Wednesday, February 28, 2024

പടിഞ്ഞാറേ മാനത്തുള്ള.....

 പടിഞ്ഞാറേ മാനത്തുള്ള പടിഞ്ഞാറേ മാനത്തുള്ള

പനിനീർ ചാമ്പക്ക പഴുത്തുവല്ലോ മുഴുത്തുവല്ലോ

പറിച്ച് തിന്നാനെനിക്ക് ചിറകില്ലല്ലോ.... 

നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന മലയാള സിനിമയിലുള്ള ഈ ഗാനത്തിന്റെ വരികൾ ഭാസ്കരൻ മാഷിന്റേതാണ്. ഈണമിട്ടത് ബാബുക്കയും. പാട്ട് രംഗം കാണുമ്പോളെല്ലാം ഉണ്ടായ ഒരു സംശയമാണ്. പ്രേം നസീറും അംബികയും ചേർന്നഭിനയിക്കുന്ന  ഈ ഗാന രംഗം  സംഭവിക്കുന്നത് സന്ധ്യയിലോ രാത്രിയിലോ ?  പാട്ടിലെ വരികൾ പറഞ്ഞ് തരുന്നത് പുലർച്ചക്കാണ് ആ സീനെന്നാണ്. കാരണം രംഗത്ത് കാണിക്കുന്നത് പൂർണ ചന്ദ്രനെയാണ്. പൂർണ ചന്ദ്രൻ കിഴക്കേമാനത്ത് സന്ധ്യക്ക് ഉദിക്കുകയും  അസ്തമിക്കാൻ നേരം പഴുത്ത് മുഴുത്ത്  പടിഞ്ഞാറേ മാനത്ത് വരുകയും ചെയ്യുന്നത് വെളുപ്പാൻ കാലത്തുമാണ്. 

ശരിയല്ലേ?

 അതായത് കമിതാക്കൾ  ആടി പാടിയത് വെളുപ്പാൻ കാലത്താണെന്ന്......

എപ്പോഴേ ആകട്ടെ...പണ്ട് ചെറുപ്പത്തിൽ ചുണ്ടുകൾ  ആവർത്തിച്ചാവർത്തിച്ച് മൂളിയിരുന്ന   ശ്രവണ സുന്ദരമായ ഈ ഗാനം എത്ര കേട്ടാലും മതിവരാത്തത് തന്നെയെന്ന് ഉറപ്പ്. 

പെയ്യാതെ  മനസ്സിൽ കനത്ത് നിൽക്കുന്ന  കാർ മേഘങ്ങളുടെ വിതുമ്പൽ  ശ്രദ്ധിക്കാതിരിക്കാൻ മറ്റൊന്നിലേക്ക് മനസ്സിനെ  തിരിച്ച് വിടാൻ  ഈ വക സംശയങ്ങൾ   ആവശ്യമാണല്ലോ.


Monday, February 26, 2024

വേർപാടിന്റെ വേദന...

 വേർപാടിന്റെ വേദന ....അത് പതുക്കെ പതുക്കെയാണ് ഉള്ളിലേക്ക് കടന്ന് വരുന്നത്.

വേർപെട്ട് പോകുന്ന  നിമിഷത്തിൽ  അത്രക്ക് മാരകമായി ആ വേദന അനുഭവപ്പെടാറില്ല. പിന്നെ പതുക്കെ പതുക്കെ ഓർമ്മകൾ ഓരോന്നായി ഉള്ളിലേക്ക് കടന്ന് വരും. സന്തോഷത്തിന്റെയും സന്താപത്തിന്റേതുമായ ഓർമ്മകൾ. അതിന്റെ അവസാനം വേർപെട്ട് പോയ ആൾ നമ്മളോടൊപ്പമില്ലെന്നും ഈ ഓർമ്മകൾ അവരോട് സംവദിക്കാൻ നമുക്കിനി കഴിയില്ല എന്നുമുള്ള യാത്ഥാർത്ഥ്യം നമ്മൾ തിരിച്ചറിയുമ്പോഴുള്ള  ആ തിക്ക് മുട്ടലുണ്ടല്ലോ അത് ഇത്തിരി കടുപ്പം തന്നെയാണ്.

കാലം എല്ലാ വേദനയും മായ്ക്കും എന്നൊരു പാഴ് ചൊല്ലുണ്ട്. അത് ചിലരെ സംബന്ധിച്ച് ഒരിക്കലും ശരിയാവില്ല. ദിവസങ്ങൾ കടന്ന് പോകുമ്പോൾ  ചില വേർപാട്കളുടെ വേദനകൾ ഒന്നിനൊന്ന് ശക്തി പ്രാപിച്ച് വരുന്നതായി എനിക്കനുഭവപ്പെടുന്നു.

ആ കാര്യം പറയണമായിരുന്നു, ആ വിഷയം പറയേണ്ടായിരുന്നു, ഇനി വിളിക്കുമ്പോൾ ആ വിവരം പറയണം എന്നൊക്കെ വിചാരിക്കുമ്പോളാണ് ആൾ കടന്ന് പോയിരിക്കുന്നു ഇനി ഒന്നും കേൾക്കാൻ സാധിക്കാത്ത ഇടത്തേക്ക് എന്ന തിരിച്ചറിവ് ഉള്ളിൽ മുള പൊട്ടുന്നത്. അപ്പോഴുണ്ടാകുന്ന ഒരു തിങ്ങൽ...അത് വിവരിക്കാനാവില്ല......

കടന്ന് പോയ അനന്ത കോടി ഇന്നലെകൾക്കൊപ്പം ഈ ഇന്നലെയും കൂട്ട് ചേർന്നു എന്ന് കരുതി സമാശ്വസിക്കാം...അതൊരു ആശ്വാസമാണെങ്കിൽ.....

Monday, February 19, 2024

ഓർമ്മകൾ മരിക്കുന്നില്ല....


 പഴയ ഫയലുകൾ പരതി കൊണ്ടിരുന്നപ്പോൾ  ഈ ഫോട്ടോ കണ്ണിൽ പെട്ടു. ഞാൻ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്ന എന്റെ ചെറുകഥാ സമാഹാരത്തിന്റെ  കവർ പേജായിരുന്നു അത്. ഇത് തയാറാക്കിയ  ആൾ  കഴിഞ്ഞ  ദിവസം (14--2--2024) പുലർച്ച  ഒരു മണിയോടെ  ഈ ലോകം വിട്ടു യാത്ര ആയി. എന്റെ മൂത്ത മകൻ ഷിബു.

പുസ്തകം തയാറാക്കുന്ന വിവരം അവനെ അറിയിച്ചപ്പോൾ രണ്ട് ദിവസത്തിനകം  ഈ കവർ ചിത്രം അവൻ രൂപപ്പെടുത്തി  എനിക്ക് അയച്ച് തന്നു. അപ്പോൾ എനിക്കത് ഉപയോഗിക്കാൻ കഴിഞ്ഞില്ല, പിന്നീട് ആ പുസ്തകം “മാക്സിയും ബെർമൂഡയും എന്ന പേരിൽ  വേറെ കവർ ചിത്രത്തോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് ഈ കവർ ഫോട്ടോ  പഴയ ഫയലുകളിൽ സുഖനിദ്രയിലായി..

അവൻ ഈ ലോകം വിട്ട് പോയതിന് ശേഷം  ഒരു നിമിത്തം എന്ന പോലെ ഈ ഫോട്ടോ ഇപ്പോൾ എന്റെ  ശ്രദ്ധയിൽ വന്നിരിക്കുന്നു. അവന്റെ  കഴിവുകൾ  ഓർമ്മിപ്പിക്കാൻ. 

 ഒരു അക്കാദമിക്ക് യോഗ്യതയുമില്ലാത്ത അവൻ കമ്പ്യൂട്ടറിന്റെ ആചാര്യനായിരുന്നു. എന്റെ പുതിയ പുസ്തകമായ “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും“ എന്ന പുസ്തകത്തിന്റെ കവർ പേജിന്റെ രൂപ രേഖയും അവന്റെ ബുദ്ധിയിൽ ഉദിച്ചതാണ്. ഈ നാട്ടിൽ പലരും കമ്പ്യൂട്ടറിൽ  ഹരിശ്രീ കുറിച്ചത് അവനിൽ നിന്നുമായിരുന്നെന്ന് അവന്റെ മരണ വിവരം അറിഞ്ഞെത്തിയ  ആൾക്കാരിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു.

കമ്പ്യൂട്ടറായിരുന്നു അവന് എല്ലാം. ആ കമ്പ്യൂട്ടർ ഭ്രാന്ത് തന്നെ അവനെ തകർക്കുകയും ചെയ്തുവല്ലോ.

ഇപ്പോൾ ഈ സമയം പുറത്ത്  കുംഭ നിലാവ് പരന്നൊഴുകയാണ്. ഈ നിലാവ് തന്നെ കൊട്ടാരക്കര ഖബർസ്ഥാനിലും  പെയ്തിറങ്ങുന്നു.. എന്റെ മകൻ  ആ പുരയിടത്തിൽ ഒരു ഭാഗത്ത് അവന്റെ വിശ്രമ സ്ഥലത്ത് ശാന്തമായുറങ്ങുന്നു. എല്ലാ സംഘർഷങ്ങളിൽ നിന്നും അകന്ന് അത്യുന്നതമായ സമാധാനത്തിന്റെ ശീതള ഛായയിൽ അവൻ ഉറങ്ങുന്നു. അവൻ ഉണർന്നെഴുന്നേൽക്കുമ്പോൾ കരുണാമയനായ സൃഷ്ടാവ് അവന് സ്വർഗ പൂങ്കാവനത്തിൽ ഇടം കൊടുക്കുവാനായി ഈ പിതാവ് പ്രാർത്ഥിക്കുന്നു. ഉറങ്ങു മകനേ! ശാന്തമായുറങ്ങൂ.......

Thursday, February 15, 2024

എന്റെ മകൻ പോയി...അനന്തതയിലേക്ക്

 ഇന്നലെ  വെളുപ്പാൻ കാലം ഒരു മണിക്ക് എന്റെ മകൻ ഷിബു യാത്ര പറഞ്ഞു മറ്റൊരു ലോകത്തിലേക്ക് പോയി. അവന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. ആദ്യം ഒരെണ്ണം തകർന്നു, കേടായ ആ ഒരെണ്ണം  എടുത്ത് കളഞ്ഞു. പിന്നെ ഒറ്റ വൃക്കയുമായിവർഷങ്ങൾ  ജീവിച്ചു .  ആ വൃക്കയും പ്രവർത്തനരഹിതമായപ്പോൾ വൃക്ക മാറ്റി വെച്ചു. പക്ഷേ അതും കുറച്ച് കാലം കഴിഞ്ഞ് പണി മുടക്കിയപ്പോൾ ഒന്നിരാടം ദിവസം ഡയാലിസിലായി .പ്ളാവിന്റെ വേര് കനത്ത് നിൽക്കുന്നത് പോലെ കൈത്തണ്ടിൽ കത്തീഡ്ലിൽ വെച്ച ഭാഗം പിണഞ്ഞ്  കിടക്കുന്നത്   നാം അന്തം വിട്ട് നോക്കി നിൽക്കും പക്ഷേ അവന് അതെല്ലാം ബഹുരസമായി  തോന്നിക്കുന്നത് പോലെ  ഭാവങ്ങൾ പ്രകടിപ്പിക്കും. ജീവിതം അവന് എപ്പോഴും തമാശയായിരുന്നല്ലോ.

 മനസ്സിന്റെ  കുഴക്കിനാൽ മകൻ മരിച്ച വിവരം പോസ്റ്റിൽ ഒരു വരിയിൽ ഒതുക്കിയത്  ശരിയാണ്. അതിന്  എന്നെ ചിലർ നന്നായി ശിക്ഷിച്ചിരിക്കുന്നു.

 മാരക രോഗ ബാധയുടെ എല്ലാ വേദനയും അനുഭവിക്കുമ്പോൾ തന്നെ കിട്ടുന്ന സമയം ഷിബു മറ്റു വൃക്ക രോഗികളെ സഹായിക്കാനിറങ്ങുമായിരുന്നു. എന്നും അവൻ അങ്ങിനെ തന്നെ ആയിരുന്നു. കർണന്റെ സ്വന്തം ചേട്ടനായ അവൻ കയ്യിൽ കിട്ടിയ പൈസായും മറ്റുള്ളവരിൽ നിന്നും വാങ്ങിയതും പരസഹായത്തിന് ചെലവഴിച്ചപ്പോൾ കടം മിച്ചമായി. കേസുകൾ പെരുകി. ബി,പി. കൂടി. വൃക്ക പിന്നെയും പിന്നെയും പണി മുടക്കി.

കമ്പ്യൂട്ടറിൽ ആചാര്യനായ അവൻ പണ്ട് കാലത്ത് മദിരാശി പട്ടണത്തിൽ പോയി കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ വാങ്ങിക്കൊണ്ട് വന്ന് രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു അത് കൂട്ടി യോജിപ്പിച്ച്  പിറ്റേന്ന് രാവിലെ അന്നത്തെ കാലത്ത് കൂണ് പോലെ മുളച്ച് വന്നിരുന്ന കമ്പ്യൂട്ടർ സെന്ററുകളിൽ  വിലക്ക് കൊടുക്കും. മദിരാശിയിൽ സേട്ടുമാർക്ക് കമ്പ്യൂട്ടർ ഭാഗങ്ങൾക്ക് വില അവൻ ഒപ്പിട്ട ബ്ളാങ്ക് ചെക്കായി കൊടുക്കുമായിരുന്നു. കമ്പ്യൂട്ടർ സെന്ററുകളിൽ വിറ്റ വില  അവ്ൻ ചെക്കായി കൈപറ്റും. ഒരിക്കലും മാറി എടുക്കാൻ കഴിയാത്ത വണ്ടി ചെക്കുകൾ. പക്ഷേ അവൻ സേട്ടുമാർക്ക് കൊടുത്തഒപ്പിട്ട ചെക്കുകൾ  ബാങ്കിൽ അവർ ഹാജരാക്കുമ്പോൾ ആരിലെങ്കിൽ നിന്നും കടം വാങ്ങി ചെക്ക് മാറിവിടും. ഫലം കടബാദ്ധ്യതയുടെ  ചുഴിയിൽ അവൻ പെട്ടു.

ചുരുക്കാം. അവൻ എന്നിൽ നിന്നും മാറി പോയി. രോഗം മൂർച്ഛിച്ച് വരുമ്പോൾ എന്നെ വിളിക്കും. നേരിൽ വരില്ല. അങ്ങിനെ ഷിബു കൊട്ടാരക്കരക്കാർക്ക് അപരിചിതനായി. ഇതിനിടയിൽ  കുട്ടികളുടെ ഒരു സിനിമയും എടുത്ത് പൊട്ടി.അന്നത്തെക്കാലത്ത് അവൻ യൂ ട്യൂബിൽ പ്രാദേശിക വാർത്താ ചാനൽ ഉണ്ടാക്കി. അസാധാരണ ജീനിയസായ അവനെ എല്ലായിടവും സാമ്പത്തിക ബാദ്ധ്യത  തകർത്തുവല്ലോ.

അവന്റെ  കഥ ഇത്രയും വിശദീകരിക്കാൻ കാരണം  ഇന്നലെ രാത്രിയിൽ എന്റെ കൊച്ചു മോൻ സൽമാൻ കൊട്ടാരക്കര ചന്തമുക്കിൽ ഒരു ഹോട്ടലിൽ സാധനം വാങ്ങാൻ പോയി. അവിടെ ഹോട്ടൽ ഉടമസ്ഥനും മറ്റൊരാളും  ഷിബുവിന്റെ മരണ കാരണം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് സൽമാൻ കേൾക്കാനിടയായി. രണ്ട് പേർക്കും സൽമാനും ഞാനുമായുള്ള  ബന്ധം അറിയില്ല.. മരണ കാരണം അറ്റാക്കാണെന്ന് ഹോട്ടൽ മുതലാളി തറപ്പിച്ചു പറഞ്ഞുവത്രേ. ഇത്ര ചെറുപ്പത്തിലെയോ എന്ന് കേട്ടിരുന്ന ആൾ ചോദിച്ചപ്പോൾ  ഹോട്ടൽ മുതലാളി പറഞ്ഞ മറുപടി  “അവന്റെ കയ്യിലിരിപ്പ് അതാണെന്ന്...“ എന്നിട്ട് ഇത്രയും കൂടി പറഞ്ഞു “ ആ സാർ കുറച്ച് ഭേദമാണ് ഇവന്മാർ ഒന്നും ശരിയല്ലാ എന്ന്.....“

ഷിബുവിന്റെ കയ്യിലിരിപ്പ് ഞാൻ മുകളിൽ വിവരിച്ചതല്ലാതെ മറ്റൊന്നുമില്ല. മാത്രമല്ല അവൻ വർഷങ്ങളായി കൊട്ടാരക്കര ടൗണിൽ കാല് കുത്തിയിട്ടുമില്ല.   ഒരു അഭിഭാഷകനും  സർക്കാർ ഉദ്യോഗസ്ഥനും അടങ്ങിയ മറ്റ് മൂന്നു മക്കൾ മാന്യന്മാരായി സ്വന്തം കാര്യങ്ങൾ നോക്കി  ഇവിടെ കഴിഞ്ഞ് വരുന്നു.


ഇവിടെ പ്രശ്നം അതല്ല. വെറുതെ ഇരിക്കുമ്പോൾ ആരെ പറ്റിയെങ്കിലും അപവാദം പറഞ്ഞില്ലെങ്കിൽ  ഇവന്മാർക്ക് ഉറക്കം വരില്ല. അത് മരിച്ചവരെ പറ്റിയായാലും അവർക്ക് ഒരു മടിയുമില്ല.

മകന്റെ മരണ കാരണം വിശദമാക്കേണ്ടത് ഒരു പിതാവ് എന്ന നിലയിൽ എന്റെ കടമയാണ്. അത് ഞാൻ ഇവിടെ നിവർത്തിച്ചു. കൊട്ടാരക്കര പള്ളി പുരയിടത്തിൽ ശാന്തമായി ഉറങ്ങുന്ന എന്റെ മകന്റെ ആത്മാവിനോട് ഞാൻ നീതി പുലർത്തണമല്ലോ.അവനെ അന്നുമെന്നും സ്നേഹിച്ചിരുന്നവനാണല്ലോ അവന്റെ പിതാവ്.