Thursday, December 29, 2022

പ്രണയ ലേഖനം എങ്ങിനെ എഴുതണം

  ഞങ്ങളുടെ സിനാന് പഴയ പാട്ടുകളാണ് കൂടുതൽ ഇഷ്ടം എന്നതിനാൽ അത് അവനെ കേൽപ്പിച്ച് കൊണ്ടിരുന്നപ്പോൾ  “ പിയതമാ....പ്രണയ ലേഖനം എങ്ങിനെ എഴുതേണം  മുനികുമാരിയല്ലോ ഞാനൊരു  മുനി കുമാരിയല്ലോ“ എന്ന പാട്ട് കേൾക്കാനിടയായി. ആ പാട്ട് ഇറങ്ങിയ കാലത്ത് കാമുകീ കാമുകന്മാർ സന്ദേശം കൈ മാറിയിരുന്നത് കത്തുകളിലൂടെയായിരുന്നുവല്ലോ. ഇന്ന് മൊബൈൽ കാലത്തെ തലമുറക്ക് ആ കത്തെഴുത്തിന്റെ സാഹസികതയും മനോഹാരിതയും അപരിചിതമാണ്.

 അന്ന് സ്കൂളിലും കോളേജിലും  പ്രണയ ലേഖനം പിടിക്കപ്പെട്ടാൽ ഗുരുതരമായ അവസ്ഥ തന്നെ ആയിരുന്നു. അതേ പോലെ തന്നെ കല്ലിൽ ചുരുട്ടി കാമിനിക്ക് എറിഞ്ഞ് കൊടുക്കുന്ന കടിതം ഉന്നം തെറ്റി അപ്പന്റേയോ അമ്മയുടേയൊ കയ്യിൽ പെട്ടാലും സംഗതി ഗുരുതരം തന്നെയാണ്. എങ്കിലും പണ്ട് കിട്ടിയ പ്രണയ ലേഖനം ഇന്നും നിധി പോലെ സൂക്ഷിക്കുന്ന പഴയ തലമുറ വല്ലപ്പോഴുമെങ്കിലും  പരാജയമടഞ്ഞ പ്രണയത്തിന്റെ ദീപ്ത സ്മരണകൾ അയവിറക്കുന്നത് ഈ ലേഖനങ്ങൾ പൊടി തട്ടി  എടുക്കുമ്പോഴാണ്.

ലവ് ലെറ്റർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഈ കടലാസ് കായിതത്തിന്റെ സംബോധന ചിരിക്ക് വക നൽകുന്നുണ്ട്. “പ്രാണക്കുയിലേ...മണിക്കുയിലേ...നീയില്ലാത്ത ജീവിതം  ഹാ...ഹൂ...ശൂന്യം... നിശ്ചലം എന്നൊക്കെ സാധാരണ പ്രയോഗങ്ങളാണ്. “ നറും തേനേ“ എന്റെ കരളിന്റെ കഷണമേ! എന്നൊക്കെ അതി ഗുരുതരാവസ്ഥയിൽ പ്രണയമെത്തുമ്പോൾ തട്ടി വിടാറുണ്ടായിരുന്നു ചിലർ. ആ  കക്ഷികൾ  പ്രണയ സാഫല്യമടഞ്ഞ് വിവാഹിതരായി രണ്ട് മൂന്ന് കുഞ്ഞ്ങ്ങളുമായി കഴിഞ്ഞാൽ സംബോധനകൾ എടിയേയ് എന്നോ  അൺ വാന്റഡ് ഹെയറേ എന്നൊക്കെ രൂപാന്തരം സംഭവിക്കുന്നത് സാധാരണ സംഭവം തന്നെ.

മദ്രാസ്സിലെ  സിനിമാ ഫീൽഡിൽ നിന്നും നീതിന്യായ വകുപ്പിലെ ജോലിയിലേക്ക് കടക്കുമ്പോൾ അൽപ്പം സിനിമാ സ്റ്റൈൽ ഒക്കെ ഉണ്ടായതിനാലാകാം  ഒരു കത്ത് എനിക്കും  കിട്ടി . പക്ഷേ ആ സാധനം ഒരു ഫയലിൽ വെച്ചായിരുന്നു തത്രഭവതി എന്നിലേക്ക് വിക്ഷേപിച്ചത്  വിക്ഷേപണം പരാജയമടയുകയും  ഫയൽ അന്നത്തെ ഞങ്ങളുടെ സൂപ്രണ്ട് സാറിന്റെ കയ്യിൽ കിട്ടുകയും അദ്ദേഹം കത്തിലെ ഉളളടക്കം ഉറക്കെ വായിച്ചതിനാൽ നായിക ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതും പിൽക്കാല ചരിത്രം.

നഷ്ട വസന്തത്തിൻ തപ്ത നിശ്വാസവുമായി  ഈ അടുത്ത കാലത്ത് ഞാൻ യാത്ര ചെയ്തിരുന്നപ്പോൾ ബസ് സ്റ്റാൻഡിൽ വെച്ച്  നായികയെ കണ്ട് മുട്ടി. അപ്പോഴും ശ്രീമതി എന്നെ മുഖം വീർപ്പിച്ച് കാണിച്ചത് ഞാൻ മനപൂർവം ഫയൽ സൂപ്രണ്ടിന് കൊണ്ട് കൊടുത്തു എന്ന തെറ്റിദ്ധാരണയാലാകാം.

പ്രണയ ലേഖനത്തിന്റെ കാലം കഴിഞ്ഞു. ഇന്ന് മൊബൈൽ പ്രണയത്തിന്റെ കാലമാണ്. അഛനെയും അമ്മയേയും ബന്ധുക്കളേയും ഹെഡ് മാഷിനെയും സൂപ്രണ്ടിനെയും ഭയപ്പെടേണ്ട ആവശ്യമില്ലാത്ത  കാലം.

Wednesday, December 14, 2022

ഇന്ദ്രൻസിന്റെ വിനയം

 റെയിൽ വേ കോടതിയിൽ  ജൊലി ചെയ്തിരുന്ന കാലത്ത് പലപ്പോഴും ക്യാമ്പ് സിറ്റിംഗിനായി  പാറശ്ശാല മുതൽ എറുണാകുളം വരെ ട്രൈനിൽ യാത്ര ചെയ്യേണ്ടി വന്നിരുന്നു. അന്നൊക്കെ  എ.സി. കമ്പാർട്ട്മെന്റിലായിരുന്നു യാത്ര. പലപ്പോഴും  സിനിമ നടീ നടന്മാരെ  യാത്രക്കാരായി അതിൽ കാണാൻ കഴിയും. അവരിൽ ബഹുഭൂരിപക്ഷവും ട്രൈനിൽ കയറിയാൽ ഉടൻ  കണ്ണുമടച്ച് ഉറക്കത്തിലെന്നവണ്ണം ഇരിക്കും. ആരെങ്കിലും അടുത്ത് വന്നാൽ സംസാരിക്കേണ്ട ആവശ്യം വരില്ലല്ലോ. അതിനാണ് ഈ ഉറക്കമെന്നും പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കൽ എന്റെ തൊട്ടടുത്ത സീറ്റിൽ ഒരു പ്രധാന നടൻ ഇരുന്നു ഈ ഉറക്കം പരിപാടി തുടർന്ന് കൊണ്ടിരുന്നു.  അതിനിടയിൽ അയാൾക്ക് കാളുകൾ വരുമ്പോൾ മൊബൈൽ എടുത്ത്  ചെവിയിൽ വെച്ച് സംസാരിക്കും സംസാരം തീരുമ്പോൾ പിന്നെയും ഉറങ്ങും . ഞാൻ പരിചയപ്പെടാനോ മറ്റോ മുതിർന്നില്ല. ഒരു കാലത്ത് സിനിമാ ഫീൽഡിൽ ക്യാമറാ കെട്ടി വലിക്കുന്ന ജോലി ഉൾപ്പടെ ചെയ്തവനായിരുന്നല്ലോ ഞാൻ. അന്ന് മുത്ൽക്കേ ഈ വർഗത്തിന്റെ ജാഡയും പൊങ്ങച്ചവും എനിക്ക് സുപരിചിതമായിരുന്നു. ഇവരുടെ ഈ ജാഡയും മറ്റും കാണുമ്പോൾ പലപ്പോഴും ഞാൻ റോസിയെ ഓർക്കും. മലയാളത്തിലെ ആദ്യ സിനിമാ നടി റോസി. അവരുടെ വേരുകൾ തപ്പി  തിരുവനന്തപുരത്തും നാഗർകോവിലിലും  ഒരുപാട് ഞാൻ അലഞ്ഞിരുന്നല്ലോ.  ആർക്കും തിരിച്ചറിയാത്ത  ഏതോ മണ്ണിൽ   നിത്യ നിദ്രയിലായ ആ പാവം സ്ത്രീ ജീവൻ രക്ഷിക്കാനായി അന്നൊരു രാത്രിയിൽ പരക്കം പാഞ്ഞതിൽ നിന്നാണല്ലോ മലയാള സിനിമയുടെ തുടക്കം. ആ കഥ പണ്ടൊരിക്കൽ ഞാൻ ബ്ളോഗിൽ എഴുതിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചു എന്നൊരു മഹാ പാതകമാണ് അന്നവർ ചെയ്ത കുറ്റം.

 ട്രൈൻ യാത്രയിൽ പലപ്പോഴും ഞാൻ സിനിമാ ലോകത്തെ രണ്ട് പേരെ  ശ്രദ്ധിച്ചിരുന്നു. യാത്രയിൽ ഉറക്കമില്ലാത്തവരായിരുന്നു ആ രണ്ട് പേർ. അതായത് ഒരു ജാഢയും ഇല്ലാത്ത രണ്ട് നടന്മാർ. ഒന്ന്. ഇന്ദ്രൻസ്..  രണ്ട്  കൊച്ച് പ്രേമൻ. 

ഒരിക്കൽ ബാത്ത് റൂമിന്റെ വഴിയിൽ തടസ്സമായി  മദ്ധ്യത്തിൽ നിന്നിരുന്ന ഇന്ദ്രൻസിന്റെ പുറകിൽ ഞാൻ ചെന്ന് നിന്നു. ആ മനുഷ്യൻ  വാതിലിൽ നിന്നും മാറിയാലേ എനിക്ക് ഇട നാഴിയിലുള്ള ബാത്ത് റൂമിൽ പോകാൻ കഴിയുമായിരുന്നുള്ളൂ. ഞാൻ മുരടനക്കി, ശൂ..ശൂ ശബ്ദം ഉണ്ടാക്കി..എല്ലാം ട്രൈനിന്റ് ശബ്ദത്തിൽ അമർന്ന് പോയി. അപ്പോൽ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഹലോ എക്സ്ക്യൂസ് മീ ...എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി. ഉടനേ തന്നെ എതത്തോളം വിനയം മുഖത്ത് കാണിക്കാമോ അത്രയും വിനയത്തൊടെ   ഒഴിഞ്ഞ് തന്നു. തന്റെ കയ്യിൽ നിന്നും ഉണ്ടായ തെറ്റിനുള്ള ക്ഷമാപണം ആ മുഖത്ത്  വല്ലാതെ നിഴലിച്ച് കണ്ടു, 

ഇതിലെന്തിത്ര  എടുത്ത് പറയാനെന്ന് കരുതേണ്ടാ. മുൻ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ മറ്റ് ഏതെങ്കിലും നടന്മാരായിരുന്നെങ്കിൽ പിന്നെയും രണ്ട് മിനിട്ട് കൂടി കഴിഞ്ഞേ വാതിൽക്കൽ നിന്നും മാറൂ എന്നെനിക്ക് തീർച്ച ഉണ്ട്. ക്ഷമാപണമല്ല ഒരു കുന്തവും അവരുടെ മുഖത്ത് കാണുകയില്ല. എന്നെ കഴിഞ്ഞ് മറ്റാരുമില്ല എന ഭാവമായിരിക്കും അവരുടെ മുഖത്ത്. താൻ കടന്ന് വരുമ്പോൾ എഴ്ന്നേറ്റ് നിൽക്കാത്തവരെ രൂക്ഷമായി നോക്കുന്ന മഹാ നടനും കയ്യിൽ തൊട്ട ഒരു യുവാവിനെ കൈ വീശി അടിച്ച മെഗായും സെൽഫി എടുത്ത ആളെ വഴക്ക് പറഞ്ഞ് മൊബൈൽ പിടിച്ച് വാങ്ങി അതിലെ സെൽഫി ചിത്രം ഡിലറ്റ് ചെയ്ത  അത്യുന്നതനായ ഗായകനും മലയാള സിനിമയുടെ ഭാഗമാണല്ലോ. അവിടെ ഇന്ദ്രൻസ് വ്യത്യസ്തനാണ്. വന്ന വഴി മറക്കാത്തവനാണദ്ദേഹം. എല്ലാവരോടും അതി വിനയം കാണിക്കുന്ന  സിനിമാ നടൻ.  അദ്ദേഹത്തിന് തുല്യം വിനയം കാണിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു അനശ്വര നടൻ പി.ജെ ആന്റണി. ഷൂട്ടിംഗ് വേളയിൽ ഫീൽഡിലുള്ളവരോട് ഇത്രയും സ്നേഹം കാണിക്കുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല.

കഴിഞ്ഞ് ദിവസം ഇന്ദ്രൻസിനെ പറ്റിയുള്ള താരതമ്യ പരാമർശം നിയമ സഭയിലുണ്ടായ വാർത്ത പത്രത്തിൽ വന്നപ്പോൾ ഇതെല്ലാം ഓർമ്മിച്ച് പോയി.

Thursday, December 8, 2022

മൊബൈൽ ഫോണിന്റെ കുതിപ്പ്

 ഇപ്പോൾ ഫോൺ എന്ന  പേര് മൊബൈൽ ഫോണീന് മാത്രമായി  രൂപാന്തരപ്പെട്ടിരിക്കുന്നു. ലാന്റ് ഫൊണുകൾ മിക്കതും മയ്യത്തായി. അത്രത്തോളം ജനകീയമായി തീർന്നു മൊബൈൽ.

കുട്ടികൾ  റ്റൂ ജി ആണോ ഫോർ ജി ആണോ എന്നൊക്കെ ചോദിക്കുമ്പോൾ വായും പൊളിച്ച് നിൽക്കാനേ നമുക്ക് കഴിയൂ. എന്റെ മൊബൈൽ ഫോണിലെ ചില കുനിഷ്ഠ് പിടിച്ച  കേസുകൾ   കൈകാര്യം ചെയ്യുന്നത്  വീട്ടിലെ കൊച്ച് കുട്ടി സഫാ ആണ്. അവൾ ആ വിഷയത്തിൽ പണ്ഡിതയാണ്.

മൊബൈൽ ഫോൺ ആദ്യമായി ഉപയോഗിച്ചത്  എന്റേതല്ലാത്ത  ഒരു ഫൊണിലായിരുന്നു. അന്ന് മൊബൈൽ ആദ്യമായിറങ്ങിയ കാലം. അന്നത്തെ മൊബൈൽ ഫോണിന്  ഒരു കൊമ്പുമുണ്ട്. പണ്ടത്തെ ട്രാൻസിസ്റ്റർ റേഡിയോയുടെ  ആന്റിനാ പോലെ എന്നാൽ അതിലും ചെറിയ ഒരെണ്ണം. കൊട്ടാരക്കര കോടതിയിലെ  പ്രോസക്യൂട്ടറായ ലൈജു വിൻടേതായിരുന്നു ഫോൺ. ഞാൻ ഒരു കാൾ വിളിക്കട്ടെ എന്ന് കൊതിയോടെ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം അത് കയ്യിൽ തന്നു, അതിൽ എന്റെ വീട്ടിലെ ലാന്റ് ഫോണിൽ ഒരു കാൾ വിളിച്ച് ഭാര്യയോട് “സുഖമാണോ“ എന്നൊരു ചോദ്യവും ചോദിച്ചു. “ വട്ടായി പോയോ എന്നവളുടെ  ആശ്ചര്യം നിറഞ്ഞ മറുപടിയും കേട്ടു. അതായിരുന്നു ആദ്യത്തെ മൊബൈൽ ഫോൺ വിളി. അന്ന് കാൾ നമ്മുടെ ഫോണിലേക്ക് വന്നാലും നമുക്ക് ചാർജ് ഉണ്ടെന്നായിരുന്നു അറിവ്.

പിന്നെ എപ്പോഴോ മൊബൈൽ സ്വന്തമായി ഒരെണ്ണം സംഘടിച്ചു. പലപ്പോഴും ബെൽ അടിക്കുമ്പോൾ “ആരുടെയോ ബെൽ അടിക്കുന്നു എന്ന് നാല് ചുറ്റും നോക്കി പറയുകയും  അവസാനം ഓ!1 എന്റേതായിരുന്നോ എന്ന് പറഞ്ഞ് ഫോൺ എടുക്കുകയും ചെയ്ത കാലഘട്ടം. 2009 ലോ 2010ലോ ആ ഫോൺ  നഷ്ടപ്പെട്ടു. ചെറായിയിൽ വെച്ച്  നടന്ന ബ്ളോഗ് മീറ്റിൽ പങ്കെടുക്കാൻ ആലുവാ റെയിൽ വേസ്റ്റേഷനിലിറങ്ങി  അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ  ഗുളിക വാങ്ങാൻ കയറിയിടത്ത് വെച്ച് മറന്ന് പോയി. കുറേ ദൂരം നടന്ന് ഓർമ്മ വന്നപ്പോൽ തിരികെ ചെന്ന് നോക്കിയപ്പോൾ സാധനം പോയിക്കഴിഞ്ഞിരുന്നു. പിന്നീട് പലപ്പോഴും  ഫോൺ വെച്ച് മറക്കുകയും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടുതലും ബസ്സിലും ആട്ടോ റിക്ഷായിലുമാണ്  വെച്ച് മറക്കുക. അന്ന് പോക്കറ്റിൽ കൊള്ളാത്ത ഫൊണുകളായിരുന്നു ഉണ്ടായിരുന്നത്.  ഇന്നും ഫൊൺ മറവി സാധാരണമാണ്. സഹി കെട്ടപ്പോൾ  ഭാര്യ പറഞ്ഞു, അരയിൽ ഒരു ചരട് കെട്ടി തൂക്കി ഇടാൻ.

ഇപ്പോൾ മൊബൈലാണ് ജീവിതത്തിലെ പ്രധാന താരം. വാട്ട്സ് അപ്പ് കൂടി വന്നപ്പോൽ പല കാര്യങ്ങളും മൊബൈലിലൂടെയാണല്ലോ. പണ്ട് മീൻ കാരൻ രാവിലെ  “മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തീ “ പാട്ട് പാടുകയും പൂഹോയ്യ് പൂഹോയ്  വിളി അനൗൺസ് ചെയ്ത് മീൻ കുട്ടയുമായി വീട്ട് മുറ്റത്തും റോഡിലും വന്നിടത്ത് ഇന്ന് ഞങ്ങളുടെ മുജീബും ഷാജിയും  സാബുവും  അന്നന്നത്തെ മീന്റെ ഫൊട്ടോ വാട്ട്സ് അപ്പിലൂടെ പ്രദർശിപ്പിക്കുന്നു, നമ്മൾ ആവശ്യമുള്ള മീൻ ഫോണിലൂടെ പറയുന്നു, ദാ! സാധനം വീട്ട് മിറ്റത്ത് എത്തിക്കഴിഞ്ഞു.

പണ്ട് സിനിമാ ഹറാമായിരുന്ന കാലത്ത് ഒരു മുസലിയാർ ഒളിച്ചും പാത്തും തീയേറ്ററിൽ കയറി സിനിമാ കാണാൻ. ആദ്യത്തെ സിനിമാ കാണലായിരുന്നു മൂപ്പർക്ക് അത്.  ന്യൂസ് റീൽ കാണിച്ചപ്പോൾ  പ്ളൈൻ ആകാശത്ത്  പറക്കുന്നത് കാണിച്ച ഉടനെ മൂപ്പര് ഉച്ചത്തിൽ പറഞ്ഞുവത്രേ! “അജായിബിൽ അജായിബ്“ (അതിശയത്തിന്മേൽ അതിശയം) മലായിക്കത്തുകളും (മാലാഖമാർ) ജിന്നുകളും പറക്കുന്ന ആകാശത്ത് ഇപ്പോൾ ഏറോ പ്ളേനോ? അജായിബിൽ അജായിബ്....എന്ന്......

ഇന്ന് മൊബൈലിന്റെ ജൈത്ര യാത്ര കാണുമ്പോൾ ഈയുള്ളവനും പറഞ്ഞ് പോകുന്നു “ അജായിബിൽ അജായിബ്.....

Monday, December 5, 2022

ബി.എസ്.എൻ.എൽ തകർച്ച

 ബി.എസ്.എൻ.എൽ എന്റെ മൊബൈലിൽ ഉപയോഗിക്കുന്നത് ആ കമ്പനിയോടുള്ള പ്രതിപത്തി കൊണ്ടല്ല. സ്വകാര്യ ഭീമന്മാരുടെ  ഔദാര്യങ്ങളും സൗജന്യങ്ങളും കാണാതിരിക്കുന്നതും കൊണ്ടുമല്ല. പിന്നെയോ സർക്കാർ  വക ഫൊൺ കമ്പനിയുടെ സേവനം എന്റെ ഫൊണിൽ മതി എന്ന ശാഠ്യം കൊണ്ട് മാത്രമാണ്.. പക്ഷേ എത്രത്തോളം  അവരുടെ  സേവനം ഉപയോഗിക്കാൻ നിർബന്ധം നമ്മൾ കാണിക്കുന്നുവോ അതിന്റെ പത്തിരട്ടി നമ്മൾ അവരെ വിട്ട് പോകാനുള്ള  കുരുത്തക്കേടുകളാണ് അവർ പുറത്തെടുക്കുന്നത്. ഈ കമ്പനി തുലച്ചേ മാറൂ എന്ന്  തലപ്പത്തുള്ള ആർക്കെല്ലാമോ നിർബന്ധ ബുദ്ധി ഉള്ളത് പോലാണ്  അവരുടെ ചെയ്തികൾ. ഇത് തുലക്കണമെന്ന ആശയം സ്വകാര്യ കമ്പനിക്കാർക്കാണ് ഉള്ളത്. അവരുടെ ഏജന്റ്മാരായി പ്രവർത്തിക്കുക എന്ന ദൗത്യം  ബിഎസ്.എൻ.എല്ലിന്റെ  തലപ്പത്തുള്ളവരെ സ്വാധീനിച്ച്  നടപ്പിൽ വരുത്തുകയാണോ എന്ന് തോന്നിപ്പിക്കുന്നവിധമാണ്. ബിഎസ്.എൻ.എൽ കാരുടെ  നിസ്സംഗത.

പണ്ട് ഈ കമ്പനിയിൽ കണക്ഷൻ കിട്ടാൻ രജിസ്റ്റർ ചെയ്ത്  കാലങ്ങളോളം കാത്തിരിന്നിട്ടും കിട്ടാതെ വരുമ്പോൾ ഓ.വൈ. റ്റി. എന്നോ ഓവൈ.എസ്. എന്നൊക്കെ (കൃത്യം ഓർമ്മ വരുന്നില്ല)) ഓമന പേരുകളിലെ സ്കീം വഴി അധിക തുക അടച്ച് കണക്ഷൻ നേടിയ  ചരിത്രങ്ങൾ ഇന്ന് പലർക്കും അറിയില്ല.  അന്ന് ബിഎസ്.എൻ.എല്ലിൽ ജോലി എന്നത്  ബഹുമാനിക്കപ്പെടുന്ന ഉദ്യോഗമായിരുന്നു. ഒരു ജോലിക്കായി പത്രത്തിൽ കണ്ട പരസ്യം ചൂണ്ടിക്കാണീച്ച് അപേക്ഷിക്കാനായി  അപേക്ഷാ ഫാറത്തിനു പോലും പിടിച്ച് പറിയായിരുന്നു. ഇന്ന് ആ കമ്പനിയിൽ നിന്നും സ്വയമേ പിരിഞ്ഞ് പോകുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്നു. കഴിഞ്ഞ ദിവസം ഫോൺ ചാർജടക്കാൻ കൊട്ടാരക്കരയിലെ ആഫീസിൽ പോയപ്പോൾ ആഫീസിനകം  മരണ വീട് പോലെ മൂകമായിരുന്നു. ജീവനക്കാർ വളരെ കുറവ്.

ഫോണിൽ തകരാർവന്നാൽ  പാഞ്ഞെത്തിയിരുന്നിടത്ത് നിന്നും  ഇന്ന് വിളിച്ച് പറയുകയോ നേരിൽ ചെന്നാൽ പോലും കുഴപ്പം പരിഹരിക്കാൻ ദിവസങ്ങളെടുക്കും. ആർക്കും ഒരു ശുഷ്ക്കാന്തിയുമില്ല.

കുറച്ച് കാലങ്ങളായി കുഴപ്പങ്ങൾ  തുടരുന്നു എങ്കിലും ഇപ്പോൾ ഞാൻ ഇതെഴുതാൻ കാരണം കുറേ ദിവസങ്ങളായി  മറ്റൊരു അസുഖം കണ്ട് വരുന്നതിനാലാണ്. ആദ്യം കരുതിയത് എന്റെ കയ്യിലിരിക്കുന്ന ഫോണിന്റെ തകരാറായിരിക്കുമെന്ന്. പക്ഷേ പലരോടും അന്വേഷിച്ചപ്പോൾ ഈ അസുഖം എല്ലാവർക്കും അനുഭവപ്പെടുന്നു എന്ന് മനസ്സിലായി.

ഒരു കാൾ വിളിക്കാൻ തുനിയുന്ന നമ്മളെ കൊണ്ട് രണ്ട് കാൾ വിളിപ്പിക്കുക. നമ്പറിൽ കുത്തി ബെൽ അടിച്ച് മറുഭാഗം ഫോൺ എടുത്താലും കേൾക്കാതിരിക്കുക, ഉടനെ രണ്ടാമത് വിളിക്കുക, അപ്പോൾ കാൾ ശരിയാകും. അപ്പോൾ രണ്ട് കാൾ ചെലവാകും. അടുത്ത ഒരു കുസൃതി ഒരു കാൾ ബന്ധപ്പെട്ട് സംസാരം തുടങ്ങി കഴിഞ്ഞാൽ ഉടനെ വരുന്നു അനൗൺസ്മെന്റ് നിങ്ങൾ വിളിച്ച ആൾ ഹോൾഡ് ചെയ്തിരിക്കുകയാണ് സംസാരം തുടരുക എന്ന്.അതോടെ കണക്ഷൻ കട്ടാകും. ആവശ്യം ഉള്ളവ്ൻ പിന്നെയും വിളിക്കും. അപ്പോഴും കാൾ രണ്ടെണ്ണമായി. ചിലപ്പോൾ ഫോൺ വലിച്ചെറിയാൻ തോന്നും. മുമ്പ് നിശ്ചിത സമയം കഴിയുമ്പോൾ ഇങ്ങിനെ അനൗൺസ്മെന്റ് ഉണ്ടാകുമായിരുന്നു, ഇപ്പോൾ അതൊന്നുമല്ല വിളി തുടങ്ങിക്കഴിഞ്ഞാലുടൻ അനൗൺസ്മെന്റാകും  വിളീച്ചയാൾ ഹോൾഡ് ചെയ്തിരിക്കുകയാണ് തുടരുക എന്ന്.... എന്താണ് ഈ കുഴപ്പങ്ങളുടെ അടിസ്ഥാനം എന്നറിയില്ല.  ആഫീസിൽ ബന്ധപ്പെട്ടപ്പോൾ അവിടെ നിന്നറിഞ്ഞു. ഓ! ഇതെല്ലാം സാധാരണ ഉള്ളതാ സാറേ! എന്ന്... ഈ കുഴപ്പം മറ്റ് കമ്പനികൾക്കില്ലല്ലോ എന്ന് പറഞ്ഞാൽ അവർ കൈ മലർത്തും. ഇങ്ങിനെയെല്ലാം കാണീച്ചാൽ കമ്പനി മാറി അടുത്ത കമ്പനി കൺക്ഷൻ വാങ്ങുമെന്നായിരിക്കാം അവരുടെ ധാരണ.

ഇനി എന്ത് കാണിച്ചാലും  ഈ നാടിനെ കൈക്കുള്ളീൽ ചുരുട്ടിക്കെട്ടാൻ ശ്രമിക്കുന്ന കുത്തക ഭീമന്മാരുടെ കമ്പനിയുമായി ഒരു ഇടപാടുമില്ല. അത് കൊണ്ട് അവർക്ക് ഒരു നഷ്ടവുമില്ലായിരിക്കാം...എനിക്കും ഒട്ടും നഷ്ടമില്ല ഹേേ !!!

Monday, November 28, 2022

എം.ആർ.പി. കഥ

 ഇന്നലെ ഞായറാഴ്ച കൊട്ടാരക്കര മാർകറ്റ് ജംഗ്ഷനിലുള്ള  ഒരു മെഡിക്കൽ സ്റ്റോറിൽ ആഞ്ചിയോ പ്ളാസ്റ്ററിക്ക് ശേഷം പതിവായി  ഞാൻ കഴിക്കുന്ന  റാംകോർ 5  എന്ന ഗുളിക വാങ്ങാനായി പോയി. 10 ഗുളിക അടങ്ങുന്ന ഒരു സ്ട്രിപ്പിന് 90 രൂപാ അവിടത്തെ സൈൽസ് മാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അന്തം വിട്ടു. 10 ദിവ്സത്തിനു മുമ്പും നീതി സ്റ്റോരിൽ നിന്നും 65 രൂപക്ക് വാങ്ങിയ മരുന്നാണത്. ഈ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനെ എനിക്ക് ഏറെ വർഷങ്ങളായി  പരിചയമുണ്ട്. പക്ഷേ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഞാൻ ഈ ഗുളിക 65 രൂപക്ക് വാങ്ങുന്നതാണെന്ന് പറഞ്ഞപ്പോൾ സൈൽസ് മാനെന്ന മഹാ പുരുഷൻ   പുച്ഛത്തിൽ തന്റെ തല ഒന്ന് കുലുക്കി. ആ തല കുലുക്കലിൽ പ്രകോപിതനായ ഞാൻ ശബ്ദമുയർത്തി  തർക്കിച്ചു. കഴിഞ്ഞ ആ ഴ്ച 65 രൂപക്ക് വാങ്ങിയ ഈ മരുന്ന് ഇന്ന് 25 രൂപാ അധികം തരണോ?! അയാൾ ആ പുച്ഛ ഭാവം കൈവിടാതെ തന്നെ  “ആ സ്ട്രിപ്പിന്റെ പുറത്തുള്ള  വിലയേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് മൊഴിഞ്ഞു. സ്ടൃപ്പിന്റെ പുറത്ത് നോക്കിയപ്പോൾ സംഗതി ശരിയാണ് 90 എന്ന് വെണ്ടക്കായിലുണ്ട്. ഗുളിക വാങ്ങാതെ ഞാൻ മടങ്ങി. ഇതെന്ത് പിടിച്ച് പറിയാണ് എന്ന ചിന്തയോടെ.

ഞാൻ ജങ്ഷനിൽ നിന്നും പുത്തൂർ റോഡിലേക്ക് പോയി അവിടെ ഒരു മെഡിക്കൽ സ്റ്റോറിൽ കയറി അതേ ഗുളിക ആവശ്യപ്പെട്ടു. അവർ 70  രൂപാ വാങ്ങി. ഗുളികയും ബില്ലും തന്നു ഏതാനും  മീറ്റർ ദൂരത്തിൽ  ഒരേ കമ്പനി ഒരേ ഗുളികക്ക് 20 രൂപായുടെ വില വ്യത്യാസം നിയമ പരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ആലോചിച്ചതിനെ തുടർന്ന് പരിചയമുള്ള മെഡിക്കൽ സ്റ്റോറിലെ  ആൾക്കാരെ വിളിച്ചപ്പോൾ ഗുളികയുടെ എം.ആർ.പി. 90 രൂപായാണെന്നും  കച്ചവടം നടക്കാൻ ജനത്തിനെ ആകർഷിക്കാൻ എം.ആർ.പി.യിൽ  നിന്നും കുറച്ച് കച്ചവടം നടത്തുകയാണെന്നാണ്` അറിയാൻ കഴിഞ്ഞത്. മിക്ക സ്റ്റോറുകാരും ഇപ്പോൾ ഇപ്രകാരമാണ് കച്ചവടമെന്നും  അവരുടെയെല്ലാം സ്റ്റോറുകളുടെ മുമ്പിൽ വില കുറച്ച് വിൽക്കുന്ന വിവരത്തിന് നോട്ടീസ് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. ആദ്യത്തെ സ്റ്റോറുകാരന്  ആ  സൗജന്യം നൽകാൻ മനസ്സില്ല. “വേണമെങ്കിൽ വാങ്ങിക്കൊണ്ട് പോടാ തെണ്ടീ  “ എന്ന ഭാവമുള്ള സൈൽസ് മാന്മാരെ അവിടെ കാണാൻ കഴിയും.

ജനത്തിന് ഈ കിട്ടുന്ന സൗജന്യം ഔദാര്യമല്ല അവകാശമായി കരുതി സൗജന്യ ബോർഡ് പ്രദർശിപ്പിച്ചിട്ടുള്ള ഇടങ്ങളിൽ നിന്നും ഗുളിക വാങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്. എവിടെ നിന്ന് സാധനം വാങ്ങണം എന്നത് ജനത്തിന്റെ അവകാശമാണല്ലോ.

ഇപ്പോഴും എന്നെ കുഴപ്പിക്കുന്ന ഒരു ചോദ്യം മനസ്സിൽ കിടന്ന് തിളക്കുന്നുണ്ട്. ഇത്രയും കുറച്ച് കൊടുത്താലും  നഷ്ടമില്ലാതെ  കച്ചവടം നടത്തിക്കൊണ്ട് പോകാൻ മെഡിക്കൽ സ്റ്റോറുകാരൻ കഴിയും  എന്നിട്ടും എം.ആർ.പി.യിൽ തന്നെ പിടിച്ച് നിൽക്കുന്നവർ എത്ര കൊള്ള ലാഭമാണെടുക്കുന്നത് എന്ന ചോദ്യം ശരിയല്ലേ?.

Wednesday, November 23, 2022

അനുസ്മരണം

 എന്റെ പിതാവ് എന്നെ വിട്ട് പോയ ദിവസമാണിന്ന്. വർഷങ്ങൾ എത്രെയെത്ര കഴിഞ്ഞ് പോയെങ്കിലും  ആ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ഒരു ഫോട്ടോ അദ്ദേഹത്തിന്റെത് ഇവിടെ ചേർക്കാൻ അങ്ങിനെ ഒരു ഫോട്ടോ അദ്ദേഹമെടുത്തിരുന്നില്ല. വൈകുന്നേരമാകുമ്പോൾ ഒരു നേരമെങ്കിലും കഴിക്കുന്ന  ആഹാരത്തിന്റെ വക പോലും ഉണ്ടാകുന്നത് പ്രയാസപ്പെട്ടിട്ടായിരുന്നു പിന്നെയാണ്` ഫോട്ടോ എടുക്കൽ.

ആ കാലം കേരളത്തിൽ അങ്ങിനെയായിരുന്നു. സമൃദ്ധിയുടെ ഇന്നത്തെ  നാളുകളിൽ  ആ കഥകളെല്ലാം ബ്ളാക് ആൻട് വൈറ്റ് സിനിമകൾ മാത്രം.

പിതാവ് വയസ്സാകാതെയാണ്` മരിച്ചത്. ക്ഷയ രോഗമായിരുന്നു. ക്ഷയത്തിന് കാരണം പട്ടിണി. പട്ടിണിക്ക് കാരണം ഞങ്ങളെ ആഹരിപ്പിക്കാനുള്ള നെട്ടോട്ടം.    അദ്ദേഹത്തിന്റെ കുടുംബം സമ്പൽ സമൃദ്ധിയുള്ളതും അംഗ ബലത്താൽ പോഷിപ്പിക്കപ്പെട്ടത് ആയിരുന്നിട്ട് പോലും ബന്ധുക്കളുടെ ആരുടെയും നേരെ കൈ നീട്ടിയിരുന്നില്ല. അവസാന കാലം വെറും ചായയും ചാർമിനാർ സിഗററ്റുമായി കഴിഞ്ഞു. സിഗററ്റ് വലിക്കുന്നതിനെ കുറ്റപ്പെടുത്തിയ എന്നോട് പറഞ്ഞു, “ കടലിൽ ചാടി മരിക്കാൻ പോകുന്നവർ ആരെങ്കിലും മഴയത്ത് കുട പിടിക്കുമോടാ“ ദിവസം വരെ നിശ്ചയിച്ച് വെച്ചിരുന്നു, ഈ ലോകത്തൊട് യാത്ര പറയാൻ

ഒരു നല്ല വായനക്കാരൻ. ബുൾ ബുളെന്ന കമ്പി വാദ്യക്കാരൻ. എന്നെ വായനയിലേക്ക് നയിച്ചത് പിതാവായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറക്കിയ “അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും എന്ന  എന്റെ പുസ്തകത്തിന്റെ  മുഖവുരയിൽ  വാപ്പായെ ഞാൻ ഇങ്ങിനെ അനുസ്മരിച്ചു.

“മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ രാത്രി ഏറെ ചെന്നുംകഥകളും നോവലുകളും വായിച്ചിരുന്ന എന്റെ വാപ്പാ........“

വാപ്പായുടെ ആ വായനാ ശീലമാണ് എന്നിലേക്ക് പകർന്ന് കിട്ടിയത്.

ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിലെ വെൺ മണൽ പരപ്പിലെവിടെയോ  വാപ്പാ ഉറങ്ങുന്നു. സ്ഥലം പോലും കൃത്യമായി നിശ്ചയമില്ല. കാരണം അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടിനാൽ ഒരു അടയാളക്കല്ല് നാട്ടാൻ പോലും  കഴിഞ്ഞില്ല അവിടെ ചെല്ലുമ്പോഴൊക്കെ കൃത്യമായ സ്ഥലം പോലും നിശ്ചയമില്ലാ എങ്കിലും ആ ഭാഗത്ത് ചെന്ന് അദ്ദേഹത്തിനായി പ്രാർത്ഥിക്കാറുണ്ട്.

ഇന്നത്തെ ദിവസവും വിദൂരത്തിലിരുന്ന്  അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു.

Monday, November 21, 2022

ഓർമ്മകൾ...ഓർമ്മകൾ..

 

ഇന്നേക്ക് 25 വർഷങ്ങൾക്ക് മുമ്പ്  ഫോട്ടോയിൽ കാണുന്ന  എന്റെ മകൻ സൈഫുവിന് 14 വയസ്സായിരുന്നു. മൈനഞ്ചിറ്റിസും ബ്രൈൻ അബ്സസും  ബാധിച്ച് ഗുരുതരാവസ്ഥയിൽ അവൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറിവിഭാഗത്തിൽ പ്രവേശിക്കപ്പെട്ടിരിക്കുകയായിരുന്നു. 20--11--1997 തീയതി  അവന്റെ തലയിൽ നിന്നും പഴുപ്പ് കുത്തി എടുത്ത ദിവസത്തിൽ  ഞാനും ഭാര്യയും അനുഭവിച്ച  ടെൻഷൻ ഇന്ന് 25 വർഷങ്ങൾക്ക്  ശേഷവും  എന്നെ  വിറപ്പിക്കുന്നു.
 പിൽക്കാലത്ത് ഞാൻ അവനോട് ചോദിച്ചു “ ആ ദിവസങ്ങൾ നിനക്കോർമ്മയുണ്ടോ..“?  “ഓ! അതെല്ലാം ഒരു മൂടൽ പോലെ എനിക്കനുഭവപ്പെട്ടു“ എന്ന് അവൻ പറഞ്ഞു. 20--11--1997 തീയതിയിൽ രാതി ഡയറിയിൽ ഞാൻ പകൽ നടന്ന സംഭവങ്ങൾ അതേപടി കുറിച്ചിട്ടിരുന്നത് ഇവിടെ പകർത്തുന്നു. (മെഡിക്കൽ കോളേജ്ൽ വെച്ചെഴുതിയ ആ ഡയറി പിന്നീട് (ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പുകൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു)

"അവന്റെ നിലവിളി ഉച്ചത്തിലായി. ഞാൻ ചെവിയിൽ രണ്ടു വിരലും തിരുകി അവിടെ നിന്നും നടന്നു. നിലവിളി പിൻ തുടരുന്നതുപോലെ എനിക്കു തോന്നി. ഞാൻ മാനത്തേകു നോക്കി. സന്ധ്യയുടെ ആഗമനം വിളിച്ചറിയിച്ചു കൊണ്ടു പടിഞ്ഞാറൻ മാനത്തു ചോര നിറം. മനസ്സു ഏകാഗ്രമാക്കി ദൈവത്തോടു കേണു. എന്റെ എല്ലാ ദുഃഖങ്ങളും അറിയുന്നവനായ കരുണാമയനേ! അവിടെന്നു പരമ കാരുണികനും കരുണാനിധിയുമാണല്ലോ എന്റെ കുഞ്ഞിനെ അവിടത്തെ കരുണക്കായി സമർപ്പിക്കുന്നു. എല്ലാം തീരുമാനിക്കുന്നതു അവിടന്നാണു. ഞങ്ങളിൽ കരുണ ചൊരിയേണമേ! ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്കു നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം.  .പെട്ടെന്നു നിലവിളി നിലച്ചു. എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. വാതിൽ തള്ളി തുറന്നു ഞാൻ സൈഫു കിടന്ന മുറിയിലേക്കു പാഞ്ഞു. ഇടനാഴിയിൽ നിൽപ്പുണ്ടായിരുന്ന രാജുവും സലിയും എന്നെ തടഞ്ഞു. അവരുടെ കയ്യും തട്ടി ഞാൻ റൂമിന്റെ വാതില്‍ക്കലെത്തി . അപ്പോഴേക്കും എന്റെ പുറകെ പാഞ്ഞെത്തിയ രാജു എന്റെ കൈക്കു പിടിച്ചു നിർത്തി. "എന്താണു ഈ കാണിക്കുന്നതു" ഞാൻ സമനില വീണ്ടെടുക്കനായി എണ്ണി; "ഒന്നു...രണ്ടു....മൂന്നു.....നാലു....." അതാ കേൽക്കുന്നു എന്റെ മകന്റെ ശബ്ദം. ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ അവനോടു എന്തോ ചോദിക്കുന്നു.അവൻ മറുപടി പറയുന്നു. എന്റെ ദൈവമേ നന്ദി! ഞാൻ ഭിത്തിയിലേക്കു ചാരി,അറിയാതെ നിലത്തേക്കു ഇരുന്നു. ഭാര്യ അടുത്തു വന്നിരുന്നു. ഞങ്ങൾ പരസ്പരം നോക്കി. അവളും സൈഫുവിന്റെ ശബ്ദം കേട്ടിരിക്കുന്നു. ഇതിനിടയിൽ സലി അകത്തു പോയി തിരികെ വന്നു. " അവനു കുഴപ്പമില്ല, 40 സി.സി.പഴുപ്പു കുത്തിയെടുത്തു. സലി പറഞ്ഞു. ഇത്രയും പഴുപ്പു അവന്റെ തലയിൽ ഉണ്ടായിരുന്നു. ആദ്യ തവണ ഡ്രിൽ ചെയ്ത അതേ ദ്വാരത്തിലൂടെ തന്നെയാണു ഇപ്പോഴും ഡ്രിൽ ചെയ്തു പഴുപ്പു കുത്തി എടുത്തതെന്നു അറിയാൻ കഴിഞ്ഞു. എന്റെ മോൻ എന്തു മാത്രം വേദന സഹിച്ചിരിക്കണം. അവൻ അത്രയും ഉച്ചത്തിൽ നിലവിളിച്ചതിന്റെ കാരണം അതായിരുന്നു. മരവിക്കാനുള്ള മരുന്നു അവനിൽ ശക്തമായി അലർജി ഉണ്ടാക്കിയിരുന്നതിനാൽ മരവിപ്പിക്കാതെയാണ് പഴുപ്പ് കുത്തി എടുത്തത്, അതാണ് അവൻ അത്രയും ഉച്ചത്തിൽ കരഞ്ഞത്.....“

കാലം കടന്ന് പോയി ആ 53 ദിവസങ്ങൾ നിത്യ ഹരിത നായകനായി വിലസിയിരുന്ന എന്നെ ശരിക്കും പിടിച്ചുലച്ചു.കാലത്തിന്റെ തേയ്മാനം എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. ഇന്ന് 2022ൽ നിന്ന് കൊണ്ട് 1997ലെ ആ ദിവസം ഉൾക്കിടത്തിലൂടെയല്ലാതെ ഓർമ്മിക്കാൻ കഴിയുന്നില്ല. ഒരു വരയുടെ അപ്പുറത്തുമിപ്പുറത്ത് നിന്നും കളിച്ച സൈഫു ഒടുവിൽ ദൈവ കാരുണ്യത്താൽ ഇപ്പുറത്ത് കടന്നു.    . എല്ലാറ്റിൽ നിന്നും ദൈവം അവ്നെ കാത്ത് രക്ഷിച്ചു. ഇന്ന് കൊട്ടാരക്കരയിൽ അഭിഭാഷകനായി അവൻ ജോലി നോക്കുന്നു.  ഭാര്യ ഷൈനിയും വക്കീലാണ്`. ഒരു മകൻ സിനാൻ...സിനാനെ നിങ്ങൾക്കെല്ലാമറിയാമല്ലോ......

Saturday, November 19, 2022

ആന്റീ വൈറസ് ആക്രമണം

  കമ്പ്യൂട്ടർ സംബന്ധമായ  ഒരു പ്രശ്നം പരിഹരിക്കാൻ    പരിജ്ഞാനമുള്ള എന്റെ പ്രിയ സുഹൃത്തുക്കൾ ഒന്ന് സഹായിക്കാമോ.പ്രശ്നം അൽപ്പം A ആണ്.

 എന്റെ  കമ്പ്യൂട്ടറിന് ഒരു കുഴപ്പവുമില്ലാതെ ശാന്ത സുന്ദരമായി അത് പ്രവർത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു അങ്ങിനെ കഴിഞ്ഞ് വരവേ കഴിഞ്ഞ ദിവസം അതിൽ ഒരു പരസ്യം വന്നു. ഇംഗ്ളിഷിലാണ്. നിങ്ങളുടെ  കമ്പ്യൂട്ടർ വൈറസ് ബാധിതമായിരിക്കുന്നു ഓരോ മിനിട്ടിലും ഇത്രയിത്ര വൈറസ്കൾ ആക്രമിക്കുന്നു. ഉടൻ നടപടികൾ കൈക്കൊള്ളുക.ഇതായിരുന്നു ആ പരസ്യം ഒരു ആന്റീ വൈറസ് കമ്പനിയുടേതാണ്`ആ പരസ്യം. തിരക്കിലായതിനാൽ ഞാനതങ്ങ് അവഗണിച്ച് ആ വിൻടോ ക്ളോസ് ചെയ്തു. കയ്യെടുക്കുന്നതിനു മുമ്പ് തന്നെ ആ പരസ്യം വീണ്ടും വരുന്നു. MAC  എന്നീ വാക്കുകൾ തുടങ്ങുന്നതാണ് ആ കമ്പനിയുടെ പേര്. ശ്ശെടാ!ഇതെന്ത് ശല്യം! വീണ്ടും ക്ളോസ് ചെയ്യുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ,   എന്റെ കമ്പ്യൂട്ടർ രോഗ ബാധിതമാണെന്നും ഉടൻ പരിഹാരമായി ആന്റീ വൈറസ് ഉപയോഗിക്കണമെന്നും നിർദ്ദേശിച്ച് പല തരത്തിലും വിധത്തിലും നിറത്തിലും പല പേരിലും പരസ്യങ്ങൾ വരുകയും ഞാൻ ആ നിമിഷം തന്നെ അവ ക്ളോസ് ചെയ്യുകയും ചെയ്തു വന്നു. എന്റെ കാര്യത്തിൽ ഇവന്മാർക്കെന്തിത്ര താല്പര്യം. വൈറസ് ബാധിച്ചെങ്കിൽ ഞാനങ്ങ് സഹിച്ചു. നിനക്കെന്താ പുല്ലേ  ഇത്രക്ക് വാശി എന്ന് വാശിയുള്ള ഞാനും  മസിൽ പിടിച്ചു. 

അവന്മാർ പ്രവചിച്ചത് പോലെ  കമ്പ്യൂട്ടർ 5--10-- മിനിട്ട്  നേരം ഇടക്കിടെ മരവിച്ചപ്പോൾ ഇവന്മാർ പരസ്യം കയറ്റി വിട്ടത് പോലെ  വൈറസിനെയും കയറ്റി വിട്ടോ എന്ന് എനിക്ക് സംശയമായി. ഞാൻ അല്പം പോലും കുലുങ്ങിയില്ല. മരവിപ്പ് മാറുമ്പോൾ മാറട്ടെ അത് വരെ  ഞാനും മരവിച്ചിരുന്നു.  അതാ! അപ്പോഴാണ് പുതിയ ഒരു പ്രയോഗം കടന്ന് വന്നത്. ഉടുതുണി അലക്കാൻ കൊടുത്ത കുറച്ച് അവളുമാരുടെ തിരിഞ്ഞും മറിഞ്ഞും ഉള്ള പോട്ടങ്ങൾ  എന്റെ കമ്പ്യൂട്ടറിൽ  വന്ന് തുടങ്ങി. ”ന്നാ താൻ കേസ് കൊട്“ സിനിമയിലെ  മജിസ്ട്രേറ്റ്  വിളിച്ച് കൂവുന്നത് പോലെ  ങാ....കർട്ടനിട്...കർട്ടനിട്.. എന്ന് ഞാനും വിളിച്ച് കൂവി. നിമിഷം കൊണ്ട് ഞാൻ ആ പോട്ടങ്ങൾ ക്ളോസ് ചെയ്യുമ്പോൾ ഉടൻ അവന്മാരുടെ ആന്റീ വൈറസ്  പരസ്യങ്ങൾ വരും. 

വീട്ടിലെ കുട്ടികൾ കമ്പ്യൂട്ടർ തുറക്കുമ്പോൾ എന്റടുത്ത് വന്ന്  നിൽക്കാറുണ്ട്.ആ കുഞ്ഞുങ്ങൾ അടുത്ത് വന്ന് നിൽക്കുമ്പോൾ മീൻ വെയിലത്ത് ഉണക്കാൻ വെച്ചത് പോലുള്ള പോസിലെ ലവളുമാരുടെ ഈ പോട്ടങ്ങൾ  കാണുമോ എന്ന് ഭയന്ന്  കുട്ടികൾ ഉറങ്ങി കഴിഞ്ഞാണ്` കമ്പ്യൂട്ടർ ഇപ്പോൾ  തുറക്കുന്നത്.

ഇവന്മാർക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുക്കാമെന്ന് കരുതി അന്വേഷിച്ചപ്പോൾ ഇവന്റെയെല്ലാം കമ്പനി കണ്ട് കിട്ടുകയില്ലെന്നും അത് സിംഗപ്പൂരിലോ പെനാങ്കിലോ മറ്റോ ആയിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

കമ്പ്യൂട്ടറിൽ അത്ര പരിചയമില്ലാത്തവനാണ്` ഞാൻ. ടൈപ്പ് ചെയ്യും കോപ്പി പേസ്റ്റ് പോലുള്ള ചെറിയ ചെറിയ കിസുമത്ത് പണികൾ  ചെയ്യും അതിനപ്പുറം എന്റെ അറിവ് പൂജ്യമാണ്. എന്റെ അടുത്ത ഒരു സുഹൃത്തിനോട് അദ്ദേഹം കമ്പ്യൂട്ടറിൽ പണ്ഡിതനാണ്.വിവരങ്ങൾ പറഞ്ഞപ്പോൾ  നൂലിൽ ഊതി കെട്ടിയത് പോലെ എന്തോ എല്ലാം ചെയ്തിട്ടുണ്ട്, ഫലിക്കുമോ എന്നറിയില്ല, ഇല്ലെങ്കിൽഈ ഉപദ്രവം ഒഴിവാക്കാൻ  വലിയ പൈസാ ചെലവില്ലാത്ത മാർഗം പറഞ്ഞ് തരുമോ ആരെങ്കിലും..... എന്റെ കുഴപ്പങ്ങൾ മാറുകയും  മറ്റുള്ളവരെ ഈ ഭീഷണിയെ പറ്റി ബോധവാന്മാരാക്കുകയും ചെയ്യാമല്ലോ.

Wednesday, November 16, 2022

മരുന്നു കുപ്പി

 “ഈ കുഞ്ഞിന് മരുന്ന് കുപ്പി ഒഴിഞ്ഞിട്ട് നെരമില്ല“  രോഗിയാകുന്ന കുഞ്ഞുങ്ങളെ നോക്കി  മുൻ തലമുറ പറയുന്ന ഒരു പൊതു വാചകമാണിത്.

പണ്ട്  മരുന്ന് , കുപ്പിയിൽ തന്നെയായിരുന്നു ലഭിച്ചിരുന്നത്. സർക്കാർ ആശുപത്രിയിൽ വലിയ ചില്ല് കുപ്പിയിൽ പല നിറത്തിലുള്ള  മരുന്നുകൾ  നിറച്ച് വെച്ചിരിക്കുന്നതിൽ നിന്നും  കുപ്പിയുമായി ചെല്ലുന്ന  രോഗിക്കോ പകരക്കാരനോ അയാൾ കൊണ്ട് വരുന്ന കുപ്പിയിലേക്ക്  മരുന്ന് പകരുന്ന കമ്പൗണ്ടർ എന്ന ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള പാന്റും ഷർട്ടും തൊപ്പിയും ധരിച്ച ഒരു ഗൗരവ സ്വാമി. ഡോക്ടർ എഴുതിയിരിക്കുന്ന കുറിപ്പിലേക്കും വലിയ  കുപ്പികളിലേക്കും മാറി മാറി നോക്കി നമ്മൾ കൊണ്ട് ചെല്ലുന്ന കുപ്പിയിലേക്ക് മരുന്ന് പകർന്ന് തരുന്ന  തമ്പുരാൻ.

മെഡിക്കൽ സ്റ്റോറിലും ഇപ്രകാരം  മരുന്ന് മിശ്രിതം കൂട്ടിയെടുക്കാൻ  പരിചയം സിദ്ധിച്ച ആൾക്കാരെ കാണാമായിരുന്നു.

കാലം കടന്ന് പോയപ്പോൽ ഈ കുപ്പികളും കമ്പൗണ്ടറും  രംഗത്ത് നിന്നും അപ്രത്യക്ഷരായി. ആ കാലത്ത് ആശുപത്രി പരിസരത്തുള കടകളിലെ പ്രധാന  വിൽപ്പന സാധനമായിരുന്നു പല അളവിലുള്ള മരുന്ന് കുപ്പികൾ.ഉള്ളിൽ  ഉള്ളിൽ കഴിക്കാനുള്ളത്, പുറമേ പുരട്ടാനുള്ളത്, അങ്ങിനെ പല പല തരത്തിലെ അളവുകളിലെ കുപ്പികൾ. അന്ന് ഗുളികകൾ വലിയ പ്രചാരത്തിൽ ഇല്ലായിരുന്നു. എന്നാലും മേമ്പൊടി പോലെ  സൾഫാ ഡയാസിൻ, സൾഫാ ഗുനൈഡിൻ, എ.പി.സി. തുടങ്ങിയ ഗുളികകൾ ഉണ്ടായിരുന്നത് കമ്പൗണ്ടർ സാർ കുറിപ്പിൽ നോക്കി  പേപ്പർ തുണ്ടുകളിൽ പൊതിയാതെ തരും. നമ്മൾ പൊതിഞ്ഞ് കൊണ്ട് പോകണം. കഴിക്കുന്ന വിധവും അദ്ദേഹം പറഞ്ഞ് തരുമായിരുന്നു.

കാലം കഴിഞ്ഞപ്പോൾ  ഗുളികകൾ അലൂമിനിയം നിക്കർ ധരിച്ച് പുറത്ത് വന്നു. അത് ആദ്യത്തിൽ ആസ്പ്രോ, അനാസിൻ തുടങ്ങിയ വേദന സംഹാരികളായിരുന്നു. പിന്നീട് എല്ലാ ഗുളികകളും ആലൂമിനിയം പ്ളാസ്റ്റിക്  കവർ ധാരികളായപ്പോൾ  കുപ്പികളും കമ്പൗണ്ടറും  തുടർന്ന് മരുന്നിന് വേണ്ടിയുള്ള  കാത്തിരിപ്പും  “അമ്മിണിക്കുട്ടി 38 വയസ്സ് കുപ്പി കൊണ്ട് വാ“ വിളികളും  എങ്ങോട്ടോ പോയി.

ഇപ്പോൾ ഗുളിക എന്ന  വാക്കും കുറഞ്ഞ് വരുന്നു, ടാബ്ലറ്റ്സ്, ക്യാപ്സൂൾ  എന്നൊക്കെയായി പകരക്കാർ. എങ്കിലും പഴയ മരുന്ന് കുപ്പിയേയും കമ്പൗണ്ടറേയും മറക്കാൻ കഴിയുന്നില്ലല്ലോ.            

Wednesday, November 9, 2022

ആത്മഹത്യ

 ആത്മഹത്യ!!!

അതിപ്പോൾ മാധ്യമങ്ങളിൽ സാധാരണ സംഭവമായി മാറിയിരിക്കുന്നു.

കഴിഞ്ഞ ദിവസം വന്ന വാർത്ത  മുടി കിളിർക്കാൻ മരുന്ന് കഴിച്ചപ്പോൾ മീശയും പുരികവും കൂടി പൊഴിഞ്ഞു എന്ന കാരണത്താൽ ഒരു യുവാവ് ആത്മഹത്യ ചെയ്ത സംഭവമായിരുന്നു. ചികിൽസിച്ച ഡോക്ടറെ പറ്റിയും മറ്റും വിശദീകരിച്ച് എഴുതിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പീഡനത്താൽ ആത്മഹത്യ്  ചെയ്ത വിസ്മയ കേസ്  കേരളത്തെ പിടിച്ച് കുലുക്കിയിരുന്നുവല്ലോ.

പോലീസിൽ ഭർത്താവിനെതിരെ യുവതിയായ ഭാര്യ കൊടുത്ത പരാതിയിന്മേൽ പോലീസ് ഓഫീസർ ഭർത്താവിനെ ചോദ്യം ചെയ്തത് കൊണ്ടിരുന്ന സമയം ആ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ തന്നെ യുവതി ഭർത്താവിന്റെ കരണത്തടിച്ചപ്പോൾ യുവതിയെ ഓഫീസർ  വഴക്ക് പറഞ്ഞ അരിശത്താൽ യുവതി ആത്മഹത്യ ചെയ്ത സംഭവവും ചെറുതല്ലാത്ത പുകിലുകളാണ് പടച്ച് വിട്ടത്.

ഇനിയുമുണ്ട് കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ വാർത്തകൾ. വിദ്യാർത്ഥിനികൾ, ഉദ്യോഗസ്ഥകൾ അങ്ങിനെ പോകുന്നു  ആത്മഹത്യാ കേസുകളുടെ പട്ടിക.

ഈ ആത്മഹത്യകളെല്ലാം മാധ്യമങ്ങൾ നല്ലവണ്ണം കൊഴുപ്പിച്ച് പല പല ചിത്രങ്ങൾ സഹിതം ദിവസങ്ങളോളം മുൻ പേജുകളിൽ നിറച്ച് സായൂജ്യമടഞ്ഞു. അടുത്ത ഒരു വൻ വാർത്ത കിട്ടുന്നത് വരെ  അവർ ഈ വാർത്തകളിൽ അർമാദിച്ച് കൊണ്ടിരുന്നുവല്ലോ. ആലങ്കാരിക ഭാഷ ഉപയോഗിക്കാതെയും  വൈകാരികത ഒഴിവാക്കിയും റിപ്പോർട്ട് ചെയ്യേണ്ട കേസുകളാണ് മാധ്യമങ്ങൾ ഉൽസവ മയമാക്കുന്നത്.

ഈ വാർത്തകൾ ആത്മഹത്യാ പ്രവണത ഉള്ളവർക്ക് ഒരു പ്രചോദനമാകുന വിധത്തിലാണ് പത്രങ്ങലും ചാനലുകളും കൈകാര്യം ചെയ്തതെന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയിക്കേണ്ടതില്ല. പണ്ട് കാലത്ത് ജീവിത നൈരാശ്യം ബാധിച്ച് ഇനി ഒരു പരിഹാരം  ഇല്ലാ എന്ന അവസ്ഥ സംജാതമാകുമ്പോൾ ആത്മഹത്യകൾ ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. എതിരാളിയുടെ മുമ്പിൽ തോൽപ്പിക്കപ്പെടുമ്പോൾ അഥവാ എതിരാളിയെ  തോൽപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ “ എന്നാൽ നിന്നെ കാണിച്ച് തരാമെടാ “ എന്ന മട്ടിലാണ് ഭൂരി പക്ഷം ആത്മഹത്യകളും. അങ്ങിനെ എതിരാളിയെ തോൽപ്പിക്കാൻ മാർഗം അന്വേഷിക്കുന്നവർക്ക് “പൗഡറിട്ട് മിനുക്കിയ“ ഈ വാർത്തകൾ വല്ലാതെ പ്രചോദനമാകും.

ഈ ആത്മഹത്യാ വാർത്തകളെ നിരീക്ഷിക്കുക, അപരിഹാര്യമായ  ഒരു കാരണവും കാണാൻ കഴിയില്ല. മുകളിൽ സൂചിപ്പിച്ച  കേസുകളിൽ രോമം പൊഴിഞ്ഞ  യുവാവിന് ലോകം വിശാലമാണെന്നും പുതിയ പുതിയ കണ്ട് പിടുത്തങ്ങൾ ഓരോ ദിവസവും  പുറത്ത് വരുന്നെന്നും  കണ്ട് കാത്തിരിക്കാമായിരുന്നു. 

വിസ്മയാ കേസിൽ വിദ്യാഭ്യാസമുള്ള ആ കുട്ടി  ഭർത്താവിനെതിരെ സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്തിരുന്നെങ്കിൽ അതിന്റെ ഫലം അൽപ്പം വൈകിയാലും കിട്ടുമായിരുന്നെന്ന് മാത്രമല്ല  ഇനി മേലിൽ അയാൾ ആ പ്രവർത്തിയിൽ ഏർപ്പെടില്ലായിരുന്നു. ആ കുട്ടിയുടെ ജീവിതം അകാലത്തിൽ പൊഴിയുകയുമില്ലായിരുന്നു.

മൂന്നാമത്തെ കേസിൽ  ഇതേ മാർഗ്ഗം തന്നെ ആ  യുവതിക്ക് സ്വീകരിക്കാമായിരുന്നു. തന്നെ ശകാരിച്ച പോലീസ് ഓഫ്ഫീസറെ ഉൾപ്പടെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാമായിരുന്നു.

പക്ഷേ വാശിയും വൈരാഗ്യവും മനസ്സിൽ നിറഞ്ഞ് തുളുമ്പുമ്പോൾ മറ്റൊരു മാർഗം മുന്നിൽ വരില്ല. അങ്ങിനെയുള്ള  മാനസിക നിലക്ക്   മാധ്യമങ്ങളും ചാനലുകളും കൂടി  വാർത്തയെ ഉൽസവാ‍ഘോഷമാക്കി    ചാകാൻ തുനിഞ്ഞിറങ്ങുന്നവർക്ക്ഉന്തിനൊരു തള്ളുംകൂടി എന്ന മട്ടിൽ പ്രചോദനം നൽകി  ആത്മഹത്യകൾ വർദ്ധിക്കാൻ സഹായികളായി തീരുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കണ്ട് കൊണ്ടിരിക്കുന്നത്.



Saturday, October 22, 2022

വാർത്തകൾ ഉണ്ടാകുന്നത്..

 അപ്പോൾ അങ്ങിനെയാണ് വാർത്തകൾ ഉണ്ടാകുന്നത്.

രാവിലെ കയ്യിൽ കിട്ടിയ  ചുട് ചായ അല്ലെങ്കിൽ സുലൈമാനി മൊത്തിക്കുടിച്ച് കൊണ്ട് പത്രത്തിലേക്ക് ഊളിയിടുമ്പോൾ  കാണുന്ന കൗതുകവും  സംഭ്രമ ജനകവുമായ വാർത്തകൾ  വായിച്ച് നമ്മൾ ആങ്ഹാ..!  ഊങ്ഹൂം..! എന്നൊക്കെ അതിശയം കൂറുകയും ലോകത്തിന്റെ ഗതിവിഗതികളെ പറ്റി ചിന്തിച്ച് മൂക്കത്ത് വിരൽ വെക്കുകയും ചെയ്യുന്നു. ആ വാർത്തകളുടെ നിജ സ്ഥിതിയെ പറ്റി നമുക്ക് ഒട്ടും തന്നെ സംശയവും ഇല്ല.

സാധാരണ പോലീസ് കേസുകളെ സംബന്ധിച്ച  വാർത്ത വന്നാൽ  ആ വാർത്ത ശരിയല്ലാ എന്നും കെട്ടിച്ചമച്ചതാണെന്നും കാണിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് വാർത്ത അതേ പത്രങ്ങളിൽ  തന്നെ വരുന്നത് അപൂർവമാണ്.     പോലീസ് ഭാഷ്യത്തിനെതിരെ  മറ്റൊരു വാർത്ത വരാറില്ല. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവിനും മർദ്ദനം ഏറ്റതിനെ പറ്റി  സൂചിപ്പിക്കുകയാണിവിടെ ഞാൻ.

 മയക്ക് മരുന്ന് കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന  സൈനികൻ  കേസിന്റെ  സ്വഭാവം മനസിലാക്കിയപ്പോൾ പിൻവാങ്ങിയതിനെ തുടർന്നാണ്  ഈ കേസിന്റെ കാരണത്തിലേക്കുള്ള തുടക്കമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവും  അതിക്രമിച്ച് കയറി പോലീസ്കാരെ മർദ്ദിക്കുകയും കസേര തല്ലിയൊടിക്കുകയും  ഔദ്യോഗിക ജോലിക്ക് തടസ്സം വരുത്തുകയും മറ്റും ചെയ്തു എന്നായിരുന്നു സംഭവത്തിന്റെ പിറ്റെ ദിവസം വന്ന പത്ര വാർത്ത.. . പക്ഷേ ഇപ്പോൾ വന്ന  വാർത്ത സൈനികനെയും ബന്ധുവിനെയും പോലീസ് അന്ന്  ഇഞ്ച പരുവത്തിൽ ചതച്ചു എന്നാണ്. മാത്രമല്ല  രാത്രി തന്നെ സ്റ്റേഷനിൽ പത്രക്കാരെ വിളിച്ച് വരുത്തി പോലീസ് സ്റ്റേഷനിൽ സൈനികൻ കാണീച്ച  അതിക്രമത്തെ പറ്റിയുള്ള ചൂട് വാർത്ത നൽകുകയും ചെയ്തു.സ്റ്റേഷനിൽ ചെന്ന് സാധാരണ അന്വേഷിച്ചാൽ പോലും വാർത്ത നൽകാത്ത പോലീസാണ് പത്രക്കാരെ വിളിച്ച് വരുത്തി ലൈവായി വാർത്ത നൽകിയതെന്ന് ഓർക്കുക.

സംഗതിയുടെ മർമ്മം മനസ്സിലാക്കാൻ എളുപ്പമാണ്. ഒരു ഭാഗത്ത് സൈനികൻ. മറു ഭാഗത്ത് പോലീസും. അണ്ടിയോ മാങ്ങയോ മൂത്തത്. സൈനികൻ തന്റെ  ശൗര്യം സ്റ്റേഷനിൽ അൽപ്പം പുറത്ത് വിട്ടപ്പോൾ  പോലീസ് അയാളെ  “മൗന  ഗായകാ...“ വിളിച്ച് കാണും.വാക്ക് തർക്കത്തെ തുടർന്ന് അടി ഒരെണ്ണം സൈനികന് കിട്ടികാണൂം. എന്തായാലും അതിന് മറുപടി അടിയും ഉണ്ടായിക്കാണും.  പിന്നെ പറയേണ്ടല്ലോ പാറാവ് നിന്നവനും അടുത്ത ഡ്യൂട്ടി ജോയിൻ ചെയ്യാൻ വന്നവനും ഉൾപ്പടെ അവിടെ ഉള്ള എല്ലാവരും സൈനികനെയും ബന്ധുവിന്യും എടുത്ത് പെരുമാറിക്കാണും.. 

അൽപ്പം സംയമനം പാലിച്ചാൽ ഉള്ളി തൊലിച്ചത് പോലെ തീരാവുന്ന  ഒരു കേസാണിത്. പോലീസിന്റെ ക്ഷമ ഇല്ലായ്ക സംഗതി  നീർക്കോലിയെ പാമ്പാക്കി.

 ഇടിച്ച് ഒരു പരുവമാക്കിയപ്പോൾ പോലീസ് ഭവിഷ്യത്തിനെ പറ്റി വീണ്ട് വിചാരം നടത്തിയിട്ടുണ്ടാകാം.. ഇര സൈനികനാണ്. ഡെൽഹിയിൽ നിന്ന് വരെ വിളി വരാം..ഡി.ജി.പി. അർജന്റ് അന്വേഷണം നടത്താം. അതിനാൽ മുൻ കരുതൽ അത്യാവശ്യം. ഉടനെ കരുക്കൾ നീക്കി.. പത്രക്കാരെ വിളിച്ച്  ചൂട് വാർത്ത നൽകി. പട്ടാളക്കാരനും ബന്ധുവും പോലീസിനെ ആക്രമിച്ചു...... നമ്മളെല്ലാവരും പിറ്റേ ദിവസത്തെ പത്രത്തിൽ വാർത്ത വായിച്ച്  പട്ടാളക്കാരനെ പച്ചത്തെറി മനസ്സിൽ വിളിച്ചു.

 ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ  വാർത്തകൾ ജനിക്കു ന്നതെങ്ങിനെയെന്ന്....

ഇവിടെ ഈ കേസിൽ ഇടി കൊണ്ട പട്ടാളം ജാമ്യത്തിൽ പുറത്തിറങ്ങി മർദ്ദനമേറ്റ  മുതുകത്തെ പാട് പത്രക്കാരെ കാണിച്ചു.. അന്നത്തെ ദിവസം നരബലിയും മന്ത്രവാദവും ഇല്ലാത്തതിനാൽ വാർത്താ ക്ഷാമം അനുഭവപ്പെട്ട  ബഹുമാനപ്പെട്ട ലേഖകർ  അപ്പോൾ തന്നെ  സംഗതി കുപ്പിയിലാക്കി  പത്രത്തിലേക്ക് വിക്ഷേപിച്ചു. ആ വാർത്തയും നമ്മൾ പിറ്റേ ദിവസം ചായയോടൊപ്പം അകത്താക്കി  ഹൗ...ഹൂ...ങാ...എന്നൊക്കെ ഞരങ്ങുകയും ചെയ്തു. മൂന്ന് നാല് ദിവസത്തിനു മുമ്പ്  ഈ പട്ടാളം പോലീസ് സ്റ്റേഷൻ ആക്രമിച്ച വാർത്ത ഈ പത്രത്തിൽ തന്നെ  നമ്മൾ വായിച്ചതിൽ പുതുമ തോന്നിയതുമില്ല.. 

സാധാരണക്കാരനായിരുന്നെങ്കിൽ  ഒരിക്കലും ഈ നെഗറ്റീവ് വാർത്ത പുറത്ത് വരില്ലായിരുന്നു എന്നും ആ പാവം പ്രതി പോലീസിനെ ആക്രമിച്ച കേസിൽ  ഇപ്പോഴും റിമാന്റിൽ കഴിയുകയും ചെയ്തേനെ എന്ന് ഒരിക്കലും നാം ചിന്തിക്കുകയുമില്ല. 

മറ്റൊരു കാര്യവും നമ്മൾ മറന്നു അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു.  അതായത് പോലീസ് കൊടുത്ത വാർത്ത അതേപടി  പ്രസിദ്ധീകരിച്ചത് വായിച്ച് ആ പാവം പട്ടാളക്കാരന്റെ വിവാഹം ചീറ്റി പോയി എന്ന സത്യം.  ഏതൊരു പെൺ വീട്ടുകാരാണ് ഇത്രയും ഭീകരനായ വഴക്കാളിയുമായി വിവാഹം നടത്തുന്നത്. കാരണം പത്രത്തിൽ വരുന്നത് അതേപടി വിശ്വസിക്കുന്നവരാണല്ലോ നമ്മളെല്ലാവരും.

 പോലീസ് കൊടുക്കുന്ന വാർത്ത ഒരു അന്വേഷണവും നടത്താതെ അതേ പടി അച്ച് നിരത്തുന്ന പ്രവണത  അവസാനിപ്പിക്കാതെ ഈ നാട് നന്നാവില്ല.

Monday, October 10, 2022

ന്നാ താൻ പോയി കേസ് കൊട്

 ഭാര്യയും  ഭർത്താവായ  എം.എൽ.എ.യും നല്ല ഉറക്കത്തിൽ അപ്പോൾ പുറത്ത് നിന്ന് പട്ടി കുരയും കള്ളൻ....കള്ളൻ..എന്ന് ആർപ്പ് വിളിയും. ഭാര്യ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ്  “ദേ നിങ്ങളെ ആരോ പുറത്ത് നിന്ന് വിളിക്കണ്`  “ എന്ന് പറഞ്ഞിട്ട് തിരിഞ്ഞ് കിടന്ന് ഉറങ്ങുന്നു

സമകാലീക രാഷ്ട്രീയത്തെ പറ്റി  ഇതിൽ പരം ഒരു ആക്ഷേപ ഹാസ്യം ഉന്നയിക്കാനുണ്ടോ... ഈ രംഗം  “ന്നാ  താൻ പോയി  കേസ് കൊട്“ എന്ന സിനിമയിലേതാണ്.

“സുരേഷൻ കാവിൻ താഴെ അല്ലേ...“ കൂട്ടിൽ നിന്ന സാക്ഷിയോട്  രേഖകൾ നോക്കി മജിസ്ട്രേറ്റിന്റെ    സാധാരണ പോലുള്ള ചോദ്യം.

സാക്ഷിയുടെ മുഖത്ത്  മജിസ്ട്രേട്ടിന് തന്റെ പേരും വീട്ട് പെരും അറിയാമല്ലോ എന്ന അതിശയം നിറഞ്ഞ സന്തോഷം  എന്നിട്ട് ഔപചാരികത ഒട്ടും കുറക്കണ്ടാ എന്ന കരുതലോടെ മജിസ്ട്രേറ്റിനോട് തിരിച്ച് ചോദ്യം  “ മജിസ്ട്രേറ്റല്ലേ.....“

കോടതിയിൽ ഹാജരാകാൻ വന്ന  മരാമത്ത് മന്ത്രിയുടെ  വരവും  അനുയായികളുടെ  അകമ്പടിയും  പ്രൗഡിയും  മജിസ്ട്രേട് സാകൂതം പുഞ്ചിരിയോടെ നോക്കി ഇരിക്കുന്നു. അനുയായികൾ  മന്ത്രിക്ക് കസേര കൊണ്ട് വന്ന് ഇട്ട് കൊടുക്കുന്നതും മജിസ്ട്രേറ്റ് പുഞ്ചിരിയോടെ കാണുന്നു. എന്നിട്ടൊരു ചോദ്യം “ പ്രേമേട്ടാ സുഖം തന്നെ അല്ലേ...“

“ അതേ! എന്ന് മന്ത്രിയുടെ മറുപടി.  സിനിമാ കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകർ മജിസ്ട്രേറ്റ് ഇത്രക്കും താഴണോ എന്ന ആലോചനയിൽ ഇരിക്കുമ്പോൾ മജിസ്ട്രേറ്റിന്റെ ചോദ്യം. “ഒറ്റക്ക് നിൽക്കാൻ ഭയമാണോ?

തന്റെ രാഷ്ട്രീയ  കൂട്ട് കെട്ടിനെ പറ്റിയാകും ആ ചോദ്യം എന്ന ധാരണയിൽ മന്ത്രി പറയുന്നു, ഹേയ്! അങ്ങിനെയൊന്നുമില്ല..“

കൂട്ടിൽ ഒറ്റക്ക് നിൽക്കാൻ ഭയമുണ്ടോ എന്നാണ് ഞാൻ ചോദിച്ചത് എന്ന് മജിസ്ട്രേറ്റ്

“ ഇല്ലാ എന്ന് മന്ത്രിയുടെ പതറിയ മറുപടി. എങ്കിൽ പിന്നെ ഈ കിങ്കരമാരെ പറഞ്ഞ് വിട്“ എന്ന് മജിസ്ട്രേറ്റ് സാക്ഷിക്കൂട്ടിൽ മന്ത്രിയോടൊപ്പം നിൽക്കുന്ന  അനുയായികളെ നോക്കിയുള്ള ഗൗരവം നിറഞ്ഞ നിർദ്ദേശവും അത് കേട്ട് പിരിഞ്ഞ് പോയ്ക്കൊണ്ടിരുന്ന അനുയായികളോട് വീണ്ടും മജ്സ്ട്രേറ്റിന്റെ നിർദ്ദേശം....“ഹേയ്...ഹേയ്...ആ കസേര ആരെടുത്ത് മാറ്റി ഇടും“

മന്ത്രി കസേരയിൽ നിന്നും ചമ്മലോടെ  എഴുന്നേൽക്കുന്നത് കാണുമ്പോൾ  മജിസ്ട്രേറ്റിന്റെ നയ ചാതുര്യം കണ്ട് പ്രേക്ഷകർ അറിയാതെ ചിരിച്ച് പോകുന്നു.

മലയാള സിനിമകളിൽ കോടതി രംഗ്ങ്ങൾ ഇത്രക്കും തന്മയത്വത്തൊടെ  നിർമ്മിച്ച മറ്റ് സിനിമകൾ ഞാൻ കണ്ടിട്ടില്ല. അഭിഭാഷകനായി പൂർവ ആശ്രമത്തിൽ ജോലി നോക്കിയിരുന്ന മെഗാ സ്റ്റാർ പോലും ചില കോടതി സീനുകളിൽ  കോടതിക്ക് പൃഷ്ടം തിരിഞ്ഞ് നിന്ന് കാണികളോട് കവല പ്രസംഗം നടത്തുന്ന പല സിനിമകളും കാണേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്.  ഈ സിനിമയിൽ 90 ശതമാനമെങ്കിലും കോടതിയുടെ അസ്സൽ കാഴ്ച  ഉണ്ടാക്കിയിട്ടുണ്ട്.

അഭിനേതാക്കളിൽ രണ്ട് വക്കീലന്മാർ അവരുടെ യഥാർത്ഥ ജീവിതത്തിലും വക്കീലന്മാർ തന്നെയായതിനാൽ അവർക്ക് അഭിനയം ക്ഷിപ്ര സാധ്യമായതാകാം. പക്ഷേ ഒരു വയസ്സൻ വക്കീൽ ആയി അഭിനയിച്ച നടൻ യഥാർത്ഥ ജീവിതത്തിൽ ഒരു തയ്യൽക്കാരനാണ്. പക്ഷേ മറ്റ് രണ്ട് അസ്ൽ വക്കീലന്മാരേക്കാലും ഒരിജിനാലിറ്റി  ഈ വയസ്സൻ തയ്യൽക്കാരനാണെന്ന് പറയാതിരിക്കാൻ വയ്യ.

സംഭാഷണം സംവിധാനം  കാസ്റ്റിംഗ് തുടങ്ങി എല്ലാ സാങ്കേതിക മികവും  സമന്വയിപ്പിക്കുന്ന ഒരു സിനിമയാണിത്.

സാധാരണ ഒരു തവണ മാത്രം ഒരു സിനിമാ കാണുന്ന ഞാൻ ഈ പടം എത്ര തവണ കണ്ടെന്ന്  അറിയില്ലല്ലോ!!!.



Monday, October 3, 2022

മദ്ധ്യസ്തതാ ശ്രമ വേദിയിൽ

 കെ.എസ്സ്.ആർ.റ്റി.സി വനിതാ കണ്ടക്ടറുടെ കലിതുള്ളലും  ശകാര വർഷവും  വീഡിയോ കണ്ടപ്പോൾ  അസഹിഷ്ണതയും  കോപവും വന്നാൽ ആണായാലും പെണ്ണായാലും   സംസാരവും തുടർന്നുള്ള പ്രതികരണവും  എത്രമാത്രം  തരം താണ് പോകുമെന്നുള്ള സത്യം ഒന്ന് കൂടി  ബോദ്ധ്യപ്പെട്ടു. കഴിഞ്ഞ ദ്ദിവസം മറ്റൊരു സംഭവത്തിന് ഞാൻ ദൃക്സാക്ഷി ആയിരുന്നല്ലോ. ഉയർന്ന ബിരുദക്കാരിയായ  ഒരു യുവതിയുടെ കലി കയറിയ പെരുമാറ്റമായിരുന്നു അത്. മാന്യതയും സസ്കാരവും  തനിക്ക് ലഭിച്ചിരുന്ന വിദ്യാഭാസത്തിന്റെ  വിലയും കളഞ്ഞുള്ള തനി  തെരുവ് സസ്കാരമായിരുന്നു അന്ന് കണ്ടത്.

കോടതിയിൽ നിലവിലുള്ള വിവാഹ സംബന്ധമായ  കേസിലെ പരാതിക്കാരിയായിരുന്നു ആ യുവതി.  എതിർ കക്ഷി ഭർതൃ പിതാവും മാതാവും.  ആണ്. ഭർത്താവ് ജോലി സംബന്ധമായി  വിദേശത്തായതിനാൽ തന്റെ പിതാവിന് നിയമാനുസരണ മുക്ത്യാർ (പവർ ഓഫ് അറ്റോർണി) കോടതിയുടെ  അനുവാദത്തോടെ  നൽകി പിതാവ് കോടതിയിൽ അയാളെ പ്രതിധാനം ചെയ്തു.കേസിൽ ഭർത്താവിനെ കൂടാതെ മാതാ പിതാക്കളും കക്ഷികളായതിനാൽ സ്വന്ത നിലയിലും ആ മാതാ പിതാക്കൾക്ക് ഹാജരാകേണ്ട ബാദ്ധ്യത ഉണ്ടായിരുന്നു.

വിവാഹ സമയം തന്റെ രക്ഷകർത്താക്കൾ തനിക്ക് വേണ്ടി   നൽകിയ തുകയും സ്വർണാഭരണങ്ങളും ഭർത്താവിന്റെ മാതാ പിതാക്കളും ചേർന്നാണ് വാങ്ങിയതെന്ന  സാധാരണ വിവാഹ ബന്ധ കേസിലെ  ആരോപണം ഈ കേസിലും ഉണ്ടായിരുന്നു. മിക്കവാറും ഈ വക കേസിലെ സാമ്പത്തിക ആരോപണങ്ങൾ  ഭാഗികമായി ശരിയും ചിലതിൽ  പൂർണമായി  കളവുമായിരിക്കും. അഭിഭാഷാകന്റെ വാഗ്വിലാസമനുസരിച്ച്  തുക കൂടിക്കൊണ്ടേ ഇരിക്കും.  ഈ കേസിൽ ഒരു പൈസായും പെണ്ണീൽ നിന്നോ അവളുടെ രക്ഷ കർത്താക്കളിൽ നിന്നോ വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല സ്വർണം പൂർണമായി പെൺ കുട്ടി വീട് വിട്ട് പോകുമ്പോൾ കൂടെ കൊണ്ട് പോവുകയും ചെയ്തിരുന്നു എന്നത് തികച്ചും സത്യമായിരുന്നു. ഭർത്താവിന്റെ വീട്ടുകാർക്ക് പെണ്ണിന് മെഡിക്കൽ ബിരുദമുണ്ടായിരുന്നു എന്നത് തന്നെ  വലിയ  കാര്യമായി തോന്നിയിരുന്നു. കാരണം  ശുദ്ധ നാട്ടിൻ പുറക്കാരായിരുന്ന അവർക്ക് മരുമകൾ മെഡിക്കൽ ബിരുദക്കാരിയാണ് എന്നത് തന്നെ അവരുടെ സങ്കൽപ്പത്തിന് അപ്പുറമായിരുന്നുവല്ലോ. പത്ര പരസ്യം വഴിയായിരുന്നു വിവാഹാലോചന നടന്നിരുന്നത്.

 അവരുടെ വീട്ടിൽ  ഏതാനും ആഴ്ചകൾ മാത്രം താമസിച്ചിരുന്ന മരുമകളെ അവർ പൊന്ന് പോലെ നോക്കി. മകൻ വിദേശത്ത് ജോലിക്ക് പോയപ്പോൾ അന്ന് തന്നെ മരുമകളും അവളുടെ വീട്ടിലേക്ക് പോയി. കാരണം നഗര വാസിയായ അവൾക്ക് ഈ ഗ്രാമീണ ജീവിതം ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. സുന്ദരനും ഉയർന്ന ശമ്പളവുമുള്ള  ഭർത്താവിനെ മാത്രം ആവശ്യമുള്ള അവൾക്ക് മറ്റുള്ളവരെല്ലാം തനി പട്ടിക്കാട്ട്കാരായിരുന്നു.

പൂർണമായും തന്റെ വരുതിയിൽ ഭർത്താവ് കഴിയണമെന്ന് നിർബന്ധമുള്ള  പെൺകുട്ടിക്ക് കുറച്ച് നാൾ കഴിഞ്ഞപ്പോൾ  ഭർത്താവിന് മറ്റേതോ പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും അതല്ലാ സത്യമെങ്കിൽ  ജോലി ഉപേക്ഷിച്ച് തന്റെ വീട്ടിൽ വന്ന് താമസിക്കണമെന്നും അയാൾക്ക് ജോലി താൻ തരപ്പെടുത്തി നാട്ടിൽ കൊടുത്തു കൊള്ളാമെന്നുമുള്ള പെൺകുട്ടിയുടെ  ആവശ്യത്തിന്. ഭർത്താവ് വഴങ്ങിയില്ലെന്ന് മാതമല്ല പെൺ കുട്ടിയുടെ ഫോൺ വഴിയുള്ള ഒരു സംഭാഷണത്തിനും പ്രതികരിക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. ഫോണിൽ അവളെ ബ്ളോക്ക് ചെയ്യുകയും ചെയ്തു. കാരണം അയാൾ ആ ചുരുങ്ങിയ കാലം കൊണ്ട് അത്രത്തോളം ശകാരവും വ്യാജ ആരോപണങ്ങളും ഭാര്യയിൽ നിന്നും കേട്ടിരുന്നു. അങ്ങിനെയാണ് പെൺകുട്ടി  കോടതിയിലെത്തുന്നത്. 

ഏത് ദാമ്പത്യ ബന്ധ കേസും കോടതിയി ൽ വരുന്നത് ആദ്യമേ തന്നെ മീഡിയേഷന് ശ്രമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ  അതിനായി തയാറാക്കിയ മീഡിയേഷൻ സെന്ററിൽ കക്ഷികൾ നിർബന്ധ്മായി പങ്കെടുത്തേ മതിയാകൂ. അങ്ങിനെയാണ് നമ്മുടെ  കക്ഷികളും മീഡിയേറ്ററുടെ മുമ്പിലെത്തുന്നത്.

കോടതിയുടെ മീഡിയേറ്ററല്ലേ എന്നുള്ള ഉൾഭയത്താൽ നമ്മുടെ ഗ്രാമ വാസികൾ ഭവ്യതയോടെ  പെരുമാറിയപ്പോൾ നഗര വാസിയായ പരാതിക്കാരി അവരെ അങ്ങ് തേച്ചൊട്ടിച്ചു. വായിൽ തോന്നിയതെല്ലാം  അവൾ ആ മാതാ പിതാക്കളെ പറഞ്ഞു. അവരുമായുള്ള ബന്ധത്താൽ അവളുടെ എല്ലാ അഭിമാനവും നഷ്ടമായെന്നും അവളുടെ കുടുംബത്തിലെ മറ്റംഗങ്ങൾക്ക് വിവാഹാലോചന പോലും ഈ വിവാഹ ബന്ധം കാരണത്താൽ  ഇപ്പോൾ വരുന്നില്ലെന്നും മറ്റും അവൾ തന്മയത്തൊടെ അവതരിപ്പിച്ചു. ഇടക്ക് ആ പിതാവ് എന്തോ മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അവൾ  അതെല്ലാം തടഞ്ഞു  ഹിസ്റ്റീരിയാ ബാധിതയെ പോലെ  പെരുമാറി.. മീഡിയേറ്റർ കഴിവതും നിശ്ശബ്ദയായിരുന്നു. അവർക്കറിയാം അവർ എന്തെങ്കിലും പ്രതികരിച്ചാൽ പെൺകുട്ടി പ്രകോപിതയാകുമെന്നും രംഗം വഷളാകുമെന്ന്.

 കൂടുതൽ മദ്ധ്യസ്തതാ ശ്രമത്തിനായി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിയപ്പോൾ പുറത്തിറങ്ങി വന്ന  പാവം കക്ഷികൾ എന്നോട് ചോദിച്ചു  ഇതാണോ സാറേ മദ്ധ്യസ്തതാ ശ്രമമെന്ന്.... അവരുടെ ചോദ്യം ന്യായമാണ്. ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും അടുത്ത അവധിക്ക് എങ്ങിനെ വിഷയം കൈ കാര്യം ചെയ്യണമെന്നു അവരെ പഠിപ്പിക്കുകയും ചെയ്തു. 

അൽപ്പം കഴിഞ്ഞ് ഞാൻ ആ മീഡിയേറ്ററെ കണ്ടു ചോദിച്ചു, “ മാഡം ആ പെൺകുട്ടിയെ അൽപ്പം നിയന്ത്രിച്ച് കൂടായിരുന്നോ എന്ന്. അതിന് അവർ ചിരിച്ച് കൊണ്ട് പറഞ്ഞു “വടക്കൊരു സ്ഥലത്ത് ഉയർന്ന പോലീസ് ഓഫീസറുടെ മുമ്പിൽ വെച്ച്  മദ്ധ്യസ്തതാ ശ്രമത്തിനിടയിൽ ഭാര്യ പ്രകോപിതയായി ഭർത്താവിന്റെ കരണത്തടിച്ചു, അതിനെ ചൊല്ലി ആ പോലീസ് ഓഫീസർ അവളെ ശകാരിച്ചു,  ശകാരം കേട്ട പെൺകുട്ടി വീട്ടിൽ പോയി തൂങ്ങി, മീഡിയാ വിഷയം ഏറ്റെടുത്തു വികാര നിർഭരമായ ലേഖനങ്ങളും ചാനൽ ചർച്ചകളും സ്പഷ്യൽ അന്വേഷണ റിപ്പോർട്ടുകളും  നാട്ടിൽ പരന്നൊഴുകി. പോലീസ്കാരൻ സസ്പൻഷനിലും  ഭർത്താവും കുടുംബവും ഇരുമ്പഴിക്കുള്ളിലും ആയിട്ടും ചാനലുകളിലെ ശൗര്യം കുറഞ്ഞിരുന്നില്ല. അത് കൊണ്ട് സാറേ ഇപ്പോഴത്തെ പെൺകുട്ടികളുടെ പ്രതികരണം കണ്ട് പ്രതിഷേധിക്കാൻ ഇറങ്ങി തിരിച്ചാൽ പണി പശുവിൻ പാലിൽ കിട്ടും.....“ ശരിയാണ് പക്വതയും പാകതയും വന്ന ആ സ്ത്രീ പറഞ്ഞത് കാലത്തെ ശരിക്കും പഠിച്ചിട്ട് തന്നെയാണ്.

വനിതാ കണ്ടക്ടറുടെ ബസ്സിലെ ശകാര വീഡിയോ കണ്ടപ്പോൾ ആ മീഡിയേറ്റർ പറഞ്ഞത് എനിക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു.

Tuesday, September 27, 2022

മാധ്യമങ്ങളുടെ പരിധി വിടൽ

 പ്രതിയെ  സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തൊണ്ടി എടുപ്പിക്കലും  കുറ്റകൃത്യം എങ്ങിനെയാണ് ചെയ്തതെന്ന് അയാളെക്കൊണ്ട് പറയിപ്പിക്കലും  പോലീസിന്റെ  സ്ഥിരം പതിവാണ്. കുറ്റം തെളിയിക്കാനും മറ്റും  ആ കർമ്മങ്ങൾ അത്യന്താപേക്ഷിതമാണ് സമ്മതിച്ചു. പക്ഷേ ആ നടപടികൾ  ഉൽസവ പ്രതീതിയൊടെ ചെയ്യണമെന്ന്  എന്താ ഇത്ര നിർബന്ധം. നാട്ടുകാരെ വരുത്തുക, മാധ്യമക്കാർക്ക് അറിവ് കൊടുത്ത് അവർ ക്യാമറായും സന്നാഹങ്ങളുമായി കൂട്ടത്തോടെ തമ്പടിക്കുക അവിടെ നടക്കുന്ന ഓരോ ചലനങ്ങളും  ക്യാമറായിൽ ഒപ്പി എടുക്കുക എന്നിട്ടത് ചൂടോടെ ചാനലുകളിലും പിറ്റേന്ന് പത്രങ്ങളിലും എത്തിക്കുക ഇത് നിത്യ സംഭവങ്ങളായി തീർന്നിരിക്കുകയാണ്.

പ്രതികൾക്ക് മാതാ പിതാക്കൾ, കുട്ടികൾ, ഭാര്യ സഹോദരങ്ങൾ ഇവരെല്ലാം ഉണ്ടായിരിക്കും അവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ പോലീസും പത്രക്കാരും തിരിച്ചറിയേണ്ടതില്ല അവർ അർമാദ ലഹരിയിലാണ്. പക്ഷേ ആ കർമ്മത്തിൽ ഭാഗഭാക്കാകുന്ന  പൊതുജനം തിരിച്ചറിയേണ്ട ഒരു സത്യം ഉണ്ട്.ആ പ്രതിയും  ഒരു മനുഷ്യ ജീവിയാണ് എന്നത്.. സ്വാഭാവികമായി ഈ വരികൾ വായിക്കുന്ന നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഒരു പ്രതികരണം വന്ന് കഴിഞ്ഞു. “അവൻ ആ മാതിരി കൃത്യം ചെയ്തിട്ടല്ലേ?“ അനുഭവിക്കട്ടെ അവനും ബന്ധുക്കളും“ എന്ന്. 

തിരിച്ച് നിങ്ങളോട് ഒരു മറു ചോദ്യം ഉന്നയിക്കുകയാണ്. നിങ്ങൾ അത് നേരിൽ കണ്ടോ? ഇല്ലല്ലോ. പിന്നെ നിങ്ങൾ എങ്ങിനെ തീരുമാനിക്കുന്നു അവൻ ആ പ്രവർത്തി ചെയ്തുവെന്ന്. പോലീസ് കൊടുത്ത കഥ അതേപടി പത്രങ്ങളും ചാനലുകളും കോപ്പി പേസ്റ്റ് ചെയ്യുന്നു, അത് നിങ്ങൾ കാണുന്നു, വായിക്കുന്നു  സംഭവത്തിന് ശേഷമുള്ള തുടർ ദിവസങ്ങളിൽ ഈ വാർത്തകൾ സജീവമായി നില നിൽക്കുന്നു, നിങ്ങളുടെ മനസ്സിൽ അവൻ തന്നെ പ്രതി അവനെ ക്രൂശിക്കുക എന്ന മുറവിളി ഉയരുന്നു. അവന് പറയാനുള്ളത് എന്തെന്ന്  എപ്പോഴെങ്കിലും ഒരു പത്രമോ ചാനലോ പുറത്ത് വിടുമോ?  നമ്പി നാരായണനെ  നമ്മളെല്ലാവരും മറിയം റഷീദായുടെ ഫ്രോക്കുമായി കൂട്ടിക്കെട്ടിയിരുന്നു..അവസാനം എന്തായി.?

ഇപ്പോൾ നിങ്ങളുടെ മനസ്സിലുണ്ടായ ചോദ്യം പ്രസക്തമാണ്. “ഇങ്ങിനെയെല്ലാമാണെങ്കിൽ  ഒരു പ്രതിയെയും ഒന്നും ചെയ്യാനൊക്കില്ലല്ലോ“ എന്ന്. അയാൾ പ്രതി അല്ല സുഹൃത്തേ! അയാൾ കുറ്റാരോപിതനാണ് അയാളെ  കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്`. നാട്ടിലെ നിയമ പരമായ എല്ലാ അവകാശങ്ങൾക്കും അർഹനാണയാൾ.

ഇനി നമുക്ക് വെറുതെ ഒന്ന് ചിന്തിക്കാം..സത്യത്തിൽ അയാൾ ആ കുറ്റം ചെയ്തിട്ടില്ലെങ്കിലോ..അപ്പോൾ ഈ ആൾക്കൂട്ടവും പ്രതിയെ കല്ലെറിയലും ആക്രോശവും  അവനെ തൂക്കണം മുറവിളിയും  വാനിൽ നിന്നിറക്കി നാലഞ്ച് പോലീസുകാരുടെ മദ്ധ്യത്തിൽ വിലങ്ങിട്ട് കൊണ്ട് വരവുമെല്ലാം നമ്മൾ ആഘോഷിക്കുന്നത് നമ്മൾ ആ പ്രതിയേക്കാളും കുറ്റക്കാരായത് കൊണ്ടല്ലേ?

ഞാൻ ഒന്നുകൂടി ആവർത്തിക്കുന്നു, ഒരു കേസ് തെളിയിക്കാൻ  പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ട് വരുന്നതും  മറ്റ് വിശദ വിവരങ്ങൾ ആരായുന്നതും  തെറ്റാണെന്നല്ല ഞാൻ പറഞ്ഞ് കൊണ്ട് വരുന്നത്. ഈ ചടങ്ങുകൾക്കെല്ലാം ഈ മാധ്യമ പടയുടെ പ്രസക്തി എന്താണ് എന്നതാണ്. പൊതുജനത്തിന്റെ സാന്നിദ്ധ്യവും ആക്രോശവും എന്തിനാണ്`? കാരണം അവൻ  കുറ്റക്കാരനാണ്`എന്ന് വിധിക്കപ്പെട്ടില്ലല്ലോ.

 അവൻ കുറ്റം സമ്മതിച്ചല്ലോ പിന്നെന്താണ് കുഴപ്പമെന്നുള്ള ചോദ്യത്തിന് അവനെ ശരിക്കും അകത്തിട്ട് പൊരിച്ചിട്ട് അവൻ എന്ത് ചെയ്യണമെന്ന തിരക്കഥ തയാറാക്കിയാണ് അവനെ സംഭവ സ്ഥലത്ത് കൊണ്ട് വരുന്നതെന്ന്  എത്ര പേർക്കറിയാം?

ആത്യന്തികമായി ഈ പ്രവർത്തികളുടെ ഫലമെന്താണ്. മാധ്യമങ്ങൾ ചാനലിൽ കാണിക്കുന്നതും പത്രങ്ങളിൽ എഴുതുന്നതും പോലീസ് കഥയാണ്. അത് വായിക്കുന്ന ദൃശ്യങ്ങൾ കാണുന്ന  നിങ്ങളുടെ മനസ്സിൽ ഒരു വിചാരണ രൂപം കൊള്ളുകയും അവസാനം ആ കുറ്റാരോപിതൻ പ്രതിയായി തന്നെ  സ്ഥിരപ്പെടുകയും ചെയ്യുന്നു. തെളിവുകളുടെ അഭാവത്താൽ അവനെ വെറുതെ  വിട്ടാലും ആ വെറുതെ വിടൽ നിഷ്ക്കളങ്കമാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ആവാതെ വരും. അതിനെ തുടർന്നുള്ള പ്രതികരണങ്ങൾ ഒട്ടും ശുഭമല്ലെന്ന് പല കേസുകളിലൂടെയും നാം കണ്ട് കഴിഞ്ഞു.  പ്രതി എങ്ങിനെയെല്ലാമോ ആരെയോസ്വാധീനിച്ച് ശിക്ഷയിൽ നിന്നും രക്ഷപെട്ടു  എന്നായിരിക്കും നാം മുഖ പുസ്തകത്തിലും  മറ്റും കുത്തിക്കുറിച്ചിട്ടുള്ളത്.

  ഇപ്പോൾ കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന  പ്രമാദമായ ഒരു കേസിൽ അടുത്ത ദിവസം ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നുമുണ്ടായ ഒരു വിധിയിലെ പരാമർശങ്ങൾ കൂടി  ഞാനിവിടെ കുറിക്കുന്നു.

“ മാധ്യമങ്ങൾ പരിധി വിട്ടു.......കോടതികൾക്ക് മുന്നിലുള്ള വസ്തുതകൾ അറിയാതെയും നിയമ വശങ്ങളും വ്യവസ്തകളും  മനസ്സിലാക്കാതെയും  മാധ്യമ വിചാരണ മുൻ ധാരണകളുണ്ടാക്കുന്നു. വിമർശനം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ആ ജോലിയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്.കേസിൽ ശരിയുടെയും ന്യായത്തിന്റെയും യുക്തിയുടെയും പരിധിക്കപ്പുറം  മാധ്യമങ്ങൾ കടന്നിരിക്കുകയാണെന്നും  നീതി നിർവഹണ കോടതിയെ ഇനിയെങ്കിലും അവരുടെ ജോലി ചെയ്യാൻ  വിടണമെന്നും കോടതി പറഞ്ഞു “

Friday, September 23, 2022

കെ.എസ്.ആർ.റ്റി.സിയും ചില ചിന്തകളും.

  കുറച്ച് നാളുകൾക്ക് മുമ്പ് ഞാൻ കൊല്ലത്ത് ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ    കൊട്ടാരക്കര നിന്നും കെ.എസ്.ആർ.റ്റി.സി ബസ്സിലെ യാത്രക്കാരനായി പോവുകയായിരുന്നു.  വഴിയിലെ  തിരക്കും ബസ്സിന്റെ മെല്ലെ പോക്കും കാരണം യോഗത്തിൽ നിശ്ചിത സമയത്ത് എത്തിച്ചേരുമോ എന്ന സംശയത്താൽ കണ്ടക്ടറോട്  ഞാൻ ചോദിച്ചു.

സർ, കൊല്ലത്ത് ഈ ബസ് എപ്പോൾ എത്തും“ ആ കണ്ടക്ടർക്ക് അതിന് മറുപടി പറയാൻ സാധിക്കില്ല എന്നെനിക്കറിയാം. പക്ഷേ  യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരുമോ എന്ന ഉൽക്കണ്ഠയിലിരിക്കുന്ന എനിക്ക് ഏത് മറുപടിയും  ആശ്വാസകരമാകുമായിരുന്നു.

അയാൾക്ക് പറയാം“ റോഡിലെ തിരക്ക് കണ്ടില്ലേ എന്ത് ചെയ്യാനൊക്കും..എത്തേണ്ട സമയം ഇത്ര മണിക്കാണ്.....പക്ഷേ  ആ മനുഷ്യൻ അമ്മിക്കല്ലിന് കാറ്റ് പിടിച്ചത് പോലെ  ഇരുന്നു. ഒരു മറുപടിയും തന്നില്ല. ഞാൻ ആലോചിച്ചു, ഈ ബസ്സിലെ  യാത്രക്കാരെല്ലാവരും ഓരോ ചോദ്യങ്ങൾ ചോദിക്കാനൊരുമ്പെട്ടാൽ അയാൾ കഷ്ടത്തിലാകും, അപ്പോൾ അയാൾ നിശ്ശബ്ദത പാലിക്കുന്നതാണ് നല്ലതെന്ന് കരുതിക്കാണും അതായിരിക്കാം അയാൾ മിണ്ടാത്തത്. എന്ന് സമാധാനിച്ചു.

പക്ഷേ അൽപ്പം അസഹിഷ്ണത  ഉള്ള യാത്രക്കാരനാണെങ്കിൽ  വീണ്ടും ആ ചോദ്യം ആവർത്തിക്കും, അതിനും മറുപടി കിട്ടിയില്ലെങ്കിൽ “ അയാളുടെ വായിൽ നാവില്ലായിരിക്കും“ എന്ന് പ്രതികരിച്ചേക്കാം, അത് കേട്ട ഉടനെ നാവില്ലാത്ത  കണ്ടക്ടർ വാ തുറന്ന്  നല്ല രണ്ട് മലയാളം പറഞ്ഞേക്കാം, അങ്ങിനെ ഒരു ശണ്ഠക്ക് ഹേതു ആകാം ആ നിശ്ശബ്ദത.

പണ്ട് കാലത്ത് പോലീസ് കഴിഞ്ഞാൽ സർക്കാർ വണ്ടിയിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമായിരുന്നു ഗൗരവം കൂടുതൽ. “സാറേ ഇതെങ്ങോട്ടാ ഈ ബസ്സ് “ അല്ലെങ്കിൽ ഇത് അടുക്കള മൂലക്കുള്ള  ബസ്സ് ആണോ എന്ന് ബസ്സിലെ സാരഥിയോട് പുറത്ത് നിന്ന് ചോദിച്ചാൽ ബോർഡ് വായിച്ച് നോക്ക് എന്ന മറുപടിയോ അല്ലെങ്കിൽ  “വായില്ലാ കുന്നപ്പൻ“ ആയി  ഇരിക്കുകയോ ചെയ്യും. അവിടെയും   യാത്രക്കാരെല്ലാവരോടും മറുപടി പറയാൻ വയ്യ എന്ന  പ്രതികരണമായിരിക്കാം ജീവനക്കാർക്ക് ഉണ്ടാകുന്നത്. പൊതു ജനത്തിന്റെ മനശ്ശാസ്തം പഠിക്കേണ്ട ആവശ്യമൊന്നും ജീവനക്കാർക്കില്ല.  അത് കൊണ്ട് തന്നെ ചുണ്ടിൽ ഒരു ചെറു ചിരിയുമായി ഒരു ട്രാൻസ്പോർട്ട് ജീവനക്കാരനെയും കാണുകയുമില്ല. ഗൗരവം തന്നെ ഗൗരവം.

 ഇതെല്ലാം സർക്കാർ വക ശകടത്തിലെ ജീവനക്കാരുടെ  സ്വഭാവ വിശേഷമാണ്. അവരുടെ നിശ്ശബ്ദതയും ഗൗരവവും അവർ സർക്കാർ വിലാസമായതിനാലും  കൃത്യമായി ഒന്നാം തീയതി  പപ്പനാവന്റെ ചക്രം കയ്യിൽ കിട്ടുമെന്ന  അഹന്തയിലുമാണ് ഉണ്ടാകുന്നത്. കുറച്ച് കാലമായി കാര്യങ്ങൾ കൈ വിട്ട് പോയപ്പോൾ  ഒന്നാം തീയതി വേതനം മുടക്കം വരുകയും ചെയ്തപ്പോൾ  എല്ലാ ഗൗരവവും പാളീസായി.

ഇതിത്രയും എഴുതി കൂട്ടിയത്  കെ.എസ്.ആർ.റ്റി.സി. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയപ്പോൾ  ആ ശമ്പളം രണ്ട് മാസത്തിലൊരിക്കലോ  ഒന്നിനും നിശ്ചയമില്ലാത്ത അവസ്തയിലോ വന്ന് ചേർന്നപ്പോഴും പൊതു ജനമെന്ന കഴുതകളാരും  ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചതായി കാണപ്പെട്ടില്ല., അവരും പഴയ കണ്ടക്ടറെ പോലെ നിശ്ശബ്ദരും ഗൗരവ സ്വമിമാരാ വുകയും.അതിൽ നിന്നും ജീവനക്കാരോട് ജനത്തിന്റെ  ഉള്ളിലിരിപ്പ് വെളിവാക്കപ്പെടുകയും ചെയ്തുവല്ലോ.

അത് കൊണ്ട് തന്നെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന അഛനെയും മകളെയും ഉപദ്രവിച്ച കേസിൽ  കുറ്റക്കാർക്കെന്തുണ്ട് പറയാനെന്നും അവർ അങ്ങിനെ പ്രകോപിതരാകാൻ കാരണമെന്തെന്നും അവരുടെ  ഒരു വാക്ക് പോലും  പുറത്ത് വരാത്ത വിധം അവർ കല്ലെറിയപ്പെട്ടു. ഇവിടെ ഞാൻ അവരെ ന്യായീകരിക്കുകയല്ല ചെയ്യുന്നത് ജനത്തിന് ഇത്രത്തോളം കലിപ്പ് സർക്കാർ ബസ്സ് ജീവനക്കാരോടുണ്ടാകാൻ കാരണമെന്തെന്ന് അവർ സ്വയം ചിന്തിക്കാനും  തുടർന്ന് സ്വയം മാറാനും കിട്ടിയ സന്ദർഭമാണിതെന്ന് ഓർമ്മിപ്പിക്കാനായി പറഞ്ഞെന്ന് മാത്രം.

Tuesday, August 30, 2022

വ്രദ്ധ സദനത്തിൽ......

കഴിഞ്ഞ ദിവസം ഒരു അമ്മയുടെ  കരച്ചിൽ  കേൾക്കേണ്ടി വന്നു. ഫോണിലൂടെയായിരുന്നു ആ കരച്ചിൽ. എങ്കിലും അവരുടെ  മനസ്സിലെ വ്യഥ എനിക്ക് നല്ലവണ്ണം  തിരിച്ചറിയാൻ കഴിഞ്ഞു.

ഓണക്കാലമാണ്. പേരക്കുട്ടികളെ കാണണം. വർഷത്തിലൊരിക്കൽ വരുന്ന ആഘോഷമാണ് അപ്പോഴല്ലേ കൊച്ച് കുട്ടികളുമായി ഒന്നിച്ചിരുന്ന് ഉണ്ണാനും കഥകൾ പറയാനും മറ്റും കഴിയൂ. അമ്മയും അഛനും തനിച്ചാണ് താമസം. മകൾ വിവാഹിതയായി ദൂരെ ഭർതൃ ഗൃഹത്തിൽ താമസമാണ്. അവരെ ഓണത്തിന് പ്രതീക്ഷിക്കേണ്ട. പിന്നെ ഏക മകൻ, അവന്റെ രണ്ട് കുഞ്ഞുങ്ങളെ  പൊന്നുംകുടം പോലെ  അമ്മയാണ്` വളർത്തിയിരുന്നത്. എന്നാൽ ഭാര്യയുടെ കുത്തി തിരിപ്പിൽ അച്ഛനുമായുണ്ടായ ചെറിയ തർക്കം കാരണം  മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണ പോലെ മരുമകൾ ഉപയോഗപ്പെടുത്തി കുഞ്ഞുങ്ങളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് താമസം മാറി. അനുസരണ ശീലമുള്ള  ഭർത്താവ് ഭാര്യ പറയുന്നത് അതെ പടി കേട്ട് അഛനെയും അമ്മയെയും പിന്നെ തിരിഞ്ഞ് നോക്കാറില്ല. അഛനും കുഞ്ഞുങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മരുമകളോട് മാപ്പ് പറയുന്നതിലും ഭേദം അങ്ങ് ചത്ത് കളയുന്നതാണ്` നല്ലതെന്നാണ്` മൂപ്പരുടെ അഭിപ്രായം.  മകൻ എന്റെ പരിചയക്കാരനായതിനാലും ഞാൻ പറഞ്ഞാൽ അയാൾ കേൾക്കുമെന്ന പ്രതീക്ഷയാലുമാണ് അമ്മ എന്നെ വിളിച്ചത്.

എനിക്ക് ആ മകനെയും ഭാര്യയെയും നല്ലവണ്ണം അറിയാം. ഭാര്യ പറയുന്നതിനപ്പുറമില്ലാത്ത ആ കോന്തൻ ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്നാണ് എന്റെ സംശയം. ഭാര്യക്ക് ആ അമ്മയുടെ വേദന തിരിച്ചറിയാൻ കഴിയില്ല കാരണം അവളുടെ സ്വപ്നത്തിൽ താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമാണുള്ളത്.  അവിടെ മറ്റുള്ളവരെല്ലാം അധിനിവേശക്കാർ മാത്രം.

ഈ കഥ കേട്ടപ്പോൾ  വർഷങ്ങൾക്കപ്പുറത്ത് ഒരു ഓണക്കാലത്ത് മറ്റൊരമ്മയെ വൃദ്ധ സദനത്തിൽ കണ്ട് മുട്ടിയ കഥ ഓർത്ത് പോയി. ആ കഥ മുമ്പ് എപ്പോഴോ ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരമാൺ`:--

 ഒരു  മകന്‍  മാത്രമുള്ള    മാതാവിന്റെ  നിലവിളി  ആയിരുന്നു അന്ന് ഞാൻ കേട്ടത്.. അഗതി  മന്ദിരം  വൃദ്ധസദനമായി  ഉപയോഗിച്ച്  വരുന്ന  ഒരു  സ്ഥാപനമായിരുന്നു സംഭവസ്ഥലം.  മറ്റൊരു  കാര്യത്തിനായി  അല്‍പ്പ  ദിവസങ്ങള്‍ക്ക്  മുമ്പ്  ആ സ്ഥാപനത്തില്‍  പോയതായിരുന്നു  ഞാന്‍ . യാദൃശ്ചികമായി  എന്റെ  ഒരു  പരിചയക്കാരന്റെ  മാതാവിനെ  ഞാന്‍  അവിടെ കണ്ടു.  വിദൂരതയില്‍  കണ്ണും നട്ട്  സ്ഥാപനത്തിന്റെ  പുറക്  വശമുള്ള  തോട്ടത്തില്‍  ഒരു  ആഞ്ഞിലി  മരത്തിന്റെ  തണലില്‍  കിടന്ന  സിമിന്റ്  ബെഞ്ചില്‍  അവര്‍  ഇരിക്കുകയായിരുന്നു. അടുത്ത്  ചെന്ന്  ഞാന്‍  മുരടനക്കിയപ്പോള്‍  അവര്‍ തല ഉയര്‍ത്തി  എന്നെ  നോക്കുകയും   തിരിച്ചറിഞ്ഞപ്പോള്‍   പെട്ടെന്ന്  ചാടി  എഴുന്നേല്‍ക്കുകയും  ചെയ്തു.

“അമ്മ  ഇവിടെ........’?!  ഞാന്‍  ശങ്കയോടെ  വിവരം  അന്വേഷിച്ചു.

“അവന്‍  ബിസ്സിനസ്  ആവശ്യത്തിനായി  തിരുവനന്തപുരത്ത്   സെറ്റില്‍  ചെയ്തു. ഒറ്റ  മുറി  ഫ്ലാറ്റില്‍.  ഭാര്യയെയും  കുട്ടികളെയും  കൂടെ കൂട്ടി.  ഒരു  മുറി  മാത്രമുള്ള  ഫ്ലാറ്റില്‍  ഞാനും  കൂടെ  താമസിക്കുന്നതെങ്ങീയെന്ന്  കരുതി    എന്നെ  ഇവിടെ  കൊണ്ടു  വന്നു.അവന്‍  ആവശ്യത്തിനു  രൂപ  കൊടുക്കുന്നത്  കൊണ്ട്  ഇവിടെ  സുഖമാണ്.“ മകനെ  കുറ്റപ്പെടുത്തുന്നതൊന്നും  തന്റെ  വാക്കുകളില്‍  ഉണ്ടായിരിക്കരുതെന്ന  വ്യഗ്രത  അവരില്‍  പ്രകടമായി  കണ്ടു. 

എങ്കിലും  മനസ്  ഏതോ  പന്തി  ഇല്ലായ്ക  മണത്തു.  അവന്റെ  ഭാര്യ  ഈ  അമ്മയോട്   എങ്ങിനെയാണ്   പെരുമാറിയിരുന്നതെന്ന്  എനിക്ക്  സുവ്യക്തമായിരുന്നല്ലോ.  ആവശ്യമില്ലാതെ  ചോദ്യങ്ങള്‍  ചോദിച്ച്  അവരെ  അലട്ടരുതെന്ന്  കരുതി  ഞാന്‍  യാത്ര  പറഞ്ഞ്  തിരികെ  പോകാന്‍  നേരം  അവര്‍  എന്നെ  വിളിച്ചു.”ഒന്ന്  നില്‍ക്കണേ!”

“മകനോടൊന്ന്  പറയുമോ,   ഓണ ദിവസം  എനിക്ക്  അവന്റെ  കുഞ്ഞുങ്ങളെ  ഒന്ന്   കാണാനായി  കൊണ്ട്  വരണമെന്ന്.....  ആ  കൊച്ചു  കുഞ്ഞുങ്ങളെ  ഒന്ന്  കാണാന്‍  വല്ലാത്ത  ആഗ്രഹം” പറഞ്ഞ്  പൂര്‍ത്തിയാക്കുന്നതിനു  മുമ്പ്  അവര്‍  വിമ്മി  കരഞ്ഞു.  ഞാന്‍  വല്ലാതായി.

  രംഗം  വീക്ഷിച്ച്  കൊണ്ടിരുന്ന  ആയ  ഓടി  വന്നു. “നിങ്ങള്‍ക്കെന്താ  ഇവിടെ  കുഴപ്പം,  സമയത്ത്  ആഹാരമില്ലേ?  പരിചരണമില്ലേ? ഹും... എന്തിന്റെ  കുറവാ  നിങ്ങള്‍ക്ക്....ഹും...?“ആയമ്മയുടെ വാക്കുകളില്‍  ഒരു മയവുമില്ലായിരുന്നു.  .

 പെട്ടെന്ന്  അമ്മ  സമനില  വീണ്ടെടുത്തു. രണ്ടാം  മുണ്ട്  കൊണ്ട്  മുഖം  തുടച്ചു.  എന്നെ  നോക്കി  ചിരി  പോലൊന്ന്  വരുത്തിയിട്ട്   പറഞ്ഞു,  “എന്നാ....പൊയ്ക്കോ..” 

ഈ  ഓണക്കാലത്ത്  ഇപ്പോഴും പഴയ  രീതികളും കുടുംബ ബന്ധങ്ങളും മനസ്സിൽ പേറി കഴിയുന്ന എത്രയോ മാതാ പിതാക്കൾ  തങ്ങളുടെ മക്കളെയും പേരക്കുഞ്ഞുങ്ങളെയും ഓർത്ത് വിമ്മി കരയുന്നുണ്ടാകാം. 

Monday, August 29, 2022

പുസ്തക പ്രകാശനം പത്ര വാർത്ത

 

എന്റെ പുസ്തകം “ഒരു അമ്പഴങ്ങാ പ്രേമവും പിന്നെ കുറേ അനുഭവങ്ങളും“ പ്രകാശനം ചെയ്തതിന്റെ പത്ര വാർത്ത.

Sunday, August 28, 2022

നവ മാധ്യമ ഗുണങ്ങൾ....

 കത്തി  പഴം മുറിക്കാൻ ഉപയോഗിക്കാം  അതേ പോലെ ഈ കത്തി തന്നെ  കഴുത്ത് മുറിക്കാനും ഉപയോഗിക്കാം.

സമാനമായി ഉപയോഗത്തിലിരിക്കുന്ന ഒരു  ഉപകരണമാണ്  നവ മാധ്യമങ്ങൾ. ഗുണമുണ്ട്,അതോടൊപ്പം ദോഷവും.

ഇന്നലെ എന്റെ പുതിയ എ.റ്റി.എം. കാർഡ്  പ്രവർത്തന നിരതമാക്കാൻ   യുവ സ്നേഹിതൻ ഫാസിൽ ഇസ്മായിലുമായി  ഒരു ഏ.റ്റി.എം. കൗണ്ടറിലെത്തി നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചു. കാർഡ് ഒരു കവറിനുള്ളിൽ ഭദ്രമായി വെച്ചു ഫാസിൽ  “സൂക്ഷിക്കണേ സാറേ..“.എന്ന മുന്നറിയിപ്പോടെ എന്റെ പക്കൽ തന്നിരുന്നു. വഴിയിൽ കണ്ടവരോടെല്ലാം കുശലം പറഞ്ഞ് വീട്ടിലെത്തിയപ്പോൾ കാർഡ് നഷ്ടപ്പെട്ടിരിക്കുന്നതായി തിരിച്ചറിഞ്ഞു.

പിറ്റേ ദിവസം ബാങ്കിൽ ചെന്ന് കാർഡ് നഷ്ടപ്പെട്ടതിന്റെ മേൽ നടപടികൾ എടുക്കണം. പിന്നെ പുതിയ കാർഡിനായുള്ള ബാങ്കിൽ കയറി  ഇറങ്ങൽ.യജ്ഞം....ആകെ വിഷമത്തിലായി. നടന്ന് വന്ന  വഴികൾ ഞങ്ങളുടെ    സ അദുമായി ആ രാത്രി തന്നെ  അരിച്ച് പെറുക്കി നോക്കി.ഊങ്ഹും  കാർഡിന്റെ പൊടി പോലുമില്ല.. വല്ലാത്ത ജാള്യതയും മനസ്സിൽ ഉണ്ടായി. ഫാസിൽ പ്രത്യേകം പറഞ്ഞതാണ് “സൂക്ഷിക്കണേ“ എന്ന്....എന്തൊരു അലസനാണ് ഞാൻ...ഞാൻ സ്വയം കുറ്റപ്പെടുത്തി.

എന്തും വരട്ടെ എന്ന് കരുതി ഫാസിലിനെ രാത്രി തന്നെ വിവരം അറിയിച്ചു.നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാം  സാർ എന്നും പറഞ്ഞ് അയാൾ ഫെയ്സ് ബുക്കിലും വാട്സ് അപ്പ് ഗ്രൂപ്പിലുമായി രണ്ട് മൂന്ന് പോസ്റ്റുകൾ എന്റെ പേരിൽ തട്ടി, എന്റെ ഫോൺ നമ്പറും കൊടുത്തു  പിറ്റേ ദിവസം  രാവിലെ  കൊട്ടാരക്കര മുനിസിപാലിറ്റി തെരഞ്ഞെടുപ്പിൽ രണ്ടാം വാർഡ് സ്ഥാനാർത്ഥിയായി മൽസരിച്ച  സിദ്ദീഖ് എന്നെ വിളിക്കുന്നു, സാറേ!  കാർഡ് ഇന്നലെ രാത്രിയിൽ  റോഡിൽ കിടന്ന് എനിക്ക് കിട്ടി..ഞാൻ പോസ്റ്റ് വായിച്ചു. അതിൽ കണ്ട നമ്പറിൽ വിളിക്കുകയാണ്....കാർഡ് വീട്ടിലെത്തിക്കാം......മനസ്സിൽ കുളിർ മഴ പെയത  സുഖം.  ദൈവത്തിന് സ്തുതി. ഫാസിലിനും  സിദ്ദീഖിനും നന്ദി പറഞ്ഞു.

എന്തും മാത്രം  ബുദ്ധിമുട്ടുകളാണ്  ഒഴിവായി കിട്ടിയത്. ഫെയ്സ് ബുക്കിനും വാട്ട്സ് അപ്പിനും ഗൂഗ്ൾ അമ്മച്ചിക്കും നന്ദി..

അതാണ് ഞാൻ പറഞ്ഞത്..കത്തി പഴം കണ്ടിക്കാനും ആ കത്തി. തന്നെ.............വേണ്ടാ...നല്ലത് മാത്രം പറയാം   അല്ലേ ....!!!

Friday, August 26, 2022

പുസ്തക പ്രകാശനം

നാളെ നടക്കുന്ന  എന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ഏവരേയും ക്ഷണിച്ച് കൊള്ളുന്നു. പുസ്തകത്തിന്റെ പേര് “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും.

പ്രസാധകർ| പ്രഭാത് ബുക്ക് ഹൗസ്.

Saturday, August 13, 2022

പഴയ തന്ത്രം ഇപ്പോൾ വീണ്ടും?

 പണ്ട് വല്യപ്പൻ ഇറക്കി കളിച്ച  തന്ത്രം കൊച്ച് മോൻ  ഇപ്പോൾ  കളിച്ചതാണോ? ഒരു സംശയമാണേ......

ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോച്ചൻ  അന്ന് മൊയ്തു പടിയത്തിന്റെ “ഉമ്മ“ എന്ന നോവൽ സിനിമാ നിർമ്മിച്ചപ്പോൾ അതൊരു സാധാരണ സിനിമാ മാത്രമായി ഭവിച്ചേനെ. മുസ്ലിം സ്മുദായത്തിലെ ചില അനാചാരങ്ങൾ പരാമർശിച്ച് കൊണ്ടുള്ള ഒരു മുസ്ലിം കുടുംബ  കഥ മാത്രമായിരുന്നത്. പിൽക്കാലത്ത് പ്രസിദ്ധനായ ഹാസ്യ നടൻ ബഹദൂർ “പാടാത്ത പൈങ്കിളിയിലെ അപ്രധാന റോളിന് ശേഷം പ്രധാന വേഷത്തിൽ മുഴു നീള ഹാസ്യ  വേഷമിട്ട സിനിമായും ആയിരുന്നത്.

മുസ്ലിം കുടുംബ കഥ സിനിമാ ആക്കുമ്പോൾ പ്രേക്ഷകർ ആയി വരേണ്ടത് കൂടുതലും മുസ്ലിങ്ങൾ തന്നെ ആവണമല്ലോ. 1960 ഘട്ടമായ അന്ന് ആ  സമുദായം സിനിമാ ഹറാമാണെന്ന് കരുതുകയും  രാത്രി ഷോക്ക് ഒളിച്ച് പോയി  സിനിമാ കാണുകയും ചെയ്തിരുന്നകാലമാണത്. സ്ത്രീ പ്രേക്ഷകൾ അപൂർവമായിരുന്നു. ഇതര സമുദായക്കാരെ  ചുരുക്കത്തിൽ കിട്ടിയാലായി.. 

 അൽപ്പം സാമ്പത്തിക ഞെരുക്കത്തിലിരുന്ന  സിനിമാ നിർമ്മാതാവിന് ഈ പടം വിജയിച്ചേ മതിയാകൂ, അതായത് കാണികൾ തീയേറ്ററിലേക്ക് ഇരച്ച് കയറിയേ പറ്റൂ. അദ്ദേഹം  കോൺ വെന്റ് ജങ്ഷനിലെ വീട്ടിലേക്ക് മുസ്ലിം സമുദായത്തിൽ പെട്ട മമ്മൂഞ്ഞ് എന്ന ആളെ വിളിച്ച് വരുത്തി 10 രൂപാ പോക്കറ്റിൽ വെച്ച് കൊടുത്ത്    ഉമ്മാ എന്ന സിനിമാ മുസ്ലിങ്ങളെ മൊത്തത്തിൽ അപമാനിക്കുകയാണെന്നും  ആ പടം നിരോധിക്കണമെന്നും പറഞ്ഞു പള്ളിയിലും മറ്റും ബഹളമുണ്ടാക്കാൻ  ഇടപാട് ചെയ്തു. അന്നത്തെ  വലിയ തുകയായ 10 രൂപാ കൈപ്പറ്റിയ മമ്മൂഞ്ഞ് കോണ്വെന്റ് ജങ്ഷന്റെ പടിഞ്ഞാറേ കവലയായ ഡച്ച് ജങ്ഷനിലും  കൊച്ച് കടപ്പാലത്തിലും സക്കരിയാ ബസാറിലും  ഈ പ്രചരണം അഴിച്ച് വിട്ടപ്പോൾ ഉണക്ക പുല്ലിന് തീ പിടിച്ച പോലെ അന്ന് സമുദായം കത്തി ആളാൻ തുടങ്ങി. പിന്നീട് ചാക്കോച്ചൻ തന്നെ അന്നത്തെ മുത്തവല്ലിയൊട് നേരിൽ ചെന്ന്  “ സിനിമാ സമുദായത്തെ അപമാനിക്കാനല്ലാ എടുത്തതെന്നും  മറ്റും പറഞ്ഞ് സമാധാനപ്പെടുത്തി. ഇത്രയും പുക്കാറുണ്ടാക്കി കഴിഞ്ഞപ്പോൾ സിനിമക്ക്  നല്ല പരസ്യം കിട്ടി, സിനിമാ കാണാത്ത മുസ്ലിം സ്ത്രീകൾ വരെ  ഉമ്മാ സിനിമാ പോയി കണ്ടെന്നും പടം 100 ദിവസം വരെ ഓടിയെന്നും ബഹദൂറിന്റെ “ചുമ്മാ മമ്മൂഞ്ഞ്“ വല്ലാതെ പ്രസിദ്ധനായെന്നതും പിൽക്കാല ചരിത്രം.

ഇന്ന് “ന്നാ പോയി താൻ കേസ് കൊട്“ പടത്തിന് നേരെ  ഉണ്ടായ എതിർപ്പും ബഹളവും റോഡിലെ കുഴി അടപ്പുമായി ബന്ധപ്പെട്ട  സിനിമാക്കാർ തന്നെ കൊടുത്ത പരസ്യത്തെ തുടർന്നായിരുന്നെന്നും പിന്നെ പാർട്ടി സെക്രട്ടറി തന്നെ ആ എതിർപ്പിനെ  വിമർശിച്ചെന്നും ഒക്കെ കേട്ടപ്പോൾ  ഈ പടത്തിലഭിനയിച്ച കുഞ്ചാക്കോ) ബോബന്റെ വല്യപ്പനായ  പഴയ കുഞ്ചാക്കോയുടെ കഥ ഓർത്ത് പോയി. സാധാരണ ഗതിയിൽ ഒരു ആവറേജ് പടമായി കലാശിക്കേണ്ട ഈ ചിത്രം എതിർപ്പും നിരോധനാവശ്യവും മറ്റും കേട്ടപ്പോൾവല്യപ്പന്റെ തന്ത്രം കൊച്ച് മോൻ ഉപയോഗിച്ചതാണോ എന്ന് സംശയിച്ച് പോകുന്നു.

Friday, August 12, 2022

പുസ്തകത്തിന്റെ കവർ പെജ്

 

ദൈവാനുഗ്രഹത്താൽ ഉടനെ തന്നെ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന എന്റെ രചന...“അമ്പഴങ്ങാ പ്രേമവും പിന്നെ കുറേ അനുഭവങ്ങളും“ പുസ്തകത്തിന്റെ കവർ പേജ് ഇന്ന് പുറത്തിറക്കി. വർഷങ്ങളായി ബ്ളോഗിലും ഫെയ്സ് ബുക്കിലും ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ളവയിൽ തെരഞ്ഞെടുത്ത 67 എണ്ണമാണ് ഇതിലെ ഉള്ളടക്കം.

കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ. ഷാജുവാണ് കവർ പേജ് റിലീസ് ചെയ്തത്. സ്നേഹിതൻ ഷിജു പടിഞ്ഞാറ്റിങ്കര ചടങ്ങ് വീഡിയോയിലാക്കി അദ്ദേഹത്തിന്റെ ചാനൽ കൊട്ടാരക്കര വാർത്തകളിൽ ലൈവ് ആയി പ്രക്ഷേപണം ചെയ്തു.

പ്രഭാത് പബ്ളിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Tuesday, August 2, 2022

ഒരു ഫോൺ സംഭാഷണം.

ഒരു  ഫോൺ സംഭാഷണം കേട്ട് കൊണ്ടിരുന്നത് അതേ പടി പകർത്തുന്നു. ( മറു ഭാഗം പറഞ്ഞത് അസ്പഷ്ടമായി കേട്ടതും പിന്നെ  യുക്തി അനുസരിച്ച് പൂരിപ്പിച്ചതുമാണ്)

“ഹലോ! സാറാണോ/?

“അതേല്ലോ....“

“സാറേ, അയാളേ  ജെയിലിൽ അയച്ചോ?“

“അയച്ചല്ലോ.. എന്തേ അയക്കേണ്ടേ...“

“സാറേ, എനിക്കും രണ്ട് കുഞ്ഞുങ്ങൾക്കും ചെലവിന് കിട്ടാനല്ലേ കേസ് കൊടുത്തത്, അയാളെ ജെയിലിൽ അയക്കാനല്ലല്ലോ....“

“ഭാര്യക്കും കുഞ്ഞുങ്ങൾക്കും ചെലവിന് കൊടുത്തില്ലെങ്കിൽ ജെയിലിൽ കിടക്കണമെന്നാ നിയമം.... അയാളിൽ നിന്നും  നിങ്ങളുടെ തുക ഈടാക്കി കിട്ടാൻ അയാളുടെ പേരിൽ മുതലും വസ്തുവും ഒന്നുമില്ലല്ലോ, ഒപ്പിട്ട് വാങ്ങുന്ന ശമ്പളവുമില്ല ബാങ്ക് ഡെപോസിറ്റുമില്ല, പക്ഷേ അയാളുടെ ജീവിതം ഹാഷ് പോഷായി അയാൾ കൊണ്ടാടുന്നുമുണ്ട് വാർക്കപ്പണിക്ക് പോയി ദിവസം ആയിരത്തിനു മേൽ കൂലിയുമുണ്ട്. ഇതെല്ലാം നിങ്ങൾ ഇവിടെ വന്ന് പറഞ്ഞ കാര്യങ്ങളാണ് അല്ലാതെ എനിക്കറിയില്ലല്ലോ ശരിയല്ലേ...?

ശരിയാണ് സാറേ.....എന്നാലും പിള്ളരെ അഛനെ  ജെയിലിൽ അയച്ചിട്ട് അവൾക്ക് ഒരു കുലക്കവുമില്ലാതെ നടക്കുന്നു എന്ന് നാട്ടുകാര് പറയുന്നു സാറേ...“

“ ചെലവിന് തന്നില്ലെങ്കിൽ ഭർത്താവ്  അകത്ത് പോയി കിടക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ..ഇനി അയാളോടൊപ്പം ജീവിക്കാൻ വയ്യെന്നും അത്ര ത്തൊളമാ ആ കള്ള് കുടിയന്റെ ഇടി എന്നും നിങ്ങളല്ലേ ഇവിടെ കരഞ്ഞ് വന്ന് പറഞ്ഞത് ...എന്നിട്ടിപ്പോ അയാൾ അകത്ത് പോയപ്പോ...ഇങ്ങിനെ ആയോ... നമുക്കാ കേസങ്ങ് പിൻ വലിച്ചാലോ....“

“അയ്യോ..സാറേ...പിന്നെങ്ങിനാ..അയാൾ സുഖമായി കഴിയുകയും ചെയ്യും  ഞാനുമെന്റെ പിള്ളാരും  പട്ടിണി കിടന്ന് വലയുകയും ചെയ്യും...അയാൾ  എന്റെ മുമ്പിൽ വന്ന് “ എന്നെ എന്ത് ചെയ്യുമെടീ...നീ പോയി...വെച്ച് കൊട്  അയ്യോ ആ വാക്ക് ഞാൻ സാറിനോട് പറയുന്നില്ല  അയാളത് പറയുകയും  നടു വിരൽ നീട്ടിക്കാണിക്കുകയും ചെയ്യും..‘

“ എന്നാല്പിന്നെ അകത്ത് കെടക്കട്ടെ  ജെയിലല്ലേ...ആഴ്ചയിൽ ഒരു ദിവസം  മട്ടൺ കറി കൂട്ടി ചോറും കിട്ടും...എന്തേ...“

എന്നാലും നാട്ടുകാര്......“

“എന്നാൽ ഒരു കാര്യം ചെയ്യ്..ആ പറയണ നാട്ടുകാരൊട് പെങ്ങൾ പറയുക, ഇയാൾക്കും കുഞ്ഞുങ്ങൾക്കും ചെലവിന് തരാൻ...ഹല്ലാ..പിന്നെ....“

“ പിന്നെന്താ ചെയ്ക, ഒന്ന് പറ സാറേ...ഒരു വഴി.....

“ശ്ശെടാ...ഞാനെന്താണ് ചെയ്യേണ്ടത്, അയാളിൽ നിന്നും ചെലവിന് കിട്ടാൻ കേസ് കൊടുക്കാൻ പറഞ്ഞു,  കൊടുത്തു, കേസ് ജയിക്കുകയും ഇയാൾക്കും കുഞ്ഞുങ്ങൾക്കും ചെലവിന് ഒടുക്കാൻ കോടതി ഉത്തരവാവുകയും ച്യ്തു.  എന്നിട്ട് തുക കെട്ടി വെക്കാൻ എത്രയോ തവണ അവധിയും കൊടുത്തു,  എന്നിട്ടും ഒന്നും ചെയ്യാതെ  അടുത്ത അവധിക്ക് തരാമെന്ന്  അയാളുടെ വക്കീലിന്റെ വാക്കും കേട്ട് തത്തമ്മേ...പൂച്ച പൂച്ച...എന്ന് പറഞ്ഞോണ്ടിരുന്നാൽ...എന്താ കോടതി കളിക്കാനിരിക്കുകയാണോ... കഴിഞ്ഞ തവണ അവധിക്ക് ഇയ്ള് കേൾക്കെ അല്ലേ കോടതി പ്രതിയോട് പറഞ്ഞത്, അടുത്ത അവധിക്ക് തുക കെട്ടി വെച്ചില്ലെങ്കിൽ ജെയിലിൽ പോവുമെന്ന്.... എന്നിട്ടും ഈ അവധിക്ക് വന്ന് അയാളുടെ വക്കീൽ പറഞ്ഞ് കൊടുത്തത് കേട്ട് ഉടുമുണ്ടും പണി ആയുധവും മാത്രമേ  കയ്യിലുള്ളൂ എന്ന് പറഞ്ഞാൽ കൊടതി എന്ത് ചെയ്യാനാ..... കെടക്കട്ടെ അകത്ത് കെടക്കട്ടെ...ബന്ധുക്കൾ വന്ന് തുക കെട്ടി വെച്ചിറക്കട്ടെ.....അത് മതി.. അല്ലെങ്കിൽ കേസ് പിൻ വലിക്കണം.“

“ഹയ്യോ! അത് വേണ്ടാ കേസ് പിൻ വലിക്കണ്ടാ...എന്നാൽ പിന്നെ അയാളുടെ മുമ്പിൽ ഞാൻ തോറ്റ് തൊപ്പ്യിടും  ..... വേറെന്തെങ്കിലും വഴിയുണ്ടോ സാറേ.“

“ ഉണ്ട് നമ്മുടെ മുമ്പിൽ കാണുന്ന പെര് വഴി...പോയി പണി നോക്ക് പെൺ കൊച്ചേ....എനിക്ക് വേറെ പണി ഉണ്ട്....കാര്യം പറഞ്ഞാ മനസ്സിലാകത്തില്ലാന്ന് വെച്ചാ.എന്തോ ചെയ്യാനാ...ഞാൻ കട്ട് ചെയ്യുകയാ.....അപ്പോ ശരി......“


Monday, July 25, 2022

മാധ്യമങ്ങളുടെ ഇടപെടലുകൾ.

 മാധ്യമങ്ങളുടെ മുൻ ധാരണയൊടുള സമീപനം ജനാധിപത്യ വ്യവസ്തക്കും നീതി നിർവഹണ വ്യവസ്തക്കും  സാരമായ ദോഷമാണ് വരുത്തി വെക്കുന്നതെന്ന്  ഇന്ത്യൻ പരമോന്നത കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

മാധ്യമ വിചാരണ നീതി ന്യായ വ്യവസ്തയുടെ  സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു. കേസുകളിൽ തീരുമാനമെടുക്കുന്നതിൽ മാധ്യമ വിചാരണ കാരണമാകരുത്. മാധ്യമങ്ങളുടെ മുൻ ധാരണയൊടുള്ള സമീപനം ജനങ്ങളെ ബാധിക്കുന്നുണ്ട് അത്ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു.വ്യവസ്തക്കാകെ ദോഷമാകുന്നു. ഇത് നീതി നടപ്പാക്കുന്നതിന് തടസ്സമാകുന്നെന്നും അദ്ദേഹം പറഞ്ഞു. അച്ചടി മാധ്യമങ്ങളേക്കാളും ഇലക്റ്റ്രോണിക് മാധ്യമങ്ങളിലാണ് ഈ പ്രവണത കൂടുതലും കണ്ട് വരുന്നത്.

ഈ വിഷയം  എത്രയോ തവണകളിൽ  ഈയുള്ളവൻ  ബ്ളോഗിലും ഫെയ്സ് ബുക്കിലും  ഉന്നയിച്ചിട്ടുണ്ട്. കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അതിഭാവുകത്വം  നിറഞ്ഞ റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പടച്ച് വിട്ടിരുന്നത്. ഈ വിഷയം  ഒരിക്കൽ ഞാൻ എഴുതിയപ്പോൾ എന്റെ  ഒരു മാന്യ സുഹൃത്ത് കമന്റിട്ടത് ഇപ്രകാരമായിരുന്നു. .........“അതിന് ജഡ്ജ്മാർ പത്രവും റ്റി.വിയും നോക്കിയാണോ വിധിന്യായം എഴുതുന്നതെന്ന്....തെളിവും  മൊഴിയും നോക്കിയല്ലേ .“ എന്ന്.   അതേ! സുഹൃത്തെ! അവർ അപ്രകാരം തന്നെയാണ് ജഡ്ജ്മെന്റ് എഴുതേണ്ടത്. പക്ഷേ അവരും  മനുഷ്യരാണെന്നും ചില സങ്കീർണമായ കേസുകളിൽ  അവർക്കും അവരുടേതായ  ശങ്കകളും സംശയങ്ങളും  ബാധിക്കാറുണ്ട്.എന്നും ആ സമയം അവർ എന്താണ് ചെയ്യുക എന്നത് നമ്മുടെ ചീഫ് ജസ്റ്റിസിലേക്ക് തന്നെ തിരിയാം.

“  ......പരിണിത പ്രജ്ഞരായ  ജഡ്ജ്മാർ  ചില വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടി നിൽക്കുമ്പോൾ മാധ്യമങ്ങൾ “കങ്കാരു കോടതികളുമായി“ മുന്നോട്ട് പോവുകയാണ്......“ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്താണ്` കങ്കാരു കോടതികൾ:--“ ഭരണ കൂടത്തിന്റെയോ ഔദ്യോഗിക നീതി ന്യായ സംവിധാത്തിന്റെയോ  അംഗീകാരമില്ലാതെ  നില നിൽക്കുകയും തോന്നും പടി ശിക്ഷാ വിധികൾ പ്രഖ്യാപിക്കുകയും  ചെയ്യുന്ന സംവിധാനങ്ങളെയാണ് കങ്കാരു കോടതി എന്ന് വിളീക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലാണ് ഈ പ്രയോഗം ആദ്യമായി  ഉപയോഗിക്കപ്പെട്ടത്.“( 

ശരി.  ഇനി പറയുക കച്ചവട മാൽസര്യത്തിൽ  പെട്ട നമ്മുടെ മാധ്യമങ്ങൾ  ശരിക്കും കങ്കാരു കോടതികൾ തന്നെയല്ലേ.........?

Sunday, July 17, 2022

മലയാള വർഷം

  ഇന്ന് കർക്കിടകം 1.

മലയാള വർഷത്തിലെ മാസങ്ങളുടെ പേരുകൾ ചിങ്ങം മുതൽ കർക്കിടകം വരെ തെറ്റാതെ  പറയാൻ മലയാളി കുഞ്ഞുങ്ങൾക്ക് കഴിയുമോ?

അക്ഷരമാല ഈ വർഷം മുതലാണ് പാഠ പുസ്തകത്തിൽ വന്നത്

Wednesday, July 6, 2022

വിലക്കയറ്റം

 കഴിഞ്ഞ മാസത്തെ ചെലവിനേക്കാളും  ഈ മാസത്തെ ചെലവ് വല്ലാതെ വർദ്ധിച്ചിരിക്കുന്നത് കണ്ട് പലചരക്ക് കടയിലെ ബിൽ പരിശോധിച്ചതിൽ ഒന്നൊഴിയാതെ എല്ലാ സാധനങ്ങൾക്കും ക്രമാതീതമായി വില വർദ്ധനയാണ് കണ്ടത്. സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന വില വർദ്ധന. അരിയുടെ വില 47--50 രൂപാ നിരക്കിലാണ്` കാണപ്പെട്ടത്. മൂന്ന് മാസത്തിനു മുമ്പ്  35--37 രൂപാ വിലയുണ്ടായിരുന്ന അരിയാണ്` ഇപ്പോൾ ഈ വിലയിൽ വിൽപ്പന നടക്കുന്നത്. അത് പോലെ ആലങ്കാരിക ഭാഷയിൽ പറഞ്ഞാൻ ഉപ്പ് തൊട്ട് കർപ്പൂരം വരെ  അമിത വില കച്ചവടക്കാർ ഈ ടാക്കുകയാണ്.

ആരാണ്` ഇതൊന്ന് പിടിച്ച് നിർത്താനും അമിതമായ വിലവർദ്ധനവിനെതിരെ  നടപടിയെടുക്കാനും മുതിരുക. സർക്കാർ സംവിധാനങ്ങൾ  നിശ്ചലമാണ്.ഭരണ കക്ഷിയും പ്രതിപക്ഷവും രണ്ട് പെണ്ണുങ്ങലുടെ വായ്മൊഴികൾക്ക് പുറകെയാണ്`.നാണംകെട്ട ഈ രാഷ്ട്രീയ  അധപതനത്തിൽ ആർക്കും ലജ്ജയില്ല. എങ്ങിനെ പിടിച്ചിരിക്കാമെന്ന് ഭരണ പക്ഷവും എന്ത് പറഞ്ഞും എന്ത് ചെയ്തും എങ്ങിനെ പിടിച്ചിറക്കാമെന്ന് പ്രതിപക്ഷവും പരസ്പരം പോരാടുമ്പോൽ ആർക്കാണ്` വിലക്കയറ്റത്തെ പറ്റി ചിന്തിക്കാൻ  സമയം.

റേഷൻ കടയിൽ വിലക്കുറച്ച് അരി കിട്ടുമെന്നും  മാവേലി സ്റ്റോറിലും അനുബന്ധ സ്ഥാപനങ്ങളിലും വിലക്കുറച്ച് സാധനങ്ങൾ കിട്ടുമെന്നും നിങ്ങൾക്ക് അവിടെ പോയി വാങ്ങിക്കൂടേ എന്തിന് സർക്കാരിനെ കുറ്റപ്പെടുത്താൻ ഒളി അജണ്ടകളുമായി വരുന്നതെന്ന  എന്റെ പ്രിയ സ്നേഹിതന്മാരായ സഖാക്കളോട് ഒരു ചോദ്യം ചോദിക്കാൻ അനുവാദം തരണം.

സർക്കാർ വക റേഷൻ ഷാപ്പുകളും ന്യായവില സ്ഥാപനങ്ങളും ഉള്ളപ്പോൾ തന്നെ ഇവിടെ കമ്പോളത്തിൽ സ്വകാര്യ വിൽപ്പന ശാലകളും ഉണ്ടായിരുന്നതും സാധാരണക്കാർ തന്നെ അവിടെ പോയി സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. അത് ജനങ്ങളുടെ കയ്യിൽ അമിതമായ ധനം ഉണ്ടായിരുന്നത് കൊണ്ടല്ല, അതിന് അതിന്റേതായ കാരണങ്ങൾ ഉള്ളതിനാലാണ്. ഇവിടെ പ്രശ്നം അതല്ല സ്വകാര്യ വിൽപ്പന ശാലകളിൽ വിലക്കയറ്റം ക്രമാതീതമായി കാണപ്പെടുമ്പോൽ  നിങ്ങൾ പോയി റേഷൻ കടയിൽ നിന്ന് അരി വാങ്ങുക എന്ന് പറയുന്നതല്ല മര്യാദ. കമ്പോളത്തിൽ സർക്കാർ ഇടപെടുകയും  നിലവിലുള്ള നിയമങ്ങൾ കർശാനമായി ഉപയോഗിച്ചും  അമിതമായും അകാരണമായും ഉണ്ടാകുന്ന വിലക്കയറ്റത്തെ തടയുകയും ചെയ്യുക എന്നതാണ്  ഊർജമുള്ള സർക്കാർ ചെയ്യേണ്ടത്. അല്ലാതെ റേഷൻ കടയിൽ വിലക്കുറവുണ്ട് അവിടെ പോവുക എന്ന് പറയുകയല്ല..   കാരണം ഈ രണ്ട് സ്ഥാപനങ്ങളും (സർക്കാർ വകയും സ്വകാര്യ ഉടമയിലുള്ളതും) പണ്ട് മുതലേ ഈ നാട്ടിലുള്ളതും  അതിൽ ഒരെണ്ണം നിയമം തെറ്റിച്ച്  അകാരണമായി വില വർദ്ധിപ്പിക്കുമ്പോൾ സർക്കാർ ഇടപെടാൻ എന്തിന് മടിക്കുന്നു എന്നതാണ്` ചോദ്യം

എന്ത് കൊണ്ട് വിലക്കയറ്റം  അതിന് തടയിടാൻ എന്താൺ` മാർഗം എന്ന് പരിശോധിക്കുകയും  അത് പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ സർക്കാർ ചെയ്യേണ്ടത്.അതിന് പണ്ടത്തെ പോലെ കമ്പോളത്തിൽ സർക്കാർ ഇറങ്ങി  പ്രവർത്തിക്കണം അപ്പോൾ  തീ പിടിക്കുമ്പോൾ വാഴ വെട്ടുന്ന ഈ പരിപാടി കച്ചവടക്കാർ നിത്തലാക്കും.

Saturday, July 2, 2022

പേ വിഷ ബാധ

 പേ വിഷ ബാധയേറ്റ് സംസ്ഥാനത്ത് ആറ് മാസത്തിനുള്ളീൽ മരിച്ചത് 13 പേരാണ്. ഇതിൽ പലരും പേ വിഷ ബാധക്കെതിരെ  കുത്തിവെയ്പ് നടത്തിയവരാണ്`. അവസാനം മരിച്ച പെൺകുട്ടി  കൃത്യമായി നാല് തവണകളിലായി  കുത്തി വെയ്പ് നടത്തിയിരുന്നു. എന്നിട്ടും  മരണം സംഭവിച്ചു.

പതിവ് പോലെ  സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പേ വിഷ ബാധക്കെതിരെ ആന്റി റാബിസ് വാക്സിൻ ആണ്.നൽകുന്നത്. ഇൻഡ്രാ ഡെർമൽ  എന്ന ഈ രീതി കുത്തിവെയ്പ്പ് ചർമത്തിനുള്ളിലാണ് നടത്തേണ്ടത്. ഞരമ്പിലോ മസിലിലോ ആണ് ഈ കുത്തി വെയ്പ്പെങ്കിൽ അത് പ്രയോജനപ്പെടുകയില്ലാ.  അങ്ങിനെ വല്ല നടപടി പിശക് സംഭവിച്ചിട്ടുണ്ടോ  എന്നും പരിശോധിക്കുമത്രേ. അപ്പോൾ ഇതിനെ പറ്റി ഒട്ടും ഗ്രാഹ്യമില്ലാത്തവരാണോ ഈ കുത്തിവെയ്പ്പ് കൈകാര്യം ചെയ്യുന്നത്?  അങ്ങിനെയെങ്കിൽ തന്നെയും  ഒന്നോ രണ്ടോ എണ്ണം കൈ പിശക് സംഭവിച്ചെന്നിരിക്കട്ടെ. പക്ഷേ 13 എണ്ണത്തിലും തെറ്റ് സംഭവിക്കുമോ?

ആദ്യം ചെയ്യേണ്ടത് വാക്സിന്റെ ഗുണ  മേന്മയും  പിന്നെ കാലാവധി തീയതിയുമാണ് പരിശോധിക്കേണ്ടത്. അത് ആര് പരിശോധിക്കും എന്നിടത്താണ് കൗതുകം. നിയമ പരമായ നടപടികൾ പൂർത്തീകരിച്ചാണ് ബന്ധപ്പെട്ട വകുപ്പ് മരുന്നുകൾ വാങ്ങേണ്ടത്. എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ വാങ്ങിയവർ തന്നെ ആ മരുന്നിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിലെ  ന്യായീകരണം എന്താണാവോ? പ്രതിയെ തന്നെ കുറ്റം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് പോലെ ആവില്ലേ ആ അന്വേഷണം. ഈ സംശയം ശരിയാണെന്ന് തെളീയിക്കുന്ന വിധം ആരോഗ്യ വ്കുപ്പിൽ നിന്നും ഇന്നത്തെ പത്രത്തിൽ ഒന്ന് രണ്ട് വാർത്താ ശകലങ്ങൾ കാണപ്പെടുകയുണ്ടായി. (ഒന്ന്) മരുന്നിന്റെ ഗുണ നിലവാരം കുഴപ്പമൊന്നുമില്ല പോലും.. അതിന് പിൻ താങ്ങുന്ന ന്യായീകരണമാണ് രസാവഹം.  കൂടെ കടി കൊണ്ടവർക്ക് കുത്തി വെച്ചിട്ടുണ്ട് അവർക്ക്  കുഴപ്പമൊന്നുമില്ലത്രേ! ഓരോരുത്തർക്കും  ഓരോ സമയത്താണ് രോഗ ആക്രമണമെന്നും  അതും വൈറസ്  ബാധ എത്രത്തോളം എന്നതിനെ ആശ്രയിച്ചിരിക്കും രോഗ ആക്രമണമെന്നും ഏത് കൊച്ച് കുട്ടിക്കും അറിയാം.  അത് കൊണ്ട് രോഗം രണ്ടാമത്തെ കക്ഷിക്ക് വരാത്തത് കൊണ്ട് മരുന്ന്് ഭദ്രമാണന്ന് പറയുന്നതിന്റെ ലോജിക്ക് എന്താണ്?. ഒരു പക്ഷേ കുത്തി വെയ്പ്പ് നടത്തിയില്ലെങ്കിലും അവർക്ക് രോഗാക്രമണം ഉണ്ടാവില്ലെങ്കിലോ?

മറ്റൊരു ന്യായീകരണം  മുറിവ് ആഴത്തിലുള്ളതാണെങ്കിൽ വൈറസ് പെട്ടെന്ന് വ്യാപിക്കുമെന്നും കുത്തിവെയ്പ്പെടുത്താലും പ്രതിരോധിക്കാൻ കഴിയില്ല പോലും. പട്ടി എപ്പോഴും ഓടി വന്ന് ഉമ്മ വെച്ചേച്ച് പോവുകയുള്ളുവോ? അതിന് മാത്രമേ ഈ വാക്സിൻ ഫലപ്രപ്രദമാവുകയുള്ളൂവെന്നാണോ വകുപ്പ് പറയുന്നത്. ഒന്നോ രണ്ടോ കേസുകളിൽ ഈ  മുടന്തൻ ന്യായങ്ങൾ ഉപയോഗിക്കാം. പക്ഷേ ഇത്രയുമെണ്ണത്തിനും ഈ ന്യായീകരണ്മ് ഏക്കുമോ?

അന്വേഷണത്തിൽ ആദ്യം ഉൾപ്പെടുത്തേണ്ട വിഷയം മരുന്നിന്റെ ഗുണ നിലവാരം തന്നെയാണെന്ന് ഉറപ്പ്. ഇന്ന് കമ്പോളത്തിൽ ചാത്തൻ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങളും  ധാരാളം ഉണ്ടെന്ന് മെഡിക്കൽ  രംഗത്തുള്ളവർക്ക് നല്ല വണ്ണം അറിയാവുന്ന വസ്തുതയാണ്. അങ്ങിനെയിരിക്കവേ മരുന്നിന്റെ  ഗുണ നിലവാരം അന്വേഷിക്കുന്നത് സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും  പരിശോധകരെ കൊണ്ടാവുന്നതല്ലേ  ഉത്തമം. 

പൊതുജനത്തിന്റെ  ആയുസ്സിന്റെ പ്രശ്നമാണ്. പട്ടിയെ ഇല്ലാതാക്കാൻ നിയമമില്ല. മരുന്നെങ്കിലും നല്ലവണ്ണം ടെസ്റ്റ് ചെയ്തിട്ട്  ഉപയോഗിക്കാൻ കൊടുക്കുന്നതല്ലേ ന്യായം.

Monday, June 20, 2022

പൂച്ച കഥ

 



   ഇണക്ക് വേണ്ടിയുള്ള  മിട്ടു പൂച്ചയുടെ  കരച്ചിൽ  നിരന്തരം തുടർന്ന് കൊണ്ടിരുന്നപ്പോൾ  മകൻ സൈലു  മിട്ടുവിന് വേണ്ടി ഒരു ഇണയെ  പന്തളത്ത് പോയി കൊണ്ട് വന്നു 

വീട്ടിൽ. എല്ലാവർക്കും പ്രിയംകരനായിരുന്ന മിട്ടു വെളുത്ത നിറത്തിൽ  രോമക്കെട്ടോട് കൂടിയ പൂച്ചയാണ്. പേർഷ്യൻ ക്യാറ്റായാലും നാടൻ പൂച്ചയായാലും  ഇണ ചേരുന്ന കാലത്ത്   സ്ത്രീയെ തേടിയുള്ള പുരുഷന്റെ   നിലവിളി അരോചകമാണ്. “എടിയേയ് , എവിടെ പോയെടീ, ഞാനിവിടുണ്ടെടീ“ എന്നൊക്കെയായിരിക്കാം  രാപകലില്ലാതെയുള്ള ആ നിലവിളിയുടെ അർത്ഥം.

മിട്ടുവിന് സംബന്ധം കൂടാൻ കൊണ്ട് വന്ന പെൺ പൂച്ച  നല്ല കറുപ്പ് നിറക്കാരിയായിരുന്നു. പുതിയ പെണ്ണിനെ  മിട്ടു ആസകലമൊന്ന് നോക്കി,. അവന് ഇഷ്ടപ്പെടാതിരുന്നത് കൊണ്ടോ എന്തോ  പയ്യൻ  മൂലയിലെക്ക് മാറി അലക്ഷ്യമായി ഇരുന്നു. പക്ഷേ നിരന്തരമുള്ള നിലവിളി അവസാനിപ്പിച്ചിരുന്നു.

ഞാൻ ചോദിച്ചു “എന്തെടാ പെണ്ണീനെ  നിനക്ക് പിടിച്ചില്ലേ?“ അവൻ   ഗൗരവത്തോടെ മുഖം എന്റെ നേരെ തിരിച്ചു. “ ഈ കോപ്പിനെ എവിടെന്ന് കിട്ടി“ എന്നായിരിക്കാം ആ നോട്ടത്തിന്റെ അർത്ഥം.

വീട്ടിൽ എല്ലാവരും കൂടെ കറുമ്പിക്ക് ജൂലി എന്ന് നാമകരണം ചെയ്തു.ജൂലി  ഒരു മരം കേറി മാതുവായിരുന്നു. എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി. തല എല്ലാവരുടെയും കാലിൽ ഉരസി സ്നേഹം പ്രകടിപ്പിക്കുകയും “എന്തെല്ലാമുണ്ട് വിശേഷങ്ങൾ“ എന്ന അർത്ഥത്തിൽ ചെറിയ മുരളലുകൾ പാസ്സാക്കുകയും ചെയ്തു. അതേ സ്നേഹത്തോടെ  അവൾ മിട്ടുവിന്റെ നേരെ ചെന്നപ്പോൾ  അവൻ ദൂരേക്ക് ഒരു പാച്ചിൽ  നടത്തി. “പോടീ, അഹങ്കാരീ“ എന്ന അർത്ഥത്തിൽ ഒന്ന്മുരളലുകയും ചെയ്തുവല്ലോ.പക്ഷേ അവർ തമ്മിൽ കടി പിടി കൂടുകയോ ദേഷ്യ പ്രകടനങ്ങൾ നടത്തുകയോ ചെയ്തില്ല. മാത്രമല്ല ഇണക്ക് വേണ്ടിയുള്ള  മിട്ടുവിന്റെ നിലവിളി അവസാനിക്കുകയും ചെയ്തു. പക്ഷേ അവനിൽ നിന്നും യാതൊരു സ്നേഹ പ്രകടനവും  ജൂലിക്ക് കിട്ടുന്നില്ലാ എന്ന് ഞങ്ങൾ കണ്ടു.

രണ്ട് മൂന്ന് ദിവസം രംഗം ആവർത്തിച്ചപ്പോൾ  ഇതിങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ എന്ന ചിന്തയാൽ ജൂലിയെ മിട്ടുവിന്റെ കൂട്ടിൽ താമസിപ്പിച്ചു. പക്ഷേ അപ്പോഴും ചങ്കരൻ തെങ്ങിൽ തന്നെ. കൂട്ടിന്റെ ഇങ്ങേ അറ്റത്തുള്ള മിട്ടുവിന്റെ അടുത്തേക്ക് ജൂലി ചെന്നാൽ അവൻ അങ്ങേ അറ്റത്ത് ചെന്നിരിക്കും. അങ്ങേ അറ്റത്ത് ജൂലി ചെന്നാൽ മിട്ടു ഇങ്ങേ അറ്റത്ത് വന്നിരിക്കും.  എന്തൊരു ഗൗരവമാണപ്പാ..ആ വെളുത്ത സായിപ്പിന്. ഞാൻ അവനെ ഉപദേശിച്ചു “എടാ, കറുപ്പ് നിറം സൗന്ദര്യമാണ്.സുഗന്ധമുള്ള കസ്തൂരി കറുപ്പ് നിറത്തിലാണ്`. ക്ളീയോപാട്രാ, ലോക സുന്ദരി കറുപ്പ് നിറക്കാരിയാണ്. വക്കീലന്മാരെല്ലാം കറുത്ത കോട്ടാണിടുന്നത്, ഇതൊന്നും  അവൻ ശ്രദ്ധിച്ചതേ ഇല്ല, “താൻ പോടോ തന്റെ പാട്ടിന്“ എന്ന മട്ടിൽ അവൻ മുഖം വീർപ്പിച്ചിരുന്നു. അടുത്ത കൂട്ടിലെ കിളികൾ പറഞ്ഞു, “പോട്ടെടാ മിട്ടൂ, ജൂലി പാവമാണെടാ, നീ അങ്ങ് സ്വീകരിക്ക്“ എന്നൊക്കെ.

 അവൻ രൂക്ഷമായി അവരെ നോക്കി മുരണ്ടു, നിന്നെ എല്ലാം എന്റെ കയ്യിൽ കിട്ടും അപ്പോൾ കാണാം...“ എന്ന മട്ടിൽ.

അങ്ങിനെ  ദിവസങ്ങൾ കടന്ന് പോകവേ ഒരു ദിവസം  കൂട്ടിനടുത്ത് കൂടി ഒരു നാടൻ കാടൻ പൂച്ച കടന്ന് പോവുകയും  കൂട്ടിലെ അന്തേ വാസികളെ  നിരീക്ഷിച്ച് അവിടെ നിൽക്കുകയും ചെയ്തു. ജൂലി ഒറ്റ ചാട്ടത്തിന് കൂടിനരികിലേക്ക്  ചെന്ന് പുറത്ത് നിൽക്കുന്ന  നാടന്റെ നേരെ മുരളുകയും “ ഹലോ എന്തെല്ലാമുണ്ട് വിശേഷങ്ങൾ, സുഖമാണൊ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം..“ എന്ന മട്ടിലുള്ള ചില സന്ദേശങ്ങൾ ചൊരിയുകയും ചെയ്തു..

മുൻ വശത്തേക്ക് നീട്ടിയ കാലിൽ തല വെച്ച് വിശ്രമിച്ചിരുന്ന  മിട്ടു സട കുടഞ്ഞെഴുന്നേറ്റു, അവന്റെ രോമങ്ങളെല്ലാം എഴുന്ന് നിന്നു. അവൻ നാടനെ നോക്കി അലറി “പോടാ പട്ടീ....“ എന്നിട്ട് ജൂലിയെയും  തറപ്പിച്ച് നോക്കി, അവൾ വാലും തലയും താഴ്ത്തി മൂലയിലേക്ക് മാറി നിന്നു. നാടൻ പൂച്ച  പഴയ സിനിമാ സ്റ്റൈലിൽ ജൂലിയോട് ചോച്ചു, “ ഞാൻ നിൽക്കണോ  പോകണോ....?

പോടാ....മിട്ടു പിന്നെയും മുരണ്ടു. 

കഥ ഇവിടെ അവസാനിക്കുന്നില്ല.. ഈ രംഗങ്ങൾ കണ്ടത് കൊണ്ടോ ഒരു  കേസ് മനസ്സിൽ കിടന്നത് കൊണ്ടോ ഒരു കാര്യം വ്യക്തമായി ചില കാര്യങ്ങളിൽ മനുഷ്യരും മൃഗങ്ങളും  ഒരേ സ്വഭാവക്കാരാണ് എന്ന്.....

Tuesday, June 7, 2022

സിനാൻ 11 വയസ്സിൽ

സിനാൻ ഇന്ന് 11 വയസ്സിലെത്തി. അവൻ ഇപ്പോഴും നടക്കുകയോ വർത്തമാനം പറയുകയോ ചെയ്യില്ലെങ്കിലും വീടിന്റെ പ്രകാശമായി തന്നെ അവനെ ഞങ്ങൾ കാണുന്നു. എല്ലാവരുടെയും ഇഷ്ട ഭാജനം. കഴി ഞ്ഞ വർഷത്തേക്കാളും ദൈവ കാരുണ്യത്താൽ അവന് കാര്യങ്ങൾ മനസിലാക്കി വരുന്നുണ്ട്. ഇപ്പോഴും ഇഡ്ഡിലിയും  സാമ്പാറും ശാസ്ത്രീയ സംഗീതമോ അഥവാ പഴയ സിനിമാ ഗാനങ്ങളോ  കാറിന്റെ മുൻ സീറ്റിലിരുന്നുള്ള യാത്രയോ അവന് പ്രിയംകരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും പുതിയ പുതിയ ആൾക്കാരെ ഇഷ്ടപ്പെടാനും അവരുമായി ഇടപഴകാനും അവൻ മടി കാണിക്കുന്നില്ല.

ഇപ്പോൾ ഞാൻ അവന് ഒഴിച്ച് കൂട്ടാനാവാത്ത  ഒരു വസ്തുവാണ്. എന്നെ കണ്ടില്ലെങ്കിൽ  ഉള്ളിൽ നിന്ന് ഉമ്മറത്തേക്ക് മുട്ടിൽ ഇഴഞ്ഞ് വന്ന് ഞാൻ ഇരിക്കുന്ന ചാര് കസേര നോക്കി നെടുവീർപ്പിടും. അവന്റെ വല്യുമ്മ അടുത്ത് വന്ന് വല്യുപ്പാ ഇപ്പോൾ വരും കേട്ടോ എന്ന് പറഞ്ഞാൽ  പതുക്കെ അകത്തെക്ക് തിരിച്ച് പോകും. എന്റെ ചാര് കസേരയിൽ കയറി ഞാൻ ഇരിക്കുന്നത് പോലെ ചാരി ഇരിക്കുന്നത് അവന് ബഹു സ്ന്തോഷമുള്ള കാര്യമാണല്ലോ.  ഏതെങ്കിലും കാരണ വശാൽ ഉമ്മറത്തെക്കുള്ള വാതിൽ അടഞ്ഞ് കിടന്നാൽ ആ വാതിൽ വരെ ഇഴഞ്ഞ് വന്ന്  കത്ക് തുറക്കാൻ അറിയാത്തതിനാൽ  വാതിലിനെ നോക്കി നെടു വീർപ്പിടും. അവന്റെ മാതാ പിതാക്കൾ ഷൈനിയും സൈഫുവും കോടതിയിൽ നിന്ന് തിരികെ വരുന്ന സമയം അവന് കൃത്യമായി അറിയാം.  ആ സമയം അവൻ മുൻ വശത്ത് വന്ന് കസേരയിൽ ഇരുന്ന് വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന കാഴ്ച തന്നെ കൗതുകം നിറഞ്ഞതാണ്.  ഇതെല്ലാം അവന്റെ ശാരിരികാവസ്ഥയുടെ  വളർച്ച  കാണിക്കുന്നതിനാൽ എല്ലാം നേരെ ആകും എന്ന പ്രതീക്ഷയോടെ അവന് വേണ്ടിയുള്ള പ്രാർത്ഥനയുമായി  ഞങ്ങളെല്ലാം കഴിയുന്നു നിങ്ങളും പ്രാർത്ഥിക്കുമല്ലോ


Wednesday, June 1, 2022

ചില സത്യങ്ങൾ

 ഞാൻ 11 വയസ്സ് വരെ മദ്രസ്സയിൽ അഥവാ ഓത്ത് പള്ളിയിൽ പഠിച്ചിരുന്നു, പിന്നെയും സ്കൂൾ സമയമല്ലാതുള്ള സമയത്തും പോയിരുന്നു. എന്റെ മക്കളും അപ്രകാരം മദ്രസ്സയിൽ പോയിട്ടുണ്ട്. ഇപ്പോൾ അവരുടെ മക്കളും പോകുന്നുണ്ട്. മദ്രസ്സയിലെ ഒരു ഉസ്താദും ഒരു മുസലിയാരും ഒരു മൊല്ലാക്കായും എന്നെ വിപ്ളവം പഠിപ്പിച്ചിട്ടില്ല . എന്റെ മക്കളെയും അവരുടെ മക്കളെയും പഠിപ്പിച്ചിട്ടില്ല.

പ്രാരംഭത്തിൽ അറബി അക്ഷരമാലയും പിന്നെ അക്ഷരങ്ങൾ ചേർത്തുള്ള വാക്കുകളും അതും പഠിച്ച് കഴിഞ്ഞാൽ ഖുർ ആൻലെ ചെറിയ അദ്ധ്യായങ്ങളും പഠിപ്പിക്കും. ഖുർ ആന്റെ അർത്ഥമൊന്നും പറഞ്ഞ് തരില്ല. ഈ ഉസ്താദ്മാരുടെ ശമ്പളം പള്ളി കമ്മറ്റിക്കാർ കൊടുക്കും. ആ തുഛ ശമ്പളം കൊണ്ടാണ് ആ പാവങ്ങൾ വീട് ചെലവ് നടത്തി പോന്നിരുന്നത്. പിന്നെ സമുദായത്തിൽ എന്തെങ്കിലും അടിയന്തിരങ്ങൾ ഉണ്ടായി അവിടെ ചെന്നാൽ കൈ മടക്ക് കിട്ടും. ഇതെല്ലാം കൊണ്ട് അരിഷ്ടിച്ച് കഴിയുന്ന ആ പാവങ്ങൾക്ക് ഒരു സർക്കാരും ഒരു തുകയും ശമ്പളമായി കൊടുത്തിട്ടില്ല. മറിച്ചുള്ള വാദങ്ങൾ പച്ചക്കള്ളമാണെന്ന് മുഖ്യ മന്ത്രി നിയമ സഭയിൽ അവതരിപ്പിച്ച് മറുപടിയിൽ നിന്ന് കാണാം.
മദ്രസ്സയിൽ നിന്നുമാണ് വിപ്ളവം പൊട്ടി മുളക്കുന്നതെന്ന് അടുത്തയിടെ മുഖ പുസ്തകത്തിൽ പല പോസ്റ്റുകളിൽ പലരും പറഞ്ഞിരിക്കുന്നത് വായിച്ചതിനാലാണ് എന്റെ അനുഭവം ഞാനിവിടെ കുറിക്കുന്നത്. തെറ്റിദ്ധാരണ ശരിയല്ലല്ലോ.
വളർന്ന് വലുതായതിൽ പിന്നെയാണ് എന്റെ പൈസാ മുടക്കി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ഖുർ ആൻ പരിഭാഷ ഞാൻ വായിക്കുന്നത്. മദ്രസ്സയിൽ നിന്നുമല്ല.
സമൂഹത്തിൽ ഒരു സമുദായത്തെ അപരവത്കരിക്കാൻ കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോൾ ആ സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ എന്റെ അനുഭവവും അഭിപ്രായവും പറയുന്നതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു.
ഞാൻ ചെറുപ്പത്തിൽ പഠനവും തൊഴിലും ഒരുമിച്ച് കൊണ്ട് പോയിരുന്ന കാലഘട്ടത്തിൽ ഉച്ച ഊണിന് വകയില്ലാതെ കയറ് ആഫീസിൽ കയറ് മാടാൻ പോയിരുന്ന എനിക്ക് ചോറ് കൊണ്ട് തന്നിരുന്നത് തങ്കമണി ചേച്ചി എന്ന് ഞാൻ വിളിക്കുന്ന ഒരു ഈഴവ സമുദായംഗമായ സഹോദരി ആയിരുന്നു. സ്കൂളിൽ എന്റെ സുഹൃത്തുക്കളിൽ ബഹു ഭൂരിപക്ഷവും ഇതര സമുദായാംഗങ്ങളായിരുന്നല്ലോ. കൊട്ടാരക്കര സബ് കോടതിയിൽ ഞാൻ ജോലിയിലായിരിക്കവേ 44 പേരിൽ ഏക മുസ്ലിം ഞാനായിരുന്നു, പക്ഷേ അവർ എല്ലാവരും എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. എന്തിനേറെ ഈ ഫെയ്സ് ബുക്കിൽ എന്റെ സൗഹൃദ ലിസ്റ്റിലെ ബഹു ഭൂരിപക്ഷവും ഇതര മതസ്ഥരാണ്. അവരോട് എനിക്കുള്ള സ്നേഹവും തിരിച്ച് എന്നോടുള്ള സ്നേഹവും നാളിത് വരെ ഒട്ടും കുറഞ്ഞിട്ടില്ല.

ഒരു കാര്യത്തിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്. ഇവിടെയുള്ള ബഹുഭൂരിഭാഗം മുസ്ലിം മതസ്തരും നാലഞ്ച് തല മുറകൾക്ക് മുൻപ് ഇതര മതങ്ങളിൽ പെട്ടവരായിരുന്നു. പലവിധ കാരണങ്ങളാൽ അവർ മതം മാറിയെന്നല്ലാതെ ഈ നാട്ടുകാരല്ലാതായി തീരില്ലല്ലോ. മറ്റൊരു സത്യം തിരിച്ചറിയേണ്ടത് സ്വാതന്ത്രിയത്തിന് ശേഷം ഉണ്ടായ പുതിയ രാഷ്ട്രം എവിടെയോ സൃഷ്ടിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ പിതാക്കൾ ആരും ഞങ്ങളെയും കൊണ്ട് ആ രാഷ്ട്രത്തിലേക്ക് പോകാതെ “ ഇത് ഞങ്ങൾ ജനിച്ച് വളർന്ന മണ്ണാണ് ഇവിടം വിട്ട് പോയി ഞങ്ങൾക്ക് ഒരു പുതിയ സ്വർഗവും വേണ്ടാ“ എന്ന് തന്റേടത്തൊടെ പറഞ്ഞ് ഇവിടെ തന്നെ കഴിഞ്ഞവരാണ്. അന്ന് ഭീതിജനകമായ രൂക്ഷമായ അന്തരീക്ഷമാണെന്ന് കൂടി ചിന്തിക്കുമ്പോഴാണ് അവരുടെ ഈ മണ്ണിനോടുള്ള സ്നേഹം എത മാതമെന്ന് തിരിച്ചറിയുള്ളൂ. അങ്ങിനെയുള്ള ഈ സമൂഹത്തിൽ പല പ്രകോപനങ്ങൾ സൃഷ്ടിച്ച് മനുഷ്യരിൽ ഭിന്നത സൃഷ്ടിച്ച് തൻ കാര്യം നെടാമെന്ന് ആര് കരുതിയാലും അവർ മൂഢ സ്വർഗത്തിൽ തന്നെയാണന്ന് തിരിച്ചറിയുക

Saturday, May 28, 2022

വിസ്മയ കേസിന്റെ സന്ദേശം

 വിസ്മയ കേസിന്റെ അലയൊലികൾ തീർന്നു കഴിഞ്ഞു. മാധ്യമ പ്രവർത്തകർ ആശ്വാസ പൂർവം നെടുവീർപ്പിട്ടു. കാരണം അവരാണല്ലോ ഏതൊരു കേസിന്റെയും വിധി കോടതിക്ക് മുമ്പ് തീരുമാനിക്കേണ്ട വിധം പൊതു ബോധം സൃഷ്ടിച്ചെടുക്കാനായി പുറകിൽ നിന്ന് പ്രവർത്തിക്കുന്നത്. അവർക്ക് ഇനി അടുത്ത കേസിന് പുറകേ പോകാം.

വിസ്മയ കേസിലെ വിധി സമൂഹത്തിന് ഒരു പാഠമാണെന്ന സന്ദേശം  നൽകുന്നു എന്ന് നിയമ വൃത്തങ്ങൾ പറയുന്നതായി പത്രങ്ങളും ചാനലുകളും ഘോഷിക്കുന്നു. ഈ വിധി വന്നതിന് ശേഷം  സ്ത്രീധന പീഡനം അവസാനിക്കുകയും  സ്ത്രീ വർഗത്തിൽ തന്നെ പെട്ട അമ്മായി അമ്മമാർ  മകന് വേണ്ടി കോടികൾ ആവശ്യപ്പെടുന്നതും പെണ്ണിന്റെ മെയ്യാഭരണങ്ങളും കുടുംബ ഓഹരിയും അളന്ന്  നോക്കൽ അവസാനിപ്പിക്കുകയും ചെയുന്നു എങ്കിൽ ആ സന്ദേശം നൽകുന്ന വിധി എത്ര  പ്രയോജനകരമാണ് അത്.അങ്ങിനെ തന്നെ ഭവിക്കട്ടെ എന്ന് നമുക്ക് ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്യാം.

എന്നാൽ ഈ വിധിയിൽ മറ്റൊരു സന്ദേശം അടങ്ങിയിരിക്കുന്നു എന്ന് എല്ലാവരും  മനപൂവം വിസ്മരിക്കുന്നു. കേസിലെ നാൾവഴി ആദ്യം മുതൽ നിരീക്ഷിക്കുന്ന ഏതൊൾക്കും ആ സത്യം തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. ആ സത്യം മനസിലാക്കിയിരുന്നെങ്കിൽ  പാവം ആ പെൺകുട്ടി ഇന്നും ജീവിച്ചിരുന്നേനെ. പരസ്പര ആശയ വിനിമയം  മുമ്പത്തേക്കാളും എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഈ ആധുനിക കാലത്ത്  ദുഷ്ടനും ധനാർത്തി മൂത്തവനുമായ ആ ഭർത്താവിന്റെ  നിരന്തരമായ പീഡനം  ആ കുട്ടിക്ക് സ്വന്തം രക്ഷിതാക്കളുമായി പങ്ക് വെച്ച്  ആ കശ്മലന്റെ  പീഡനത്തിൽ നിന്നും  രക്ഷപെടാൻ എത്രയോ എളുപ്പം സാധിക്കുമായിരുന്നു. മാത്രമല്ല  ആ കുട്ടി വിദ്യാ സമ്പന്നയാണ്, വെറും പൊട്ടിപ്പെണ്ണുമല്ല. പിതാവ് നൽകിയ മൊഴിയിൽ കുട്ടി പീഡന വിവരം നിരന്തരം ഫോൺ ചെയ്തു പറഞ്ഞിരുന്നു എന്ന് പറഞ്ഞതാണല്ലോ കേസിന്റെ പ്രധാന തെളിവായി  കണക്കിലെടുത്തത്. കുട്ടിയെ ഉപദ്രവിക്കുന്നതിന് ഒരു കാരണം തന്നെ വീട്ടിലേക്ക് എപ്പോഴും ഫോൺ ചെയ്യുന്നു എന്നതുമായിരുന്നല്ലോ.

സമൂഹത്തിലെ  ചില കാഴ്ചപ്പാടുകളാണ് ഇവിടെ പ്രതിബന്ധം  സൃഷ്ടിക്കുന്നത്. കെട്ടിച്ചയച്ച പെണ്ണ് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നു എന്നത്  ഏതോ വലിയ നാണക്കേടായി  സമൂഹം കാണുന്നു. മനുഷ്യൻ ചന്ദ്രനിൽ താമസിക്കാൻ തയാറെടുക്കുന്ന ഈ കാലത്തും ഇ പ്രകാരം പൊള്ളയായ  ചില കാഴ്ചപ്പാടിൽ അഭിരമിക്കുന്ന രക്ഷിതാക്കൾ  കെട്ടിച്ചയക്കുന്ന വീട്ടിലെ പീഡനം  അറിയിക്കുന്ന  പെൺകുട്ടിയൊട് “ക്ഷമിക്ക് മോളേ!...ക്ഷമിക്ക്..“ എന്ന് ഗുണദോഷിക്കുന്നതിനെ  തീർച്ചയായും പിൻ താങ്ങുന്ന ഒരു വ്യക്തിയാണ് ഈ കുറിപ്പ്കാരൻ. പക്ഷേ അത്  പെൺകുട്ടിയുടെ  പരാതിയുടെ അടിസ്ഥാനവും ആഴവും മനസിലാക്കി വേണമെന്ന് മാത്രം. തുമ്മുന്നതിനും തുടക്കുന്നതിനും പരാതി പറയുന്നത് പോലല്ല, ധനാർത്തി മൂത്ത്  ശാരീരികവും മാനസികവുമായ പീഡനത്തെ കാണേണ്ടത്. ഇവിടെ രക്ഷിതാക്കൾ കുട്ടിയുടെ പരാതിയുടെ ആഴം തീരിച്ചറിഞ്ഞ് സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് യുക്തമായ നടപടികൾ എടുക്കുക തന്നെ ചെയ്യണം. പരാതി കേൾക്കാനും എന്നെ സഹായിക്കാനും ആരുമില്ലാ എന്ന തിരിച്ചറിവ് പെൺകുട്ടിക്കുണ്ടായാൽ അത് പല ദുരന്തത്തിന് കാരണമായി തീരുമെന്ന സന്ദേശവും വിസ്മയ കേസ് നമുക്ക് തരുന്നു.

ഇപ്പോൾ നാട്ടിൽ നിറയെ  കുടുംബ കോടതികളും  സ്ത്രീധന പീഡന കേസുകൾ കൈകാര്യം ചെയ്യുന്ന ക്രിമിനൽ കോടതികളും നിലവിലുണ്ടായിരിക്കെ  പണക്കൊതി മൂത്ത  ആ ഭർത്താവിൽ നിന്നും  നേരിട്ട പീഡനം അയാളുടെ വീട് വിട്ട് സ്വന്തം വീട്ടിൽ താമസമാക്കി ആ കുട്ടി തന്നെ  നേരിൽ കോടതിയിൽ മൊഴി നൽകിയാൽ തീർച്ചയായും ആ കേസ് വിജയിക്കും അപ്പോഴും    കേസാന്ത്യത്തിൽ ഇപ്പോൾ കിട്ടിയ പത്ത് വർഷം (ആത്മഹത്യാ പ്രേരണ ഒഴികെ) പല വകുപ്പുകളിലായി തടവ് അയാൾക്ക് കിട്ടുകയും സർക്കാർ ജോലി നഷ്ടപ്പെടുകയും ചെയ്യും. പകരം “ഓ! കോടതി കയറി  വർഷങ്ങൾ തള്ളി നീക്കാനും നാണക്കേടാകാനും വയ്യ  എന്ന ചിന്ത രക്ഷിതാക്കൾക്ക് ഉണ്ടായാൽ ഈ  വക ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കും.

ഇതര കോടതികളേക്കാളും കുടുംബ കോടതികളിലെ തിരക്കും കേസിന്റെ ബാഹുല്യവും  സമൂഹത്തിലെ  പെൺകുട്ടികൾ   നിയമ ബോധം  ഉള്ളവരായി തീരുന്നു  എന്ന ലക്ഷണം പ്രകടിപ്പിക്കുന്നത്  ആശ്വാസകരമായി  അനുഭവപ്പെടുന്നു. ഒരു കാര്യം  മാത്രം  കേസുകളുടെ ബാഹുല്യവും കോടതികളുടെ  എണ്ണക്കുറവും ഉണ്ടാക്കുന്ന കാലതാമസം ക്ഷ്മിക്കാൻ കഴിവുണ്ടായിരിക്കണമെന്ന് മാത്രം.