Saturday, September 29, 2018

ശബരിമലയും സ്ത്രീ പ്രവേശനവും

ഒരു വിശ്വാസത്തിലധിഷ്ഠിതമായി   ആരാധനാലയം നിലനിൽക്കുമ്പോൾ  ആ  വിശ്വാസത്തിന്റെ കടക്കൽ തന്നെ കത്തി വെക്കുന്ന  കോടതി വിധി  അപ്രകാരമുള്ള ഒരു വിശ്വാസം നെഞ്ചിലേറ്റുന്നവരുടെ ആരാധനാ സ്വാന്ത്രിയത്തിന് ഭരണഘടന  25, 26  അനുഛേദങ്ങൾ നൽകുന്ന  അവകാശങ്ങൾ നിഷേധിക്കുക കൂടിയാണ്  ചെയ്യുന്നത്. അതോടൊപ്പം ആ ക്ഷേത്രത്തെ  ഇല്ലാതാക്കുക യും ചെയ്യുന്നു.  യുക്തിക്കനുസൃതമായല്ല വിശ്വാസത്തെ നിർവചിക്കേണ്ടത്.
സതി നിർത്തലാക്കിയത് അത്  ദുരാചാരമായത് കൊണ്ടാണ്. അത് ആചരിക്കുന്നതിനാൽ  നരഹത്യ  സംഭവിക്കുന്നു  എന്ന് മാത്രമല്ല, അത് സമൂഹത്തിന്  ദുരനുഭവങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അപ്രകാരമുള്ള ദുരനുഭവങ്ങൾ  നീക്കം ചെയ്തു വരുന്നത്  സമൂഹത്തിൽ അത് ചെയ്യുന്ന  ദ്രോഹങ്ങൾ  കൂടി കണക്കിലെടുത്താണ്. മാത്രമല്ല അത് ആരംഭിച്ചത് ആ മതത്തിന്റെ  വിശ്വാസ പ്രമാണങ്ങളുടെ  ആരംഭ ദിശയിലുമല്ല, പിൽക്കാലത്ത് കൂട്ടി ചേർത്തതുമാണ്. അത് കൊണ്ട് തന്നെ ആ ദുരാചാരം നീക്കം ചെയ്തപ്പോൾ  ശക്തമായ പ്രതിഷേധം ഒന്നുമുണ്ടാവുകയും ചെയ്തില്ല.

ശബരിമല സ്ത്രീ പ്രവേശന നിരോധനം   ധർമ്മ ശാസ്താവിന്റെ  പ്രതിഷ്ഠാ കാലം മുതൽ തന്നെ  ഉണ്ടായിരുന്ന അനുഷ്ഠാനമാണ് പിൽക്കാലത്ത് കൂട്ടി ചേർത്തതുമല്ല. ,  അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന വിശ്വാസത്തിലധിഷ്ഠിതമായി പടുത്തുയർത്തിയ ഒരു ക്ഷേത്രമാണ് ശ്രീ ശബരിമല അയ്യപ്പ ക്ഷേത്രം. ആ വിശ്വാസത്തിന്റെ  അന്തസത്തക്ക് തന്നെ വെള്ളം ചേർക്കുന്നവിധമായി പോയി സുപ്രീം കോടതി വിധി.  വിയോജന വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഃഓത്ര അവരുടെ വിധിയിൽ ചൂണ്ടിക്കാണീച്ചത് പോലെ കോടതി . ഈ കേസ് കേൽക്കുക പോലും ചെയ്യരുതായിരുന്നു,

ശബരിമല ക്ഷേത്രത്തിലേക്കുള്ള  തീർത്ഥാടനം  ആരംഭിച്ചതിൽ പിന്നെ ലഭ്യമാകുന്ന  ഏതെങ്കിലും രേഖകളിലോ  വായ് മൊഴികളിലോ  എവിടെയെങ്കിലും  സ്ത്രീകൾ  ശബരിമലയിൽ ക്ഷേത്ര സ്ഥാപന കാലത്ത് ദർശനത്തിന് പോയിരുന്നു എന്നോ പിൽക്കാലത്ത് അത് തടയപ്പെട്ടതായിരുന്നു എന്നോ  രേഖപ്പെടുത്തിയിട്ടുണ്ടോ.  സ്ത്രീകളും അയ്യപ്പൻ ബ്രഹ്മചാരിയാണ് എന്ന  വിശ്വാസം നെഞ്ചിലേറ്റി  ശബരിമല കയറ്റത്തിൽ നിന്നും പണ്ട് മുതലേ ഒഴിഞ്ഞ് നിന്നിരുന്നു.  അതായിരുന്നു ആ വിശ്വാസത്തിന്റെ ദാർഢ്യത.
മാളികപ്പുറത്തമ്മയും  അയ്യപ്പനുമായുള്ള  ബന്ധത്തെക്കുറിച്ച് അറിവുള്ള ഒരു സ്ത്രീയും ശബരിമല കയറാൻ ആഗ്രഹിക്കുകയില്ലാ എന്നത് കൂടി ഇവിടെ പറഞ്ഞ് വെക്കേണ്ടിയിരിക്കുന്നു. കോടതിയിൽ ഒരു വക്കീലും ഈ കഥ  ജഡ്ജിമാരെ പറഞ്ഞ് കേൾപ്പിച്ചിട്ടുണ്ടാവില്ല. എത്ര മനോഹരമായ  ആശയം ഉൾപ്പെടുത്തിയെടുത്ത കഥയാണതെന്ന്  ഏത് പൊട്ടനും തിരിച്ചറിയാൻ കഴിയും.എപ്പോഴെങ്കിലും കന്നി അയ്യപ്പന്മാർ മല ചവിട്ടാൻ വരാതിരിക്കുന്ന കാലത്ത് നിന്നെ ഞാൻ സ്വീകരിക്കാം എന്ന ആ കഥ. ഇപ്പോൾ കന്നി അയ്യപ്പന്മാർ ഇല്ലാതായി തീർന്നോ? അത് കൊണ്ടാണോ നവ മാളികപ്പുറങ്ങൾ ശബരിമല കയറാൻ വ്യഗ്രത കാണിക്കുന്നത്.
 എല്ലാറ്റിലുമുപരി  ശബരിമലയിൽ പോകാൻ  സാധിച്ചില്ല എന്ന  കാരണത്താൽ  യാതന അനുഭവിച്ച ഒരു സ്ത്രീയും കേരളത്തിലുണ്ടാവില്ല.  സ്ത്രീകളായ വിശ്വാസികൾക്ക് അറിയാം, എന്ത് വേണമെന്നും എന്ത് വേണ്ടാ എന്നും. സ്ത്രീകൾക്ക് മാത്രമായുള്ള ഏതെങ്കിലും ക്ഷേത്രം നിലവിലുണ്ടാവുകയും  അവിടെ പുരുഷന്മാർക്കും പ്രവേശനം നൽകണമെന്ന ആവശ്യം ഉണ്ടാവുകയും ചെയ്താൽ  അപ്പോഴും ഇത് തന്നെ  മറുപടി.

Tuesday, September 25, 2018

മുഖ പുസ്തക പ്രേമം

സ്ത്രീകൾ മുഖ പുസ്തക സൗഹൃദത്തിലൂടെ ചതിക്കപ്പെടുന്ന വാർത്ത ധാരാളമായി പത്രങ്ങളിലൂടെ വന്നിട്ടും അരുതാത്ത കാര്യങ്ങൾക്ക് മാത്രമായി അക്കൗണ്ടും തുറന്നിരിക്കുന്നവന്മാരുടെ വലയിൽ ഇപ്പോഴും സാധാരണക്കാരികളായ വീട്ടമ്മമാർ ചെന്ന് വീഴുന്ന സംഭവങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
ഫെയ്സ് ബുക്ക് ആശയ സംവേദനത്തിനും അറിവ് പകർന്ന് നൽകാനും വിവരങ്ങൾ കൈമാറാനും മറ്റും ഉപയോഗിക്കുന്നതിലപ്പുറം ദുർബല വികാരങ്ങളെ ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണമായി മാറുയിരിക്കുന്ന കാഴയാണിന്നെവിടെയും. അപ്രകാരമുള്ള സംഭവങ്ങളും തുടർന്നുള്ള കേസുകളും പുതുമയല്ലാതായി മാറിയെങ്കിലും ഇന്നത്തെ ഒരു കേസ് വല്ലാതെ മനസിനെ സ്പർശിച്ചു.
ഭർത്താവ് നിഷ്കരുണം ഉപേക്ഷിച്ചു എന്ന് ആവലാതിപ്പെട്ട ഒരു വീട്ടമ്മയുടെ പരാതിയിൽ ആഴത്തിൽ കടന്നപ്പോൾ കണ്ടെത്തിയത് വീട്ടമ്മ ഒന്നും രണ്ടുമല്ല അഞ്ച് പേരുമായി ശരിയല്ലാത്ത സൗഹൃദത്തിൽ ഏർപ്പെട്ടതായി ഭർത്താവ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഫെയ്സ് ബുക്കിൽ അക്കൗണ്ട് ആരംഭിച്ച് സ്വന്തം ഫോട്ടോയും പ്രദർശിപ്പിച്ച് കഴിഞ്ഞതിന് ശേഷം സൗഹൃദത്തിന്റെ പെരുമഴയാണ് പോലും ഈ നാട്ടുമ്പുറത്ത്കാരി സ്ത്രീക്ക് അനുഭവപ്പെട്ടത്. ചാറ്റിംഗുകൾ ഡിലറ്റ് ചെയ്യാതെ നിധി പോലെ സൂക്ഷിച്ചു എന്ന മണ്ടത്തരവും ആ സ്ത്രീ കാണിച്ചിരുന്നു.എറിഞ്ഞ കല്ല് തിരികെ പിടിക്കാൻ കഴിയില്ലല്ലോ.
ഇനി അദ്ദേഹത്തിന്റെ ചൂട് കുറയാൻ കാത്തിരിക്കുക തന്നെ, അല്ലാതെ മറ്റ് പോം വഴികളൊന്നുമില്ല.
എല്ലാറ്റിലും ഗുണവും ദോഷവുമുണ്ട്. ഫെയ്സ് ബുക്കും അത് തന്നെ.

Wednesday, September 19, 2018

വടക്കാഞ്ചേരിയും ആശയങ്ങളും.

സൂര്യൻ ഭൂമിയെ ചുറ്റുകയാണെന്ന നിലവിലുള്ള വിശ്വാസത്തെ  തള്ളി ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന  ആശയം  വെളിപ്പെടുത്തിയ ശാസ്ത്രജ്ഞൻ       ഗലീലിയോയെ അന്നത്തെ സമൂഹം കുതിരവണ്ടിയുടെ പുറകിൽ കെട്ടിയിട്ട്  വണ്ടി ഓടിച്ച് യാതനക്കിരയാക്കി.  വിശ്വാസത്തിന്  വ്യത്യസ്തമായി  ആശയം കൊണ്ട് വന്നതിനെതിരെയുള്ള അസഹിഷ്ണതയാണ് ആ ശിക്ഷയിലൂടെ  അന്നത്തെ സമൂഹം പ്രകടിപ്പിച്ചത്.

പ്രകൃതി ചികിൽസകനായ  വടക്കാഞ്ചേരിയും ഗലീലിയെയും തമ്മിൽ അജ ഗജാന്തരമുണ്ട്. മഹാനായ ശാസ്ത്രജ്ഞൻ  ഗലീലിയോ അല്ല വടക്കാഞ്ചേരി.  വടക്കാഞ്ചേരിയുടെ  ആശയങ്ങളെയോ പ്രതിരോധ മരുന്നുകൾക്കെതിരെയുള്ള  അയാളുടെ ഗീർവാണങ്ങളെയോ ഈയുള്ളവൻ   പിൻ തുണക്കുന്നുമില്ല. പക്ഷേ അയാളുടേതായ അഭിപ്രായങ്ങൾ  വെളിപ്പെടുത്തിയതിന് അയാളെ ജയിലിൽ അടച്ചത് ഒട്ടും ശരിയല്ല. ഒരാളുടെ ആശയങ്ങൾ അത് എത്രത്തോളം വിഡ്ഡിത്തരം നിറഞ്ഞതായാലും  കയ്യൂക്ക് കൊണ്ടും നിയമത്തിന്റെ പിൻ തുണ ഉപയോഗിച്ചും  തടസ്സപ്പെടുത്തുന്നത്  ഫാഷിസം തന്നെയാണ്. അയാളുടെ തെറ്റായ വാദങ്ങളെ ശരിയായ വസ്തുതകൾ കൊണ്ട് നേരിടുന്നതല്ലേ  നീതി. അല്ലാതെ  ഞങ്ങളുടെ ആശയമാണ്  തികച്ചും  ശരി  അതിനെ വിമർശിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്ന മനോഭാവം ഭാവിയിൽ മറ്റ് നവീനാശയങ്ങൾ  വെളിപ്പെട്ട് വരുന്നതിന് തടസ്സമാകുവാൻ ഇടയാകും .

Saturday, September 15, 2018

ഗുസ്തി പ്രേമം

വർഷങ്ങൾക്ക് മുമ്പ്  കേരളത്തിൽ പരക്കെ ഉണ്ടായിരുന്ന പ്രവണത  ഗുസ്തി മൽസരമായിരുന്നു. മലയാള സിനിമയുടെ ആധിക്യം ആരംഭിക്കുന്നതിന് മുമ്പ് വരെ  ഈ ഗുസ്തി പ്രേമം നാട്ടിൽ തുടർന്നിരുന്നു. മിന്നൽ മെയ്തീൻ കുഞ്ഞു,  പോളച്ചിറ രാമചന്ദ്രൻ, നെട്ടൂർ വിശ്വംഭരൻ, ആസാം ബഷീർ തുടങ്ങിയ നാടൻ ഫയൽവാന്മാരുടെ  പ്രകടന ങ്ങൾ കൂടാതെ  ഇമാം ബക്സ്, കൽക്കത്താ അബ്ദുൽ രസാക്ക് ഫയൽവാൻ  ഗാമ,  തുടങ്ങിയ ഉത്തരേന്ത്യൻ  ഇടിവെട്ട്  താരങ്ങളും കേരളത്തിൽ  അങ്ങോളമിങ്ങോളം ഗുസ്തി ഷോകൾ നടത്തി നാട്ടുകാരെ ത്രസിപ്പിച്ചിരുന്നു.  എന്റെ കുഞ്ഞു ചെറുപ്പത്തിൽ ആലപ്പുഴ കടപ്പുറത്ത്  ധാരാസിംഗും  കിംഗ് കോങ്ങുമായുള്ള ഒരു ഗുസ്തി മൽസരം വെച്ച് ദിവസം ഉച്ച കഴിഞ്ഞ്  പട്ടണത്തിൽ ഹർത്താലിന്റെ പ്രതീതി ജനിപ്പിച്ച്  തെരുവുകൾ വിജനമായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾ  വാഹന ഭയമില്ലാതെ റോഡിലൂടെ നടന്നത് ഓർമ്മ വരുന്നു.  എല്ലാവരും ഗുസ്തി കാണാൻ കടപ്പുറത്ത് പോയി.
 ലങ്കോട്ടി കെട്ടിയ  ഫയൽ വാന്മാരുടെ  ചിത്രങ്ങൾ  അന്ന് കവലകൾ തോറും പ്രദർശിപ്പിക്കുകയും ചെയ്യും.
ഇപ്പോൾ ഗുസ്തി പ്രേമം നാട്ടിൽ ഇല്ലാതായി, ഫയൽ വാന്മാരും ഇല്ലാതായി.

Tuesday, September 11, 2018

നിയമം ദുരുപയോഗം ചെയ്യൽ

നിയമം മനുഷ്യന് വേണ്ടിയാണ് നിർമ്മിക്കപ്പെട്ടത്. മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. അത് കൊണ്ട് തന്നെ മനുഷ്യന് ഉപകാരപ്പെടത്തക്ക വിധം  നിയമം വ്യാഖ്യാനിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം.  എങ്ങിനെ  നിയമം കൊണ്ട് മനുഷ്യനെ ഉപദ്രവിക്കാൻ സാധിക്കുമെന്ന്  പരീക്ഷിക്കാൻ നിയമം  സൃഷ്ടിക്കുന്നതിന്റെ പേര്  ജനദ്രോഹം എന്നാണ്.

രവന്യൂ വരുമാനം വർദ്ധിപ്പിക്കാൻ  സർക്കാർ കണ്ടെത്തിയ നിയമമാണ് ഒറ്റത്തവണ  കെട്ടിട നികുതി. ഒരു നിശ്ചിത അളവിനു മേലുള്ള  കെട്ടിടത്തിന് ഒരിക്കൽ മാത്രം നികുതി നൽകണം. അതിന്റെ നടപടി ആരംഭിക്കുന്നത് വില്ലേജ് ആഫീസിൽ നിന്നുമാണ്. വില്ലേജ് ആഫീസ് ജീവനക്കാരൻ  നമ്മുടെ വീട് നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം സ്ഥലത്തെത്തി  വീട് അളന്ന്  നിശ്ചിത നികുതി ചുമത്തുന്നു.  ഈ നികുതി അടച്ച്  രസീത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷനിൽ  ഹാജരാക്കിയാലേ അവിടെ നിന്നും  പൂർത്തിയാക്കിയ  വീടിന് സർട്ടിഫിക്കറ്റും വീട്ടു നംബറും ലഭിക്കൂ.

പക്ഷേ 250 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീട്ന് വില്ലേജ് ആഫീസ് പരിശോധനക്ക് ശേഷം   താലൂക്ക് ഓഫീസിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ വന്ന് വീണ്ടും അളന്ന് പരിശോധിക്കണം. വില്ലേജ് ആഫീസർ  ആദ്യ അളവിൽ എന്തെങ്കിലും കുരുത്തക്കേടുകൾ കാണിച്ചിട്ടുണ്ടെങ്കിലോ? അളവ് ശരിയാണോ എന്ന് ഡെപ്പിടി പരിശോധിച്ച് കഴിഞ്ഞേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

ഇവിടെയാണ് നിയമം ഉപദ്രവമാകുന്നത്. 250 സ്ക്വയർ മീറ്ററിന് മുകളിൽ   മേലുദ്യോഗസ്ഥൻ പരിശോധിച്ചാലേ ശരിയാകൂ എങ്കിൽ  ആദ്യമേ  അതങ്ങ് ചെയ്തൂടേ? പിന്നെന്തിന് ആദ്യം വില്ലേജാഫീസറുടെ വഴിപാട് വെടി?

ഒരു സാധാരണക്കാരൻ   അവന്റെ 7 ദിവസമെങ്കിലും വില്ലേജ് ആഫീസിൽ കയറി ഇറങ്ങിയാലേ    വില്ലേജ്  മുതലാളി  അളവ് കോലുമായി വരുകയുള്ളൂ. അതിന് ശേഷം ഡെപ്പിടി വരണമെങ്കിൽ കുറഞ്ഞത് 10 ദിവസം താലൂക്ക് ഓഫീസ് കയറി ഇറങ്ങാൻ  വേണ്ടി വരും.

ഈ നിയമം ലഘൂകരിച്ച്  ആദ്യമെ തന്നെ 250 ന് മുകളിൽ ഡെപ്പിടി എന്ന് തീരുമാനിച്ചൂടേ? കുറഞ്ഞത് 7 ദിവസം സമയം    പൗരന്റെ പോക്കറ്റിൽ കിടക്കുമല്ലോ.

ഇവിടെ മനുഷ്യന് വേണ്ടി നിയമം സൃഷ്ടിച്ചതല്ല,  നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ  ഈ നടപടിക്രമം ജനദ്രോഹവുമാണ്.

Monday, September 10, 2018

സ്വർഗ രതി പ്രകൃതി വിരുദ്ധം തന്നെ.

ലൈംഗിക വികാരം ജീവികളിൽ പ്രകൃതി  സൃഷ്ടിച്ചത്  അത് വഴി പ്രജനനം നടക്കാനും അങ്ങിനെ എന്നെന്നേക്കും ജീവന്റെ നില നിൽപ്പ് തുടരുവാനുമാണ്.    സ്വ വർഗ  രതിയിൽ പ്രജനനം ഇല്ല,  അത് കൊണ്ട് തന്നെ അത് പ്രകൃതി വിരുദ്ധ വു മാണ്.  പ്രകൃതി  വൈരുദ്ധ്യത്തോട് വെറുപ്പും അറപ്പും  ഒഴിഞ്ഞ് വെപ്പും  സ്വാഭാവികമായി തന്നെ ഉണ്ടാകുന്നു.  ആരിലെങ്കിലും  ആ വിരുദ്ധത ഉണ്ടാകുന്നത്  രോഗമായി തന്നെ കാണണം. അല്ലാതെ പരമോന്നത കോടതി അത്  പൗരന്റെ    മൗലികാവകാശമാണെന്നും ന്യൂന പക്ഷത്തിന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നൊക്കെ പറഞ്ഞാൽ  പ്രകൃതി വിരുദ്ധതയോടുള്ള  വെറുപ്പ്  ഭൂരിപക്ഷത്തിന്റെ മനസിൽ നിന്നും ഒരിക്കലും  മാഞ്ഞ് പോവില്ല.

Monday, September 3, 2018

അച്ചായനും കാള വണ്ടിയും

കൊട്ടാരക്കരക്ക് സമീപമുള്ള നെല്ലിക്കുന്നം ഗ്രാമത്തിലെവിടെയോ    താമസിച്ചിരുന്ന അച്ചായൻ വീട്ടിലെത്തുമ്പോൾ രാത്രി പത്ത് മണി ആകുമെന്നുള്ള കഥ പണ്ട് ഞങ്ങൾ പറഞ്ഞ് ചിരിക്കുമായിരുന്നു. അച്ചായന് പൊതുമരാമത്ത് വകുപ്പിലെ ലാസ്റ്റ് ഗ്രേഡ്  ജോലി ഉണ്ടായിരുന്നു. വൈകുന്നേരം ആഫീസിൽ നിന്നുമിറങ്ങി  ചന്തയിൽ  പോയി  മീനും  വാങ്ങി വീട്ടിലേക്ക് തിരിക്കുന്ന അച്ചായൻ  അന്നത്തെ കാലത്തെ പതിവ്  ട്രാൻസ്പോർട്ടിംഗ് വാഹനമായ ഭാരം കയറ്റി വരുന്ന  കാള വണ്ടി കണ്ടാൽ വീട്ടിൽ പോകുന്ന കാര്യം മറന്ന്   പുറകിൽ നിന്ന്  വണ്ടി തള്ളി  കാളകളെ ഒരു കൈ സഹായിക്കും. കയറ്റം കയറുന്ന ആ  വണ്ടി  തള്ളി കടത്തി വിട്ട്  ഇറക്കത്തിലേക്ക് തിരിച്ച് വരുമ്പോഴാണ്  അടുത്ത വണ്ടിയും കാളകളെയും കാണുന്നത്. ഉടനെ ആ വണ്ടിയും തള്ളി കയറ്റം കടത്തി വിടുമത്രേ!. ഈ കാരണത്താലാണ് അച്ചായൻ  വീട്ടിൽ താമസിച്ച് ചെല്ലുന്നത് സഹജീവികളോട് കരുണകാട്ടുന്ന ഈ സർക്കാർ ജീവനക്കാരൻ  ആഫീസിൽ തന്നെ സമീപിക്കുന്ന പൊതു ജനങ്ങളോട് എത്ര കരുണയോടെ  പെരുമാറുമെന്ന് പറയേണ്ടതില്ലല്ലോ.
ഈ കഥ ഇപ്പോൾ പറയാൻ കാരണം കുറേ നാളുകളായി  ഞാനിപ്പോൾ  വിവിധ സർക്കാർ ആഫീസുകൾ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം എന്റെ  മകന് ഒരു വീട് വെക്കാൻ തോന്നി.പല ചിട്ടികൾ പിടിച്ചും വീട്ടിലുണ്ടായിരുന്ന  പൊട്ടും പൊടിയും ആഭരണങ്ങൾ വിറ്റും  പരിചയമുള്ള ചില കടകളിൽ നിന്നും കടമായി സാധനങ്ങൾ എടുത്തും പൈസയുടെ അഭാവത്താൽ  പലപ്പോഴും പണികൾ നിർത്തിയും പിന്നെ തുടങ്ങിയും ഇഴഞ്ഞിഴഞ്ഞ് ഒരു വർഷം കൊണ്ട് ഒരു വിധത്തിൽ പൂർത്തീകരിച്ച് ബന്ധപ്പെട്ട അധികാരികളെ കൊണ്ട്  സർക്കാർ രേഖകളിൽ വീട് ഉൾക്ക്ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് വിവിധ സർക്കാർ ആഫീസുകളിൽ കയറി ഇറങ്ങേണ്ടി വന്നത്.  ആ അനുഭവങ്ങൾ പിന്നീടെഴുതാം. ഈ ആഫീസുകളിലെ കയറി ഇറക്കത്തിൽ  ഞാൻ അനുഭവിച്ച പലതും  ഒരു ജീവനക്കാരനായിരുന്ന അതും വിവിധ തസ്തികകളിൽ 35 കൊല്ലം അനുഭവ സമ്പത്തുള്ള  എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന്  പറയേണ്ടി  വരുന്നു.  ഉദാരമായി സഹായിച്ചവർ ഇല്ലാതില്ല, പക്ഷേ കൂടുതലും നിസ്സംഗതയും നിഷ്ക്രിയതവും പലപ്പോഴും യാന്ത്രികതയും ആയിരുന്നു എന്ന് തന്നെ പറയേണ്ടി യിരിക്കുന്നു. നേരായ കാര്യത്തിനായി എന്റെമുമ്പിൽ വന്നിരുന്നവരെ എല്ലാ തരത്തിലും സഹായിച്ചിരുന്നവനാണ് ഞാൻ, എന്റെ സഹജീവികളിൽ ഭൂരി പക്ഷവും അപ്രകാരം തന്നെ ആയിരുന്നു.പക്ഷേ ഇന്നു ആ സേവന സന്നദ്ധത  കാണാനില്ല, അൽപ്പം ചിലരിലൊഴികെ.
 ഇന്നത്തെ ദിവസം  രണ്ടര മണിക്കൂർ ഒരു സർക്കാർ ആഫീസിൽ  ഭിത്തിയിൽ ചാരി നിന്നപ്പോൾ (പല ദിവസങ്ങളിലും ഇത് തന്നെ ഗതി) ഞാൻ ഈ കുറിപ്പിൽ ആദ്യം പറഞ്ഞ അച്ചായനെ ഓർത്തു.
സഹ ജീവിയോട് കരുണ കാണിക്കാനാണ് ആദ്യം ജീവനക്കാർക്ക് പരിശീലനം  നൽകേണ്ടത്. അല്ലാതെ  മാനുവൽ ഓഫ് ഓഫീസ് പ്രൊസീഡറും, കേരളാ സർവീസ് റൂളും  ഫൈനാൻഷ്യൽ കോഡും പരീക്ഷക്കിരുത്തുകയല്ല വേണ്ടത്. നിയമം ജനത്തിന് ഉപകാരമായ രീതിയിൽ വ്യാഖ്യാനിക്കണം ,അല്ലാതെ ഉപദ്രവിക്കാനായി വളച്ചൊടിക്കരുത്.