Sunday, January 30, 2022

കാലമെത്ര കടന്ന് പോയി.

 മുതലാളി  50 ഇന്ത്യൻ  രൂപാ ആ മാസത്തെ ശമ്പളമായി  എന്റെ കയ്യിൽ വെച്ച് തന്നു. ആലപ്പുഴ കറുത്തകാളി  പാലത്തിന് വടക്ക് വശമുള്ള  കയർ പ്രസ്സിംഗ് ഫാക്ടറിയിലായിരുന്നു അന്നെന്റെ ജോലി. 

ഞാൻ ആ തുക വീട്ടിൽ കൊണ്ട് പോയി ബാപ്പായെ ഏൽപ്പിച്ചു. ബാപ്പാ  അത് ഉമ്മാക്ക് കൈമാറി.  എട്ട് പേരടങ്ങുന്ന ഞങ്ങളുടെ  കുടുംബത്തിന് ഒരു മാസത്തെ റേഷൻ അരിയും മണ്ണെണ്ണയും വാങ്ങാൻ ആ തുക മതിയായിരുന്നു. ദിവസം ഒരു നേരം അടുപ്പ് പുകയാൻ  ആ അരിയും മതിയായിരുന്നു. ബാക്കി ചിലവുകൾ ബാപ്പാ കണ്ടെത്തും.

ഇതെന്റെ കൗമാര കാലത്തായിരുന്നു.  കഴിഞ്ഞ ദിവസം  എന്റെ കൊച്ച് മകനുമായി രോഡിലൂടെ  പൊയ്ക്കൊണ്ടിരുന്നപ്പോൾ  വഴിയരുകിൽ മരച്ചീനി (കപ്പ) വിൽക്കുന്നത് കണ്ടു. കപ്പ പണ്ട് പാവങ്ങളുടെ ആഹാരവും ഇപ്പോൾ വി.ഐ.പി. തീൻ മേശയിലെ വിശിഷ്ട  വസ്തുവുമാണല്ലോ!. എന്തായാലും  കൊച്ച് മകനോട് അത് വാങ്ങാൻ പറഞ്ഞു, അവൻ 50 ഇന്ത്യൻ രൂപക്ക്  2 കിലോ മരച്ചീനി വാങ്ങി.

50 ഇന്ത്യൻ രൂപയാൽ ഒരു മാസം ജീവിത ചെലവുകൾ നടന്ന് കിട്ടിയ ആ കാലവും അതേ 50 ഇന്ത്യൻ രൂപയാൽ രണ്ട് കിലോ മരച്ചീനി വാങ്ങേണ്ടി വന്ന ഇന്നത്തെ കാലത്തിനുമിടക്ക്  ഒരുപാട് വസന്തങ്ങൾ കടന്ന് പോയി. പൂവുകൾ വിരിയുകയും കായ്ക്ക്കയും ചെയ്തു. മഴക്കാലം ധാരാളം വെള്ളം തോടുകളിലൂടെ ഒഴുക്കി വിട്ടു. മനുഷ്യനെ ഊതി ആറ്റുന്ന കഠിന വേനൽക്കാലവും പലതു വന്ന് പോയി. വരൾച്ചയും വെള്ളപ്പൊക്കവും വന്ന് പോയി. മന്ത്രി സഭകൾ പലതും മാറിയും തിരിഞ്ഞും ഉണ്ടായി. പല മുഖ്യ മന്ത്രിമാരും മുൻ മുഖ്യ മന്ത്രിമാരായി. ആലപ്പുഴ കടൽപ്പാലം  കത്തി നിന്ന കാലം കഴിഞ്ഞു ഇപ്പോൾ അസ്ഥിപജ്ഞരമായി അവശേഷിക്കുന്നിടത്തെത്തി. സമ്പത്തിന്റെ നിറകുടമായിരുന്ന  ഗുദാം കെട്ടിടങ്ങളുടെ സ്ഥാനത്ത് മറ്റെന്തോ സ്ഥാപനങ്ങൾ വന്നു. വൈകുന്നേരം അഞ്ച് മണിയാകുമ്പോൾ താറാവ് കൂട്ടങ്ങൾ പോലെ കനാൽ തീരത്തെ രോഡുകൾ നിറഞ്ഞൊഴുകിയിരുന്ന തൊഴിലാളികൾ കഥകളിലെയും സിനിമകളിലെയും കഥാ പാത്രങ്ങളായി മാറി.

പ്രണയങ്ങൾ മൊട്ടിട്ടു, പലതും വിരിയാതെ കരിഞ്ഞ് പോയി. വിരിഞ്ഞതൊട്ട് സുഗന്ധം പരത്താതെയുമായി. റേഡിയോ പോയി, റ്റിവി വന്നു, പിന്നെ പല ചാനലുകളും വന്നു. ചരട് പോലെ നീളത്തിലുള്ള നാട ഉൾക്കൊണ്ടിരുന്ന കാസറ്റ്കൾക്ക് പകരം വൃത്താകൃതിയിലുള്ള സിഡികളായി, അതും കഴിഞ്ഞ് ചെറു വിരലിന്റെ വലിപ്പത്തിലുള്ള പെൻ ഡ്രൈവെന്ന ഓമനപ്പേരുള്ള യു.എസ്.ബി. വന്നു, അപൂർവമായിരുന്ന ടെല ഫോണുകൾ സുലഭമായ മൊബൈൽ ഫോണുകളായി മാറി. ഒന്ന് കണ്ണ് ചിമ്മിയതേ ഉള്ളൂ അപ്പോഴേക്കും ഇതെല്ലാം  നടന്ന് കഴിഞ്ഞു. മുതലാളി അന്ന് 50 ഇന്ത്യൻ രൂപാ തന്ന സ്ഥലത്ത് നിന്നും ഇത്തിരി ഇങ്ങ് മാറിയപ്പോഴേക്കും  ഇങ്ങിനെയെല്ലാം സംഭവിച്ചിരിക്കുന്നു.

പഴയ മുതലാളി തന്ന   ആ 50 രൂപായുടെ സ്ഥാനത്ത്  സർക്കാർ സർവീസിൽ കയറിയപ്പോൾ  മൂന്ന് അക്കത്തിൽ 200 രൂപാ  ആദ്യ ശമ്പളമായി കൈ പറ്റിയ ഞാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും  മൂന്നക്കം അഞ്ച് അക്കമായി  സർവീസിൽ നിന്നും വിരമിച്ചു, ഇപ്പോൾ അഞ്ചക്ക സംഖ്യ പെൻഷനായി കൈ പറ്റുന്നു. 25 പൈസക്ക് ഒരു കിലോ ചീനി വാങ്ങിയിടത്ത് ഇരുപത്തഞ്ച് രൂപക്ക് അത് വാങ്ങുന്നു.

“അന്നുണ്ടായിരുന്ന പലരും ഇന്നില്ല, ഇന്നുണ്ടായിരുന്ന പലരും അന്നില്ലായിരുന്നു, എന്ന് നോവലിസ്റ്റ് സി.രാധാക്രിഷ്ണൻ പറഞ്ഞ അവസ്ഥയിൽ  കഴിയുമ്പോഴും  ഒരു സത്യം എന്നെ വല്ലാതെ സന്തുഷ്ടനാക്കുന്നുവല്ലോ അന്നുണ്ടായിരുന്ന  ആ മനസ്സ് തന്നെ ഇന്നുമെനിക്കുണ്ട്. ബാല്യത്തിലെയും കൗമാരത്തിലെയും സൗഹൃദം  ഇന്നുമന്വേഷിച്ച് നടക്കുന്ന ആ മനസ്സ് കടലും കടപുറവും കാണുമ്പോൾ  മലയും താഴ്വാരവും കാണുമ്പോൾ മീനമാസത്തെ വെട്ടിത്തിളങ്ങുന്ന നീലാകാശത്തെയും കൊള്ളിയാൻ മിന്നിച്ച് കറുത്ത മുഖത്തോടെ നിൽക്കുന്ന കർക്കിടക മാനത്തെയും കാണുമ്പോൾ കൗതുകത്തോടെ തുള്ളിച്ചാടുന്ന ആ മനസ്സ് അതെനിക്ക് ഇന്നും നഷ്ടപ്പെട്ടില്ലല്ലോ!

കാലമേ! നിനക്കൊരുപാട് നന്ദി.

Tuesday, January 25, 2022

18 വർഷങ്ങൾ

 

ഉമ്മാ യാത്ര പരഞ്ഞിട്ട് 18 വർഷങ്ങൾ ഓടി പോയീരിക്കുന്നു.

പുനലൂരിൽ ക്യാമ്പ് സിറ്റിംഗിൽ പങ്കെടുക്കേണ്ടിയിരുന്ന ഞാൻ പകുതി വഴി താണ്ടി കഴിഞ്ഞപ്പോൾ  ഏതോ ഉൾവിളിയാൽ യാത മതിയാക്കിയത്  എന്ത് കൊണ്ടാണെന്ന് ഇന്നും എനിക്കറിയില്ല. ഉമ്മാ ആശുപത്രിയിലായിരുന്നു എന്നത് അറിയാമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം  കണ്ടപ്പോൾ അത്രക്ക് ഗുരുതരാവസ്ഥയിലായിരുന്നില്ലല്ലോ. പിന്നെന്താണ്  ഈ ഉൾവിളീ.

ആലപ്പുഴ കൊട്ടാരം ആശുപത്രിയിൽ എത്തി ഓടി ഉമ്മായുടെ കട്ടിലിനരികിൽ ചെന്നപ്പോൾ ഊർദ്ധൻ അവസ്തയിലാണ്. കണ്ണുകൾ പരതുന്നു. ഷരീഫിനെയാണോ എന്ന് മൂത്ത സഹോദരി ചോദിക്കുന്നു, മറുപടിയില്ലാ. 

ഞാൻ വിളിച്ചു “ഉമ്മാ...“ പെട്ടെന്ന് നോട്ടം എന്റെ മുഖത്ത് വീഴുന്നു. മുഖത്ത് ശാന്തത കടന്ന് വരുന്നു, എന്തോ പറയാൻ ചുണ്ടുകൾ അനക്കാൻ ശ്രമിക്കുന്നു. ഓക്സിജൻ മാസ്ക് മാറ്റിച്ചപ്പോഴും എന്തോ പറയാനുള്ള തത്രപ്പാടിലാണ്. ഉടനെ തന്നെ ആ ശ്രമം നിലച്ചു, ഉമ്മാ പോയി. എന്തായിരിക്കും ഉമ്മാ പറയാൻ ശ്രമിച്ചത്... ഇന്നും ആ ഓർമ്മ മനസ്സിൽ പ്രയാസമുണ്ടാക്കുന്നു.

വാപ്പാ പോയതിന് ശേഷം ഉള്ളിലുള്ള ഭാരം ഇറക്കി വെക്കാൻ  ഉമ്മാ ആയിരുന്നു ആശ്രയം. എന്റെ ആകുലതകൾ ഇരുന്ന് കേൾക്കാൻ  ആളില്ലാത്തതാണല്ലോ എന്റെ ഇന്നത്തെയും എന്നത്തെയും ദുഖം. വല്ലാത്ത ശൂന്യത.

ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ വെള്ള മണലിൽ ഉമ്മാ ഉറങ്ങുന്നു, അൽപ്പം വർഷങ്ങൾക്ക് ശേഷം  മൂത്ത സഹോദരിയും അവിടെ കൂട്ടിന് ചെന്നു, ഇപ്പോഴും രണ്ട് പേരും  അവിടെ മിണ്ടിയും മിണ്ടാതെയും അവസാന കാഹളം പ്രതീക്ഷിച്ച് കിടക്കുകയായിരിക്കും. ബാപ്പായും  അളിയനും കുറച്ചപ്പുറത്ത് മാറി തന്നെ ഉണ്ട്.

ചെറുപ്പത്തിൽ ഉമ്മാ ആഹാരം വയറ് നിറയെ കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ദിവസം ഒരു നേരം മാത്രമുള്ള ആ ഭക്ഷണം ഞങ്ങൾ കുട്ടികൾക്കും വാപ്പാക്കും ( ഉണ്ടെങ്കിൽ) നൽകി കഴിഞ്ഞാൽ കലത്തിൽ ബാക്കി കാണില്ലായിരുന്നല്ലോ.  എന്നാലും ആ മുഖത്ത് നിരാശ ഞാൻ കണ്ടിട്ടില്ല. പട്ടിണി കാലം കഴിഞ്ഞ് സമയത്ത് ആഹാരം കിട്ടി കൊണ്ടിരുന്ന നല്ല കാലം വന്നപ്പോൾ ഉമ്മാക്ക് ഡയബിറ്റിക് പിടിച്ചു, അങ്ങിനെ അപ്പോഴും ഉമ്മാക്ക് വയറ് നിറയെ കഴിക്കാൻ സാധിക്കാതെ വന്നു.

മുസ്ലിം സ്ത്രീകൾ ആലപ്പുഴയിൽ പകൽ പൊതു വഴിയിൽ സഞ്ചരിക്കാതിരുന്ന എന്റെ കുഞ്ഞ് പ്രായത്തിൽ ഉമ്മാ ആറാട്ട് വഴിയിലുള്ള ഒരു ബന്ധു വീട്ടിൽ എന്നെയും കൂട്ടി  സന്ധ്യ കഴിഞ്ഞുള്ള സമയം ഒരു ദിവസം പോയത് ഇന്നും മറക്കാൻ കഴിയില്ല.  മണൽ നിറഞ്ഞ ഒരു മൈതാനത്തിലൂടെയാണ് ഞങ്ങൾ പോയത്. മുകളിൽ ചന്ദ്രൻ പ്രഭ ചൊരിയുന്നു, നക്ഷത്രങ്ങൾ വെട്ടിത്തിളങ്ങുന്നു, ചെറിയ തണുപ്പുമുണ്ട്. ഞാൻ ഉമ്മാക്കൊപ്പം പറ്റി ചേർന്ന് നടന്നു. ഉമ്മാ ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചിരുന്നു എന്നാണിന്നും ഞാൻ ഓർമ്മിക്കുന്നത്.  ബാല്യ കാലത്തെ ആ യാത്ര എന്ത് കൊണ്ടോ മനസ്സിനെ തരളിതമാക്കി. ഇന്നും  രാത്രിയിൽ അത് പോലുള്ള അന്തരീക്ഷത്തിൽ നടക്കുമ്പോൾ ഉമ്മാ കൂടെ ഉണ്ടെന്ന് തോന്നി പോകും.

18 വർഷത്തിന്  ശേഷം ഇപ്പോഴും ചിലപ്പോൾ കൊതിക്കാറുണ്ട്, ഉമ്മാ ഉണ്ടായിരുന്നെങ്കിൽ.....അടുത്ത് പോയിരുന്ന് മനസ്സിലെ തിങ്ങൽ...ആകുലതകൾ പറഞ്ഞ് ആശ്വസിക്കാമായിരുന്നു.....

മാതാവിന്റെ കാലടിയിലാണ് സ്വർഗം എന്ന് പ്രവാചകൻ പറഞ്ഞത് എത്രയോ അന്വർത്ഥമാണ്

Tuesday, January 18, 2022

പ്രതിയും തട്ടാനും

 വളരെ വര്‍ഷങ്ങള്‍ നാം പുറകോട്ടു പോകേണ്ടിയിരിക്കുന്നു. 

തനിക്കെതിരായി മൊഴി പറഞ്ഞ ഒരു സാക്ഷിയോട് ആ കേസിലെ പ്രതി മനസ്സു ഉരുകി ഒരു ചോദ്യം ചോദിച്ചു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും  ചോദ്യം കേട്ടുനിന്നിരുന്ന അന്നത്തെ ബെഞ്ച് ക്ലാര്‍ക്കിന് ആ ചോദ്യം മറക്കാന്‍ കഴിയുന്നില്ല.

കോടതിയിലെ വരാന്തയാണ് രംഗം .ജാമ്യം ലഭിക്കാത്തതും ജെയിലില്‍ സൂക്ഷിക്കുന്നതുമായ പ്രതികളെ കോടതിയില്‍ കൊണ്ടു വരുമ്പോള്‍ പോലീസുകാര്‍ ഈ വരാന്തയില്‍ ആണ് സൂക്ഷിക്കുന്നത്. അങ്ങിനെ ഉള്ള പ്രതികളെ കാണാനായി ബന്ധുക്കള്‍ ഈ വരാന്തക്കു സമീപം വന്നു  നിൽക്കും. പോലീസുകാര്‍ക്ക് പടി കൊടുത്താല്‍ പ്രതികളോട് സംസാരിക്കാനുള്ള അവസരം അവര്‍ നല്കുകയും ചെയ്യും. ജാമ്യത്തില്‍ ഇറക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്തവരും തീരെ സാധുക്കളുമായിരിക്കും ഇങ്ങിനെ അവിടെ വരുക. സംസാരിക്കാനുള്ളവരെ വരാന്തക്കു അകത്തു കടത്തി വിട്ടു വാതില്‍ക്കല്‍ പോലീസുകാരന്‍ പോയി നിൽക്കും

. ബെഞ്ച് ഡ്യൂട്ടി കഴിഞ്ഞു ക്ലാര്‍ക്ക് ഇരിക്കുന്ന കസേരയുടെ സമീപമുള്ള ജനലില്‍ കൂടി നോക്കിയാല്‍ വരാന്തയിലെ എല്ലാ വിശേഷങ്ങളും കാണാനും കേള്‍ക്കാനും കഴിയും. അങ്ങിനെയാണ് ബെഞ്ച് ക്ലാര്‍ക്ക് മേല്പ്പറഞ്ഞ രംഗത്തിനു സാക്ഷി ആയതു.

 പോലീസ്‌ രേഖകള്‍ പ്രകാരം പ്രതിയുടെ കേസ്സ് ഇപ്രകാരമാണ്. പ്രതി സ്ഥിരം മോഷ്ടാവ്. പലതവണ മോഷണ കുറ്റത്തിന് ജെയിലില്‍ കിടന്നിട്ടുണ്ട്. ....തീയതി പാതിരാത്രി പ്രതി ഗ്രാമത്തിലെ അമ്പലം കുത്തി തുറന്നു അകത്തു കയറി ദേവിക്ക് കാഴ്ച ആയി സമര്‍പ്പിച്ചിരുന്ന വെള്ളി കണ്ണ് വെള്ളി മൂക്ക്കുത്തി വെള്ളി കമ്മല്‍ തുടങ്ങിയവ കവര്‍ന്നെടുത്തു . മേൽപ്പറഞ്ഞ സാധനങ്ങള്‍ പ്രതി ഒരു തട്ടാന്റെ കടയില്‍ വിലക്ക് കൊടുത്തു. വിറ്റ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 പ്രതി പകല്‍ അമ്പല പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട ഒരു ഭക്തന്‍

, വാതില്‍ കുത്തി തുറന്നിരുന്നു എന്നും കാഴ്ച വസ്തുക്കള്‍ മോഷണം പോയി എന്നും മൊഴി കൊടുത്ത പൂജാരി,

 തന്റെ കടയില്‍ മോഷണ വസ്തുക്കള്‍ വിൽക്കാൻ കൊണ്ടു വന്നിരുന്നു എന്നും താന്‍ അത് പ്രതിയില്‍ നിന്നു വിലക്കെടുത്തു എന്നും മൊഴി കൊടുത്ത തട്ടാന്‍ ,

 പ്രതി സ്ഥിരം മോഷ്ടാവാനെന്നും പലതവണ ജയിലില്‍ കിടന്നിട്ടുണ്ട് എന്ന് രേഖകള്‍ കൊണ്ടു സ്ഥാപിച്ച പോലീസ്സ് ഉദ്യോഗസ്ഥന്‍ 

തുടങ്ങിയവര്‍ കേസ്സിലെ സാക്ഷികളാണ്. 

കോടതി ഉച്ചക്ക് ഒരു മണിക്ക് പിരിഞ്ഞപ്പോള്‍ പ്രതിയുമായി പോലീസുകാരന്‍ വരാന്തയില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ അന്ന് രാവിലെ വിസ്തരിച്ച് കഴിഞ്ഞ ഒരു സാക്ഷിയും ഒരു ചെറുപ്പക്കാരിയും ഒരുകുഞ്ഞും വരാന്തയില്‍ കാണപ്പെട്ടു. പ്രതി മോഷണ വസ്തു തന്റെ കടയില്‍ കൊണ്ടു വന്നു എന്നും താന്‍ അത് വിലക്ക് എടുത്തു എന്നും മൊഴി കൊടുത്ത തട്ടാന്‍ ആയിരുന്നു അത്.ബെഞ്ച് ക്ലാര്‍ക്ക് വരാന്തയിലേക്ക്‌ നോക്കാനും അതായിരുന്നു കാരണം. തട്ടാന്റെ മൊഴി കോടതിയിൽ പറഞ്ഞത് വളരെ കൃത്യം ആയിരുന്നു.ചീഫില്‍ അയാള്‍ മണി മണി പോലെ കാര്യങ്ങള്‍ പറഞ്ഞു. പ്രതി ഭാഗം വക്കീലിന്റെ ( പ്രതിക്ക് സ്വന്ത നിലയില്‍ വക്കീലിനെ വെയ്ക്കാന്‍ കഴിവില്ലാത്തതിനാല്‍ സര്‍ക്കാര്‍ ചിലവില്‍ നിയമിച്ച ഒരു വക്കീലായിരുന്നു അത്) ക്രോസ്സില്‍ തട്ടാന്‍ പതറിയുമില്ല . അയാളുടെ മൊഴി കൊണ്ടു മാത്രം പ്രതി ശിക്ഷിക്കപ്പെടും എന്ന് കരുതാം. ആ തട്ടാനാണ് പ്രതിയെ കാണാന്‍ വന്നിരിക്കുന്നത്. പ്രതിയുടെ ഭാര്യയും കുഞ്ഞുമാണ് അടുത്ത് നില്ക്കുന്നത് എന്ന് മനസ്സിലായി. ആ കൊച്ചു കുഞ്ഞിനെ കയ്യിലെടുത്തു ഏങ്ങലടിച്ചു കൊണ്ടു പ്രതി സാക്ഷിയോട് ചോദിച്ചു "ഞാന്‍ ഒരു തെറ്റും നിങ്ങളോട് ഇതു വരെ ചെയ്തിട്ടില്ലല്ലോ തട്ടാനേ! പിന്നെന്തിനാണ് നിങ്ങള്‍ ഈ പച്ചക്കള്ളം എനിക്കെതിരെ മൊഴി കൊടുത്തത്" 

തട്ടാന്‍ എന്ത് പറയുന്നു എന്ന് ബെഞ്ച് ക്ലാര്‍ക്ക് ആകാംക്ഷയോടെ നോക്കി

."എന്റെ പൊന്നനിയാ നീ ഒരു സാധനവും എന്റെ കടയില്‍ കൊണ്ടു വന്നിട്ടുമില്ല എനിക്ക് വിറ്റിട്ടുമില്ല പക്ഷെ ഇനിയും വേറൊരു കേസിലും ഇതു പോലെ ഞാന്‍ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിതനാണ്. ഞാന്‍ അത് ചെയ്തില്ലെങ്കില്‍ ഏതെങ്കിലും കേസ്സില്‍ മോഷണ മുതല്‍ വാങ്ങി എന്നും പറഞ്ഞു പോലീസുകാര്‍ എന്നെ അകത്താക്കും.. എന്റെ മണ്ടത്തരത്തിന് പണ്ടു ഒരു സാധനം ഞാന്‍ ഒരു കള്ളന്റെ കയ്യില്‍ നിന്നും വാങ്ങിച്ചു പോയി ആ കേസ്സ് ഒതുക്കി തന്നതിന്റെ പ്രതിഫലമാണ് എന്നെ ഇങ്ങിനെ മൊഴി പറയിപ്പിക്കുന്നത്."

പ്രതിയുടെ നേരെ കൈ കൂപ്പിയാണ് തട്ടാന്‍ ഇതു പറഞ്ഞതു.അപ്പോള്‍ പ്രതി തട്ടാനോട് ഒരു ചോദ്യം ചോദിച്ചു.അയാള്‍ മനസ്സു ഉരുകിയാണ് അത് ചോദിച്ചതെന്ന് വ്യക്തം

 "മുകളിലെ കോടതിയില്‍ ഉടയ തമ്പുരാന്റെ മുമ്പിലും നിങ്ങള്‍ ഇങ്ങിനെ മൊഴി കൊടുക്കുമോ"

തട്ടാന്റെ മറുപടി മറ്റൊന്നായിരുന്നു".നിന്നോട് മാപ്പു പറയാനാണ് ഞാന്‍ ഇവിടെ കയറി വന്നത് എന്നെ നീ ശപിക്കരുത്." 

പ്രതി, യുവതി ആയ ഭാര്യെയും കുഞ്ഞിനെയും ചൂണ്ടി കാണിച്ചു ഇങ്ങിനെ ചോദിച്ചു."ഞാന്‍ ജെയിലില്‍ പോയാല്‍ ഇവരുടെ കാര്യം ആര് നോക്കും" 

അതിന് മറുപടി പറഞ്ഞതു അപ്പോള്‍ അവിടെ കയറി വന്ന പോലീസുകാരനാണ്. 

"അവളെ നാട്ടുകാര് നോക്കി കൊള്ളും " 

ആ പോലീസുകാരന്റെ മുഖം അടച്ചു ഒരു അടി കൊടുക്കാനാണ് ബെഞ്ച് ക്ലാര്‍ക്കിനു തോന്നിയത്.

 താന്‍ പറഞ്ഞ തമാശ ആര്‍ക്കും ഇഷ്ടപെട്ടില്ല എന്ന് അവിടെ നിന്നവരുടെ മുഖഭാവം കൊണ്ടു മനസ്സിലാക്കി അയാള്‍ ഉടനെ അധികാരം നടപ്പില്‍ വരുത്തി.

"മതി മതി പുന്നാരം പറച്ചിലും കുമ്പസ്സാരവും ഇറങ്ങ് ഇവിടെ നിന്നും"

 തിരിഞ്ഞു നോക്കി നോക്കി ആ യുവതിയും കുഞ്ഞും കൂട്ടത്തില്‍ തട്ടാനും ഇറങ്ങി പോയി. 

നമുക്കു ഈ കഥ ചുരുക്കാം .ഹാജരാക്കിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും പ്രോസിക്യൂട്ടെരുടെ ശക്തമായ വാദത്തിന്റെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരന്‍ എന്ന് കണ്ടു കോടതി ഒന്നര വര്ഷം തടവിനു പ്രതിയെ ശിക്ഷിച്ചു. (

എത്രയോ വർഷങ്ങൾ  കടന്ന് പോയി. ഇതിലെ കഥാപാത്രങ്ങൾ ഇപ്പോൾ എവിടെയാണെന്ന് ഈയുള്ളവനറിയില്ല്. എങ്കിലും മനസ്സിൽ നിന്നും മായാത്ത ചില സംഭവങ്ങളുണ്ട്. അവയിലൊന്നാണ് ഈ സംഭവവും 

ഴിഞ ആഴ്ച  പഴയ കോടതി പരിസരഥ് കൂടി  നടന്ന് പോയി.

നല്ല യവ്വനം ചെലവഴിച്ച സ്ഥാപനം പല ഓർമ്മകളും മനസ്സിലേക്ക് തിരയടിച്ചെത്തി.അതിൽ പലതും എന്റെ ബ്ളോഗിൽ പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കുത്തിക്കുറിച്ചിട്ടിരുന്നു. 
അതിലൊന്നാണ് ഈ അനുഭവ  കഥ

Saturday, January 15, 2022

ഒറ്റവരി വിധി പ്രസ്താവം.

 “ഒറ്റവരിയിൽ തൂങ്ങിയാടുന്ന നീതി“

ഇന്നത്തെ  “മാധ്യമം“  ദിന പത്രത്തിലെ മുഖ പ്രസംഗത്തിന്റെ തലക്കെട്ടാണ് മുകളിൽ കാണിച്ചിരിക്കുന്നത്.ബിഷപ്പ് ഫ്രാങ്കോയുടെ കേസിലെ വിധി പറഞ്ഞതിനെ പറ്റിയുള്ളതാണ് അത്.

സോഷ്യൽ മീഡിയായിലും  ഇന്നത്തെ  തന്നെ പല ദിനപ്പത്രങ്ങളിലും  ഇന്നലെ കാണിച്ചിരുന്ന റ്റി,വി. വാർത്തകളിലും  ഈ  ഒറ്റവരി പ്രയോഗം വിമർശനം വിളിച്ച് വരുത്തി.

മുഖ പ്രസംഗം എഴുത്തിൽ പലപ്പോഴും പലരിൽ നിന്നും അവാർഡ് വാങ്ങിയ പത്രമാണ് മാധ്യമം. ഒരു വിഷയത്തെ പറ്റി അവഗാഢമായി പഠനം നടത്തിയാണ്` അവർ മുഖപ്രസംഗം എഴുതുന്നതാണ്` അവരുടെ രീതി എന്നാണ് വെയ്പ്. അത് കൊണ്ടാണ്` പല പത്രങ്ങളും ഈ “ഒറ്റവരി“ പ്രയോഗം നടത്തിയിട്ടും മാധ്യമത്തെ മാത്രം ഇവിടെ വിമർശിക്കുന്നതിന്റെ കാരണം, 

 ഒരു ചുക്കും പഠിക്കാതെയാണ്  തദ് വിഷയമായ മാധ്യമം പത്രത്തിന്റെ   മുഖ പ്രസംഗം.

കോടതിയിൽ വിവിധ തസ്തികകളിൽ ജോലി നോക്കിയിട്ടുള്ളവനാണ് ഈയുള്ളവൻ.  പ്രതിയെ കുറ്റ വിമുക്തനാക്കുന്ന  ക്രിമിനൽ കേസുകളിൽ  ബഹു ഭൂരിഭാഗത്തിലും ജഡ്ജ്  ഈ ഒറ്റവരി പ്രഖ്യാപനമാണ് നത്തുക പതിവ്.  അങ്ങിനെയുള്ള കേസുകളിൽ പ്രതിയെ ദൂരെ പ്രതിക്കൂട്ടിൽ തന്നെ നിർത്തിയിട്ടാണ് വിധി പറയുക. എന്നാൽ പ്രതി കുറ്റക്കാരനാണെന്ന് കാണുന്ന പക്ഷം വിധി പ്രസ്താവിക്കുന്ന നേരം പ്രതിയെ കൂട്ടിൽ നിന്നുമിറക്കി ജഡ്ജിന്റെ സമീപത്ത് കൊണ്ട് വന്ന് ഡയസ്സിന് താഴെയായി നിർത്തും. എന്നിട്ട് വിധി ന്യായത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ച് കേൾപ്പിക്കും തുടർന്ന് നിങ്ങളെ കുറ്റക്കാരനായി കണ്ടിരിക്കുന്നു എന്ന് പറയുകയും അനന്തര നടപടികളിലേക്ക് തിരിയുകയും ചെയ്യും. ഇതാണ് ശിക്ഷിക്കപ്പെടുന്ന മിക്ക കേസുകളിലെയും വിധി പറച്ചിൽ. 

കുറ്റക്കാരനല്ല എന്ന് വിധിക്കുന്ന കേസുകളിൽ  ഒറ്റവരി വിധി പറയുന്നത് ഒന്നുകിൽ പ്രതി നിരപരാധിയാണെന്ന് കണ്ട് വെറുതെ വിടുന്നു എന്നോ പ്രതിക്കെതിരെ കുറ്റം തെളിയാത്തതിനാൽ വെറുതെ വിടുന്നു എന്നോ, സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുന്നു എന്നോ  അങ്ങിനെ എന്താണോ ജഡ്ജ്മെന്റിൽ അവസാനം എഴുതിയിരിക്കുന്നത് ആ ഒറ്റവരി മാത്രം പറയും.

പൊതു ജനത്തിന്റെ ധാരണ വെറുതെ വിട്ട് ഒറ്റവരി വിധി പറയുന്ന ആ കേസ് മാത്രമേ കോടതിയിലുള്ളൂ, വേറെ കേസൊന്നും അന്ന് വിചാരണക്കില്ലാ എന്നാണ്. അത് കൊണ്ട് ജഡ്ജ്മെന്റ്  വള്ളി പുള്ളീ വിസർഗം കൂടാതെ മൊത്തം വായിക്കുമെന്നാണ്.അവർ കരുതുന്നത്. പത്രക്കാർ ഉൾപ്പടെ ഇങ്ങിനെ ധരിച്ചിരിക്കുന്നു. ശിക്ഷിക്കുന്ന കേസുകളിൽ മാത്രമാണ് ജഡ്ജ്മെന്റ് വിശദമായി വായിക്കുകയുള്ളൂ എന്നത് പലർക്കുമറിയില്ല. അത് തന്നെ  എന്തിന്    തന്നെ ശിക്ഷിക്കുന്നു എന്ന് പ്രതി അറിയാൻ വേണ്ടിയാണ്. അത് പ്രതിയുടെ അവകാശമാണ്. വെറുതെ വിട്ട കേസുകളിൽ  ആ ജഡ്ജ്മെന്റ് കോടതിയിൽ തന്നെ കാണും. ആർക്ക് വേണമെങ്കിലും  ആഫീസിൽ ചെന്ന് അനുവാദം വാങ്ങി വായിച്ച് എന്ത് കൊണ്ട് വെറുതെ വിട്ടു എന്നത് മനസ്സിലാക്കാം. മാത്രമല്ല എന്ത് കൊണ്ട് തന്നെ വെറുതെ വിട്ടു എന്നത് തുറന്ന കോടതിയിൽ സമയമെടുത്ത് പ്രതിയെ അറിയിപ്പിക്കേണ്ട  കാര്യമല്ലല്ലോ. അത് പ്രതിക് അറിയാൻ നിർബന്ധം ഉണ്ടെങ്കിൽ  ജഡ്ജ്മെന്റ് പകർപ്പെടുത്ത് വായിക്കണം.

മറ്റൊരു തമാശ  ഇപ്രകാരം മുഖ പ്രസംഗം എഴുതിയ മാധ്യമം പത്രത്തിൽ രണ്ടാം പേജിൽ  “തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നത്  പ്രൊസിക്യൂഷന് തിരിച്ചടിയായി“ എന്നൊരു തലക്കെട്ടിന് താഴെ എന്ത് കൊണ്ട് പ്രതിയെ വെറുതെ വിട്ട് വിധി ഉണ്ടായി എന്നതിന്റെ കാരണങ്ങൾ നിരത്തുന്നുമുണ്ട്.അപ്പോൾ വിധി ഒറ്റവരിയല്ല എന്നും വിശദമായ ജഡ്ജ്മെന്റ് ഉണ്ട് എന്നും മനസ്സിലാവുന്നു.  പിന്നെന്തിന്  ഒറ്റവരിയിൽ നീതി തൂങ്ങിയാടുന്നു എന്ന പ്രയോഗം.

‘സാക്ഷി മൊഴികൾക്കടിസ്താനമായ തെളിവുകളും രേഖകളും ഇല്ലായിരുന്നു എന്നത് പ്രോസിക്യൂഷന്റെ പരാജയമായി പറയുന്നു.2014 ൽ നടന്ന സംഭവം    4 വർഷം കഴിഞ്ഞപ്പോഴാണ് പരാതിപ്പെട്ടതെന്നും ഈ കാലയളവിൽ കന്യാസ്ത്രീയും ബിഷപ്പും അടുത്ത സ്നേഹത്തിലായിരുന്നുവെന്നും  തന്റെ ബന്ധുവായ ഒരു സ്ത്രീ കൊടുത്ത പരാതിയിൽ അതായത് ആ സ്ത്രീയുടെ ഭർത്താവും കന്യാ സ്ത്രീയുമായുണ്ടായ ബന്ധത്തെ പറ്റി കൊടുത്ത പരാതീയിൽ ബിഷപ്പ് നടപടിയെടുത്ത വൈരാഗ്യത്തിലാണ്  കന്യാസ്തീ പരാതി കൊടുത്തതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഇതെല്ലാം ഈ പത്രത്തിൽ തന്നെ വിശദമായി കൊടുത്തിട്ടുണ്ട്.  എന്നിട്ടാണ് ഒറ്റവരി നീതി എന്ന് ആക്ഷേപിക്കുന്നത്. എല്ലാം സ്വാധീനമാണെന്നും ഇങ്ങിനെയെങ്കിൽ മേലേ കോടതിയിലെന്തായിരിക്കും ഗതി എന്നും പത്രം വ്യാകുലപ്പെടുന്നുമുണ്ട്.

പത്രക്കാരൻ പത്രക്കാരന്റെ ജോലി ചെയ്യുക, കോടതിയെ പറ്റി അവർ വ്യാകുലപ്പെടേണ്ട,

Sunday, January 9, 2022

വിവാഹ മോചനം അത് ശപിക്കപ്പെട്ടതാണ്.

 ഇന്നലെ രണ്ട് വിവാഹ മോചന കേസുകളിൽ ഇടപെടേണ്ടി വന്നു. ഒന്ന്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായത്. ഭാര്യക്ക് ഒരു കൂസലുമില്ല, ഭർത്താവിന് അങ്ങിനെയെങ്കിൽ അങ്ങിനെയെന്ന മട്ടും. എന്താൺ` അവരുടെ പ്രശ്നമെന്നത് മറ്റൊരു വിഷയം അത് ഇവിടെ കുറിക്കുന്നില്ല.

രണ്ടാമത്തെ  കേസ് ദാമ്പത്യ ജീവിതം 10 വർഷത്തിനു താഴെയുള്ള കാലം. അതിൽ 7 വർഷമായി പിരിഞ്ഞ് ജീവിക്കുന്നു. അതിനു മുമ്പും ഒരുമിച്ച് ജീവിച്ചത് കുറഞ്ഞ കാലം. കാരണം ഭർത്താവിന് ഗൾഫിൽ ജോലിയായിരുന്നുവല്ലോ. ഏഴ് വർഷ കാലത്തെ വ്യവാഹാരങ്ങൾ ( അത് തന്നിൽ നിന്നും ഭർത്താവിന്റെ മാതാപിതാക്കൾ പിടിച്ചെടുത്ത സ്വർണത്തിന്റെ വിലയും രൊക്കം തുകയും പിന്നെ തനിക്കും കുട്ടിക്കും ജീവിത ചെലവ് തരണമെന്നാവശ്യപ്പെട്ടുള്ളതുമായ കേസുകൾ)

ഈ ഏഴ് വർഷ കാലയളവിൽ നാട്ടിൽ വന്നപ്പോൾ ഒരിക്കലെങ്കിലും തനിച്ച് ജനിച്ച ഏക മകനെ കാണാൻ ആ മഹാൻ മുതിർന്നിട്ടില്ല.. അവധിക്ക് വന്നപ്പോൾ കോടതി വരാന്തയിൽ  വെച്ച് കുട്ടിയെ കണ്ടപ്പോഴും ഒന്ന് തലോടുക പോലും ചെയ്തില്ല. ഉള്ളത് പറയണമല്ലോ, അത്രക്കും ദുഷ്ട്നൊന്ന്മല്ല അയാൾ, പിന്നെന്താണെന്ന് ചോദിച്ചാൽ മാതാ പിതാക്കളും ഇളയ സഹോദരനും പറയുന്നതിനപ്പുറം അയാൾക്ക് മറ്റൊരു അഭിപ്രായമൊന്നുമില്ല. ഒരുമിച്ച് കഴിഞ്ഞിരുന്ന കാലത്ത് ഗൾഫിൽ നിന്നും വന്നാൽ ആദ്യം അയാളുടെ ജോലി, ഭാര്യയെ കൊണ്ട് പിതാവിന്റെ കാല് പിടിച്ച് മാപ്പ് പറയിപ്പിക്കുകയായിരുന്നു, ചെയ്ത കുറ്റമെന്താണെന്ന് വെച്ചാൽ, എം..എസ്.സി. ബി.എഡ്. ബിരുദക്കാരിയായ മരുമകൾ ജോലിക്കപേക്ഷ അയക്കാൻ ഒരുങ്ങിയപ്പോൾ അത് തടഞ്ഞ മാന്യനോട് (ഭാര്യാ പിതാവ്) ഞാൻ ഇത്രയും പഠിച്ചത് പാഴാവില്ലേ എന്ന മറുപടി  പറഞ്ഞതിന്, അല്ലെങ്കിൽ അത് പോലുള്ള നിസ്സാര കാര്യങ്ങൾക്ക് മാപ്പ് പറയിപ്പിക്കും. സ്വന്തമായി ഒരു അഭിപ്രായം പറയാൻ കഴിവില്ലാത്ത ഭർത്താവാണ് ഏറ്റവും വലിയ ദുഷ്ടനും ക്രൂരനെന്നും ഈ കേസിൽ നിന്നുംവെളിവാകുന്നു. ഭർതൃ സഹോദരൻ ഈ വിഷയത്തിൽ പറഞ്ഞത് എന്തിന്  വേരെ ജോലി, ഇവിടെ ഈ വീട്ടിൽ ജോലി ഉണ്ട് “തൂപ്പ് ജോലി“ അത് പോരേ? എന്ന്.  പെൺകുട്ടി ചെയ്ത വലിയ കുറ്റം. അവൾക്ക് ഉയർന്ന ബിരുദം ഉണ്ട് എന്നത്. “അതിന്റെ അഹങ്കാരം, അതായത് പഠിച്ചവളാണെന്ന അഹങ്കാരം“ ഇവിടെ കാണിക്കേണ്ട എന്ന് അമ്മായി അപ്പനും അമ്മായി അമ്മയും. 

പെൺകുട്ടിയുടെ പിതാവ് മകളെ കാണാനൊന്നും എപ്പോഴും ഇവിടെ വരരുത്. വരുമ്പോൾ സാധനങ്ങൾ കൊണ്ട് വരരുത്, അഥവാ കൊണ്ട് വന്നാൽ  പോകുമ്പോൾ തിരിച്ച് കൊണ്ട് പൊയ്ക്കോളണം...ഇങ്ങിനെ പോകുന്നു ഭർതൃ വീട്ടിലെ ക്രൂര കൃത്യങ്ങൾ.

കുറേ ഏറെ സഹിച്ചപ്പോൾ അവൾ സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നു. നിയാ‍ാനുസരണം കോടതിയിൽ തന്റെ മുതൽ പിടിച്ചെടുത്തത് കിട്ടാനായി കേസ് കൊടുത്തു. ഭർത്താവിനെ പ്രതിനിധീകരിച്ചത് ഭർതൃ പിതാവ് (പവർ ഓഫ് അട്ടോർണി) ഏഴ് വർഷത്തിന് ശേഷം കേസ് വിധി ആയി.ഇതിനിടയിൽ ദൈവ കാരുണ്യത്താൽ പെൺകുട്ടിക്ക്  സർക്കാർ ജോലി  കിട്ടി. കോടതി അവൾ ചോദിച്ച തുക ഭാഗികമായും, കുട്ടിക്ക് പ്രതിമാസം ഒരു ചെറിയ തുകയും ഭാര്യയ്ക്ക് ജോലി കിട്ടിയത് വരെയുള്ള കാലത്തെ ചെലവും അനുവദിച്ചു. ( ജോലി ഉള്ളവൾക്ക് ചെലവിന് അനുവദിക്കില്ല)

വിധിച്ച തുക ഇത് വരെ ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോകുന്നു.  ഇതിനിടക്ക് ഭർത്താവ് നാട്ടിലെത്തി.

 ഇന്നലേ പോസ്റ്റ് മാൻ രജിസ്റ്റേഡ് പോസ്റ്റായി വിവാഹ മോചന നോട്ടീസ് പെൺകുട്ടിക്ക് കൊണ്ട് കൊടുത്തു.

അവൾ ഞെട്ടിപ്പോയി. കേസെല്ലാം കൊടുത്തെങ്കിലും മറ്റൊരു കുറ്റവും താൻ ചെയ്യാത്തതിനാൽ അതായത് വഴി പിഴച്ചിട്ടില്ല, ആരുമായും അവിഹിത ബന്ധമില്ല, ഭർത്താവിനോട് ഒരുമിച്ച് ജീവിച്ച കാലത്ത് അനുസരണക്കേട് കാണിച്ചിട്ടില്ല, അങ്ങിനെ ഒരു തെറ്റും ചെയ്തിട്ടില്ല.

 അയാൾ കൂടെ കഴിഞ്ഞ കാലം കുറച്ചേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇവർ മാത്രമായി കുഞ്ഞിനോടൊപ്പം ഒരു കുടുംബം തനിച്ച് ജീവിച്ചിരുന്നു എങ്കിൽ സമാധാനമായി കഴിഞ്ഞേനെ.  അതിന് അയാൾക്ക് സമ്മതമില്ല, മാതാപിതാക്കളെ വിട്ടൊരു ജീവിതമില്ല.അയാൾക്ക്... മാതാ പിതാക്കളൊ ഈ പഠിപ്പ്കാരിയെ ഒതുക്കിയിട്ടേ കാര്യമുള്ളൂ എന്ന വൃതത്തിലും മാത്രമല്ല ആ അഹങ്കാരി കോടതിയിൽ കേസും കൊടുത്തിരിക്കുന്നു.

 വിവാഹ മോചന നോട്ടീസ് കിട്ടിയപ്പോൾ പെൺകുട്ടി പറഞ്ഞു, ഒരു മുടി നാരിഴ പോലെ എന്നിൽ അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു,  എന്നെ വിവാഹ മോചനം ചെയ്യില്ലാ എന്ന്...കാരണം ഞാനെരു തെറ്റും അയാളോട് ചെയ്തില്ലല്ലോ എന്ന വിശ്വാസത്താൽ...

അവസാനം ആ പെൺകുട്ടി ഏങ്ങലടിച്ച്കൊണ്ട് എന്നോട് ഒരു ചോദ്യം ചോദിച്ചു.  “ദൈവം ഇതൊന്നും കാണുന്നില്ലേ സാറേ എന്ന് “ അത്രത്തോളം അവൾ വേദനിച്ചിരുന്നു.

നിന്നെ വേണ്ടാത്തവനെ  ഇത്രയും കാലം നിന്നോടും കുഞ്ഞിനോടും ക്രൂരത കാണിച്ചവനുമായി നീ ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ തല കുനിച്ചിരുന്നു. 

മനുഷ്യ സ്വഭാവം പല വിധത്തിലാണ്. ആദ്യത്തെ കേസിൽ വിവാഹ മോചനം നിസ്സാരമായി കണ്ടു പിരിഞ്ഞു ദമ്പതികൾ. രണ്ടാമത്തെ കേസിൽ ഭാര്യ ആകെ തകർന്ന് പോയി. ഒരു ജോലി ഉള്ളതിനാൽ അവളുടെ ഉപജീവ്നം കഴിഞ്ഞ് പോകുമായിരിക്കാം...പക്ഷേ അതല്ലല്ലോ  അവളെ അലട്ടുന്നത്. ഒരുമിച്ച് ജീവിച്ചില്ലെങ്കിലും ബന്ധം വിച്ഛേദിക്കും  എന്ന് അവൾ കരുതിയില്ല. ബന്ധം വിച്ഛേദിക്കുന്നത് ഏറ്റവും വലിയ ദുരന്തമായി അവൾ കാണുന്നു.  ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നു. ആദ്യത്തവൾ അതിന് പുല്ല് വില കൽപ്പിക്കുന്നു.

അതേ മനുഷ്യർ പല സ്വഭാവക്കാരാണ്.

Monday, January 3, 2022

പ്രേം നസീർ എന്ന മഹാ നടൻ.

 മദ്രാസ് ടി നഗർ  നോർത്ത് ക്രസന്റ് റോഡിലെ  ആ കെട്ടിടത്തിനു മുമ്പിൽ നിന്നിരുന്ന  മാവിന്റെ കീഴിൽ ആ മഹാ നടൻ  അന്ന് നിന്നിരുന്നു.

ശാന്തമായ സായാഹ്നം. പോക്ക് വെയിലിന്റെ സ്വർണ നിറം മാവിൻ തളിരിലകളെ  സ്വർണ പ്രഭയിൽ കുളിപ്പിച്ചു അന്തരീക്ഷത്തിൽ മറ്റൊരു സ്വർണ പ്രഭ മുഖത്തേന്തി  നിന്നിരുന്ന അദ്ദേഹത്തിന്റെ സമീപത്തെക്ക് ഞാൻ പതുക്കെ നടന്ന് ചെന്നു. സ്റ്റുഡിയോവിൽ വെച്ച് പലതവണ അദ്ദേഹത്തെ എന്റ് ജോലിക്കിടയിൽ കണ്ടിരുന്നുവെങ്കിലും സിനിമാ അഭിനയമെന്ന എന്റെ ആഗ്രഹ സഫലീകരണത്തിന്റെ കാര്യം അദ്ദേഹത്തൊട് പറയാൻ ഞാൻ ധൈര്യപ്പെട്ടിരുന്നില്ല‘ ജോലിക്കാർ നടീ നടന്മാരോട് വർത്തമാനം പറയാൻ പോകരുത് എന്ന ഒരു അഖിലിത നിയമം സ്റ്റുഡിയോകളിൽ അന്ന് ഉണ്ടായിരുന്നല്ലോ.

ഇന്ന് ഇപ്പോൾ ഡ്രൈവറെയും കാത്ത് കാറിന് സമീപം നിന്നിരുന്ന അദ്ദേഹത്തൊട് എന്റെ ആവശ്യം പറയാൻ സമയം ഒത്ത് കിട്ടിയിരിക്കുന്നു.

ഈ അനുഭവം ഞാൻ മുമ്പ് എന്റെ ബ്ളോഗിലും ഫെയ്സ് ബുക്കിലും എഴുതിയിട്ടുണ്ടായിരുന്നു. ഇപ്പോൾ അത് വീണ്ടും വിശദമായി ആവർത്തിക്കുന്നില്ല. അതിന് ശേഷം അദ്ദേഹത്തിൽ നിന്നുള്ള  മറ്റൊരനുഭവത്തെ കുറിച്ചാണ്  ഇപ്പോൾ പറയുന്നത്.

അന്ന് അദ്ദേഹത്തെ സമീപിച്ച് എന്റെ അഭിനയ ആഗ്രഹത്തെ  ധരിപ്പിച്ചതും  കാറിനകത്തേക്ക് കയ്യിട്ട്  ഹാന്റ് ബാഗെടുത്ത് അഞ്ച് രൂപായുടെ അഞ്ച് നോട്ടുകൾ എടുത്ത് എന്റെ കയ്യിൽ വെച്ച് തന്നതും ഉടൻ നാട്ടിൽ തിരിച്ച് പോയി പഠനം തുടരുകയാണ് നിന്റെ ജോലിയെന്നും നല്ല ഭാവിക്കതാണ് വേണ്ടതെന്നും അൽപ്പം ഗൗരവത്തിലും എന്നാൽ ചിരിച്ചും കൊണ്ട് അദ്ദേഹം എന്നോറ്റ് പറഞ്ഞതും അപ്പോഴേക്ക് സിനിമാ ലോകം മടുത്തിരുന്ന ഞാൻ അദ്ദേഹം പറഞ്ഞത് അനുസരിച്ച് നാട്ടിലേക്ക് പോകാനായി  അതിൽ നാല് നോട്ടുകൾ ചെലവഴിച്ച് നാട്ടിലെത്തിയതും ഒരു അഞ്ച് രൂപാ നോട്ട് അദ്ദേഹവുമായുള്ള ഈ സംഗമത്തിന്റെ ഓർമ്മക്കായി അടുത്ത കാലം വരെ ഡയറിയിൽ സൂക്ഷിച്ചിരുന്നതും പിന്നീട് ആ നോട്ട് ജീർണിച്ച അവസ്തയിൽ കണ്ടതും ഞാൻ പണ്ട് പറഞ്ഞ് കഴിഞ്ഞു.

മലയാളത്തിന്റെ നിത്യ വസന്തം പ്രേം നസീറിന്റെ കാര്യമാണ് ഞാനിവിടെ കുറിക്കുന്നത്.

 അതിന് ശേഷം ഒരുപാട്കാലം  കഴിഞ്ഞ് പോയി.. ഞാൻ പഠിച്ചു, ജോലിയും കിട്ടി. അന്നൊരു ദിവസം പ്രേം നസീർ കൊട്ടാരക്കരയിൽ പുതിയ മസ്ജിദിന്റെ ശിലാ സ്ഥാപനത്തിനായി വരുന്നു  എന്നറിഞ്ഞ് തടീച്ച് കൂടിയ ജനക്കൂട്ടത്തിലൊരാളായി  നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ മുകളിൽ കയറി അടുത്തുണ്ടായിരുന്ന ലൈറ്റ് വെളിച്ചത്തിൽ  ഞാൻ നിന്നിരുന്നു. എല്ലാരെയും ചിരിച്ച് കൈ കൂപ്പി യുള്ള ആ യാത്ര പറച്ചിലിനിടയിൽ വാഹനത്തിന്റെ  മുകളിൽ കയറി നിന്നിരുന്ന എന്റെ നേരെ ഒരു നിമിഷം അദ്ദേഹം തിരിഞ്ഞു എങ്കിലും പെട്ടെന്ന് കണ്ണ് മാറ്റി.  പക്ഷേ ഉടനേ തന്നെ അദ്ദേഹം എന്റെ നേരെ വീണ്ടും മുഖം തിരിച്ചു. ഒരു നിമിഷം , ആ മുഖത്ത് ഒരു പരിചിത ഭാവം മിന്നി മറഞ്ഞുവോ? അതോ എനിക്ക് തോന്നിയതോ?! എല്ലാം പെട്ടെന്ന് കഴിഞ്ഞു, അദ്ദേഹത്തിന്റെ വാഹനം കടന്ന് പോവുകയും ചെയ്തു.

വീട്ടിൽ ചെന്നപ്പോഴും എന്റെ ചിന്ത അദ്ദേഹത്തെ പറ്റിയായിരുന്നു. അദ്ദേഹത്തിന് എന്നെ മനസ്സിലായോ? പിന്നീട് എന്റെ വിഡ്ഡിത്തരത്തെ പറ്റി ഓർത്ത് ഞാൻ സ്വയം ചിരിച്ചു. ലക്ഷോപ ലക്ഷം മനുഷ്യരെ കണ്ട അദ്ദേഹം എന്നെ എങ്ങിനെ ഓർമ്മിക്കാൻ.!

വീണ്ടും വർഷങ്ങൾ കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ ആലപ്പുഴ പാതിരാപ്പള്ളീക്ക് വടക്ക് എക്സൽ ഗ്ളാസ് കമ്പനിക്ക് സമീപം  ഒരു കാറിൽ ഇരിക്കുന്നതായി കണ്ടു. അന്ന് അദ്ദേഹം സിനിമയിൽ കത്തി നിന്ന കാലം കഴിഞ്ഞിരുന്നുവെങ്കിലും ആൾക്കാർ കൂട്ടമായി അദ്ദേഹത്തെ കാണാൻ റോഡരികിൽ നിന്നിരുന്നു. രണ്ടും കൽപ്പിച്ച് ഞാൻ കാറിന് അടുത്തെക്ക് ഓടി ചെന്നു. ആരോ എല്ലാം    എന്നെ തടയാൻ നോക്കിയെങ്കിലും ഞാൻ കാറിന് സമീപമെത്തിയപ്പോൾ അദ്ദേഹത്തിന്റെ നോട്ടം എന്നിൽ വീണു. പിന്നെ എനിക്ക് തടസ്സമുണ്ടായില്ല. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. ഞാൻ ഭവ്യതയോടെ പറഞ്ഞു.

“മദ്രാസ് ടി. നഗറിൽ....” അദ്ദേഹം മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. എനിക്കോർമ്മയുണ്ട്...ഉണ്ട്...ഞാൻ നിന്നെ കൊട്ടാരക്കര വെച്ച് വണ്ടിയുടെ മുകളിൽ കയറി നിൽക്കുന്നത് കണ്ടുവല്ലോ.....“ ഞാൻ അന്തം വിട്ടു നിന്നു. അന്ന് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരുന്നു.

“പഠനം പൂർത്തിയാക്കിയോ...ജോലി കിട്ടിയോ...സുഖമായിരിക്കുന്നോ....“

എനിക്ക് വാക്കുകൾ കിട്ടിയില്ല, ഞാൻ വിക്കി വിക്കി ചോദിച്ചു, എങ്ങിനെ എന്നെ...തിരിച്ചറിഞ്ഞു.....“

അദ്ദേഹം നന്നായി ചിരിച്ചു.  “ നിന്റെ മുടി.യാണ് നിന്നെ കാണിച്ച് തന്നത്....“

ശരിയാണ് ഞാൻ അന്നു ശരിക്കും ഒരു “മുടിയനായിരുന്നു തലപ്പാവ് വെച്ച പോലെയുള്ള മുടി എനിക്കന്നുണ്ടായിരുന്നു.

അപ്പോഴേക്കും അദ്ദേഹത്തിന്റെ വാഹനം നീങ്ങി കഴിഞ്ഞു. കൂടിയിരുന്നവരെയെല്ലാം അദ്ദേഹം ചിരിച്ച്കൊണ്ട് കൈ കൂപ്പി. അത് അവസാന കാഴ്ചയായിരുന്നു.

 മലയാളത്തിലെ ഒരു   മെഗാ സ്റ്റാറിന് അടുത്ത കാലത്ത് 70 തികഞ്ഞപ്പോഴുണ്ടായ കോലഹലത്തിലും മറ്റൊരു നടൻ പൊതു നിരത്തിലെ ധർണക്കെതിരെ ശബ്ദം ഉയർത്തിയപ്പോഴും ഞാൻ പ്രേം നസീർ സാറിനെ കുറിച്ചോർത്തു. എന്തൊരു സൗമ്യതയായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് വേളയിൽ കൃത്യ സമയം അദ്ദേഹമെത്തി ചേർന്നിരുന്നു. ഒരിക്കലും ഷൂട്ടിംഗ് സ്ഥലത്ത് ആരോടും കയർത്തിരുന്നില്ല. ഞങ്ങൾ ജോലിക്കാരോട് ദയാ വായ്പോടെ പെരുമാറിയിരുന്നു.  അദ്ദേഹം വരുമ്പോൾ എഴുന്നേറ്റ് നിന്നില്ലെങ്കിൽ ഒരു ധാർഷ്ഠ്യവും  ആരോടും കാണിച്ചിരുന്നില്ല.  മനസ്സറിഞ്ഞ് സംഭാവന നൽകിയിരുന്ന ഒരേ നടൻ അന്ന് അദ്ദേഹമായിരുന്നു. അവസാന നാളുകളിൽ കഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന അതുല്യ നടൻ മുത്തയ്യാ‍ാക്ക് കൃത്യമായി സാമ്പത്തിക സഹായം ആ കാരുണ്യവാൻ എത്തിച്ചിരുന്നു.

 ഇന്നത്തെ പല മെഗാസ്റ്റാറുകളുടെയും ധാർഷ്ഠ്യവും അഹങ്കാരവും ഞാനെന്ന ഭാവവും എന്നെ കഴിഞ്ഞ് ഈ ലോകത്ത് വേറൊരു നടനില്ല എന്ന പൊങ്ങച്ചവും കാണുമ്പോൾ  തികച്ചും മനുഷ്യത്വമുള്ള ആ മഹാ നടനെ ഓർത്ത് പോയി.