Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Wednesday, August 26, 2026

ഒരു ഓണം കൂടി കടന്ന് പോകുമ്പോൾ

 ഒരു ഓണം കൂടി കടന്ന് പോകുന്നു.

വെളിയിൽ മഴ തകർത്ത് പെയുകയാണ്. ഈ മഴ ഓണത്തിന്റെ എല്ലാ പകിട്ടും ഇല്ലാതാക്കി.

പട്ടിണിയുടെ ഇന്നലെകളിൽ  വയറു നിറച്ച്  ഒരു ദിവസമൊന്ന് ഉണ്ണുവാൻ കാത്തിരുന്ന മലയാളി കാണം വിറ്റും ഓണം ഉണ്ണേണ്ട ഗതികേടിൽ നിന്നും  കര കയറിയെങ്കിലും   മറ്റ് പല കാരണങ്ങളാലുംചിങ്ങ മാസത്തെ കാത്തിരുന്നു.

 പത്തായം നിറഞ്ഞപ്പോഴുള്ള ആലസ്യത്തിന് ഒരു  ഉത്തേജനം പോലെ വിളവെടുപ്പ് കഴിഞ്ഞ് ചിങ്ങ മാസത്തിലെ തിരുവോണ നാളിനെയും മറ്റും ആഘോഷ ദിനങ്ങളായി മലയാളി കണ്ടിരുന്നു.  ഇടവപ്പാതിക്കും തുലാക്കോളിനും മധ്യേയുള്ള  കുറച്ച് ദിനങ്ങളിലെ കാലാവസ്ഥയുടെ പ്രസന്നത  എന്തെന്നില്ലാത്ത ഹർഷോന്മാദം ഉളവാക്കിയപ്പോൾ  ആ ദിനങ്ങൾ ഉൽസവ ലഹരിയായി  മാറി. പുതിയ ഉടുപ്പ് വാങ്ങാനും ബന്ധു വീട് സന്ദർശനത്തിനും  കേളികളിൽ അഭിരമിക്കാനും  ഈ ദിവസങ്ങൾ ഉപയോഗപ്പെടുത്തി.

പതിവ് തെറ്റിയുള്ള  മഴ എല്ലാ ആഘോഷങ്ങളും  തകരാറിലാക്കി.

എല്ലാ പതിവുകളെയും തെറ്റിക്കുന്നത്  മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്ന് കയറ്റം തന്നെയാണ്. അപ്പോൾ  ഇടവത്തിൽ മീനത്തിലെ ചൂട് അനുഭവപ്പെടും  ചിങ്ങത്തിൽ തോരാത്ത മഴ പെയ്യും. അങ്ങിനെ പലതും പലതും സംഭവിക്കും.

സർവം സഹയാണ് ഭൂമിയെങ്കിലും  സഹിക്കുന്നതിനുമുണ്ടല്ലോ ഒരു അതിര്. ആ അതിരു ഭേദിച്ചിരിക്കുന്നു നമ്മൾ.  

 അതിന്റെ ഫലമാണ് ഓണത്തിന് നിർത്താതെ പെയ്യുന്ന മഴ.

Monday, June 29, 2026

സിനാൻ.....

 ഞങ്ങളുടെ സിനാൻ......

ഒരു ബഷീറിയൻ   സ്റ്റൈലിൽ ആണ് ഇന്ന് സിനാൻ.


ചാരുകസേരയിൽ  ചിന്തയിൽ മുഴുകി....

സമീപം കടും ചായ ഉണ്ട്. പിന്നെ  സ്ഥിരം സംഗീത ശ്രവണ സഹായിയും.

അതിൽ പാട്ട് “ സോ ജാ രാജകുമാരിയോ , ദുനിയാകേ രഖ് വാലയോ ആകാം.

അതുമല്ലെങ്കിൽ  “ അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നൂ“ , “ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ“  ഏതെങ്കിലും  ശാസ്ത്രീയ സംഗീതം, ഇവയൊക്കെ ആകാം.

കാരണം അതെല്ലാമേ അവന് ഇഷ്ടപ്പെടൂ.. അവന്റെ മാതാപിതാക്കളോ അവ്ന്റെ വല്യാപ്പയോ  ജനിക്കുന്നതിനു മുമ്പുള്ള സോജാ രാജകുമാരീ  എങ്ങിനെ 15 വയസ്സ്കാരനായ ഇവൻ ഇഷ്ടപ്പെടുന്നു എന്നുള്ളത് ഇപ്പോഴും ഞങ്ങളെ അതിശയിപ്പിക്കുന്ന  സത്യമാണ്.

 ചെറുപ്പം മുതലേ സിനാന് ആ വക പാട്ടുകളാണ് ഇഷ്ട്ടമെന്ന് അവന്റെ ഭാവത്തിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

ഇപ്പോൾ സംസാരിക്കാത്ത അവൻ  ഒരു ദിവസം ഇതെല്ലാം പാടിയേക്കാം.

അതിശയങ്ങൾ സൃഷ്ടിക്കാൻ  ദൈവത്തിനല്ലേ കഴിയൂ.  

ആ അതിശയത്തിനായി എന്നുമെന്നും പ്രാർത്ഥിക്കുന്നു.

Friday, March 6, 2026

പുലർ കാലത്ത്.....

 നേരം നാല് മണി പുലർ കാലത്ത് എന്റെ വീട്ട് മുറ്റത്ത്  മാനത്തേക്ക് നോക്കി നിൽക്കുകയാണ് ഞാൻ.

ഈ ബ്രഹ്മാണ്ടത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ നോക്കി  നിന്നപ്പോൾ  സമയം  പോയതറിഞ്ഞില്ല. എത്രയോ നേരമായി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട്.

നോമ്പ് കാലമാണ്. പുലർ കാലത്ത് ലഘുവായി  എന്തെങ്കിലും ആഹാരം കഴിക്കുക പതിവുണ്ട്. അതിനായി എഴുന്നേറ്റതാണ്. അപ്പോൾ കാർമേഘ രഹിതമായ ആകാശം  ഈ സമയം കാണണമെന്ന് തോന്നി പുറത്തേക്കിറങ്ങി  പ്രകൃതിയിൽ ലയിച്ച് നിന്നപ്പോൾ മനസ്സ് ഏകാഗ്രമാവുകയും എന്തെന്നില്ലാത്ത അനുഭൂതി മനസ്സിൽ നിറയുകയും ചെയ്തു.

എന്തെല്ലാമാണ് ഈ പ്രപഞ്ചത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അണുവിൽ അണുവായ മനുഷ്യൻ ഇതൊന്നുമറിയാതെ  ദിന രാത്രങ്ങൾ കഴിച്ച് കൂട്ടുന്നു. സ്വന്തത്തിൽ നിന്നും പുറത്തിറങ്ങിയാലല്ലേ ഈ വക കാര്യങ്ങൾ ചിന്താ വിഷയമാകൂ. സ്വന്ത്ത്തിൽ തന്നെ കുരുങ്ങി കിടക്കുന്ന മനുഷ്യന് അതിനെവിടെ നേരം?.

ദൂരെ അക്കരെ കുന്നിൻ മുകളിൽ ഇരുട്ടാണ്. അതിന് താഴെ കൂടി പോകുന്ന നിരത്തിൽ മിന്നാ മിനുങ്ങ് പോലെ തെരുവ് വിളക്കുകൾ കത്തി നിൽക്കുന്നു.

വിദൂരതയിൽ എവിടെയോ കോഴി കൂവി. ഇപ്പോൾ കോഴി കൂവൽ  അപൂവമായാണ് കേൾക്കാൻ കഴിയുന്നത്. പൂവൻ കോഴി വീടുകളിൽ ഉണ്ടായലല്ലേ കൂവൾ കേൾക്കാൻ സാധിക്കൂ...

മതിലിനു മുകളിൽ രണ്ട് മണ്ണാത്തി കിളികൾ ചിലക്കാൻ ആരംഭിച്ചു. പുലർ കാലത്ത് ഇതെല്ലാം കേൾക്കാൻ സാധിക്കുന്നത് തന്നെ  ഒരു അനുഗ്രഹമാണ്.

കുറച്ച് കഴിയുമ്പോൾ പള്ളികളിൽനിന്നും വാങ്ക് വിളി ഉയരും.

അല്ലാഹു അക്ബർ.... ദൈവം വലിയവനാണ്...മഹാനാണ്...

അവസാന ഭാഗമാണ് അർഥ സമ്പൂർണം., അസ്സലാത്ത് ഖൈറു മിനന്നവ്മു ...ഉറക്കത്തേക്കാളൂം  ശ്രേഷ്ഠമാണ് നമസ്ക്കാരം....

50 വർഷങ്ങൾക്ക് മുമ്പ് ഈ വീടുമില്ല മറ്റൊന്നുമില്ല ഇവിടെ. ഇനി 50 കൊല്ലം കഴിയുമ്പോൾ ഇവിടെ ആര് കാണും എന്തുണ്ടാകും. ആർക്കുമറിയില്ല.

ഞാൻ വീണ്ടും മാനത്തേക്ക് നോക്കി ഇതെല്ലാം അറിയാവുന്ന ആൾ അവിടെയാണോ അതോ നമ്മുടെ പിടലി ഞരമ്പുകൾക്ക് സമീപമാണോ സ്ഥിതി ചെയ്യുന്നത്. എന്തായാലും അത്യുന്നതനായ നാഥാ നിനക്ക് സ്തുതി........


Wednesday, October 22, 2025

സിനിമ ഗാനങ്ങളിലൂടെയുള്ള പ്രണയം

കഴിഞ്ഞ ദിവസം റ്റി.വി പ്രോഗ്രാമിലൂടെ പഴയ ഒരു ഹിന്ദി  ഗാനം   കേൾക്കാനിടയായി. റാഫി  പാടിയ  ആ ഗാനം  ഒരു  ചെറുപ്പക്കാരൻ മധുരമായി  ആലപിച്ചപ്പോൾ  ഇത്രയും  വർഷങ്ങൾക്ക്  ശേഷവും ആ  പാട്ടിന്റെ  മാസ്മരികത മനസ്സിനെ  സ്വാധീനിക്കുന്നല്ലോ    എന്ന്   അതിശയിച്ച്  പോയി.  പ്രോഗ്രാമിൽ  പങ്കെടുത്ത യുവതലമുറ  ആ  പാട്ടിൽ ലയിച്ച്  പോയതായി  കാണപ്പെട്ടു.  "ഹൃദയത്തിൽ  തൊട്ട പാട്ട്"  എന്ന്  ഗാനം  കേട്ട്കൊണ്ടിരുന്ന  ഒരു  വിധികർത്താവ്  ഉരുവിട്ടപ്പോൾ  മറ്റുള്ളവർക്ക്  അതേറ്റ്  പറയേണ്ടി വന്നു.

ബഹാരോം  ഫൂലു ബർസാവോ
മേരാ  മഹ്ബൂബ്  ആയാഹേ
മേരാ...മെഹ്ബൂബ്  ആയാഹേ......
മുഹമ്മദ്  റാഫിയുടെ  സ്വര മാധുരിയിലൂടെ ഞങ്ങളുടെ  തലമുറ  കൗമാര  പ്രായത്തിൽ ആ ഗാനം മനസ്സിലേറ്റി  നടന്നിരുന്നു.

അതേ! ഞങ്ങളുടെ  തലമുറക്ക് കൗമാരത്തിലും  യൗവ്വനത്തിലും മനസ്സിലേറ്റാൻ  അങ്ങിനെ ഒരു പിടി  സിനിമാ ഗാനങ്ങളുണ്ടായിരുന്നു;  ഹിന്ദിയിലും  മലയാളത്തിലും  തമിഴിലുമായി  ഞങ്ങൾ  അതേറ്റ്  പാടി. ഞങ്ങൾക്ക്  മുമ്പുള്ള  തലമുറയും ആ  കാര്യത്തിൽ  ഭാഗ്യം  ചെയ്തവരായിരുന്നു. എന്റെ ബാപ്പയും  കൊച്ചാപ്പായും അവരുടെ  തലമുറയും  "സോജാ  രാജകുമാരിയിലും"  ദുനിയാ കേ  രഖ്  വാലയിലും  "  അലിഞ്ഞ്  ചേർന്നിരുന്നല്ലോ!.  അവരുടെ  അനന്തര  തലമുറയായ  ഞങ്ങളുടെ    കൗമാര കാലത്തും  മധുര ഗാനങ്ങൾ  പെയ്തിറങ്ങിയെങ്കിലും  ഇന്നത്തെ  തലമുറക്ക്  ആ ഭാഗ്യം  കൈ വന്നിട്ടില്ലാ   എന്ന്   ദു:ഖത്തോടെ  സമ്മതിക്കേണ്ടി  വരുന്നു.     
ഞങ്ങളുടെ  കൗമാരകാല  പ്രണയങ്ങൾ  ആഘോഷത്തോടെ  കൊണ്ടാടുവാൻ  തക്ക വിധം  അർത്ഥസമ്പുഷ്ടിയുള്ള  ഗാനങ്ങൾ  സുലഭമായിരുന്നു.. ഇന്നും  ആ ഗാനങ്ങൾ  കേൾക്കുമ്പോൾ  ഞങ്ങളുടെ  പ്രണയവും  പ്രണയഭംഗവും  സിനിമയിലെന്ന വണ്ണം ഞങ്ങളുടെ  മനസ്സിലൂടെ  ഇരമ്പി  പായാൻ തക്കവിധം അവ  ഞങ്ങളെ  സ്വാധീനിച്ചിരുന്നു.

വീട്ടിൽ  നിന്നും  പുറത്തേക്കിറങ്ങുമ്പോൾ  ഞങ്ങളെ  നോക്കി  നിൽക്കുന്ന  അയല്പക്കത്തെ  കാമിനിയെ  നോക്കി    " അയലത്തെ  സുന്ദരീ  അറിയാതെ  വലക്കല്ലേ,  അപരാധമൊന്നും  ഞാൻ  ചെയ്തില്ലല്ലോ"  എന്ന്   നീട്ടി  പാടാൻ  മൂട് പടം  എന്ന  ചിത്രത്തിൽ  മധു പാടി  അഭിനയിച്ച  ഗാനം  ഉപകാരപ്പെട്ടിരുന്നു.  

വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച്  " ഓട്ടക്കണ്ണിട്ട്  നോക്കും  കാക്കേ, തെക്കേ  വീട്ടിലെന്ത്  വർത്താനം  കാക്കേ"  എന്ന്  ഞങ്ങൾ  ചോദ്യ  രൂപത്തിൽ  പാടുമ്പോൾ  "പൂവാലനായി  നിൽക്കും  കോഴീ,  ഇപ്പോൾ  കൂവിയതെന്താണ്  കോഴീ"  എന്ന്  അവൾക്ക്  മറുപടി  പറയാൻ  തക്കവിധം  നീലീ  സാലീ    എന്ന  മലയാളത്തിലെ ആദ്യ  തമാശ  ചിത്രത്തിലെ  ഗാനം  ആണിനും  പെണ്ണിനും  അന്ന് പരുവപ്പെട്ട്  കിട്ടിയിരുന്നു. അല്ലെങ്കിൽ  "നാൻ  പേശ  നിനപ്പതെല്ലാം  നീ പേശ വേണ്ടും എന്ന  തമിഴ് പാട്ട് (പാലും  പഴവും)  കാമുകൻ  പാടുമ്പോൾ  "നാളോടും  പൊഴുതോടും  ഉരൈവാര വേണ്ടും,  നാനാകെ   വേണ്ടും മ് മ് മ്  "  എന്ന്  അവൾക്ക്  മറുപടി  പറയാനും  സാധിച്ചിരുന്നു.

ഈ  അനുരാഗ നദിക്ക്  വിഘ്നം  നേരിടുന്ന  വിധത്തിൽ  കാമുകിയുടെ  പിതാവ്  വഴിയിൽ  വെച്ച്   കാമുകനെ  മീശ  വിറപ്പിച്ച്  വിരട്ടുകയോ   മറ്റോ  ചെയ്യുമ്പോൾ    ആ വിവരം  കാമുകിയെ അറിയിക്കാൻ
"കൊല്ലാൻ  നടക്കുന്നു കൊമ്പുള്ള  ബാപ്പാ
കൊല്ലാതെ  കൊല്ലുന്നു  ബമ്പത്തി മോള്
ബല്ലാത്തതാണെന്റെ  കല്യാണ  കോള്
പൊല്ലാപ്പിലായി  മുസീബത്ത് ഞാനു് "
എന്ന് "സുബൈദാ" സിനിമയിൽ  ബഹദൂർ പാടി  അഭിനയിച്ച  പാട്ട് കോഡ് ഭാഷയായി  പ്രയോഗിക്കാൻ  ഞങ്ങൾക്ക്  സാധിക്കുമായിരുന്നു..

കാമുകനോടുള്ള  അനുരാഗം  ഉച്ചസ്ഥായിയിലെത്തുമ്പോൾ  കാമുകനെ  നോക്കി  കാമുകി,
വെളുക്കുമ്പം  കുളിക്കുവാൻ  പോകുന്ന  വഴിവക്കിൽ
വേലിക്കൽ നിന്നവനേ!
കൊച്ച് കിളിച്ചുണ്ടൻ  മാമ്പഴം കടിച്ചു കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ! "
എന്ന്  ഉറക്കെ പാടുവാൻ കുട്ടിക്കുപ്പായം  സിനിമാ കാമുകിക്ക് ധൈര്യം കൊടുത്തപ്പോൾ  നേരം  വെളുത്ത് കഴിഞ്ഞ് വെയിൽ  ദേ! അവിടെ  വന്നടിച്ചാലും  ഉണരാത്ത  ഇന്നത്തെ  തലമുറക്ക് പുഴയും കുളിയും വേലിയും  അന്യമായിരിക്കുന്നു എന്ന്  മാത്രമല്ല കിളൂച്ചുണ്ടൻ  മാങ്ങാക്ക്  പകരം ഐസ്ക്രീം  നക്കി തിന്നാൻ  മാത്രമാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത് എന്ന്കൂടി  പറഞ്ഞാലേ  ചിത്രം  പൂർത്തിയാകൂ.

സ്കൂളിൽ  പുതുതായി വന്ന കാമിനിയെ കൂടുതൽ പരിചയപ്പെടാൻ  കഴിയാതെ വരുകയും  എന്നാൽ  അവളോടുള്ള  പ്രിയം  വർദ്ധിച്ച്  വരുകയും അത് അവളെ  അറിയിക്കേണ്ട  ആവശ്യം  വന്ന്  ചേരുകയും  ചെയ്താൽ " അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ, ആര് നീ, ആര്  നീ ദേവതേ!"എന്ന്  ഞങ്ങൾ  ആലപിച്ച് "ഉദ്യോഗസ്ഥ" സിനിമാ പ്രയോജനപ്പെടുത്തി.

അടുത്ത വീട്ടിലെ  ഞങ്ങളുടെ  സുന്ദരിയായ കാമുകിയെ അന്നത്തെ ദിവസം  പുറത്തൊന്നും  കാണാതിരിക്കുകയും  ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറാകുകയും  മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറാവുകയും  എന്നിട്ടും     എന്തേ  കന്യകേ നീ വരാത്തേ!െന്ന്  മനസ്സ് വ്യാകുലപ്പെടുകയും  ചെയ്യുമ്പോൾ
താമസമെന്തേ  വരുവാൻ പ്രാണ സഖീ എന്റെ  മുന്നിൽ
താമസമെന്തേ  അണയാൻ
പ്രേമമയീ, എന്റെ  കൺ  മുന്നിൽ
താമസമെന്തേ  വരുവാൻ.....
എന്ന്  ഹൃദയത്തിൽ  തട്ടി  പാടാനായി  പ്രസിദ്ധമായ  ആ ഗാനം  പി. ഭാസ്കരനും  ബാബുക്കായും  കൂടി  ബഷീറിന്റെ  ഭാർഗവീ നിലയത്തിലൂടെ  ഞങ്ങൾക്ക്  നൽകിയത്  ഒരു  വരപ്രസാദമായാണ്  ഞങ്ങൾക്ക്  അന്ന്  അനുഭവപ്പെട്ടത്.

കാമുകി  വലിയ വീട്ടിലെ  കൊച്ച് തമ്പുരാട്ടി  ആകുകയും കാമുകൻ അധസ്ഥിതിക്കാരനാകുകയും  ചെയ്താൽ  ഞങ്ങൾ  "പരീക്ഷയിലെ" പ്രാണസഖീ ഞാൻ  വെറുമൊരു  പാമരനാം  പാട്ടുകാരൻ,  ഗാനലോക വീഥികളിൽ വേണു ഊതും  ആട്ടിടയൻ"  എന്ന  പാട്ടോ രമണനിൽ രാഘവൻ  മാഷ്  ഈണമിട്ട" വെള്ളി നക്ഷത്രമേ  നിന്നെ  നോക്കീ  തുള്ളി തുളുമ്പുകയന്യേ,  മാമക  ചിത്തത്തിലെന്നും ഇല്ലാ മാദക വ്യാമോഹമൊന്നും"  എന്ന  വരികളോ  അവളുടെ  ചെവികളിൽ 
മന്ത്രാക്ഷരങ്ങളായി മൂളുമായിരുന്നല്ലോ .

കൗമാരം  യവ്വനത്തിലേക്ക് കടക്കുകയും  പ്രണയം  എട്ടരക്കട്ടയിൽ തന്നെ  മൂളിക്കൊണ്ടിരിക്കുകയും  ചെയ്തുവെങ്കിലും  വിധി  ഞങ്ങളിലെ  കാമുകന് നിരാശ  മാത്രം  നൽകി   കാമുകിയെ  മറ്റൊരാളുമായി  വിവാഹ  ബന്ധത്തിലേർപ്പെടുത്തുകയും  ചെയ്തു. അപ്പോൾ  ഞങ്ങൾ  "അനുരാഗ നാടകത്തിൻ അന്ത്യമാം  രംഗം  തീർന്നു,   അരങ്ങിതിൽ  ആളൊഴിഞ്ഞു  കാണികൾ  വേർപിരിഞ്ഞു '  എന്ന  നിണമണിഞ്ഞ കാല്ൽപ്പടുകളിൽ  ഉദയഭാനു  പാടിയ  ദുഖം ഇറ്റ്  വീഴുന്ന  വരികൾ  കണ്ണീരൊലിപ്പിച്ച്  ആലപിക്കുകയും  കാമുകി  ഭർതൃഗൃഹത്തിലേക്ക്  യാത്രയാവുമ്പോൾ  വിവാഹിതയിലെ ,
സുമംഗലീ  നീ  ഓർമ്മിക്കുമോ
 സ്വപ്നത്തിലെങ്കിലും ഈ ഗാനം,
ഒരു ഗദ്ഗ്ദമായി  മനസ്സിൽ  അലിയും
  ഒരു  പ്രേമ കഥയിലെ  ദു:ഖഗാനം
  എന്നതോ  അല്ലെങ്കിൽ ഹൃദയം ഒരു  ക്ഷേത്രം  എന്ന ചിത്രത്തിലെ
  മംഗളം  നേരുന്നു  ഞാൻ
 മനസ്വിനി മംഗളം  നേരുന്നു  ഞാൻ 
 എന്ന  ഗാനമോ   പ്രയോജനപ്പെടുത്തുമായിരുന്നു. 
ആ  അവസ്ഥയിൽ പാടാനായി  ഞങ്ങൾക്ക് മറ്റൊരു  കിടിലൻ  ഈരടികൾ  സിനിമാഗാനമായി  ലഭിച്ചിരുന്നു  എന്ന കാര്യം  കൂടി  പറഞ്ഞ് വെക്കട്ടെ.
എല്ലാ ദു:ഖവും  എനിക്ക്  തരൂ
 എന്റെ  പ്രിയ  സഖീ നീ പോയ് വരൂ
..............മധുവിധു നാളുകൾ  മാദക നാളുകൾ
മദനോൽസവമായി  ആഘോഷിക്കൂ 
എല്ലാ ദു:ഖവും  എനിക്ക് തരൂ എന്റെ പ്രിയ സഖീ പോയി വരൂ.

ഈ ഗാനങ്ങളെല്ലാം ഞങ്ങളുടെ  കൗമാരത്തെയും  യൗവ്വനത്തേയും  അതിന്റേതായ  മാദകഭാവത്തിൽ അനുഭവിക്കാൻ തക്കവിധം  സഹായിച്ചിരുന്നു. അന്ന് ഗൾഫ് പ്രവാസം  ആരംഭിക്കുന്നതിന് മുമ്പ് ബോംബൈ  ആയിരുന്നു  പ്രവാസികളുടെ  പറുദീസാ. അവിടെ  നിന്നു  ഹൃദയത്തിൽ  തട്ടി  "മാമലകൾക്കപ്പുറത്ത്  മരതക പട്ടുടുത്ത് മലയാളമെന്നൊരു  നാടുണ്ട് " എന്ന്  പാടുകയും  "വീടിന്റെ  ഉമ്മറത്ത് വിളക്കും  കൊളുത്തി എന്റെ വരവും  കാത്തിരിക്കുന്ന  പെണ്ണുണ്ട്"  എന്ന  വരികളിലെത്തുമ്പോൾ  അറിയാതെ  കണ്ണ്   നിറയുകയും  ചെയ്തിരുന്നു  എന്നത്  ഇന്ന്  ഗൾഫ് പ്രവാസികൾക്ക്  അനുഭവമുള്ള  വസ്തുതയാണ്. നിണമണിഞ്ഞ  കാൽപ്പാടുകൾ എന്ന  ചിത്രത്തിലേതായിരുന്നു ആ ഗാനം.  

തീവ്രമായ ഏകാന്തത  ഞങ്ങളെ ഉമ്മാച്ചുവിലെ   "ഏകാന്ത  പഥികൻ  ഞാൻ" എന്ന  വരികളോ  ഭാർഗവീ നിലയത്തിലെ  "ഏകാന്തതയുടെ  അപാര തീരം " എന്ന  ഈരടികളോ   പാടിക്കുകയും  ചിലപ്പോൾ  ഞങ്ങളിലെ  കാമുകൻ  മണൽ പരപ്പിൽ മലർന്ന്  കിടന്ന്  പതിനാലാം രാവിലെ  പൂർണ ചന്ദ്രൻ അന്തരീക്ഷത്തെ പാൽക്കടലിൽ  കുളിപ്പിക്കുന്നത് കണ്ട് " പതിനാലാം രാവുദിച്ചത് മാനത്തോ  കല്ലായി കടവത്തോ" എന്ന  മരം സിനിമയിലെ  ഗാനമോ " മാനസ  മൈനേ  വരൂ  മധുരം  കിള്ളി  തരൂ" എന്ന   ചെമ്മീൻ ചിത്രത്തിലെ ഗാനമോ  ആലപിക്കുകയും  ചെയ്യുമായിരുന്നു.

പ്രണയം  പൂത്തുലയുകയും  വിധി  ഞങ്ങളെ  വിവാഹത്തിൽ  കൊണ്ടെത്തിക്കുകയും  ചെയ്താൽ   തന്നെയും  അപ്പോഴും   ഞങ്ങൾക്കായി  സിനിമാ ഗാനങ്ങൾ  ഒരുങ്ങി  നിന്നു.ആദ്യ രാത്രിയെ പറ്റി  ഓർത്തപ്പോൾ  ഞങ്ങളുടെ  തലമുറയിലെ  പെൺകൊടി  മൂലധനം  എന്ന  ചിത്രത്തിലെ വരികൾ   പാടി." പുലരറായപ്പോൾ  പൂങ്കോഴി  കൂവിയപ്പോൾ  പുതുമണവാളനൊന്നുറങ്ങിയപ്പോൾ".   എന്റെ  കൗമാരത്തിൽ  ആദ്യം  ഈ  പാട്ട് കേട്ടപ്പോൾ എന്റെ  ബാപ്പയും  ഉമ്മായും  അടുത്തുണ്ടായിരുന്നു.  ഉമ്മായോട്  ബാപ്പാ അന്നൊരു  ചോദ്യം  ചോദിച്ചു " ഒന്നുറങ്ങിയപ്പോൾ....അപ്പോൾ  ആ പഹയൻ  അത് വരെ  എന്ത്  ചെയ്യുകയായിരുന്നു.."  
ഉമ്മാ ഞാൻ  അവിടെ  ഇരിക്കുന്നു  എന്ന്  കൺ  കോൺ  കൊണ്ട്  വാപ്പായെ  ഓർമ്മപ്പെടുത്തിയപ്പോഴും  എനിക്ക്  കാര്യം  പിടി  കിട്ടിയില്ലായിരുന്നു.  പിന്നെ  എത്രയോ  വർഷങ്ങൾക്ക്  ശേഷമാണ്  ആ "ഒന്നുറങ്ങിയപ്പോൾ"  എന്നതിന്റെ   അർത്ഥവ്യാപ്തി  എനിക്ക് പിടി  കിട്ടിയത്.  ഒറ്റ  വാക്കിലൂടെ  ആശയ പ്രവാഹം സൃഷ്ടിക്കാൻ  കഴിവുള്ളവരായിരുന്നല്ലോ  അന്നത്തെ ഗാന രചയിതാക്കൾ.

വിവാഹം കഴിഞ്ഞ്  ഭാര്യ ഗർഭിണി ആകുമ്പോൾ " വിരുന്നു  വരും   വിരുന്ന്  വരും  പത്താം  മാസത്തിൽ  എന്ന  കുട്ടിക്കുപ്പായ ഗാനം  ഞങ്ങൾക്ക്  സന്തോഷകരമായിരുന്നു.  തറവാട്ടമ്മയിലെ  "കന്നിയിൽ  പിറന്നാലും   കാർത്തിക  നാളായാലും  കണ്ണിന്  കണ്ണായ്  തന്നെ  ഞാൻ  വളർത്തും" എന്ന  ഗാനവും  ആ  അവസ്ഥയിൽ   ഞങ്ങൾക്ക്   സ്നേഹ മന്ത്രധ്വനികളായി  അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ് പോയ  ആ നല്ല  നാളുകളിലെ  പ്രണയവും  പ്രണയഭംഗങ്ങളേയും  കുറിച്ച്  ഓർമ്മിച്ച്  " എന്റെ  കടിഞ്ഞൂൽ  പ്രണയ  കഥയിലെ  സുന്ദരീ  നിന്നെയും  തേടീ...."  എന്ന്  വർഷങ്ങൾക്ക് ശേഷം  ഉൾക്കടലിലെ  പാട്ട് പാടുമ്പോൾ  ഉള്ളിൽ  ഉണ്ടാകുന്ന  അനുഭൂതി പറഞ്ഞറിയിക്കാനാവില്ലല്ലോ!. 

 ഇനിയുമെത്രയെത്ര  മധുരം  കിനിയുന്ന  ഗാനങ്ങൾ...പറഞ്ഞാലും  പറഞ്ഞാലും  തീരാത്ത  അവയുടെ  ലാവണ്യ  ഭാവങ്ങൾ!!!  ഭൂതകാലത്തിന്റെ  സിന്ദൂരച്ചെപ്പിൽ  നിന്നും  ആ പഴയ ഗാന  ശകലങ്ങൾ  നമ്മളെ  തേടി  വന്ന് മനസ്സിനെ  തൊട്ട്  നിൽക്കുമ്പോൾ  ആ കാലത്തെ  വ്യക്തികളും  സംഭവങ്ങളും  മറ്റ്  എല്ലാ സ്മരണകളും  നമ്മളെ  തരളിത ഹൃദയരാക്കുമ്പോൾ  അറിയാതെ  മൂളി  പോകുന്നു:-
മധുരിക്കുന്നോർമ്മകളേ! മലർ  മഞ്ചൽ കൊണ്ട് വരൂ
കൊണ്ട്  പോകൂ  ഞങ്ങളെ  ആ മാഞ്ചുവട്ടിൽ...മാഞ്ചുവട്ടിൽ...

Sunday, April 6, 2025

ഘ്ടോൽക്കെചൻ

 ഘടോൽക്കചൻ !!!

മഹാഭാരതം കഥകളിൽ എനിക്കേറെ ഇഷ്ടപ്പെട്ട കഥാ പാത്രമാണ് ഘടോൽക്കചൻ.

പണ്ട് കുഞ്ഞ്ന്നാളിൽ  മായാ ബസാർ എന്ന തമിഴ് സിനിമാ കണ്ടതിന് ശേഷമായിരുന്നു  ഈ ഇഷ്ടത്തിന്റെ തുടക്കം. കനത്ത മീശയുള്ള  രങ്ക റാവു ആയിരുന്നു  ഘടോൽക്കചനായി വേഷം കെട്ടിയ നടൻ. പൊതുവേ രാജാ പാർട്ടിൽ  തിളങ്ങുന്ന നടനാണ് രങ്ക റാവു. മായാ ജാലക്കാരനായ ഘടോൽക്കചൻ പാടിയ  ആ സിനിമയിലെ ഒരു പാട്ട്  ഇന്നും എന്റെ സ്മരണയിലുണ്ട്.

“ കല്യാണ  ചമയൽ സാദം

   കായ്കനികളാൽ പ്രഭാവം

  ഇത് കൗരവ പ്രസാദം

  ഇതുവേ എനിക്ക് പോതും.......ഹഹഹ!! ഹാഹാ!

പിന്നീട് ഞാൻ ഘടോൽക്ചനെ സംബന്ധിച്ച എല്ലാ കഥകളും  താല്പര്യത്തോടെ വായിക്കുമായിരുന്നു. അങ്ങിനെ ഘടോൽക്കചൻ  മായാവിയായ രാക്ഷസനാണെന്നും പഞ്ച പാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ പുത്രനാണെന്നും ഹിഡുംബന്റെ സഹോദരി ഹിഡുംബി ആണ് മാതാവെന്നും മനസ്സിലാക്കി. മാത്രമല്ല മഹാഭാരത യുദ്ധത്തിൽ കൗരവരെ വിറപ്പിച്ച യോദ്ധാവാണ് അദ്ദേഹമെന്നും അവസാനം നിവർത്തി ഇല്ലാതെ വന്ന അവസ്ഥയിൽ അർജുനനെ വധിക്കാൻ വെച്ചിരുന്ന ഏക ആയുധം  കർണൻ ഘടോൽക്കചനെതിരെ പ്രയോഗിച്ച് കൊലപ്പെടുത്തിയെന്നും  വായിക്കുമ്പോൾ മനസ്സിൽ ഒരു വലിയ വേദന അനുഭവപ്പെട്ടിരുന്നു.  കൃഷ്ണൻ ഘടോൽക്കചനെ യുദ്ധ നേതൃത്വം എൽപ്പിച്ചതിലൂടെ  രണ്ട് കാര്യം സാധിച്ചു. ഒന്നാമത്തേത് അർജനനെ  നേരിടാനുള്ള  കർണനെ നിരായുധനാക്കി. രണ്ടാമത്തേത്  രാജ പദവി അവകാശ തർക്കം ഭാവിയിലുണ്ടാകാതെ പരിഹരിച്ചു.

അങ്ങിനെ ഘടോൽക്കചൻ ഒരു ഇതിഹാസമായി എന്റെ മനസ്സിൽ ജീവിച്ച് വരവേ  ഈ അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ നോവൽ ഘടോക്കചൻ ഒന്നും രണ്ടും ഭാഗം  (രണ്ടാം ഭാഗത്തിന്റെ പേര് രാക്ഷസ പർവം) എന്റെ ശ്രദ്ധയിൽ പെട്ടു. പാലക്കാട് ജില്ലയിൽ മുടപ്പല്ലൂർ സർക്കാർ ഹൈസ്കൂളിലെ ഭാഷാദ്ധ്യാപകനായ പത്തനംതിട്ട സ്വദേശി രാജേഷ് കെ.ആർ. ആണ് ഗ്രന്ഥകർത്താവ്. ലോഗോസ് ബുക്ക്സ് ആണ് 450 രൂപാ വീതം വിലയുള്ള  ഈ രണ്ട് പുസ്തകവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഘടോൽക്കചനോടുള്ള  പ്രിയത്താൽ യഥാക്രമം 302-334 പേജുകളുള്ള  ഈ പുസ്തകങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് വായിച്ച് തീർക്കാനായി. വായന അവസാനിച്ചപ്പോൾ  അറിയാതെ പറഞ്ഞ് പോയി. “ എന്റെ രാജേഷേ! സമ്മതിച്ച് തന്നിരിക്കുന്നു.“ അസാധാരണമായ പാത്ര നിർമ്മിതി. രംഗ വിവരണം. കഥാ പാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ചെറിയ അംശം പോലും  വായനക്കാരിലേക്ക് സംവദിക്കാനുള്ള മിടുക്ക്. വായന അവസാനിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഹാംഗ് ഓവർ  മാറുന്നില്ല. 

ഘടോൽക്കചൻ മാത്രമല്ല  മകനും ഭാര്യയും മാതാവും കൊച്ച് മകനും ഇതിൽ മിഴിവുറ്റ കഥാപാത്രങ്ങളാണ്. കൂട്ടത്തിൽ വാസുകി, കാർക്കോടകൻ ,  ഏകലവ്യൻ, ബകൻ, ശകുനി.  തുടങ്ങി ഇതിഹാസത്തിലൂടെ നമ്മുടെ മനസ്സുകളിൽ വില്ലൻ വേഷത്തിൽ രൂപപ്പെട്ടിരുന്നവർ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

അന്നത്തെ കാലഘട്ടത്തിലെ അധ:കൃത സമൂഹം ചരിത്രം നിർമ്മിക്കുന്നവരിലൂടെ  എങ്ങിനെയെല്ലാം മാറ്റി മറിക്കപ്പെട്ടാണ് നമ്മുടെ മുമ്പിലെത്തിയിരുന്നതെന്ന് അതിശയപ്പെട്ട് പോകുന്നു നമ്മൾ.   അന്ന് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട കീഴാള സമൂഹത്തിന്റെ  യാതനകൾ  മനസ്സിൽ തട്ടും വിധം കഥാകാരൻ നമ്മുടെ മുമ്പിൽ വരച്ച് കാട്ടുന്നുണ്ട്.  നോവൽ വായിച്ച് തീരുമ്പോൾ നമ്മുടെ മനസ്സിലെ വില്ലൻ വേഷങ്ങൾ  മറ്റൊരു രൂപത്തിലും ഭാവത്തിലും നിസ്സഹായരായി ദു:ഖ കഥാപാത്രങ്ങളായി  പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്.

ഇനി ഞാൻ ഉറങ്ങട്ടെയും രണ്ടാം ഊഴവും  തുടങ്ങി ഈ ജനുസ്സിൽ പെട്ട പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഇതൊന്ന് വേറെ തന്നയാണ്.

അതിനാൽ തന്നെ ഏവരുടെയും വായനക്കായി ഈ രണ്ട് പുസ്തകങ്ങളും  നിറഞ്ഞ മനസ്സോടെ ശുപാർശ ചെയ്യുന്നു.

Monday, February 24, 2025

വിവാഹാലോചന.....

 അങ്ങിനെ എന്റെ ഈ പ്രിയപ്പെട്ട ഭൂമി സാധാരണ പോലെ കറങ്ങി കൊണ്ടിരുന്ന കഴിഞ്ഞ ദിവസത്തെ പകൽ ദിവ്സത്തിൽ എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. നമ്പർ നോക്കിയതിൽ അപരിചിത നമ്പർ കണ്ടതിനാൽ ഈയുള്ളവൻ ചോദിച്ചു:

“ആരാണ്“

“ ഷരീഫ്   സർ  അല്ലേ ,ഞാൻ  കൊല്ലത്ത്   ............. മാട്രിമോണിയൽ  ആഫീസിൽ നിന്നാണ് വിളിക്കുന്നത്.

മധുര മനോഹരമായ ഒരു പെൺ സ്വരം മറുപടി പറഞ്ഞപ്പോൾ ഞാൻ തിരക്കി:-

“എന്താണാവോ കാര്യം...?

“ സർ, താങ്കളുടെ വീട്ടിൽ  ആർക്കെങ്കിലും വിവാഹാലോചന  നടത്തണമെങ്കിൽ ഞങ്ങൾ നടത്തി തരാം. ഞങ്ങളുടെ ആഫീസിൽ രജിസ്റ്റർ ചെയ്താൽ മതി. എല്ലാ തരത്തിലുള്ള യോജിക്കുന്ന ആലോചനകളുടെ വിവരങ്ങൾ ഞങ്ങളുടെ ആഫീസിൽ റെഡിയാണ് സർ.....“

വാതിൽ പടിയിൽ ചാരി എന്നെ നിരീക്ഷിച്ചും അല്ലാതെയും നിന്നിരുന്ന എന്റെ ഇണയെ ഇടം കണ്ണിട്ട് നോക്കി ഞാൻ പറഞ്ഞു:-

“എനിക്കൊരെണ്ണം  വേണം...കുംഭ മാസം ആണ് ഈ വേനൽ ചൂടിൽ  മുതുകിൽ പൊങ്ങുന്ന  കുഞ്ഞ് കുരുക്കൾ  ചൊറിയാൻ  ഒരാളെ വേണം. വിവാഹ ബന്ധത്തിലൂടെ കിട്ടിയാൽ  ശമ്പളം കൊടുക്കേണ്ടല്ലോ..ആഹാരം കൊടുത്താൽ മതിയല്ലോ..അതിവിടെ ഒരാൾക്ക്കൂടി കൊടുക്കാൻ എപ്പോഴും കാണും. .. പിന്നെ ഉള്ള കാര്യം തുറന്ന് പറയാം ഇപ്പോൾ നിലവിലുള്ളവരോട് മുതുക് ചൊറിയാൻ പറയുമ്പോൾ നമ്മുടെ നേരെ ഇതെന്തൊരു ശല്യം എന്ന മട്ടിലൊരു  നോട്ടമാണ്. അതിനാൽ വരുന്നവരോട് കാര്യം പറഞ്ഞ് നിയമിക്കുമ്പോൾ പിന്നെ കുഴപ്പമില്ലല്ലോ......“

അപ്പുറത്ത് അനക്കമില്ല. ഫോൺ കട്ട് ചെയ്ത് പോയോ..ഞാൻ നോക്കി ഇല്ല സജീവമായി ലൈനിൽ ഉണ്ട്. ഞാൻ മുരടനക്കി..“ഹലോ , നിങ്ങൾക്ക് എന്റെ നമ്പർ എങ്ങിനെ കിട്ടി.....?

“അത്...അത്... ഞങ്ങളുടെ ഹെഡ് ഓഫീസിൽ  നിന്നും അയച്ച് തന്നതാ...സാറേ.... സാറിനെ പിന്നെ വിളിക്കാം...ഫോൺ കട്ടായി. ഞാൻ കതകും ചാരി നിന്നവളെ  ഗർവോടെ നോക്കി.  അവൾ പുസ്കെന്ന മട്ടിൽ  എന്നെ വീക്ഷിച്ചു എന്നിട്ട് വിനയത്തോടെ ചോദിച്ചു “ സാറിന്  ഇപ്പോൾ തന്നെ മുതുക് ചൊറിയണോ......?“

പഴയ ഏതോ ഒരു മലയാള സിനിമയിൽ നടൻ  ഇൻസെന്റിന്റെ വക ഒരു ഡയലോഗ് ഉണ്ട്:

“സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണാ ശീലം അത്യാവശ്യമായി ഒരു ഭർത്താവിനുണ്ടാകേണ്ടതാണ്.....“

അത് കൊണ്ട് ഞാൻ ഉടനെ മറുപടി പറഞ്ഞു “അയ്യോ വേണ്ടായേ..മുതുക് ചൊറിയണ്ടായേ...“

മുകളിൽ പറഞ്ഞ  ഫോൺ വിളിയും മറുപടിയും സത്യസന്ധമായ വസ്തുതയാണ്. ഇത് പോലെ മുമ്പും കേരളത്തിലെ ഒരു പ്രധാന പലിശ  അറുപ്പ് കമ്പനിയിൽ നിന്നും അവരുമായി പണമിടപാട് നടത്താനും  പ്രധാനപ്പെട്ട പ്രസിദ്ധീകരണ ശാലയിൽ നിന്നും പുസ്തക വാങ്ങാനായും എനിക്ക് ഫോൺ വിളികളും മെസ്സേജും  വന്നിട്ടുണ്ട്.ഇപ്പോൾ വിവാഹ നടത്തിപ്പ് കമ്പനിയിൽ നിന്നുമാണ് എന്റെ നമ്പരിലേക്ക് ഫോൺ വന്നത്.

 ഇനി എന്റെ ചോദ്യം നിങ്ങളോടാണ് ഞാനും.. നിങ്ങളും ഉൾപ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ ഫോൺ നമ്പറുകളും മറ്റും(ഡേറ്റാ കളക്ഷൻ) ആരാണ് ഈ വക കമ്പനികൾക്ക് നൽകുന്നത്..അല്ലെങ്കിൽ വിൽക്കുന്നത്

നമ്മൾ വിശ്വസിച്ച് സർക്കാർ ഉൾപ്പടെയുള്ള  വേദികളിൽ നൽകുന്ന ഈ ഡേറ്റാകൾ വിപണനം ചെയ്യപ്പെടുന്നു എന്നത് സത്യമാണോ?

Tuesday, July 16, 2024

മതിലുകൾ...മതിലുകൾ

 മതിലുകൾ...മതിലുകൾ.

മലയാള നാട്ടിൽ അങ്ങോളമിങ്ങോളം മതിലുകളാണ്. മൂന്ന് സെന്റ് സ്ഥലം മാത്രമാണെങ്കിലും അതിൽ വീട് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചുറ്റ് മതിൽ തീർന്നിരിക്കും.മനസ്സ് ഇടുങ്ങുന്നതിനോടൊപ്പം തന്നെ  സ്വാർത്ഥത കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ സുരക്ഷ ആണ് പ്രധാനമെന്നും അത് കൊണ്ട് തന്നെ മതിലുകൾ അത്യന്താപേക്ഷിതമാണ് എന്നൊക്കെ ന്യായീകരണം  ഉയർത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്ന പോലെയുള്ള മതിലുകൾ ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് സുരക്ഷ ഇല്ലായിരുന്നോ എന്ന ചോദ്യമാണ് അതിന് മറുപടി.. എന്റേത്....എന്റേത്....എന്ന ചിന്ത ഉടലെടുത്ത നാൾ മുതൽ മതിലിന്റെ ചരിത്രം ആരംഭിക്കുന്നു.

പണ്ട്നിരത്തിനരികിലും പണക്കാർക്കുമായിരുന്നു മതിലുകൾ കണ്ട് വന്നിരുന്നത്. സാധാരണക്കാർ പത്തലുകളും മുളവാരിയും കൊണ്ടും മറ്റും വേലികൾ ഉണ്ടാക്കിയിരുന്നു. മണൽ പ്രദേശങ്ങളല്ലാത്തിടത്ത് മൺ കയ്യാലകളും കാണപ്പെട്ടു. പക്ഷേ അതൊന്നും അയല്പക്കക്കാർക്ക് കയറി വരാനുള്ള തടസ്സം സൃഷ്ടിച്ചിരുന്നില്ലല്ലോ. അവർ വേലിക്കരികിൽ നിന്നും കയ്യാലക്കപ്പുറവും ഇപ്പുറവും നിന്നും ഞായം പറഞ്ഞു,നാട്ടിലെ വിശേഷങ്ങൾ പങ്ക് വെച്ചു.

  പക്ഷേ മതിലുകളും അതിൽ ഉറപ്പിച്ചിരിക്കുന്ന ഗേറ്റുകളും അയൽ വാസിക്ക് സുഗമമായി കടന്ന് കയറുന്നതിന് മനസ്സിൽ മടി ഉളവാക്കിയെന്നത് തികച്ചും സത്യമായിരുന്നു. അങ്ങിനെ മതിൽ ജ്വരം നാടിലാകെ പടർന്ന് പിടിച്ചു നാട്ടിലാകെ മതിലുകളായി.മനുഷ്യന്റെ മനസ്സും ഇടുങ്ങി പോയി.

എന്റെ ബാല്യത്തിൽ ആലപ്പുഴ വട്ടപ്പള്ളിയിൽ മതിലുകൾ അപൂർവമായിരുന്നു. പണക്കാരിലും നിരത്തിനരികിലും മാത്രം മതിലുകൾ. ബാക്കി ഇടങ്ങളിലെല്ലാം വേലികൾ ഉണ്ടായപ്പോൾ ചില ഇടങ്ങളിൽ അതുമില്ലാതായിരുന്നു. ഒരു തടസ്സവുമില്ലാതെ ആളുകൾ നിർബാധം പറമ്പുകളിലൂടെ കടന്ന് സഞ്ചരിച്ചിരുന്നു. . അന്ന് ഞങ്ങൾ വെളുക്കുമ്പോൾ കുളിക്കാൻ പോകുമ്പോൾ വേലിക്കൽ നിന്നവരൊട് കിന്നാരം പറഞ്ഞു. വേലിപ്പഴുതിലൂടെ  ഒളിച്ചും പാത്തും സംസാരിച്ചു. അത്യാവശ്യം ശ്രദ്ധ ആകർഷിക്കാൻ ചെറു കല്ലുകൾ വേലിക്ക് മുകളിലൂടെ എറിയുകയും ചെയ്തു. അങ്ങിനെ ഒരു കല്ല് എന്റെ കളിക്കൂട്ടുകാരി എറിഞ്ഞത് എന്റെ ഉമ്മയുടെ ശരീരത്ത് വീഴുകയും  “ഏത് പന്നി ബലാലാണ് കല്ലെറിയുന്നത് എന്ന് ഉമ്മാ ചോദിച്ച സംഭവങ്ങളും ഞങ്ങളുടെ ബാല്യ കാലത്ത് ഉണ്ടായിട്ടുണ്ട്.

മതിലുകൾ ഇല്ലാത്ത ആ കാലത്ത് രാത്രിയിൽ നിലാവ് പരന്നൊഴുകുമ്പോൾ അയൽ പക്കക്കാർ ഉറക്കം വരുന്നത് വരെ മുറ്റത്ത് വട്ടം കൂടി ഇരുന്ന് നാട്ട് വിശേഷങ്ങൾ പറയുമായിരുന്നു. നാട്ടിലെ എല്ലാ അത്യാഹിതങ്ങളും പരിഹാരങ്ങളും അവിടെ ചർച്ച ചെയ്യപ്പെടും. സ്വന്തം ആവലാതികളും ബുദ്ധിമുട്ടും ദാരിദ്യവും പർസ്പരം പങ്ക് വെച്ചിരുന്നു. അത് പരസ്പരം പറയാൻ മടിയുമില്ലായിരുന്നു എന്നത് മാത്രമല്ല ആ പരസ്പരം പങ്ക് വെക്കൽ മനസ്സിന് ആശ്വാസവുമായിരുന്നു അപ്രകാരമുള്ള ചർച്ചകളിലൂടെ ഇരുന്നാഴി അരിയും അൽപ്പം വെളിച്ചെണ്ണയും  രണ്ട് മുളകും കൊടുക്കാനുള്ള  സന്നദ്ധതയും ഉണ്ടാകുമായിരുന്നു.

കാലം കടന്ന് പോയപ്പോൾ മനസ്സ് ഇടുങ്ങി വന്നു.മനുഷ്യർ സ്വന്തത്തിൽ മാത്രം ഒതുങ്ങുകയും അപരന്റെ ദുഖത്തിൽ ഇടപെടാതിരിക്കുകയും ചെയ്തു. നാണക്കേട് തോന്നൽ അധികരിച്ച് വന്നതിനാൽ ദുഖം പങ്ക് വെക്കലും അവസാനിച്ചു. വെളുക്കുമ്പോൾ കുളിയുമില്ല വേലി ഇല്ലാത്തതിനാൽ  വേലിക്കൽ നിൽപ്പും ഇല്ലാതായി. കിളിച്ചുണ്ടൻ മാങ്ങ പരസ്യമായി കടിക്കൽ നാണക്കേടുമായി. അവരവരുടെ മനസ്സിൽ എല്ലാവരും ഒതുങ്ങി കൂടിയപ്പോൾ മതിലുകൾ അധികരിക്കുകയും ചെയ്തു.

അങ്ങോളമിങ്ങോളം മതിലുകളും മതിലുകൾക്കുള്ളിലെ  റോബോട്ടുകളുമായി മാറി നമ്മൾ.

Saturday, June 29, 2024

വേണ്ടെങ്കിൽ ചക്ക

 

വേണ്ടെങ്കിൽ ചക്ക  വേരിലും എന്നോ മറ്റോ ഒരു പഴ്ഞ്ചൊല്ലുണ്ടല്ലോ..... നമ്മുടെ പുരയിടത്തിൽ നിൽക്കുന്ന പ്ളാവിന്റെ ശിഖിരങ്ങൾ മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് മുറിച്ച് മാറ്റേണ്ടി വന്നു. മൊട്ടയടിച്ച മണ്ടയിൽ മഴ വെള്ളമിറങ്ങാതിരിക്കാൻ പ്ളാസ്റ്റിക് ബക്കറ്റിനാൽ ഒരു തൊപ്പിയും സ്ഥാപിച്ച് കൊടുത്തു. കാലമങ്ങനെ  നീങ്ങവേ  വീണ്ടും ശിഖിരങ്ങൾ കിളിർക്കുകയും അത് വണ്ണം വെക്കുകയും പിന്നെ അത് കായ്ക്കുകയും  ചെയ്തെങ്കിലും  പറിച്ച് ഉപയോഗിക്കുവാൻ പറ്റാത്ത വിധത്തിൽ അതങ്ങ്  ഉയരത്തിലായി പോയി ചക്ക പിടിച്ചത്.

പ്ളാവിനോട് പരിഭവം പറഞ്ഞു.  പണ്ട് നിന്നെ മൊട്ട അടിച്ചതോർമ്മയുണ്ടോ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാൽ മര്യാദക്ക് നോക്കിയും കണ്ട് ജീവിച്ചില്ലെങ്കിൽ  ശരിയാക്കി കളയും എന്ന് താക്കീത് കൊടുക്കുകയും ചെയ്തുവല്ലോ.

ഈ വർഷം ചക്ക് കായ്ച്ചപ്പോൾ മര്യാദക്കാരിയായി അവൾ തറയിൽ തന്നെ രണ്ട് ചക്കയെ പ്രസവിച്ചു.“ അപ്പോൾ ആൾക്ക് പേടിയുണ്ടല്ലേ“ എന്ന് ഞാൻ അവളോട് ചോദിച്ചു.. മാത്രമല്ല പറിക്കാൻ  ഉയരത്തിൽ മറ്റൊരു കുല ചക്കകൾ കൂടി അവൾസമർപ്പിക്കുകയും ചെയ്തിരിക്കുന്നു.

ആര് പറഞ്ഞു വൃക്ഷങ്ങൾക്ക് മലയാളം അറിയില്ലാ എന്ന്........


ഷരീഫ് കൊട്ടാരക്കര.

Thursday, April 18, 2024

മന്തി....

 മന്തി...

കേരളത്തിലങ്ങോളമിങ്ങോളം ഹോട്ടലുകൾക്ക് മുൻ വശം  കാണുന്ന ബോർഡിൽ കാണുന്ന ഒരു പേര് ആണ് മന്തി... എന്ന് വെച്ചാൽ  കുഴിമന്തി. ബിരിയാണിക്ക് സമം ഉള്ള ഒരു ആഹാര പദാർത്ഥം. ഈ ആഹാരം യുവ ജനതയിൽ നല്ലൊരു ശതമാനം വളരെ ഇഷ്ടപ്പെടുന്നു.

വർഷങ്ങൾക്ക് മുമ്പ് മന്തി എന്ന വാക്കിനർഥം  കാലിൽ മന്ത് രോഗം ഉള്ളവൾ എന്നായിരുന്നു. മന്തന്റെ സ്ത്രീ ലിംഗം ആയിരുന്നു മന്തി. അമ്പഴപ്പുഴ ചേർത്തല, പൊന്നാനി താലൂക്കുകളുടെ ട്രേഡ് മാർക്കായിരുന്നു ഒരു കാലത്ത് മന്ത് രോഗം. രാത്രി അസമയത്ത് ഏറുണാകുളത്ത് നിരത്തിൽ കണ്ടവ്നെ പോലീസ് പിടിച്ച് ചോദ്യം ചെയ്തപ്പോൾ നാട് ഏതെന്ന ചോദ്യത്തിന് ചേർത്തല എന്ന് ഉത്തരം കിട്ടിയ ഉടൻ ഏമാൻ ടോർച്ച് അടിച്ച് കാല് പരിശോധിച്ചതിൽ “ കള്ളം പറയുന്നോടാ..ചേർത്തലക്കാരന്  മന്തില്ലല്ലോടാ.....മോനേ..എന്ന് ആക്രോശിച്ച കഥയിൽ അതിശയോക്തി ഇല്ല.

ആലപ്പുഴക്ക് വടക്ക് മണ്ണഞ്ചേരിയിലെ ഒരു വിവാഹ സദ്യയിൽ  (അന്ന് നിലത്ത് നിരന്നിരുന്ന് ആഹാരം കഴിക്കുന്ന രീതിയാണ്) ലൈനിന്റെ അറ്റത്തിരുന്ന് ഒരു വിരുതൻ ആ ലൈനിന്റെ അവസാനം ഇരുന്ന് ഉണ്ണൂന്ന ഒരു മൂപ്പിലാന്റെ കൈ നോക്കി “ ആരാടാ കാല് കൊണ്ട് ഉണ്ണുന്നേ“ എന്ന് ചോദിച്ചതും കല്യാണ ചെക്കന്റെ അമ്മാവനെ അപമാനിച്ചു എന്ന കാരണത്താൽ പൊരിഞ്ഞ തല്ല് നടന്നതുമായ ചരിത്രം വട്ടപ്പള്ളിയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആ മൂപ്പിലാന്റെ കയ്യിലായിരുന്നു മന്ത്.

മന്തിയെ പെണ്ണ് കാണാൻ ചെക്കൻ വരുമ്പോൾ  പെണ്ണ് കുളത്തിൽ വെള്ളം കോരാൻ പോകുന്ന നേരം മന്ത് കാൽ കുളത്തിൽ താഴ്ന്ന് നിൽക്കുന്ന സമയത്താണ് പെൺ വീട്ടുകാരുടെ ദല്ലാൾ പെണ്ണിനെ കാണിച്ചിരുന്നത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്

ആദ്യ രാത്രിയിൽ മണവാളന് മന്തുണ്ടെന്ന് കണ്ട് പരവശയായ പെണ്ണിനോട് കവിയായ പയ്യൻ വടക്കൻ പാട്ട് താളത്തിൽ പാടിയത്രേ  മന്താനാണെന്ന് ചിന്തിക്ക വേണ്ടെടീ മന്തെനിക്കീശ്വരൻ തന്നതാടീ “

എന്റെ ഉമ്മുമ്മാക്കും അവരുടെ രണ്ട് സഹോദരിമാർക്കും നാട്ടിൽ ഭൂരിഭാഗം പേർക്കും ആ കാലത്ത് രണ്ട് കാലിലും മന്തുണ്ടായിരുന്നു. ഉമ്മായുടെ കാലമെത്തിയപ്പോൾ ആ തലമുറയിലേക്ക് വ്യാപനം ഉണ്ടായില്ല.അങ്ങിനെ മന്തും മന്തനും മന്തിയും നിറഞ്ഞ കാലം കടന്ന് പോയി. ഇന്നത്തെ തലമുറക്ക് ആ കഥകളറിയില്ല. 

ഇന്നത്തെ ചെക്കൻ മന്തി വേണം മന്തി വേണം എന്ന് നിർബന്ധം പിടിച്ച് കരയുമ്പോൾ പഴയ മന്തികളെ പറ്റി ഓർത്ത് പോയി.

Wednesday, February 28, 2024

പടിഞ്ഞാറേ മാനത്തുള്ള.....

 പടിഞ്ഞാറേ മാനത്തുള്ള പടിഞ്ഞാറേ മാനത്തുള്ള

പനിനീർ ചാമ്പക്ക പഴുത്തുവല്ലോ മുഴുത്തുവല്ലോ

പറിച്ച് തിന്നാനെനിക്ക് ചിറകില്ലല്ലോ.... 

നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന മലയാള സിനിമയിലുള്ള ഈ ഗാനത്തിന്റെ വരികൾ ഭാസ്കരൻ മാഷിന്റേതാണ്. ഈണമിട്ടത് ബാബുക്കയും. പാട്ട് രംഗം കാണുമ്പോളെല്ലാം ഉണ്ടായ ഒരു സംശയമാണ്. പ്രേം നസീറും അംബികയും ചേർന്നഭിനയിക്കുന്ന  ഈ ഗാന രംഗം  സംഭവിക്കുന്നത് സന്ധ്യയിലോ രാത്രിയിലോ ?  പാട്ടിലെ വരികൾ പറഞ്ഞ് തരുന്നത് പുലർച്ചക്കാണ് ആ സീനെന്നാണ്. കാരണം രംഗത്ത് കാണിക്കുന്നത് പൂർണ ചന്ദ്രനെയാണ്. പൂർണ ചന്ദ്രൻ കിഴക്കേമാനത്ത് സന്ധ്യക്ക് ഉദിക്കുകയും  അസ്തമിക്കാൻ നേരം പഴുത്ത് മുഴുത്ത്  പടിഞ്ഞാറേ മാനത്ത് വരുകയും ചെയ്യുന്നത് വെളുപ്പാൻ കാലത്തുമാണ്. 

ശരിയല്ലേ?

 അതായത് കമിതാക്കൾ  ആടി പാടിയത് വെളുപ്പാൻ കാലത്താണെന്ന്......

എപ്പോഴേ ആകട്ടെ...പണ്ട് ചെറുപ്പത്തിൽ ചുണ്ടുകൾ  ആവർത്തിച്ചാവർത്തിച്ച് മൂളിയിരുന്ന   ശ്രവണ സുന്ദരമായ ഈ ഗാനം എത്ര കേട്ടാലും മതിവരാത്തത് തന്നെയെന്ന് ഉറപ്പ്. 

പെയ്യാതെ  മനസ്സിൽ കനത്ത് നിൽക്കുന്ന  കാർ മേഘങ്ങളുടെ വിതുമ്പൽ  ശ്രദ്ധിക്കാതിരിക്കാൻ മറ്റൊന്നിലേക്ക് മനസ്സിനെ  തിരിച്ച് വിടാൻ  ഈ വക സംശയങ്ങൾ   ആവശ്യമാണല്ലോ.


Tuesday, January 23, 2024

ആൽ...മാവ്

 കേട്ടവർ കേട്ടവർ അതിശയം കാണാൻ  ആലപ്പുഴ പടിഞ്ഞാറേ  ജമാ അത്ത് പള്ളിയിലേക്ക് പാഞ്ഞ് പോയി. തളിർത്ത് നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നും തീയും പുകയും വരുക അതിശയം  തന്നെയാണല്ലോ!!!

ഒൻപത് വയസ്സ്കാരനായ ഞാനും പള്ളിക്കൂടത്തിൽ നിന്നുമിറങ്ങി അൽഭുത കാഴ്ച കാണാൻ പോയി. മണ്ണിട്ടാൽ നിലത്ത് വീഴാത്ത വിധം ജനക്കൂട്ടം അവിടെ കൂടിയിരിക്കുന്നു. മുത്തലിബ് തങ്ങളുടെ കബറിന് സമീപം നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നുമാണ് തീയും പുകയും വരുന്നത്. ആ കാഴ്ച ജനം അന്തം വിട്ട് നോക്കി നിന്നു.

മുമ്പ് ഞാൻ ആ കബറും പരിസരവും കണ്ടിട്ടുണ്ട്.  ജമാ അത്ത് പള്ളിയുടെ പടിഞ്ഞാറേ ഗേറ്റിന് സമീപമാണ് മുത്തലിബ് തങ്ങളുടെ കബർ സ്ഥിതി ചെയ്യുന്നത്.അന്ന് ഒരു ചെറിയ മതിൽക്കെട്ടിനാൽ വേർ തിരിച്ചിരുന്ന ഇടത്താണ് കബർ ഉണ്ടായിരുന്നത്. കബറിന് സമീപം കത്തിച്ച് നിർത്തിയിരുന്ന ചന്ദന തിരികളും പുകഞ്ഞ് കൊണ്ടിരുന്ന എണ്ണ തിരികളും കാണപ്പെട്ടിരുന്നു. വെള്ള മണൽ വിരിച്ച പള്ളി പറമ്പിൽ നിറയെ കബറുകളാണ്.തണൽ വിരിച്ച് നിൽക്കുന്ന പെരുമരത്തിന്റെയും മറ്റ് വൃക്ഷങ്ങളുടെയും തണലിൽ സ്ഥിതി ചെയ്യുന്ന  കബറിടങ്ങളിൽ മനുഷ്യർ ഉറങ്ങുന്നു. അന്ത്യ കാഹളം മുഴങ്ങുമ്പോൾ  നാഥന്റെ മുമ്പിൽ തിരക്കിട്ട് എത്താനായി അവർ കാത്ത് കിടക്കുകയാണ്.

പള്ളി പരിസരത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾ കുട്ടികൾ മുത്തലിബ് തങ്ങൾക്ക് ഉൾപ്പടെ ഉച്ചത്തിൽ സലാം ചെല്ലും.അസ്സലാമു അലൈക്കും....( അത്യുന്നതമായ സമാധാനം നിങ്ങളിൽ ഉണ്ടാകട്ടെ.) അവർ ആ സലാം കേൽക്കുമോ എന്ന് ഞാൻ ഒരിക്കൽ ഉമ്മായോട് ചോദിച്ചു. നമ്മൾ കേൾക്കുന്നതിനേക്കാളും അവർ അത് കേൾക്കുമെടാ“ എന്ന് ഉമ്മാ ഉത്തരം നൽകിയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് തങ്ങളുപ്പുപ്പായുടെ കബറിന് സമീപം ആൽ മരം കൂടാതെ ഒരു മാവ് വൃക്ഷവും ഉണ്ടായിരുന്നത്രേ!   കുല കുലയായുള്ള മധുരമുള്ള  മാങ്ങാ അതിൽ നിറഞ്ഞ് നിന്നിരുന്നതിനാൽ കുട്ടികൾ മാവിൽ കല്ലെറിയൽ പതിവായിരുന്നു.

എന്റെ അപ്പച്ചി (പിതൃ സഹോദരി) ആ കഥ പറഞ്ഞ് തന്നു. തുരു തുരാ കല്ലുകൾ കബറിന് മേൽ വന്ന് വീണു കൊണ്ടിരുന്നതിനാൽ  തങ്ങൾ ഉപ്പുപ്പാ പടച്ചവനോട് ഈ ഉപദ്രവത്തെ പറ്റി പ്രാർത്ഥിച്ചെന്നും തുടർന്ന് മാവ് ആലായി മാറിയെന്നുമായിരുന്നു ആ  കഥ.  കേട്ട് കൊണ്ടിരുന്ന എന്റെ കൊച്ചാപ്പാ പ്രതികരിച്ചു. “പിന്നേയ്! ആലിന് സമീപം ഏത് മരം നിന്നാലും ആലിന്റെ വേടുകൾ അതിനെ പൊതിയും...  പിന്നെ  ആ മരം കാണില്ല  അത് സാധാരണമാണ്...“

കൊച്ചാപ്പാ വഹാബിയാണെന്ന് അപ്പച്ചി പ്രതികരിച്ചു. നവീനാശയങ്ങളുമായി വാദിക്കുന്നവരെല്ലാം അന്ന് വഹാബി ആയിരുന്നല്ലോ.

അന്ന്  ആലിന് തീ പിടിച്ചപ്പോൾ കൂടിയ ജനത്തോട് കബർ വെട്ടി (കബർ കുഴിക്കുന്ന ആൾ) കയ്യും കലാശവും കാട്ടി പറഞ്ഞു.  “തീയെങ്ങിനെ വരുന്നെന്ന് നോക്കാൻ  ഞാൻ ആലിൽ കയറി . അപ്പോൾ ദാണ്ടെ! അവിടെ ഒരുത്തൻ പത്തിയും പൊക്കി നിൽക്കുന്നു. ഞാൻ ജീവനും കൊണ്ടോടി....തങ്ങൾ ഉപ്പാപ്പായുടെ കറാമത്തുകളേ.....“

“ വെടി വെക്കല്ലേ മോനേ.....“ കൂട്ടത്തിൽ ആരോ വിളിച്ച് പറഞ്ഞു.

“കളിയാക്കിക്കോ കളിയാക്കിക്കോ.....തീക്കൊള്ളി കൊണ്ട് തല ചൊറിയല്ലേ മോനേ....ഇത് തങ്ങൾ ഉപ്പാപ്പയാണ്..വിവരം അറിയും....“

പിന്നീട് ഫയർ എഞ്ചിൻ വന്നു. ആൽ മരത്തിന്റെ മണ്ടയിലേക്ക് വെള്ളം ചീറ്റി. തീ അണഞ്ഞു. അതിലൊരു ഫയർ മാൻ ഏണി വെച്ച് ആൽ മരത്തിന്റെ കവരത്തിൽ വരെ എത്തി നോക്കിയിട്ട് തിരികെ ഇറങ്ങി പറഞ്ഞു :പഴയ മാവിന്റെ അവശിഷ്ടം ഇപ്പോഴും ആലിനകത്ത് ജീർണിച്ച് നിൽപ്പുണ്ട്. താഴെ നിന്ന് കാക്കയോ എലിയോ എണ്ണ തിരി കൊത്തി എടുത്ത് ആലിന്റെ മണ്ടയിൽ വെച്ചു..ചൂട് കാലമല്ലേ ... ജീർണിച്ച മാവിൽ ആ തീ പടർന്ന് പിടിക്കാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല.....“

കാലങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു...ഇന്ന് മുത്തലിബ് തങ്ങളുടെ കബർ ചുറ്റു മതിൽ കെട്ടി തറയിൽ ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിട്ടുണ്ട്. സ്ത്രീകളാണ്അവിടെ കൂടുതലും തങ്ങൾ ഉപ്പാപ്പായോട്  പ്രാർഥിക്കാനായി വരുന്നതും തിരി കത്തിക്കുന്നതും.എല്ലാ വെള്ളിയാഴ്ച തിങ്കളാഴ്ച രാവുകളിൽ അവിടെ തിരക്കാണ് പരികർമ്മികളായി രണ്ട് മൂന്നു പേർ  അവിടെ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിൽപ്പുണ്ടാകും, കൂട്ടത്തിൽ  കൈ മടക്ക് വാങ്ങിക്കാനും.

പണ്ട് പട്ടിണിയും ദാരിദ്രിയവും മുറ്റി നിന്ന കാലത്ത് നേരത്തോട് നേരമാകുമ്പോൾ  കത്തിച്ചേക്കാവുന്ന അടുപ്പിൽ കലം കേറ്റാനായി ഓട്ടത്തിലായിരുന്നല്ലോ ജനം. കലത്തിൽ വേവുന്നത് എല്ലാ ചട്ടിയിലുമെത്തിക്കാൻ അശ്രാന്ത പരിശ്രമത്തിലായിരുന്നു സ്ത്രീകൾ. ആ തിരക്കിനിടയിൽ ഭക്തി വലിയ രീതിയിൽ ഇല്ലായിരുന്നു. പട്ടിണി മാറി പത്ത് പുത്തൻ കയ്യിൽ വന്നപ്പോൾ ഭക്തി വർദ്ധിച്ചു, തീർത്ഥാടനം കൂടി.ദർഗകളിൽ ക്യൂ ആയി. തങ്ങൾ ഉപ്പുപ്പായുടെ മുമ്പിൽ പ്രാർത്ഥനകൾ വർദ്ധിച്ചു, കാണിക്കകൾ ധാരാളമായി. അദ്ദേഹം ജീവനോടിരിക്കുമ്പോൾ അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ അദ്ദേഹം സമ്മതിക്കില്ലായെന്ന് ഉറപ്പ്.

 തങ്ങൾ ഉപ്പുപ്പായുടെ ദർഗക്ക്  കുറച്ച് അപ്പുറത്ത് മാറി സ്ഥിതി ചെയ്യുന്ന ജമാ അത്ത് പള്ളിയുടെ മിനാരങ്ങളിലൂടെ ഓരോ നമസ്കാരത്തിനും ക്ഷണിച്ച് കൊണ്ട് ബാങ്കിന്റെ കർണാനന്ദമായ  ഒലികൾ കാറ്റിലൂടെ കടന്ന് വരാറുണ്ട്.

അശ് ഹദ് അൻ ലാ ഇലാഹ ഇല്ലല്ലാ....( ഞാൻ സാക്ഷ്യപ്പെടുത്തുന്നു മറ്റ് ഒരു ദൈവവുമില്ലാ...ഏകനായ  ദൈവമല്ലാതെ..)

Friday, December 22, 2023

മുല്ലക്കൽ ഉൽസവം

 ഇന്ന് ആലപ്പുഴ മുല്ലക്കൽ ഉൽസവം  ആറാം ദിവസമാണ്

മുല്ലക്കൽ ക്ഷേത്രത്തിലെ  പ്രതിഷ്ഠ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ആലപ്പുഴ വിട്ടതിന് ശേഷം    പത്ത് ദിവസമുള്ള ഉൽസവത്തിൽ ഏതെങ്കിലും ഒരു ദിവസം ഞാൻ ആലപ്പുഴ പോകുകയും ഉൽസവ തിരക്കിൽ  മുല്ലക്കൽ റോഡിലൂടെ കാഴ്ചകൾ കണ്ട് പതുക്കെ നടന്ന് പോകുകയും ചെയ്യുമായിരുന്നു. ഈ യാത്രയിൽ പഴയ സുഹൃത്തുക്കൾ ആരെയെങ്കിലും കാണും. റോഡിന്റെ വടക്കേ അറ്റത്ത് നടക്കുന്ന ശാസ്തീയ സംഗീത സദസ്സിൽ ഒരു മൂലയിൽ പോയി നിന്ന്  സംഗീതം ആസ്വദിക്കും. പുസ്തക കടകളിൽ കയറി പുതിയ പുസ്തകങ്ങളെ പറ്റി തിരക്കും, ഇതിനിടയിൽ ബാല്യ കാല അനുഭവങ്ങളുടെ  സ്മരണകളിലൂടെ ഊളിയിടും. ഞാൻ ഈ ദിവസം ഇവിടെ വരുന്നത് തന്നെ ആ സ്മരണകളെ മനസ്സിൽ ഊതി കത്തിക്കാനാണല്ലോ.

ധനു മാസ കുളിരിൽ  മാനത്ത് അമ്പിളി തെന്നി നീങ്ങുന്ന രാവുകളിൽ ചെറുപ്പത്തിൽ വാപ്പാ എന്നെ ഉൽസവ സ്ഥലത്ത് കൊണ്ട് പോകുമായിരുന്നു. ജോലി കഴിഞ്ഞ് വാപ്പാ വീട്ടിൽ വരുമ്പോൾ ഏറെ രാത്രി ചെന്നിരിക്കും, എന്നാലും മഞ്ഞ് കൊള്ളാതെ തലയിൽ ഒരു തോർത്തു കെട്ടി തന്ന് വട്ടപ്പള്ളിയിൽ നിന്ന് നടന്ന് മുല്ലക്കലെത്തും. അന്ന് ആട്ടോ റിക്ഷായോ മറ്റ് വാഹന സൗകര്യമോ ഇല്ലാതിരുന്നതിനാൽ ഒരു മടിയും കൂടാതെ രണ്ടര മൈൽ നടക്കും. തിരികെ വരുമ്പോൽ കരിമ്പ്, ഈന്തപ്പഴം, പൊരി, അലുവാ,  തുടങ്ങിയവയിൽ ഏതെങ്കിലുമെല്ലാം വാങ്ങി തരുമായിരുന്നു. ഏറ്റവും സന്തോഷമുള്ളത് ഒരു കമ്പിന് അറ്റത്ത് ഉടപ്പിച്ച തടി ചക്രം ഉരുട്ടുമ്പോൾ ചക്രത്തിന്റെ കറക്കത്തിനോടൊപ്പം കുനിയുകയും നിവരുകയും ചെയ്യുന്ന  പോലീസ്കാരനെ ഫിറ്റ് ചെയ്ത വണ്ടി ആയിരുന്നു.വാപ്പ അതും വാങ്ങി തരും.

കച്ചവടക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങൾ ആയതിനാൽ ഉൽസവം ഹിന്ദുക്കളുടേതാണെന്ന ഒരു ഭാവവും ഇല്ലാതെ നാട് ഒന്നടങ്കം പങ്കെടുക്കുന്ന ഉൽസവമായിരുന്നു അത്.

കൗമാരത്തിലേക്ക് കടന്നപ്പോൾ സുഹൃത്തുക്കളോടൊപ്പമായി മുല്ലക്കൽ യാത്ര. . എന്തെല്ലാം കുസൃതികൾ. മറക്കാനാവാത്ത സ്മരണകൾ. അത് കൊണ്ട് തന്നെയാണ് ആലപ്പുഴ വിട്ടിട്ടും മുല്ലക്കൽ ഉൽസവ കാലത്ത് ഒരു ദിവസമെങ്കിലും ഞാൻ അവിടെ പോയിരുന്നത്. പക്ഷേ ഈ വർഷം  എനിക്ക് മുല്ലക്കൽ പോകാൻ കഴിയാത്ത വിധം സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നു. മുല്ലക്കൽ ഉൽസവം മാത്രമല്ല, എന്റെ എല്ലാമെല്ലാമായ ആലപ്പുഴ കടപ്പുറത്തും ഈ ഒരു ദിവസം പോയി ആ മണൽ തിട്ടയിൽ രാവ് ഏറെ ചെല്ലുന്നത് വരെ മാനത്ത് നോക്കി കിടക്കുന്നതും  പതിവായിരുന്നല്ലോ. ഇതൊന്നും സംഭവിക്കാത്തതിനാൽ    മനസ്സ്  ഇപ്പോൾ വല്ലാതെ മൗനത്തിലായിരിക്കുകയും ചെയ്യുന്നു. ഞാൻ ആലപ്പുഴക്കാരനല്ലാതായി തീർന്നിരിക്കുന്നുവോ?

ഏതൊരു മനുഷ്യനും അവന്റെ ബാല്യവും ചെറുപ്പത്തിൽ കഴിച്ച് കൂട്ടിയ സ്ഥലങ്ങളും അവയെ പറ്റിയുള്ള ഓർമ്മകൾ ഓരോന്നും അവനെ വികാര തരളിതനാക്കും. ഇത് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ മനസ്സിനുള്ളിൽ തിങ്ങി നിറയുന്ന വികാര വിചാരങ്ങൾ എവിടെയെങ്കിലും കുത്തിക്കുറിച്ചിടുമ്പോൾ  കിട്ടുന്ന ആശ്വാസം എത്രയോ വലുതാണ്.

Tuesday, October 31, 2023

പണ്ടത്തെ പ്രസവം.....

  പ്രസവം:  അന്നും....ഇന്നും ....

 ആശുപത്രിയിൽ പോകാതെ  വീട്ടിൽ തന്നെ നടക്കുന്ന പ്രസവങ്ങളെ സംബന്ധിച്ച  ഒരു ലേഖനം ഇന്ന് “കുടുംബം“ മാസികയിൽ വായിക്കാനിടയായി. അപ്രകാരം വീടിന്റെ ഉള്ളകങ്ങളിൽ മെഡിക്കൽ സംരക്ഷണം ഇല്ലാതെ നടക്കുന്ന പ്രസവങ്ങൾ എപ്പോഴും അപകടകരമായി ഭവിച്ചേക്കാമെന്ന് ലേഖനത്തിൽ ഉടനീളം സമർത്ഥി ച്ചിരിക്കുന്നു. ഇന്നത്തെ കാലത്തെ സാമൂഹികാന്തരീക്ഷവും മറ്റും കൂലംകഷമായി ചിന്തിക്കുമ്പോൾ ആ വാദം ശരിയായിരിക്കാംഎന്ന് സമ്മതിക്കുനതിനോടൊപ്പം   ഈ അപകടങ്ങൾ പണ്ട് കാലത്തും ഉണ്ടായിരുന്നെന്നും അതിനെ വിജയകരമായി അതിജീവിച്ചാണ് ഈ കുറിപ്പ്കാരൻ വരെ ജന്മം കൊണ്ടതു എന്നും എന്നിട്ട് ഇപ്പോൾ കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് ടൈപ്പ് ചെയ്യുന്നതു എന്നും ചിന്തിക്കുമ്പോൾ അന്തം വിട്ട് പോകുന്നു.

എന്റെ രണ്ടാമത്തെ മകൻ ബിജു വീടിനുള്ളിലാണ് ജന്മമെടുത്തത്. ദൈവ കാരുണ്യത്താൽ അവൻ ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു ഇത് ടൈപ്പ് ചെയ്യുന്ന നേരം കേരളാ എൻ.ജി.ഓ. യൂണിയന്റെ ജില്ലാ വൈ പ്രസിഡന്റായ അവൻ സഹകാരികളോടൊപ്പം ഡെൽഹിയിലേക്ക് ഏതോ സമര പരിപാടിക്കായി ട്രൈനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അവനെ പ്രസവിച്ച നേരം അവന്റെ അമ്മക്ക് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.മൂത്ത മകന്റെ ജനനം “കന്നി പേറായിരുന്നതിനാൽ“ആശുപത്രിക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തി 15 മിനിട്ടിനകം സംഗതി നടന്ന് കഴിഞ്ഞിരുന്നു.

 അവന്റെ പിതാവായ ഞാൻ എന്റെ ഉമ്മയുടെ മൂന്നാമത്തെ സന്തതിയും പിന്നെയും എന്റെ ഉമ്മ പല തവണകളിൽ പ്രസവിച്ചിരുന്നുവെങ്കിലും  അതെല്ലാം വീടിൽ തന്നെ ആയിരുന്നിരുന്നു എന്നും ഇപ്പോഴും ഓർക്കുന്നു.

അന്നും സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ ഉണ്ടായിരുന്നെങ്കിലും ബഹു ഭൂരി പക്ഷം ജനങ്ങളും നാട്ട് പതിച്ചി, മിഡ് വൈഫ്മാർ എന്നിവരിലൂടെ  വീട്ടിൽ തന്നെ “കാര്യം കയിച്ച് കൂട്ടി.“ ഓരോ ദേശത്തും എക്സ്പേർട്ടായ പേറ്റിച്ചികളും  മെഡിക്കൽ ബാഗിൽ എനിമാ സൂത്രവും കൊണ്ട് നടക്കുന്ന മിഡ് വൈഫ്മാരും ഉണ്ടായിരുന്നുവല്ലോ. അന്ന് വീട്ടിൽ ഡാക്ക്ട്ടറന്മാർ വരുന്ന പ്രസവം  സ്ത്രീക്ക് ഒരു ബഹുമതി ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ  “ഡാക്കിട്ടറെ കൊണ്ട് ബായോ“ ചെറു കഥ വായിച്ചിട്ടുള്ളവർക്കും 50 വയസ്സിന് മുകളിൽ ഇപ്പോൾ പ്രായം ഉള്ളവർക്കും  ഈ പറഞ്ഞത് തിരിച്ചറിയാൻ കഴിയും. 

എന്തെല്ലാം പറഞ്ഞാലും പ്രസവക്കാരിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് പതിച്ചിക്ക് ആശങ്ക ഉണ്ടെങ്കിൽ അവർ അപ്പോൾ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും ഗർഭിണീയെ കാറിലോ കാള വണ്ടിയിലോ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും. എത്ര സങ്കീർണമായാലും പിന്നെയും പെണ്ണുങ്ങൾക്ക് പ്രവിക്കുന്നതിന് ഒരു മടിയുമില്ലായിരുന്നു. “നാം രണ്ട് നമുക്ക് രണ്ട്“ പരിപാടി അന്ന് ഊർജിതത്തിൽ ഇല്ലായിരുന്നു. എന്ത് ദാരിദ്രിയം ആയാലും പെണ്ണുങ്ങൾ ശറപറേന്ന് പെറ്റ് കൂട്ടുകയും ചെയ്യും. എല്ലാ മാസവും ലേഡീ ഡാക്ടറുടെ പരിശോധന , സ്കാൻ ചെയ്യൽ, ഇതൊന്നും ഇല്ലാതെ അന്ന് ഗർഭ കാലം കടന്ന് പോവുകയും ചെയ്യും. നെല്ല് കുത്ത്, അരകല്ലിൽ അരപ്പ്, വെള്ളം കോരൽ , തുടങ്ങിയ എല്ലാ വീട്ട് ജോലികളും സാധാരണത്തെ പോലെ നടക്കുകയും ചെയ്യുമായിരുന്നു.കർഷക തൊഴിലാളി ഞാറ് നട്ട് കൊണ്ടിരിക്കെ വരമ്പിൽ കയറി വന്ന് പ്രസവിക്കുന്ന  സംഭവങ്ങളുംഅപൂർവമായിസംഭവിക്കാറുണ്ടായിരുന്നത്രേ!

കാലമെത്ര കടന്ന് പോയി. ഇന്നത്തെ പെൺ കുട്ടികൾ ഇതെല്ലാം കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ ഇങ്ങിനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നുവെന്ന് അവർ തിരിച്ചറിയുമ്പോഴേ ഇന്ന് അവർക്ക് ലഭിക്കുന്ന പരിചരണത്തെ പറ്റി ബോധവതികളാകൂ.

Friday, September 22, 2023

പ്രവാചകൻ അരുളി:

 പ്രവാചകൻ അരുളി:---(അബൂ ഹുറൈ റയിൽ നിന്നും നിവേദനം)

നിങ്ങളുടെ വേലക്കാരൻ നിങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നാൽ ---അവനാണ് ചൂടും പുകയും സഹിച്ച് അത് പാചകം ചെയ്തത്--- അവനെയും കൂടെ ഇരുത്തി ഭക്ഷിക്കുക. ഭക്ഷണം കുറച്ചേ ഉള്ളൂ എങ്കിൽ അതിൽ നിന്നും ഒന്നോ രണ്ടോ പിടിയെങ്കിലും അവന്റെ കയ്യിൽ വെച്ച് കൊടുക്കുക. അതായത് ഒന്നോ രണ്ടോ ഉരുള..

( സഹീഹുൽ മുസ്ലിം ഹദീസ് നമ്പർ  905)

(അബൂ ഹുറൈ റായിൽ നിന്നും നിവേദനം:)

ഭക്ഷ്യ ധാന്യത്തിന്റെ ഒരു കൂമ്പാരത്തിനടുത്ത് കൂടി പ്രവാചകൻ നടന്ന് പോവുകയുണ്ടായി.ധാന്യക്കൂമ്പാരത്തിൽ പ്രവാചകൻ കൈ കടത്തിയപ്പോൾ വിരലുകൾ നനഞ്ഞു. അവിടന്ന് ചോദിച്ചു.

 ധാന്യ വിൽപ്പനക്കാരാ ഇതെന്താണ് ?

“ദൈവ  ദൂതരേ! മഴ നനഞ്ഞതാണ്“ അയാൾ പറഞ്ഞു.

പ്രവാചകൻ ചോദിച്ചു “നനഞ്ഞത് ജനങ്ങൾക്ക് കാണത്തക്ക വിധം മുകളിൽ വെച്ച് കൂടായിരുന്നോ?

പ്രവാചകൻ അരുളി | “വഞ്ചിക്കുന്നവൻ നമ്മളിൽ പെട്ടതല്ല.“ 

(സഹീഹുൽ മുസിം  ഹദീസ് നമ്പർ 947)

പ്രവാചകന്റെ  ജന്മദിനാഘോഷ വേളയിൽ  അവിടത്തെ മൊഴികൾ പ്രാവർത്തികമാക്കുന്നതിലാണ് ശ്രേഷ്ട്ത)

Monday, August 28, 2023

ചന്ദ്രനിൽ ഹിന്ദു രാഷ്ട്രം വന്നാൽ.....

 ഏകാഗ്ര ചിത്തനായി ഞാൻ ഉരുവിട്ട് കൊണ്ടിരുന്നു...

“ന ബൈത്തു സൗമഗദിൻ അൻ അദായി........( ഈ വർഷത്തെ  റമദാൻ മാസത്തിലെ  നിർബന്ധമാക്കപ്പെട്ട    നാളത്തെ വൃതത്തെ  അല്ലാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ നിയ്യത്ത് (ശപഥം) ചെയ്യുന്നു....“ 

കേട്ട് കൊണ്ട് വന്ന എന്റെ ജീവിത പങ്കാളി ചോദിച്ചു 

“  വട്ടായി പോയോ? റമദാൻ മാസത്തിൽ നോമ്പ് കാലത്ത് പുലർച്ച ചൊല്ലേണ്ട നിയ്യത്ത് ഈ സഫർ മാസത്തിൽ  നട്ടുച്ചക്ക് എന്തിനാണ് ചൊല്ലുന്നത്... മറന്ന് പോയാൽ ആ ത്യാഗി ടീച്ചറമ്മ വന്ന്  പിള്ളാരെക്കൊണ്ട് കരണത്തടിക്കുമെന്ന് പേടിച്ചിട്ടാണോ?

ഞാൻ അവളെ രൂക്ഷമായി നോക്കി...“ നീ ഇതൊന്നും അറിയുന്നില്ലേടോ...? ഇനി  ഈ ചൊല്ലൽ തടയപ്പെട്ടാലോ?

“ആര് തടയുന്നു, എങ്ങിനെ തടയുന്നു....“

“പത്രം ഒന്നും വായിക്കാറില്ലേ..? സ്വാമി പറഞ്ഞു, ചന്ദ്രനിൽ നമ്മൾ പോയി ഇറങ്ങിയ സ്ഥലം  ഹിന്ദു രാഷ്ട്രമാക്കാൻ....?

ആയിക്കോട്ടേന്ന്....അതിന് നമുക്കെന്ത്?....“

“ബുദ്ദൂസ്സേ....നമ്മൾ നോമ്പ് പിടിക്കുന്നത്  എപ്പോഴാണ്...“

“റമദാൻ മാസത്തിൽ പുറ കണ്ടതിന് പിറ്റേന്ന് മുതൽ......“

“സ്വാമി ഹിന്ദു രാഷ്ട്രമാക്കിയതിന് ശേഷം ആ പുറ തന്നെ ഓഫാക്കി കളഞ്ഞാലോ....അല്ലെങ്കിൽ ഒരു അർജന്റ്  ഓർഡിനൻസ് ഇറക്കുന്നു ഈ രാഷ്ട്രത്തിലെ ഈ പുറ കണ്ട് ഒരുത്തനും ഭൂമിയിൽ നോമ്പ് പിടിക്കണ്ടാന്ന്....... സംഗതി കുഴഞ്ഞില്ലേന്ന്...“

“ശരിയാണല്ലോ റബ്ബേ!.....പിന്നെ  നമ്മളെന്ത് ചെയ്യും....കൊച്ച് വെളുപ്പാൻ കാലത്ത് ഈന്തപ്പഴവുംവെള്ളവും കുടിച്ച് നിയ്യത്ത് ചെയ്ത് നോമ്പ് പിടിക്കാൻ ഒക്കാതെ വരുമോ....“

“സന്ധ്യ സമയത്ത് തരിക്കഞ്ഞിയും നോമ്പ് കഞ്ഞിയും  കുടിക്കാൻ പറ്റ്വോ? അതെന്താടോ നീ പറയാത്തത്....“

“കുഴയുമല്ലോ റബ്ബേ......“

“ചക്ക കുഴയുന്നത് പോലെ കുഴയും....“

എന്ത് ചെയ്യും നമ്മള്???


Tuesday, August 15, 2023

അതിക്രമിച്ച് കടന്നവർ


 വീടിന്റെ  മുൻ വശം നിൽക്കുന്ന  ക്രിസ്തുമസ് ട്രീയിൽ  രണ്ട് ഇരട്ട തലച്ചി കിളികൾ കൂട് വെക്കുന്നത് വരാന്തയിലെ ചാരു കസേരയിൽ കിടന്ന് ഞാൻ നിരീക്ഷിച്ച് കൊണ്ടിരുന്നു. അവരുടെ ചടുലമായ നീക്കങ്ങളും നാല് ഭാഗത്തേക്കുള്ള നിരീക്ഷണങ്ങളും ആണും പെണ്ണും മാറി മാറി  പറന്ന് വന്ന്  ഡ്യൂട്ടി കൃത്യമായി ചെയ്യുന്നതും  രസാവഹമായ കാഴ്ചകളായി എനിക്ക് അനുഭവപ്പെട്ടു. ഹാജർ ബുക്കുകൾ ഇല്ലാതെ പഞ്ചിംഗ് മെഷീൻ ഇല്ലാതെ കൃത്യമായി അവർ മരത്തിലേക്ക് വന്നും പോയുമിരുന്നു.

 ഇതിനിടയിൽ രണ്ട് അടക്കാ കുരുവികൾ  ആ മരത്തിൽ  വന്ന് ഒരു കൊമ്പിലിരുന്ന് ഇരട്ട തലച്ചികളുടെ കൂട് നിർമ്മാണം സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടു, അടുത്ത നിമിഷം  ഇരട്ട തലച്ചികളിൽ ഒരെണ്ണം എവിടെ നിന്നോ പാറിവന്ന്  കുരുവികളെ പറ പറത്തിച്ചു. അവരെ തുരത്തി അപ്പുറത്ത് നിൽക്കുന്ന സപ്പോട്ടാ മരത്തിനും മുകളിലൂടെ  ഓടിച്ച് വിടുന്നത് എനിക്ക് കാണാമായിരുന്നു.

അടുത്ത ദിവസവും കുരുവികൾ  പറന്ന് വന്ന് മരക്കൊമ്പിൽ ഇരുന്നു. ഞാൻ അവരോട് പറഞ്ഞു “ എന്തിനാടെ , പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, അവരല്ലേ ആദ്യം വന്ന് കൂട് പണി തുടങ്ങിയത്, നിങ്ങൾക്ക് വേണമെങ്കിൽ അപ്പുറത്ത് മാവുണ്ട് , ചാമ്പ ഉണ്ട് സപ്പോട്ടാ ഉണ്ട്, അവിടെ എവിടെയെങ്കിലും പോയി പണിഞ്ഞാ പോരേ? ഈ ക്രിസ്തുമസ് ട്രീയിൽ തന്നെ വേണോ?

അവരിൽ ഒരാൾക്ക് എന്റെ ഉപദേശം പിടിച്ചില്ലന്ന് തോന്നുന്നു, തിരിഞ്ഞ് എന്നെ രൂക്ഷമായി നോക്കി. ഞാൻ പറഞ്ഞു, നീ എന്നെ വിരട്ടണ്ടാ, ഇപ്പോൾ വരും ഇരട്ട തലച്ചി...പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ എവിടെന്നോ ഇരട്ട തലച്ചി കിളി പറന്ന് വന്ന് കുരുവികളെ തുരത്തി.  കുരുവികൾ  ശ്രേഷ്ട മലയാളത്തിൽ എന്തെല്ലാമോ വിളിച്ച് കൂവി  പാഞ്ഞ് പോയി.

കിളികളുടെ കൂട് പണി പുരോഗമിക്കവേ ഒരു കിളി വായിൽ  ചകിരി നാരുമായി പറന്ന് വരുന്നത് കണ്ടു. കൂടിന്റെ മിനുക്ക് പണികൾക്കാവാമത്. പിന്നീട് ഒരാൾ മരത്തിനകത്തെ കൂടിലും അപരൻ തൊട്ടടുത്ത് പൂമരത്തിലും ആവാസമുറപ്പിച്ചപ്പോളാണ് ഉപ്പന്റെ വരവ് സംഭവിച്ചത്. എവിടെ നിന്നോ മൂപ്പര് പറന്ന് വന്ന് ആരോ പറഞ്ഞ് വെച്ച പോലെ  മുറ്റത്ത് കൂടെ  ക്രിസ്ത്മസ് ട്രീയുടെ സമീപത്ത് കൂടി നടന്ന് വന്നു.  അദ്ദേഹത്തെ കണ്ടപ്പോൽ എനിക്ക് വലിയ സന്തോഷമായി. കഴിഞ്ഞ ദിവസം പുരയിടത്തിലൂടെ എന്തോ ഒരെണ്ണം ഇഴഞ്ഞ് പോകുന്നത് ഞാൻ കണ്ടതാണ്. ഉപ്പനോ കീരിയോ ഉണ്ടെങ്കിൽ  ഇഴയുന്ന പാർട്ടികൾ ഈ അയലത്തൊന്നും വരില്ല. അതിനാൽ ഞാൻ പറഞ്ഞു, സ്വാഗതം ഉപ്പനാരേ...സുഖം തന്നെ അല്ലേ? ..അദ്ദേഹം ചുവന്ന കണ്ണൂകൾ കൊണ്ട് എന്നെ ഒന്നുഴിഞ്ഞിട്ട് നമ്മൾ അവിടിരിക്കുന്നെന്ന ഒരു  മൈൻടും  കൂടാതെ പറന്ന് നേരെ ക്രിസ്തുമസ് ട്രീയിലേക്ക് കയറി ഇരട്ട തലച്ചിയുടെ കൂട്ടിലേക്ക് ചെന്നു.

പിന്നെ അവിടെ നടന്നത് ഭയങ്കര  ബഹളമാണ്. കൂട്ടിലിരിക്കുന്ന കിളിയും പൂമരത്തിൽ ക്യാമ്പ് ചെയ്ത ഇണക്കിളിയും കൂടി ഉപ്പനെ എതിർത്തു. കൂട്ടിലെ മുട്ട അടിച്ച് മാറ്റാനാണ് ഉപ്പന്റെ വരവെന്ന് അവർക്ക് മനസ്സിലായതിനാലാവാം അവരുടെ  എതിർപ്പ് ശക്തമായത്. കൂട്ട ബഹളം കേട്ട് കാക്കകളും വന്നു അവരും ബഹളം വെച്ചു. എവിടെ നിന്നോ ആ സമയത്ത് അടക്കാ കുരുവികളും ആഗതരായി. അവർ പൂമരത്തിലിരുന്ന് രംഗം നിരീക്ഷിക്കുന്നു. ഞാൻ അവരെ  വഴക്ക് പറഞ്ഞ് ഓടിച്ചു, “തെണ്ടി  കുരുവികളേ! നിങ്ങളായിരിക്കും ഉപ്പന് ന്യൂസ് കൊടുത്തത്, കടന്നോ അവിടെന്ന് ഇവിടെങ്ങും കണ്ട് പോകരുത്.

ഞാൻ ഇട്പെടുന്നതിനു മുമ്പ് ഉപ്പൻ കിളിക്കൂട്ടിൽ കയറി മുട്ട കൊത്തി താഴെ ഇട്ടു. ദുഷ്ടൻ പരമ പോക്രി. കല്ലെടുത്ത് ഞാൻ എറിഞ്ഞു, ഈ ഏരിയായിൽ ഇനി കണ്ട് പോകരുത്...അയൾ ചുവന്ന കണ്ണ് കൊണ്ട് എന്നെ പുസ്കെന്ന് ഒരു നോട്ടവും നോക്കി  പറന്ന് പോയി.

പാവം ഇരട്ട തലച്ചികൾ  , അവർ എന്തോ എല്ലാം കരഞ്ഞ് വിളിച്ച് കൂവി  പറന്ന് പോയി. അവരുടെ കൂടിന്റെ അവശിഷ്ടങ്ങൾ ക്രിസ്തുമസ് ട്രീയിൽ ത്തൂങ്ങി കിടന്നു. . മരം എല്ലാത്തിനും സാക്ഷിയായി അപ്പോഴും നിശ്ചലമായി നിൽക്കുകയായിരുന്നു.

Friday, August 4, 2023

പാർപ്പിടം അതൊരു സ്വർഗമാണ്

 ഞങ്ങൾ താമസിക്കുന്നതിന് സമീപം റെയിൽ വേ ലൈനാണ്, ആ റൈൽ വേ സ്ഥലത്ത് ഒരു വലിയ മഹാഗണി വൃക്ഷം പടർന്ന് പന്തലിച്ച് നിന്നിരുന്നു. സന്ധ്യാ  സമയം വിവിധ തരം പക്ഷികൾ എവിടെ നിന്നെല്ലാമോ വന്ന് ആ മരത്തിൽ ചേക്കേറുന്നത് നിത്യ കാഴ്ചയായിരുന്നു. എന്തോരു ബഹളമാണെന്നോ ആ സമയം. പൗർണമി ദിവസത്തിൽ പൂർണ ചന്ദ്രൻ  ആ മരത്തിനിടയിലൂടെ  തന്റെ കിരണങ്ങൾ വിതറുന്നത് അപ്പോഴും ശമിച്ചിട്ടില്ലാത്ത പക്ഷികളുടെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ  കാണുന്നത് മനസ്സിനുള്ളിൽ വല്ലാത്ത അനുഭൂതി സൃഷ്ടിക്കുമായിരുന്നു.

അൽപ്പ ദിവസങ്ങൾക്ക് മുമ്പ്  റൈൽ വേ ഉദ്യോഗസ്തർ ആ മരം മറ്റ് പല മരങ്ങളുടെ കൂട്ടത്തിൽ  വിറ്റതിനെ തുടർന്ന് മരം വെട്ടുകാർ  ഒരു ദിവസം കൊണ്ട് തന്നെ  ആ മഹാ ഗണിമരം ഈ ഭൂമിയിൽ നിന്നും തുടച്ച് മാറ്റി. അന്ന് സായാഹ്നത്തിൽ പതിവ് പോലെ പക്ഷികൾ ചേക്കാറാനായി  ആ മരം നിന്നിടത്ത് വട്ടം ചുറ്റി അവരുടെ ഭാഷയിൽ ദയനീയമായി എന്തെല്ലാമോ വിളിച്ച് പറഞ്ഞു പറന്ന് നടന്നു. പലരും ഞങ്ങളുടെ പുരയിടത്തിലെ മാവിലും സപ്പോർട്ടായിലും പ്ളാവിലും വന്ന് താമസമാക്കി, മറ്റ് ചിലർ അക്കരെ കുന്നും പുറത്തെ തേക്കിലും മറ്റു മരങ്ങളും തേടി പോയി . 

അവരുടെ താമസ സ്ഥലം നഷ്ടപ്പെട്ടപ്പോൾ ആ ദുഖം റിപ്പോർട്ട് ചെയ്യാനോ ദുരിതങ്ങൾ വിവരിക്കാനോ ആരുമുണ്ടായിരുന്നില്ലല്ലോ. ഇന്നലെ വരെ ഉണ്ടായിരുന്ന പാർപ്പിടം നഷ്ടപെട്ടപ്പോൾ അവരുടെ മനസ്സിനുള്ളിലെ പ്രയാസങ്ങൾ എത്ര  മാത്രമായിരിക്കുമെന്ന് ആര് കണ്ടു.

കാലങ്ങൾക്ക് മുമ്പ് എറുണാകുളം കായൽ തീരത്തെ ഒന്ന് രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ അതി ശുശ്കാ‍ന്തിയുള്ള ഒരു ന്യായാധിപന്റെ കർശന വിധിയാൽ അടിയോടെ പൊടിച്ച് തകർത്ത് കായലിൽ കലക്കിയപ്പോൾ ജനം അതിശയത്തോടെ പൊളിപ്പ് പ്രക്രിയ നോക്കി നിന്നു, മറ്റുള്ളവർ ടി.വി.യിലൂടെ കണ്ട് അതിശയം കൂറി. പക്ഷേ അതിൽ ഇന്നലെ വരെ അന്തി ഉറങ്ങിയ ഒരു പറ്റം മനുഷ്യ ജീവികൾ ഇന്ന് അവർക്ക് ഉറങ്ങാൻ പാർപ്പിടം തേടിയുള്ള പരക്കം പാച്ചിലും കഷ്ടപ്പാടും എത്രമാത്രം അനുഭവിച്ചു എന്നത് ആർക്കും വിവരിക്കാൻ കഴിഞ്ഞില്ല. നേരത്തെ തന്നെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും അവസാന നിമിഷം വരെ അവർ പ്രതീക്ഷിച്ചു എന്തെങ്കിലും അതിശയങ്ങൾ സംഭവിച്ച്  പൊളിപ്പ് മാറ്റി വെച്ചേക്കാം എന്ന്. ഒന്നും നടന്നില്ല. കെട്ടിടങ്ങൾ പൊളിക്കപ്പെട്ടു.താമസക്കാർ വേദനയോടെ നോക്കി നിന്നു.അവരുടെ ജീവിതത്തിലെ എത്രയോ നല്ലതും ചീത്തയുമായ കാലങ്ങൾ ആ ചുവർകൾക്കുള്ളിൽ കഴിച്ച് കൂട്ടിയിരുന്നു.  അതെല്ലാം ഇപ്പോൾ മൺകട്ടകളും സിമിന്റ് അവശിഷ്ടവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അന്ന് രാത്രി അവർ എവിടെയെല്ലാമോ അന്തി ഉറങ്ങുമ്പോൾ  തലേ ദിവസം അവർ കിടന്നിരുന്നതും  ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാത്തതുമായ തങ്ങളുടെ പഴയ പാർപ്പിടത്തെ കുറിച്ച് ഓർത്ത് കണ്ണീർ ഒഴുക്കിയിരിക്കാം.

പാർപ്പിടം എപ്പോഴും ഒരു വികാരമാണ്. പകലന്തിയോളം ജോലി ചെയ്ത് സന്ധ്യക്ക് പാർപ്പിടത്തിലേക്കുള്ള ആ പ്രയാണമുണ്ടല്ലോ, അപ്പോൾ മനസ്സിൽ എനിക്ക് അന്തി ഉറങ്ങാൻ ഒരിടമുണ്ടെന്ന വിശ്വാസം അതെത്ര വലുതാണെന്നറിയാമോ?. അത് സ്വന്തമായാലും വാടകക്കായാലും  അത് വലിയ വീടായാലും ചെറിയ കുടിലായാലും അന്തിക്ക് തങ്ങാൻ ഒരു പാർപ്പിടം എപ്പോഴും  ഒരു വികാരം തന്നെയാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കാറുണ്ട്, ഒരിക്കലും പാർപ്പിടം നഷ്ടപ്പെട്ട അവസ്ഥ  ആർക്കും ഉണ്ടാകല്ലേ കരുണാമയനേ എന്ന്......

Wednesday, June 7, 2023

സിനാന് 12 വയസ്സ്

 

ജൂൺ മാസം ഏഴാം തീയതി പതിവ് പോലെ ഞാനും സിനാനും നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്നു. ഇന്ന് ഞങ്ങളുടെ സിനാന്റെ  ജന്മ ദിനമാണ്`ദൈവാനുഗ്രഹത്താൽ. 12 വയസ്സ് പൂർത്തീകരിച്ച് പതിമൂന്നാം വയസ്സിലേക്ക് എത്തി സിനാൻ.

കാര്യങ്ങൾ എല്ലാം ഇപ്പോഴും പഴയ പടി തന്നെ. എങ്കിലും ഇപ്പോൾ പഴയതിൽ നിന്നും വലുതായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.  പറയുന്നത് അൽപ്പ നിമിഷങ്ങൾ വൈകി ആണെങ്കിലും അവന് മനസ്സിലാകുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ സഹായം കൂടാതെ സ്വന്തമായി നടക്കുന്നില്ല, വർത്തമാനവും പറയുന്നില്ല. പക്ഷേ പാട്ട് ശരിക്കും മൂളുന്നുണ്ട്. പാട്ടാണല്ലോ അവന്റെ പ്രാണ വായു. അവന്റെ മാതാ പിതാക്കൾ പാട്ട് സേവ് ചെയ്യാനായി മൊബൈലുകൾ വാങ്ങി അവന്റെ സമീപം വെച്ചിട്ടുണ്ട്. അതിൽ നിറയെ  സോ ജാ രാജ കുമാരിയും  ദുനിയാ കേ രക് വാലേയും  മണന്ത് മലരാകെ പാതി മലർ ചൂടിയും തുടങ്ങിയ പഴയ പാട്ടുകളും ഹരി മുരളീ രവം,  പ്രമദ വനം വീണ്ടും, നഗുമോ, സംഗീതമേ അമര സല്ലാപവും പിന്നെ പ്രാവഹമേ! ഗംഗാ പ്രവാഹമേ! തുടങ്ങിയ ഗാനങ്ങളും നിറച്ചിട്ടുണ്ട്. ഈ തരത്തിലല്ലാത്ത ഒരു പാട്ടും അവന് വേണ്ടാ എന്നത് ഇന്നും ഞങ്ങൾക്ക് അതിശയകരമായ കാര്യമാണ്. ആഹാരം പ്രിയം സാമ്പാറും ഇഡ്ഡിലിയും തന്നെ`. പിന്നെ വാഹനത്തിന്റെ മുമ്പിൽ തന്നെ ഇരുന്ന് അൽപ്പം യാത്രയും വേണം ബാക്കി സമയം മൊബൈലിൽ പാട്ടും കേട്ട് തല കുലുക്കിയും തല ആട്ടിയും സമയം പോക്കുന്നു. അവന്റെ മാതാ പിതാക്കളുടെ ഏക മകനായ അവൻ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പ്രിയംകരൻ തന്നെ. കൂടുതലും അവന് സന്തോഷം അവന്റെ പിതൃ സഹോദര പുത്രി സഫായുമായുള്ള കളികളാണ്.

  പ്രസവ ശേഷമുണ്ടായ ഒരു മെഡിക്കൽ നെഗ്ളിജൻസ് കാരണത്താലാണ്  (ഓ! ഇപ്പോൾ ആ  പേര് പോലും പറയുന്നത് കുറ്റകരമാണെന്നാൺ് നിയമം) അവന് ഈ ബുദ്ധിമുട്ടുകൾ  ഉണ്ടായത്.

അവനിപ്പോൾ പന്ത്രണ്ട് പൂർത്തിയാക്കി പതിമൂന്നിലേക്ക് കടന്നിരിക്കുന്നു. കാലം കടന്ന് പോകുമ്പോൾ  ദൈവാനുഗ്രഹത്താൽ അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറി അവൻ നടക്കുകയും  വർത്തമാനം പറയുകയും സാധാരണ കുട്ടികളെ പോലെ ആയി തീരുകയും ചെയ്തേക്കാം. ദൈവം തുണക്കട്ടെ..കാരണം അദ്ദേഹം കരുണാമയനാണല്ലോ.  പ്രതീക്ഷിക്കുക, കാത്തിരിക്കുക, അതല്ലേ നമ്മൾ ചെയ്യേണ്ടത്. കൂട്ടത്തിൽ അവന്ആരോഗ്യത്തോട് കൂടിയ  ദീർഘായുസ്സിനായി  പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Thursday, March 30, 2023

ഒരു ജന്മ ദിന ചിന്തകൾ

 

സൈഫു ഇന്ന് 40 വയസ്സിലേക്ക്.
 30--3--1983 അത് ഇന്നലെയായിരുന്നോ?! അന്നായിരുന്നല്ലോ 
വെളുത്ത് ചുവന്ന നിറത്തിലുള്ള ഒരു കുഞ്ഞിനെ എന്റെ കയ്യിൽ തന്നത്. 
40 വയസ്സ് പക്വതയുടെ വയസ്സാണ്. പക്ഷേ നാൽപ്പതിനു മുമ്പ് തന്നെ അവന് പക്വത വരത്തക്ക വിധത്തിലായിരുന്നു അവൻ കടന്ന് വന്ന  ജീവിതാവസ്ഥകൾ.

ആ കുഞ്ഞ് 14 വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൈനഞിറ്റീസ് ബാധിച്ച് 56 ദിവസം ജീവിത വരയുടെ  അപ്പുറവും ഇപ്പുറവുമായി  കിടന്നപ്പോൾ അവന്റെ നിറവും പ്രസാദവുമെല്ലാം മങ്ങിപ്പോയി. 1997  ഓണക്കാലത്ത് അവന്റെ ഇളയമ്മയുടെ വീട്ടിൽ പോയപ്പോൾ അവിടെ ഉള്ള ഒരു തോട്ടിൽ മുങ്ങിക്കുളിച്ചു ചെവിയിൽ വെള്ളം കയറി എന്നതായിരുന്നു മൈനഞിറ്റീസിന് കാരണമെന്ന് ഡോക്ടറന്മാർ പിന്നീട് പറഞ്ഞു. തലച്ചോറിലെ ആവരണത്തിന് പഴുപ്പ് ബാധിക്കാൻ തക്കവിധം മൈനഞിറ്റിസ് രോഗം തിരിച്ചറിയാതെ  താമസിച്ച് പോയി

 മെഡിക്കൽ  കോളേജിലെ ആ  കിടപ്പ് ആണ് എന്നെ  കൊണ്ട് “ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പ് എന്ന പുസ്തകം പിന്നീട് എഴുതിപ്പിച്ചത് അതിന്റെ ആദ്യ ഭാഗം ഇങ്ങിനെ ആരംഭിച്ചു++++++
27-10-1997        തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഒന്നാം വാർഡിലെ ഒന്നാംനമ്പർ ബെഡ്ഡിൽ ഇരുന്നു ഞാൻ ഈ കുറിപ്പുകൾ എഴുതുന്നു. സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു.മെനൈഞ്ചൈറ്റിസ്‌ രോഗിയായ എന്റെ മകൻ സൈഫു അരികിൽ മയങ്ങുകയാണു.
ഇന്നു തിങ്കളാഴ്ച്ച ഒന്നാം വാർഡിലെ ഓ.പി ദിവസമായതിനാൽ കട്ടിലുകൾ ഒന്നും ഒഴിവില്ല. രണ്ടു കട്ടിലുകൾക്കിടയിൽ തറയിലും രോഗികളുണ്ടു.എന്റെ മകന്റെ കട്ടിലിനു സമീപം തറയിൽ ഒരു ശവശരീരം കിടക്കുന്നു.ഒരു മണിക്കൂർ മുമ്പു മരിച്ച അയാളെ എപ്പോൾ അവിടെ നിന്നും എടുത്തു മാറ്റുമെന്നു അറിയില്ല. മകന്റെ കട്ടിലും മൃതദേഹവും വേർ തിരിക്കാൻ പേരിനു ഒരുസ്ക്രീൻ മാത്രം.സ്ക്രീനിന്റെ അടിവശത്തുകൂടി മൃതദേഹത്തിന്റെ വിറങ്ങലിച്ച കാലുകൾ പുറത്തേക്കു നീണ്ടിരിക്കുന്നു.മരിച്ച ആളുടെ മകൾ ഭിത്തിയിൽ ചാരി ഇരുന്നു തേങ്ങുകയാണു. കുറച്ചു മുമ്പു അവർ അലമുറയിടുകയും പിതാവു കഴിഞ്ഞ കാലങ്ങളിൽ തന്നോടു കാണിച്ചിരുന്ന വാൽസല്യം എണ്ണീ എണ്ണീ പറയുകയും ഇനി അപ്രകരം തന്നോടു ദയ കാണിക്കാൻ ഈ ലോകത്തു ആരുണ്ടു എന്നു പരിതപിക്കുകയും ചെയ്തിരുനു.ബന്ധുക്കൾ അടുത്തു വരുമ്പോൾ ഈ പരിദേവനം ഒരു വിലാപഗാനത്തിന്റെ രൂപം പ്രാപിച്ചു.വാർഡിലെ എല്ലാ രോഗികളുടെയും ശ്രദ്ധ മരിച്ച ആളിലും കരയുന്ന മകളിലും തങ്ങി നിന്നു. മരണം എപ്പോഴും ഭയം ഉളവാക്കുന്നതിനാൽ പല മുഖങ്ങളിലും സംഭ്രമം തെളീഞ്ഞു നിന്നിരുന്നു.ഏതോ നടപടിക്രമങ്ങളുടെ പേരിൽ ശവശരീരം ഇപ്രകാരം രോഗികളുടെ സമീപം കിടത്തിയിരിക്കുന്നതിൽ എല്ലാവർക്കും അമർഷം ഉണ്ടെന്നു വ്യക്തം.
 ഒരു മണിക്കൂറിനു മുമ്പു ഭാര്യയും ഞാനും അൽപ്പം ദൂരെയുള്ള മൂത്രപ്പുരയിൽ പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ പകുതി ദൂരം താണ്ടിക്കഴിഞ്ഞപ്പോഴാണു മകന്റെ കട്ടിലിന്റെ ഭാഗത്തു നിന്നും അലമുറ കേട്ടതു.മകനു എന്തോ സംഭവിച്ചെന്ന ഭയത്തോടെ പാഞ്ഞെത്തിയ ഞങ്ങൾ തറയിലേക്കു നോക്കുന്നതിനു തല ഉയർത്താൻ കഠിന യത്നം നടത്തുന്ന മകനെയാണു കണ്ടതു. തറയിൽ അൽപ്പം മുമ്പു അഡ്മിറ്റ്‌ ചെയ്യപ്പെട്ട രോഗിയുടെ ചലനമറ്റ ശരീരം കിടന്നിരുന്നു. ആ ശവശരീരത്തിൽ തലതല്ലിക്കരയുന്ന സ്ത്രീയുടെനിലവിളിയാണു ഞങ്ങൾ കേട്ടതു.മകന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു.++++++++++++++(ആ പുസ്തകം നല്ലവണ്ണം വിറ്റഴിക്കപ്പെട്ടു.)

അത്യുന്നതനായ പരമ കാരുണികൻ രോഗ ശമനം നൽകി അവനെ  ഞങ്ങൾക്ക് തിരികെ തന്നു. എങ്കിലും അതിന്റെ തുടർച്ചകൾ  അവന്റെ ജീവിതത്തെ പല നിയന്ത്രണത്തിലുമാക്കുകയും. ആ നിയന്ത്രണങ്ങൾ അവനെ പ്രായത്തിലുപരി പക്വതയിലേക്കുയർത്തുകയും  ചെയ്തു. 
വല്ലപ്പോഴുമുണ്ടാകുന്ന ദേഷ്യം ഒഴിവാക്കിയാൽ അവൻ ഇപ്പോൾ പൊതുവേ സമാധനപ്രിയനാണ്.
   മെഡിക്കൽ കോളേജിൽ  സൈഫു കഴിഞ്ഞിരുന്ന   ദിവസങ്ങളിൽ എനിക്കുണ്ടായ മാനസിക സമ്മർദ്ദങ്ങളും എന്റെ മൂത്ത പുത്രന് പിന്നീടുണ്ടായ കിഡ്നി  തകരാറുകളും ബാഹ്യമായി എന്നെ  ബാധിച്ചില്ലെങ്കിലും അകമേ വല്ലാതെ തളർത്തിക്കളഞ്ഞു. നിത്യ ഹരിത നായകനെന്ന എന്റെ  അഹങ്കാരം  എങ്ങോ പോയി. തഴച്ച് നിന്ന  തലമുടി  എവിടേക്കോ മറഞ്ഞു.മുഖത്തെ ചുവപ്പ് വിളറിയ നിറമായി .എല്ലാ എടുത്ത ചാട്ടങ്ങളും നിലച്ചു. ചുരുക്കത്തിൽ ഞാനുമൊരു പരുവത്തിലായി. വർഷങ്ങൾ എത്രയൊ കഴിഞ്ഞു, എന്നിട്ടും ആ ഷോക്ക്  എന്നെ വിട്ടകന്നില്ല, “ ക്ഷമ അവലംബിക്കുന്നവരോടൊപ്പമാണ് ദൈവം“ (ഇന്നല്ലാഹ മ അ സ്സാഫിരീൻ) എന്ന വേദ വാക്യത്തിൽ മനസ്സൂന്നിയപ്പോൾ   മനസ്സ് ശാന്തമായി.

സൈഫു ഇന്ന് അഭിഭാഷകനാണ്. ഭാര്യ ഷൈനിയോടും ഏക മകൻ സിനാനുമോടൊപ്പം  പ്രപഞ്ച സൃഷ്ടാവിന്റെ കാരുണ്യത്താൽ സമാധാനത്തോടെ  കഴിയുന്നു.

അവർക്ക്  അത്യുന്നതമായ സമാധാനത്തോട് കൂടിയ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു. അതോടൊപ്പം നിങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ, മംഗളവും.





Sunday, March 19, 2023

പെൻസിലിൽ തുടങ്ങി

 പെൻസിൽ...അത് രണ്ടാം ക്ളാസിൽ ആയപ്പോഴാണ്` ലഭിച്ചത്.

. അതും രണ്ടായി മുറിച്ച് ഒരു പകുതിയാണ് വീട്ടിൽ നിന്നും ആദ്യം തന്നത്. മുഴുവനായി തന്നാൽ  മുന കൂർപ്പിച്ച് പെട്ടെന്ന് തീർത്താലോ. റൂളി പെൻസിലെന്ന് അന്ന് പെൻസിലിന് മറ്റൊരു പേരുണ്ട്. റൂളി എന്ന ഓമനപ്പേരുമുണ്ട്. നാലാം ക്ളാസിലെത്തിയപ്പോൾ കുപ്പിയിൽ മഷിയും  അതിൽ മുക്കി എഴുതാൻ ഒരു പേനയും കിട്ടി. സ്റ്റീൽ പേനാ എന്നായിരുന്നു ആ പേനായുടെ പേര്. നിലത്ത് വീണാൽ നിബ്ബ് വളഞ്ഞ് പോകുമെന്ന ഒരു ദൂഷ്യവും  കൂടാതെ ഷർട്ടിൽ അങ്ങിങ്ങായി മഷി വീണ പാടും ഞാൻ  സ്റ്റീൽ പേനാ ഉപയോഗിക്കുന്നവനാണെന്ന  അടയാളം കാണിച്ചു തന്നു. അഞ്ചാം ക്ളാസിലെത്തിയപ്പോൾ ഫൗണ്ടൻ പേനാ എന്ന അമൂല്യവും അന്തസ്സുള്ളതുമായ പേനാ കിട്ടി. ആദ്യമായി കിട്ടിയത് 15 പൈസാ വിലയുള്ള സാധാരണ പേനയായിരുന്നു. പിന്നീട് എപ്പോഴോ ബോംബയിൽ നിന്നും വന്ന ഒരു അമ്മാവൻ പച്ച നിറത്തിലുള്ള  വില ഉള്ള ഒരു പേനാ കൊണ്ട് വന്ന് തന്നു. അത് ഷർട്ടിൽ കുത്തി അന്തസ്സ് പ്രകടിപ്പിച്ച് നടന്നത് ഇന്നും ഓർമ്മിക്കുന്നു. 

 അന്ന് ഒരു പേനാ വഴിയിൽ കിടന്ന് കിട്ടുന്നത്  ഭാ‍ഗ്യ ലക്ഷണമായിരുന്നു..

എന്റെ ആദ്യ കാല കഥകളെല്ലാം  ഫൗണ്ടൻ പേനായിലൂടെ പുറത്ത് വന്നു. ഏത് കഥ അച്ചടിച്ച് വന്നുവോ ആ പേനാ ഐശ്വര്യമുള്ളതായി അന്ന് കരുതി.  ഹീറോ പാർക്കർ, ഷിഫേഴ്സ് തുടങ്ങിയ   രാജ വംശ പേനകളെല്ലാം അന്നത്തെ അന്തസ്സിന്റെ പ്രതീകമായിരുന്നല്ലോ.

 മഷി പേനാ ബാൾ പെന്നിന് വഴി മാറിക്കൊടുത്തത് എത്ര പെട്ടെന്നായിരുന്നു. പൃ ഷ്ഠത്തിൽ തള്ള വിരൽ ഞെക്കിയാൽ  എഴുതുന്ന മുന പുറത്ത് വരികയും പിന്നെ ഞെക്കിയാൽ മുന അകത്തേക്ക് തിരിച്ച് പോവുകയും ചെയ്യുന്ന ബാൾ പെന്നുകൾ സർവ സാധാരണമായി.

ഇപ്പോൾ ആ പേനായും  പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. ഒപ്പിടാൻ പേന പോക്കറ്റിൽ സ്ഥിരം കരുതുന്ന സ്വഭാവം നാം മറന്നുവല്ലോ. ഒപ്പിടാൻ ആവശ്യം വരുമ്പോൾ ഒരു പേനാ....ഒരു പേനാ എന്ന് നമ്മൾ  നാലു ചുറ്റും പോക്കറ്റുകളിലേക്ക് നോക്കും. അത് ബാങ്കിലായാലും പോസ്റ്റ് ഓഫീസിലായാലും ശരി. 

ഇപ്പോൾ എഴുത്തില്ല അത് ആധാരം എഴുത്തായാലും  കഥ എഴുത്തായാലും  ശരി എല്ലാം കമ്പ്യൂട്ടറിലും കീ ബോർഡിലുമായി മാറി. 

ഇപ്പോൾ  ഈ കുറിപ്പുകൾ  പേനാ കൊണ്ടല്ലല്ലൊ അത് കുറിക്കാൻ നോട്ട് ബുക്കും കടലാസ്സും വേണ്ടാ. എല്ലാം കമ്പ്യൂട്ടറിലായി മാറി.  ഇനി...ഇനി എന്തായിരിക്കും അടുത്ത മാറ്റം.....???