Friday, December 22, 2023

മുല്ലക്കൽ ഉൽസവം

 ഇന്ന് ആലപ്പുഴ മുല്ലക്കൽ ഉൽസവം  ആറാം ദിവസമാണ്

മുല്ലക്കൽ ക്ഷേത്രത്തിലെ  പ്രതിഷ്ഠ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ആലപ്പുഴ വിട്ടതിന് ശേഷം    പത്ത് ദിവസമുള്ള ഉൽസവത്തിൽ ഏതെങ്കിലും ഒരു ദിവസം ഞാൻ ആലപ്പുഴ പോകുകയും ഉൽസവ തിരക്കിൽ  മുല്ലക്കൽ റോഡിലൂടെ കാഴ്ചകൾ കണ്ട് പതുക്കെ നടന്ന് പോകുകയും ചെയ്യുമായിരുന്നു. ഈ യാത്രയിൽ പഴയ സുഹൃത്തുക്കൾ ആരെയെങ്കിലും കാണും. റോഡിന്റെ വടക്കേ അറ്റത്ത് നടക്കുന്ന ശാസ്തീയ സംഗീത സദസ്സിൽ ഒരു മൂലയിൽ പോയി നിന്ന്  സംഗീതം ആസ്വദിക്കും. പുസ്തക കടകളിൽ കയറി പുതിയ പുസ്തകങ്ങളെ പറ്റി തിരക്കും, ഇതിനിടയിൽ ബാല്യ കാല അനുഭവങ്ങളുടെ  സ്മരണകളിലൂടെ ഊളിയിടും. ഞാൻ ഈ ദിവസം ഇവിടെ വരുന്നത് തന്നെ ആ സ്മരണകളെ മനസ്സിൽ ഊതി കത്തിക്കാനാണല്ലോ.

ധനു മാസ കുളിരിൽ  മാനത്ത് അമ്പിളി തെന്നി നീങ്ങുന്ന രാവുകളിൽ ചെറുപ്പത്തിൽ വാപ്പാ എന്നെ ഉൽസവ സ്ഥലത്ത് കൊണ്ട് പോകുമായിരുന്നു. ജോലി കഴിഞ്ഞ് വാപ്പാ വീട്ടിൽ വരുമ്പോൾ ഏറെ രാത്രി ചെന്നിരിക്കും, എന്നാലും മഞ്ഞ് കൊള്ളാതെ തലയിൽ ഒരു തോർത്തു കെട്ടി തന്ന് വട്ടപ്പള്ളിയിൽ നിന്ന് നടന്ന് മുല്ലക്കലെത്തും. അന്ന് ആട്ടോ റിക്ഷായോ മറ്റ് വാഹന സൗകര്യമോ ഇല്ലാതിരുന്നതിനാൽ ഒരു മടിയും കൂടാതെ രണ്ടര മൈൽ നടക്കും. തിരികെ വരുമ്പോൽ കരിമ്പ്, ഈന്തപ്പഴം, പൊരി, അലുവാ,  തുടങ്ങിയവയിൽ ഏതെങ്കിലുമെല്ലാം വാങ്ങി തരുമായിരുന്നു. ഏറ്റവും സന്തോഷമുള്ളത് ഒരു കമ്പിന് അറ്റത്ത് ഉടപ്പിച്ച തടി ചക്രം ഉരുട്ടുമ്പോൾ ചക്രത്തിന്റെ കറക്കത്തിനോടൊപ്പം കുനിയുകയും നിവരുകയും ചെയ്യുന്ന  പോലീസ്കാരനെ ഫിറ്റ് ചെയ്ത വണ്ടി ആയിരുന്നു.വാപ്പ അതും വാങ്ങി തരും.

കച്ചവടക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങൾ ആയതിനാൽ ഉൽസവം ഹിന്ദുക്കളുടേതാണെന്ന ഒരു ഭാവവും ഇല്ലാതെ നാട് ഒന്നടങ്കം പങ്കെടുക്കുന്ന ഉൽസവമായിരുന്നു അത്.

കൗമാരത്തിലേക്ക് കടന്നപ്പോൾ സുഹൃത്തുക്കളോടൊപ്പമായി മുല്ലക്കൽ യാത്ര. . എന്തെല്ലാം കുസൃതികൾ. മറക്കാനാവാത്ത സ്മരണകൾ. അത് കൊണ്ട് തന്നെയാണ് ആലപ്പുഴ വിട്ടിട്ടും മുല്ലക്കൽ ഉൽസവ കാലത്ത് ഒരു ദിവസമെങ്കിലും ഞാൻ അവിടെ പോയിരുന്നത്. പക്ഷേ ഈ വർഷം  എനിക്ക് മുല്ലക്കൽ പോകാൻ കഴിയാത്ത വിധം സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നു. മുല്ലക്കൽ ഉൽസവം മാത്രമല്ല, എന്റെ എല്ലാമെല്ലാമായ ആലപ്പുഴ കടപ്പുറത്തും ഈ ഒരു ദിവസം പോയി ആ മണൽ തിട്ടയിൽ രാവ് ഏറെ ചെല്ലുന്നത് വരെ മാനത്ത് നോക്കി കിടക്കുന്നതും  പതിവായിരുന്നല്ലോ. ഇതൊന്നും സംഭവിക്കാത്തതിനാൽ    മനസ്സ്  ഇപ്പോൾ വല്ലാതെ മൗനത്തിലായിരിക്കുകയും ചെയ്യുന്നു. ഞാൻ ആലപ്പുഴക്കാരനല്ലാതായി തീർന്നിരിക്കുന്നുവോ?

ഏതൊരു മനുഷ്യനും അവന്റെ ബാല്യവും ചെറുപ്പത്തിൽ കഴിച്ച് കൂട്ടിയ സ്ഥലങ്ങളും അവയെ പറ്റിയുള്ള ഓർമ്മകൾ ഓരോന്നും അവനെ വികാര തരളിതനാക്കും. ഇത് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ മനസ്സിനുള്ളിൽ തിങ്ങി നിറയുന്ന വികാര വിചാരങ്ങൾ എവിടെയെങ്കിലും കുത്തിക്കുറിച്ചിടുമ്പോൾ  കിട്ടുന്ന ആശ്വാസം എത്രയോ വലുതാണ്.

Tuesday, December 5, 2023

പരസ്യം അടിച്ചേൽപ്പിക്കൽ

 ഈ അടിച്ചേൾപ്പിക്കൽ തീർത്തും അസഹനീയമായിരിക്കുന്നു.

വർത്തമാന പത്രത്തിനുള്ളിൽ വിവിധ വ്യവസായികളുടെ പരസ്യത്തിനായുള്ള നോട്ടീസുകൾ കുത്തിച്ചേർത്തു നമ്മുടെ വീടുകളിനുള്ളിലേക്ക് അടിച്ചേൽപ്പിക്കുന്ന പ്രവണതയെ പറ്റിയാണ് സൂചിപ്പിക്കുന്നത്. ദിവസവും വലുതും ചെറുതുമായുള്ള മൂന്ന് നാല് നോട്ടീസുകൾ പത്രത്തിനോടൊപ്പം അടക്കം ചെയ്ത് നമ്മുടെ അടുത്തെത്തിക്കുക. നമ്മൾ ആവശ്യപ്പെടാതെ വീട്ടിനുള്ളിൽ എത്തുന്ന ഈ നോട്ടീസുകൾ ഉമ്മറത്തും പരിസരത്തും ചിതറി കിടന്ന് മാലിന്യമാകുക. നമ്മളെ കൊണ്ട് ഈ പരസ്യം വായിപ്പിച്ചേ അടങ്ങൂ എന്ന നിർബന്ധ ബുദ്ധിയാണ് ഇതിന് പുറകിൽ. 

പത്രം വീട്ടിലെത്തിക്കുന്ന പയ്യനോട് മേലിൽ ഈ നോട്ടീസുകൾ പത്രത്തിലാക്കി കൊണ്ട് വരരുതെന്ന് കർശനമായി താക്കീത് ചെയ്തെങ്കിലും അവൻ നിസ്സഹായനായി പറഞ്ഞു. ഇത് ഞങ്ങൾ പത്രത്തിൽ ഉള്ളടക്കം ചെയ്യുന്നതല്ല, ഓരോ ബസ് സ്ടാന്റിലും ഇതിനായി ആൾക്കാർ ഉണ്ട്, അവർ നിർബന്ധമായി പത്രക്കെട്ടുകൾ എടുത്ത് അതിനുള്ളിൽ നോട്ടീസുകൾ കയറ്റി വിടുകയാണ്. അവർക്ക് അതിന് കൂലിയായി നോട്ടീസിന്റെ ഉടമസ്ഥർ നിശ്ചിത തുക നൽകുന്നുമു ണ്ട്.

അവൻ പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്, എങ്കിലും പത്ര വിതരണക്കാർക്കും അൽപ്പ  സ്വൽപ്പം വിഹിതം ഈ വിഷയത്തിലുണ്ട് എന്നതും മറച്ച് വെച്ച് കൂടാ. അങ്ങിനെ ഈ കൈത്തൊഴിൽ തഴ്ച്ച് വളർന്നിരിക്കുന്നു അതിനോടൊപ്പം നമ്മുടെ മുറ്റവും പരിസരവും ചിതറിക്കിടക്കുന്ന അനാവശ്യ കടലാസ്സിനാൽ മലിനമാക്കപ്പെടുകയും ചെയ്യുന്നു.

ഇത് അത്രക്ക് ഗൗരവമായ വിഷയമാണോ അവഗണിച്ചാൽ പോരേ? നോട്ടീസുകൾ കത്തിച്ച് കളഞ്ഞാൽ പോരേ? എന്ന ചോദ്യത്തിന് നമുക്ക് ആവശ്യമില്ലാത്ത ഒരു വസ്തു നമ്മുടെ ഉമ്മറത്ത് കൊണ്ടിടുന്നത് ഒരു തരത്തിൽ നമ്മളിലേക്കുള്ള ഒരു അധിനിവേശമായി തന്നെ  കാണേണ്ടിയിരിക്കുന്നു എന്ന മറുപടിയാണുള്ളത്. മുറ്റം അടിച്ച് വാരുന്ന നമ്മുടെ സ്ത്രീകൾ മറ്റുള്ളവരുടെ നിർബന്ധനത്തിന് പിഴ ഒടുക്കുന്നതെന്തിന്?

കത്തിച്ച് കളഞ്ഞാൽ പോരേ എന്ന ചോദ്യത്തിന് ഇപ്പോൽ കടത്തി വിടുന്ന നോട്ടീസുകൾ മിക്കതും പ്ളാസ്റ്റിക് കോട്ടിംഗ് ഉള്ളതാണ്, അത് കത്തിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യ വായു മറ്റൊരുത്തന് ലാഭമുണ്ടാക്കുവാനായി നാമെന്തിന് ശ്വസിക്കണം എന്നൊരു മറു ചോദ്യവുമുണ്ട്.

കുറച്ച് കാലങ്ങൾക്ക് മുമ്പ് പത്ര ഉടമകൾ ഈ നോട്ടീസ് വിതരണം പത്രത്തിൽ ഉള്ളടക്കം ചെയ്ത് നടത്തുന്നതിനെ കർശനമായി എതിർക്കുകയും  ഈ പരിപാടി നിത്തി വെക്കുകയും ചെയ്തിരുന്നു. അവരുടെ പരസ്യ വിഭാഗത്തിന് വരുമാനം കുറഞ്ഞു വന്നതിനാലാകാം  അവർ അന്ന് പ്രതിഷേധിച്ചത്. അങ്ങിനെ കുറച്ച് കാലം ശല്യം ഒഴിഞ്ഞ് കിട്ടി. ഇപ്പോൾ ശങ്കരൻ വീണ്ടും  അറ്റ് ദി കോക്കനട്ട് ട്രീയിലായിരിക്കുന്നു.

മറ്റൊരു അധിനിവേശമാണ്, നമ്മൾ രസകരമായി അസ്വദിച്ച് കൊണ്ടിരിക്കുന്ന സിനിമയ്ക്കിടയിൽ കയറ്റി വിടുന്ന പരസ്യ വീഡിയോകൾ. പരസ്യക്കാരന് ലാഭമുണ്ടാക്കാൻ  അവൻ നമ്മുടെ ആസ്വാദനത്തിലേക്ക് കടന്ന് കയറി അവന്റെ ഞഞ്ഞാ പിഞ്ഞാ നമ്മിലേക്ക് കുത്തി ചെലുത്തുന്നു. അങ്ങിനെ നീ സുഖിച്ച് രസിച്ച് കാണണ്ടാ മോനേ!, ഇതും കൂടി കാണെടാ എന്ന മട്ട്.

ഇതൊന്നും ആരും നിയന്ത്രിക്കാനോ തടയാനോ വരില്ലാ എന്നാണ് ഇതിന്റെ പുറകിലുള്ള ഹുങ്കും ധിക്കാരവും.  ശരിയാണ് നമുക്കെന്ത് ചെയ്യനൊക്കും. നമ്മുടെ ആസ്വാദ്യതയിലേക്ക് നമ്മൾ ആവശ്യപ്പെടാതുള്ള  ഈ കടന്ന് കയറ്റത്തിന് നമ്മൾ കീഴടങ്ങുകയല്ലാതെ വേറെ മാർഗമെന്ത്.

എന്തായാലും ഞാൻ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഏത് പരസ്യമാണൊ നമ്മളെ ലക്ഷ്യമാക്കി നമ്മുടെ അനുവാദമില്ലാതെ വിക്ഷേപിക്കുന്നത്  ആ പരസ്യത്തിനടിസ്ഥാനമായ ഉൽപ്പന്നം അത് എത്ര അനുപേക്ഷണീയമായാലും അത് വേണ്ടെന്ന് വെക്കുക. കോടാനുകോടി മനുഷ്യരിൽപ്പെട്ട വെറും ഒരു അംഗമായ എന്റെ ഈ വർജ്ജിക്കൽ നിസ്സാരമാണെങ്കിലും ആ പ്രവർത്തി എന്റെ മനസ്സാക്ഷിയെ  സമാധാനപ്പെടുത്തുമല്ലോ. എന്നോട് യോജിക്കുന്നെങ്കിൽ നിങ്ങളും  ഈ മാർഗത്തിൽ നിങ്ങളുടെ പ്രതിഷേധം നടപ്പിൽ വരുത്തുക.


Thursday, November 23, 2023

ഇനിയും മറക്കാനാവില്ല...

 നവംബർ 23....ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തീയതി. അന്നാണ് വാപ്പാ ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയത്.

വർഷങ്ങൾ എത്രയായി എന്നതല്ല, ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ വേർപാട് മനസ്സിൽ ഉണ്ടാക്കിയ വേദനക്ക് ശമനം ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചപ്പോൾ സ്വന്തം കാര്യം നോക്കാൻ അദ്ദേഹം മറന്ന് പോയിരുന്നല്ലോ. ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം, അത് കൊണ്ട് തന്നെ ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുകയും ചെയ്തു. ജീവിതത്തിന്റെ തത്രപ്പാടിനാൽ വെറും കാലി ചായയും ചാർമിനാർ സിഗററ്റുമായി ചുരുങ്ങിയപ്പോൾ മാരകമായ ക്ഷയ രോഗം ബാധിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. ആ കാലത്തെ പാവപ്പെട്ടവരുടെ കൂട്ടുകാരനായ ക്ഷയ രോഗം കാർന്ന് തിന്നുമ്പോഴും ആവശ്യമായ പരിരക്ഷ നൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നത്തെ കാലഘട്ടവും അപ്രകാരമായിരുന്നല്ലോ.

ഫോട്ടോകൾ സ്റ്റുഡിയോവിൽ മാത്രം പരിമിതമായിരുന്ന അന്ന് പൈസാ മുടക്കി ഒരു ഫോട്ടോ എടുക്കാൻ  അദ്ദേഹം തുനിഞ്ഞില്ല, അത് കൊണ്ട് തന്നെ പിൽ കാലത്ത് വാപ്പായുടെ ഒരു ഫോട്ടോ കിട്ടാൻ ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ ഏതെങ്കിലുമൊന്നിൽ അദ്ദേഹം പതിഞ്ഞ് കാണുമോ എന്ന പ്രതീക്ഷയിൽ അത് കണ്ടെത്താൻ ഞാൻ ഏറെ അലഞ്ഞുവെങ്കിലും നിരാശമാത്രമായിരുന്നു ഫലം,

രാത്രി ഏറെ ചെന്നും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ വായന ശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ വായിച്ച് തീർക്കുന്ന വാപ്പാ ആയിരുന്നല്ലോ എന്റെ വായനാ ശീലത്തിന്  പ്രചോദനമായത് 

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കൊട്ടാരക്കരയിൽ നിന്നും  ആലപ്പുഴയിൽ എത്തിയ എന്നോട് “അടുത്ത ആഴ്ചയേ എന്തെങ്കിലും ഉണ്ടാകൂ എന്നും അന്ന് വന്നാൽ മതി വെറുതെ ലീവ് നഷ്ടപ്പെടുത്തേണ്ട എന്ന് “ സ്വന്തം മരണത്തെ പറ്റി പ്രവചിച്ചപ്പോൾ ,അത് ഏതോ സാധാരണ സംഭവത്തെ പറ്റി പറയും പോലുള്ള മട്ടായിരുന്നു.

ആലപ്പുഴ പടിഞ്ഞാറേ ജമാ അത്ത് പള്ളിയിലെ കബർസ്ഥാനിൽ അടക്കിയപ്പോൾ മറമാടിയ സ്ഥലം തിരിച്ചറിയാൻ  ഒരു അടയാളക്കല്ല് പോലും സ്ഥാപിക്കാൻ അന്ന് കഴിവില്ലായിരുന്നു. സിനിമാ സംവിധായകൻ ഫാസിലിന്റെ (ഫാസിൽ അന്ന് കുട്ടിയായിരുന്നു) അമ്മാവന്റെ മകൻ ബാബുവും മൂന്ന് കൂട്ടുകാരും ചേർത്തലയിൽ പന്ത് കളി കാണാൻ പോകും വഴി വളവനാട് വെച്ച് ഉണ്ടായ അപകടത്തിൽ മരിച്ച് പടിഞ്ഞാറേ ജമാ അത്ത് പള്ളിയിൽ കബറടക്കിയിരുന്ന  സ്ഥലത്തിന് സമീപമാണ് വാപ്പായെയും അടക്കിയതെന്ന തീരിച്ചറിവിൽ നിര നിരയായുള്ള ആ നാല് കബറിടങ്ങൾക്ക് സമീപത്തെ ആ സ്ഥലം സന്ദർശിക്കുമ്പോൾ പഞ്ചസാര പോലെ വെളുത്ത ആ പൂഴി മണ്ണിൽ ഇവിടെയെവിടെയോ വാപ്പാ ഉറങ്ങുന്നു എന്ന വിശ്വാസത്തിൽ പ്രാർത്ഥനാ നിരതനായി ഇന്നും നിൽക്കാറുണ്ട്.

 നവംബർ ഇരുപത്തി മൂന്നാം തീയതിയായ ഇന്നും മനസ്സ് കൊണ്ട് ആ സ്ഥലം സന്ദർശിച്ച് വാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.


Monday, November 13, 2023

ഓൺ ലൈൻ തട്ടിപ്പ്......

 ഞങ്ങളുടെ സ അദ് കഴിഞ്ഞ ദിവസം ഒരു ഹിമാലയൻ തട്ടിപ്പിന് ഇരയായി.മറ്റുള്ളവരും അപ്രകാരം തട്ടിപ്പിൽ ചെന്ന് പെടാതിരിക്കാനായി ആ സംഭവം ഇവിടെ കുറിക്കുന്നു.

 സ അദ് ചാത്തന്നൂർ  എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം കൊല്ലം വിദ്യാർത്ഥിയാണ്.ഒന്നാം കൊല്ല വിദ്യാർത്ഥികളുടെ  ഏതോ പരിപാടിക്ക് ധരിക്കാനായി കൂട്ടുകാർ പറഞ്ഞ് ധാരണയിലെത്തിയ  ഡ്രസ്സ് വാങ്ങാൻ അവൻ ഓൺ ലൈൻ വ്യാപാരത്തെ സമീപിച്ചു. ഓൺ ലൈൻ വ്യാപാരത്തെ സംബന്ധിച്ച് വ്യക്തിപരമായി ഞാൻ  തീർത്തും എതിരാണ് എന്നുള്ളതിനാൽ പലപ്പോഴും അവനും ഞാനുമായി അത് സംബന്ധമായി സംവാദങ്ങൾ പലതും കഴിഞ്ഞിട്ടുള്ളതും അവസാനം അവരുടെ ലോകവും എന്റെ ലോകവും വ്യത്യസ്തമാകയാൽ തോൽ വിയടയുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിഞ്ഞ് ഞാൻ  പിൻ വാങ്ങുകയുമാണ്` പതിവ്. വിലക്കുറവ്, സാധനം വീട്ടിലെത്തിക്കൽ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് അവൻ കത്തിക്കയറുമ്പോൾ അറുപഴഞ്ചനായ എന്റെ വാദം നില നിൽക്കാറില്ലായിരുന്നു.

അങ്ങിനെയിരിക്കവേ മേൽ കാണീച്ച ഡസ്സിനായി ഓൺ ലൈനിൽ പടം സഹിതമുള്ള പരസ്യത്തിൽ പാവം കുരുങ്ങുകയും അവന്റെ ഉമ്മയിൽ നിന്നും ആയിരം രൂപാ വാങ്ങി ഓൺ ലൈനിൽ കൂടി തന്നെ പരസ്യത്തിൽ കണ്ട മേൽ വിലാസത്തിൽ  തുക അയച്ച് കൊടുത്ത് പാഴ്സൽ പ്രതീക്ഷിച്ച് ദിവസങ്ങൾ തള്ളി നീക്കി അവസാനം പാഴ്സൽ എത്തിച്ചേരുകയും ചെയ്തു.

അത്യാഹ്ളാദത്തോടെ അവൻ പാഴ്സൽ പൊട്ടിച്ച്  തുറന്ന് നോക്കി താഴെ പറയുന്ന തുണി ഇനങ്ങൾ കണ്ടെത്തുകയുമുണ്ടായി.

(1) അഞ്ച് വയസ്സുകാരന്റെ പാകത്തിലുള്ള പഴകിയ ഒരു ജീൻസ്. അത് അര ഭാഗം പട്ടി കടിച്ചത് പോലെ പിഞ്ചിയിരുന്നു.

(2) മഞ്ഞ നിറത്തിലുള്ള അഴുക്ക് പുരണ്ട ഒരു ടീ ഷർട്ട്.

(3) മേശപ്പുറമോ മറ്റോ തുടച്ചത് പോലുള്ള ഒരു മുഷിഞ്ഞ ഷർട്ട്.

അപ്പോൾ അവന്റെ മുഖത്തുണ്ടായ ജാള്യത ധന നഷ്ടത്തിനേക്കാളുപരി  പറ്റിക്കപ്പെട്ടല്ലോ എന്ന  ചിന്തയാലായിരിക്കാം എന്ന് ഞാൻ കരുതുന്നു.

അവനെ ഞാൻ സമാധാനപ്പെടുത്തി. ഓൺ ലൈൻ കമ്പനിയുടെ മേൽ വിലാസമോ ഫോൺ നമ്പരോ മറ്റോ ഉണ്ടോ എന്ന് തിരക്കി. കിട്ടിയ മേൽ വിലാസം ഒറ്റ നോട്ടത്തിൽ തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയും. കിട്ടിയ നമ്പരിൽ വിളിച്ച് നോക്കി. ഉത്തരമില്ല. എന്തായാലും മേൽ നടപടി അവസാനിപ്പിച്ചിച്ചിട്ടില്ല, തുടരുന്നു, എത്ര ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ഈ അഴുക്ക് സാധനങ്ങൾ പൊതിഞ്ഞ് കെട്ടി പാഴ്സലാക്കുന്നവന്റെ തൽസമയത്തെ  ഉള്ളിലെ ചിരിയും പരിഹാസവും ഞാൻ സങ്കൽപ്പിച്ച് നോക്കിയപ്പോൽ വല്ലാതെ രോഷം മനസ്സിലുണ്ടായി പോകുന്നു.

പണ്ട് നാട്ടിൽ മൂട്ട എന്ന പ്രാണിയുടെ ഉപദ്രവം വല്ലാതുണ്ടായപ്പോൾ ഏതോ ജലന്ധർ (പഞ്ചാബ്) കമ്പനിയുടെ പരസ്യം പത്രങ്ങളിൽ വന്നിരുന്നു. “മൂട്ടയെ കൊല്ലാൻ എളുപ്പ മാർഗം...വെറും അഞ്ച് രൂപാ മാത്രം.

 അന്ന് അഞ്ച് രൂപക്ക് 10 കിലോ അരി കിട്ടുമായിരുന്നെങ്കിലും മൂട്ട ശല്യം കാരണം ഡി.ഡി.റ്റിയും ടിക് റ്റ്വന്റിയും പരാജയപ്പെട്ടിടത്ത്  പലരും ജലന്ധറിലേക്ക് പരസ്യത്തിൽ കണ്ട വിലാസത്തിൽ അഞ്ച് രൂപാ മണി ഓർഡർ അയച്ചു. എല്ലാവർക്കും ഒരു ചെറിയ പാഴ്സൽ വന്നു. പാഴ്സലിൽ ഉണ്ടായിരുന്ന സാധനങ്ങൾ (1) ഒരു ചെറിയ അടകല്ല് (2) ഒരു കുഞ്ഞ് ചുറ്റിക (3) ഒരു ചെറിയ ചവണ. കൂടെ ഇംഗ്ളീഷിലും ഹിന്ദിയിലും മലയാളത്തിലും തമിഴിലും നിർദ്ദേശവും.

 “മൂട്ടയെ കണ്ടെത്തിയാൽ അതിനെ ചവണ കൊണ്ട് പിടിച്ച് അടകല്ലിൽ വെച്ച് ചുറ്റിക കൊണ്ട് ഒരു അടി പാസ്സാക്കുക. മൂട്ട ചത്തിരിക്കും “

കാലം കുറേ കഴിഞ്ഞിരിക്കുന്നു, ജലന്ധർ തട്ടിപ്പുകൾക്ക് പകരം ഇപ്പോൾ ഓൺ ലൈനിൽ തട്ടിപ്പായിരിക്കുന്നു. അന്നും ഇന്നും പറ്റിക്കാൻ കുറേ പേരും പറ്റിക്കപ്പെടാൻ അനവധി ആൾക്കാരും. അതിന് ഒരു കുറവും അപ്പോഴുമില്ല, ഇപ്പോഴുമില്ല.

Saturday, November 11, 2023

വിഷം...കൊടും വിഷം...

                                      വിഷം.... കൊടും വിഷം.....

 ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ ഉച്ച നേരങ്ങളിൽ കഴിക്കാനായി ചിലപ്പോൾ അലൂമിനിയം തൂക്ക് പാത്രത്തിൽ ഞാൻ ചോറും അൽപ്പം മുളകു ചമ്മന്തിയുമായി  സ്കൂളിൽ പോകുമായിരുന്നു.ആലപ്പുഴ കൊമ്മാടിക്കാരനായ ഭാസ്കരനായിരുന്നു എന്റെ അടുത്ത കൂട്ടുകാരൻ. ഉച്ചക്ക് ഞാൻ അവനുമായിരുന്നു ആഹാരം കഴിച്ചിരുന്നു. അവന്റെ പാത്രത്തിൽ ഞാൻ കൈ ഇട്ട് ചീര തോരനും മറ്റും വാരി തിന്നും. അവൻ എന്റെ പാത്രത്തിൽ നിന്നും മുളക് ചമ്മന്തി വാരി എടുക്കും. ഞങ്ങൾക്ക് പരസ്പരം ഈ കാര്യത്തിൽ എതിർപ്പോ തടസ്സമോ ഇല്ലായിരുന്നു. ഭാസ്കരനെ അന്യനായോ ഇതര മതസ്തനായോ ഞാൻ ഒരിക്കലും കണ്ടിരുന്നില്ല.അവൻ എന്നോടും അപ്രകാരം തന്നെ ആണെന്നാണ് എനിക്കിപ്പോഴും വിശ്വസിക്കാൻ ഇഷ്ടം. വിദ്യാഭ്യാസ കാലത്തിന് ശേഷം അവനെ ഞാൻ ഇത് വരെ കണ്ടിട്ടില്ലങ്കിലും. 

മുസ്ലിം കേന്ദ്രമായ സക്കര്യാ ബസാറിലും വട്ടപ്പള്ളിയിലും അപൂർവമായാണ് ഇതര മതസ്തർ താമസിച്ചിരുന്നത്. എന്റെ വീടിന്റെ കിഴക്ക് വശം കാർത്യായനി അമ്മൂമ്മയും കുടുംബവും വാസു ചേട്ടനും ശിവാനന്ദൻ ചേട്ടനും മറ്റും താമസിച്ചിരുന്നു. കാർത്യായനി അമ്മൂമ്മയുടെ വീട്ടിലെ രവി അണ്ണനും, രാധ ചേച്ചിയും സരള ചേച്ചിയും  അവർ അന്യരാണെന്ന് ഇത് കുത്തിക്കുറിക്കുന്ന സമയത്ത് പോലും എനിക്ക് വിചാരമില്ല.

44 പേർ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സബ് കോടതിയിൽ ആ കാലത്ത് ഏക മുസ്ലിം ജീവി ഞാൻ മാത്രമായിരുന്നു. പക്ഷേ എനിക്കങ്ങിനെ ഒരു ചിന്തയോ അവർക്കാർക്കും എന്നോടപ്രകാരമോ കാഴപ്പാടോ ഇല്ലായിരുന്നു.ഇന്നും എന്റെ ഉണ്ണിയും (ഉണ്ണി ക്രിഷ്ണൻ), സുരേഷ്, മനോജ്, വിജയൻ പിള്ള തുടങ്ങിയവർ എന്നെ അണ്ണാ എന്ന് സംബോധന ചെയ്യുന്നു,അവർ എന്റെ സഹോദരങ്ങളെ പോലെയാണ്     ബഹുമാന്യനായ ഡിസ്റ്റ്റിക്റ്റ്. (റിട്ട) ജില്ലാ ജഡ്ജ് വാസൻ സാർ ഇന്നും എന്റെ കുടുംബ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.

ഇപ്പോഴും എ ന്റെ മനസ്സിൽ എന്റെ പരിചയക്കാർ ഇതര മതത്തിൽ പെട്ടവരായാലും അവരെ വേറിട്ട് കാണാൻ കാണാൻ കഴിയുന്നില്ല. പക്ഷേ ഞാൻ ഉൾപ്പെട്ട സമുദായത്തൊട് പൊതുവേ ചിലരുടെ പ്രതികരണം  കാണുമ്പോൾ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നത്. പലസ്തീൻ പ്രശ്നത്തിലും  കളമശ്ശേരി യഹോവാ സാക്ഷികളുടെ കണ്വെൻഷൻ സെന്ററിലെ ബോംബ് സ്ഫോടന  സംഭവത്തിലും ഓൺ ലൈൻ മാധ്യമ പ്രതികരണങ്ങൾ കാണുമ്പോൾ അന്തം വിട്ട് പോവുന്നു. തെറ്റിനെതിരെ അത് ആരായാലും ശക്തമായി പ്രതികരിക്കണം.ആവശ്യമാണ് സമ്മതിക്കുന്നു. പക്ഷേ അത് ആ വ്യക്തി ഉൾപ്പെടുന്ന  സമുദായത്തൊട് പൂർണമായി തിരിയുന്നത് കാണുമ്പോൾ ഭയം തോന്നുകയാണ്. ഇത്രയും പകയുമായാണോ നിങ്ങൾ ഈ സമുദായത്തെ കാണുന്നത്. കാണുമ്പോഴും നമസ്കാരം പറയുമ്പോഴും ചിരിക്കുമ്പോഴും നിങ്ങളുടെ മനസ്സിലെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നുവോ.!

നിങ്ങളുടെ നാല് തലമുറക്കപ്പുറം ഈ സമുദായത്തിലെ എല്ലാവരും നിങ്ങളുടെ മതത്തിൽ പെട്ടവർ തന്നെയായിരുന്നു അല്ലാതെ ഇവിടെ താമസിക്കുന്ന ഇപ്പോൾ ആരോപണവിധേയമാകുന്ന മതത്തിലെ ഒരുത്തരും മക്കയിൽ നിന്നും മദീനയിൽ നിന്നും നേരിട്ട് വന്നവരല്ല. ഏതെങ്കിലും ശങ്കരന്റെയോ വാസു പിള്ളയുടെയോ ഗോവിന്ദന്റെയോ പിൻ തലമുറക്കാരാണവർ.

ഈ ഭാരതത്തിൽ അധിനിവേശം നടത്തിയ പോർത്ത്ഗീസുകാരെയും ഡച്ച്കാരെയും ഇംഗ്ളീഷ്കാരെയും ഫ്രഞ്ച്കാരെയും അതാത് രാജ്യത്തിന്റെ പേരുമായി കൂട്ടിച്ചേർത്ത് പറയുമ്പോൾ മുസ്ലിം അധിനിവേശക്കാരെ എന്തിന് മതവുമായി ബന്ധപ്പെട്ട് വിളിക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിലെ പക മാറുന്നില്ല എന്നതല്ലേ സത്യം.

മനസ്സിലെ തെറ്റിദ്ധാരണകൾ മാറ്റി വെക്കാൻ സമയമായിരിക്കുന്നു.

 ഈ മണ്ണിന്റെ ചോര തന്നെ എല്ലാവരുടെയും സിരകളിലൂടെ ഒഴുകുന്നത്. അതിന്റെ നിറം ചുവ്പ്പാണ് ആ ചോര ആവശ്യം വരുമ്പോൾ അപ്പോൾ ജാതിയും മതവും നോക്കാതെയല്ലേ നമ്മൾ സ്വീകരിക്കുന്നതും കൊടുക്കുന്നതും.      പിന്നെന്തിന് മനസ്സിൽ കൊടും വിഷവുമായി നിങ്ങൾ കഴിയുന്നത്. ഒരേ സൂര്യന്റെ ചൂട് കിരണങ്ങളാണ് നമ്മളിലേവരിലും പതിക്കുന്നത്  ഒരേ ചന്ദ്രന്റെ തണുത്ത രശ്മികൾ നമ്മെ തഴുകുന്നു. ഒരേ വായു നാം ശ്വസിക്കുന്നു.  ഒരേ ആകാശത്തിന് കീഴിൽ പരസ്പരം കണ്ടും സ്നേഹിച്ചും കഴിയേണ്ടവരാണ് നാം. 

ഒരു കോവിഡ് കാരണം  കുറേ നാൾ നാം  അനുഭവിച്ചത് ഒരിക്കലും  മറക്കാതിരിക്കുക.

Tuesday, October 31, 2023

പണ്ടത്തെ പ്രസവം.....

  പ്രസവം:  അന്നും....ഇന്നും ....

 ആശുപത്രിയിൽ പോകാതെ  വീട്ടിൽ തന്നെ നടക്കുന്ന പ്രസവങ്ങളെ സംബന്ധിച്ച  ഒരു ലേഖനം ഇന്ന് “കുടുംബം“ മാസികയിൽ വായിക്കാനിടയായി. അപ്രകാരം വീടിന്റെ ഉള്ളകങ്ങളിൽ മെഡിക്കൽ സംരക്ഷണം ഇല്ലാതെ നടക്കുന്ന പ്രസവങ്ങൾ എപ്പോഴും അപകടകരമായി ഭവിച്ചേക്കാമെന്ന് ലേഖനത്തിൽ ഉടനീളം സമർത്ഥി ച്ചിരിക്കുന്നു. ഇന്നത്തെ കാലത്തെ സാമൂഹികാന്തരീക്ഷവും മറ്റും കൂലംകഷമായി ചിന്തിക്കുമ്പോൾ ആ വാദം ശരിയായിരിക്കാംഎന്ന് സമ്മതിക്കുനതിനോടൊപ്പം   ഈ അപകടങ്ങൾ പണ്ട് കാലത്തും ഉണ്ടായിരുന്നെന്നും അതിനെ വിജയകരമായി അതിജീവിച്ചാണ് ഈ കുറിപ്പ്കാരൻ വരെ ജന്മം കൊണ്ടതു എന്നും എന്നിട്ട് ഇപ്പോൾ കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് ടൈപ്പ് ചെയ്യുന്നതു എന്നും ചിന്തിക്കുമ്പോൾ അന്തം വിട്ട് പോകുന്നു.

എന്റെ രണ്ടാമത്തെ മകൻ ബിജു വീടിനുള്ളിലാണ് ജന്മമെടുത്തത്. ദൈവ കാരുണ്യത്താൽ അവൻ ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു ഇത് ടൈപ്പ് ചെയ്യുന്ന നേരം കേരളാ എൻ.ജി.ഓ. യൂണിയന്റെ ജില്ലാ വൈ പ്രസിഡന്റായ അവൻ സഹകാരികളോടൊപ്പം ഡെൽഹിയിലേക്ക് ഏതോ സമര പരിപാടിക്കായി ട്രൈനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അവനെ പ്രസവിച്ച നേരം അവന്റെ അമ്മക്ക് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.മൂത്ത മകന്റെ ജനനം “കന്നി പേറായിരുന്നതിനാൽ“ആശുപത്രിക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തി 15 മിനിട്ടിനകം സംഗതി നടന്ന് കഴിഞ്ഞിരുന്നു.

 അവന്റെ പിതാവായ ഞാൻ എന്റെ ഉമ്മയുടെ മൂന്നാമത്തെ സന്തതിയും പിന്നെയും എന്റെ ഉമ്മ പല തവണകളിൽ പ്രസവിച്ചിരുന്നുവെങ്കിലും  അതെല്ലാം വീടിൽ തന്നെ ആയിരുന്നിരുന്നു എന്നും ഇപ്പോഴും ഓർക്കുന്നു.

അന്നും സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ ഉണ്ടായിരുന്നെങ്കിലും ബഹു ഭൂരി പക്ഷം ജനങ്ങളും നാട്ട് പതിച്ചി, മിഡ് വൈഫ്മാർ എന്നിവരിലൂടെ  വീട്ടിൽ തന്നെ “കാര്യം കയിച്ച് കൂട്ടി.“ ഓരോ ദേശത്തും എക്സ്പേർട്ടായ പേറ്റിച്ചികളും  മെഡിക്കൽ ബാഗിൽ എനിമാ സൂത്രവും കൊണ്ട് നടക്കുന്ന മിഡ് വൈഫ്മാരും ഉണ്ടായിരുന്നുവല്ലോ. അന്ന് വീട്ടിൽ ഡാക്ക്ട്ടറന്മാർ വരുന്ന പ്രസവം  സ്ത്രീക്ക് ഒരു ബഹുമതി ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ  “ഡാക്കിട്ടറെ കൊണ്ട് ബായോ“ ചെറു കഥ വായിച്ചിട്ടുള്ളവർക്കും 50 വയസ്സിന് മുകളിൽ ഇപ്പോൾ പ്രായം ഉള്ളവർക്കും  ഈ പറഞ്ഞത് തിരിച്ചറിയാൻ കഴിയും. 

എന്തെല്ലാം പറഞ്ഞാലും പ്രസവക്കാരിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് പതിച്ചിക്ക് ആശങ്ക ഉണ്ടെങ്കിൽ അവർ അപ്പോൾ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും ഗർഭിണീയെ കാറിലോ കാള വണ്ടിയിലോ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും. എത്ര സങ്കീർണമായാലും പിന്നെയും പെണ്ണുങ്ങൾക്ക് പ്രവിക്കുന്നതിന് ഒരു മടിയുമില്ലായിരുന്നു. “നാം രണ്ട് നമുക്ക് രണ്ട്“ പരിപാടി അന്ന് ഊർജിതത്തിൽ ഇല്ലായിരുന്നു. എന്ത് ദാരിദ്രിയം ആയാലും പെണ്ണുങ്ങൾ ശറപറേന്ന് പെറ്റ് കൂട്ടുകയും ചെയ്യും. എല്ലാ മാസവും ലേഡീ ഡാക്ടറുടെ പരിശോധന , സ്കാൻ ചെയ്യൽ, ഇതൊന്നും ഇല്ലാതെ അന്ന് ഗർഭ കാലം കടന്ന് പോവുകയും ചെയ്യും. നെല്ല് കുത്ത്, അരകല്ലിൽ അരപ്പ്, വെള്ളം കോരൽ , തുടങ്ങിയ എല്ലാ വീട്ട് ജോലികളും സാധാരണത്തെ പോലെ നടക്കുകയും ചെയ്യുമായിരുന്നു.കർഷക തൊഴിലാളി ഞാറ് നട്ട് കൊണ്ടിരിക്കെ വരമ്പിൽ കയറി വന്ന് പ്രസവിക്കുന്ന  സംഭവങ്ങളുംഅപൂർവമായിസംഭവിക്കാറുണ്ടായിരുന്നത്രേ!

കാലമെത്ര കടന്ന് പോയി. ഇന്നത്തെ പെൺ കുട്ടികൾ ഇതെല്ലാം കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ ഇങ്ങിനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നുവെന്ന് അവർ തിരിച്ചറിയുമ്പോഴേ ഇന്ന് അവർക്ക് ലഭിക്കുന്ന പരിചരണത്തെ പറ്റി ബോധവതികളാകൂ.

Saturday, October 14, 2023

ഭാവി ബോംബുകൾ

 


ഇന്നലെ  പത്രത്തിൽ കണ്ട ഒരു ചിത്രമാണിത്. ഗാസ്സയിൽ ഇസ്രെയൽ നടത്തിയ ബോംബ് വർഷത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന് മുമ്പിൽ കൂട്ടം കൂടിയിരിക്കുന്ന ഫലസ്തീൻ യുവത.

അവർ ജനിച്ച , കളിച്ച്  വളർന്ന അവരുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞിരുന്ന വാസ സ്ഥലമാണ് ചവറ് കൂനയായി രൂപാന്തരം പ്രാപിച്ച് കൂട്ടിയിട്ടിരിക്കുന്നത്.ആ മുഖങ്ങളെ നിരീക്ഷിക്കൂ. എന്തൊരു നിർവികാരതയും നിസ്സംഗതയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഇവരെ ഈ ഗതിയിലെത്തിച്ചവർ ഇവരെ ആ സ്ഥലത്ത് നിന്ന് തൂത്തെറിഞ്ഞ് കളം ശുദ്ധമാക്കി സ്വസ്ഥവും സമാധാനവുമായി  ഉറങ്ങാമെന്ന് സ്വപ്നം കാണുന്നുണ്ടോ? തെറ്റും ശരിയും എന്തായാലും നീതിയും അനീതിയും എന്തായാലും നാളെ എന്ത് എന്ന ചിന്ത തലയിലിട്ട് പുകക്കുന്ന ഇവർ ഭാവിയിൽ എന്തായി മാറ്റപ്പെടുമെന്ന് ആര് കണ്ടു

ലോക ചരിത്രം പലതും നമ്മെ കാട്ടി തരുന്നു. ജാലിയൻ വാലാ ബാഗിൽ തടിച്ച് കൂടിയ ജനക്കൂട്ടം, വിയറ്റ് കോംഗുകൾ, ചെഗുവരെ സൈന്യം, അമേരിക്കൻ ഐക്യ നാടുകളിൽ ബ്രിട്ടനെതിരെ സമരം ചെയ്തവർ, പുന്നപ്ര വയലാർ  പോരാളികൾ  തുടങ്ങി എത്രയെത്രയോ സമര പോരാളികൾ .ഇവരെല്ലാം ഒരു ദിവസം രാവിലെ  സമര രംഗത്തേക്ക് ഇരച്ചിറങ്ങുകയല്ലായിരുന്നല്ലോ.  എല്ലാറ്റിനും പുറകിൽ എന്തെങ്കിലുമെന്തെങ്കിലും അടിച്ചമർത്തലുകൾ ഉണ്ടായിരുന്നു. അവരുടെ  സമരത്തിന്റെ ശരിയും തെറ്റും  എന്തുമാകട്ടെ, അവർ അനീതിക്കിരയായിരുന്നു എന്ന സത്യം മാത്രം മതി അവരുടെ ചെയ്തികളെ ന്യായീകരിക്കപ്പെടാൻ..

ലോക പോലീസ് എത്രയെത്ര ആയുധങ്ങൾ  കപ്പലുകളിൽ വിമാനങ്ങളിൽ കൊണ്ട് വന്ന് സഹായിച്ചാലും ഒരു ദിവസം അവയെല്ലാം നിഷ്ഫലമാകും.  കാരണം “മർദ്ദിതന്റെ വിലാപത്തിനും പ്രപഞ്ച ശക്തിയുടെയും ഇടയിൽ മതിലുകൾ ഇല്ല“ എന്ന  സത്യം പണ്ടും പുലർന്നിട്ടുണ്ട് ഇനിയും പുലരുക തന്നെ ചെയ്യും. തീർച്ച.


Thursday, October 12, 2023

ഗസ്സാ മുനംബും ഇടി വെട്ടും

 ഇന്ന് ഉച്ചക്ക്  രണ്ടര മണിയോടെ  ഈ പ്രദേശത്ത് ശക്തമായ ഒരു ഇടി വെട്ടി. അതിനു മുമ്പുണ്ടായ കണ്ണഞ്ചിക്കുന്ന മിന്നലും തുടർന്നുണ്ടായ ഇടിയും വല്ലാതെ ഭീതി ഉളവാക്കുന്നതായിരുന്നു. ഞങ്ങളുടെ വീടിന്റെ ജനൽ ചില്ലുകൾ കിലുകിലുത്തു.പെട്ടെന്ന് തന്നെ കറന്റ് പോയി. ഭാര്യ ഭയപ്പെട്ട് നിലവിളിച്ചു.  ഇടി പെട്ടെന്നായതിനാൽ ഈയുള്ളവനും ഒന്നു പകച്ചു.എവിടെയെങ്കിലും എന്തെങ്കിലും നാശമുണ്ടായി കാണണം. അത്രക്കു ശക്തിയായ ഇടിയായിരുന്നുവല്ലോ.

പെട്ടെന്ന് മനസ് കടൽ കടന്ന് ദൂരെ ദൂരേക്ക് പറന്ന് പോയി. ഒരു ഇടിവെട്ടിനെ തുടർന്ന് ഇവിടെ വീട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിക്കുന്നു, ഗൃഹനായകന്മാർ പകച്ച് പോകുന്നു. അപ്പോൾ എപ്പോഴും ഇടി വെട്ട് പോലെ ബോംബ് സ്ഫോടനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു പറ്റം മനുഷ്യരുടെ അവസ്ഥയെ പറ്റി ഓർത്തു പോയി. എത്ര സമാധാനത്തോടെയാണ് നാം ഈ നാട്ടിൽ ജീവിക്കുന്നത്. ആ സമയം തന്നെ ഭൂമിയിൽ മറ്റൊരിടത്ത് സ്ഫോടനത്താൽ വീട് തകർന്ന് നിലം പറ്റി കൊല്ലപ്പെട്ടവരെയും പരിക്ക് പറ്റിയവരെയും കണ്ട് ഹതാശയരായി നെഞ്ചത്തിടിച്ച് കരയുന്ന  ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു പറ്റം നിർഭാഗ്യ ജന്മങ്ങൾ അവരും ഈ ഭൂമിയിലെ മനുഷ്യരാണല്ലോ എന്ന് ചിന്തിച്ച് പോയി. അത്ര നേരം കൂടെ ഉണ്ടായിരുന്ന ഉറ്റവരുടെ അവസ്ഥ കണ്ട് ഏങ്ങലടിക്കുന്നതിനിടക്കു വീണ്ടും ഇരമ്പി വരുന്ന ബോംബർ വിമാനങ്ങളുടെ ലക്ഷ്യമാകുന്നതിൽ നിന്നും രക്ഷ പെടാൻ യാതൊരു വഴിയുമില്ലാതെ മുകളിൽ ആകാശം താഴെ ഭൂമി എന്ന സത്യം തിരിച്ചറിയുന്നതിലുള്ള അന്താളിപ്പോടെ പകച്ച് നിൽക്കുന്ന ആ ജനത്തിന് ആരാണ്` തുണയായി ഉള്ളത്.

ഞാൻ ഈ കുറിപ്പുകൾ എഴുതിയത് ഇത്രയും വായിച്ച് കഴിയുമ്പോഴേക്കും പലരിലും മനസ്സിലുണ്ടായത് “പോയി വാങ്ങിയതല്ലേ? അനുഭവിക്കൂ“ എന്ന പ്രതികരണമാണെന്ന് കഴിഞ്ഞ മണിക്കൂറുകളിലെ  ചില പോസ്റ്റുകളും കമന്റുകളും  എന്നെ ബോദ്ധ്യപ്പെടുത്തുന്നു. അതേ! തീർച്ചയായും  നിങ്ങളുടെ അഭിപ്രായങ്ങളിന്മേൽ പരാതിയില്ല. കാരണം 1947 ന് മുമ്പ്  നമുക്ക് അങ്ങിനെയൊരു അവസ്ഥ ആയിരുന്നെന്ന സത്യം നമ്മളിൽ പലർക്കും പുസ്തകത്തിലൂടെയുള്ള അറിവ് മാത്രമേ ഉള്ളതിനാൽ നമുക്ക് ഈ സ്വതന്ത്ര രാജ്യത്തിലിരുന്ന് അങ്ങിനെയുള്ള അഭിപ്രായങ്ങൾ തട്ടി വിടുന്നതിന് ഒരു തടസ്സവുമില്ലല്ലോ. പക്ഷേ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന തിരിച്ചറിയാൻ കഴിയൂ.

ജനിച്ച് വളർന്ന മണ്ണിൽ നിന്നും മൂവായിരം കൊല്ലങ്ങൾക്ക് മുമ്പുള്ള അവകാശ തർക്കവുമായി വന്ന അധിനിവേശക്കാരാൽ പുറത്താക്കപ്പെട്ടവർക്ക് അവരുടെ ജന്മ ഭൂമി പ്രാണന് തുല്യമായതിനാൽ അത് തിരിച്ച് കിട്ടാൻ അവർ സ്വീകരിക്കുന്ന സമര മാർഗങ്ങൾ എപ്പോഴും അവർക്ക് ശരിയായിരിക്കും. മാറി നിന്ന് കാണുന്നവർക്ക് “പോയി വാങ്ങിച്ച് കെട്ടിയതല്ലേ എന്ന് പരിഹസിക്കാമെങ്കിലും പണ്ട് സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന മാമാങ്കത്തെ പറ്റി പഠിച്ചവർക്ക്  ആ സമര മാർഗത്തെ വിമർശിക്കാൻ കഴിയില്ല. അതേ! ഒന്ന് കൂടി പറയുന്നു പിറന്ന ഭൂമി പ്രാണന് തുല്യമല്ല, അതിനും മുകളിലാണ്.

 75 വർഷങ്ങളായി ലോക ജനത  കാണിക്കുന്ന നിസ്സംഗതയാണ് ഇരു ഭാഗത്തെയും കൂട്ടക്കൊലക്ക് പ്രധാനമായ കാരണം

ആ ജനതയെ പൂർണമായി ഉന്മൂലനം ചെയ്ത് സുഖമായി നമുക്ക് ഉറങ്ങാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. കാരണം ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ് അതായത് വിപ്ളവത്തിന്റെ തീക്കനൽ ചാരം മൂടി കുറേ കാലം അണഞ്ഞ മട്ടിൽ കിടന്നേക്കാം പക്ഷേ ഒരു കുളിർ കാറ്റായിരിക്കും ആ കനൽ ആളിക്കത്തിക്കുന്നത് എന്ന സത്യം.

(ദയവ് ചെയ്ത് മതത്തിന്റെ കാഴ്ചപ്പാടുമായി കമന്റാൻ ആരും ഇങ്ങോട്ട് വരല്ലേ...അതോടൊപ്പം മൂവായിരം വർഷത്തിനു മുമ്പുള്ള  ചരിത്രം പഠിപ്പിക്കാനും മെനക്കെടേണ്ട...)

Thursday, October 5, 2023

കോളിളക്കം...സിനിമയും ചില ഓർമ്മകളും

 കോളിളക്കം  എന്ന സിനിമയുടെ  അൻപതാം ദിവസ ആഘോഷമായിരുന്നു അന്ന്.  കൊട്ടാരക്കര വീനസ് തീയേറ്ററിലേക്ക് ജനം ഇരച്ച് കയറി വന്നു കൊണ്ടിരുന്നു. ആ ദിവസത്തിൽ പടത്തിൽ അഭിനയിച്ച നടൻ ശ്രീ മധുവും  മറ്റ് താരങ്ങളും വീനസിൽ ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു പരസ്യം. ആ കാലഘട്ടം അങ്ങിനെയായിരുന്നുവല്ലോ. സിനിമാ നല്ലതാണെങ്കിൽ ഇരുപത്തി അഞ്ചും അൻപതും ദിവസങ്ങൾ  തികയുന്ന ദിവസത്തിൽ അഭിനേതാക്കൾ അത് പ്രദർശിപ്പിക്കുന്ന കൊട്ടകയിലെ ആഘോഷത്തിൽ പങ്കെടുക്കുമായിരുന്നു, ആ ദിവസവും നല്ല ഒരു കളക്ഷൻ തീയേറ്റർകാർക്ക് ലഭിക്കുന്നത് സാധാരണമാണ്.

മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ വൻ ദുരന്തമായിരുന്നു, കോളിളക്കം ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായത്. ഒരു ഹെലികോപ്ടറിൽ സുപ്രസിദ്ധ നടൻ ജയൻ ചാടിക്കയറുന്ന രംഗം ചിത്രീകരിക്കുമ്പോൾ ഹെലികോടറിൽ അദ്ദേഹത്തിന്റെ തല മുട്ടി നടൻ താഴേക്ക് വീണുദുരന്തം സംഭവിച്ചു. ഡ്യൂപ്പ് വെച്ച് അഭിനയിക്കാത്ത നടനായിരുന്നു അദ്ദേഹം. ആ ദുരന്തത്തോടെ ആവറേജ് ചിത്രമായ കോളിളക്കം  തീയേറ്ററുകളിൽ വൻ ഹിറ്റായി മാറി

 അൻപതാം ദിവസ ആഘോഷത്തിൽ പങ്കെടുക്കാനായി മധു സാർ തീയേറ്ററിൽ വരുന്നതിനു മുമ്പ് കുഞ്ചനും സിലോൺ മനോഹറും കൊട്ടകയിലെത്തുകയും സിലോൺ മനോഹർ മധുരമായ സ്വരത്തിൽ അന്ന് സിനിമാ ലോകത്തെ ഹിറ്റായ “സുരാങ്കനി...“ പാടി കാണികളെ ഹരം കൊള്ളിക്കുകയും കുഞ്ചൻ പല വിധത്തിലുള്ള മിമിക്രി പരിപാടി അവതരിപ്പിക്കുകയും ചെയ്ത് ആഘോഷത്തെ നിറം പിടിപ്പിച്ചു.

സിലോൺ മനോഹറിനെ അറിയില്ലേ? സത്യ ബാബാ മോഡലിലെ തലമുടിയും  ഉറച്ച  ശരീര ഭാവങ്ങളുമുള്ള അന്നത്തെ പല സിനിമകളിലെയും വില്ലൻ! ആ ദിവസം  പരിചയപ്പെട്ടപ്പോൾ ഇത്രയും വിനയമുള്ള ഈ മനുഷ്യനെങ്ങിനെ വില്ലൻ റോളിൽ അഭിനയിക്കുന്നു എന്ന് ഞാൻ അതിശയിച്ച് പോയി.പ്രസിദ്ധമായ  ആ മുടി ഒന്നുമില്ലാതെ “തുറുപ്പ് ഗുലാൻ“ എന്ന പടത്തിൽ  വില്ലൻ റോളിൽ അഭിനയിക്കുന്നതാണ് അവസാനമായി കണ്ടത്.ആൾ ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല.

മധു സാർ വന്ന് ചേർന്നപ്പോൾ ജനം ആർത്ത് വിളിച്ചു. തീയേറ്റർ ഉടമസ്ഥൻ ചെറിയാച്ചന്റെ വീട്ടിലായിരുന്നു അതിഥികൾക്ക് കാപ്പി ഏർപ്പാടാക്കിയിരുന്നത്. സിനിമാ ഫീൽഡിൽ എല്ലാ വിഭാഗത്തിലും അൽപ്പം പരിചയമുണ്ടായിരുന്ന എനിക്ക് അന്ന് നടന്മാർ തമ്മിലുള്ള ഇടപെടലിന്റെ  ഏറ്റക്കുറച്ചിൽ  പൂർണമായി തിരിച്ചറിയാൻ സാധിച്ചത് അന്നാണ്. കാപ്പി മേശയിൽ മധു സാറും നിർമ്മാതാവും അടുത്തടുത്തിരുന്നു. സിലോൺ മനോഹറിന്റെ നേരെ നോക്കി മധു സാർ വിളിച്ചു “മരിച്ച മനുഷ്യൻ കാപ്പി കുടിക്കാൻ വരൂ...“ ( ആ പടത്തിൽ സ്റ്റണ്ട് രംഗത്ത്  സിലോൺ മനോഹർ കൊല്ലപ്പെട്ട രംഗം ഉണ്ടായിരുന്നു.) പക്ഷേ മനോഹർ ആ മേശയിൽ കൂടിയില്ല. അതി ഭവ്യതയോടെ  അദ്ദേഹം അറ്റൻഷനിൽ മേശക്കരുകിൽ വടി പോലെ നിന്നു. പിന്നീട് ആ അറ്റൻഷൻ നിൽപ്പ് ഞാൻ കണ്ടത് മുഖ്യ മന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യമുള്ള സദസ്സിലെ ഭീമൻ രഘുവിന്റെ നിൽപ്പായിരുന്നു. ഭീമന്റെ ആ നിൽപ്പിൽ എനിക്ക് അതിശയമൊന്നുമില്ലായിരുന്നു. പദവിയിൽ ഉയർന്നവർക്ക് അരികെ സിനിമാക്കാരും അവർ അഭിനയിക്കുന്ന സിനിമയിൽ കാണുന്നത് പോലെ പരസ്പരം അടുത്തിടപെടുകയോ അടുത്തിരിക്കുകയോ ചെയ്യാറില്ല. ആ ഫീൽഡിലും വലിപ്പ ചെറുപ്പം നിർബന്ധമാണ്` പോലും.

 മലയാളത്തിലെ ഒരു മെഗാ സ്റ്റാർ  ഷൂട്ടിംഗ് സ്ഥലത്ത് കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ കക്ഷി കുപിതനാകും. കുറച്ച് കാലങ്ങൾക്ക് മുമ്പ് മലയാളത്തിലെ ബാലക്രിഷ്ണൻ ചേട്ടന്റെ (സ്റ്റിൽസ് ഫോട്ടോഗ്രാഫർ) കാൽ പിടിക്കുന്ന ഒരു രംഗം ഒഴിവാക്കി ചിത്രീകരിക്കാൻ സുപ്രസിദ്ധ നർത്തകി കൂടിയായ നടി നിർബന്ധിച്ചു. ബാലക്രിഷ്ണൻ ചേട്ടൻ മരിച്ചു പോയെങ്കിലും ഇന്നും ആ കഥ സിനിമാ രംഗത്ത് പാട്ടാണ്.

കോളിളക്കം അൻപതാം ദിവസം ആഘോഷ പരിപാടി കഴിഞ്ഞപ്പോൾ മധു സാർ തിരുവനന്തപുരത്തേക്ക് പോയ കാറിൽ കയറാൻ കുഞ്ചനെ വിളിച്ചെങ്കിലും നടൻ കയറിയില്ല മറ്റൊരുകാറിലാണ് പോയത്.

ജീവിതത്തിലെ ഈ ഗ്രേഡ് തിരിക്കൽ എല്ലാ രംഗത്തുമുണ്ട്. ജുഡീഷ്യറിയിലും പോലീസിലും സൈന്യത്തിലും അത് തൊഴിലിന്റെ ഭാഗമായി വരുമ്പോൾ ആശുപത്രിയിലും മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ആദരി ക്കപ്പെടേണ്ടവർക്ക് ആവശ്യമില്ലെങ്കിലും ആദരിച്ചേ മതിയാകൂ എന്ന തോന്നൽ ആദർക്കേണ്ടവന് അസ്ഥിയിൽ പിടിച്ചാൽ ഭീമൻ രഘുവായി വടി പോലെ നിൽക്കാൻ നാം മടി കാണിക്കാറില്ല.

Friday, September 22, 2023

പ്രവാചകൻ അരുളി:

 പ്രവാചകൻ അരുളി:---(അബൂ ഹുറൈ റയിൽ നിന്നും നിവേദനം)

നിങ്ങളുടെ വേലക്കാരൻ നിങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നാൽ ---അവനാണ് ചൂടും പുകയും സഹിച്ച് അത് പാചകം ചെയ്തത്--- അവനെയും കൂടെ ഇരുത്തി ഭക്ഷിക്കുക. ഭക്ഷണം കുറച്ചേ ഉള്ളൂ എങ്കിൽ അതിൽ നിന്നും ഒന്നോ രണ്ടോ പിടിയെങ്കിലും അവന്റെ കയ്യിൽ വെച്ച് കൊടുക്കുക. അതായത് ഒന്നോ രണ്ടോ ഉരുള..

( സഹീഹുൽ മുസ്ലിം ഹദീസ് നമ്പർ  905)

(അബൂ ഹുറൈ റായിൽ നിന്നും നിവേദനം:)

ഭക്ഷ്യ ധാന്യത്തിന്റെ ഒരു കൂമ്പാരത്തിനടുത്ത് കൂടി പ്രവാചകൻ നടന്ന് പോവുകയുണ്ടായി.ധാന്യക്കൂമ്പാരത്തിൽ പ്രവാചകൻ കൈ കടത്തിയപ്പോൾ വിരലുകൾ നനഞ്ഞു. അവിടന്ന് ചോദിച്ചു.

 ധാന്യ വിൽപ്പനക്കാരാ ഇതെന്താണ് ?

“ദൈവ  ദൂതരേ! മഴ നനഞ്ഞതാണ്“ അയാൾ പറഞ്ഞു.

പ്രവാചകൻ ചോദിച്ചു “നനഞ്ഞത് ജനങ്ങൾക്ക് കാണത്തക്ക വിധം മുകളിൽ വെച്ച് കൂടായിരുന്നോ?

പ്രവാചകൻ അരുളി | “വഞ്ചിക്കുന്നവൻ നമ്മളിൽ പെട്ടതല്ല.“ 

(സഹീഹുൽ മുസിം  ഹദീസ് നമ്പർ 947)

പ്രവാചകന്റെ  ജന്മദിനാഘോഷ വേളയിൽ  അവിടത്തെ മൊഴികൾ പ്രാവർത്തികമാക്കുന്നതിലാണ് ശ്രേഷ്ട്ത)

Sunday, September 17, 2023

കൊച്ചി മട്ടാഞ്ചേരിയിലെ....

 കൊച്ചി മട്ടാഞ്ചേരിയിലെ

കൊച്ച് കോണിൽ നിന്ന്

പൊന്നു മോനാം സൈതുവിന്റെ

ഉമ്മയാണ് ഞാനേ....

പഴയ മാപ്പിള പാട്ടിന്റെ ഈണത്തിൽ  ഈ വരികൾ പണ്ടൊരു ഇലക്ഷൻ സമയത്ത് ആലപ്പുഴയിലും കൊച്ചിയിലും  കമ്മ്യൂണിസ്റ്റുകാർ  പാടി നടന്നു.

ഞാൻ അന്ന് വളരെ കുഞ്ഞാണ്. എങ്കിലും  ആ പാട്ടിന്റെ കരളലിയിക്കുന്ന ഈ ണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ഉമ്മാ പാടുന്ന പാട്ടായാണ് ആ ശോക ഗാനം അന്ന് അവതരിപ്പിച്ചിരുന്നത്. മുതിർന്ന ആരോടോ ചോദിച്ചപ്പോൾ  ഒരു ഉമ്മായുടെ  മകനായ സെയ്തു എന്നൊരു പയ്യനെ പോലീസ് വെടി വെച്ചു കൊന്നു എന്നും മട്ടാഞ്ചേരിയിലാണ്`ആ സംഭവം നടന്നത് എന്നും പറഞ്ഞ് തന്നു. പോലീസുകാരെ ഒട്ടും തന്നെ ഇഷ്ടമില്ലാത്ത എനിക്ക് ഇതു കൂടി കേട്ടപ്പോൾ ഒന്നു കൂടി പക തോന്നി.. തുടർന്ന് ഞങ്ങളുടെ വീടിന് സമീപമുള്ള  മൈതാനത്ത് അരിവാൾ ചുറ്റിക  കൊത്തിയ തകര പാട്ടക്കുള്ളിൽ റാന്തൽ വിളക്ക് കത്തിച്ച് മുള നാട്ടി സ്ഥാപിക്കുന്നതിൽ തൊഴിലാളികൾ പങ്കെടുത്തപ്പോൾ കുഞ്ഞായ ഞാനും  ദിവസവും  പങ്കെടുത്തു. ആ ഉമ്മായുടെ കരച്ചിൽ അത്രത്തോളം മനസ്സിനെ സ്പർശിച്ചിരുന്നുവല്ലോ.

അന്ന് കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ടിവി. തോമസ് ആയിരുന്നെന്നാണ് ഓർമ്മ. എതിർ സ്ഥാനാർത്ഥി ആരാണെന്ന് ഓർമ്മിക്കുന്നില്ല.1956ലോ 1957ലോ ആണ് തെരഞ്ഞെടുപ്പെന്ന് തോന്നുന്നു.

പിൽക്കാലത്ത്  കുഞ്ഞ് നാളിൽ കേട്ട ഈ പാട്ടിന്റെ ഉൽഭവം തപ്പി നടന്നപ്പോൾ  സംഭവം ചുരുൾ നിവർന്നു വന്നു.

കൊച്ചിയിൽ നടന്ന ചാപ്പ സമരത്തോടനുബന്ധിച്ച്   പോലീസ് നടത്തിയ നര നായാട്ടിൽ മരിച്ച സെയ്തുവിനെ സംബന്ധിച്ചായിരുന്നു ആ പാട്ട്. 1953 സെപ്റ്റംബർ 15 തീയതിയിലായിരുന്നു ആ വെടി വെപ്പ്.

രാവിലെ ജോലിക്ക് തയാറായി വരുന്ന അനേകം തൊഴിലാളികളിൽ കുറച്ച് പേർക്ക് മാത്രമേ തൊഴിൽ ലഭിക്കുകയുള്ളൂ. പട്ടിണി താണ്ഡവമാടുന്ന ആ കാലത്ത്  തൊഴിൽ കിട്ടിയാലേ വീട്ടിൽ അടുപ്പ് പുകയുള്ളൂ. അത് കൊണ്ട് എല്ലാ തൊഴിലാളികളും രാവിലെ മുതൽ തന്നെ പോർട്ടിൽ ഹാജരാകും. കോണ്ട്രാക്ടറന്മാരുടെ  ആൾക്കാർ തൊഴിലാളികളുടെ കൂട്ടത്തിന് നേരെ ചാപ്പ (ടോക്കൺ) എറിയും. പിന്നെ ഒരു പൊരിഞ്ഞ ഉന്തും തള്ളും നടക്കും ചാപ്പ കിട്ടിയവർക്ക് ജോലി അല്ലാത്തവർക്ക് വീട്ടിൽ പോകാം.

ഈ പരിപാടിക്കെതിരെ യൂണിയനുകൾ സമരത്തിലായി, തുടർന്നാണ് വെടി വെപ്പ് ഉണ്ടായത്. ആ വെടി വെപ്പിൽ സെയ്തു, സെയ്താലി, ആന്റണി എന്നീ തൊഴിലാളികൾ മരിച്ച് വീണു. സെയ്തുവിന്റെ മാതാവ് പാടുന്നതായുള്ള ഈരടികൾ ആരോചമച്ച് തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ആലപിച്ചിരുന്നു.

കാലം ഓടി പോയി. മിനഞ്ഞാന്ന് സെപ്റ്റംബർ 15 ആയിരുന്നു. സെയ്തു മരിച്ച് 70 വർഷം  കഴിഞ്ഞു.

 എന്നാലും കൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ മനസ്സിൽ ഈ ചാപ്പ സമരവും സെപ്റ്റംബർ 15ലെ  വെടി വെപ്പും നിലനിൽക്കും. കാരണം ഇപ്പോൾ അവർ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചാപ്പ സമരത്തെ തുടർന്ന്  ലഭിച്ചതാണല്ലോ.

Sunday, September 3, 2023

ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട്

 പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച  ആ മനുഷ്യന്റെ  പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ചില ഭാഗം ഇപ്രകാരമായിരുന്നു.

“.........ഇടിയും അടിയും കൊണ്ട് ചതഞ്ഞ ഒരു ശരീരം.കൈ ആറിടത്ത് ഒടിഞ്ഞിട്ടുണ്ട്. കഴുത്ത് ഒടിഞ്ഞീരിക്കുന്നു വാരിയെല്ലുകൾ മിക്കതും ഒടിഞ്ഞിട്ടുണ്ട്. കരള് കലങ്ങിയിട്ടുണ്ട്.........“

ഈ സംഭവം നടന്നത് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ലാക്കപ്പിലായിരുന്നു. ആ ലാക്കപ്പ് പിന്നീട് താലൂക്ക് ഓഫീസിലെ സർവേ ഭാഗത്തിന്റെ രേഖകൾ സൂക്ഷിക്കുന്ന ഇടമായി മാറി അൽപ്പം ചില വർഷങ്ങൾക്ക് മുമ്പ് ആ ലാക്കപ്പ് ഉൾപ്പടെയുള്ള കെട്ടിടം സർക്കാർ പൊളിച്ച് കളഞ്ഞ്  പുതിയ കെട്ടിടം നിർമ്മിച്ചു. അതോടെ  അവിടെ പണ്ട് നടന്ന  ആ ദുരന്തത്തിന്റെ  അവശേഷിപ്പും ഇല്ലാതായി.

പല ആവശ്യങ്ങൾക്കായി ഞാൻ പലപ്പോഴും  താലൂക്കാഫീസിൽ പോകുമ്പോൾ  ഇരുമ്പഴി വാതിൽ ഉള്ള ആ മുറിക്കുള്ളിലേക്ക് നോക്കി നിൽക്കാറുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ  പ്രവർത്തിക്കുന്ന  സബ് കോടതിയിലായിരുന്നല്ലോ എനിക്ക്  അന്ന് ജോലി.   

താലൂക്കാഫീസിലെ പ്രായം ചെന്ന ഒരു ജീവനക്കാരൻ എനിക്ക് ആ ലോക്കപ്പ് ചൂണ്ടിക്കാണിച്ച്  “സർ,...ഇവിടെയാണ് കോട്ടാത്തല സുരേന്ദ്രനെ  പോലീസ്കാർ ഇടിച്ച് കൊന്നത്...“ എന്ന് പറഞ്ഞതിന് ശേഷമായിരുന്നു  ഞാൻ ആ മുറി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഞാൻ അതിലേക്ക്  നോക്കി നിൽക്കുമ്പോൾ അവിടെ ആക്രോശങ്ങളും അലർച്ചയും ഉയർന്ന് പൊങ്ങുന്നതായി തോന്നും.... ഒരു മനുഷ്യനെ അവർ ചതച്ച് വാരിക്കൂട്ടുകയാണ്. അവരെ ആരും ചോദ്യം ചെയ്യില്ലാ എന്ന ഹുങ്ക്  അവർക്കുണ്ട്. അവരുടെ സഹ ജീവനക്കാരൻ പോലീസ്കാരനാണ് ആ പ്രതിയെ വളഞ്ഞ് പിടിക്കാൻ ഒരുമ്പെട്ടപ്പോൾ കുത്തിക്കൊല്ലപ്പെട്ടത്.ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള പ്രതിയെ കൂടാതെ മറ്റ് രണ്ട് പേരും  ഒപ്പമുണ്ടായിരുന്നു, അവർ ആരാണെന്ന് പോലീസുകാർക്കറിയണം.. അത് കൊണ്ട് തന്നെ മർദ്ദനത്തിന്റെ തീവൃത വിവരണാതീതമായിരുന്നു. അതിന്റെ ഫലമാണ് മുകളിൽ കാണീച്ച പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലൂടെ  വെളിപ്പെട്ടത്. പക്ഷേ    ക്രൂരമായി അടിച്ച് കൊല്ലുമ്പോഴും  ആ മനുഷ്യൻ കൂടെ ഉണ്ടായിരുന്ന ദാമോദരന്റെയും ജോസഫിന്റെയും പേര് പറഞ്ഞില്ല. അവസാന ശ്വാസം വലിക്കാൻ നേരം വെള്ളം ചോദിച്ചപ്പോൽ ആ ദുഷ്ട്ടന്മാർ വായിലേക്ക് മൂത്രം ഒഴിച്ച് കൊടുത്തു.അന്ന് രാത്രി ഏഴ് മണിക്ക് കോട്ടാത്തല സുരേന്ദ്രൻ മരിച്ചു.

പാർട്ടിയുടെ സംസ്ഥാപനത്തിനായി  സ്വന്തം ജീവൻ തന്നെ ബലി കൊടുത്ത ആ സഖാവ് കൊല്ലപ്പെട്ട ഇടം ഇത്രയും വ്യക്തമായി അറിയാമായിരുന്നിട്ടും പിൽക്കാലത്ത് ആ ഇടം ഒരു സ്മാരകമായി സൂക്ഷിക്കാൻ എന്ത് കൊണ്ട് ആരും ഒരുമ്പെട്ടില്ല. ഏത് പാർട്ടിക്ക് വേണ്ടിയാണോ താൻ പോലീസുകാരാൽ കൊല്ലപ്പെട്ടോ ആ പാർട്ടി അധികാരത്തിൽ വന്നത് ഒരു തവണയല്ല, പലതവണകളിലാണ് എന്നിട്ടും.........

ആരായിരുന്നു സുരേന്ദ്രനെന്ന് ആ ചരിത്രം പഠിച്ച് തിരിച്ചറിയുമ്പോഴേ ആ ത്യാഗം തിരിച്ചറിയൂ. സർക്കാർ ജോലി എന്നത് വര പ്രസാദമായിരുന്ന കാലത്ത് രജിസ്ട്രേഷൻ വകുപ്പിലുള്ള ജോലി കളഞ്ഞ് തിരുവിതാംകൂർ റോഡ് ട്രാൻസ്പോർട്ട് ബസിൽ കണ്ടക്ടർ  ജോലി നോക്കിയിരുന്ന അദ്ദേഹം പുന്നപ്ര വയലാർ വെടി വെപ്പിന് ശേഷം പട്ടാള ഭരണം പ്രഖ്യാപിച്ച ആസ്ഥലത്ത് സർ സി.പി.യുടെ പോലീസിനെ കൊണ്ടിറക്കുന്ന ജോലിയിലായിരിക്കവേ അവിടെ കണ്ട ഭീകരത  മനസ്സിൽ തട്ടി  ഉദ്യോഗം രാജി വെച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയ കറ കളഞ്ഞ കമ്മ്യൂണീസ്റ്റ്കാരൻ ആയിരുന്നു സുരേന്ദ്രൻ.

 ചിങ്ങം 18 ആയ ഇന്നേ ദിവസം. സുരേന്ദ്രന്റെ രക്ത സാക്ഷി ദിനം രണ്ട് പാർട്ടികളും ആഘോഷമായി ആചരിക്കുമ്പോൾ പാർട്ടി പ്രവർത്തനം പത്ത് പേരോട് അന്തസ്സായി തല ഉയർത്തി പറയാവുന്ന ഈ കാലത്തെ സഖാക്കൾ പണ്ട് കമ്മ്യൂണിസ്റ്റ് എന്ന് മുഴുവ്ൻ ഉച്ചരിക്കുന്നതിനു മുമ്പ് മൂർഖൻ പാമ്പിനെയെന്നവണ്ണം തല്ലിക്കൊന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും  അന്നത്തെ സഖാവായിരുന്നു ` കോട്ടാത്തല സുരേന്ദ്രൻ എന്നും തിരിച്ചറിയുകയും  തീർച്ചയായും  ആ ലോക്കപ്പ് മുറി ഒരു സ്മാരകമായി നില നിർത്തുകയും ചെയ്യുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.


Monday, August 28, 2023

ചന്ദ്രനിൽ ഹിന്ദു രാഷ്ട്രം വന്നാൽ.....

 ഏകാഗ്ര ചിത്തനായി ഞാൻ ഉരുവിട്ട് കൊണ്ടിരുന്നു...

“ന ബൈത്തു സൗമഗദിൻ അൻ അദായി........( ഈ വർഷത്തെ  റമദാൻ മാസത്തിലെ  നിർബന്ധമാക്കപ്പെട്ട    നാളത്തെ വൃതത്തെ  അല്ലാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ നിയ്യത്ത് (ശപഥം) ചെയ്യുന്നു....“ 

കേട്ട് കൊണ്ട് വന്ന എന്റെ ജീവിത പങ്കാളി ചോദിച്ചു 

“  വട്ടായി പോയോ? റമദാൻ മാസത്തിൽ നോമ്പ് കാലത്ത് പുലർച്ച ചൊല്ലേണ്ട നിയ്യത്ത് ഈ സഫർ മാസത്തിൽ  നട്ടുച്ചക്ക് എന്തിനാണ് ചൊല്ലുന്നത്... മറന്ന് പോയാൽ ആ ത്യാഗി ടീച്ചറമ്മ വന്ന്  പിള്ളാരെക്കൊണ്ട് കരണത്തടിക്കുമെന്ന് പേടിച്ചിട്ടാണോ?

ഞാൻ അവളെ രൂക്ഷമായി നോക്കി...“ നീ ഇതൊന്നും അറിയുന്നില്ലേടോ...? ഇനി  ഈ ചൊല്ലൽ തടയപ്പെട്ടാലോ?

“ആര് തടയുന്നു, എങ്ങിനെ തടയുന്നു....“

“പത്രം ഒന്നും വായിക്കാറില്ലേ..? സ്വാമി പറഞ്ഞു, ചന്ദ്രനിൽ നമ്മൾ പോയി ഇറങ്ങിയ സ്ഥലം  ഹിന്ദു രാഷ്ട്രമാക്കാൻ....?

ആയിക്കോട്ടേന്ന്....അതിന് നമുക്കെന്ത്?....“

“ബുദ്ദൂസ്സേ....നമ്മൾ നോമ്പ് പിടിക്കുന്നത്  എപ്പോഴാണ്...“

“റമദാൻ മാസത്തിൽ പുറ കണ്ടതിന് പിറ്റേന്ന് മുതൽ......“

“സ്വാമി ഹിന്ദു രാഷ്ട്രമാക്കിയതിന് ശേഷം ആ പുറ തന്നെ ഓഫാക്കി കളഞ്ഞാലോ....അല്ലെങ്കിൽ ഒരു അർജന്റ്  ഓർഡിനൻസ് ഇറക്കുന്നു ഈ രാഷ്ട്രത്തിലെ ഈ പുറ കണ്ട് ഒരുത്തനും ഭൂമിയിൽ നോമ്പ് പിടിക്കണ്ടാന്ന്....... സംഗതി കുഴഞ്ഞില്ലേന്ന്...“

“ശരിയാണല്ലോ റബ്ബേ!.....പിന്നെ  നമ്മളെന്ത് ചെയ്യും....കൊച്ച് വെളുപ്പാൻ കാലത്ത് ഈന്തപ്പഴവുംവെള്ളവും കുടിച്ച് നിയ്യത്ത് ചെയ്ത് നോമ്പ് പിടിക്കാൻ ഒക്കാതെ വരുമോ....“

“സന്ധ്യ സമയത്ത് തരിക്കഞ്ഞിയും നോമ്പ് കഞ്ഞിയും  കുടിക്കാൻ പറ്റ്വോ? അതെന്താടോ നീ പറയാത്തത്....“

“കുഴയുമല്ലോ റബ്ബേ......“

“ചക്ക കുഴയുന്നത് പോലെ കുഴയും....“

എന്ത് ചെയ്യും നമ്മള്???


Tuesday, August 15, 2023

അതിക്രമിച്ച് കടന്നവർ


 വീടിന്റെ  മുൻ വശം നിൽക്കുന്ന  ക്രിസ്തുമസ് ട്രീയിൽ  രണ്ട് ഇരട്ട തലച്ചി കിളികൾ കൂട് വെക്കുന്നത് വരാന്തയിലെ ചാരു കസേരയിൽ കിടന്ന് ഞാൻ നിരീക്ഷിച്ച് കൊണ്ടിരുന്നു. അവരുടെ ചടുലമായ നീക്കങ്ങളും നാല് ഭാഗത്തേക്കുള്ള നിരീക്ഷണങ്ങളും ആണും പെണ്ണും മാറി മാറി  പറന്ന് വന്ന്  ഡ്യൂട്ടി കൃത്യമായി ചെയ്യുന്നതും  രസാവഹമായ കാഴ്ചകളായി എനിക്ക് അനുഭവപ്പെട്ടു. ഹാജർ ബുക്കുകൾ ഇല്ലാതെ പഞ്ചിംഗ് മെഷീൻ ഇല്ലാതെ കൃത്യമായി അവർ മരത്തിലേക്ക് വന്നും പോയുമിരുന്നു.

 ഇതിനിടയിൽ രണ്ട് അടക്കാ കുരുവികൾ  ആ മരത്തിൽ  വന്ന് ഒരു കൊമ്പിലിരുന്ന് ഇരട്ട തലച്ചികളുടെ കൂട് നിർമ്മാണം സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടു, അടുത്ത നിമിഷം  ഇരട്ട തലച്ചികളിൽ ഒരെണ്ണം എവിടെ നിന്നോ പാറിവന്ന്  കുരുവികളെ പറ പറത്തിച്ചു. അവരെ തുരത്തി അപ്പുറത്ത് നിൽക്കുന്ന സപ്പോട്ടാ മരത്തിനും മുകളിലൂടെ  ഓടിച്ച് വിടുന്നത് എനിക്ക് കാണാമായിരുന്നു.

അടുത്ത ദിവസവും കുരുവികൾ  പറന്ന് വന്ന് മരക്കൊമ്പിൽ ഇരുന്നു. ഞാൻ അവരോട് പറഞ്ഞു “ എന്തിനാടെ , പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, അവരല്ലേ ആദ്യം വന്ന് കൂട് പണി തുടങ്ങിയത്, നിങ്ങൾക്ക് വേണമെങ്കിൽ അപ്പുറത്ത് മാവുണ്ട് , ചാമ്പ ഉണ്ട് സപ്പോട്ടാ ഉണ്ട്, അവിടെ എവിടെയെങ്കിലും പോയി പണിഞ്ഞാ പോരേ? ഈ ക്രിസ്തുമസ് ട്രീയിൽ തന്നെ വേണോ?

അവരിൽ ഒരാൾക്ക് എന്റെ ഉപദേശം പിടിച്ചില്ലന്ന് തോന്നുന്നു, തിരിഞ്ഞ് എന്നെ രൂക്ഷമായി നോക്കി. ഞാൻ പറഞ്ഞു, നീ എന്നെ വിരട്ടണ്ടാ, ഇപ്പോൾ വരും ഇരട്ട തലച്ചി...പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ എവിടെന്നോ ഇരട്ട തലച്ചി കിളി പറന്ന് വന്ന് കുരുവികളെ തുരത്തി.  കുരുവികൾ  ശ്രേഷ്ട മലയാളത്തിൽ എന്തെല്ലാമോ വിളിച്ച് കൂവി  പാഞ്ഞ് പോയി.

കിളികളുടെ കൂട് പണി പുരോഗമിക്കവേ ഒരു കിളി വായിൽ  ചകിരി നാരുമായി പറന്ന് വരുന്നത് കണ്ടു. കൂടിന്റെ മിനുക്ക് പണികൾക്കാവാമത്. പിന്നീട് ഒരാൾ മരത്തിനകത്തെ കൂടിലും അപരൻ തൊട്ടടുത്ത് പൂമരത്തിലും ആവാസമുറപ്പിച്ചപ്പോളാണ് ഉപ്പന്റെ വരവ് സംഭവിച്ചത്. എവിടെ നിന്നോ മൂപ്പര് പറന്ന് വന്ന് ആരോ പറഞ്ഞ് വെച്ച പോലെ  മുറ്റത്ത് കൂടെ  ക്രിസ്ത്മസ് ട്രീയുടെ സമീപത്ത് കൂടി നടന്ന് വന്നു.  അദ്ദേഹത്തെ കണ്ടപ്പോൽ എനിക്ക് വലിയ സന്തോഷമായി. കഴിഞ്ഞ ദിവസം പുരയിടത്തിലൂടെ എന്തോ ഒരെണ്ണം ഇഴഞ്ഞ് പോകുന്നത് ഞാൻ കണ്ടതാണ്. ഉപ്പനോ കീരിയോ ഉണ്ടെങ്കിൽ  ഇഴയുന്ന പാർട്ടികൾ ഈ അയലത്തൊന്നും വരില്ല. അതിനാൽ ഞാൻ പറഞ്ഞു, സ്വാഗതം ഉപ്പനാരേ...സുഖം തന്നെ അല്ലേ? ..അദ്ദേഹം ചുവന്ന കണ്ണൂകൾ കൊണ്ട് എന്നെ ഒന്നുഴിഞ്ഞിട്ട് നമ്മൾ അവിടിരിക്കുന്നെന്ന ഒരു  മൈൻടും  കൂടാതെ പറന്ന് നേരെ ക്രിസ്തുമസ് ട്രീയിലേക്ക് കയറി ഇരട്ട തലച്ചിയുടെ കൂട്ടിലേക്ക് ചെന്നു.

പിന്നെ അവിടെ നടന്നത് ഭയങ്കര  ബഹളമാണ്. കൂട്ടിലിരിക്കുന്ന കിളിയും പൂമരത്തിൽ ക്യാമ്പ് ചെയ്ത ഇണക്കിളിയും കൂടി ഉപ്പനെ എതിർത്തു. കൂട്ടിലെ മുട്ട അടിച്ച് മാറ്റാനാണ് ഉപ്പന്റെ വരവെന്ന് അവർക്ക് മനസ്സിലായതിനാലാവാം അവരുടെ  എതിർപ്പ് ശക്തമായത്. കൂട്ട ബഹളം കേട്ട് കാക്കകളും വന്നു അവരും ബഹളം വെച്ചു. എവിടെ നിന്നോ ആ സമയത്ത് അടക്കാ കുരുവികളും ആഗതരായി. അവർ പൂമരത്തിലിരുന്ന് രംഗം നിരീക്ഷിക്കുന്നു. ഞാൻ അവരെ  വഴക്ക് പറഞ്ഞ് ഓടിച്ചു, “തെണ്ടി  കുരുവികളേ! നിങ്ങളായിരിക്കും ഉപ്പന് ന്യൂസ് കൊടുത്തത്, കടന്നോ അവിടെന്ന് ഇവിടെങ്ങും കണ്ട് പോകരുത്.

ഞാൻ ഇട്പെടുന്നതിനു മുമ്പ് ഉപ്പൻ കിളിക്കൂട്ടിൽ കയറി മുട്ട കൊത്തി താഴെ ഇട്ടു. ദുഷ്ടൻ പരമ പോക്രി. കല്ലെടുത്ത് ഞാൻ എറിഞ്ഞു, ഈ ഏരിയായിൽ ഇനി കണ്ട് പോകരുത്...അയൾ ചുവന്ന കണ്ണ് കൊണ്ട് എന്നെ പുസ്കെന്ന് ഒരു നോട്ടവും നോക്കി  പറന്ന് പോയി.

പാവം ഇരട്ട തലച്ചികൾ  , അവർ എന്തോ എല്ലാം കരഞ്ഞ് വിളിച്ച് കൂവി  പറന്ന് പോയി. അവരുടെ കൂടിന്റെ അവശിഷ്ടങ്ങൾ ക്രിസ്തുമസ് ട്രീയിൽ ത്തൂങ്ങി കിടന്നു. . മരം എല്ലാത്തിനും സാക്ഷിയായി അപ്പോഴും നിശ്ചലമായി നിൽക്കുകയായിരുന്നു.

Friday, August 4, 2023

പാർപ്പിടം അതൊരു സ്വർഗമാണ്

 ഞങ്ങൾ താമസിക്കുന്നതിന് സമീപം റെയിൽ വേ ലൈനാണ്, ആ റൈൽ വേ സ്ഥലത്ത് ഒരു വലിയ മഹാഗണി വൃക്ഷം പടർന്ന് പന്തലിച്ച് നിന്നിരുന്നു. സന്ധ്യാ  സമയം വിവിധ തരം പക്ഷികൾ എവിടെ നിന്നെല്ലാമോ വന്ന് ആ മരത്തിൽ ചേക്കേറുന്നത് നിത്യ കാഴ്ചയായിരുന്നു. എന്തോരു ബഹളമാണെന്നോ ആ സമയം. പൗർണമി ദിവസത്തിൽ പൂർണ ചന്ദ്രൻ  ആ മരത്തിനിടയിലൂടെ  തന്റെ കിരണങ്ങൾ വിതറുന്നത് അപ്പോഴും ശമിച്ചിട്ടില്ലാത്ത പക്ഷികളുടെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ  കാണുന്നത് മനസ്സിനുള്ളിൽ വല്ലാത്ത അനുഭൂതി സൃഷ്ടിക്കുമായിരുന്നു.

അൽപ്പ ദിവസങ്ങൾക്ക് മുമ്പ്  റൈൽ വേ ഉദ്യോഗസ്തർ ആ മരം മറ്റ് പല മരങ്ങളുടെ കൂട്ടത്തിൽ  വിറ്റതിനെ തുടർന്ന് മരം വെട്ടുകാർ  ഒരു ദിവസം കൊണ്ട് തന്നെ  ആ മഹാ ഗണിമരം ഈ ഭൂമിയിൽ നിന്നും തുടച്ച് മാറ്റി. അന്ന് സായാഹ്നത്തിൽ പതിവ് പോലെ പക്ഷികൾ ചേക്കാറാനായി  ആ മരം നിന്നിടത്ത് വട്ടം ചുറ്റി അവരുടെ ഭാഷയിൽ ദയനീയമായി എന്തെല്ലാമോ വിളിച്ച് പറഞ്ഞു പറന്ന് നടന്നു. പലരും ഞങ്ങളുടെ പുരയിടത്തിലെ മാവിലും സപ്പോർട്ടായിലും പ്ളാവിലും വന്ന് താമസമാക്കി, മറ്റ് ചിലർ അക്കരെ കുന്നും പുറത്തെ തേക്കിലും മറ്റു മരങ്ങളും തേടി പോയി . 

അവരുടെ താമസ സ്ഥലം നഷ്ടപ്പെട്ടപ്പോൾ ആ ദുഖം റിപ്പോർട്ട് ചെയ്യാനോ ദുരിതങ്ങൾ വിവരിക്കാനോ ആരുമുണ്ടായിരുന്നില്ലല്ലോ. ഇന്നലെ വരെ ഉണ്ടായിരുന്ന പാർപ്പിടം നഷ്ടപെട്ടപ്പോൾ അവരുടെ മനസ്സിനുള്ളിലെ പ്രയാസങ്ങൾ എത്ര  മാത്രമായിരിക്കുമെന്ന് ആര് കണ്ടു.

കാലങ്ങൾക്ക് മുമ്പ് എറുണാകുളം കായൽ തീരത്തെ ഒന്ന് രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ അതി ശുശ്കാ‍ന്തിയുള്ള ഒരു ന്യായാധിപന്റെ കർശന വിധിയാൽ അടിയോടെ പൊടിച്ച് തകർത്ത് കായലിൽ കലക്കിയപ്പോൾ ജനം അതിശയത്തോടെ പൊളിപ്പ് പ്രക്രിയ നോക്കി നിന്നു, മറ്റുള്ളവർ ടി.വി.യിലൂടെ കണ്ട് അതിശയം കൂറി. പക്ഷേ അതിൽ ഇന്നലെ വരെ അന്തി ഉറങ്ങിയ ഒരു പറ്റം മനുഷ്യ ജീവികൾ ഇന്ന് അവർക്ക് ഉറങ്ങാൻ പാർപ്പിടം തേടിയുള്ള പരക്കം പാച്ചിലും കഷ്ടപ്പാടും എത്രമാത്രം അനുഭവിച്ചു എന്നത് ആർക്കും വിവരിക്കാൻ കഴിഞ്ഞില്ല. നേരത്തെ തന്നെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും അവസാന നിമിഷം വരെ അവർ പ്രതീക്ഷിച്ചു എന്തെങ്കിലും അതിശയങ്ങൾ സംഭവിച്ച്  പൊളിപ്പ് മാറ്റി വെച്ചേക്കാം എന്ന്. ഒന്നും നടന്നില്ല. കെട്ടിടങ്ങൾ പൊളിക്കപ്പെട്ടു.താമസക്കാർ വേദനയോടെ നോക്കി നിന്നു.അവരുടെ ജീവിതത്തിലെ എത്രയോ നല്ലതും ചീത്തയുമായ കാലങ്ങൾ ആ ചുവർകൾക്കുള്ളിൽ കഴിച്ച് കൂട്ടിയിരുന്നു.  അതെല്ലാം ഇപ്പോൾ മൺകട്ടകളും സിമിന്റ് അവശിഷ്ടവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അന്ന് രാത്രി അവർ എവിടെയെല്ലാമോ അന്തി ഉറങ്ങുമ്പോൾ  തലേ ദിവസം അവർ കിടന്നിരുന്നതും  ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാത്തതുമായ തങ്ങളുടെ പഴയ പാർപ്പിടത്തെ കുറിച്ച് ഓർത്ത് കണ്ണീർ ഒഴുക്കിയിരിക്കാം.

പാർപ്പിടം എപ്പോഴും ഒരു വികാരമാണ്. പകലന്തിയോളം ജോലി ചെയ്ത് സന്ധ്യക്ക് പാർപ്പിടത്തിലേക്കുള്ള ആ പ്രയാണമുണ്ടല്ലോ, അപ്പോൾ മനസ്സിൽ എനിക്ക് അന്തി ഉറങ്ങാൻ ഒരിടമുണ്ടെന്ന വിശ്വാസം അതെത്ര വലുതാണെന്നറിയാമോ?. അത് സ്വന്തമായാലും വാടകക്കായാലും  അത് വലിയ വീടായാലും ചെറിയ കുടിലായാലും അന്തിക്ക് തങ്ങാൻ ഒരു പാർപ്പിടം എപ്പോഴും  ഒരു വികാരം തന്നെയാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കാറുണ്ട്, ഒരിക്കലും പാർപ്പിടം നഷ്ടപ്പെട്ട അവസ്ഥ  ആർക്കും ഉണ്ടാകല്ലേ കരുണാമയനേ എന്ന്......

Wednesday, June 7, 2023

സിനാന് 12 വയസ്സ്

 

ജൂൺ മാസം ഏഴാം തീയതി പതിവ് പോലെ ഞാനും സിനാനും നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്നു. ഇന്ന് ഞങ്ങളുടെ സിനാന്റെ  ജന്മ ദിനമാണ്`ദൈവാനുഗ്രഹത്താൽ. 12 വയസ്സ് പൂർത്തീകരിച്ച് പതിമൂന്നാം വയസ്സിലേക്ക് എത്തി സിനാൻ.

കാര്യങ്ങൾ എല്ലാം ഇപ്പോഴും പഴയ പടി തന്നെ. എങ്കിലും ഇപ്പോൾ പഴയതിൽ നിന്നും വലുതായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.  പറയുന്നത് അൽപ്പ നിമിഷങ്ങൾ വൈകി ആണെങ്കിലും അവന് മനസ്സിലാകുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ സഹായം കൂടാതെ സ്വന്തമായി നടക്കുന്നില്ല, വർത്തമാനവും പറയുന്നില്ല. പക്ഷേ പാട്ട് ശരിക്കും മൂളുന്നുണ്ട്. പാട്ടാണല്ലോ അവന്റെ പ്രാണ വായു. അവന്റെ മാതാ പിതാക്കൾ പാട്ട് സേവ് ചെയ്യാനായി മൊബൈലുകൾ വാങ്ങി അവന്റെ സമീപം വെച്ചിട്ടുണ്ട്. അതിൽ നിറയെ  സോ ജാ രാജ കുമാരിയും  ദുനിയാ കേ രക് വാലേയും  മണന്ത് മലരാകെ പാതി മലർ ചൂടിയും തുടങ്ങിയ പഴയ പാട്ടുകളും ഹരി മുരളീ രവം,  പ്രമദ വനം വീണ്ടും, നഗുമോ, സംഗീതമേ അമര സല്ലാപവും പിന്നെ പ്രാവഹമേ! ഗംഗാ പ്രവാഹമേ! തുടങ്ങിയ ഗാനങ്ങളും നിറച്ചിട്ടുണ്ട്. ഈ തരത്തിലല്ലാത്ത ഒരു പാട്ടും അവന് വേണ്ടാ എന്നത് ഇന്നും ഞങ്ങൾക്ക് അതിശയകരമായ കാര്യമാണ്. ആഹാരം പ്രിയം സാമ്പാറും ഇഡ്ഡിലിയും തന്നെ`. പിന്നെ വാഹനത്തിന്റെ മുമ്പിൽ തന്നെ ഇരുന്ന് അൽപ്പം യാത്രയും വേണം ബാക്കി സമയം മൊബൈലിൽ പാട്ടും കേട്ട് തല കുലുക്കിയും തല ആട്ടിയും സമയം പോക്കുന്നു. അവന്റെ മാതാ പിതാക്കളുടെ ഏക മകനായ അവൻ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പ്രിയംകരൻ തന്നെ. കൂടുതലും അവന് സന്തോഷം അവന്റെ പിതൃ സഹോദര പുത്രി സഫായുമായുള്ള കളികളാണ്.

  പ്രസവ ശേഷമുണ്ടായ ഒരു മെഡിക്കൽ നെഗ്ളിജൻസ് കാരണത്താലാണ്  (ഓ! ഇപ്പോൾ ആ  പേര് പോലും പറയുന്നത് കുറ്റകരമാണെന്നാൺ് നിയമം) അവന് ഈ ബുദ്ധിമുട്ടുകൾ  ഉണ്ടായത്.

അവനിപ്പോൾ പന്ത്രണ്ട് പൂർത്തിയാക്കി പതിമൂന്നിലേക്ക് കടന്നിരിക്കുന്നു. കാലം കടന്ന് പോകുമ്പോൾ  ദൈവാനുഗ്രഹത്താൽ അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറി അവൻ നടക്കുകയും  വർത്തമാനം പറയുകയും സാധാരണ കുട്ടികളെ പോലെ ആയി തീരുകയും ചെയ്തേക്കാം. ദൈവം തുണക്കട്ടെ..കാരണം അദ്ദേഹം കരുണാമയനാണല്ലോ.  പ്രതീക്ഷിക്കുക, കാത്തിരിക്കുക, അതല്ലേ നമ്മൾ ചെയ്യേണ്ടത്. കൂട്ടത്തിൽ അവന്ആരോഗ്യത്തോട് കൂടിയ  ദീർഘായുസ്സിനായി  പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Sunday, June 4, 2023

ഭാർഗവീ നിലയവും നീലവെളിച്ചവും

 ഭാർഗവീ നിലയവും നീലവെളിച്ചവും

രണ്ടും രണ്ട് സിനിമകളാണ്. ഒന്ന് 1964ൽ പുറത്ത് വന്നപ്പോൾ അടുത്തത് 2023ൽ റിലീസായി. രണ്ടും ഒരേ കഥ, ഒരേ ഗാനങ്ങൾ ഇതെല്ലാം ആണെങ്കിലും വ്യത്യസ്ത അഭിനേതാക്കളും സംവിധായകരുമാണ്..

വൈക്കം മുഹമ്മദ് ബഷീറിന്റെ  ചെറു കഥയായ നീലവെളിച്ചം അദ്ദേഹം തന്നെ തിരക്കഥ എഴുതി  വിൻസന്റ് സംവിധാനവും മധു, നസീർ,അടൂർ ഭാസി കുതിര വട്ടം പപ്പു, വിജയ നിർമ്മല, പി.ജെ.ആന്റണി തുടങ്ങിയവർ അഭിനയിച്ചതും പി. ഭാസ്കരൻ  ഗാനങ്ങൾ രചിച്ച് ബാബു രാജ്  ഈണം നൽകിയതുമായ ബ്ളാക് ആൻട് വൈറ്റ് ചിത്രമാണ് ഭാർഗവീ നിലയം.

ടൊവീനോ തോമസ്, റീമാ കല്ലുംഗൽ തുടങ്ങിയവർ അഭിനേതാക്കളായി ആഷിക് അബു സംവിധാനം ചെയ്തതും പുതിയ സെറ്റിൽ തീർത്തതുമായ കളർ സിനിമയാണ് നീല വെളിച്ചം. ഗാനങ്ങൾ ഭാർഗവീ നിലയത്തിലേത് തന്നെയെങ്കിലും ഈണങ്ങൾക്ക് അൽപ്പ സ്വൽപ്പം വ്യത്യാസങ്ങളുണ്ട്.

ഈ രണ്ട് ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഭാർഗവീ നിലയം കൗമാര കാലാരംഭത്തിലും നീല വെളിച്ചം ഇപ്പോൾ ഈ അടുത്ത കാലത്തും. രണ്ട് ചിത്രങ്ങളും കണ്ട എനിക്ക് തീർത്തും പറയാൻ കഴിയും സാങ്കേതിക വിദ്യ അത്രക്ക് മെച്ചമല്ലാതിരുന്ന കാലത്ത് നിർമ്മിച്ച  ഭാർഗവീ നിലയത്തിന്റെ  അയല്പക്കത്ത് പോലും നീല വെളിച്ചം പോയിട്ടില്ല.

അതൊരു കാവ്യമായിരുന്നു ഭാർഗവീ നിലയം. അഭ്രത്തിൽ തീർത്ത കാവ്യം.

“എനിക്കായി ഇത്രയും കാലം കാത്തിരുന്ന സുന്ദരിയായ യുവതിയെ പോലെ  എനിക്കായി കാത്തിരുന്ന സുന്ദരമായ ഭവനമേ! നിനക്ക് വന്ദനം, നീ എനിക്കായി ആശിസ്സുകൾ നേരുക“ എന്ന് വീടിലേക്ക് ആദ്യമായി കാൽ വെച്ച് കയറുന്നതിനു മുമ്പ് ഭാർഗവീ നിലയത്തിലെ സാഹിത്യകാരൻ വീടിനെ നോക്കി പറയുമ്പോൾ നീലവെളിച്ചത്തിലെ  സാഹിത്യകാരൻ ആ സ്ഥാനത്ത് വീടിനെ നോക്കി “സലാം“എന്ന് മൊഴിഞ്ഞപ്പോൾ “ഫ്!“ എന്നൊരു ആട്ട് ആട്ടാനാണ് തോന്നിയത്

അന്നത്തെയും ഇന്നത്തെയും യുവതയെ പ്രണയ തരളിതമാക്കുന്ന മലയാള സിനിമയിലെ ആദ്യ ഗസലായ “താമസമെന്തേ വരുവാൻ“ ഗാനം ഭാർഗവീ നിലയത്തിൽ ഗാന രംഗമായി കാണുമ്പോൾ  ഇത്രയും കാലങ്ങൾക്ക് ശേഷവും ആ രംഗവും അതിലെ കാമുകീ കാമുകന്മാരുടെ ഭാവങ്ങളും ആരെയാണ് വികാര വിവശരാക്കത്തത്. നീല വെളിച്ചത്തിൽ ആ ഗാനം  അവതരിപ്പിക്കുമ്പോൾ പണ്ടത്തെ ഭാർഗവീ നിലയം സിനിമാ കണ്ടവന് ചത്ത എലിയെ  വാലിൽ തൂക്കി കൊണ്ട് വരുന്നത് പോലെയാണ് അനുഭവപ്പെട്ടത്.
പിന്നെ ആ ഭാർഗവിക്കുട്ടി...ഹോ് അതൊരു നടി തന്നെയായിരുന്നു വിജയ നിർമ്മല ആന്ധ്രായിൽ നിന്നും ആ നടിയെ ഈ സിനിമാക്കായി തെരഞ്ഞെടുത്തത് ശ്ലാഘനീയം തന്നെ.  പൊട്ടി തകർന്ന കിനാക്കൾ ഗാന രംഗത്തിൽ ആ കണ്ണുകൾ ഒന്ന് കാണേണ്ടത് തന്നെയാണ്. അതിന് പകരം നീല വെളിച്ചത്തിൽ ഒരു വികാരവും മുഖത്ത് വരാത്ത ഒരു ഉണക്ക അയില സ്ത്രീയാണ് അഭിനയിക്കുന്നത് അത് റീമാ കല്ലിംഗലോ എന്ത് പണ്ടാരമോ ആകട്ടെ വിജയ നിർമ്മലയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല. 
പ്രഗൽഭരായ പി.ജെ. ആന്റണി അടൂർ ഭാസി പ്രേം നസീർ  കുതിരവട്ടം പപ്പു എന്നിവർക്ക് പകരം എത്തിയവരെല്ലാം ഉണ്ടക്ക നത്തോലിയോ ചൊറിയണമോ സൈസ് ആയിരുന്നു. രണ്ട് പടവും കൂടി കാണുമ്പോൾ മാത്രമേ ഈ വാക്കുകൾ ശരിയായി അനുഭവപ്പെടൂ.
നിങ്ങൾ പറഞ്ഞേക്കാം ആവിഷ്കാര സ്വാതന്ത്രിയം എല്ലാവർക്കും ഉണ്ട് എന്ന്.  സമ്മതിച്ചു എന്നും പറഞ്ഞ് അപ്പൂപ്പന്റെ അപ്പനെ ബർമൂഡായും ടീ ഷർട്ടും ഇട്ട് അവതരിപ്പിച്ചാൽ അതിന്റെ പേര് ആവിഷ്കാര സ്വാതന്ത്രിയം എന്നല്ല, പോക്രിത്തരം എന്നാണ് പേര്
.ഇതിത്രയും വിമർശിക്കുമ്പോഴും ഒന്ന് പറയാം കേട്ടോ് ബഷീറിനെ അസ്സലായി അവതരിപ്പിച്ചു ടൊവീനോ തോമസ്....

Saturday, May 27, 2023

അഞ്ച് മാർക്കിന്റെ വിന...

 മെയ് മാസം ഇരുപത്തി ഏഴാം തീയതി...

ജീവിതത്തിൽ മറക്കാനാവാത്ത ദിവസമാണത്. പണ്ട് ഈ തീയതിയിലാണ് മിക്കവാറും എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പുറത്ത് വരുന്നത്. അന്നത്തെ ദിവസത്തെ പത്രങ്ങളിൽ ഫലം അച്ചടിച്ച് വരും. തന്റെ നമ്പർ ഉണ്ടോ എന്ന ഉദ്വേഗത്താൽ നെഞ്ചിടിച്ച് കൊണ്ട് ഓരോ വിദ്യാർത്ഥിയും ഇന്നത്തെ പത്രത്തിൽ മുഖം പൂഴ്ത്തി ഇരിക്കും. 

ഞാനും അങ്ങിനെ ഇരുന്നു. ഒരു മെയ് 27ൽ. തിരിച്ചും മറിച്ചും നോക്കിയിട്ടും പത്രങ്ങൾ മാറി മാറി നോക്കിയിട്ടും എന്റെ നമ്പർ കണ്ടില്ല. അന്ന് .എസ്.എസ്.എൽ.സി പരീക്ഷ വിദ്യാർത്ഥികൾക്ക് ബാലി കേറാ മലയാണ്   പരാജയം സർവ സാധാരണവും. അത് കൊണ്ട് തന്നെ അന്ന് തോറ്റപ്പോൾ ദുഖം തോന്നിയുമില്ല. പക്ഷേ എസ്.എസ്.എൽ.സി ബുക്ക് കയ്യിൽ കിട്ടിയപ്പോൾ ഞാൻ നെഞ്ചത്തടിച്ച് പോയി. എനിക്ക് സങ്കടം സഹിക്കാനും കഴിഞ്ഞില്ല. കാരണം അന്ന് അപൂർവത്തിൽ അപൂർവമായ ഫസ്റ്റ് ക്ളാസ് മാർക്ക് എനിക്ക് ലഭിച്ചിരുന്നു. പക്ഷേ  ഇംഗ്ലീഷിന് 35 മാർക്ക് മാത്രം. ജയിക്കാൻ 100ൽ നാൽപ്പത് മാർക്ക് വേണം. കേവലം അഞ്ച് മാർക്കിന്റെ കുറവിൽ എന്റെ ജീവിതം മാറി മറിഞ്ഞു. 

സായിപ്പിനെ ഇവിടെ നിന്നും കെട്ട് കെട്ടിച്ചെങ്കിലും  സായിപ്പിന്റെ ഭാഷ  ഇവിടെ ഉള്ളവർക്ക് രാജകീയ ഭാഷയായിരുന്നല്ലോ. അതിന് അവർ പല ന്യായങ്ങളും പറയും. ലോക ഭാഷയാണ്`, സർവ ഭാഷയാണ് സയൻസ് ഇംഗ്ളീഷിലാണ്. ഇത് പറയുന്നവർക്ക് ചൈനയിൽ  റഷ്യയിൽ, എന്തിന് ഫ്രാൻസിൽ പോലും ഈ ഭാഷയുടെ സ്ഥാനത്ത് അവരവരുടെ ഭാഷയ്ക്കാണ് പ്രാമുഖ്യം  എന്നറിയാഞ്ഞിട്ടല്ല.

എന്തായാലും അന്ന് ഞാൻ തോറ്റു. പിന്നെ സെപറ്റമ്പറിൽ വീണ്ടുമെഴുതി ജയിച്ചു. പക്ഷേ  അത് കൊണ്ട് തന്നെ എന്റെ ജീവിതം വല്ലാതെ മാറി മറിഞ്ഞു, ഒരിക്കലും തിരുത്താനാകാത്ത വിധത്തിൽ ആ അഞ്ച് മാർക്ക് എന്നെ മാറ്റിക്കളഞ്ഞു, ഒരു വലിയ നോവൽ എഴുതാനുള്ള അനുഭവങ്ങളുമായി മാറ്റി മറിച്ചുഎന്ന് പറയുന്നതാകും കൂടുതൽ ശരി.

പിന്നെങ്ങിനെ എനിക്ക് ഈ ദിവസം മറക്കാൻ കഴിയും.

Friday, May 19, 2023

രോഗികൾക്ക് സംരക്ഷണം വേണ്ടേ?

 ആശുപത്രി  സംരക്ഷണ നിയമ ഭേദഗതി  ഓർഡിനൻസ് നിലവിൽ വന്ന് കഴിഞ്ഞു.

യാതൊരു തെറ്റും ചെയ്യാത്ത  യുവ വനിതാ ഡോക്ടർ ഒരു മുഠാളനാൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ വേദനിക്കാത്ത ഒരാളുമില്ല. തീർച്ചയായും  മേഡിക്കൽ രംഗത്തുള്ള  എല്ലാവർക്കും സരക്ഷണം അത്യന്താപേക്ഷിതമാണ്. ഒഴിച്ച് കൂടാനാവാത്തതുമാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ നിലവിൽ വന്ന നിയമം സ്വാഗതാർഹം തന്നെ.

ഈ നിയമത്തിന്റെ ആദ്യ ഭാഗം 2012ൽ ആണ് ജനിച്ചത്.ആശുപത്രി സംരക്ഷണബിൽ.    അന്ന് യൂ.ഡി.എഫ്. ആണ് ഭരണത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആ കാലത്ത്  പ്രവേശിക്കപ്പെട്ട  ഒരു കോൺഗ്രസ്കാരന്റെ  ബന്ധു ചികിൽസാ പിഴവിനാൽ എന്ന് പറയപ്പെടുന്ന സംഭവത്തിന്  ഇരയായി. തുടർന്ന് ചികിൽസിച്ച ഡോക്ടർ ഉൾപ്പടെയുള്ളവർ മർദ്ദിക്കപ്പെട്ടു. വലിയ പ്രക്ഷോഭണത്തിന് അത് ഇടയാക്കി. സമരം അവസാനിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർ ഇടപെട്ടുണ്ടാക്കിയ ഒത്ത് തീർപ്പും പ്രകാരമാണ് ആദ്യത്തെ ആശുപത്രി സംരക്ഷണ നിയമം ജനിക്കുന്നത്. ആ നിയമത്തിലും പ്രതിയാക്കപ്പെടുന്നവർക്ക് ജാമ്യം  ലഭിക്കില്ലായിരുന്നു. (നോൺ ബൈലബ്ൾ ഒഫ്ഫൻസ്)  അതിലും നേട്ടം കൊയ്തത് സ്വകാര്യ ആശുപത്രി വിഭാഗമായിരുന്നു എന്ന് പിൽക്കാല ചരിത്രം പറയുന്നു.

പക്ഷേ അന്ന് തന്നെ  ഈ നിയമത്തോടൊപ്പം രോഗികളുടെ പരാതി പരിഹാരത്തിനായി മറ്റൊരു നിയമം കൂടെ ആവശ്യമാണെന്ന് മുറവിളീ ഉണ്ടായി. ഉടനേ തന്നെ ആ നിയമവും  നിർമ്മിക്കും എന്ന് വാഗ്ദാനവും ഭരിക്കുന്നവരിൽ നിന്നുമുണ്ടായെങ്കിലും   കക്ഷി മാറി ഭരണം വന്നിട്ടു പോലും നാളിത് വരെ അങ്ങിനെ ഒരു  സംഗതി ജന്മം കൊണ്ടിട്ടില്ല. ഈ കാര്യത്തെ പറ്റി ചൂണ്ടിക്കാണിച്ച് 2012ൽ എന്റെ ബ്ളോഗിൽ ഒരു പോസ്റ്റും ഇട്ടിട്ടുണ്ടായിരുന്നു.

ഇപ്പോൾ വന്ന നിയമത്തിൽ സെക്യൂരിറ്റി ജീവനക്കാരേയും ഈ നിയമത്തിന്റെ സംരക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പുകൾ വായിക്കുന്ന ആരെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  സെക്യൂരിറ്റി വിഭാഗത്തിലെ ചിലരുമായി ഇടപെടേണ്ടി വരുകയാണെങ്കിൽ  അന്ന്  ഈ നിയമത്തിനെ ശക്തിയുക്തം എതിർക്കുമെന്ന് ഉറപ്പ്. ഇവിടെ ഈ കൊച്ച് കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിലെ ഒരു സെക്യൂരിറ്റിക്കാരന് ആട്ടോ റിക്ഷായിൽ വരുന്ന രോഗിയെയും കൂട്ടിരിപ്പുകാരെയും ആട്ടോക്കരനേയും കാണുന്നത് തന്നെ കലിപ്പാണ്..നടക്കാൻ കഴിയാത്ത രോഗിയെ ആണെങ്കിലും മാറി പോ ദൂരെ എന്ന് അയാൾ ആക്രോശിക്കും. ഈ അടുത്ത ദിവസം മുനിസിപ്പൽ ചെയർമാൻ ഇപ്പോൾ നിലവിലുള്ള എല്ലാ സെക്യൂരിറ്റിക്കാരെയും പറഞ്ഞ് വിട്ടു എന്നറിഞ്ഞു. നല്ലത് തന്നെ. ഇത്ര എണ്ണം ഉണ്ടായിട്ടും ആ പാവം പെൺകുട്ടിയെ രക്ഷിക്കാൻ ഈ മഹാന്മാരാൽ സാദ്ധ്യമായില്ലല്ലോ. ഇവരെ പോലുള്ളവരെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുമ്പോൾ ഇവരിൽ തെറ്റ് ചെയ്യുന്നവരെ നേർവഴിക്കാക്കാൻ  രോഗിയുടെ പരാതി കേൽക്കാനും ഒരു നിയമം ഉണ്ടാക്കേണ്ടതല്ലേ...

 നിശ്ചിത രൂപാ കിട്ടിയാൽ മാത്രമേ ഓപറേഷന് കത്തി കയ്യിൽ എടുക്കൂ എന്ന് ശാഠ്യം  പിടിക്കുന്ന ഭിഷ്ഗ്വരനെതിരെ  ഒരു വാക്ക് മിണ്ടിയാൽ 7 വർഷം തടവും 5 ലക്ഷം പിഴയും കിട്ടുമെന്ന് ഭയത്താൽ കണ്ണും മിഴിച്ച് നിൽക്കുന്ന  പാവപ്പെട്ടവന്റെ പരാതി പരിഹരിക്കാൻ ഒരു വേദി ഉണ്ടാകാനും നിയമം വേണ്ടതല്ലേ..

ഇപ്പോൾ വന്ന നിയമത്തിന് ഹേതുവായ ആ പാവം യുവതിയുടെ  ദുരന്തത്തെ ശക്തിയുക്തം അപലപിക്കുന്നതിനോടൊപ്പം മെഡിക്കൽ ജീവനക്കാർക്ക് എല്ലാവിധ സംരക്ഷണത്തിനുമായി ഈ നിയമം  നിലവിൽ വന്നത് നന്നായി എന്നും പറയാൻ മടിയില്ല.  പക്ഷേ അതിനോടൊപ്പം ആശുപത്രിയിൽ നിന്നും ഉണ്ടാകുന്ന അനീതിക്കെതിരെ പരാതി കൊടുക്കാനെങ്കിലും പാവപ്പെട്ടന്റെ ശബ്ദം കേൽപ്പിക്കാനായി ഒരു വേദിക്കായുള്ള നിയമ നിർമ്മാണം അത്യന്താപേക്ഷിതമാണെന്ന് പറയാതെ വയ്യ.


Sunday, May 14, 2023

മാതൃ ദിനത്തിൽ

 ഇന്ന് മാതൃ ദിനം.

റേഷൻ കാർഡും അമ്പത് പൈസായുടെ നാണയവും തുണി സഞ്ചിയും  കയ്യിൽ തന്നിട്ട് ഉമ്മാ എന്നെ  അരി വാങ്ങാൻ റേഷൻ കടയിലേക്ക് അയച്ചു. ഞാൻ അവിടെ വെച്ച് തന്നെ നാണയം സഞ്ചിയിലേക്ക് ഇടാൻ ഭാവിച്ചപ്പോൾ ഉമ്മാ എന്നോട് പറഞ്ഞു. “എടാ സഞ്ചിക്ക് ഓട്ടയുണ്ട് പൈസാ കളഞ്ഞേച്ച് ഇവിടെ വന്നാൽ നിന്നെ ഞാൻ കൊല്ലും....“  ഒന്ന് മടിച്ച് ഞാൻ കൈ പിൻ വലിച്ചെങ്കിലും നിക്കറിന്റെ പോക്കറ്റിനും ഓട്ടയുള്ളതിനാൽ  ഉമ്മാ കാണാതെ നാണയം ഞാൻ സഞ്ചിയിൽ തന്നെ ഇട്ടു.

ആലപ്പുഴ വട്ടപ്പള്ളിയിലെ റേഷൻ കടയിൽ പാഞ്ഞെത്തിയ ഞാൻ സഞ്ചിയിൽ കയ്യിട്ട് നോക്കിയപ്പോൾ നാണയം കാണാനില്ല.. എന്റെ കാലിൽ നിന്നും ഒരു ആളൽ ഉച്ചി വരെ വ്യാപിച്ചു.  ഇന്നലയേ ഞങ്ങളുടെ അടുപ്പ് നല്ലവണ്ണം പുകഞ്ഞിട്ടില്ല. ഇന്ന്  വാപ്പാ പൈസാ കൊടുത്ത ഉടൻ ഉമ്മാ എന്നെ അരി വാങ്ങാൻ ചുമറ്റലപ്പെടടുത്തിയത്  ഇതാ ഇങ്ങിനെയായി.

ഉമ്മായുടെ ദേഷ്യവും ദയനീയതയും നിറഞ്ഞ മുഖം  പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ വീട്ടിലെത്തിയത്. വാതിൽക്കൽ തന്നെ ഉമ്മാ നിൽപ്പുണ്ട്. എന്നെ കണ്ട ഉടനെ ഉമ്മാ ചോദിച്ചു “ എന്തെടാ ...അരി വാങ്ങിയില്ലേ........?

“ അത് ഉമ്മാ....പൈസ്സാ.......“

സഞ്ചിയുടെ ഓട്ടയിൽ കൂടി പോയല്ലേ.....? ഉമ്മായുടെ മുഖത്തിന്റെ കോണിൽ  ഹാസ്യം നിറഞ്ഞ ഒരു ചിരി ഉള്ളത് പോലെ  തോന്നിയെനിക്ക്......

“നിന്നോട് ഞാൻ പറഞ്ഞ് പൈസ്സാ സഞ്ചിയിലിടരുതെന്ന്.....നീ കേട്ടില്ലാ....ഞാൻ കാണാതെ സഞ്ചിയിലിട്ടു.....അത് പുറത്ത് പോയി....പൈസ്സാ മുറ്റത്ത് കിടന്നു...“ 

എന്നിട്ടുമ്മാ  എന്നെ പുറകേ വിളിക്കാൻ വയ്യായിരുന്നോ...? എന്റെ പരിഭവം ഞാൻ മറച്ച് വെച്ചില്ല....

എന്തിന്....പറഞ്ഞാൽ അനുസരിക്കാത്തതിന്  ഇത്തിരി പേടിക്കട്ടേയെന്ന് ഞാനും കരുതി...നീ തിരികെ വരാതെ എവിടെ പോകാനാ...എടാ തായ് ചെല്ല് കേൾക്കാത്ത വവ്വാൽ  തല കീഴും കാൽ മേളിലും......“ ഉമ്മാ പറഞ്ഞു...

ആ കഥ എന്താ ഉമ്മാ....വവ്വാലിന്റെ.....

“ കഥ പറയാനാ നേരം...പോയി അരി വാങ്ങെടാ സുവ്വറേ......“

ആ കഥ എന്താണെന്ന് ഉമ്മാ പിന്നീടും പറഞ്ഞ് തന്നില്ല പിന്നെ ഒരിക്കലും പറഞ്ഞ് തന്നില്ല  ഇപ്പോൾ ഉമ്മാ യാത്ര  പോയി 18 വർഷവും മൂന്ന് മാസവും 17 ദിവസവുമായി.

ഇന്ന് മാതൃ ദിനത്തിൽ  ഉമ്മായുടെ ഓർമ്മയിൽ ഈ കഥയും ഓർത്ത് പോയി.


Wednesday, May 10, 2023

നിയമ ദുർ വ്യാഖ്യാനം

 അഛാ!

എന്താ മോനേ!

ഇതാ അവിടെ ഒരു പമ്പ്.......

മോനേ! വാക്കുകൾ ചുരുക്കി പറയരുത്, നീട്ടി പറയണം...പമ്പല്ല..പാമ്പ്...“

‘ഹോ! അതിന്റെ ഒരു പാത്തി...“

“പാത്തിയല്ല, മോനേ...വാക്കുകൾ ചുരുക്കി പറഞ്ഞ് പഠിക്കണം പാത്തിയല്ല അതിന്റെ പത്തി...“

അഛാ...ഹോ അതിന്റെ ഒരു ഒട്ടം....

“എന്താ മോനേ ഇത്...വാക്കുകൾ നീട്ടിപ്പറയണമെന്ന് ഞാൻ പറഞ്ഞില്ലേ...ഒട്ടമല്ല...അതിന്റെ ഓട്ടം....“

പാടി പതിഞ്ഞ ഈ പഴങ്കഥ ഇവിടെ ഇപ്പോൾ പറഞ്ഞത് കൊട്ടാരക്കര  സർക്കാർ ആശുപത്രിയിലെ  യുവ ഡോക്ടറുടെ ദാരുണ അന്ത്യത്തെ  സംബന്ധിച്ച്  പഴയ  ഒരു ഉത്തരവിന്റെ ദുർവ്യാഖ്യാനങ്ങൾ  ഓൺ ലൈനിൽ വ്യാപകമായി  കണ്ടത് കൊണ്ടാണ്.

 തടി രക്ഷിക്കാൻ   എല്ലാവരും നിയമത്തെ ദുർവ്യാഖ്യാനം ചെയ്യും. ഈ കേസിലും  അതുണ്ടായി. പ്രതിയെ വൈദ്യ പരിശോധനക്കായി പോലീസ് കൊണ്ട് വരുമ്പോൾ   പരിശോധനാ സമയം  പ്രതിയിൽ നിന്നും ഡോക്ടറിൽ നിന്നും പോലീസ് അകന്ന് നിൽക്കണം  എന്ന്  ഉത്തരവിൽ പറയുന്നു.  അത് നടപ്പിലാക്കാൻ വർഷങ്ങൾക്ക് മുമ്പ്  ഒരു വനിതാ ഡോക്ടർ തന്നെ മുന്നിട്ട് ഇറങ്ങുകയും ചെയ്തിരുന്നു.

പക്ഷേ ഓരോന്നിനും അതിന്റേതായ സമയവും സ്ന്ദർഭവുമില്ലേ ദാസാ....! മനുഷ്യന് വിവേചനാ ബോധം നൽകിയിരിക്കുന്നത് അതിനല്ലേ.... മുകളിലെ നാടോടി കഥയിലെ ഉദാഹരണം പോലെ വാക്കുകൾ അതേപടി അനുസരിച്ചാൽ വലിയ കുഴപ്പങ്ങൾ സംഭവിക്കും. ആ ഉത്തരവ് അൽപ്പമൊന്ന് ലംഘിച്ചിരിന്നെങ്കിൽ ഒരു പാവം പെൺകുട്ടി കൊലക്കത്തിക്കിരയാകില്ലായിരുന്നു. നിയമ ലംഘനത്തിന് പഴി കേട്ടേക്കാം പക്ഷേ ഒരു ജീവൻ  നഷ്ടപ്പെടില്ലായിരുന്നു

 അങ്ങിനെ നിയമം അൽപ്പമൊന്ന് വ്യതി ചലിപ്പിക്കുന്ന കാരണം ഡോക്ടറെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു 

 പ്രതിയെ കൊണ്ട് വന്ന പോലീസ്കാരന് പ്രതിയുടെ  അക്രമ സ്വഭാവം  തിരിച്ചറിയാൻ കഴിവുണ്ടായിരിക്കണം.അത് സാധ്യമാകണമെങ്കിൽ  സംഭവങ്ങളുടെ തുടക്കത്തിൽ തന്നെ  അതായത് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത സമയം മുതൽ കൂടെ ഉണ്ടായിരുന്ന പോലീസ്കാരനായിരിക്കണം അയാളെ ആശുപത്രിയിൽ കൊണ്ട് വരേണ്ടിയിരുന്നത്. അങ്ങിനെയാണോ ഇവിടെ സംഭവിച്ചതെന്നറിയില്ല്. സാധാരണയായി ഒരു പ്രതിയെ ആശുപത്രിയിൽകൊണ്ട് പോകാൻ അപ്പോൾ അവിടെ ഉണ്ടാകുന്ന ഏതെങ്കിലും കോൺസ്റ്റേബിളിന് ചുമതല നൽകും അയാൾക്ക് പ്രതിയുടെ സ്വഭാവത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിയില്ലായിരിക്കാം, അത് കൊണ്ട് തന്നെ സാധാരണ കേസ് പോലെ അയാൾ ഇതും കൈകാര്യം ചെയ്തിരിക്കാം. ഇതെല്ലാം ഇനി വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ആ കുട്ടി പോയി...അവളുടെ  രക്ഷിതാക്കൾക്ക് അവളെ നഷ്ടപ്പെട്ടു...അവരുടെ എല്ലാ സ്വപ്നവും തകർന്നു.

ഇപ്പോൾ ദുർ വ്യാഖ്യാനം ചെയ്യപ്പെടുന്ന നിയമം അതിന്റേതായ സമയത്തും സന്ദർഭത്തിലും യുക്തി സഹജമായിരുന്നു. പക്ഷേ എല്ലാവരും തിരിച്ചറിയാത്ത സത്യം  നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ലാ എന്ന്മാണ്. അത് തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെട്ട് പ്രവർത്തിക്കാനുള്ള കഴിവ്  നിയമം കൈകാര്യം ചെയ്യുന്ന എല്ലാ വിഭാഗത്തിനും നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്.

പണ്ട് വളരെ പണ്ട് ഈ ആശുപത്രിക്കെട്ടിടത്തിന്റെ മുമ്പിൽ വെച്ച് ഒരു വനിതാ ഡോക്ടർക്ക് കുത്തേറ്റു, അവർ ഒരു ഗയ്നക്കോളജിസ്റ്റ് ആയിരുന്നു.  . രോഗിയുടെ ബന്ധുവായിരുന്നു പ്രതി. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ മരിച്ചില്ല, ഇന്ന് അവർ ഉണ്ടോ എന്നുമറിയില്ല. പ്രതി ശിക്ഷിക്കപ്പെട്ടു എന്നാണറിഞ്ഞത്. ഡോക്ടർ കാറിൽ നിന്നിറങ്ങുമ്പോഴായിരുന്നു കുത്തേറ്റത് അന്ന് ജനം പലവിധത്തിൽ പ്രതികരിച്ചു പക്ഷേ ഇന്ന് ഈ കുട്ടിയുടെ കാര്യത്തിൽ ജനം ഒറ്റക്കെട്ടായി വേദനിക്കുന്നു,

 അത് കൊണ്ട് തന്നെ ഇന്ന് നഗരം ഇത് വരെ കാണാത്ത വിധത്തിൽ ആശുപത്രി തൂപ്പ്കാരി മുതൽ സൂപ്രണ്ട് വരെ ഒറ്റക്കെട്ടായി പൊരി വെയിലത്ത് അണി നിരന്ന പ്രതിഷേധ റാലിക്ക് പൊതുജനം സർവാത്മനാ  പിൻ തുണ നൽകുകയും ചെയ്തു.

  ഇപ്രകാരം മേലിൽ സംഭവിക്കാതിരിക്കാൻ ഭരിക്കുന്നവർ ഉണർന്ന് പ്രവർത്തിക്കട്ടെ....

Wednesday, April 26, 2023

പൊറുക്കണേ ക്യാമറാ സാറേ!

പരിചയക്കാരനായ ഒരു  ആട്ടോ ഡ്രൈവറോടൊപ്പം അയാളുടെ ആട്ടോയിൽ  നഗരത്തിലേക്ക്  പോവുകയായിരുന്നു ഞാൻ.

പ്രദേശത്തെ പ്രധാന അമ്പലത്തിലെ ഉൽസവമായതിനാൽ റോഡിലെ  തിരക്കു കാരണം ഊട് വഴികളിലൂടെയായിരുന്നു യാത്ര. വഴിയിൽ വെച്ച്  ഞങ്ങൾക്ക് രണ്ട് പേർക്കും പരിചയമുള്ള  കാലിന് സ്വാധീന കുറവുള്ള ഒരാളെയും വണ്ടിയിൽ  കയറ്റി. യാത്ര തുടരവേ  ഡ്രൈവർ  തിരിഞ്ഞ് എന്റെ സഹ യാത്രികനോട് പറഞ്ഞു.

“ ജംഗ്ഷനിലുള്ള ആ കടയിൽ നിന്നും ഇനി സാധനങ്ങളും വാങ്ങിയിട്ട്  വീട്ടിലേക്ക് പോകാൻ എന്നെ മൊബൈലിൽ വിളിച്ചാൽ ഞാൻ വരില്ലാ .“

“അതെന്തെടോ...തനിക്ക് ഞാൻ പൈസ്സാ വല്ലതും തരാനുണ്ടോ ?

അതല്ലാ‍ാ ചേട്ടാ കാര്യം.. ചേട്ടൻ സ്ഥിരമായി അരിയും മറ്റും  വാങ്ങുന്നത് ആ കടയിൽ നിന്നാണ്..ചേട്ടന് കാല് വയ്യാത്തത് കൊണ്ട് വാങ്ങിയ സാധനവും ചുമന്ന് അൽപ്പമങ്ങോട്ടോ ഇങ്ങോട്ടോ  മാറി വണ്ടി നിർത്തുന്നിടത്ത് നിൽക്കാൻ  കഴിയൂലാ അത് കൊണ്ടാ എന്നെ വിളിക്കുന്നത്, സാധാരണ  ഞാൻ റോഡരികിൽ കടയുടെ മുമ്പിൽ വണ്ടി ഒതുക്കി തരുമ്പോൾ  സാധനം വണ്ടിയിൽ കയറ്റി നമ്മൾ വീട്ടിൽ പോകും. ഇനി അങ്ങിനെ വണ്ടി ഒതുക്കുകയോ സ്ലോ ചെയ്ത്  ആ കടയുടെ  മുമ്പിൽ നിർത്തുകയോ ചെയ്താൽ ദേ! ആ ജങ്ഷനിൽ ഇപ്പോൾ  കൊണ്ട് വെച്ച. ക്യാമറാ ഒന്ന് മിന്നും എന്റെ കീശ അപ്പൊത്തന്നെ  കീറും. അത് കൊണ്ടാ സംഗതി പറ്റൂല്ലാ എന്ന് ഞാൻ പറഞ്ഞേ..  ഡ്രൈവർ പറഞ്ഞു.

“ അത് നോ പാർക്കിംഗ് ഏരിയാ അല്ലേ.....താനെങ്ങിനെ  ഇത്രയും കാലം വണ്ടി അവിടെ നിർത്തി.ഇദ്ദേഹത്തെ കയറ്റി..മാത്രമല്ല,,,തൊട്ടടുത്ത് പോലീസ്കാരനും കണ്ണിലൊഴിച്ച് നിൽപ്പുണ്ട്..അവിടെ നിർത്തുന്ന വണ്ടിയെ ഓടിക്കാൻ....“ സംഭാഷണം കേട്ട് കൊണ്ടിരുന്ന ഞാൻ ഇടപെട്ടു.

“ഞാനും അതാ പറഞ്ഞോണ്ട് വരുന്നത് സാറേ......പോലീസ്കാരൻ പലവട്ടം എന്നെ ഓടിക്കാൻ വന്നിട്ടുണ്ട്..പക്ഷേ അപ്പോഴൊക്കെ  ഇദ്ദേഹത്തിന്റെ കാല് ഞാൻ ചൂണ്ടിക്കാണിച്ച്  “പോലീസണ്ണാ......എന്ന്  ദയാനീയമായി വിളിക്കും അദ്ദേഹം ഈ സാറിന്റെ കാല് നോക്കീട്ട് “പെട്ടെന്ന് വണ്ടി വിട്ട് പോടോ“ എന്ന് അമറിയിട്ട്  വീണ്ടും പഴയ സ്ഥലത്ത് പോയി നിന്ന് ഡ്യൂട്ടി ചെയ്യും....ഇപ്പോ    വണ്ടി അവിടെ സ്ലോ ചെയ്താൽ ക്യാമറാ മിന്നിക്കാണിക്കും. അപ്പോ   ക്യാമറായുടെ അടുത്ത്  ചെന്ന് ഈ സാറിന്റെ കാല് കാണിച്ച് എന്റെ പൊന്ന് ക്യാമറാ അണ്ണാ......മനപ്പൂർവമല്ലാ എന്ന് കരഞ്ഞ് പറഞ്ഞാൽ അതിന് വല്ല അനക്കമുണ്ടോ..പിന്നെയും അത് മിന്നിക്കാണിക്കും അത്രന്നെ....“

“ശ്ശെടാ...ഇതൊരു പുലിവാലായല്ലോ...സഹ യാത്രികൻ പിറു പിറുത്തു...

“ഒന്നുകിൽ  ക്യാമറാ കണ്ണ് എത്താത്ത കടയിൽ നിന്ന് സാധനം വാങ്ങ്....അല്ലെങ്കിൽ   പാർക്കിംഗ് ഏരിയാ  വരെ സാധനം ചുമക്കാൻ ആരെയെങ്കിലും കൂട്ടിന് വിളിക്ക്.... ഞാൻ ബദൽ നിർദ്ദേശം വെച്ചു.

കിട്ടിയ മറുപടി എഴുതാൻ കൊള്ളില്ലാ.....അത് കൊണ്ട് ഞാനൊന്ന് പൊട്ടിച്ചിരിച്ചു.

ശരിയാണ് മനുഷ്യനും മെഷീനും തമ്മിൽ വ്യത്യാസമുണ്ട്. ഈ കേസിൽ മനുഷ്യന് വിവേചനാ ബുദ്ധിയുണ്ട്. മെഷീന് ആ സാധനം ഇല്ല.

Sunday, April 23, 2023

ആധുനിക കോഴ്സുകൾ

 പ്ളസ് റ്റു പാസ്സായി കഴിയുമ്പോൾ ഉപരി പഠനം ആഗ്രഹിക്കുന്നവർക്കായി          കമ്പോളം തയാറാക്കി കൊണ്ടിരിക്കുന്ന കോഴ്സുകൾ  നിരവധിയാണ്. 

വിമാനത്തിന്റെ പ്രൊപ്പല്ലർ തകരാറായാൽ മാറ്റുന്ന കോഴ്സ്

ആധുനിക രീതിയിൽ ഉഴുന്ന് വടക്ക് ഊട്ടയിടുന്ന കോഴ്സ്

നാളികേരം നിലത്ത് നിന്ന് പൊഴിച്ചിടുന്ന കോഴ്സ്

ഇങ്ങിനെ പല ഇനങ്ങളുണ്ട് ഇപ്പോൾ കമ്പോളത്തിൽ.

 ബിരുദ പഠനത്തെ വിലകുറച്ച് കാണുകയും  ടെക്നികൽ കോഴ്സുകളെന്ന് കേൾക്കുമ്പോൾ ചാടി പുറപ്പെടാൻ തയാറെടുത്തു കൊണ്ടിരിക്കുന്ന രക്ഷിതാക്കളാണ് വിദ്യാഭ്യാസ കമ്പോളത്തിന്റെ ലക്ഷ്യം. ഓരോ ഉഡായിപ്പ് യൂണിവേസിറ്റികളിൽ അഫിലിയേറ്റ് ചെയ്തതാണെന്നും പഠിച്ചിറങ്ങിയാൽ  ഉടൻ ജോലി ഉറപ്പാണെന്നും വ്യാമോഹിപ്പിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിച്ച്  അവരിൽ നിന്നും കനത്ത ഫീസും വാങ്ങി കുട്ടികളുടെ ഭാവി  ഇരുട്ടിലാക്ക്ന്നതിൽ കമ്പോളത്തിന് ഒരു മടിയുമില്ല. നാളിത് വരെ കേൽക്കാത്ത കോഴ്സുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. പലതിന്റെയും ആസ്ഥാനം പോണ്ടിച്ചേരിയാണ്. മംഗളൂരും പുറകോട്ടല്ല. ടീനേജിന്റെ പാരമ്യത്തിൽ നിൽക്കുന്ന പ്ളസ് റ്റുക്കാരൻ  ഈ കോഴ്സുകളുടെ പേര് കണ്ട് ആകർഷിക്കപ്പെട്ട്  രക്ഷിതാക്കളെ കിടപ്പാടം വരെ ബാങ്കിന് പണയം വെയ്പ്പിച്ച്  പൈസാ സംഘടിപ്പിച്ച് പോണ്ടിച്ചേരിയിലും മാംഗ്ളൂരിലും പോകാൻ ബാഗും തോളിൽ തൂക്കി കാത്ത് നിൽക്കുന്നു.

ബിരുദ പഠനം അവരുടെ കാഴ്ചപ്പാടിൽ  വില കുറഞ്ഞതായി കാണപ്പെടുന്നു. എന്തെങ്കിലും ടെക്നിക്കൽ സൈഡിൽ പടിച്ചില്ലെങ്കിൽ അവന്റെ ജീവിതം കട്ടപ്പുകയാകുമെന്നാണ്  പല രക്ഷിതാക്കളുടെയും  അബദ്ധ ധാരണ.. നമുക്ക് നേരിട്ടോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ മുൻ അനുഭവം ഉണ്ടെങ്കിലല്ലാതെ കേട്ട് കേൾവി വെച്ച് ഈ വക ഉഡായിപ്പ്  ടെക്നിക് കോഴ്സുകളിൽ ചെന്ന് ചാടുന്നത് കുട്ടിയുടെ ഭാവി നരകമാക്കും.

പ്ളസ് റ്റു വിജയിച്ച മാർക്ലിസ്റ്റ് പരിശോധിച്ച് ഏത് വിഷയത്തിനാണ്  കൂടുതൽ മാർക്കെന്ന് തിരിച്ചറിഞ്ഞ് ആ വിഭാഗം കോഴ്സുകളിൽ ചേർക്കുന്നതല്ലേ ബുദ്ധി.

Sunday, April 16, 2023

ഉഷാർ ബാബാ ഉഷാർ

രാവിന്റെ അന്ത്യ യാമങ്ങളിൽ  എപ്പോഴോ ആ ശബ്ദം ആലപ്പുഴ വട്ടപ്പള്ളിയിലെ  ഇടവഴികളിൽ മുഴങ്ങി.  “ഉഷാർ ബാബാ...ഉഷാർ.“.

അത്താഴക്കൊട്ടുകാരൻ ഖാലിദിക്കാ ആണ്.

നോമ്പ് കാലത്ത് രാത്രിയിൽ വളരെ വൈകി കഴിക്കുന്ന അത്താഴത്തിന്   വിശ്വാസികളെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ  പണ്ട് മുതൽക്കേ ഖാലിദിക്കാ പതിവായി ചെയ്യുന്ന  സേവനമാണ്  അറബനാ മുട്ടി  ഉഷാർ ബാബാ  ഉഷാർ.. വിളിയും തുടർന്ന് ഈണത്തിൽ പാടുന്ന ബൈത്തുകളും. അയാൾക്ക് പ്രതിഫലമായി നോമ്പ് ഇരുപത്തേഴാം രാവ് എല്ലാവരും എന്തെങ്കിലും കൈ മടക്ക് കൊടുക്കും.

അന്ന് മൊബൈൽ ഫോണോ  സമയമറിയിച്ച്  ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ കഴിയുന്ന മറ്റ് സംവിധാനങ്ങളോ  നിലവിലില്ലല്ലോ.

ഖാലിദിക്കായുടെ  വിളിച്ച് പറയലും ബൈത്ത് പാട്ടും അറബനാ മുട്ടും കേട്ട് മുതിർന്നവർ എഴുന്നേൽക്കുകയും  പകലത്തെ നോമ്പിനാൽ ക്ഷീണിച്ച് ഉറങ്ങുന്ന ഞങ്ങൾ കുട്ടികളെ തട്ടി എഴുന്നേൽപ്പിക്കുകയും ചെയ്യുന്നു. പാതി ഉറക്കത്തിൽ മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ അരണ്ട  വെളിച്ചത്തിൽ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം അത് റേഷനരി ചോറോ ചമ്മന്തി അരച്ച് കൂട്ടാനോ അതെന്തായാലും  കഴിച്ച് തീരുമ്പോൾ  ഉമ്മാ നിയ്യത്ത് പറഞ്ഞ് തരും. നാളത്തെ നോമ്പ് നോൽക്കുന്നു എന്ന  തീരുമാനം ഏറ്റ് പറയുന്ന ഒരു ചടങ്ങാണ് നിയ്യത്ത്. (തീരുമാനം,  ശപഥം, പ്രതിജ്ഞ. എന്നൊക്കെ അർത്ഥം കൽപ്പിക്കാം നിയ്യത്തിന്)

ഉമ്മാ എനിക്ക് നിയ്യത്ത്  ചൊല്ലിതരുന്നത് ഞാൻ ഏറ്റ് ചൊല്ലും 

“ നബൈത്തു, സൗമ ഖദിൻ, അൻ അദായി, ഫർളി റമളാനി  ഹാദിഹി സനത്തി ലില്ലാഹി ത ആലാ...“ എന്നിട്ട് അതിന്റെ അർത്ഥവും ചൊല്ലി തരും “ ഈ വർഷത്തെ റമദാൻ മാസത്തിലെ   ഫർളായ (നിർബന്ധ കർമ്മം) നാളത്തെ റമദാൻ നോമ്പിനെ അള്ളാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ കരുതി ഉറപ്പിക്കുന്നു..“

ഇത് ചൊല്ലിക്കഴിയുമ്പോൾ ഉറക്കം കൺ പോളകളെ  തഴുകുന്നുണ്ടാകും. അപ്പോഴും ഖാലിദിക്കായുടെ അറബനാ മുട്ട് ശബ്ദവും ഉഷാർ  ബാബാ  ഉഷാർ വിളിയും  ദൂരെ ദൂരെ കമ്പിക്കകം വളപ്പിൽ നിന്നും രാത്രിയുടെ നിശ്ശബ്ദതയിൽ ഒഴുകി വരുമായിരുന്നു.

ഇപ്പോൾ ഖാലിദിക്കാ  മരിച്ച് കാണൂം. മൊബൈൽ ഫോണീന്റെയും മറ്റും അതി പ്രസര  കാലത്ത് “ഉഷാർ ബാബാ ഉഷാർ വിളിയുടെ ആവശ്യമില്ലല്ലോ. നിശ്ചിത സമയത്ത് ഞങ്ങൾ പഴയ തലമുറ എഴുന്നേറ്റ് പുതു തലമുറയെ തട്ടി വിളിച്ച് ആഹാരം    കൊടുത്ത് കഴിഞ്ഞ് നിയ്യത്ത് ചൊല്ലിക്കൊടുക്കുകയും അവർ ഏറ്റ് പറയുകയും ചെയ്യുന്നു.

 അത് കാണുമ്പോൾ കടന്ന് പോയ  ഒരു കാലത്ത് രാത്രിയിലും നോമ്പാണോ ഉമ്മാ എന്ന് പറയേണ്ടി വന്നിരുന്ന ഒരു പട്ടിണിക്കാലത്ത്  മങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ  വെട്ടത്തിൽ മുമ്പിലെത്തിയ റേഷൻ അരി ചോറും കഴിച്ച് പാതി ഉറക്കത്തിൽ നിയ്യത്ത് ചൊല്ലുന്ന ആ പയ്യനെ ഓർമ്മ വരുന്നു., ഇപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾ നിയ്യത്ത് ഏറ്റ് പറയുന്നത് കാണുമ്പോൾ എന്റെ ഉമ്മാ ഒരിക്കൽ കൂടി എന്റെ അടുത്തിരുന്ന്  നിയ്യത്ത് പറഞ്ഞ് തന്നിരുന്നെങ്കിൽ...എന്ന് ആശിച്ച് പോകുന്നു. ഉമ്മാ ആലപ്പുഴ പടിഞ്ഞാറേ പള്ളി പറമ്പിൽ എന്റെ മൂത്ത സഹോദരിയൊടൊപ്പം നീണ്ട ഉറക്കത്തിലാണല്ലോ എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത വേദനയും തോന്നുന്നു. . അവർ ചൊല്ലി പഠിപ്പിച്ച നിയ്യത്ത് തലമുറകൾ കടന്ന് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കുമ്പോൾ  ദൂരെ ദൂരെ  എവിടെയെങ്കിലും ഇനി ഒരിക്കലും കേൾക്കാൻ ഇടയില്ലാത്ത ഖാലിദിക്കായുടെ അറബനാ മുട്ടും ഉഷാർ ബാബാ ഉഷാർ..വിളി കേൾക്കാനും കൊതി ആകുന്നല്ലോ.

Thursday, April 6, 2023

കോടതിയിലെ സ്വാഭാവികമായ അനീതി

 അൽപ്പം ചില അപവാദങ്ങൾ ഒഴിവാക്കിയാൽ ഭൂരിഭാഗം കേസുകളിലും കോടതിയിൽ നിന്നും  നീതി ലഭിക്കാറുണ്ട്. കോടതിയിൽ നിന്ന് തന്നെ ആ വ്യവസ്ഥയുടെ  ഭാഗമായി അനീതിയും ചിലപ്പോൾ ഉണ്ടാകുന്ന കേസുകളുമുണ്ട്.  കൂടുതലും  കുടുംബ കോടതികളിലാണ് ഇപ്രകാരം സംഭവിക്കുന്നത്.ഇവിടെ താഴെ പറയുന്ന  രണ്ട് കേസുകളിൽ ആദ്യത്തേതിൽ ഭർത്താവ് എഞ്ചിനീയറും ഭാര്യ മെഡിക്കൽ ബിരുദ ധാരിണിയും ആണ്. വിവാഹ ബന്ധം ആകെ രണ്ട് മാസക്കാലം മാത്രം. അത് കഴിഞ്ഞ് ഭർത്താവ് ഉപജീവനാർത്ഥം ഗൾഫിൽ പോയി. ഭാര്യ  മെഡിക്കൽ ബിരുദം പോരാ  അധികാരമുള്ള കളക്ടർ ജോലി വേണം അതിനായി സിവിൽ സവീസ് പരീക്ഷക്ക് ചേരാൻ കോചിംഗ് സെന്ററിൽ ചേർന്ന് പഠിക്കുന്നു. അതിനുള്ള ആഗ്രഹം ഭർത്താവ് നാട്ടിലുള്ളപ്പോൾ തന്നെ പറയുകയും അയാൾ അതിനു വേണ്ടി ഫീസും ഹോസ്റ്റൽ ചെലവുമുൾപ്പടെ  വൻ തുക നൽകി  കോചിംഗ് സെന്ററിൽ  ചേർക്കുന്നു.  . ഉത്തരവ് നൽകാനല്ലാതെ ഉത്തരവ് സ്വീകരിക്കാൻ കലക്ടർ സ്ഥാന മോഹിയായ ഭാര്യ തയാറല്ല. അത് കൊണ്ട് തന്നെ  ഭർത്താവിന്റെ നാട്ടുമ്പുറത്തുള്ള വീട്ടിൽ ഭർതൃ മാതാ പിതാക്കളായ കണ്ട്രി ഫെലോസിനൊപ്പം താമസിക്കാൻ നഗരവാസിയായ  ഭാര്യക്ക് മടിയുമാണ്.

വീട്ടിൽ ഒരു മെഡിക്കൽ ബിരുദ ധാരിണിയായ മരുമകൾ വരുന്ന സന്തോഷത്താൽ  ഭർത്താവിന്റെ  മാതാപിതാക്കൾ ഒരു പൈസാ സ്ത്രീധനമോ ഒരു ഗ്രാം സ്വർണമോ ഡിമാന്റ് ചെയ്യാതെയാണ് വിവാഹം നടന്നതെന്ന് അയൽ വാസികൾക്കും ബന്ധുക്കൾക്കും സർവമാന ജനത്തിനും അറിയാം. ഏതായാലും ഭർത്താവ് ഗൾഫിലേക്ക് പോകുന്നതിന് തലേ ദിവസം തന്നെ ഭാര്യ നഗരത്തിലുള്ള  സ്വന്തം വീട്ടിലേക്ക് പോയി കഴിഞ്ഞു, പോകുന്ന സമയം  തന്റെ വക സ്വർണാഭരണങ്ങളും വിവാഹ സമയം ഭർതാവിന്റെ ബന്ധുക്കൾ നൽകിയ ചടങ്ങുകളുടെ ഉപഹാരമായി കിട്ടിയ സ്വർണാഭരണങ്ങളും  വരും കാല കളക്ടർ പൊതിഞ്ഞ് കെട്ടി  സ്വന്തം വീട്ടിൽ കൊണ്ട് പോയി എന്നത് പരമ സത്യമാണ്.

ഗൾഫിലായ മകൻ പിന്നീടാണ് തന്റെ രണ്ട് മാസ മധുവിധു കാലത്തെ ദുരിത പർവം മാതാ പിതാക്കളെ അറിയിക്കുന്നത്. ഒൻപതിനും അൻപതിനുമിടക്ക് ഏതൊരു പെണ്ണിനോടും സംസാരിക്കുന്നത് ഭാര്യക്ക് ഇഷ്ടമല്ല. നഗരത്തിലുള്ള  തന്റെ വീട്ടിൽ ഭർത്താവ് താമസിക്കണം. ഗ്രാമത്തിലുള്ള കണ്ട്രീ ഫെലോസിനൊപ്പം ഭാര്യ താമസിക്കാൻ വരില്ല. ഭർത്താവിന് ജോലിയെല്ലാം  ഭാര്യ നാട്ടിൽ തരപ്പെടുത്തി കൊടുക്കും. ഇതെല്ലാമായിരുന്നു രണ്ട് മാസക്കാലത്തെ ഭാര്യയുടെ  ഉത്തരവുകൾ.

 ഗൾഫിലുള്ള ഭർത്താവ് വഴങ്ങാതെ  വന്നപ്പോൾ  ആദ്യം ഭീഷണിയും പിന്നെ കോടതിയിൽ കേസുമായി.  ഭർത്താവും മാതാപിതാക്കളും  അടങ്ങിയ കുടുംബാംഗങ്ങൾ  ലക്ഷക്കണക്കിന് രൂപാ രൊക്കമായി വിവാഹത്തിനായി വാങ്ങിയെന്നും കിലോ കണക്കിന് സ്വർണം  ഭർത്താവിന്റെ വീട്ടിൽ പിടിച്ചുവെച്ചെന്നും പിന്നെ നഷ്ട പരിഹാരങ്ങളും  എല്ലാം ആവശ്യപ്പെട്ട് ഒരു യമണ്ടൻ കേസ് ഭാര്യ സ്വന്തം നഗരത്തിലെ കോടതിയിയിൽ ഫയൽ ചെയ്തു. അത് പോരാതെ  അവിടത്തെ  മജിസ്ട്രേട്ട് കോടതിയിൽ ഗാർഹിക പീഡന നിയമ പ്രകാരവും  കുടുംബ കോടതീൽ മറ്റൊരു കേസും ഭാര്യ ഫയൽ ചെയ്ത് അവൾ സ്വന്തം നാട്ടിൽ സ്വസ്ഥമായി കഴിഞ്ഞ് കൂടുന്നു വല്ലപ്പോഴുമൊരിക്കൽ കേസിന് വന്ന് മുഖം കാണിച്ചെങ്കിലായി. വരാത്ത ദിവസങ്ങളിൽ പഠനത്തിലാണെന്ന് കാണിച്ച് വാദിഭാഗം വക്കീൽ അവധിക്ക് അപേക്ഷ ഫയൽ ചെയ്യും  .

 എതിർ കക്ഷികളായ ഭർതൃ മാതാപിതാക്കൾ വയസ്സാം കാലം കൊച്ച് വെളുപ്പാൻ കാലത്ത് 200 കിലോ മീറ്റർ സഞ്ചരിച്ച് വിദൂരത്തുള്ള കോടതിയിൽ പോയി വന്നു കൊണ്ടിരിക്കുന്നു. ഗൽഫിലുള്ള മകന് വേണ്ടി ഒന്ന് രണ്ട്  കേസുകളിൽ പിതാവ് പവർ ഓഫ് അറ്റോർണി( മുക്ത്യാർ) ഹാജരാക്കിയതിനാൽ അയാൾ ഗൾഫിൽ ജോലി സ്ഥലത്ത് കഴിയുകയും ചെയ്യുന്നു. പക്ഷേ കേസുകളുടെ അവധിക്ക് ഈ മാതാ പിതാക്കൾ യാത്ര ചെയ്യുമ്പോൾ അവർ അറിയാതെ തന്നെ  മരുമകളെ മനസ്സിൽ ശപിച്ച് പോവില്ലേ? അവർ ചെയ്യാത്ത  കുറ്റത്തിനായുള്ള ഈ കഷ്ടപ്പാട് അവരെ വല്ലാതെ പീഡിപ്പിക്കുന്നു. മീഡിയേഷൻ  ശ്രമങ്ങളെല്ലാം വൃഥാവിലായി. കോടതി ഓരോ മാസവും  കേസ്അവധിക്ക് വെച്ച്   മാറ്റിക്കൊണ്ടേ ഇരിക്കുന്നു. കോടതിയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകളിൽ ഒന്ന് മാത്രമാണിത്. ഇതിലും പഴക്കമുള്ള കേസുകൾ അവിടെ തീരാൻ ഉണ്ട്. അത് തീർന്ന് കഴിഞ്ഞേ ഈ കേസെടുക്കാൻ കഴിയൂ. കേസ് വിസ്തരിച്ചാൽ തങ്ങൾക്ക് നീതി കിട്ടുമെന്ന് ആ മാതാ പിതാക്കൾക്ക് വിശ്വാസമുണ്ട്. പക്ഷേ അത് വരെ മാസം തോറുമുള്ള ഈ യാത്ര അവരെ വലക്കുന്നു. ഇതിനുള്ള പരിഹാരം ഹൈക്കോടതീൽ  ഓ.പി. ഫയൽ ചെയ്ത്  കേസ് ട്രാൻസ്ഫർ ചെയ്യുക എന്നതാണ്. പക്ഷേ  സ്ത്രീക്ക് മുൻ ഗണന നൽകുന്നതിനാൽ അതെത്രത്തൊളം വിജയിക്കുമെന്നറിയില്ല എന്ന് വക്കീൽ പറയുന്നു. കേസ് അവസാനം വരെ അവർ  യാത്ര ചെയ്ത് കഷ്ടപ്പെട്ടേ പറ്റൂ. ഇപ്രകാരം അവരെ സമ്മർദ്ദത്തിലാക്കി തന്റെ വഴിക്ക് കൊണ്ട് വരാനാണ് ആ  യുവതിയുടെ ശ്രമം.

രണ്ടാമത്തെ കേസിൽ ഭർത്താവും  അയാളുടെ പിതാവുമാണ് വില്ലന്മാർ. വർഷങ്ങളായി  ഭർത്താവ് ഭാര്യക്കും കുഞ്ഞിനും ചെലവിന് കൊടുക്കാതെ വിദേശത്ത് കഴിയുന്നു. ഭർതൃ വീട്ടുകാർ തിരിഞ്ഞ് നോക്കാത്തതിനാൽ ഭാര്യ സ്വന്തം വീട്ടിൽ അഭയം തേടി ഭർത്താവിന്റെ പിതാവ് റിമോട്ട്  കണ്ട്രോൾ വഴി മകനെ നിയന്ത്രിച്ച് വരുന്നു. വിവാഹ മോചനത്തിനും  കുട്ടിക്കും തനിക്കും ചെലവിന് കിട്ടാനും മറ്റും ഭാര്യ കൊടുത്ത കേസുകളിൽ  ഭർതൃ പിതാവ് മകന് വേണ്ടി  മുക്ത്യാർ ഫയൽ ചെയ്ത്  മകൻ കോടതിയിൽ ഹാജരാകാത്ത വിധം  ഉപായം കണ്ടെത്തി. “ നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും എന്നാണ്  മരുമകളോട് അമ്മായി അപ്പന്റെ നിലപാട്. അയാൾ നാട്ടിലെ പ്രമുഖനാണ്. കേസ്  കൊടുത്ത് അയാളുടെ മകനെ നാണം കെടുത്തി എന്നാണ് അയാളുടെ ആരോപണം.

യുവതി ചെറുപ്പമാണ്. അവൻ ഒഴിഞ്ഞ് കൊടുത്തിരുന്നെങ്കിൽ  ആ പെൺകുട്ടിയെ ആരെങ്കിലും കല്യാണം കഴിച്ച് കൊണ്ട് പോയേനെ. പട്ടി കച്ചിൽ കൂനയിൽ കയറി കിടക്കുന്ന  റൂളിംഗാണ് ഭർത്താവ് ഇവിടെ പയറ്റുന്നത്. പട്ടി    കച്ചിൽ ഒട്ടും തിന്നുകയുമില്ല  പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല. അവനോ അവളെ വേണ്ടാ, എന്നാൽ നീ ഒഴിഞ്ഞ് കൊടുക്ക്, അതൊട്ടും ചെയ്യുകയുമില്ല.

അഡ്വൊക്കേറ്റ് എത്ര കഠിനമായി ശ്രമിച്ചിട്ടും   കേസുകളുടെ ബാഹുല്യത്താൽ  യുവതിയുടെ കേസും അവധി വെച്ച് മാറി പൊകുന്നു. വർഷങ്ങൾ നീണ്ട് പോകുമ്പോൾ യുവതി എടുക്കാ ചരക്കായി മാറും. അവന് 70 വയസ്സായാലും ഏതെങ്കിലും ഒരുത്തിയെ കിട്ടുകയും ചെയ്യും.  ചെലവിന് കിട്ടാനുള്ള ഹർജിയും സാങ്കേതിക കാരണങ്ങളാൽ  നീണ്ട് പോകുന്നു. യുവതി ജീവിതത്തിന്റെ ദുരിത  പർവത്തിലാണിപ്പോഴും.

വൈകി വരുന്ന നീതി  അനീതിക്ക് തുല്യം എന്നത് ഈ രണ്ട് കേസിലും എത്ര ശരി. നിയമ നിർമ്മാതാക്കൾക്ക്  ഈ അനീതിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലേ?!!! 

Thursday, March 30, 2023

ഒരു ജന്മ ദിന ചിന്തകൾ

 

സൈഫു ഇന്ന് 40 വയസ്സിലേക്ക്.
 30--3--1983 അത് ഇന്നലെയായിരുന്നോ?! അന്നായിരുന്നല്ലോ 
വെളുത്ത് ചുവന്ന നിറത്തിലുള്ള ഒരു കുഞ്ഞിനെ എന്റെ കയ്യിൽ തന്നത്. 
40 വയസ്സ് പക്വതയുടെ വയസ്സാണ്. പക്ഷേ നാൽപ്പതിനു മുമ്പ് തന്നെ അവന് പക്വത വരത്തക്ക വിധത്തിലായിരുന്നു അവൻ കടന്ന് വന്ന  ജീവിതാവസ്ഥകൾ.

ആ കുഞ്ഞ് 14 വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൈനഞിറ്റീസ് ബാധിച്ച് 56 ദിവസം ജീവിത വരയുടെ  അപ്പുറവും ഇപ്പുറവുമായി  കിടന്നപ്പോൾ അവന്റെ നിറവും പ്രസാദവുമെല്ലാം മങ്ങിപ്പോയി. 1997  ഓണക്കാലത്ത് അവന്റെ ഇളയമ്മയുടെ വീട്ടിൽ പോയപ്പോൾ അവിടെ ഉള്ള ഒരു തോട്ടിൽ മുങ്ങിക്കുളിച്ചു ചെവിയിൽ വെള്ളം കയറി എന്നതായിരുന്നു മൈനഞിറ്റീസിന് കാരണമെന്ന് ഡോക്ടറന്മാർ പിന്നീട് പറഞ്ഞു. തലച്ചോറിലെ ആവരണത്തിന് പഴുപ്പ് ബാധിക്കാൻ തക്കവിധം മൈനഞിറ്റിസ് രോഗം തിരിച്ചറിയാതെ  താമസിച്ച് പോയി

 മെഡിക്കൽ  കോളേജിലെ ആ  കിടപ്പ് ആണ് എന്നെ  കൊണ്ട് “ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പ് എന്ന പുസ്തകം പിന്നീട് എഴുതിപ്പിച്ചത് അതിന്റെ ആദ്യ ഭാഗം ഇങ്ങിനെ ആരംഭിച്ചു++++++
27-10-1997        തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഒന്നാം വാർഡിലെ ഒന്നാംനമ്പർ ബെഡ്ഡിൽ ഇരുന്നു ഞാൻ ഈ കുറിപ്പുകൾ എഴുതുന്നു. സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു.മെനൈഞ്ചൈറ്റിസ്‌ രോഗിയായ എന്റെ മകൻ സൈഫു അരികിൽ മയങ്ങുകയാണു.
ഇന്നു തിങ്കളാഴ്ച്ച ഒന്നാം വാർഡിലെ ഓ.പി ദിവസമായതിനാൽ കട്ടിലുകൾ ഒന്നും ഒഴിവില്ല. രണ്ടു കട്ടിലുകൾക്കിടയിൽ തറയിലും രോഗികളുണ്ടു.എന്റെ മകന്റെ കട്ടിലിനു സമീപം തറയിൽ ഒരു ശവശരീരം കിടക്കുന്നു.ഒരു മണിക്കൂർ മുമ്പു മരിച്ച അയാളെ എപ്പോൾ അവിടെ നിന്നും എടുത്തു മാറ്റുമെന്നു അറിയില്ല. മകന്റെ കട്ടിലും മൃതദേഹവും വേർ തിരിക്കാൻ പേരിനു ഒരുസ്ക്രീൻ മാത്രം.സ്ക്രീനിന്റെ അടിവശത്തുകൂടി മൃതദേഹത്തിന്റെ വിറങ്ങലിച്ച കാലുകൾ പുറത്തേക്കു നീണ്ടിരിക്കുന്നു.മരിച്ച ആളുടെ മകൾ ഭിത്തിയിൽ ചാരി ഇരുന്നു തേങ്ങുകയാണു. കുറച്ചു മുമ്പു അവർ അലമുറയിടുകയും പിതാവു കഴിഞ്ഞ കാലങ്ങളിൽ തന്നോടു കാണിച്ചിരുന്ന വാൽസല്യം എണ്ണീ എണ്ണീ പറയുകയും ഇനി അപ്രകരം തന്നോടു ദയ കാണിക്കാൻ ഈ ലോകത്തു ആരുണ്ടു എന്നു പരിതപിക്കുകയും ചെയ്തിരുനു.ബന്ധുക്കൾ അടുത്തു വരുമ്പോൾ ഈ പരിദേവനം ഒരു വിലാപഗാനത്തിന്റെ രൂപം പ്രാപിച്ചു.വാർഡിലെ എല്ലാ രോഗികളുടെയും ശ്രദ്ധ മരിച്ച ആളിലും കരയുന്ന മകളിലും തങ്ങി നിന്നു. മരണം എപ്പോഴും ഭയം ഉളവാക്കുന്നതിനാൽ പല മുഖങ്ങളിലും സംഭ്രമം തെളീഞ്ഞു നിന്നിരുന്നു.ഏതോ നടപടിക്രമങ്ങളുടെ പേരിൽ ശവശരീരം ഇപ്രകാരം രോഗികളുടെ സമീപം കിടത്തിയിരിക്കുന്നതിൽ എല്ലാവർക്കും അമർഷം ഉണ്ടെന്നു വ്യക്തം.
 ഒരു മണിക്കൂറിനു മുമ്പു ഭാര്യയും ഞാനും അൽപ്പം ദൂരെയുള്ള മൂത്രപ്പുരയിൽ പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ പകുതി ദൂരം താണ്ടിക്കഴിഞ്ഞപ്പോഴാണു മകന്റെ കട്ടിലിന്റെ ഭാഗത്തു നിന്നും അലമുറ കേട്ടതു.മകനു എന്തോ സംഭവിച്ചെന്ന ഭയത്തോടെ പാഞ്ഞെത്തിയ ഞങ്ങൾ തറയിലേക്കു നോക്കുന്നതിനു തല ഉയർത്താൻ കഠിന യത്നം നടത്തുന്ന മകനെയാണു കണ്ടതു. തറയിൽ അൽപ്പം മുമ്പു അഡ്മിറ്റ്‌ ചെയ്യപ്പെട്ട രോഗിയുടെ ചലനമറ്റ ശരീരം കിടന്നിരുന്നു. ആ ശവശരീരത്തിൽ തലതല്ലിക്കരയുന്ന സ്ത്രീയുടെനിലവിളിയാണു ഞങ്ങൾ കേട്ടതു.മകന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു.++++++++++++++(ആ പുസ്തകം നല്ലവണ്ണം വിറ്റഴിക്കപ്പെട്ടു.)

അത്യുന്നതനായ പരമ കാരുണികൻ രോഗ ശമനം നൽകി അവനെ  ഞങ്ങൾക്ക് തിരികെ തന്നു. എങ്കിലും അതിന്റെ തുടർച്ചകൾ  അവന്റെ ജീവിതത്തെ പല നിയന്ത്രണത്തിലുമാക്കുകയും. ആ നിയന്ത്രണങ്ങൾ അവനെ പ്രായത്തിലുപരി പക്വതയിലേക്കുയർത്തുകയും  ചെയ്തു. 
വല്ലപ്പോഴുമുണ്ടാകുന്ന ദേഷ്യം ഒഴിവാക്കിയാൽ അവൻ ഇപ്പോൾ പൊതുവേ സമാധനപ്രിയനാണ്.
   മെഡിക്കൽ കോളേജിൽ  സൈഫു കഴിഞ്ഞിരുന്ന   ദിവസങ്ങളിൽ എനിക്കുണ്ടായ മാനസിക സമ്മർദ്ദങ്ങളും എന്റെ മൂത്ത പുത്രന് പിന്നീടുണ്ടായ കിഡ്നി  തകരാറുകളും ബാഹ്യമായി എന്നെ  ബാധിച്ചില്ലെങ്കിലും അകമേ വല്ലാതെ തളർത്തിക്കളഞ്ഞു. നിത്യ ഹരിത നായകനെന്ന എന്റെ  അഹങ്കാരം  എങ്ങോ പോയി. തഴച്ച് നിന്ന  തലമുടി  എവിടേക്കോ മറഞ്ഞു.മുഖത്തെ ചുവപ്പ് വിളറിയ നിറമായി .എല്ലാ എടുത്ത ചാട്ടങ്ങളും നിലച്ചു. ചുരുക്കത്തിൽ ഞാനുമൊരു പരുവത്തിലായി. വർഷങ്ങൾ എത്രയൊ കഴിഞ്ഞു, എന്നിട്ടും ആ ഷോക്ക്  എന്നെ വിട്ടകന്നില്ല, “ ക്ഷമ അവലംബിക്കുന്നവരോടൊപ്പമാണ് ദൈവം“ (ഇന്നല്ലാഹ മ അ സ്സാഫിരീൻ) എന്ന വേദ വാക്യത്തിൽ മനസ്സൂന്നിയപ്പോൾ   മനസ്സ് ശാന്തമായി.

സൈഫു ഇന്ന് അഭിഭാഷകനാണ്. ഭാര്യ ഷൈനിയോടും ഏക മകൻ സിനാനുമോടൊപ്പം  പ്രപഞ്ച സൃഷ്ടാവിന്റെ കാരുണ്യത്താൽ സമാധാനത്തോടെ  കഴിയുന്നു.

അവർക്ക്  അത്യുന്നതമായ സമാധാനത്തോട് കൂടിയ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു. അതോടൊപ്പം നിങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ, മംഗളവും.





Monday, March 27, 2023

ഡേറ്റാ മോഷണം

 “ഹലോ ! ഷരീഫ്  സാറല്ലേ....“

“അതേല്ലോ...ആരാ സംസാരിക്കുന്നത്...?“

“സർ, ഇത് ടാറ്റാ കമ്പനീന്നാണ്....പുതിയ ഇനം കാറുകൾ വന്നിട്ടുണ്ട്...ഇവിടേ“

“ എനിക്ക് കാറുകൾ ആവശ്യമുണ്ടെന്ന് നിങ്ങളോട് ആര്പറഞ്ഞു....“

“സർ പുതിയതായി ഇറങ്ങിയ കാറുകളാണ്....അത് കൊണ്ട് തന്നെ റിഡക്ഷൻ സെയിലാണിപ്പോൾ....“

“എന്റെ നമ്പർ  നിങ്ങൾക്ക് എങ്ങിനെ കിട്ടി....“?

“അത്...ഞങ്ങൾക്ക് കിട്ടി...സാർ, കാർ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക....“ ഫോൺ  ബന്ധം നിലച്ചു. കഴിഞ്ഞ ദിവസം എന്റെ ഫോണിൽ വന്ന ഒരു സംഭാഷണമാണ് മുകളിൽ ഉദ്ധരിച്ചത്.

എന്റെ നമ്പർ എവിടെ നിന്നും കിട്ടിയെന്ന ചോദ്യം മാത്രം അന്തരീക്ഷത്തിൽ മറുപടിയില്ലാതെ അലഞ്ഞു  നടന്നു

ഞാൻ സാധാരണക്കാരിൽ സാധാരണക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ ഫോൺ നമ്പറും  പ്രസിദ്ധമല്ല. പിന്നെങ്ങിനെ എന്റെ നമ്പർ ആ കമ്പനിക്ക് കിട്ടി. എന്റെ പേരും...?!

സർക്കാർ ആവശ്യങ്ങൾക്ക് ഫാറം പൂരിപ്പിക്കുമ്പോഴും അത് പോലെ മറ്റ് നിശ്ചിത ആവശ്യങ്ങൾക്കും  ഫോൺ നമ്പർ ആവശ്യപ്പെടുന്നിടത്ത് ഞാൻ എന്റെ നമ്പർ കൊടുക്കാറുണ്ട്. പക്ഷേ അത് എന്റെ സ്വകാര്യ ആവശ്യങ്ങൾക്കാണ് അല്ലാതെ  ഇത് പോലുള്ള കമ്പനികൾക്ക് കൈ മാറാൻ ഞാൻ എന്റെ ഫൊൺ നമ്പർ കൊടുത്തിട്ടില്ല. അപ്പോൾ എന്റെ സ്വകാര്യതയിൽ കടന്ന് കയറാൻ തക്കവിധം  എന്റെ ഡേറ്റാ ആരാണ് മറ്റുള്ളവർക്ക് കൈ മാറുന്നത്. 

 സ്വകാര്യ കമ്പനികൾക്കായി ഡേറ്റാ കച്ചവടം ചെയ്യുന്ന  പ്രബലമായ  ബിസ്സിനസ്സ് സമൂഹത്തിൽ തഴച്ച് വളർന്നിട്ടുണ്ട് എന്ന് തന്നെ  വിശ്വസിക്കേണ്ടി വരുന്നു. അവർ നമ്മുടെ സ്വകാര്യതയിലേക്ക് എത്തി നോക്കി കൊണ്ടിരിക്കുകയാണ്. അത് ക്രിമിനൽ കുറ്റമാണെങ്കിലും ശരി. 


Sunday, March 19, 2023

പെൻസിലിൽ തുടങ്ങി

 പെൻസിൽ...അത് രണ്ടാം ക്ളാസിൽ ആയപ്പോഴാണ്` ലഭിച്ചത്.

. അതും രണ്ടായി മുറിച്ച് ഒരു പകുതിയാണ് വീട്ടിൽ നിന്നും ആദ്യം തന്നത്. മുഴുവനായി തന്നാൽ  മുന കൂർപ്പിച്ച് പെട്ടെന്ന് തീർത്താലോ. റൂളി പെൻസിലെന്ന് അന്ന് പെൻസിലിന് മറ്റൊരു പേരുണ്ട്. റൂളി എന്ന ഓമനപ്പേരുമുണ്ട്. നാലാം ക്ളാസിലെത്തിയപ്പോൾ കുപ്പിയിൽ മഷിയും  അതിൽ മുക്കി എഴുതാൻ ഒരു പേനയും കിട്ടി. സ്റ്റീൽ പേനാ എന്നായിരുന്നു ആ പേനായുടെ പേര്. നിലത്ത് വീണാൽ നിബ്ബ് വളഞ്ഞ് പോകുമെന്ന ഒരു ദൂഷ്യവും  കൂടാതെ ഷർട്ടിൽ അങ്ങിങ്ങായി മഷി വീണ പാടും ഞാൻ  സ്റ്റീൽ പേനാ ഉപയോഗിക്കുന്നവനാണെന്ന  അടയാളം കാണിച്ചു തന്നു. അഞ്ചാം ക്ളാസിലെത്തിയപ്പോൾ ഫൗണ്ടൻ പേനാ എന്ന അമൂല്യവും അന്തസ്സുള്ളതുമായ പേനാ കിട്ടി. ആദ്യമായി കിട്ടിയത് 15 പൈസാ വിലയുള്ള സാധാരണ പേനയായിരുന്നു. പിന്നീട് എപ്പോഴോ ബോംബയിൽ നിന്നും വന്ന ഒരു അമ്മാവൻ പച്ച നിറത്തിലുള്ള  വില ഉള്ള ഒരു പേനാ കൊണ്ട് വന്ന് തന്നു. അത് ഷർട്ടിൽ കുത്തി അന്തസ്സ് പ്രകടിപ്പിച്ച് നടന്നത് ഇന്നും ഓർമ്മിക്കുന്നു. 

 അന്ന് ഒരു പേനാ വഴിയിൽ കിടന്ന് കിട്ടുന്നത്  ഭാ‍ഗ്യ ലക്ഷണമായിരുന്നു..

എന്റെ ആദ്യ കാല കഥകളെല്ലാം  ഫൗണ്ടൻ പേനായിലൂടെ പുറത്ത് വന്നു. ഏത് കഥ അച്ചടിച്ച് വന്നുവോ ആ പേനാ ഐശ്വര്യമുള്ളതായി അന്ന് കരുതി.  ഹീറോ പാർക്കർ, ഷിഫേഴ്സ് തുടങ്ങിയ   രാജ വംശ പേനകളെല്ലാം അന്നത്തെ അന്തസ്സിന്റെ പ്രതീകമായിരുന്നല്ലോ.

 മഷി പേനാ ബാൾ പെന്നിന് വഴി മാറിക്കൊടുത്തത് എത്ര പെട്ടെന്നായിരുന്നു. പൃ ഷ്ഠത്തിൽ തള്ള വിരൽ ഞെക്കിയാൽ  എഴുതുന്ന മുന പുറത്ത് വരികയും പിന്നെ ഞെക്കിയാൽ മുന അകത്തേക്ക് തിരിച്ച് പോവുകയും ചെയ്യുന്ന ബാൾ പെന്നുകൾ സർവ സാധാരണമായി.

ഇപ്പോൾ ആ പേനായും  പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. ഒപ്പിടാൻ പേന പോക്കറ്റിൽ സ്ഥിരം കരുതുന്ന സ്വഭാവം നാം മറന്നുവല്ലോ. ഒപ്പിടാൻ ആവശ്യം വരുമ്പോൾ ഒരു പേനാ....ഒരു പേനാ എന്ന് നമ്മൾ  നാലു ചുറ്റും പോക്കറ്റുകളിലേക്ക് നോക്കും. അത് ബാങ്കിലായാലും പോസ്റ്റ് ഓഫീസിലായാലും ശരി. 

ഇപ്പോൾ എഴുത്തില്ല അത് ആധാരം എഴുത്തായാലും  കഥ എഴുത്തായാലും  ശരി എല്ലാം കമ്പ്യൂട്ടറിലും കീ ബോർഡിലുമായി മാറി. 

ഇപ്പോൾ  ഈ കുറിപ്പുകൾ  പേനാ കൊണ്ടല്ലല്ലൊ അത് കുറിക്കാൻ നോട്ട് ബുക്കും കടലാസ്സും വേണ്ടാ. എല്ലാം കമ്പ്യൂട്ടറിലായി മാറി.  ഇനി...ഇനി എന്തായിരിക്കും അടുത്ത മാറ്റം.....???

Friday, March 10, 2023

ദേ! പുട്ട്...

 എറുണാകുളത്ത് ഞങ്ങൾ നാല് പേർ എത്തിയത് ഒരു കക്ഷിയെ കാണാൻ വേണ്ടിയായിരുന്നു. കാര്യം കഴിഞ്ഞപ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞു. ഇനി വിദൂരമായ കൊട്ടാരക്കരയിലേക്ക് കാറിൽ സഞ്ചരിക്കണം. രാത്രി ആഹാരം ഇവിടെ നിന്ന് കഴിക്കാം എന്ന് കൂടെ ഉണ്ടായിരുന്ന സ്നേഹിതൻ അഭിപ്രായപ്പെട്ടതിനാൽ  ഞങ്ങൾ എല്ലാവരും കൂടി  ഇടപ്പള്ളിയിലെ പുട്ട് കടയിലേക്ക് തിരിച്ചു. പുട്ട് മാത്രമാണ് അവിടെ കച്ചവ്ടമെന്നും എല്ലാ പുട്ടും അവിടെ ലഭിക്കുമെന്നും കൂടെ ഉള്ളവർ പറഞ്ഞതിനാൽ ഉള്ളിൽ കൗതുകം തോന്നിയിരുന്നു. അവിടെ ചെന്നപ്പോൾ സങ്കൽപ്പത്തിലുള്ള പുട്ട് കടയേക്കാളും വ്യത്യസ്തമായി വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെയുള്ള  ഒരു വലിയ ഹോട്ടലാണ് കണ്ടത്. പ്രസിദ്ധനായ ഒരു സിനിമാ താരത്തിൻടേതാണ് പോലും  ഹോട്ടൽ. എന്തായാലും അകത്തെക്ക് കയറി.

നിറയെ ജനം. പെണ്ണും പിറുക്കുണിയും എല്ലാമുണ്ട് ഇവറ്റകളൊന്നും  രാത്രിയിൽ വീട്ടിൽ ആഹാരം പാകം ചെയ്യാറില്ലേ? അതോ ഞങ്ങളെ പോലെ യാത്രക്കാരാണോ   . കൂടെ ഉള്ളവരുടെ സംസാരത്തിൽ നിന്നും സിറ്റി സംസ്കാരം  ഇതാണെന്നും രാത്രി അടുപ്പ് കൂട്ടി  മെനക്കെടേണ്ട ആവശ്യമില്ലെന്നും  കയ്യും കഴുകി ഹോട്ടലിലെ മേശക്കരികിൽ ഇരുന്നാൽ ഇഷ്ടമുള്ള ആഹാരം സിറ്റിയിൽ എവിടെ നിന്നും  ലഭ്യമാണെന്നും മാത്രമല്ല അതൊരു ഫാഷനാണെന്നും  രാത്രി കാറുമെടുത്ത് ഹോട്ടലിൽ  പോയി കഴിക്കുന്നത്  ഫാഷന്റെ ഭാഗമാണെന്നും  അത് സ്ഥിരം പതിവ് മാത്രമാണെന്നും കേട്ടപ്പോൾ  ഞാൻ അന്തം വിട്ടില്ല, നാട്ടുമ്പുറത്ത്കാരനായ എനിക്ക് ഉള്ളിൽ നഗര വാസികളോട് പരിഹാസം തോന്നുകയാണുണ്ടായത്.

യൂണിഫോമിട്ട പരിചാരകർ തലങ്ങും വിലങ്ങും ഓടി നടക്കുന്നുണ്ട്. ഓർഡർ എടുക്കാൻ ഒരു വിദ്വാൻ കുറിപ്പ് പുസ്തകവുമായി ഞങ്ങളെ സമീപിച്ചു. പുട്ട് എന്ന് പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുമ്പ് ഏത് പുട്ട്? ആ പുട്ട്...ഈ പുട്ട്....? മറ്റേ പുട്ട്....? ഓ! പുട്ട്? ഇറച്ചിയിട്ട് മിക്സ് ചെയ്ത പുട്ട്... വീറ്റ്...?..റൈസ്..... ഇങ്ങിനെ വിവിധ തരം പുട്ട് ഇനങ്ങൾ ടിയാന്റെ ചുണ്ടിൽ നിന്നും അനർഗ്ഗളമായി പ്രവഹിച്ചു. ഞങ്ങൾ സാദാ പുട്ടിന് പറഞ്ഞപ്പോൾ ഇറച്ചി കറി ഏത് ഇനമെന്ന ചോദ്യമായി. തുടർന്ന് അരക്കപ്പ് വീതം ചുക്ക് കാപ്പിയും പപ്പട കഷണം പൊരിച്ച ഒരു ചെറു കുട്ടയും പുറകേ ബഹുമാനപ്പെട്ട പുട്ടും ഇറച്ചിക്കറിയും രംഗത്തെത്തി.

ഉള്ളത് പറയാമല്ലോ നമ്മുടെ നാട്ടിൻ പുറത്തെ  ഷംസുദ്ദീന്റെ ചായക്കടയിലെ  പുട്ടിന്റെ ഏഴയലത്ത് പോലും ഈ പുട്ട് എത്തുകയില്ല. സംഗതി കഴിച്ച് തീർത്ത് എഴുന്നേറ്റ് പുറത്തിറങ്ങി. സ്നേഹിതനായിരുന്നു യാത്രയിലെ മുഴുച്ചെലവും എന്നതിനാൽ ബിൽ എത്രയായെന്ന് ഞാൻ അന്വേഷിച്ചു. കഴിച്ച ആഹാരത്തിന്റെ വില അന്വേഷിക്കുന്നത് ഒരു ജാതി  താഴ്ന്ന പരിപാടിയാണെന്ന് അയാൾ ചുണ്ടിന് കീഴെ പിറു പിറുത്തെങ്കിലും എനിക്കത് നിർബന്ധമായി അറിയണമായിരുന്നു. എന്ത്കൊണ്ടെന്നാൽ ഇനി ഒരു ദിവസം  ഈ ഹോട്ടൽ ഒഴിഞ്ഞ് വെക്കണമെങ്കിൽ  ഇവിടത്തെ വില അറിയണമല്ലോ. 1500 രൂപയോളമായിരുന്നു  നാല് പേരുടെ ബിൽ.

വിലയല്ല ഇവിടെ പ്രധാനം...സ്നേഹിതൻ പറഞ്ഞു. എറുണാകുളത്ത് വരുമ്പോൾ ഇത്പോലുള്ള ഹോട്ടലിൽ കയറി കാപ്പി കുടിക്കുന്നു എന്നതാണ് പ്രധാനം. ശരിയാണ് ഞാൻ ഓർത്തു. ആ ഹോട്ടലിനുള്ളിൽ നിറഞ്ഞിരുന്ന എല്ലാവർക്കും ബില്ലോ ആഹാരത്തിന്റെ രുചിയോ അല്ല പ്രധാനം പൊങ്ങച്ചത്തിനാണ് മുൻ ഗണന‘. ഇന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന വീമ്പ്. അതാണ് അതിന്റെ ഒരു ത്രില്ല്. രാമൻ കുട്ടിയുടെ  മാടക്കടയിൽ നിന്നും ഒരു പാക്കറ്റ് ബിസ്കറ്റ്  വാങ്ങി എന്ന് പറയുന്നതിനേക്കാളും ഞാൻ ലുലുവിൽ പോയി വാങ്ങി എന്ന് പറയുന്നതാണ് ശേല്.

നീലക്കുയിൽ സിനിമയിലെ  കായലരികത്ത് ഗാനം ആലപിക്കുന്ന ചായക്കട  ഓർമ്മയുണ്ടോ? അത് പോലുള്ള ചായക്കടയിൽ നിന്നും ഒരു ആപ്പുമടിച്ച്  “ഇവിടെ രാഷ്ട്രീയം പറയരുത്“ എന്ന്   ചോക്ക് കൊണ്ട് എഴുതിയ ബോർഡിന് താഴെ ഇരുന്ന്  “മുഖ്യ മന്ത്രിയെ ഇറക്കി വിടും“ എന്ന് ശക്തിയുക്തം രാഷ്ട്രീയവും പറഞ്ഞ് ഒരു പുട്ടും കടലയും കഴിക്കുന്നതിൽ പൊങ്ങച്ചമില്ലെങ്കിലും  വല്ലാത്തൊരു അനുഭൂതിയും സുഖവുമുണ്ടല്ലോ...കൂട്ടത്തിൽ  പോക്കറ്റും കീറില്ലാ എന്ന സമാധനവും......

Thursday, March 2, 2023

എരി പൊരി വെയിലത്തെ പെൻഷൻ

നട്ടുച്ച നേരം. തിളച്ച് മറിയുന്ന ടാറിട്ട റോഡ്.. അത്യാവശ്യമായി  നഗരത്തിലേക്ക് പോകേണ്ടിയിരുന്നതിനാൽ ഒരു കുടയും ചൂടി ഞാൻ റോഡിലെത്തിയപ്പോഴാണ്  എനിക്ക് പരിചയമുള്ള ആ സ്ത്രീയെ കണ്ടത്. അവർ ഒരു വിധവയാണ്. റോഡ് കയറ്റം തുടങ്ങുന്ന  സ്ഥലത്ത് തിളച്ച ചൂടിൽ അവശയായി,  കയറ്റം എങ്ങിനെ  താണ്ടുമെന്ന ആശങ്കയാൽ  റോഡരികിൽ നിൽക്കുന്ന ശീമക്കൊന്ന മരത്തിന്റെ തണലിൽ വിയർത്തൊലിച്ച് നിൽക്കുകയായിരുന്നു അവർ.

“ഈ നട്ടുച്ച നേരത്ത് എവിടെ പോയിട്ട് വരുന്നു?  “ ഞാൻ കുശലം അന്വേഷിച്ചു.

 വിളറിയ പുഞ്ചിരിയോടെ അവർ പറഞ്ഞു “ഒരു മാസത്തെ പെൻഷൻ  കൊടുക്കുന്നു എന്ന് പത്രത്തിൽ കണ്ടു...അത് വാങ്ങാനായി ബാങ്കിൽ പോയതാ.... അവിടെ ചെന്നപ്പോൾ ആ വാർത്ത പത്രമാഫീസ് വരയേ എത്തിയുള്ളൂ ബാങ്കിൽ വന്നില്ല എന്നും അതിന് ഇനിയും ദിവസങ്ങൾ എടുക്കുമെന്നും ബാങ്ക്കാർ പറഞ്ഞു, ഇനി തിരിച്ച് പോവുകയാ സാറേ.....ഒരു മാസമെങ്കിൽ ഒരു മാസം...അതെങ്കിലുമാകട്ടെ എന്ന് കരുതി വെയില് കണക്കാക്കാതെ  ഇറങ്ങിയതാ...ഇനി ഇപ്പോ....“ അവരുടെ മുഖത്ത് വലിയ നിരാശ കണ്ടു.

ആ സ്ത്രീ  തണലിൽ നിന്നുമിറങ്ങി ഏറ്റം കയറാൻ ആരംഭിച്ചു.

ഒന്നും പറയാനാകാതെ ഞാൻ അവരുടെ പോക്ക് നോക്കി നിന്നു.

സർക്കാർ പെൻഷൻ പ്രതീക്ഷിച്ച് ദിവസങ്ങൾ കഴിച്ച് കൂട്ടുന്ന എത്രയോ ജന്മങ്ങൾ ഈ നാട്ടിലുണ്ട്. അവരിലൊരാളാണ് ഈ സ്ത്രീയും. അത് കൊണ്ടാണ് പത്ര വാർത്ത അറിഞ്ഞ ഉടൻ  അവർ ഈ എരിപൊരി വെയിലത്ത് പൈസായുടെ ബുദ്ധിമുട്ടിനാൽ ഇറങ്ങി തിരിച്ചത്. ബാങ്കിൽ പെൻഷൻ വന്നില്ല എന്നറിഞ്ഞപ്പോൾ അവരുടെ ഉള്ളിലുണ്ടായ നിരാശ എത്രമാത്രമായിരിക്കുമെന്നാലോചിച്ച് നോക്കൂ.

ആരാണ് ഈ കാര്യത്തിൽ കുറ്റക്കാർ.

ഇങ്ങിനെ കുറേ പാവപ്പെട്ട ജന്മങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നമ്മുടെ  സമൂഹമെന്നും അതിനാൽ വാർത്തകൾ ശരിയും വിശദവും കൃത്യവുമായിരിക്കണമെന്നും  ഇനിയും തിരിച്ചറിയാത്ത ബന്ധപ്പെട്ട അധികാരികൾ മാത്രമാണ് ഈ വിഷയത്തിൽ  കുറ്റക്കാർ.

Sunday, February 26, 2023

പക്ഷാഘാതവും ഉറക്കവും..

 രാത്രി രണ്ട് മണി വരെ  ഉറക്കമിളച്ചിരുന്ന്  മൊബൈലിൽ കുത്തുന്നവരേ!  നിങ്ങൾ സൂക്ഷിക്കുക! തുടർച്ചയായുള്ള ഉറക്കമില്ലായ്മ നിങ്ങളെ പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാം. തലയിണക്ക് സമീപം തന്നെ മൊബൈലിന്റെ വികിരണങ്ങൾ .ഏറ്റ് വാങ്ങി  ഉറങ്ങുന്നതും അത്ര നന്നല്ല. 

ഇത് ഞാൻ പറഞ്ഞതല്ല, സുനിൽഷാ പറഞ്ഞതാണ്. സുനിൽഷായെ അറിയില്ലേ? അദ്ദേഹം ബ്ളോഗിലും ഫെയ്സ്ബുക്കിലും  ശക്തമായ കുറിപ്പുകളെഴുതുന്ന വ്യക്തിയാണ്. അദ്ദേഹം മുമ്പ് ഒരു വാരിക നടത്തിയിരുന്നു “കൈരളി“. ബ്ളോഗ് നിവാസികൾ  എഴുതിയിരുന്ന  രചനകൾ പലതും ആ വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. നല്ലൊരു എഡിറ്ററാണ് സുനിൽഷാ, കൊല്ലം നഗരത്തിലെ  പൊതു പ്രവർത്തകനും  രാഷ്ട്രീയക്കാരനുമാണ്. ആൾ ഇപ്പോൾ ഒരു ചെറിയ പക്ഷാഘാതത്തെ അതിജീവിച്ച്  വീട്ടിൽ വിശ്രമത്തിലാണ്.

എന്ത് പറ്റി എന്ന എന്റെ ചോദ്യത്തിന് കാരണമായി അദ്ദേഹം പറഞ്ഞതാണ് മുകളിൽ സൂചിപ്പിച്ചത്. “ രാത്രി ഒരു മണി\ രണ്ട് മണിവരെ മൊബൈലിൽ വരുന്നതും പോകുന്നതും നോക്കിയും വന്നത് മറ്റുള്ളവർക്ക് ഫോർവാഡ് ചെയ്തും  കഴിച്ച് കൂട്ടും, എന്നിട്ട്  തലയിണക്ക് സമീപം  ഫോൺ വെച്ച് കിട്ടുന്ന സമയം ഉറങ്ങും . അതി രാവിലെ തന്നെ എഴുന്നേൽക്കുകയും ചെയ്യും. ഉറക്കമില്ലായ്മ രക്ത സമ്മർദ്ദം കൂട്ടി., അതൊട്ട് ശ്രദ്ധിച്ചുമില്ല. ഒരു വെളുപ്പാൻ കാലത്ത് ഇടത് ഭാഗം തണുത്ത് മരവിച്ചിരിക്കുന്നു. ജില്ലാ ആശുപത്രിയിൽ അഭയം തേടി.. സ്ട്രോക്കാണെന്ന് ഡോക്ടർ പറഞ്ഞു. 52 വയസ്സേ പ്രായമുള്ളൂ,  ബി.പി. അല്ലാതെ മറ്റ് കാരണങ്ങളൊന്നുമില്ല. ബി.പിക്ക് കാരണം ഉറക്ക കുറവു. ഉറക്ക കുറവിന് കാരണം ഉൽസാഹിച്ചിരുന്നു രാത്രി രണ്ട് മണിവരെ മൊബൈലിൽ കുത്തലും.  ഗുളിക കഴിക്കുന്നവരെ വഴക്ക് പറഞ്ഞ സുനിൽഷാ ഇപ്പോൾ 12 --13 ഗുളികകൾ വരെ കഴിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രോഗമുക്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

പ്രിയപ്പെട്ടവരേ!  നമുക്ക് ഉറങ്ങാൻ തന്ന സമയം ഉറങ്ങുക, ഏത് സമയത്തായാലും 8 മണികൂർ പ്രതിദിനം ഉറങ്ങണം..നമ്മുടെ കൊച്ച് തലച്ചോർ ആവശ്യത്തിലധികം  ഭാരമെടുക്കുന്നുണ്ടല്ലോ. അതിനും ഒരു വിശ്രമം വേണമല്ലോ. അതാണ് ഉറക്കം. ആ ഉറക്കം മുടങ്ങാതെ സൂക്ഷിക്കുക.

Thursday, February 23, 2023

ആധുനിക മന്ത്രവാദികൾ

കഴിഞ്ഞ് പോയ കാലത്ത് ലോക്ളാസ് കാണികളെ  ആകർഷിക്കാൻ  തെലുങ്കിൽ മന്ത്രവാദികളുടെയും മായാജാലത്തിന്റെയും  സിനിമകൾ നിർമ്മിച്ച് അത് തമിഴിൽ ഡബ്ബ് ചെയ്ത്  പ്രദർശിപ്പിച്ച് വന്നിരുന്ന  സമ്പ്രദായം നില നിന്നിരുന്നു..വെള്ളി ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ  ആ സിനിമകൾ നല്ല കളക്ഷൻ തീയേറ്ററുകാർക്ക് നൽകുമായിരുന്നു എന്ന്  ഇന്നും ഓർമ്മിക്കുന്നു. അന്നത്തെ സെക്സ് ബോംബുകളായ  ജ്യോതി ലക്ഷിമിയും  ജയമാലിനിയും  വിജയ ലളിതയുമെല്ലാം അൽപ്പ മാത്ര വസ്ത്രധാരിണികളായി  നിന്നും ഇരുന്നും കിടന്നുമുള്ള പോസ്റ്ററുകളായിരുന്നു ഈ സിനിമകളുടെ  സവിശേഷത.

ആ സിനിമകളിലെല്ലാം മന്ത്ര വാദികളും  മായാ ജാലങ്ങളും നിറയെ ഉണ്ടായിരുന്നു. വലിയ ഒരു മാക്സിയും ധരിച്ച് ഉണ്ടക്കണ്ണൂകളും കപ്പടാ മീശയും താടിയുമുള്ള കാഴചയിൽ ഭീമാകാരന്മാരായ മന്ത്രവാദികൾ രംഗത്ത് വന്ന് കയ്യിലെ മായാ ദണ്ഡ് വീശി “ജയ് പാതാള ഭൈരവി“ എന്നോ ജയ് മൊട്ട ഗോപുര മുനി“ എന്നോ ജയ് ജംഭാ ജയ് ബിംഭാ“ “ജീ ഭൂം ഭാ  “ എന്നൊക്കെ അലറി പറയുമ്പോൾ  സുന്ദരികൾ വന്ന് നൃത്തം ചെയ്യുന്നതും  വിശിഷ്ട ഭോജ്യങ്ങൾ നിറച്ച താലങ്ങളും പാനീയങ്ങളും പറന്ന് വരുകയും ആവശ്യക്കാരുടെ മുമ്പിൽ നിരക്കുകയും ചെയ്യുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. ചിലപ്പോൾ മന്ത്ര വടി വീശി “അവളെവിടെ കാണിച്ച് തരൂ“ എന്ന് അലറുമ്പോൾ  ഏതെങ്കിലും  കണ്ണാടിയിലോ ഇന്നത്തെ റ്റി.വി. പോലുള്ള പെട്ടിയിലോ ഉദ്ദേശിക്കുന്ന ആളെ കാണിച്ച് തരും..അടിമയായ ഭൂതത്തൊട് മന്ത്ര വടി വീശി പ്രശ്യാം  മിലിഷ്യാം  ഇജിപ്ഷ്യാം “എന്നൊക്കെ പറയുമ്പോൾ ആവശ്യമുള്ള ആഹാരം കൊണ്ട് വരുന്നു  നമ്മളെ ഉദ്ദേശിച്ച സ്ഥലത്ത് കൊണ്ട് പോകുന്നു  അങ്ങിനെയൊക്കെയുള്ള വിഭ്രമാത്മകമായ അനുഭവങ്ങളെ ആ വക സിനിമകളിൽ നമ്മൾ കണ്ടിരുന്നു. അന്നതെല്ലാം കാണുമ്പോൾ  വട്ട് കേസെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്.

കാലം കുറേ ഇങ്ങ് കടന്ന് വന്നപ്പോൾ  ആ വട്ട് കേസെല്ലാം  കുറച്ചൊക്കെ യാത്ഥാർത്ഥ്യമായി  പരിണമിക്കു ന്നത് കണ്ട് ഇന്ന് അന്തം വിട്ട് പോവുകയാണ്.

നമുക്ക് ഇഷ്ടമുള്ള ആഹാരം  വസ്ത്രം ആഭരണം ചെരുപ്പ്, വാച്ച് മൊബൈൽ    തുടങ്ങി എല്ലാ ലൊട്ട് ലൊടുക്ക് സാധനങ്ങളും  നമ്മൾ “ജയ് പാതാള ഭൈരവി ഭൂം ഭാ“ എന്ന ഓൺ ലൈൻ കച്ചവട മന്ത്രം ഉരുവിട്ടാൽ  ഭൂതം വീട്ട് പടിക്കൽ കൊണ്ട് വരുന്നു. കള്ളൻ ആര് കുറ്റം ചെയ്തവൻ ആര് എന്ന ചോദ്യം “ജയ് മൊട്ട ഗോപുര മുനി എന്ന മന്ത്രം സി.സി. റ്റി. വിയോട ഉരുവിടുമ്പോൾ ആള് ഇതാണ് എന്ന് മറുപടി  മണി മണിയായി ആ ഭൂതം കാണിച്ച് തരുന്നു. ഏത് അവളുടെ സെക്സ് നൃത്തം കാണണോ വീഡിയോ എന്ന ഭൂതത്തൊട് ജയ് ജംഭാ ജയ് ബിംഭാ...ജീ ഭൂം ഭാ.. എന്ന മന്ത്രം ചൊല്ലി ബട്ടണിൽ ക്ളിക്കിയാൽ ദാ വരുന്നു  സംഗതി  പട പടാന്ന്....... 

ചുരുക്കി പറഞ്ഞാൽ  പണ്ട്  സിനിമാക്കാർ പടമെടുത്ത് കാണിച്ച  മന്ത്രവാദ അതിശയങ്ങളെല്ലാം ഇന്ന്  ഒരു അതിശയവുമില്ലാതെ നമ്മൾ അനുഭവിച്ച് കൊണ്ടേ ഇരിക്കുന്നുവല്ലോ

Tuesday, February 14, 2023

വാലന്റൈൻ ഡേ....

വാലന്റൈൻ ഡെ ഇല്ലതിരുന്ന കാലത്തും ഇവിടെ പ്രേമം നിലവിലുണ്ടായിരുന്നു. പ്ക്ഷേ അന്ന് പ്രേമം ഇത് പോലെ കച്ചവടത്കരിച്ചിരുന്നില്ല. പ്രാധാന്യം കൊടുത്ത് ഈ ദിവസം ഇപ്പോൾ  ആഘോഷിക്കുന്നത് കാണുമ്പോൾ മുമ്പ് ഭൂമിയിൽ പ്രേമം ഒട്ടും തന്നെ ഇല്ലാതിരുന്നു എന്നും ഇത് ഏതോ പുതിയ ഇടപാടാണെന്നുമൊക്കെ കരുതി പോകുന്നു. സ്നേഹമാണഖില സാരമൂഴിയിൽ  എന്നൊക്കെ ചൊല്ലി പഠിച്ചിരുന്ന അന്നത്തെ തലമുറക്ക്  എന്ത് വാലന്റൈൻ ഡേ..

അന്ന് പരസ്പരം കണ്ടും  പുഞ്ചിരിച്ചും  അത്യാവശ്യം കത്തുകൾ കൈ മാറിയും  നിലാവിനെ നോക്കി മൂളിപ്പാട്ട് പാടിയും  സ്വപ്നങ്ങൾ കണ്ടും  എന്നും ഞങ്ങൾ വാ‍ാലന്റൈഅൻ ഡേ ആഘോഷിച്ചു. അത് കൊണ്ട് തന്നെ ഞങ്ങളുടെ സ്നേഹം കച്ചവടവത് കരിക്കാൻ കമ്പോളത്തിന് കഴിഞ്ഞിരുന്നില്ല. അതായിരുന്നു ആഘോഷമില്ലാത്ത എന്നാൽ എല്ലാ ആഘോഷവും നിറഞ്ഞ് നിന്നിരുന്ന സ്നേഹത്തിന്റെ ദിവസങ്ങൾ...

Wednesday, February 1, 2023

സ്കൂൾ ബാഗും എലി വിഷവും.

 എന്റെ നെഞ്ചിൽ ഞാൻ സ്വയം  ഇടിക്കുകയും വാവിട്ട് നിലവിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇടക്കിടക്ക് ചാരി ഇരുന്ന മുരിങ്ങ മരത്തിൽ തല കൊണ്ടിടിക്കുകയും ചെയ്തു.  ഇടിയുടെ ആഘാതത്താൽ മുരിങ്ങ മരം കുലുങ്ങുകയും പൊഴിഞ്ഞ് വീഴാൻ തയാറായി നിന്ന ചെറിയ മഞ്ഞ ഇലകൾ  എന്റെ തലയിലേക്കും ശരീരത്തിലേക്കും  തുരു തുരാ വീഴുകയും ചെയ്തപ്പോൾ .സായാഹ്നത്തിലെ മഞ്ഞ വെയിൽ തട്ടി  ആ ഇലകൾ  സ്വർണ പൊട്ടുകൾ പോലെ തോന്നിച്ചു. എന്റെ അപ്പച്ചി (പിതൃ സഹോദരി) ഓടി വന്ന് എന്നെ തടയാൻ ശ്രമിച്ചു, പക്ഷേ 12 വയസ്സ്കാരനായ ഞാൻ ഒട്ടും തന്നെ  വഴങ്ങിയില്ല. എന്റെ മനസ്സിൽ അത്രത്തൊളം ദുഖം തളം കെട്ടി നിന്നിരുന്നല്ലോ. എന്തൊരു ചതിയാണ് എന്നോട് എന്റെ വീട്ടുകാർ കാണിച്ചത്..മാസങ്ങളായി ഞാൻ കണ്ട സ്വപ്നമാണ് തകർന്ന് പോയിരിക്കുന്നത്.

ഈ സംഭവം നടക്കുമ്പോൾ എന്റെ ഉമ്മ നിശ്ശബ്ദയായി കട്ടിള പടിയും ചാരി  ഇരിക്കുകയായിരുന്നു. എന്നെ തടയാനോ "പോട്ടേ മോനേ! നമുക്ക് പരിഹാരം കാണാമെന്നോ" ഒന്നും പറയാതെ  വിദൂരതയിലേക്ക് നോക്കിയായിരുന്നു ആ ഇരിപ്പ്.. എന്റെ ദുഖത്തിന്റെ ആഴം ഉമ്മക്കറിയാം. അതാണ് അവർ അനങ്ങാതിരുന്നത്.

ഞങ്ങൾ താമസിക്കുന്ന ആലപ്പുഴ വട്ടപ്പള്ളിയിൽ സഹോദരന്മാരായ രണ്ട് എലിവിഷ വ്യാപാരികളുണ്ട്.അതിൽ അനിയൻ വ്യാപാരി  താമസിക്കുന്നത് വീടിനടുത്താണ്. അയാൾ എലിവിഷം പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന കൂട് നിർമ്മിക്കുവാനായി ഹാർഡ് ബോർഡ് പാകത്തിൽ  മുറിച്ച് കൊണ്ട് വരും. തുരിശ് ചേർത്ത പച്ച നിറത്തിലുള്ള മാവ് പശ  ഉപയോഗിച്ച് ഞങ്ങൾ കുട്ടികൾ  മുറിച്ച ഹാർഡ് ബോർഡ് മടക്കി പശ തേച്ച് കൂട് ഉണ്ടാക്കി ഒരു ചെറിയ പൊതി എലി വിഷം അതിൽ ഉള്ളടക്കം ചെയ്ത് പണി പൂർത്തിയാക്കി കൊടുക്കുന്നു. ഒരു നിശ്ചിത എണ്ണത്തിന് ക്ളിപ്തപ്പെടുത്തിയ പൈസ്സാ ലഭിക്കും. സ്കൂൾ വിട്ട് വന്നാലുള്ള സമയത്ത് ഞാൻ ഈ ജോലി ചെയ്തത് ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടിയായിരുന്നു.

ആ കാലം നാടൊട്ടുക്ക് പട്ടിണിയാണ്. റേഷൻ കാർഡ് സാധാരണക്കാർക്ക് നിധിയുമാണ്.കാർഡിലൂടെ ലഭിക്കുന്ന റേഷൻ അരിയാണ് നേരത്തോട് നേരമാകുമ്പോളൂള്ള ഭക്ഷണത്തിനുള്ള  ഏക ഉപാധി. അത് കൊണ്ട് തന്നെ റേഷൻ  കാർഡിലെ യൂണിറ്റുകൾക്ക് വിലയേറെയാണ്. അംഗ സംഖ്യ കൂടുതലുള്ള കുടുംബത്തിന്റെ റേഷൻ കാർഡിൽ  യൂണിറ്റ് അധികം കാണും. എങ്കിലും  പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ  കാർഡിലെ കുറേ യൂണിറ്റുകൾ  അരി ആവശ്യമുള്ളവർക്കോ അരി വിൽപ്പനക്കാർക്കോ പണയം കൊടുത്ത് പൈസാ വാങ്ങും. എപ്പോഴെങ്കിലും പൈസ്സാ കിട്ടുമ്പോൾ തിരികെ കൊടുത്ത് യൂണിറ്റ് തിരികെ വാങ്ങും. അത് വരെ പണയപ്പെടുത്തിയ യൂണിറ്റിലെ അരി പണയക്കാരൻ വാങ്ങി എടുക്കും പരസ്പര വിശ്വാസം ഉപയോഗപ്പെടുത്തിയുള്ള ഒരു തരം പണമിടപാടായിരുന്നു ഈ യൂണിറ്റ് പണയം വെയ്പ് പരിപാടി.. ഞങ്ങളുടെ കാർഡിലെ അൽപ്പം യൂണിറ്റുകൾ ഇപ്രകാരം പണയത്തിലായിരുന്നു, അത് കൊണ്ട് തന്നെ  പതിവായി കിട്ടുന്ന അരിയുടെ അളവ് കുറയുകയും വീട്ടിൽ അരവയർ ഭക്ഷണം പിന്നെയും കുറയുകയും ചെയ്തുവല്ലോ.

ഞാനന്ന് ആറാം സ്റ്റാൻഡാർഡിൽ പഠിക്കുകയായിരുന്നെന്നാണെന്റെ ഓർമ്മ

സ്കൂൾ ബാഗ് ആ കാലത്ത് പാവപ്പെട്ടവർക്ക് അപൂർവ വസ്തുവാണ്. ഞങ്ങളുടെ ക്ളാസ്സിൽ മിക്കവർക്കും ബാഗുണ്ട്.എനിക്കൊരു ബാഗ് സ്വന്തമാക്കാൻ അതിയായ കൊതി തോന്നി

. വീട്ടിലെ ദാരിദ്രാവസ്ഥയിൽ മിണ്ടാൻ പറ്റില്ല എങ്കിലും ഉമ്മായോട് എന്റെ ആഗ്രഹം  ഞാൻ പറഞ്ഞു. ഉമ്മായാണ് എലി പാഷാണ കൂട് നിർമ്മാണത്തിനായി  എന്നെ പറഞ്ഞ് വിട്ടത്. ആറ്  രൂപായാണ് ബാഗിന്റെ വില എന്ന് ഞാൻ  അറിഞ്ഞു. ആലപ്പുഴ കോൺ വെന്റ് ജംഗ്ഷനിലെ എസ്.റ്റി. റെഡിയാർ ആന്റ് സൺസിൽ പോയി ഞാൻ ബാഗ് നോക്കി  വെച്ചു. ചുവന്ന കളറിൽ മദ്ധ്യ ഭാഗത്ത് രണ്ട് കറുത്ത വരയുള്ള ഒരു ബാഗ്. എന്റെ പൊന്നോമന ബാഗ്. ദിവസവും അതിനെ ഞാൻ സ്വപ്നം കണ്ടു. കൂട്ടുകാരെ ആ ബാഗ് കാണിക്കുന്നത് ഭാവനയിൽ കണ്ടു ഞാൻ പുളകം കൊണ്ടു. ആറ് രൂപാ തികയുന്നത് വരെ  ഞാൻ എലിവിഷ കൂട് നിർമ്മാണത്തിൽ മുഴുകി. ഉമ്മായും എന്നെ സഹായിച്ചു. അങ്ങിനെ ആറ് രൂപാ ടാർജറ്റിലെത്തി. ഇനി  മുതലാളി പാഷാണം വിറ്റ് വരുന്നത് വരെ കൂലിക്കായി കാത്തിരിക്കണം, . ഓരോ ദിവസവും അയാൾ വരുന്നത് കണ്ണിൽ എണ്ണയൊഴിച്ച് ഞാൻ നോക്കിയിരുന്നു. അവസാനം അയാൾ വന്നുവെന്നറിഞ്ഞപ്പോൾ ഞാൻ എസ്.റ്റി.റെഡിയാർ കടയിലേക്ക് പാഞ്ഞു പോയി ബാഗ് അവിടെ ഉണ്ടോ എന്നുറപ്പ് വരുത്തണമല്ലോ.. അത് അവിടെ തന്നെ തൂങ്ങി കിടപ്പുണ്ട്. ഉടനെ ഞാൻ തിരികെ വീട്ടിലേക്ക് പാഞ്ഞു. അന്ന് വൈകുന്നേരം മുതലാളി വീട്ടിൽ പൈസാ കൊണ്ട് തരും. അതുമായി നാളെ രാവിലെ ബാഗ് വാങ്ങണം. എന്തെല്ലാം മനക്കോട്ടകൾ.!!

വീട്ടിൽ ഉമ്മാ കട്ടിള പടിയും ചാരി ഇരിപ്പുണ്ട്. മുഖത്ത് വല്ലാത്ത മ്ളാനത

. “ഉമ്മാ മുതലാളി പൈസാ കൊണ്ട് തന്നില്ലേ?“ ഞാൻ  തിടുക്കപ്പെട്ട് ചോദിച്ചു.

“തന്നു മോനേ!“ ഉമ്മായുടെ മറുപടിയിലും ഒരു പന്തിയില്ലായ്മ.

“പിന്നെന്താണ്.......“ ഞാൻ  വെപാളപ്പെട്ടു കൊണ്ടിരുന്നു.

“ അത്....നമ്മുടെ കാർഡിലെ യൂണിറ്റ് പണയം വെച്ചത് തിരിച്ചെടുക്കാൻ വാപ്പാ പറഞ്ഞു, ഞാൻ അതിന് കൊടുത്തു. ഇന്നലെയും നമുക്ക് അരി തികഞ്ഞില്ലല്ലോ മോനേ.. ആ യൂണിറ്റും കൂടി ഉണ്ടായിരുന്നെങ്കിൽ.....എല്ലാവർക്കും കാൽ വയറെങ്കിലും ചോറ് കണ്ടേനെ...“

ഉമ്മാ പൂർത്തീകരിച്ചില്ല. “ഹെന്റള്ളോോ....“ ഞാൻ ആഞ്ഞ് എന്റെ നെഞ്ചിലിടിച്ചു. പിന്നെയും പിന്നെയും അടിച്ചു , ഞാൻ കരഞ്ഞു, പൊട്ടിപൊട്ടിക്കരഞ്ഞു. എത്രയോ നാളുകളിലെ സ്വപ്നമാണ് തകർന്ന് വീണത്. അത് വിവരിക്കാൻ എനിക്ക് വാക്കുകളില്ല.

ഉമ്മാ അനങ്ങിയില്ല. ഇടിച്ചിടിച്ച് തളർന്ന് കുറേ കഴിഞ്ഞ് ഞാൻ  ഉമ്മായെ നോക്കിയപ്പോൾ ഉമ്മായുടെ കണ്ണീൽ നിന്നും കണ്ണീർ കവിളിലൂടെ ഒഴുകുന്നു.. ഞാൻ ഇടി നിർത്തി ഉമ്മായുടെ അടുത്ത് പോയിരുന്നു.കരച്ചിൽ നിർത്തി കഴിഞ്ഞുള്ള ശക്തിയായ ഏങ്ങലടി എന്നിൽ നിന്നും വന്ന് കൊണ്ടിരുന്നു. ഉമ്മാ എന്റെ തലയിൽ തലോടി. എനിക്ക് എല്ലാം മനസിലായി ഞാൻ വിങ്ങൽ അടക്കാൻ പാട് പെട്ടു.. വീട്ടിലെ പട്ടിണിയേക്കാളും വലുതാല്ലല്ലോ സ്കൂൾ ബാഗ്. അത് കൊണ്ടായിരിക്കാം വാപ്പാ അങ്ങിനെ തീരുമാനമെടുത്തത്.

വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു. എന്റെ സ്കൂൾ ജീവിതത്തിൽ ബാഗ് വാങ്ങിയില്ല. ഇപ്പോൾ വീട്ടിലെ കുട്ടികൾക്ക് 600----700...രൂപക്ക് ബാഗ് വാങ്ങുന്നത് കാണുമ്പോൾ  പണ്ട് 6 രൂപാക്ക് ബാഗ് വാങ്ങാൻ കഴിയാതിരുന്ന ആ പന്ത്രണ്ട് വയസ്സുകാരന്റെ ദുഖം ഓർമ്മയിലേക്ക് വരും....എന്റെ ഉമ്മായും വാപ്പായും ലോകം വിട്ട് പോയി എന്നാലും എവിടെയെങ്കിലും മാറി ഇരുന്ന് ചുമ്മാ ഒന്ന് നെഞ്ചത്തിടിച്ച് കരയാൻ ഇപ്പോൾ തോന്നിപ്പോകുന്നു......

Wednesday, January 25, 2023

19 വർഷങ്ങൾ....

 

19 വർഷങ്ങൾക്ക് മുമ്പ് ഇത് പോലൊരു ജനുവരിയിൽ  24 തീയതിയിൽ ഔദ്യോഗികാവശ്യത്തിനായി ഞാൻ പുനലൂർക്ക് പോവുകയായിരുന്നു. കുന്നിക്കോടെത്തിയപ്പോൽ ഉള്ളിൽ  ഉമ്മാ എന്നെ വിളിച്ച പോലൊരു തോന്നൽ.  അങ്ങിനെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ പോയി ഉമ്മായെ കണ്ടതാണ്.അന്ന് ഉമ്മാ സുഖമില്ലാതിരിക്കുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ പോയിരുന്നു എന്നറിഞ്ഞിരുന്നു. മനസ്സിൽ എന്തോ വേവലാതി ഉണ്ടായി. പുനലൂർ യാത്ര നിർത്തി വെച്ചു ഞാൻ  ആലപ്പുഴക്ക് വെച്ചടിച്ചു. സായാഹ്നാന്ത്യത്തിലായിരുന്നു  ഞാൻ അവിടെ എത്തിയത്. റെയിൽ വേ സ്റ്റേഷനിൽ നിന്നും  ആശുപത്രിയിലേക്ക് പാഞ്ഞു. ഉമ്മാ ആ നേരം  അന്ത്യ നിമിഷങ്ങളിലായിരുന്നു. അടുത്ത് നിന്ന മൂത്ത സഹോദരി പറഞ്ഞു. ഉമ്മാ...ദേ! ഷരീഫ് വന്നു.... ഊർദ്ധൻ വലിക്കിടയിൽ ആ മുഖത്ത് സന്തോഷം അലതല്ലി വരുന്നത് ഞാൻ നേരിൽ കണ്ടു. എന്റെ വരവിനെ എപ്പോഴും  സഹർഷം സ്വീകരിക്കുന്ന ഉമ്മായുടെ ഉള്ളിൽ അപ്പോഴും  ബോധത്തിനും അബോധത്തിനുമിടയിലും എന്റെ സാമീപ്യം ആനന്ദം ഉളവാക്കിയിരിക്കാം. അതായിരിക്കും ആ മുഖത്ത് ഞാൻ കണ്ടത്.

മറ്റൊന്നും തരാൻ നിവർത്തി ഇല്ലായിരുന്നെങ്കിലും എന്റെ ചില വിഷമങ്ങൾ താഴ്ത്തി വെക്കാൻ ഉമ്മാ എന്ന അത്താണി എത്ര പ്രയോജന പ്രദമായിരുന്നെന്ന്  ഉമ്മായുടെ മരണ ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത്. പിൽക്കാലത്ത് ഒരു വല്ലാത്ത ശൂന്യത അനുഭവപ്പെട്ടിരുന്നു.

19 വർഷം ഓടിപ്പോയി. അത് ഇന്നലെയായിരുന്നു എന്ന് തോന്നിപ്പോകുന്നു. ആലപ്പുഴ പടിഞ്ഞാറേ മുസ്ലിം ജമാ അത്ത് പള്ളിയിലെ തൂ വെള്ള മണലിൽ ഉമ്മാ ഉറങ്ങുന്നു. തൊട്ടടുത്ത് തന്നെ പിന്നീട്  ഒരു ദിവസം മൂത്ത സഹോദരിയും ഉമ്മാക്ക് കൂട്ടിന് ചെന്നു. കുറച്ച് അപ്പുറത്ത് മാറി എത്രയോ വർഷങ്ങൾക്ക് മുമ്പേ തന്നെ വാപ്പായും കാത്തിരുന്നിരുന്നല്ലോ.

എപ്പോഴെങ്കിലും ആലപ്പുഴ പോയി ഒരു ദിവസം താമസിച്ചാൽ ഞാൻ  ഈ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കില്ല. കഴിഞ്ഞ് പോയ കാലത്ത് അവരുമായി കഴിച്ച് കൂട്ടിയ  നിമിഷങ്ങളിൽ അതെത്ര മാത്രം ആനന്ദഭരിതമായിരുന്നെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നല്ലോ!.

Thursday, January 19, 2023

അന്വേഷിച്ചു കണ്ടെത്തിയില്ല


 ബാല്യത്തിലും കൗമാരത്തിലും നിങ്ങളുമായി ആത്മാർത്ഥതയൊടെ ഇടപഴകി ജീവിച്ചിരുന്ന സുഹൃത്തുക്കളെ  നീണ്ട വർഷങ്ങൾക്ക് ശേഷം  നിങ്ങൾ തിരക്കി നടന്നിട്ടുണ്ടോ/. ചിലർ മരിച്ചിരിക്കും  ചിലരെ പറ്റി ഒരു വിവരവും ലഭിക്കില്ല. ചിലർ കാലം അവരിൽ വരുത്തി വെച്ച മരവിപ്പിനാൽ നിസ്സംഗരായി പതികരിക്കും മറ്റ് ചിലർ വർഷങ്ങൾക്ക് ശേഷം ഇപ്പോൽ നമ്മൾ തിരക്കി ചെന്നതെന്തിനെന്ന് ആശങ്കപ്പെടുകയും നമ്മുടെ ആത്മാർത്ഥത ബോദ്ധ്യമാകുമ്പോൾ അത്യാഹ്ളാദത്തൊടെ  കെട്ടിപ്പിടിക്കുകയും ചെയ്യും. ഞാൻ  പഴയ സൗഹൃദങ്ങൾ തിരക്കി കണ്ട് പിടിക്കുന്ന ശീലക്കാരനാണ്. അതിന് വേണ്ടി എത്ര അലച്ചിലുകൾ നടത്താനും എനിക്ക് ഒരു മടിയുമില്ല.  വർഷങ്ങൾക്ക് ശെഷമുള്ള ആ കണ്ട് മുട്ടലും പഴയ കാര്യങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും എന്റെ ചെറുപ്പം എന്നും എന്നിലേക്ക് തിരിച്ചെത്തിക്കുമല്ലോ.

അങ്ങിനെയാണ് 10 ദിവസം പരിപാടിയുമായി ഞാൻ ആലപ്പുഴ വട്ടപ്പള്ളിയിൽ കുറേ കാലത്തെ വിട്ട് നിൽക്കലിന് ശേഷം  കഴിഞ്ഞ ഡിസംബറിൽ എത്തിച്ചേർന്നത്. ജനുവരി  ആദ്യം അനന്തരവൻ രാജുവിന്റെ മകളുടെ വിവാഹമാണ്. ആ കാരണവും പറഞ്ഞ് കൊട്ടാരക്കരയിലെ എല്ലാ തിരക്കുകളിൽ നിന്നും 10 ദിവസം മാറി നിൽക്കാൻ തീരുമാനിച്ചു....പക്ഷേ...അത് പിന്നെ പറയാം.

പാൽപ്പത  തീരത്തിന് സമ്മാനിക്കുന്ന കടപ്പുറത്താണ് ആദ്യം അന്വേഷണം തുടങ്ങിയത്. പണ്ട് വളരെ പണ്ട് കടപ്പുറത്ത് സായാഹ്ന കൂടിച്ചേരലിലെ ആരെയെങ്കിലും കാണാൻ പറ്റുമായിരിക്കുമെന്ന് ആശിച്ചു. താഹിർ . ബാവാ. വിൻസെന്റ് ആ കൂട്ടുകാർ ആരെങ്കിലും കാണാൻ സാധിക്കുമോ? ഇല്ലാ ആരെയും കണ്ടില്ല. താഹിറിനെ പിന്നെ അവന്റെ വീട്ടിൽ പോയി കണ്ടു. കെ.എസ്.ഇ.ബി.യിൽ. എഞിനീറായി വിരമിച്ച അവൻ വീട്ടിൽ ശാന്ത ജീവിതം നയിക്കുന്നു. പൂർണ കഷ്ണ്ടിക്കാരനായ എന്നെ അവന് ഒട്ടും മനസ്സിലായില്ല. സത്യ സായി ബാബായുടെ തലമുടിയും   നിത്യ കൂളിംഗ് ഗ്ളാസ് ധാരിയുമായിരുന്ന എന്റെ പഴയ രൂപം അവനോർത്തെടുത്തപ്പോൽ അവൻ അന്തം വിട്ട് നിന്നു. 

പക്ഷേ അന്ന് വൈകുന്നേരങ്ങളിലെ കടപ്പുറം സന്ദർശകരായ  ഷെർലിയെയും മോളിയെയും കാണാൻ പറ്റുമെന്ന് വെറുതെ വ്യാമോഹിച്ചു.അവർ ഇപ്പോൾ എവിടെ ആയിരിക്കും. ഇനി ഒരിക്കലും അവരെ കാണില്ലായിരിക്കാം.പിന്നെ ബാല്യകാല ചങ്ങാതിയായ  ഗഫൂറിനെയും ജമാലിനെയും കണ്ടു. എല്ലായിടത്തും എത്തിക്കാൻ രാജു  വാഹനവുമായി കൂടെ വന്നിരുന്നു.

അടുത്ത കൂട്ടുകാരനായ രാജേന്ദ്രനെ തിരക്കി ഒരുപാട് അലഞ്ഞത് മറ്റൊരു ഉദ്ദേശത്തിലായിരുന്നു.. അവൻ വഴി മറ്റൊരാളിൽ എത്തിച്ചേരാമെന്ന് കരുതി  ഓമന!!!/ ഓമന രാജേന്ദ്രന്റെ  പ്രണയി ആയിരുന്നെങ്കിലും അവന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെ വിവരങ്ങളാണ് അവൾ രാജേന്ദ്രനോട്  അന്വേഷിച്ച് കൊണ്ടിരുന്നത്. ഒരു പോലീസ്കാരന്റെ മകളായ  അവൾ താമസിച്ചിരുന്നത് ആലപ്പുഴ പടിഞ്ഞാറേ പോലീസ് ക്വാർട്ടേഴ്സിലെ കിഴക്കേ അറ്റം ആദ്യ ക്വാർട്ടേഴ്സിലായിരുന്നു. ജീവിതത്തിലൊരിക്കലും ഒരു വാക്ക് പോലും സംസാരിക്കാത്ത ഞങ്ങൾ ഒരുപാടൊരുപാട് പരിചിതരായിരുന്നു. പരസ്പരം സംസാരിക്കാത്ത വെറും നോട്ടം മാത്രം കൈമാറുന്ന, എതിർ വശത്ത് നിന്നും വന്ന് അടുത്ത് കൂടി പോയി  കുറേ ദൂരം താണ്ടുമ്പോൾ രണ്ട് പേരും ഒരേ സമയം തിരിഞ്ഞ് നോക്കുന്ന നിശ്ശബ്ദ  രാഗം. സ്കൂളിൽ നിന്നും വിട്ടതിന് ശേഷവും ഇത് തുടർന്നിരുന്നു. വൈകുന്നേരം കടപ്പുറത്ത് ഞാൻ കഥകൾ കുത്തിക്കുറിച്ചിരുന്ന കാലത്തും കുറച്ച് ദൂരെമാറി അവൾ ഞാൻ കാൺകെ ഇരിക്കുമായിരുന്നു. . എന്നോ ഞാൻ ആലപ്പുഴയെ വിട്ട് പിരിഞ്ഞു. പിന്നെ ഓമനയെ ഞാൻ കണ്ടിട്ടില്ല, രാജെന്ദ്രനെയും. കാലങ്ങൾ ഓടി പോയപ്പോൾ ചില അന്വേഷണങ്ങൾ നടത്തിയതിൽ ഓമന സ്പോർട്ട്സ് സെലക്ഷനിൽ പോലീസിൽ ജോലി കിട്ടിയെന്നും ഡി.വൈ.എസ്.പി.യായി വിരമിച്ചെന്നുമറിഞ്ഞ് വിരമിച്ച ആ പോലീസുദ്യോഗസ്ഥയെ ഞാൻ തിരക്കി പോയെങ്കിലും  അത് നമ്മുടെ ഓമന അല്ലായിരുന്നു. ഇന്നും ഓമനയുടെ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. ഈ തവണ രാജേന്ദ്രനെയും ഓമനയെയും കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആലപ്പുഴ വന്നതിന്റെ മൂന്നാം ദിവസം കൊട്ടാരക്കരയിൽ നിന്നും വന്ന ഫോൺ കാൾ  ഇടത് ഭാഗം കട്ടിലിൽ നിന്നും വീണ്` കോളർ ബോണിനും തലക്കും പരിക്ക് പറ്റിയെന്ന വാർത്ത എന്നിലെത്തിച്ചപ്പോൾ ഉടൻ കൊട്ടാരക്കരക്ക് തിരിക്കാനിടയായി. അതോടെ സുഹൃത്തുക്കളെ അന്വേഷിക്കൽ നിർത്തി വെച്ചു.... താൽക്കാലികമായി.

എന്തിനാണ് ഈ ദീർഘമായ കുറിപ്പുകൾ... ആരെങ്കിലും വായിച്ച് ഏതെങ്കിലും പഴയ  സൗഹൃദത്തിലേക്കെന്നെ എത്തിച്ചെങ്കിലോ?! ആശിക്കുന്നതിന് നികുതി കൊടുക്കേണ്ടല്ലോ!.