Saturday, May 18, 2019

വൃതം അതിന്റെ ഉദ്ദേശം

അത്യുഷ്ണം! എനിക്ക് അതിയായ ദാഹമുണ്ട്. എന്റെ മുമ്പിൽ നല്ല തണുത്ത ശുദ്ധജലം  ഇരിപ്പുണ്ട്.  ഞാൻ തനിച്ചാണ്. അതിൽ ഒരു പാത്രം ജലം കുടിച്ചാൽ ആരുമറിയില്ല, അഥവാ അറിഞ്ഞാലും ആരും എന്നെ തടയില്ലെന്നെനിക്കുറപ്പുണ്ട്. പക്ഷേ ഒരു നിശ്ചിത സമയം വരെ ഞാൻ ആ ജലം കുടിക്കാതെ എന്റെ ഇച്ഛയെ  നിയന്ത്രിക്കുന്നു.
എനിക്ക് അതിയായ  വിശപ്പ് ഉണ്ട്. കയ്യെത്താവുന്ന അകലത്തിൽ എനിക്ക് ആഹരിക്കാൻ കഴിയുന്ന വിധം രുചികരമായ ആഹാരം ഇരിപ്പുണ്ട്.  എനിക്ക് അത് ആഹരിക്കണമെന്നുമുണ്ട്. പക്ഷേ എന്റെ ഇച്ഛയെ ഞാൻ നിയന്ത്രിക്കുന്നു, ഒരു നിശ്ചിത സമയം വരെ ഞാൻ ആ വിശപ്പ് സഹിക്കുകയാണ്.
എന്റെ ഇണ  എനിക്ക് പ്രാപ്യമാണ്. എന്റെ  ശാരീരിക ആവശ്യം നിറവേറ്റാൻ ഒരുക്കവുമാണ്. പക്ഷേ ഒരു നിശ്ചിത സമയം വരെ എന്റെ ശാരീരിക ആഗ്രഹത്തെ ഞാൻ നിയന്ത്രിച്ച് നിർത്തുന്നു.
എന്നെ അതി ശക്തമായ വിധത്തിൽ നിങ്ങൾ പ്രകോപിപ്പിക്കുകയാണ്. പക്ഷേ ഞാൻ എന്റെ കോപത്തെ ഒരു പ്രത്യേക ഉദ്ദേശത്താൽ നിയന്ത്രിച്ച് പ്രകോപനത്തിൽ നിന്നും പിൻ മാറുന്നു.
പത്രങ്ങളിലെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങൾ വഴിയും ഇല്ലാത്തവന്റെ വിശപ്പ് ഉള്ളവൻ അറിയാനാണ് നോമ്പെന്ന് ഉദ്ഘോഷിപ്പിക്കുമ്പോൾ  അത് മാത്രമാണ് നോമ്പിന്റെ ലക്ഷ്യമെന്ന് തോന്നി പോകും. അത് മാത്രമല്ല നോമ്പിന്റെ ലക്ഷ്യം.  ഇച്ഛാ നിയന്ത്രണ പരിശീലനമാണ് വൃതം. ഈ ഒരു മാസത്തെ പരിശീലനം  ബാക്കി 11 മാസത്തേക്ക് കൂടി പ്രയോജനപ്പെടുത്തുന്ന വിധമുള്ള ആത്മ സംസ്കരണം. ഇത് മനസിലാക്കി വൃതം നോക്കുന്നവൻ  പരീക്ഷണത്തിൽ വിജയിക്കുന്നു.  അല്ലാത്തവൻ പട്ടിണി കിടക്കുന്നു എന്നതല്ലാതെ ഉദ്ദേശ  സാദ്ധ്യത കൈവരിക്കാതെ പരാജയപ്പെടുന്നു. അത്രമാത്രം.

Friday, May 17, 2019

കൊല്ലുന്ന കുരിശ്

കൊല്ലുന്ന കുരിശ്, എന്ന ഡിറ്റക്റ്റീവ്  നോവൽ പണ്ട് വായിച്ചിരുന്നു. പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോൾ ആ നോവൽ തന്നെ  മറ്റൊരാൾ രക്ത വൃത്തം എന്ന പേരിൽ  പ്രസിദ്ധപ്പെടുത്തി. അത് രണ്ടും  ഇംഗ്ളീഷിൽ നിന്നുള്ള മലയാളത്തിലെ  രണ്ട് പരിഭാഷകളായിരുന്നു.  രണ്ടെണ്ണവും പല തവണകളിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന വിധം  ഉദ്വേഗം ജനിപ്പിക്കുന്ന വിധമായിരുന്നല്ലോ. എഡ്ഗാർ വാലസ് എന്ന ഇംഗ്ളീഷ് സാഹിത്യകാരനായിരുന്നു അതിന്റെ ഗ്രന്ഥകർത്താവ് എന്നത് ഓർമ്മയിൽ തങ്ങി നിന്നിരുന്നു.  എന്റെ പുസ്തക ശേഖരത്തിലേക്ക് ഇതിൽ ഒരു പരിഭാഷയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ  ഈ ദുനിയാവ് മുഴുവൻ അരിച്ച് പെറുക്കി.  ഊങ്ഹും..ഒരു രക്ഷയുമില്ല, മുഖ പുസ്തകത്തിൽ കൂടി ആവശ്യം പുറത്ത് വിട്ടു, ആർക്കും ആ പേര് പോലും അറിയില്ല. എന്നിട്ടും അതൊരു തവണകൂടി വായിക്കണമെന്നുള്ള അത്യാഗ്രഹത്തിൽ  ഗൂഗ്ൾ അമ്മച്ചിയോട്  എഡ്ഗാർ വാലസിനെ  പറ്റി പറഞ്ഞ് തരാൻ ആവശ്യപ്പെട്ടു. അമ്മച്ചി വാലസിന്റെ പ്രധാന കൃതികളുടെ ഒരു ലിസ്റ്റ് നൽകി.  അതിലൂടെ കുരിശോ  വൃത്തമോ അർത്ഥം വരുന്നത് നോക്കി നടന്നപ്പോൾ  ദാ കിടക്കുന്നു  ഒരു ക്രിപ്സൺ സർക്കിൾ. സർക്കിൾ എന്നാൽ വൃത്തം. പിന്നെ സർക്കിളിന്റെ പുറകെ പാഞ്ഞു. ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. ജുനൈദ് അബൂബക്കർ എന്ന ആത്മാർത്ഥ സ്നേഹിതൻ പറഞ്ഞു, ആമസോൺകാരെ പിടിക്കാൻ, വില വരെ പറഞ്ഞ് തന്നു. അങ്ങിനെ ആമസോൺ വരെ പോയി.  എന്തായാലും ഇരുന്നൂറിൽ ചില്വാനം പേജിന് എന്നെ ഭിത്തിയിൽ തേച്ച് ഒട്ടിച്ചു, ആമസോൺ. 896 രൂപ. പൈസാ നോക്കിയാൽ ആഗ്രഹം നിറവേറാൻ പറ്റുമോ, കഫേയിൽ ചെന്നു, “ ഇ“ അക്കൗണ്ടിലൂടെ ആമസോണുമായി ബന്ധപ്പെട്ട്  പൈസാ അയച്ച് കൊടുത്തു.
പുസ്തകം കൈപ്പറ്റി, തുറന്ന് നോക്കിയതിൽ ആ നോവൽ ആദ്യം പ്രിന്റ് ചെയ്തത്  1922ൽ. ഇപ്പോൾ പഴയത് പൊടി തട്ടി എടുത്ത് റീ പ്രിന്റ് ചെയ്ത് ഇറക്കിയിരിക്കുകയാണ്.  ഞാൻ പണ്ട് വായിച്ച ഡിറ്റക്റ്റീവ് നോവൽ തന്നെ. സംഭ്രമജനകമായ  സസ്പൻസ് വെറും സസ്പൻസല്ല, ഉഗ്രൻ സസ്പൻസ് നിറഞ്ഞ  അപസർപ്പക നോവൽ. അൽപ്പം പൈസാ  കൂടുതൽ കൊടുത്തെങ്കിലും മനസ്സ് നിറഞ്ഞു. പണ്ടത്തെ  ബാല്യകാല വായനയിൽ അനുഭവിച്ച  ഉദ്വേഗവും അതിശയവും ഒന്നു കൂടി പുനർജനിച്ചു സന്തോഷായി.
ഡിറ്റക്റ്റീവ് നോവൽ വായന പ്രേമികൾക്കായി ശുപാർശ ചെയ്യുന്നു.

Thursday, May 9, 2019

പ്രേമത്തിന്റെ ബിരിയാണി പൊതി.

പട്ടിണിക്കാലത്തായിരുന്നു അന്ന് നോമ്പ്.
ചക്കര ചായയും  ഒരു വെള്ളയപ്പവും കൊണ്ട്  നോമ്പ് തുറന്നിട്ട്  രാത്രി  മൂന്ന് മണിക്ക് കിട്ടുന്ന റേഷനരി ചോറിന്റെ  ഇടയത്താഴവും പ്രതീക്ഷിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന ഉറക്കം വരാത്ത രാവുകൾ.
ഞങ്ങൾക്ക് മാത്രമല്ല, നാടൊട്ടുക്ക്  പട്ടിണിയും പരിവട്ടവും തന്നെയായിരുന്നല്ലോ ആ കാലഘട്ടം നൽകിയിരുന്നത്.
അന്നത്തെ ദിവസം   നോമ്പ് തുറന്നത് ഒരു ചെറിയ പഴം കൊണ്ട് മാത്രം. പതിവ് ചക്കര ചായയുമില്ല വെള്ളയപ്പവുമില്ല. മണി ഒൻപത് കഴിഞ്ഞു. പുറത്ത് പൂ നിലാവ് പരന്നൊഴുകിയിരുന്നെങ്കിലും അതിലൊന്നും മനസ്സ് ചെല്ലാതെ  ഈ പതിനാറ്കാരൻ  വിശന്ന് പൊരിഞ്ഞ്  ചായ്പ്പിൽ കമഴ്ന്ന് കിടന്നപ്പോൾ പുറത്ത് വേലിക്കൽ നിന്നും “ശൂ“ എന്ന അടയാള ശബ്ദം കേട്ടു.
 അത് അവളാണ്.
പതിവില്ലാത്തവണ്ണം ദേഷ്യവും സങ്കടവും തോന്നി. വയറു പൊരിയുമ്പോഴാണ് അവളുടെ ഒരു “ ശൂ “. എങ്കിലും ഞാൻ എഴുന്നേറ്റ് വേലിക്കൽ ചെന്നപ്പോൾ  വേലിക്ക് മുകളിലൂടെ  അവൾ ഒരു പൊതി നീട്ടി.
 “ബാപ്പ, കല്ല് പാലത്തിനടുത്ത് ഏതോ പണ്ടകശാല മുതലാളിയുടെ  നോമ്പ് തുറക്ക് ബിരിയാണി വെക്കാൻ പോയി, അവിടെന്ന്  കൊണ്ട് വന്ന ബിരിയാണിയിൽ എനിക്ക് കിട്ടിയ പങ്കാണിത്.“ അവൾ പറഞ്ഞു.
എന്തെന്നില്ലാത്ത സന്തോഷത്താൽ അവളെ കെട്ടിപ്പിടിക്കണമെന്നൊക്കെ തോന്നിയെങ്കിലും  വിശപ്പിന്റെ ആധിക്യത്താൽ  പൊതിയും കൊണ്ട് ചായ്പ്പിന്റെ ഉള്ളിലേക്ക് ഞാൻ വലിഞ്ഞു. അൽപ്പ നേരം കൊണ്ട് പൊതി കാലി ആയി. അപ്പോൾ വേലിക്കൽ നിന്നും വീണ്ടും കേൾക്കാം “ശൂ“
ആൾ പോയില്ലേ? ഞാൻ അങ്ങോട്ട് ചെന്നു,
“എല്ലാം തിന്നോ? അവൾ തിരക്കി.
 “തിന്നു“ സന്തോഷത്തോടെയായിരുന്നു എന്റെ മറുപടി.
“ഇത്തിരി പോലും എനിക്ക് വേണ്ടി ബാക്കി വെച്ചില്ലേ?“ അവളുടെ ചോദ്യം.
“നീ, തിന്നില്ലായിരുന്നോ ..“ ഒരു ഞെട്ടലോടെയായിരുന്നു എന്റെ ചോദ്യം.
“ എനിക്ക് വേണ്ടി ഇത്തിരി ബാക്കി വെക്കൂന്ന്  കരുതി,  ആ ബാക്കി തിന്നാനൊരു കൊതി...“
“നോമ്പ് തുറന്നപ്പോൾ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.
“ഇല്ല, ഇന്നലെയും ഒന്നും ഇല്ലായിരുന്നു, ഇന്നലെ ഇടയത്താഴത്തിന് റേഷൻ അരി കഞ്ഞി ആയിരുന്നു“
“നീ  തിന്ന് കഴിഞ്ഞ് ബാക്കി കൊണ്ട് വന്നാൽ  പോരായിരുന്നോ“ എന്റെ സ്വരത്തിൽ പരിഭവവും  കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു
‘അതെങ്ങിനാ, ഇവിടെ ഒരാൾ ഒന്നും കഴിക്കാതിരിക്കുമ്പോൾ എനിക്കെങ്ങിനെ  തിന്നാൻ ഒക്കും“ ആ സ്വരത്തിൽ വിങ്ങൽ ഉണ്ടായിരുന്നോ
“ഛേ!!!“ എന്റെ ആർത്തിയോട്  സ്വയം എനിക്കുണ്ടായ അവജ്ഞയും പ്രതിഷേധവും  വിഷമവും   എന്നിൽ നിന്നും  ഞാൻ അറിയാതെ  ആ ഒരു വാക്കിലൂടെ പുറത്ത് വന്നു.
“അത് സാരമില്ല, അവിടെ വയറ് നെറഞ്ഞപ്പം  എന്റേം വയറ്  നെറഞ്ഞ്“ അവൾ പറഞ്ഞു
 കുഞ്ഞും നാൾ മുതൽ അവൾ അങ്ങിനെ ആയിരുന്നല്ലോ,അവൾക്ക് എന്ത് കിട്ടിയാലും  അത് എനിക്ക് കൊണ്ട് തരുമായിരുന്നു.
“ എന്നാലും വിശന്നിരുന്ന നിനക്ക് ഇത്തിരി പോലും തരാതെ  നിന്റെ ചോറ് ഞാൻ....ഛേ!!! ഞാൻ പിന്നെയും പറഞ്ഞു.  കഴിച്ചതെല്ലാം  അപ്പോൾ തന്നെ ദഹിച്ചത് പോലെ എനിക്ക് തോന്നി.
പിന്നെത്രയോ നോമ്പ് കാലം വന്ന് പോയി.
ഇന്ന് എന്റെ ആ വീടില്ല,അവളുടെ വീടുമില്ല,
കാലമെന്ന ചൂണ്ടലിൽ കൊരുത്ത്  ഞങ്ങൾ  ഇരുവരും പല തീരങ്ങളിലേക്ക് വലിച്ച് കയറ്റപ്പെട്ട്  പരസ്പരം പിരിഞ്ഞ് ജീവിക്കാനായിരുന്നു വിധിയെങ്കിലും  നോമ്പ് കാലമാകുമ്പോൾ  അന്നത്തെ ഓർമ്മ  ഉള്ളിലേക്ക് കടന്ന് വരും. ലോകത്തിന്റെ ഏതോ കോണിൽ എന്നെ പറ്റി  ഓർമ്മിച്ചോ ഓർമ്മിക്കാതെയോ കഴിയുന്ന അവളുടെ മനസ്സിൽ അന്നത്തെ പൂ നിലാവും ആ ബിരിയാണി പൊതിയും ഇപ്പോഴും ഉണ്ടാകുമോ എന്തോ? എന്നാലും  ഓരോ നോമ്പ് കാലം കടന്ന് വരുമ്പോഴും  എന്റെ  ഉള്ളിൽ ഇരുന്ന് ആരോ ഛേ! എന്ന് പറഞ്ഞ് പോകുന്നു.

Tuesday, May 7, 2019

കവിയുടെ കാൽപ്പാടുകൾ. പി.

“കവിയുടെ കാൽപ്പാടുകൾ“.
 മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥകളിലെ  ആദ്യത്തേത്. പദ്യം എഴുതുന്നതിനേക്കാളും ചമൽക്കാര ഭംഗിയോടെ ഗദ്യവും തനിക്ക് വഴങ്ങുമെന്ന്  ഈ പുസ്തകത്തിലൂടെ പി. നമ്മോട് പറയുന്നു.
“ ഈ ആത്മകഥകൾ എണ്ണത്തിൽ മൂന്ന് എങ്കിലും  ഒരേ ആത്മാവിന്റെ  അസ്വസ്ഥ സഞ്ചാരങ്ങളുടെ  അസാധാരണ കഥകളാണ് . അദ്ദേഹം നിത്യ യാത്രികനായിരുന്നു. ജീവിതത്തിലും ആത്മാവിഷ്കാരത്തിലും. ഇവ രൂപത്തിൽ ഗദ്യമെങ്കിലും  ഇവയിലെ ഓരോ വാക്കും സാന്ദ്ര കവിതയാണ്“ പുസ്തകത്തിന്റെ ആമുഖത്തിൽ 15-5-97ൽ സുകുമാർ  അഴീക്കോട് എഴുതി. അദ്ദേഹം പി. സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ ആയിരുന്നല്ലോ.
ഈ പുസ്തകം ആദ്യ പബ്ളിക്കേഷന് ശേഷം  ഒരു വ്യാഴവട്ട കാലത്തേക്ക്  ലഭ്യമല്ലായിരുന്നു. പിന്നീട് 1997ൽ  ഡിസീ . പുറത്തിറക്കി. അതിന് ശേഷം പിന്നീടും  പുസ്തകം കിട്ടാതായി. ഈ പുസ്തകവും തേടി  ഒരുപാട് ഒരുപാട് ഞാനലഞ്ഞു  കേരളത്തിലങ്ങോളമിങ്ങോളം.  പക്ഷേ നിരാശയായിരു ഫലം. പിന്നെ അതങ്ങ് മറന്നു.
അങ്ങിനെയിരിക്കവേ  കുറച്ച് ദിവസത്തിന് മുമ്പ്  തിരുവനന്തപുരത്ത്  പഴയ പുസ്തകങ്ങൾ  വിൽക്കുന്ന  ഇടത്ത് വെറുതേ കയറി തിരഞ്ഞ് കൊണ്ടിരിക്കുമ്പോൾ ദാ...ഒരു മൂലയിൽ  ആർക്കും വേണ്ടാതെ കിടക്കുന്നു, കവിയുടെ കാൽപ്പാടുകൾ. മുഖ പേജ് അൽപ്പം മുഷിഞ്ഞിട്ടുണ്ടെന്ന ല്ലാതെ പേജുകൾക്ക് ഒരു ഊനവും തട്ടിയിട്ടില്ല. കചവടക്കാരനോട് സന്തോഷം പ്രകടിപ്പിച്ചാൽ  അവൻ നമ്മെ വില പറഞ്ഞ് അറുത്ത് കെട്ടി  തൂക്കും.  “ഓ! ഇതിന്റെ ഫ്രണ്ട് പേജെല്ലാം അഴുക്കായല്ലോ  തീരെ പഴയതാണല്ലേ? എന്ന് അവനോട് ഉദാസീന ഭാഷയിൽ പറഞ്ഞപ്പോൾ അവൻ അത് നമ്മുടെ തലയിൽ കെട്ടി വെക്കാൻ ഏറെ  തത്രപ്പെട്ടു. അവസാനം ഒരു തുച്ഛ വിലക്ക് ഉള്ളടക്കം വലിയ വിലയുള്ള ആ പുസ്തകം കയ്യിലാക്കി പുറത്തിറങ്ങി ഹൂറേ! വിളീച്ചു ഞാൻ.
പുസ്തകത്തിലേക്ക്  മുഴുവനായി കയറിയിട്ടില്ല, വായന തുടരുന്നു,   എന്തൊരു കാവ്യ ഭംഗിയാണ് ഈ പുസ്തകത്തിലെ വരികൾക്ക്. അനിർവചനീയമെന്നേ പറയേണ്ടൂ.
ഇതിന് ശേഷമുള്ള പുസ്തങ്ങൾ ഇനി  കണ്ട് പിടിക്കണം.

Monday, May 6, 2019

എസ്.എസ്.എൽ.സി. ഫല പ്രഖ്യാപനം...നിരാശരാകല്ലേ...

 എസ്.എസ്.എൽ.സി. പരീക്ഷ ഫലം പുറത്ത് വന്ന് നിരാശരാകുന്നവർക്കായി പഴയ ഒരു എസ്.എസ്.എൽ.സി.ക്കാരന്റെ അനുഭവം പങ്ക് വെക്കുന്നു.
അന്ന് റിസൽറ്റ് അറിയാൻ കമ്പ്യൂട്ടറുകൾ ഒന്നുമില്ല ഫലം പുറത്ത് വരുന്ന  ദിവസത്തെ പത്രം അതിരാവിലെ അന്വേഷിച്ച് കണ്ട് പിടിച്ച്  അതിൽ സ്വന്തം നമ്പറുണ്ടോ എന്ന് നോക്കുമ്പോഴുള്ള  നെഞ്ചിടിപ്പ് നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു വിഷയത്തിന് പാസ്സാകാൻ ലഭിക്കേണ്ട  മാർക്ക് അൽപ്പം കുറഞ്ഞാൽ  തോറ്റിരിക്കും. അപ്പോഴുള്ള നിരാശ അത് അനുഭവിച്ചവർക്കേ മനസിലാകൂ  അങ്ങിനെയുള്ള ഒരുവനാണ് ഞാൻ.
ധാരാളം കുട്ടികൾ പരീക്ഷ എഴുതിയാലും  കഷ്ടിച്ച് രണ്ടോ മൂന്നോ കുട്ടികൾ മാത്രം പാസ്സാകുന്ന ഒരു സ്കൂളീൽ എനിക്ക് ലഭിച്ച 363 മാർക്ക് അതിശയം തന്നെയാണ്. അത് ഫസ്റ്റ് ക്ളാസ്സ് മാർക്കാണ്. (360 ആണ് ഫസ്റ്റ് ക്ളാസ്) ആ ഫസ്റ്റ് ക്ളാസ് മാർക്ക് ലഭിച്ചിട്ടും തോറ്റ് പോയാലുള്ള  ദുഖം ആലോചിച്ച് നോക്കൂ. ഇംഗ്ളീഷിന് 35 മാർക്കാണ് എനിക്ക് ലഭിച്ചത്, ഇംഗ്ളീഷും മലയാളവും പാസ്സാകാൻ 40 മാർക്ക് അന്ന് വേണം. ഇംഗ്ളീഷ് ഒഴികെ   ബാക്കി വിഷയത്തിനെല്ലാം നല്ല മാർക്കും. ഇംഗ്ളീഷിന് കേവലം 5 മാർക്ക് കുറവ് കാരണം    എന്റെ ജീവിതം തന്നെ മാറി പോയി.
 പക്ഷേ ഞാൻ പിൻ മാറിയില്ല, സെപ്റ്റംബറിലെ പരീക്ഷക്കായി അതി കഠിനമായി പടിച്ചു. അന്ന് ട്യൂഷന് പോകാൻ  സാമ്പത്തിക പരാധീനത മൂലം  നിവർത്തിയില്ല.  ആലപ്പുഴ കടൽ പാലത്തിന്റെ താഴെ മണലിൽ ഏകാന്തതയിൽ പോയി കിടന്ന് സ്വയം  പഠിച്ചു, അടുത്ത സെപ്റ്റംബറിൽ പരീക്ഷ എഴുതി ജയിച്ചു. മാർച്ചിലെ മാർക്കിനേക്കാളും  കുറവെങ്കിലും പരീക്ഷ ജയിച്ചു. പിന്നീട്  ജീവിതത്തിൽ എത്താൻ കഴിയുന്ന ഇടത്തെല്ലാം എത്തി പിടിക്കാൻ ശ്രമിച്ചു.എനിക്കറിയാം ആദ്യത്തെ പരാജയത്തിൽ നിരാശനായി  ഞാൻ പിൻ വാങ്ങിയെങ്കിൽ  ഞാൻ ഒന്നുമാകില്ലായിരുന്നു. പഠിക്കാനുള്ള ആഗ്രഹവും  കഠിന പ്രയത്നവും  നിങ്ങൾക്കുണ്ടായാൽ മതി ബാക്കി ഫലം താനെ നമ്മെ തേടി വരും.
അത്കൊണ്ട് മാർക്ക് കുറഞ്ഞവരും  പരാജയപ്പെട്ടവരുമായ കുട്ടികൾ നിരാശരാകേണ്ട,  ഈ കാലത്ത് നിങ്ങളുടെ മുമ്പിൽ ധാരാളം വാതിലുകൾ തുറന്ന് കിടപ്പുണ്ട് നല്ലതെന്ന് തോന്നുന്ന  വഴിയിലൂടെ നീങ്ങുക, മാർഗ ദർശനങ്ങൾ (ഗൈഡ് ലൈൻസ്) പിൻ പറ്റുക , നിങ്ങളുടെ ഭാവി  നിങ്ങൾ തന്നെ അന്വേഷിക്കുക,  അത് തീർച്ചയായും നിങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും

Sunday, May 5, 2019

പർദ്ദയും കുറേ വിവാദങ്ങളും

മാഷിന്റെ വത്തക്കാ  ബ്ളൗസ് പ്രയോഗം കാമ്പസ്സിൽ  ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. പെൺ കുട്ടികൾക്ക് പിൻ തുണയും മാഷിനോട് വിയോജിപ്പുമായി ധാരാളം പേർ രംഗത്തെത്തി. നഗ്നമായ മാറ് തന്നെ  വെളിപ്പെടുത്തി പ്രതിഷേധിക്കാൻ തയാറായി മഹിളാമണി ഒരെണ്ണം.എല്ലാവരും പറഞ്ഞു,  ഈ ജനാധിപത്യ രാജ്യത്ത് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ  എല്ലാവർക്കും അവകാശം ഉണ്ട്  എന്ന്.
പണ്ട് ജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ പാർലമെന്റ് മന്ദിരത്തിന്റെ മുമ്പിൽ  സന്യാസിമാർ  യാതൊരു മടിയും കൂടാതെ “ചുന്നാമുക്കി“ കാണിച്ച്  പ്രകടനം നടത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ചു. ദിഗംബര സന്യാസിമാർക്ക് എന്ത്മാകാം അതിനവർക്ക് അവകാശമുണ്ടെന്ന് പലരും മൊഴിഞ്ഞു.
എറുണാകുളം ലാ കോളേജിലെ വിദ്യാർത്ഥികളിൽ ചിലർ  എന്തിന്റെയോ പ്രതിഷേധത്തിനായി “സ്ട്രീക്കിംഗ്“ എന്ന പേരിൽ  കാളയെ പോലെ  അംശവടികൾ  പുറത്തിട്ട്  ഓട്ടം നടത്തി. ഈ ജനാധിപത്യ രാജ്യത്തിൽ  വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിക്കാൻ അവർക്കവകാശമുണ്ടെന്ന് പറഞ്ഞ്  പലരും പിൻ തുണച്ചു.
വളരെ വളരെ  വർഷങ്ങൾക്ക് മുമ്പ്  മാറ് മറക്കാൻ അവകാശമുണ്ടെന്ന് വാദിച്ച്  നഗ്നമായ മാറ് എന്ന നാട്ടാചാരം ലംഘിച്ച്  ഒരു സമുദായം  വസ്ത്രം ധരിച്ചു.
പെണ്ണുങ്ങൾ ജീൻസ് ഉപയോഗം കുറക്കണമെന്ന് ഗാനഗന്ധർവൻ  അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ ജനാധിപത്യ രാഷ്ട്രത്തിൽ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ  എല്ലാവർക്കും അവകാശം ഉണ്ട് എന്ന വാദവുമായി സാമൂഹ്യ മാധ്യമങ്ങൾ അലമുറയിട്ടു.
ചുരുക്കത്തിൽ എന്തുടുക്കണം എന്ത് ഉടുക്കാതിരിക്കണം എന്ന  അഭിപ്രായം അവനവന്റേതാണ്. അവിടെ  ഗ്രാൻഡ് മുഫ്തി ഫസിൽ ഗഫൂറോ  എതിർ വാദവുമായി നിൽക്കുന്ന അൽ  മുസീബത്ത് അലുകുലുത്ത് ഗ്രാൻഡ് മുഫ്ത്തിമാരോ  ഫത് വാ പുറപ്പെടുവിച്ച്  സാമൂഹ്യാന്തരീക്ഷത്തെ  മലീമസമാക്കുന്നതെന്തിനാണ്. ഈ ജനാധിപത്യ രാജ്യത്ത്  തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും അവനവന്റെ ഇഷ്ടം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ എന്ത് സ്വാതന്ത്രിയം?!
പെണ്ണ് ഏറ്റവും വെറുക്കുന്നത്  ആണുങ്ങളുടെ തുറിച്ച് നോട്ടമാണ്. ഇനി എന്ത് ഫെമിനിച്ചികളാണെങ്കിലും ഈ തുറിച്ച് നോട്ടം കാണൂമ്പോൾ  പോടാ അൺ വാന്റഡ്  ഹെയറേ! എന്ന് പ്രതികരിച്ച് പോകും.  അത്രയും ധൈര്യമില്ലാത്ത  സ്ത്രീകൾ  ശരീര വടിവ് പ്രദർശിപ്പിക്കാതെ   തല മുതൽ  കാൽ വരെ മറയുന്ന തരം വസ്ത്രം ധരിക്കാൻ ഉൽസുകത കാട്ടുന്നു.  പണ്ട്  മലയാളത്തിന്റെ  പ്രിയ എഴുത്തുകാരി മാധവിക്കുട്ടി  ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പ് തിരുവ ന ന്തപുരം റോഡിലൂടെ  നടക്കുമ്പോൾ തുറിച്ച് നോട്ടം ഒഴിവാക്കാൻ  ഏറ്റവും പറ്റിയ  വേഷം പർദ്ദാ ആണെന്ന് അഭിപ്രായപ്പെട്ടത് അവരുടെ അഭിപ്രായമായി കണക്കിലെടുത്താലും അതിൽ അൽപ്പം കാമ്പില്ലാതില്ല.
ഇവിടെ കുറേ പേരുടെ അഭിപ്രായം സംശയാലുക്കളായ  ഭർത്താക്കന്മാരുടെ നിർബന്ധം മൂലം പെണ്ണൂങ്ങൾ  മുഖം മറക്കുന്നുവെന്നാണ്, കഷ്ടം!!! അത് പണ്ട് ആയിരത്തി തൊള്ളായിരത്തി അന്ന്...ഇന്ന് 2019 ആണ് വലിയ നിർബന്ധം ആണുങ്ങൾ കാണീച്ചാൽ പോടോ കോപ്പേ! എന്നും പറഞ്ഞ് പുറം തിരിഞ്ഞ് പോകാനുള്ള തൻടേടമെല്ലാം സ്ത്രീകൾ സ്വായത്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ അവനവന്റെ ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രിയത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ഒട്ടും ശരിയല്ല,  അത് ഏത് ഗ്രാൻഡ്  മുഫ്ത്തിമാരായാലും ശരി.
പിൻ കുറി: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്താ മാഡം  സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരോടുള്ള  ആദരവ് പ്രകടിപ്പിക്കാനും  ദുഖിതരോട് അനുഭാവം പ്രകടിപ്പിക്കാനും ധരിച്ചത് പർദ്ദയാണ്