Tuesday, January 25, 2022

18 വർഷങ്ങൾ

 

ഉമ്മാ യാത്ര പരഞ്ഞിട്ട് 18 വർഷങ്ങൾ ഓടി പോയീരിക്കുന്നു.

പുനലൂരിൽ ക്യാമ്പ് സിറ്റിംഗിൽ പങ്കെടുക്കേണ്ടിയിരുന്ന ഞാൻ പകുതി വഴി താണ്ടി കഴിഞ്ഞപ്പോൾ  ഏതോ ഉൾവിളിയാൽ യാത മതിയാക്കിയത്  എന്ത് കൊണ്ടാണെന്ന് ഇന്നും എനിക്കറിയില്ല. ഉമ്മാ ആശുപത്രിയിലായിരുന്നു എന്നത് അറിയാമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം  കണ്ടപ്പോൾ അത്രക്ക് ഗുരുതരാവസ്ഥയിലായിരുന്നില്ലല്ലോ. പിന്നെന്താണ്  ഈ ഉൾവിളീ.

ആലപ്പുഴ കൊട്ടാരം ആശുപത്രിയിൽ എത്തി ഓടി ഉമ്മായുടെ കട്ടിലിനരികിൽ ചെന്നപ്പോൾ ഊർദ്ധൻ അവസ്തയിലാണ്. കണ്ണുകൾ പരതുന്നു. ഷരീഫിനെയാണോ എന്ന് മൂത്ത സഹോദരി ചോദിക്കുന്നു, മറുപടിയില്ലാ. 

ഞാൻ വിളിച്ചു “ഉമ്മാ...“ പെട്ടെന്ന് നോട്ടം എന്റെ മുഖത്ത് വീഴുന്നു. മുഖത്ത് ശാന്തത കടന്ന് വരുന്നു, എന്തോ പറയാൻ ചുണ്ടുകൾ അനക്കാൻ ശ്രമിക്കുന്നു. ഓക്സിജൻ മാസ്ക് മാറ്റിച്ചപ്പോഴും എന്തോ പറയാനുള്ള തത്രപ്പാടിലാണ്. ഉടനെ തന്നെ ആ ശ്രമം നിലച്ചു, ഉമ്മാ പോയി. എന്തായിരിക്കും ഉമ്മാ പറയാൻ ശ്രമിച്ചത്... ഇന്നും ആ ഓർമ്മ മനസ്സിൽ പ്രയാസമുണ്ടാക്കുന്നു.

വാപ്പാ പോയതിന് ശേഷം ഉള്ളിലുള്ള ഭാരം ഇറക്കി വെക്കാൻ  ഉമ്മാ ആയിരുന്നു ആശ്രയം. എന്റെ ആകുലതകൾ ഇരുന്ന് കേൾക്കാൻ  ആളില്ലാത്തതാണല്ലോ എന്റെ ഇന്നത്തെയും എന്നത്തെയും ദുഖം. വല്ലാത്ത ശൂന്യത.

ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ വെള്ള മണലിൽ ഉമ്മാ ഉറങ്ങുന്നു, അൽപ്പം വർഷങ്ങൾക്ക് ശേഷം  മൂത്ത സഹോദരിയും അവിടെ കൂട്ടിന് ചെന്നു, ഇപ്പോഴും രണ്ട് പേരും  അവിടെ മിണ്ടിയും മിണ്ടാതെയും അവസാന കാഹളം പ്രതീക്ഷിച്ച് കിടക്കുകയായിരിക്കും. ബാപ്പായും  അളിയനും കുറച്ചപ്പുറത്ത് മാറി തന്നെ ഉണ്ട്.

ചെറുപ്പത്തിൽ ഉമ്മാ ആഹാരം വയറ് നിറയെ കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ദിവസം ഒരു നേരം മാത്രമുള്ള ആ ഭക്ഷണം ഞങ്ങൾ കുട്ടികൾക്കും വാപ്പാക്കും ( ഉണ്ടെങ്കിൽ) നൽകി കഴിഞ്ഞാൽ കലത്തിൽ ബാക്കി കാണില്ലായിരുന്നല്ലോ.  എന്നാലും ആ മുഖത്ത് നിരാശ ഞാൻ കണ്ടിട്ടില്ല. പട്ടിണി കാലം കഴിഞ്ഞ് സമയത്ത് ആഹാരം കിട്ടി കൊണ്ടിരുന്ന നല്ല കാലം വന്നപ്പോൾ ഉമ്മാക്ക് ഡയബിറ്റിക് പിടിച്ചു, അങ്ങിനെ അപ്പോഴും ഉമ്മാക്ക് വയറ് നിറയെ കഴിക്കാൻ സാധിക്കാതെ വന്നു.

മുസ്ലിം സ്ത്രീകൾ ആലപ്പുഴയിൽ പകൽ പൊതു വഴിയിൽ സഞ്ചരിക്കാതിരുന്ന എന്റെ കുഞ്ഞ് പ്രായത്തിൽ ഉമ്മാ ആറാട്ട് വഴിയിലുള്ള ഒരു ബന്ധു വീട്ടിൽ എന്നെയും കൂട്ടി  സന്ധ്യ കഴിഞ്ഞുള്ള സമയം ഒരു ദിവസം പോയത് ഇന്നും മറക്കാൻ കഴിയില്ല.  മണൽ നിറഞ്ഞ ഒരു മൈതാനത്തിലൂടെയാണ് ഞങ്ങൾ പോയത്. മുകളിൽ ചന്ദ്രൻ പ്രഭ ചൊരിയുന്നു, നക്ഷത്രങ്ങൾ വെട്ടിത്തിളങ്ങുന്നു, ചെറിയ തണുപ്പുമുണ്ട്. ഞാൻ ഉമ്മാക്കൊപ്പം പറ്റി ചേർന്ന് നടന്നു. ഉമ്മാ ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചിരുന്നു എന്നാണിന്നും ഞാൻ ഓർമ്മിക്കുന്നത്.  ബാല്യ കാലത്തെ ആ യാത്ര എന്ത് കൊണ്ടോ മനസ്സിനെ തരളിതമാക്കി. ഇന്നും  രാത്രിയിൽ അത് പോലുള്ള അന്തരീക്ഷത്തിൽ നടക്കുമ്പോൾ ഉമ്മാ കൂടെ ഉണ്ടെന്ന് തോന്നി പോകും.

18 വർഷത്തിന്  ശേഷം ഇപ്പോഴും ചിലപ്പോൾ കൊതിക്കാറുണ്ട്, ഉമ്മാ ഉണ്ടായിരുന്നെങ്കിൽ.....അടുത്ത് പോയിരുന്ന് മനസ്സിലെ തിങ്ങൽ...ആകുലതകൾ പറഞ്ഞ് ആശ്വസിക്കാമായിരുന്നു.....

മാതാവിന്റെ കാലടിയിലാണ് സ്വർഗം എന്ന് പ്രവാചകൻ പറഞ്ഞത് എത്രയോ അന്വർത്ഥമാണ്

No comments:

Post a Comment