സൈക്കിൾ ചവിട്ടി വിടും.

  എന്റെ ചെറുപ്പത്തിൽ  ഇത് കാണുമ്പോൾ വലിയ തമാശയായാണ് അനുഭവപ്പെട്ടിരുന്നത്.പക്ഷേ ഉത്തരേന്ത്യക്കാരനായ അയളുടെ മനസ്സിലെ വർഗീയത അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.

ഞങ്ങൾ സ്കൂൾ അവധിക്ക് കൊമേഴ്സിയൽ കനാലിൽ  ചൂണ്ട ഇടാൻ പോകുമായിരുന്നു. അന്ന് ഒരു ദിവസം ഞാനും ലത്തീഫുമായാണ് ചൂണ്ടയുമായി പോയത്. മഴ വന്നപ്പോൾ ഞങ്ങൾ തോട്ടിൻ കരയിൽ നിന്നും ഓടി പോയത് അടുത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധി  ആന്റ് സൺസിന്റെ പണ്ടകശാല വരാന്തയിലാണ്. കയ്യിൽ ചരടിൽ കോർത്ത ചെറിയ മീനുകളുമുണ്ട്. വരാന്തയിൽ ചെന്ന് കയറിയപ്പോൾ  അകത്ത് നിന്ന് ഞങ്ങളെ കണ്ട ഒരു ബനിയാൻ ( അന്ന് ഞങ്ങൾ ആലപ്പുഴക്കാർക്ക് ഗുജറാത്തിയും മാർവാടിയും സിന്ധിയും എല്ലാവരും ബനിയാന്മാരാണ്) പുറത്തേക്ക് പാഞ്ഞ് വന്ന് ഞങ്ങളുടെ നേരെ അലറി “ജാ,,,ജാ,,, ഹറാമീ ചൊക്ടേ....“ ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല, എങ്കിലും ബനിയാന്റെ രോഷവും കലിയും കണ്ട് ഞങ്ങൾ  പെരും മഴയത്ത് വെളിയിലേക്ക് ചാടി. പക്ഷേ ലത്തീഫ് ശക്തിയായി പ്രതിഷേധം കാണിച്ചു. അവൻ അവന്റെ പുറക് വശത്തെ മുണ്ട് പൊക്കി “കണി“ കുലുക്കി കാണീച്ചു. അന്ന് അടി വസ്ത്ര പരിപാടിയൊന്നുമില്ലല്ലോ.  കണി കാണിച്ച ആ നൃത്തം പരിപാടി കണ്ട ബനിയാന് കലി കയറി. പിന്നെ നടന്നത് അവിടെ ത്രാസ്സിൽ തൂക്കി കൊണ്ടിരുന്ന  ഒരു കിലോഗ്രാമിന്റെ ഇരുമ്പ് കട്ടി  എടുത്ത് ബനിയാൻ ഞങ്ങളെ എറിഞ്ഞു. ലക്ഷ്യം തെറ്റി ഇരുമ്പ് കട്ടി ഞങ്ങളുടെ മുമ്പിൽ വീണു. പോകുന്ന പോക്കിൽ ലത്തീഫ് ആ കട്ടിയുമെടുത്ത് പാഞ്ഞു. മഴയത്ത് ബനിയാൻ ഞങ്ങളുടെ പുറകേ മഴയിൽ നനഞ്ഞ് പാഞ്ഞ് വന്നു. അയാൾ ഓടി എത്തിയെങ്കിലും ഞങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം മാറി നിന്നു. കാരണം ലത്തീഫ്  കോർമ്പയിൽ  കോർത്ത മീൻ  പൊക്കി കാണിച്ചു. അയാൾ അവിടെ നിന്ന് “    ഒരു കിലോ വാപ്പസ് ലാവോ “ എന്ന് കൂവിയെങ്കിലും ലത്തീഫ്  “ നീ പോടാ ബനിയാനേ, ഏറ് ഞങ്ങൾക്ക് കൊണ്ടിരുന്നേലോ...“ എന്ന് ചോദിച്ച് കട്ടിയുമായി പാഞ്ഞ് കളഞ്ഞു.

ഈ രണ്ട് സംഭവങ്ങളിലും തൊട്ടുകൂടായ്മയുടെ  ഭീകരത അന്ന് എനിക്ക് മനസ്സിലായിരുന്നില്ല.  കാരണം സ്കൂളിലും പുറത്തും ജാതി വ്യത്യാസമൊന്നുമില്ലതെ ആയിരുന്നല്ലോ ഞങ്ങൾ കഴിഞ്ഞ് വന്നിരുന്നത്. നായരും ക്രിസ്ത്യാനിയും മുസ്ലിമും  ഈഴവനും പുലയനും എല്ലാം തോളിൽ കയ്യിട്ട്  കളിച്ച് നടന്നിരുന്ന സമൂഹമായിരുന്നല്ലോ അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നത്.ഇന്നും അത് തന്നെ കേരളത്തിൽ  സ്ഥിതി. ഞാൻ കോടതിയിൽ ജോലി ചെയ്യുമ്പോൾ  ഞങ്ങളുടെ പൊതി ചോറുകൾ ഉച്ചക്ക് പങ്കിട്ട് കഴിച്ചു. ഞങ്ങളുടെ വീടുകൾ എല്ലാ മതസ്തർക്കുമായി തുറന്നിട്ടു.

പക്ഷേ അന്നും സവർണ ഉത്തരേന്ത്യക്കാരൻ ഇതര മതസ്തരോട് അസ്പ്രഷ്ടത കാണീച്ച് തന്നെയാണ് ജീവിച്ചിരുന്നത്.  അതിന്റെ ബഹിർസ്ഫുരണമാണ് മുകളിൽ പറഞ്ഞ സംഭവങ്ങൾ . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൊതുവേ  വർഗീയതയിൽ പുറകിലാണ്. ഇന്നത്തെ ചെന്നെയ് ആയ പഴയ മദ്രാസ്സിൽ  താമസിച്ചിരുന്ന കാലത്ത് ഞാൻ ജോലി ചെയ്തിരുന്ന ക്രോം പേട്ടയിലെ ഭൂവനേശ്വരി ആന്റ് കമ്പനി  ബ്രാഹ്മണനായ  ക്രിഷണമാചാരിയുടെ ഉടമസ്ഥതയിൽ ആയിരുന്നു.  അവിടത്തെ മാനേജരും ബ്രാഹ്മണനുമായ കണ്ണനും ഞാനും ആഹാരം പങ്ക് വെച്ച് കഴിച്ചിട്ടുണ്ട്. ചെന്നയിൽ ഗ്രാമങ്ങളിൽ ചിലയിടത്ത് ദളിതരോട കാണിക്കുന്ന  മുഷ്ക് ഞാൻ പറയാതെ വിടുന്നു.  പക്ഷേ അത് അപൂർവത്തിലപൂർവമായിരുന്നല്ലോ.

ഇന്ന് പത്രങ്ങളിൽ ഉത്തരേന്ത്യൻ  വർഗീയതയെ പറ്റി വായിക്കുമ്പോൾ  അവരെല്ലാം ജനിക്കുമ്പോൾ തന്നെ ജാതി വാലുമായി ജനിച്ചവരാണെന്നും അവരെ നന്നാക്കാൻ ആരെ കൊണ്ടും കഴിയില്ല എന്നും തിരിച്ചറിയുന്നു.  അതോടൊപ്പം കേരളത്തിലെ  ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ ജീവിക്കാൻ കഴിയുന്നത് അതി ഭാഗ്യമെന്ന് തന്നെ  കരുതുന്നു.

Saturday, March 19, 2022

സോപ്പും സിനിമാ നടനും

 കുളിക്കുമ്പോൾ ഉപയോഗിക്കുന്ന സോപ്പ് വാങ്ങാൻ  സാധാരണ പോകുന്ന കടയിൽ പോയി. പരിചയക്കാരൻ പയ്യൻ  ഏത് സോപ്പ് വേണമെന്ന് അന്വേഷിച്ചു. പണ്ട് മുതൽ ഉപയോഗിക്കുന്ന സോപ്പുകളാണ് റെക്സോണ, ലൈഫ് ബോയ്, ലക്സ് ചന്ദ്രിക തുടങ്ങിയവ. കാരണം ഗന്ധങ്ങൾ ഓർമ്മകൾ കൊണ്ട് വരും. റെക്സോണ സോപ്പ് ഉപയോഗിക്കുമ്പോൾ പണ്ട് ഉമ്മാ ചെറുപ്പത്തിൽ എന്നെ കുളിപ്പിക്കുന്ന ഓർമ്മ കൊണ്ട് വരും.  ലൈഫ് ബോയ് ഇടപ്പാളിലെ  ഒരു സ്നേഹിതന്റെ ഓർമ്മയിൽ കൊണ്ടെത്തിക്കും. ഞാൻ പറഞ്ഞുവല്ലോ ഓരോ ഗന്ധവും ഓരോ സ്മരണകളെ ഉണർത്തും. ഇന്നേതായാലും പുതിയ  ഇനങ്ങൾ ഏതെങ്കിലും നോക്കാമെന്ന് കരുതി അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ കണ്ട    സോപ്പിന്റെ പരസ്യം ഓർത്തു. സൂപ്പർ സ്റ്റാർ ഒരു സോപ്പുമേന്തി നിൽക്കുന്ന പരസ്യം.  കടയിലെ പയ്യനോട് ആ സോപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ ഉടൻ അത്  തന്നു.

ഇന്ന് സിനിമയാണല്ലോ സമൂഹത്തെ സ്വാധീനിക്കുന്നത്. സിനിമാക്കാർ എന്ത് ചെയ്യുന്നുവോ അത് നമുക്ക് മാതൃക. പണ്ട് ഹോളീവുഡ് സിനിമാ നടി എലിസബത്ത് ടെയ്ലർ    അവർ വീട്ടിൽ നിൽക്കുമ്പോൾ വസ്ത്രത്തിന് താഴെ ഒരു അടിവസ്ത്രം കൂടി ധരിക്കുമെന്ന്  ഇന്റർവ്യൂവിൽ സമ്മതിച്ചിരുന്നു. അടുത്ത ആഴ്ച  മാർക്കറ്റിൽ അടിവസ്ത്രത്തിന് ഡിമാന്റ് വർദ്ധിച്ചു.

അനുകരണം മനുഷ്യന്റെ ദൗർബല്യമാണ്. അടുത്തയിട അന്തരിച്ച നടൻ ദിലീപ് കുമാറിന്റെ ഹെയർ സ്റ്റൈൽ അദ്ദേഹത്തിന്റെ സുവർണ കാലത്ത് ധാരളം പേർ അനുകരിച്ചു. എന്തിന് പറയുന്നു അന്നത്തെ മുഖ്യ മന്ത്രി ആന്തുലെ വരെ  ആ സ്റ്റൈലിൽ ആയിരുന്നത്രേ!.

നാടിന്റെ സ്വാതന്ത്രിയ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും  മറ്റ് സേവന മേഖലകളിൽ വ്യാപ്രതരായില്ലെങ്കിലും  പ്രസിദ്ധി വരുന്നതിനു മുമ്പ് ദാന ശീലനായിരുന്നില്ലെങ്കിലും  സിനിമാ മേഖലയിലെത്തി ക്ളച്ച് പിടിച്ച് കഴിഞ്ഞാൽ പിന്നെ സംഗതി വേറെ. ഉണക്കമീന്റെ പരസ്യത്തിന് വരെ സിനിമാക്കാരുടെ പടം ഉപയോഗിക്കുന്നു, കട ഉദ്ഘാടനങ്ങൾ ലക്ഷങ്ങൾ അവർക്ക് കൊടുത്ത്  അവരെ കൊണ്ട് വന്ന് നടത്തിക്കുന്നു. സിനിമാ അത്രത്തോളം മനുഷ്യനെ സ്വാധീനിച്ച് കഴിഞ്ഞു.  അത് കൊണ്ട് ഈയുള്ളവനും സൂപ്പർ സ്റ്റാർ  ശുപാർശ ചെയ്ത സോപ്പ് വാങ്ങി വീട്ടിൽ കൊണ്ട് വന്നു ഇടത് ഭാഗത്തെ കാണിച്ച് പറഞ്ഞു, ഇത് ദേ! അയാൾ കുളിക്കുന്ന സോപ്പാണ്. നമുക്ക് കുളിച്ച് നോക്കാം.

പിറ്റേന്ന് പതിവ് സ്നാനത്തിന് ഞാൻ ആ സോപ്പ് ഉപയോഗിച്ചു. ഉള്ളത് പറയണമല്ലോ ഇപ്പോൾ കമ്പോളത്തിൽ നിലവിലുള്ള  തുണി അലക്കുന്ന സോപ്പിന് ഉള്ള ഗന്ധം പോലും ഈ പിണ്ണാക്ക് കട്ടക്ക് ഇല്ലായിരുന്നു. ഞാൻ ശരീരത്തിൽ നല്ലവണ്ണം ഉരച്ച് നോക്കി. തൊലി പോയി കിട്ടുമെന്നല്ലാതെ സൂപ്പറാന്റെ സോപ്പിന് ഒരു മണവുമില്ല, ഗുണവുമില്ല. അയാൾ ലക്ഷങ്ങൾ വാങ്ങി പരസ്യത്തിന് നിന്ന് കൊടുക്കുന്നതിനു മുമ്പ് ഈ സോപ്പ് ഉപയോഗിച്ച് കാണില്ലാഎന്ന് തീർച്ച. എന്റെ രൂപാ പോയിക്കിട്ടി. പാഠം (ഒന്ന്)  മേലിൽ സൂപ്പറന്മാരുടെ പരസ്യം കണ്ട് സോപ്പോ കോപ്പോ വാങ്ങരുത്.

വീട്ടിലെ കുട്ടികൾ താലോലിച്ച് വളർത്തുന്ന രോമ പൂച്ചയെ കുളിപ്പിക്കാൻ സൂപ്പറാന്റെ സോപ്പ് ഞാൻ കൊടുത്തു. പൂച്ചേ! നിന്റെ സൗന്ദര്യമെങ്കിലും വർദ്ധിക്കട്ടെ...നമുക്ക് പഴയ  ചന്ദ്രികയോ ലൈഫ് ബോയിയോ റെക്സോണയോ വാങ്ങാം.......

Wednesday, March 16, 2022

പട്ടാണിയും വള്ളം കളിയും പിന്നെ ശെയ്താനും

  {വസ്തുതകൾ നടന്നത് പോലെ അവതരിപ്പിക്കണമെന്നതിനാൽ ഈ കുറിപ്പുകളിൽ  ഒരിടത്ത് ഇമ്മിണീ “ശ്രേഷ്ട ഭാഷയും മറ്റൊരിടത്ത് ഇത്തിരി അശ്ളീലവും കടത്തി വിടേണ്ടി വന്നത് ക്ഷമിക്കുക “പട്ടാണിയും വള്ളം കളിയും പിന്നെ ശെയ്ത്താനും“ എന്ന ഈ കുറിപ്പുകൾ  ആദ്യന്തം  വായിക്കുമല്ലോ }  

കർക്കിടക മാസത്തിലെ  കറു കറുത്ത രാത്രി.

ആ കൂരിരുട്ടിൽ  ഞാനും തടിയൻ  ഷുക്കൂറും  മതിൽ കെട്ടിനകത്ത് പതുങ്ങി നിന്നു. അന്ന് വെള്ളിയാഴ്ച രാത്രിയാണ്.. ഷുക്കൂറിന്റേ ഏതോ വല്യുപ്പാ വാതപ്പനി വരുമ്പോൾ പുതച്ച് മൂടാനുപയോഗിക്കുന്ന കറുത്ത കമ്പിളി പുതപ്പ് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് തല മൂടി പുതച്ച് രണ്ട് തലകളുള്ള  ഒറ്റ രൂപമായിട്ടായിരുന്നു ആ നിൽപ്പ്. നിമിഷങ്ങൾ കഴിഞ്ഞ് പോയി. എങ്ങും നിശ്ശബ്ദ്ത. സമയം രാത്രി ഒൻപത് മണീയേ ആയിരുന്നുള്ളൂവെങ്കിലും  തൊട്ടു മുമ്പ് പെയ്ത് തീർന്ന മഴ നല്ല തണുപ്പ് ഉണ്ടാക്കിയിരുന്നതിനാൽ വീടകങ്ങൾ നേരത്തെ തന്നെ ഉറങ്ങാൻ തുടങ്ങിയിരുന്നല്ലോ. ഹാജൂത്തായുടെ വീട്ടിൽ മത്രം ഒരു  വിളക്ക്  മങ്ങി കത്തുന്നുണ്ട്. ആ ഇരുട്ടിലെ പതുങ്ങി നിൽപ്പെന്തിനെന്ന് ആദ്യമേ  തന്നെ പറയാം.

നാളെ ആഗസ്റ്റ് രണ്ടാം  ശനിയാണ്.  ആലപ്പുഴക്കാരുടെ ദേശീയോൽസവമായ നെഹ്രു ട്രോഫി വള്ളം കളി നാളെയാണ്. ഫിനിഷിംഗ് പോയിന്റിൽ നിന്ന് എനിക്കും ഷുക്കൂറിനും ആ കളി കാണണം. അതിന് പാസ്സ് വേണം. വട്ടപ്പള്ളിയിൽ വന്ന് താമസിക്കുന്ന  പട്ടാണി ഭായിയുടെ കയ്യിൽ ഒരു പാസ്സ് കിട്ടിയിട്ടുണ്ടെന്നും ഭായി ആ പാസ് സർവമാന വട്ടപ്പള്ളി നിവാസികളെയും പൊക്കി കാണിച്ച് വീമ്പടിച്ച് നടക്കുകയും ചെയ്യുന്ന വിവരം  ഞാനും ഷുക്കൂറും അറിഞ്ഞു. ഞങ്ങൾ ഭായിയെ സമീപിച്ച് കാല് പിടിച്ച് നോക്കിയെങ്കിലും പാസ് തരില്ലാ എന്ന് പട്ടാണി  കട്ടായം പറഞ്ഞ് കളഞ്ഞു.

പട്ടാണി പേടിത്തൊണ്ടനാണ്. പ്രേതങ്ങളെ ഭയമാണ്. രാത്രി വീടിനടുത്തുള്ള കടകളിൽ അല്ലാതെ ദൂരെ സ്ഥലങ്ങളിലേക്ക് അയാൾ യാത്ര ചെയ്യാറില്ല.  ഈ രഹസ്യങ്ങൾ അറിയാവുന്ന ഷുക്കൂർ ഭായിയോട് പറഞ്ഞു,

“ഭായ് വള്ളം കളി തീരുമ്പോൾ സന്ധ്യ കഴിയും, അവിടെ നിന്നും വട്ടപ്പള്ളി  എത്തുമ്പോൾ രാത്രി  ഒരുപാട് ആകും നിലാവുമില്ല,  , ഭായി കഷ്ടപ്പെട്ട് പോകുമേ, ഞാൻ പറഞ്ഞേക്കാം.....“

“ഓ! പിന്നേയ്, പോടാ സുവ്വറേ! ഞാനെന്താ കൊച്ച് കുഞ്ഞാണോ ഇരുട്ടത്ത് പേടിക്കാൻ....“എന്നിട്ട് പട്ടാണി ഒരു ആക്കിയ ചിരിയും പാസ്സാക്കി.സുവ്വർ  (പന്നി) എന്ന് വിളിച്ചത് തടിയന് ഇഷ്ടപ്പെട്ടില്ലാ.

“ഇയാളെ ഒന്ന് വെരട്ടണം....“ ഷുക്കൂർ എന്നോട് പറഞ്ഞു. രണ്ട് പേരും കൂടി തീരുമാനമെടുത്താൽ പിന്നെ അതിനു മാറ്റമില്ല. പട്ടാണിയെ സ്കച്ച് ചെയ്തു, പദ്ധതികൾ ആസൂത്രണം ചെയ്തു. വെള്ളിയാഴ്ച രാത്രിയിൽ പദ്ധതി നടപ്പിലാക്കാനായി തീരുമാനമെടുത്തു.

ഭായിയുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ പാത്തായിയുടെ വീടിനടുത്ത് പടർന്ന് പന്തലിച്ച ഒരു കല്ലാൽ  നിൽപ്പുണ്ട്. അതിന്റെ എതിർവശത്ത് മതിലിനുള്ളീൽ ഞാനും തടിയൻ ഷുക്കൂറും അന്ന് രാത്രി ഒൻപത് മണിയോടെ കുറ്റാകുറ്റിരുട്ടത്ത്   പതുങ്ങി നിന്നു.

ഇടവഴി ആരംഭിക്കുന്നതിന്  എതിർവശത്ത് മമ്മതിക്കായുടെ കടയിൽ രാത്രി എട്ടേമുക്കാൽ മണി വരെ  രാഷ്ട്രീയം പറഞ്ഞിരിക്കുക ഭായിയുടെ നിർബന്ധ ചര്യകളില്പെട്ടതാണെന്ന് ഞങ്ങൾ അറിഞ്ഞ് വെച്ചിട്ടുണ്ടല്ലോ രാഷ്ട്രീയ ചപ്ളാച്ചി കഴിഞ്ഞ് ഒരു പാക്കറ്റ് സിഗററ്റും വാങ്ങി.  ഇടവഴിയിലൂടെ നടന്ന് വീട്ടിൽ പോകും. ആ വരവും പ്രതീക്ഷിച്ചാണ് ഞങ്ങളുടെ നിൽപ്പ്.

നിമിഷങ്ങൾ കഴിഞ്ഞു. കട്ടി പിടിച്ച ആ ഇരുട്ടിൽ രണ്ട് തലകൾ ചേർന്ന് മതിലിന് സമീപം മറ്റൊരു  ഇരുട്ടായി തോന്നിച്ചു.

“നിന്റെ ഉപ്പാപ്പായുടെ പുതപ്പിൽ മൂട്ടയുണ്ടോടാ തടിയാ....“ഞാൻ ഷുക്കൂറിനോട് പരാതിപ്പെട്ടു.

“മിണ്ടാണ്ട് നിക്കടാ ബലാലേ...വള്ളം കളി കാണണമെങ്കിൽ ആദ്യം മൂട്ടകടി കൊള്ളണം“. തടിയൻ പ്രതികരിച്ചു.

ദൂരെ പണിക്കത്തിയുടെ വീട്ടിൽ പട്ടി ഓരിയിട്ടു. കാറ്റ് കല്ലാലിന്റെ ഇലകളെ വിറപ്പിച്ച് കടന്ന് പോയി. അന്നേരം തന്നെ ഒരു രാപ്പാടി ആ വൃക്ഷത്തിൽ ഇരുന്നു വല്ലാത്ത ഒരു ശബ്ദം പുറപ്പെടുവിപ്പിച്ചു. ഞങ്ങൾ രണ്ട് പേർക്കും  ഭയം തോന്നി തുടങ്ങി.

അപ്പോൾ ഇടവഴിയുടെ അറ്റത്ത് നിന്നും പാട്ട് കേട്ടു.പട്ടാണിയാണ് ഇരുട്ടിലെ പേടി മാറ്റാൻ ഉച്ചത്തിൽ പാട്ട് പാടി വരുകയാണ്. ദോസ്തി ഹിന്ദി സിനിമയിലെ “കൊയീ  ജബു രാഹന പായേ, മേരേ സംഘ് ആയേ പഗ് പഗ് ദീപ് ജലായേ, മേരേ ദോസ്തീ.......ഇത്രയുമെത്തിയപ്പോൾ കല്ലാലിന്റെ ചുവട്ടിലെത്തി ചേർന്നു പട്ടാണി.

മതിലിനപ്പുറത്ത് നിന്നും ഘന ഗംഭീര സ്വരത്തിൽ അമർത്തിയ മൂളലോടെ ഒരു വിളി...“....പട്ടാണീ......യ്...“

പട്ടാണി പാട്ടിനിടയിൽ തല ഉയർത്തി നോക്കി. രണ്ട് തലകൾ.....അപ്പോൾ സ്ത്രീ സ്വരത്തിൽ  മറ്റൊരു  വിളി  “...പട്ടാണീ....പുലിയാടി മോനേ....“

പാട്ടിന്റെ ബാക്കി വരി പട്ടാണി  “മെരീ ദോസ്തീ മേരെ പ്യാർ.....“എന്ന് ഉച്ചത്തിൽ  നിലവിളിച്ച് മുഴുമിക്കുകയും “ ഹെന്റള്ളോ....ശെയ്ത്താൻ എന്ന് കൂകി വിളിക്കുകയും ചെയ്തു.പിന്നെ ഒരു പാച്ചിലാണുണ്ടായത്.പകുതി വഴിയെത്തിയപ്പോൾ പട്ടാണി ധരിച്ചിരുന്ന കൈലി അഴിഞ്ഞ് പോയി. അടി വസ്ത്രമില്ലാതെ  അരക്കയ്യൻ ബനിയനും ധരിച്ചുള്ള് ആ ഓട്ടം വീട്ടിൽ ചെന്നാണവസാനിച്ചത്. ഞാനും ഷുക്കൂറും മതിലിനിപ്പുറം ചാടി പട്ടാണിയുടെ തൊട്ട് പുറകെ പാഞ്ഞു.പട്ടാണി വീട്ടിൽ ചെന്നതിന് ശേഷമുള്ള പ്രതികരണം അറിയണമല്ലോ.   ഇടവഴിയിലൂടെ ഓടിയപ്പോൾ കാലിൽ തടഞ്ഞത് പട്ടാണിയുടെ  കൈലിയാണെന്ന് ഹാജൂത്തായുടെ വീടിലെ അരണ്ട വെട്ടത്തിൽ തിരിച്ചറിഞ്ഞ് ഞാൻ പറഞ്ഞു “കഴുവർടാ മോൻ തുണിയില്ലാതാണെടാ ഓടുന്നത്....“

“ നീ അത് ചുരുട്ടി കയ്യിൽ വെയ്യെടാ...അത് കൊടുത്ത് വേണം ഭായിയെ സോപ്പിടാൻ.....“ ഷുക്കൂർ  നിർദ്ദേശിച്ചു.

ഭായിയുടെ വീടിന് മുൻ വശം വേലിക്കരികിൽ ഞങ്ങൾ എത്തിയപ്പോൾ  ഭായി കതകിൽ തട്ടുന്ന കാഴ്ചയാണ് കണ്ട്ത്...“എടീ....ദർവാസാ...ഖോലോ...ശെയ്ത്താൻ ആതാ ഹേയ്  “ പട്ടാണി അലറി വിളിച്ചു. വേലിയിൽ മറച്ചിരുന്ന ഓലയുടെ  പഴുതിലൂടെ  നോക്കി നിന്നപ്പോൾ കതക് തുറക്കുന്നതും മണ്ണെണ്ണ വിളക്കുമായി ഭായിയുടെ ഭാര്യ പുറത്ത് വരുന്നതും ഞങ്ങൾ  കണ്ടു.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഭായി നിന്ന് തുള്ളുന്നത്  നല്ലൊരു കാഴ്ചയായിരുന്നു.

“യഹ് ക്യാ ഹേ !!!....“ ഭാര്യ അന്തം വിട്ട് ചോദിച്ചു.

“ശെയ്ത്താൻ... രണ്ട് തലയുണ്ടെടീ..... ഭായി വിക്കി വിക്കി പറഞ്ഞു.

“ശെയ്ത്താനോ? നിങ്ങളേക്കാളും ബല്യ ശെയ്ത്താൻ ഈ നാട്ടിലുണ്ടോ?...കൈലി കഹാം ഹേ?...“

ഭായിയുടെ നഗ്നതയിലേക്ക് വിളക്ക് അടുപ്പിച്ച് ഭാര്യ ചോദിച്ചു.

“കൈലി വഴിയിൽ പോയെടീ....“ ഭായിയുടെ വിറയൽ അപ്പോഴും തീർന്നിരുന്നില്ല.

വിളക്കിന്റെ നാളം കാറ്റിൽ ഉലഞ്ഞപ്പോൾ ഭായിയുടെ നിഴലും വിറച്ച് വിറച്ച് ആടിക്കൊണ്ടിരുന്നത് നല്ല കാഴ്ചയായിരുന്നു.

“ഇസ് കോ ക്യാ ഹുവാ.....? ഇതിനെന്ത് പറ്റിയെന്ന ആ ചോദ്യം ഭായിയുടെ നഗ്നതയിലേക്ക് വിരൽ ചൂണ്ടിയായിരുന്നു. ഭയം കാരണം “സംഗതി“ ചുരുണ്ട് ഒട്ടുമില്ലായിരുന്നുവോ? ഭായി കൈ കൊണ്ട് നഗ്നത പൊത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് കണ്ടു. “വിളക്ക് അണക്കെടീ...പൊന്നേ !...ആരെങ്കിലും കാണുമെടീ..“.ഭായിയുടെ സ്വരത്തിൽ ദയനീയത കലർന്നിരുന്നുവല്ലോ.

“തും ജൂഡ് ബോൽതേ ഹോ...!കള്ളം പറയുവാ നിങ്ങൾ...എവിടെയോ പോയിട്ട് അവളുടെ ആരെങ്കിലും പെട്ടെന്ന് വന്നപ്പോൾ ഓടാൻ നേരം കൈലി കിട്ടീല്ലാ...ജീവനും കൊണ്ടോടീ...ഇതല്ലേ സത്യം കള്ള ഹറാമീ..... ഭാര്യ കയ്യിലിരുന്ന വിളക്ക് ഭായിയുടെ മുഖത്ത് കുത്താൻ ഓങ്ങി പട്ടാണി പുറകിലേക്ക് മാറി.

. ഇപ്പോൾ ഇടപെടാൻ സമയമായെന്ന് തിരിച്ചറിഞ്ഞ ഷുക്കൂർ  വേലിക്ക് പുറത്ത് നിന്ന് വിളിച്ചു. “ഭായ് !....ഭായി ഉണ്ടോ അവിടെ....“

പെട്ടെന്ന് വിളക്കണഞ്ഞു കതക് അടക്കുന്ന ശബ്ദവും കേട്ടു. “ഭായി ഉണ്ടോ?  ഞാനും ഉച്ചത്തിൽ വിളിച്ച് ചോദിച്ചു.അൽപ്പ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ഭായിയുടെ ശബ്ദം ഉയർന്നു..“ ഹാരാ....അത്...യ്യേ കോനേ  ഹോ....“

കതക് തുറക്കപ്പെട്ടു.വിളക്ക് കയ്യിലേന്തി ഭാര്യ പുറകിലും  തുണി ഉടുത്ത ഭായി പുറകിലുമായി പ്രത്യ്ക്ഷപ്പെട്ടു.

“ഭായീ ..ഈ കൈലി ഭായിയുടേതാണോ?...ഇത് ഭായി ഉടുത്ത് കണ്ടിട്ടുള്ളത് കൊണ്ട് ചോദിച്ചതാ....“ഷുക്കൂർ കൈലി നീട്ടിക്കാണിച്ചു.

“ഹായ്...ഹായ്....പട്ടി എടുത്തോണ്ട് പോയതായ്രിക്കും...“ ഭാര്യ ഭായിയുടെ സഹായത്തിനെത്തി.

“പട്ടി കൈലി ഉടുക്കാനും തുടങ്ങിയോ..“ എന്ന് ഞാൻ പതുക്കെ പറഞ്ഞപ്പോൾ ഷുക്കൂർ മുരണ്ടു...“മിണ്ടാതിരിക്കെടാ ഹമുക്കേ....“

വിഷണ്ണ ഭാവത്തിൽ കൈലിക്ക് വേണ്ടി കൈ നീട്ടി  നിന്ന ഭായിയോട് ഞാൻ പറഞ്ഞു “ നാളെ വള്ളം കളിയാ...    കാണാൻ പോകുന്നോ ഭായീ.. അത് ചോദിക്കാൻ ഞങ്ങൾ ഇങ്ങോട്ട് വരുമ്പോഴാ കൈലി കിട്ടിയത്.പക്ഷേ വള്ളം കളി കഴിഞ്ഞ് തിരികെ വരുമ്പോൾ രാത്രിയാകും കുറ്റാകുറ്റിരുട്ടും..ഈ ഇരുട്ടത്ത് ഭായി എങ്ങിനെ പോയി വരാനാണ് ഭായി പോകുന്നില്ലെങ്കിൽ ആ പാസ് വെറുതേ കളയല്ലേ ഭായീ  ഞങ്ങൾക്ക് തരുമോ  ഇരുട്ടായതോണ്ട് ചോദിച്ചതാ..“

ഭായിയുടെ മുഖത്ത് ഭയം ഇരച്ച് കയറുന്നത് വ്യക്തമായി കാണാൻ  കഴിയുമായിരുന്നു. “ശരിയാ...ശരിയാ...ഈ ഇരുട്ടത്ത് ആര് ഇറങ്ങാനാ....പാസ്സ് പാഴാവണ്ടാ...നിങ്ങള് പോയി കാണ്....ഒന്നുമില്ലേലും വഴിയിൽ കിടന്ന എന്റെ കൈലി എന്നോട് ഇഷ്ടമുള്ളത് കൊണ്ട് നിങ്ങൾ ഇവിടെ വരെ വന്ന്  തന്നല്ലോ.....

പാസ്സ്  എടുക്കാൻ ഭായി അകത്ത് പോയപ്പോൾ ഭാര്യ കൈലി സമൂലം പരിശോധിക്കുന്നത് ഞങ്ങൾ കണ്ടു.അവർക്ക് ഇനിയും സംശയം തീർന്നിട്ടില്ല.

വലിയ ഔദാര്യ ഭാവത്തിൽ ഭായി പാസ് ഷുക്കൂറിന്റെ കയ്യിലിട്ട് കൊടുത്തു,  എന്നിട്ട  കരുണ സ്വരത്തിൽ പറഞ്ഞു, “ പോയി വള്ളം കളി കാണ് പിള്ളാരേ...‘

വള്ളം കളി പാസ്സും വാങ്ങി “പിള്ളാര്“ രണ്ട് പേരും  വേലിക്ക് പുറത്തെത്തിയപ്പോൾ  ഭായി പുറകിൽ നിന്ന് വിളിച്ച് പറഞ്ഞു  “ ഇരുട്ടത്ത് സൂക്ഷിച്ച് പോണേ മക്കളേ!...ഇന്ന് വെള്ളിയാഴ്ചയാണേ....“

അപ്പോൾ ഷുക്കൂർ ഘന ഗംഭീര സ്വരത്തിൽ  അമർത്തിയ മൂളലോടെ  വിളിച്ചു “പട്ടാണീ....യ്...“

“ഞാൻ സ്ത്രീ സ്വരത്തിൽ  വിളിച്ചു “പട്ടാണീ....പുലിയാടി മോനേ....“

വേലിക്കകത്ത് നിന്നും ഉച്ചത്തിൽ ഹിന്ദിയിൽ തെറി വിളിയുടെ പ്രളയം....ഹറാമീ.....കുത്തേകാ ബേട്ടേ.....സാലേ....,,,“ പിന്നേ പച്ച മലയാളത്തിലെ നല്ല തെറികളും. അപ്പോഴേക്കും  വള്ളം കളി പാസ്സും ആൾക്കാരും ദൂരത്തിലായിക്കഴിഞ്ഞു.

വള്ളം കളി കഴിഞ്ഞ് കുറേ ദിവസം ഞങ്ങൾ ഭായിയെ ഒഴിഞ്ഞ് നടന്നു. അതോടെ ആ സംഭവത്തിന്റെ ലഹരി തീർന്നു.

ഒരുപാടൊരുപാട് വർഷങ്ങൾ കഴിഞ്ഞ് പോയി. 2021 ജനുവരി മാസത്തിൽ ഞാൻ വട്ടപ്പള്ളി കാണാനെത്തിയപ്പോൾ ആ ഇടവഴിയിലൂടെ പതിവ് പോലെ ഉള്ളിൽ നൊമ്പരവുമായി ഞാൻ നടന്നു.

 ഇടവഴി ആരംഭിക്കുന്നതിന് എതിർവശത്തെ മമ്മതിക്കായുടെ കട ഇപ്പോഴില്ല  മമ്മതിക്കാ മരിച്ചു കഴിഞ്ഞു, . ഇടവഴി കോൺക്രീറ്റ് ചെയ്തിരിക്കുന്നു.പാത്തായിയുടെ വീടിനടുത്ത് നിന്ന കല്ലാലും മുറിച്ച് മാറ്റിയിരിക്കുന്നു ഓല വീടുകളെല്ലാം പോയി എല്ലാം കോൺക്രീറ്റ് സൗധങ്ങൾ.ഭായിയും മരിച്ചു, ആ കുടുംബവും എവിടെയോ പോയി. ഇടവഴിയുടെ ഒരു ഭാഗത്തുണ്ടായിരുന്ന എന്റെ വീട് കാണാനാണ് അവിടെ പോയത്. അത് അന്യ കൈവശത്തിലാണല്ലോ. വിവാഹ മോചനം ചെയ്യപ്പെട്ട ഭാര്യയെ മുൻ ഭർത്താവ് നോക്കുന്നത് പോലെ കൈ വിട്ട് പോയ എന്റെ വീടിനെ ഞാൻ നോക്കി നിന്നു.  ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത വിധം.അത്  പോയി  അവിടെ നിന്നപ്പോൾ എനിക്ക് തടിയൻ  ഷുക്കൂറിനെയും  ഭായിയെയും എല്ലാം ഓർമ്മ വന്നു. കൊച്ചി പള്ളുരുത്തിയിൽ എക്സൈസ് ഓഫീസറായിരിക്കവേ  ഫാൻ നന്നാക്കാൻ റോഡിലേക്കിറങ്ങി നടന്നപ്പോൾ ഷുക്കൂർ കുഴഞ്ഞ് വീണ് മരിച്ചു.ആ മരണം നടന്ന് ഇപ്പോൾ ഒത്തിരി കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു. 

 എന്തിനാണെടാ തടിയാ! നീ നേരത്തേ പോയത് പണ്ട് എന്തെല്ലാം നമ്മൾ കാട്ടിക്കൂട്ടിയിരിക്കുന്നു അതിനെ പറ്റി ഓർത്തോർത്ത് ചിരിക്കുമ്പോൾ നീ ഇല്ലല്ലോ എന്ന ചിന്ത തന്നെ വേദനാ ജനകമാണ്.

 അവന്റെ ഓർമ്മകൾക്ക് മുമ്പിൽ ഞാൻ ഈ കുറിപ്പുകൾ സമർപ്പിക്കുന്നു.


Friday, March 11, 2022

ഇന്ത്യയും കോൺഗ്രസ്സും

 കോൺഗ്രസ് ശക്തമായി ഇന്ത്യ ഭരിച്ചപ്പോഴും സംഘ്പരിവാർ ഉള്ളിൽ വർഗീയ വിഷവുമായി ഇവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ അവരുടെ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല അന്നത്തെ കാലം വർഗീയത ഏറ്റവും ഉണർന്ന് വരേണ്ട ഇന്ത്യാ വിഭജന കാലമായിരുന്നുവെന്നും ഓർക്കണം. എന്നിട്ടും സംഘ് പരിവാറിന് ജനങ്ങളിൽ ഒരു വികാരവും ഉത്തേജിപ്പിക്കാൻ സാധിച്ചില്ല എന്നത് അതിശയകരമായ സത്യമാണ്. കാരണം കോൺഗ്രസ്സും അവരുടെ നിഷ്കാമ നേതാക്കളും രാഷ്ട്ര നിർമ്മാണത്തിനും നാട്ടിന്റെ അഭിവൃദ്ധിക്കും വേണ്ടി അഹോരാത്രം പണി എടുത്തപ്പോൾ കോൺഗ്രസ് ഒരു ദേശീയ വികാരമായി

ജനങ്ങളാൽ അംഗീകർക്കപ്പെട്ടിരുന്നുവല്ലോ. ഇന്ന് ഇന്ത്യ ഇന്നത്തെ നിലയിലെത്തിയതിൽ കോൺഗ്രസ്സിനും ആ നേതാക്കൾക്കും പങ്കില്ലായിരുന്നു എന്ന് ആർക്കെങ്കിലും നെഞ്ചത്ത് കൈ വെച്ച് പറയാൻ കഴിയുമോ. പോരായ്മകൾ അതെവിടെയും കാണും, അത് കോൺഗ്രസ്സിലും കാണും. ആ പോരായ്മകൾ ചൂണ്ടിക്കാണിച്ച് ഇന്ത്യയെ കോൺഗ്രസ്സ് തകർത്തെന്ന് പറയാൻ കഴിയുമോ?
ഇപ്പോൾ കോൺഗ്രസ്സ് തകർന്നു എന്ന് പറഞ്ഞ് അർമാദിക്കുന്നവർ അഖിലേന്ത്യാടിസ്ഥാനത്തിൽ പകരം ഒരു പാർട്ടി ചൂണ്ടിക്കാണിച്ച് തരുമോ?
അഖിലേന്ത്യാ എന്ന പദം തന്നെ 134 വയസ്സുള്ള കോൺഗ്രസ്സിന് ശേഷമുണ്ടായതാണ്. അതിനു മുമ്പ് ഇന്ത്യ ഉണ്ടായിരുന്നു, അത് നാട്ട് രാജാക്കന്മാർ അവരുടെ ഹിതാനുസരണം ഭരണം നടത്തിയിരുന്ന കൊച്ച് കൊച്ച് നാട്ട് രാജ്യങ്ങൾ മാത്രം.
ഇപ്പോൾ കോൺഗ്രസ്സ് പോയി, അത് അവരുടെ നേതൃത്വത്തിന്റെ പിടിപ്പ് കേട് കൊണ്ടോ അണികൾക്ക് ആത്മാർത്ഥതയില്ലാത്തത് കൊണ്ടോ തമ്മിലടി കൊണ്ടോ മറ്റെന്ത് കൊണ്ടായാലും ആ പാർട്ടി പോയി.

തകർക്കപ്പെട്ട കോൺഗ്രസ്സിന് പകരം മതേതരത്വം നില നിർത്തുന്ന ( മത രഹിതമല്ല) ഒരു പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ ഇല്ലായെങ്കിൽ ഇന്ത്യയുടെ ഭാവി എങ്ങിനെ ആയി തീരും?


Tuesday, March 8, 2022

കഞ്ചാവും മദ്യവും

 കഞ്ചാവും മദ്യവും

ഇത് രണ്ടും നശിപ്പിച്ച  എത്രയെത്രയോ ജീവിതങ്ങൾ.

എനിക്കുണ്ടായിരുന്നു ചെറുപ്പത്തിൽ ഒരു കൂട്ടുകാരൻ. അമി. അവൻ  ഉൾപ്പെട്ട ഞങ്ങളുടെ ഗ്യാംഗ്  ആലപ്പുഴ വട്ടപ്പള്ളി റോഡിൽ ബാല്യത്തിൽ കാണിച്ച് കൂട്ടിയിരിക്കുന്ന കുസൃതികൾ അനവധിയാണ്.

അമി  ശരിക്കും ജോക്കർ തന്നെയായിരുന്നു. അവൻ കാണിക്കുന്ന തമാശകൾ കണ്ടിട്ട് മുതിർന്നവർ പോലും പൊട്ടിച്ചിരിച്ച് പോകുമായിരുന്നു. അന്നവന് “കഞ്ചാവ് അമി“ എന്ന പേര് വീണീട്ടില്ലായിരുന്നല്ലോ.

അന്ന് വട്ടപ്പള്ളി റോഡിൽ ആടുകൾ മേഞ്ഞ് നടക്കുന്നത് പതിവ് കാഴ്ചയായിരുന്നു. അമി ഏതെങ്കിലും മുട്ടനാടിനെ നോക്കി വെക്കും. എന്നിട്ട് ഒരു ചരടിന്റെ അറ്റത്ത് ചെറുതല്ലാത്ത   കല്ല് കെട്ടി തക്കം നോക്കി മുട്ടനാടിന്റെ വാലിൽ കെട്ടിടും ആട് ചാടി എഴുന്നേൽക്കുമ്പോൾ  ചരടിൽ തൂങ്ങുന്ന കല്ല് അതിന്റെ വൃഷണ സഞ്ചിയിൽ ചെന്നടിക്കും. ആട് ഓട്ടം പിടിക്കുമ്പോൾ തൂങ്ങിയാടുന്ന കല്ല്  അതിന്റെ മർമ്മ സ്ഥാനത്ത് ചെന്ന് തുരു തുരാ മുട്ടിക്കൊണ്ടേ ഇരിക്കും. ആട് കറങ്ങി കറങ്ങി ഓടുന്നത് കണ്ട് അമിയും കാഴ്ചക്കാരും ആർത്ത് വിളിക്കും.  ഈ മാതിരി  കുരുത്തക്കേടുകളാണ് അമിയുടെ കയ്യിൽ സ്റ്റോക്കുണ്ടായിരുന്നത്.

വാപ്പായുടെ ഏക മകനായ അവൻ  വളർന്നപ്പോൾ അവന്റെ വാപ്പാ ആരുടെയെല്ലാമോ കാല് പിടിച്ച് ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്ലിൽ  ജോലി വാങ്ങിക്കൊടുത്തു.  അന്നത്തെ കാലത്ത് ആ കമ്പനീയിൽ ജോലി കിട്ടുക എന്നത് ലോട്ടറി അടിക്കുന്നതിന് തുല്യമായിരുന്നു. എപ്പോഴോ എവിടെയോ വെച്ച്  അമിയുടെ വഴി തെറ്റി. ആരാണ് അവനെ കഞ്ചാവിന് അടിമയാക്കിയതെന്നറിയില്ല.  അവൻ സ്ഥിരം കഞ്ചാവ് കുടിയനായി. കാലം ചെന്നപ്പോൾ ജോലി നഷ്ടപ്പെട്ടു. അവൻ റോഡിൽ അലയാനും ആരോടെന്നില്ലാതെ പൈസാക്ക് കൈ നീട്ടാനും തുടങ്ങി. താടിയും മുടിയും വളർന്നു. മുഷിഞ്ഞ വസ്ത്രങ്ങളും കുളിക്കാത്ത  ശരീരവുമായി അവസാനം  ശരിക്കും ഭ്രാന്തന്റെ രൂപമായി.

 ഇടക്കിടക്ക് ഞാൻ ആലപ്പുഴ എത്തുന്ന ദിവസങ്ങളിൽ റോഡിൽ വെച്ച് അമിയെ കാണുമ്പോൾ അവൻ എന്റടുത്തേക്ക് ഓടിവരുമായിരുന്നു.എന്നിട്ട് പതുക്കെ ചെവിയിൽ പറയും “എടാ, വിശക്കുന്നെടാ.....എന്തെങ്കിലും എനിക്ക് താടാ....“ എന്റെ കളിക്കൂട്ടുകാരനായ അവനോട് തരില്ലാ എന്ന് പറയാൻ മനസ്സ് വരില്ല, എന്തെങ്കിലും ഞാൻ കൊടുക്കും. എന്നോ ഞാനറിഞ്ഞു, അവൻ കിട്ടുന്ന പൈസാക്ക് ഭക്ഷണം പോലും കഴിക്കാതെ കഞ്ചാവ് വാങ്ങി പുകക്കുകയാണെന്ന്.  പിന്നീട് ഞാനവനെ കാണുമ്പോൾ മാറിക്കളയുമായിരുന്നു.

അവസാനം ആരോരുമില്ലാതെ അവൻ അനാഥനായി മരിച്ചു. എത്രമാത്രം അന്തസ്സോടെ ജീവിക്കേണ്ടവനായിരുന്നു അമി. പക്ഷേ കഞ്ചാവ് അവനെ നശിപ്പിച്ചു.

ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ആരാണ്  ഈ കഞ്ചാവ് കണ്ട് പിടിച്ചത്.  ഈ ചെടി കത്തിച്ച് വലിച്ചാൽ ലഹരി ഉണ്ടാകുമെന്ന് മനുഷ്യനെങ്ങിനെ തിരിച്ചറിഞ്ഞു. ആ കണ്ടെത്തലിന്റെ നിമിഷം ശപിക്കപ്പെട്ടതാകട്ടെ .

 കഞ്ചാവുമായി ഏതോ യുവാവിനെ അറസ്റ്റ് ചെയ്തെന്ന  വാർത്ത പത്രത്തിൽ വായിച്ചപ്പോൾ ഞാൻ അമിയെ ഓർത്ത് പോയി.

Sunday, March 6, 2022

ഏകാന്തതയിലെ നിമിഷങ്ങൾ...

 സന്ധ്യാരംഭത്തിലെ ഈ ഏകാന്തത മനസ്സിനെ വല്ലാതെ  തരളിതമാക്കുന്നു. ഏകാന്തതയിലാണല്ലോ മനസ്സിന്റെ കടിഞ്ഞാൺ അയഞ്ഞ് പോകുന്നത്.  അത് എപ്പോഴും കടന്ന് പോയ കാലത്തേക്ക് കുതിച്ച് പായും. 13 വയസ്സ് മുതലുള്ള  കഠിനാദ്ധ്വാനം നിറഞ്ഞ കാലഘട്ടങ്ങൾ  ഓരോന്നും തരണം ചെയ്ത് ഇവിടെ എത്തിയപ്പോൾ  അതിശയപ്പെട്ട് പോകുന്നു. എന്തെല്ലാമെന്തെല്ലാം വ്യത്യസ്തമായ വേഷങ്ങൾ ഞാൻ പകർന്നാടി. ഉപജീവനത്തിനും അല്ലാതെയും.ഇതിനിടയിൽ എവിടെയോ എന്തോ നഷ്ടപ്പെട്ടില്ലേ?  ആ നഷ്ടപ്പെട്ടത്  എന്നെ തന്നെയല്ലേ? എന്റെ സ്വപ്നങ്ങളെ എന്റെ പ്രത്യാശകളെ. എന്തായി തീരണമെന്നും  എങ്ങിനെ ജീവിക്കണമെന്നും കരുതിയത് സഫലമായോ> വേണ്ടാ...മനസ്സിനെ അവിടെ മേയാൻ വിടേണ്ട. അത് നിരാശയും സങ്കടവും കൊണ്ട് വരും. ഞാനിപ്പോൾ മറ്റുള്ളവരുടെ മുമ്പിൽ സന്തുഷ്ടനാണ്...അതങ്ങിനെ തന്നെ പോകട്ടെ.

സന്ധ്യ ചുവന്ന് തുടുത്തിരിക്കുന്നു.  അതേ! അതങ്ങിനെയാണ്.

 പുലരിയിലും ഇതേ തുടുപ്പാണ് ആകാശത്ത് പക്ഷേ അത് ദിവസത്തിന്റെ   പ്രത്യാശയാണ്. എങ്ങും ആഹ്ളാദത്തിന്റെ ഉണർവ്. അതേ തുടുപ്പ് അന്തിക്ക് പടിഞ്ഞാറാകാശത്തിൽ കാണുമ്പോൾ അത് എന്ത് കൊണ്ടോ മനസ്സിനെ ശോകാകുലമാക്കും.  അതാണിപ്പോൾ ഈ സന്ധ്യക്ക് എനിക്ക് അനുഭവപ്പെടുന്നത്.... കൂട്ടത്തിൽ ഏകാന്തതയും.

ജനിച്ച് വളർന്ന  മണ്ണും മനസ്സിലെ സംഘർഷങ്ങൾ  അലിയിച്ച് കളഞ്ഞിരുന്ന  കടൽ തീരവും അങ്ങ് ദൂരെ ദൂരെയാണ്. ആ  പഴയ സൗഹൃദങ്ങളും ഇങ്ങിനി വരാത്ത വണ്ണം അകന്നകന്ന് പോയി. കടന്ന് പോയ അനേകം ഇന്നലകളുടെ വഴിത്താരയിൽ നിന്ന് നാല് ചുറ്റും നോക്കുമ്പോൾ ഒരിക്കൽ കൂടി ആ മണ്ണീൽ ചവിട്ടി നിൽക്കാനും തിരകൾ സംഗീതം അലയടിക്കുന്ന മണൽ തിട്ടയിൽ മലർന്ന് കിടന്ന് നീലാകാശത്ത് നോക്കി ഓർമ്മകൾ അയവിറക്കാനും കൊതിയാകുന്നു. നടക്കാത്ത കാര്യത്തിനെന്തിന് കൊതിക്കുന്നു.

മനസ്സിലെ വികാര വിചാരങ്ങൾ ആരോടെങ്കിലും പറയാൻ സാധിക്കുമെങ്കിൽ അതൊരു അനുഗ്രഹം തന്നെയാണ്. അതിന് കഴിയുന്നില്ലെങ്കിൽ പിന്നെ കുറിപ്പുകൾ തന്നെ ശരണം. അതിപ്പോൾ ഈ സന്ധ്യാ രാഗത്തിൽ മുങ്ങി  ഞാൻ  ചെയ്യുന്നു. ഈ കുറിപ്പുകൾക്ക് ശേഷം  മനസ്സിനെ തിരിച്ച് പിടിക്കണം, കടിഞ്ഞാൺ മുറുക്കണം പ്രസന്നമായ പഴയ മുഖം മൂടി എടുത്തണിയണം.  കാരണം എനിക്കിനിയും ജീവിക്കണമല്ലോ, മുകളിൽ ഇരിക്കുന്നവൻ അനുവദിക്കുന്നത് വരെ.....

Wednesday, March 2, 2022

ഫൈസൽ ബഷീർ എന്ന കൗൺസിലർ


 അപ്പു എന്ന് ഞങ്ങൾ വിളിക്കുന്ന ഫൈസൽ ബഷീർ

അപ്പൂ നിന്റെ അസാന്നിദ്ധ്യം കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ്കാരായ ഞങ്ങൾ  ശരിക്കും  അനുഭവിക്കുന്നു.

ഒരു വാർഡ്  മെമ്പർ എന്നതിലുപരി  ഞങ്ങളുടെ എല്ലാ കാര്യത്തിലും  നിന്റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരുന്നുവല്ലോ. നിറ ചിരിയോടെ ഞങ്ങളുടെ വീടുകൾക്ക് മുമ്പിൽ നീ എന്നും വന്ന് നിൽക്കുമായിരുന്നു. ഒരു ജന പ്രതിനിധി എങ്ങിനെ ആയിരിക്കണമെന്ന മാതൃകയായിരുന്നു നീ.  രാഷ്ട്രീയം ഒരിക്കലും നമ്മുടെ ഇടയിൽ മതിലുകൾ സൃഷ്ടിച്ചിരുന്നില്ല. വാർഡിലെ എല്ലാ നിവാസികളുടെയും പ്രതിനിധിയായിരുന്നു നീ. അത് കൊണ്ട് തന്നെയാണ്  സമൂഹത്തിന്റെ ശത്രുക്കൾ  നിന്നെ പരിക്കേൽപ്പിച്ച് വഴിയിൽ തള്ളിയപ്പോൾ  മാർക്സിസ്റ്റ്കാരനായ നിന്നെ കോരി എടുക്കാനും വണ്ടിയിൽ കയറ്റാനും ഒരു യൂത്ത് കോൺഗ്രസ്സ്കാരൻ മുൻപിട്ട് നിന്നത്.  കാരണം വാർഡിൽ നല്ലത് പ്രവർത്തിക്കുന്ന നിന്നെ ജനങ്ങൾ രാഷ്ട്രീയത്തിനതീതമായി സ്വന്തമായി കണ്ടിരുന്നുവല്ലോ.

തെരഞ്ഞെടുപ്പിൽ നീ വിജയിച്ചപ്പോൾ  എല്ലാ രാഷ്ട്രീയക്കാരെയും കാണുന്നത് പോലെ നിന്നെയും ഞാൻ കണ്ടു. ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രസ്ഥാനത്തിനും തലച്ചോർ  പണയം വെച്ചിട്ടില്ലാത്ത എനിക്ക് രാഷ്ട്രീയക്കാരോട് അത്രക്കും പുശ്ചമായിരുന്നു. കുറ്റം കണ്ടാൽ ഒരു മടിയും കൂടാതെ അത് തുറന്ന് പറയേണ്ട നിർബന്ധ സ്വാഭാവക്കാരനായ എനിക്ക്  രാഷ്ട്രീയത്തെ അങ്ങിനെയല്ലേ കാണാൻ പറ്റൂ. പക്ഷേ എന്റെ എല്ലാ കാഴ്ചപ്പാടുകളെയും തകിടം മറിക്കുന്ന പ്രവർത്തനമായിരുന്നു നിന്റേത് എന്ന് ബോദ്ധ്യമാകാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. വാർഡിലെ ഓരോ ആവശ്യങ്ങളും താമസം കൂടാതെ  നീ നിർവഹിച്ചു, ഇപ്പോൾ ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിൽസയിലായപ്പോൾ നിന്റെ അഭാവം ഞങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു അനിയാ...

എന്തിനായിരുന്നു  അനിയാ നിന്നെ ആർ.എസ്സ്.എസ്സ്കാർ മാരകമായി ഉപദ്രവിച്ചതെന്ന് ഇനിയും മനസ്സിലാകുന്നില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ എതിരാളികളെ പോലും അഭിമുഖീകരിക്കുന്ന നിന്നെ  കോളേജ് ഇലക്ഷനും അതിനെ തുടർന്നുണ്ടായ ചില്ലറ വാഗ്വാദങ്ങൾക്കും കാരണമായി ഇത്രയും ക്രൂരമായി  ഉപദ്രവിക്കേണ്ട കാര്യമില്ലായിരുന്നു എന്ന പക്ഷക്കാരാണ് ഞങ്ങൾ. ഇതിലും വലിയ ഇലക്ഷനുകളും  ബഹളങ്ങളും നാട്ടിൽ ഉണ്ടായിട്ടുണ്ടായിരുന്നല്ലോ അന്നൊന്നും ആരോടും കാണിക്കാത്ത പ്രതികാരം നിന്നോട് ആ രാത്രിയിൽ കാണിച്ചതിന്റെ പ്രസക്തി ഒട്ടും മനസിലാകുന്നുമില്ല. കഴിഞ്ഞ ദിവസത്തെ വാഗ്വാദങ്ങളിൽ ഒരു മെമ്പർ എന്ന നിലയിൽ പോലീസും നീയുമായുള്ള തർക്കങ്ങളെ തുടർന്ന് നിന്നെ ഉപദ്രവിച്ചാൽ പോലീസ് നിഷ്ക്രിയരായേക്കാം എന്ന മുൻ ധാരണ നിന്നെ ഉപദ്രവിച്ചവർക്ക് ഉണ്ടായിരുന്നോ? അതോ  സമൂഹത്തിൽ നിന്റെ സേവനം കാരണമായി  നീ ഉയർന്ന് വന്നേക്കാമെന്നും അത് കൊണ്ട് തന്നെ അത് തടയേണ്ടതാണെന്നും നിന്റെ പ്രസക്തി  തമസ്ക്കരിക്കണമെന്നും അന്ന്  ആക്രമണങ്ങൾ നടത്തിയവർക്ക് ഉദ്ദേശ ലക്ഷ്യമായുണ്ടായിരുന്നോ ? ഒന്നും മനസ്സിലാകുന്നില്ല, കാരണം നിന്നെ ഇങ്ങിനെ ഉപദ്രവിക്കേണ്ട  ഒരു പ്രവർത്തിയും നിന്നിൽ നിന്നും ഉണ്ടായിട്ടില്ലാ എന്ന് ഞങ്ങൾ സാധാരണ ജനങ്ങൾക്ക് ബോദ്ധ്യമുണ്ടല്ലോ. അത് പോലെ തന്നെ ശാന്തിയും സമാധാനവുമായി കഴിയുന്ന  ഈ സ്ട്രീറ്റിൽ പുറത്ത് നിന്നും വന്ന് ഇത് പോലെ അക്രമം കാണിക്കാൻ  ഇത് വരെ  ആരും മുതിർന്നിട്ടുമില്ലായിരുന്നു.കാരണം ഞങ്ങൾ ആരെയും ഉപദ്രവിക്കണമെന്ന താല്പര്യം ഇല്ലാത്തവരായിരുന്നല്ലോ. പിന്നെന്ത് സംഭവിച്ചു ഈ നാട്ടിൽ ഇപ്രകാരം ഒരു ആക്രമണത്തിന് ഹേതുവായി.

എന്തായാലും നീ ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ് നീ ഞങ്ങൾക്ക് എന്തായിരുന്നു എന്ന് ഇപ്പോൾ  ഞങ്ങൾ തിരിച്ചറിയുന്നു,  അത് കൊണ്ട് തന്നെ  എത്രയും പെട്ടെന്ന് തന്നെ നീ സുഖമാകാനും ഞങ്ങളോടൊപ്പം കൂടിക്കലരാനും  ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.