Monday, December 31, 2018

അനുരാഗം പാഷാണമായി തീരുമ്പോൾ

 അനുരാഗം പരിപാവനമാണ്. ദിവ്യമായ അനുഭൂതി  പ്രദാനം ചെയ്യുന്ന വികാരമാണ്. അങ്ങിനെ പലതുമാണ്. പക്ഷേ ആ അനുരാഗം തന്നെ മറ്റുള്ളവർക്ക്  കൊടും വിഷമായി മാറുന്ന ചില സന്ദർഭങ്ങളുണ്ട്. പരസ്പരം സ്നേഹിക്കുകയും  ഒന്ന് ചേർന്ന് ജീവിക്കുന്നതിന് വേണ്ടി ആഗ്രഹിക്കുകയും അപ്പോൾ  തടസ്സങ്ങൾ ഉണ്ടാവുകയും  എതിർപ്പ് ശക്തമാവുകയും ചെയ്യുമ്പോൾ  തടസ്സങ്ങൾ അതിജീവിക്കാൻ  കമിതാക്കൾ  ഒളിച്ചോടുന്നത്   പതിവ് സംഭവങ്ങൾ  മാത്രം. പക്ഷേ  ആ ഒളിച്ചോട്ടത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങൾക്കും  അതിന്റേതായ മര്യാദകൾ ഉണ്ടെന്ന് മാത്രം. മറ്റൊരാളുമായുള്ള വിവാഹത്തിനായി   വിവാഹത്തിന് മുമ്പുള്ള എല്ലാ ചടങ്ങുകൾക്കും   ഒരു മടിയുമില്ലാതെ പങ്കെടുക്കുകയും തന്റെ ഉള്ളിലിരിപ്പ് മനപൂർവം  മറച്ച് വെച്ച് ഭാവി  വരനുമായി  ഫോട്ടോ വരെ എടുക്കുകയും ചെയ്തിട്ട്   രക്ഷിതാക്കൾ കടം കയറി വാങ്ങി വെച്ച സ്വർണം  കയ്യിലാകുന്നത് വരെ കാത്ത് നിന്ന്  വിവാഹ ദിനം   അതിരാവിലെ  കമിതാവുമായി  ഒളിച്ചോടുന്നതിന്റെ പേര്  അനുരാഗമെന്നല്ല  പോക്രിത്തരം എന്നാണ്.  അത് ആണായാലും പെണ്ണായാലും  ആര് കാണിച്ചാലും ആ രക്ഷിതാക്കളെയും  ആരുമായാണോ  വിവാഹം ഉറപ്പിച്ച് വെച്ചിരുന്നത് ആവ്യക്തിയോടും കാണിക്കുന്ന കൊടും വഞ്ചനയും  നീച പ്രവർത്തിയുമാണെന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു. ആ രക്ഷിതാക്കളും  പ്രതിശ്രുത വരനും  അനുഭവിക്കുന്ന മാനസിക വ്യഥ  അത്  അളക്കാൻ  ഒരു അളവ് പാത്രവും ഈ ഭൂമിയിലില്ല. തലേ ദിവസം  വിവാഹ പാർട്ടിയിലും അനുബന്ധ ചടങ്ങുകളിലും  യാതൊരു മടിയും കൂടാതെ പങ്കെടുക്കുകയും  ആയതിന്റെ ഫോട്ടോയും മറ്റും  വാട്ട്സ് അപ്പിലും ഫെയ്സ് ബുക്കിലും വ്യാപകമായി പ്രചരിക്കുകയും  ചെയ്തിട്ട് നേരം വെളുക്കുമ്പോൾ പെണ്ണ് ഒളീച്ചോടി പോയെന്ന്  പറയുമ്പോൾ  ഉണ്ടാകുന്ന  ഞെട്ടലിന്റെ ഭീകരത ആ രക്ഷിതാക്കൾക്കും വിവാഹിതനാകാൻ തയാറായി വന്ന  വരനും മാത്രമേ മനസിലാകൂ. ആ വീട് മരണ വീട് പോലെ മൂകമാകും. കല്യാണ വിരുന്നിനായി ലക്ഷങ്ങൾ മുടക്കി തയാറാക്കിയ ആഹാര സാധങ്ങൾ  കൊണ്ട് നടന്ന്  അനാഥ മന്ദിരങ്ങളിലും മറ്റും എത്തിക്കാനായി  പെടുന്ന  പാട്  ശ്രമകരമാകും.  കാര്യമറിയാതെ എത്തി ചേരുന്ന  ക്ഷണിതാക്കളോട് പെണ്ണ് ഒളിച്ചോടി എന്ന് പറയുന്നതിലുള്ള നാണക്കേട് അത് വേറെ. ഇനി ഇതെല്ലാം കഴിഞ്ഞ് ആ വരനോ രക്ഷിതാക്കളൊ പൊതു സ്ഥാപനങ്ങളിലെ ജീവനക്കാർ ആണെങ്കിൽ ആ സ്ഥാപനങ്ങളിൽ അവർ തിരികെ എത്തുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന നാണക്കേട് എന്തും മാത്രമായിരിക്കാം.
പ്രണയ സാഫല്യം നേടുന്നതിന്  ഈ ഒളിച്ചോട്ടം  കുറേ നേരത്തെ ആക്കി കൂടെ? വിവാഹ ദിനം വരെ എന്തിന്  കാത്തിരിക്കണം?

ഈ പോസ്റ്റ്  ഒരു പ്രത്യേക സംഭവത്തോട്  അനുബന്ധിച്ച്  എഴുതിയതല്ല,  നാല് ചുറ്റും  നടക്കുന്നത്  നോക്കി കാണൂമ്പോഴുള്ള വികാര വിചാരങ്ങൾ മാത്രമാണ് ഇതിന് പ്രചോദ്നമായത്..  അത് കൊണ്ട് തന്നെ ഇത് ഇന്ന ആളെ പറ്റിയല്ലേ  ഇത് അവരെ സംബന്ധിച്ചല്ലേ  എന്നൊന്നും  ആരും കമന്റുകളിലൂടെ ദയവ് ചെയ്ത്  ചോദിക്കരുത്. ഇത് ആരെയും പറ്റിയല്ല  എന്നാൽ എല്ലായിടത്തും സംഭവിക്കുന്നത് മാത്രം.
 സ്വന്തം വികാരങ്ങൾക്ക് മാത്രം ഊന്നൽ കൊടുത്ത്  ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും   മറ്റുള്ളവരുടെ വേദനകളും  കഷ്ടതകളും കൂടി മനസിലാക്കാൻ  ശ്രമിച്ചാൽ എത്ര നന്നായിരുന്നു എന്ന് അറിയിക്കാൻ വേണ്ടി മാത്രം. അല്ലെങ്കിൽ പരിപാവനമായ  പ്രണയം പാഷാണമായി മറ്റുള്ളവർക്കു  അനുഭവപ്പെടും.

Friday, December 28, 2018

ഇഡ്ഡിലി കുട്ടിയുടെ കൂടുമാറ്റം

ഞങ്ങൾ അയാളെ ഇഡിലി കുട്ടി എന്നാണ് വിളിച്ചിരുന്നത്.  ആ വിളിപ്പേരിന്റെ പൂർവ കഥ എന്താണെന്നറിയില്ല. . വെറും നിരുപദ്രവി ആയിരുന്ന  കഥാപുരുഷൻ  സമയം  ചെലവഴിക്കുന്നത് സ്ത്രീ നിരീക്ഷണത്തിലൂടെയാണ്. അതായത്  റോഡിൽ കൂടി പോകുന്ന  ഏതൊരു സ്ത്രീയുടെയും പുറകെ  ആ ചലന സൗന്ദര്യം വീക്ഷിച്ച്  പതുക്കെ പോകും. കുറേ ദൂരം നടന്നിട്ട് തിരികെ വരും, ഉടനെ തന്നെ അടുത്ത  ഒരെണ്ണത്തിനെ കണ്ടാൽ അതിന്റെ പുറകെ ഗമിക്കും. ഇതാണ് അദ്ദേഹത്തിന്റെ സമയം പോക്കൽ പരിപാടി. അങ്ങിനെ ഇരിക്കെ ഞങ്ങൾ  കൂട്ടുകാർ ഒരു ദിവസം റോഡരുകിലെ പീടിക വരാന്തയിൽ വട്ടം കൂടിയിരുന്ന്  സംസാരിക്കുമ്പോൾ ഇഡിലി കുട്ടി ഒരെണ്ണത്തിന് അകമ്പടി സേവിച്ച്  കിഴക്കോട്ട് വെച്ചടിക്കുന്നത് കണ്ടു. അപ്പോൾ പടിഞ്ഞാറ് നിന്ന്  മറ്റൊരെണ്ണം നടന്ന് വരുന്നു. ഞങ്ങളുടെ മുമ്പിലെത്തിയപ്പോൾ രണ്ടെണ്ണവും പരസ്പരം കടന്ന് പോയി. പാവം ഇഡ്ഡിലി കുട്ടി  ആകെ കുഴക്കിലായി. അയാൾ രണ്ടെണ്ണത്തിനെയും സൂക്ഷമ നിരീക്ഷണം നടത്തി ; എന്നിട്ടും ഒരു തീരുമാനത്തിലെത്താൻ സാധിക്കാത്തതിനാൽ  പോക്കറ്റിൽ നിന്നും ഒരു നാണയം എടുത്ത് പൊക്കി ഇട്ട്  തലയോ പുലിയോ  നോക്കി തീരുമാനം എടുക്കുന്നതും അവസാനം കിഴക്ക് നിന്നും വന്നതിന്റെ പുറകെ വെച്ചടിച്ച് പോകുന്നതുമാണ് പിന്നെ ഞങ്ങൾ കണ്ടത്.

ഇപ്പോൾ ഈ കഥ  ഓർമ്മിക്കാൻ കാരണം  ആ മുന്നണിയിൽ നിന്നും ഈ മുന്നണിയിലേക്കും  ഈ മുന്നണിയിൽ നിന്നും ആ മുന്നണിയിലേക്കും തരാതരം    നോക്കി  പുറകെ കൂടി നടക്കുന്ന ചില ഇഡിലി കുട്ടികളെ  കണ്ടത് കൊണ്ടാണ്.

Friday, December 21, 2018

തന്റേതല്ലാത്ത കാരണത്താൽ.......

“തന്റേതല്ലാത്ത കാരണത്താൽ  വിവാഹ മോചനം ചെയ്യപ്പെട്ട....“

ഈ വാചകം പത്രങ്ങളിലെ  വിവാഹ പരസ്യ കാളത്തിൽ കാണപ്പെടുമ്പോൾ  വാചകത്തിന്റെ അഗാധതയിലേക്ക് സാധാരണയായി പോകാറില്ലായിരുന്നു. എന്നാൽ  കഴിഞ്ഞ ദിവസം  ദാമ്പത്യ ബന്ധ  കേസുകളിൽ ചിലതിന് സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോൾ  തന്റേതല്ലാത്ത കാരണങ്ങളുടെ  വേദന ഉളവാക്കുന്ന കാഠിന്യം മനസിലാക്കേണ്ടി വന്നു.

വിവാഹ മോചന ഉടമ്പടിയിൽ ഒപ്പിടുമ്പോൾ  ആ പെൺകുട്ടിയുടെ കണ്ണിൽ നിന്നും അക്ഷരാർത്ഥത്തിൽ തന്നെ  ആലിപ്പഴം പോലെ കണ്ണീർ താഴെ  വീണുകൊണ്ടിരുന്നു. നോട്ടറി അഭിഭാഷകന്റെയും  കണ്ട് നിന്ന മറ്റുള്ളവരുടെയും മനസിനെ പിടിച്ചുലക്കുന്ന കാഴ്ചയായിരുന്നു അത്. ഇരു ഭാഗക്കാരുടെ പരസ്പര സമ്മത പ്രകാരമുള്ള വിവാഹ മോചനമായിരുന്നത്. അവൾ വളരെ മെലിഞ്ഞ് ഒട്ടും ആകർഷണീയത  ഇല്ലാത്ത ഒരുവളായിരുന്നു.  എന്ത് പറഞ്ഞാലും  ഒട്ടും പ്രതികരണ ശേഷി ഇല്ലാതെ മൗനം  പൂണ്ടിരിക്കുന്ന പ്രകൃതവും ഉണ്ടവൾക്ക്  . കേവലം ദിവസങ്ങൾ  മാത്രം നില നിന്ന വിവാഹ ബന്ധം.  അത് കഴിഞ്ഞ് പരസ്പരം വേർ പിരിഞ്ഞ് 3 കൊല്ലമായി അകന്ന് കഴിയുകയുമാണ്. ആദ്യമെല്ലാം  അവളുടെ ബന്ധുക്കൾ  വിവാഹ മോചനത്തിന്  എതിര് നിന്നെങ്കിലും അയാൾ കോടതിയിൽ  പോയാൽ അതിനെ നേരിടാൻ തക്ക  മനോബലമില്ലവൾക്കെന്ന് ഏറ്റവും അറിയാമായിരുന്നത്  ഉറ്റവർക്കായിരുന്നു. പരസ്പര ധാരണ പ്രകാരമുള്ള  ജീവനാശം വാങ്ങി പിരിയുന്നതാണ് അവൾക്ക് ഉത്തമമെന്ന് അവർ തിരിച്ചറിഞ്ഞു.കാര്യം അവളോട് പറഞ്ഞപ്പോൾ “അയാൾക്ക് വേണ്ടെങ്കിൽ ഞാനെന്ത് ചെയ്യാനാണ്“  എന്ന് പതുക്കെ പറഞ്ഞുവത്രേ!.മറ്റ് പരിഹാരമൊന്നുമില്ലാത്തിടത്ത്  വലിഞ്ഞ് കയറി കഴിയുന്നതിനേക്കാളും വിവാഹ മോചനമാണ് നല്ലതെന്ന് ആ പാവം കരുതി കാണും. ഇതെല്ലാമാണെങ്കിൽ തന്നെയും മോചന കരാറിൽ ഒപ്പിടുമ്പോൾ സ്വന്തം  നിസ്സഹായാവസ്ഥ ഓർത്ത്  അവളുടെ മനസ്സ്  നീറിയതായിരിക്കണം കണ്ണിൽ നിന്നും ആലിപ്പഴം പൊലിഞ്ഞത്. അവളങ്ങനെ ആയത്  അവളുടെ കുഴപ്പം കൊണ്ടല്ലായിരുന്നല്ലോ.

മറ്റൊരു കേസിൽ ഒഴിവാക്കപ്പെട്ടത്  പുരുഷനായിരുന്നു. ദാമ്പത്യ ബന്ധം തുടർന്ന് ഒരു കുട്ടിയും ജനിച്ചതിന് ശേഷം കുറേ നാൾ കഴിഞ്ഞ് അയാൾക്ക് പാർക്കിൻസൻ രോഗം പിടി പെട്ട്, നേരെ നിൽക്കാൻ പോലും കഴിയാതായി. ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ല എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഭാര്യ കുട്ടിയെയും എടുത്ത് തടി സലാമത്താക്കി സ്വന്തം നാട്ടിലേക്ക് പോയി. പിന്നീട്       ആധികാരമായ വഴിയിലൂടെ    വിവാഹ മോചനത്തിന്റെ ആവശ്യമാണ് പുറകെ വന്നത്. എതിർത്ത് നിന്ന് കോടതിയിൽ പോയി കേസിൽ ഇനി ജയം ഉണ്ടായാൽ തന്നെ ആ ബന്ധം നരകമായിരിക്കുമല്ലോ എന്ന് അയാൾ കരുതി  സമ്മതിക്കാതെ മറ്റെന്ത് വഴി എന്ന് അയാൾ ചിന്തിച്ച് കാണും. അയാളുടെ ദു:ഖം  മനസിലായി വന്നപ്പോൾ  മനസിലേക്ക് കടന്ന് വന്ന ചിന്ത രോഗം അയാൾ  ആഗ്രഹിച്ച് വന്നതല്ലായിരുന്നല്ലോ എന്നായിരുന്നു. തന്റേതല്ലാത്ത കാരണത്താൽ അയാളും വിവാഹ മോചനം ചെയ്യപ്പെടും.

സ്വാർത്ഥത കൂടുകയും    ഇണയുടെ മാനസിക പ്രയാസവും ദു:ഖവും അപമാനവും  മനസിലാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അവരെ നിഷ്ക്കരുണം ഉപേക്ഷിക്കാൻ  മനുഷ്യർ ഒരുമ്പെടുന്നത്.

Tuesday, December 18, 2018

സിനിമയും കുറേ ഓർമ്മകളും

 സിനിമ  ബാല്യത്തിൽ എനിക്ക്  ഹരമായിരുന്നു

തിരിച്ചറിവ് ഉണ്ടായിട്ടില്ലാത്ത പ്രായത്തിൽ  ഞാൻ ധരിച്ച് വെച്ചിരുന്നത്  സ്ക്രീനിൽ വരുന്നവർ  ജീവനുള്ളവരാ ണെന്നായിരുന്നു. പ്രേം നസീറായിരുന്നു എന്റെ പ്രിയ നായകൻ. നസീറിനെ പറ്റി എന്തെങ്കിലും മോശമായി പറയുന്നത് ഞാൻ ഒട്ടും സഹിക്കുമായിരുന്നില്ല. ആലപ്പുഴ വട്ടപ്പള്ളിയിലെ മസ്ജിദിൽ ഓതി കൊണ്ടിരുന്നപ്പോൾ   സിനിമാ കഥ പറയുകയായിരുന്നല്ലോ ഞങ്ങളുടെ ഹോബി. കിതാബിലേക്ക് മുഖം താഴ്ത്തി  ഞങ്ങൾ പരസ്പരം കഥകൾ പറഞ്ഞു.  ദൂരെ നിന്ന് നിരീക്ഷിക്കുന്ന ഉസ്താദ് ഞങ്ങളുടെ ചുണ്ടുകൾ അനങ്ങുന്നത്  കണ്ട് അവന്മാർ  ആഞ്ഞ് പഠിക്കുകയാണെന്ന്  ധരിച്ചു. തടിയൻ ഷുക്കൂറും അലിക്കോയിക്കായുടെ മകൻ  മമ്മായും ഞാനുമായിരുന്നു കമ്പനി.
സ്ക്രീനിലെ രൂപങ്ങൾ  വെറും പോട്ടങ്ങളാണെന്നും  ജീവനില്ലാത്തതാണെന്നുമുള്ള തടിയന്റെ വാദഗതി  എനിക്കെങ്ങിനെ സമ്മതിക്കാനൊക്കും.  എന്റെ നസീർ വെറും പോട്ടമോ? നീ പോടാ തടിയാ....ഞാൻ തർക്കിച്ചു.
അങ്ങിനെയിരിക്കവേ  തടിയൻ ഷുക്കൂറിന്റെ വാദഗതി ശരിയാണെന്ന് തെളിയിക്കുന്ന തെളിവ്  അന്ന് ഉണ്ടായി.  ആലപ്പുഴയിലെ തീയേറ്ററുകളായ ശീമാട്ടിയിലും കോസ്റ്റലിലും നസീറിന്റെ രണ്ട് സിനിമകൾ ഒരുമിച്ച് വന്നു.
തടിയൻ ആർത്ത് വിളീച്ച് എന്നെ കളിയാക്കി. ഒരേ സമയം രണ്ട് തീയേറ്ററിലും കൂടി നസീർ എങ്ങിനെ അഭിനയിക്കും.  “പോട്ടമാണെടാ വെറും പോട്ടം നിന്റെ നസീർ വെറും പോട്ടം“  എനിക്ക് സഹിക്കാനാവാത്ത ദു:ഖം വന്നു. സിനിമാ നടനവും  അതിന്റെ അണിയറകളും ഒന്നുമറിയാതെ സ്ക്രീനിൽ  കാണുന്നത് സത്യമെന്ന് ധരിക്കുന്ന ആ പ്രായത്തിൽ  ഒന്നും മറുപടി പറയാനാവാതെ ഞാൻ മിഴിച്ച് നിന്നു. പക്ഷേ ആ സത്യം പുറത്ത് കൊണ്ട് വന്ന തടിയൻ ഷുക്കൂറിനോട് എനിക്ക് അടക്കാനാവാത്ത പക ഉണ്ടായി. നേരിൽ അവനെ ഒന്നും ചെയ്യാനൊക്കില്ല,  തടിയൻ എന്റെ മുകളിൽ മറിഞ്ഞ് വീണാൽ  ഞാൻ മയ്യത്താകും. എങ്കിലും പക ഒടുങ്ങിയില്ല.  അങ്ങിനെയിരിക്കവേ തടിയൻ പള്ളിയിൽ നമസ്കരിക്കുന്നത് ഞാൻ കണ്ടു. അവൻ സുജൂദിൽ (സാംഷ്ടാംഗ നമസ്കാരത്തിനായി നെറ്റി തറയിൽ മുട്ടിച്ച്  പ്രാർത്ഥിക്കുക) എത്തിയപ്പോൾ ഞാൻ പുറകിൽ കൂടി ചെന്ന് അവന്റെ മുതുകിൽ ആഞ്ഞൊരു ഇടി കൊടുത്തു. നമസ്കാരത്തിൽ എന്ത് സംഭവിച്ചാലും നമസ്കരിക്കുന്ന ആൾ പ്രതികരിക്കില്ല എന്നെനിക്കറിയാമായിരുന്നല്ലോ. ഇടി കൊടുത്ത ശേഷം ഞാൻ പാഞ്ഞ് കളഞ്ഞു. നമസ്കാരം പൂർത്തിയാക്കി കഴിഞ്ഞ് സംഹാര രുദ്രനായി വരുന്ന തടിയൻ എന്നെ പഞ്ഞിക്കിടുമെന്ന് എനിക്കറിയാമായിരുന്നു.
കുറേ ദിവസം  അവന്റെ മുമ്പിൽ പെടാതെ  ഞാൻ മുൻ കരുതൽ എടുത്തു. അവൻ എന്നെ അടിക്കാൻ  എന്റെ അടുത്ത് വരുമ്പോൾ  ഞാൻ ഉസ്താദിന്റെ അടുത്ത് പോയി നിൽക്കും. അവൻ തിരികെ പോകും. പിന്നെ കുറേ ദിവസങ്ങൾ കഴിഞ്ഞ് അവൻ അത് മറന്നു.  അവന് എന്റെ കമ്പനി വേണമായിരുന്നു. ഞങ്ങൾ കൗമാരത്തിലെത്തിയപ്പോഴും അവനായിരുന്നു എന്റെ കൂട്ട്. കമ്പി വാദ്യമായ ബുൾ ബുൾ  ഞാനും അവനും ഒരുമിച്ച് പഠിച്ചു. അവൻ ആ വാദ്യം നല്ലവണ്ണം വായിക്കുമായിരുന്നു.
കാലം കടന്ന് പോയപ്പോൾ മമ്മാ ആഫ്രിക്കയിലെവിടെയോ പോയെന്നാരോ പറഞ്ഞു.  തടിയന് എക്സൈസിൽ  ജോലി കിട്ടി. അവൻ കൊച്ചിയിൽ സ്ഥിര താമസമാക്കി. പിന്നീട് മഞ്ഞ് വീഴുന്ന ഏതോ ഒരു  ഡിസംബറിൽ  മുല്ലക്കൽ ഉൽസവം കാണാൻ ആലപ്പുഴയിലെത്തിയ  എന്നോട് എന്റെ സ്നേഹിതൻ അബ്ദുൽ കാദർ  പറഞ്ഞു.  എടാ തടിയൻ മരിച്ച് പോയി..  ഞാൻ ഞെട്ടി പോയി. പള്ളുരുത്തിയിൽ നിന്നും വീട്ടിലെ ഫാൻ നന്നാക്കാൻ നടന്ന് പോയ അവൻ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു. എനിക്ക് വിശ്വസിക്കാനായില്ല. എന്റെ തടിയൻ എന്റെ പ്രിയ   തടിയൻ അവൻ പോയി. വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ ഞാൻ പോയപ്പോൽ അവനും അന്ന് അവിടെ ഉണ്ടായിരുന്നു.  അത് അവസാന കാഴ്ചയായിരുന്നു. ഡിസമ്പറിൽ നാലഞ്ച്ച് ദിവസം ആലപ്പുഴയിൽ തങ്ങാറുള്ള ഞാൻ ആ തവണ ഒരു ദിവസം പോലും നിൽക്കാതെ തിരികെ പോയി.
എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മമ്മാ എവിടെ ആണാവോ?  തടിയന്റെ  കുട്ടികൾ വളർന്ന് കാണും. അവർക്കും കുട്ടികൾ ഉണ്ടായിരിക്കാം. അവർ ആരും എന്നെ അറിയില്ലല്ലോ. ഈ ഭൂമിയിലെ ബന്ധങ്ങൾ അങ്ങിനെയാണ്. ചെറുപ്പത്തിൽ ഇരു മെയ്യാണെങ്കിലും ഒറ്റ കരളായി കഴിയുന്ന പലരും  പിൽ കാലത്ത് എന്നെന്നേക്കുമായി പിരിയുന്നു. ചിലപ്പോൾ  ആ വേർപാടിന്റെ വേദന നമ്മെ വല്ലാതെ ദു:ഖിപ്പിക്കും. തടിയന്റെയും എന്റെ മറ്റ് കൂട്ടുകാരുടെയും വേർപാട് എനിക്ക് എന്നും വേദന തന്നെയാണ്.

Friday, December 14, 2018

ബ്ളോഗ് മീറ്റ് വിശേഷങ്ങൾ

അങ്ങിനെ ഒരു ബ്ളോഗ് മീറ്റ് കൂടി കഴിഞ്ഞു. 8-12-2018 ശനിയാഴ്ച കൊട്ടാരക്കരയിൽ വെച്ച്.

ഉത്തര കേരളത്തിലുള്ളവർക്ക്  വിദൂരമായി സ്ഥിതി ചെയ്യുന്നതായി  അനുഭവപ്പെടുന്ന കൊട്ടാരക്കരയിൽ  മലപ്പുറത്ത് നിന്നും സാബു കൊട്ടോട്ടിയും  വളാഞ്ചേരി ഭാഗത്ത് നിന്നും  ഹാഷിമും  (കൂതറ എന്ന് സ്വയം  ഈ നല്ലവനായ ചെറുപ്പക്കാരൻ  നെറ്റിപ്പട്ടം ചാർത്തിയതെന്തെന്ന്  പങ്കെടുത്തവരിൽ പലരും ഇപ്പോഴും ചോദിച്ച് കൊണ്ടിരിക്കുന്നു) ) അരൂരിൽ നിന്നും രമേശ് അരൂരും,  തൊടുപുഴയിൽ നിന്നും ദേവനും കിളിമാനൂർ നിന്നും  സജിം തട്ടത്ത്മലയും  പഴയ ബ്ളോഗറന്മാരിൽ നിന്നും  എത്തിച്ചേർന്നപ്പോൾ പുതിയ തലമുറയിൽ നിന്നും ഫെയ്സ്ബുക്കിലെ സ്ഥിര സാന്നിദ്ധ്യങ്ങളായ   ഷമീം നിയോൺ,ഷിജു പടിഞ്ഞാറ്റിങ്കര, സവാദ്,  നിസാർ, കലതിവിള, അൽ അമീൻ, സാബു ചിറയിൽ ,   ബിജു പത്തനാപുരം (അഡ്വൊക്കേറ്റ് ക്ളർക്ക്)   സിറാജ് അബ്ദുൽ ഖാദർ (ബാബു എറുണാകുളം) മുജീബ് (കടക്കൽ)  , ബെയ്സിൻ (കടക്കൽ) ഷം നാദ് കൊച്ചുപിള്ള,  തുടങ്ങിയവരും പങ്കെടുത്തു. രസകരമായ സംഗതി മീറ്റ് സമയത്തെ പറ്റി അജ്ഞരായിരുന്ന  ചിലർ 3 മണി കഴിഞ്ഞ്  എന്നെ ഫോണിൽ വിളിച്ച്  ഞങ്ങൾ അങ്ങോട്ട് വരട്ടെ സർ, എന്ന് ചോദിച്ചതായിരുന്നു. എന്തായാലും മനസ്സിൽ സംതൃപ്തി തോന്നി ഇത്രയും  പേർ  എത്തിച്ചേർന്നതിലും മീറ്റ് അവസാനിക്കുന്നത് വരെ എല്ലാ കാര്യത്തിലും പങ്കെടുത്തതിലും.
 പരിചയപ്പെടുത്തൽ കഴിഞ്ഞതോടെ  മീറ്റ് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗ്മായി ബ്ളോഗ് ഇന്നലെ ... ഇന്ന്..നാളെ  എന്ന  വിഷയം ആസ്പദമാക്കി  ക്ളാസ്സും ചർച്ചകളും നടത്തി. ക്ളാസ്സ് ശ്രീ രമേശ് അരൂർ തുടങ്ങി വെച്ചു, എല്ലാവർക്കും മനസിലാകുന്ന വിധം ലഘുവായി വിഷയം അവതരിപ്പിച്ചു രമേശ്. രമേശ് നിർത്തിയിടത്ത്   ഹാഷിം ഏറ്റെടുത്തു,  അത് കഴിഞ്ഞപ്പോൾ സാബു കൊട്ടോട്ടിയുടെ ഊഴമായി, പിന്നീട് സജിം തട്ടത്തുമലയിലെത്തി അവസാനിച്ചു.  ബ്ളോഗ് ലോകത്തെ പറ്റി  അജ്ഞരായിരുന്നവർക്ക് പ്രയോജനപ്പെടുന്ന വിധം എളുപ്പമായിരുന്നു പ്രഭാഷണ രീതി.  ഏതായാലും  പലരും പുതിയ ബ്ളോഗറന്മാരായി വരുമെന്നുറപ്പ്.
ഉച്ച ഭക്ഷണം കഴിഞ്ഞതോടെ  ദൂരെ നിന്നും വന്നവർ തിരികെ പോരാൻ തുടങ്ങിയപ്പോൽ  പുതിയ ആൾക്കാർ ബ്ളോഗ്ഗ്  ക്രിയേറ്റ്  ചെയ്യുന്ന വിധം ലാപ്പ് ടൊപ്പിലൂടെ  ഹാഷിമും കൊട്ടോട്ടിയും കൂടി നടത്തുന്ന  പ്രാക്റ്റിക്കൽ  ക്ളാസിലായിരുന്നു. പിന്നീട് കൊട്ടോട്ടിയും ഹാഷിമും കൂടി  കൊച്ച് കുട്ടികൾക്ക്  ക്ളാസ്സെടുത്തു. പങ്കെടുത്ത ആ കുട്ടികൾ ഇനിയും ഇപ്രകാരമുള്ള ക്ളാസ്സ് ഉണ്ടാകുമ്പോൾ ഞങ്ങളെ അറിയിക്കണേ  എന്ന് അപേക്ഷ ഇന്നും എന്നെ അറിയിച്ചു.
  കൂട്ടത്തിൽ ഒന്നു കൂടി. ബ്ളോഗ് ലോഗത്ത്  സജീവമായുണ്ടായിരുന്ന  ഡാക്ടർ  രതീഷ് കുമാർ  തിരൂരിൽ നിന്നും ബ്ളോഗ് മീറ്റ് കഴിഞ്ഞ്  ദിവസങ്ങൾക്ക് ശേഷമാണെങ്കിൽ പോലും എന്നെ വിളീച്ച് മീറ്റ് വിശേഷങ്ങൾ തിരക്കി. അതായത് പഴയ ബ്ളോഗറന്മാരുടെ മനസ്സിൽ ഇന്നും ബ്ളോഗ് പൂത്തുലഞ്ഞ് നിൽക്കുന്നുവെന്ന് വ്യക്തം.

എന്തായാലും ഇതിൽ പങ്കെടുത്തവർക്ക്  ഒരു കാര്യം ഉറപ്പായി. ബൂലോഗം ഇനിയും മടങ്ങി വരും  താൽക്കാലികമായുണ്ടായ മൗനത്തിന് ശേഷം എന്ന്.

നമുക്ക് ഇനിയും ഒത്ത് കൂടാം ചങ്ങാതിമാരേ! നിങ്ങൾ കൂടി സഹകരിക്കുമെങ്കിൽ,  കാരണം നമ്മൾ പണ്ട് ഒരുമിച്ചിരുന്നത്,  ബ്ളോഗിലൂടെയായിരുനല്ലോ.

Sunday, December 2, 2018

ബ്ളോഗ് മീറ്റ് കൊട്ടാരക്കരയിൽ

8-12-2018  ശനിയാഴ്ച രാവിലെ 10 മണിക്ക് കൊട്ടാരക്കരയിൽ വെച്ച്  ഓൺലൈൻ സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മ  നടത്തുവാനുള്ള ആലോചന  പലരുമായി പങ്ക് വെക്കുകയും  അതിനെ സംബന്ധിച്ച് ബ്ളോഗിലും എഫ്.ബി.യിലും പോസ്റ്റുകൾ ഇടുകയും ചെയ്തു.  ആശാവഹമായ പ്രതികരണമാണ് ആ പോസ്റ്റുകൾക്ക് കിട്ടിയത്.  ബന്ധപ്പെടുവാനായി ഞാൻ നൽകിയ 9744345476 എന്ന ഫോൺ നമ്പറിൽ ധാരാളം സുഹൃത്തുക്കൾ  വിളിക്കുകയും വിവരങ്ങൾ  ആരായുകയും  പലരും മീറ്റിൽ  പങ്കെടുക്കുവാൻ താല്പര്യപ്പെടുകയും ചെയ്തു എന്ന വസ്തുത സന്തോഷത്തോടെ അറിയിക്കട്ടെ.
ബ്ളോഗ് ലോകത്തെ പഴയ പുലികളിൽ പലരും   മീറ്റിലെത്താമെന്ന് അറിയിച്ചിരിക്കുന്നു. എല്ലാവരുടെയും പേരുകൾ ഞാൻ ഇവിടെ സൂചിപ്പിക്കാത്തത്  മറവിയാലോ നോട്ടപിശകിനാലോ ആരുടെയെങ്കിലും പേരുകൾ വിട്ടു പോവുകയും അത് ഒരു  കരടായി വരുകയും വേണ്ടാ എന്ന് കരുതിയാണ്. പുതിയ ആൾക്കാർ കൂടുതലും ഫെയ്സ് ബുക്കിലെ  സ്ഥിരം  സാന്നിദ്ധ്യം ആണ് അവരിൽ   ധാരാളം പേർ മീറ്റിന് വരാനുള്ള സന്നദ്ധത അറിയി ച്ചിട്ടുണ്ട്.   ഞാൻ  അവരെയും ഓൺ ലൈൻ സൗഹൃദം  ഇഷ്ടപ്പെടുന്ന  ബൂലോഗത്തെ  തഴക്കവും പഴക്കവും ഉള്ള പഴയ ബ്ളോഗേഴ്സിനെയും   ഹാർദ്ദമായി ഈ മീറ്റിലേക്ക് സ്വാഗതം ചെ യ്തു കൊള്ളുന്നു.
പരസ്പരം  പരിചയപ്പെടാനും  ആശയങ്ങൾ പങ്ക് വെക്കാനും  ലഭിക്കുന്ന ഈ  സന്ദർഭം പരമാവധി ഉപയോഗപ്പെടുത്തുവാൻ  ശ്രമിക്കുക. പെട്ടെന്ന് തന്നെ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോൺ നംബറിൽ ബന്ധപ്പെടുമല്ലോ. എത്ര പേർ വരുമെന്ന്  മുൻ കൂട്ടി അറിഞ്ഞാലല്ലേ  അന്നത്തെ ദിവസത്തെ മറ്റ് ക്രമീകരണങ്ങൾ  തയാറാക്കാൻ കഴിയൂ.  തലേ ദിവസം വരുന്നവർ ആ വിവരവും അറിയിക്കുക. കൊട്ടാരക്കരയിൽ കേരളത്തിലേ ഏത് ഭാഗത്ത് നിന്നെത്താനും ബസ്സും ട്രൈനും  ധാരാളം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ.       മലപ്പുറത്ത് നിന്നും തൃശൂർ നിന്നും  തൊടുപുഴ നിന്നും  അരൂർ നിന്നും കിളിമാനൂർ നിന്നും പുനലൂർ നിന്നും  അങ്ങിനെ വിവിധ സ്ഥലങ്ങളിൽ നിന്നുംസുഹൃത്തുക്കൾ വരുന്നുണ്ട്.
 കൊട്ടാരക്കര വരുന്ന വിവരം      നിങ്ങളും ഉടനെ തന്നെ  അറിയിക്കുക.   കൊട്ടാരക്കര  വന്ന് എന്നെ ഫോണിൽ വിളിക്കുക അത്രമാത്രമേ നിങ്ങൾ ചെയ്യേണ്ടൂ.
അപ്പോൾ  മറക്കരുത്  8-12-2018  രാവിലെ 10 മണി. കൊട്ടാരക്കര വെച്ച് ബ്ളോഗ് മീറ്റ്/ ഫെയ്സ് ബുക്ക്/ വാട്ട്സ് അപ് /  ഓൺലൈൻ സൗഹൃദ കൂട്ടായ്മ.