Thursday, February 15, 2024

എന്റെ മകൻ പോയി...അനന്തതയിലേക്ക്

 ഇന്നലെ  വെളുപ്പാൻ കാലം ഒരു മണിക്ക് എന്റെ മകൻ ഷിബു യാത്ര പറഞ്ഞു മറ്റൊരു ലോകത്തിലേക്ക് പോയി. അവന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. ആദ്യം ഒരെണ്ണം തകർന്നു, കേടായ ആ ഒരെണ്ണം  എടുത്ത് കളഞ്ഞു. പിന്നെ ഒറ്റ വൃക്കയുമായിവർഷങ്ങൾ  ജീവിച്ചു .  ആ വൃക്കയും പ്രവർത്തനരഹിതമായപ്പോൾ വൃക്ക മാറ്റി വെച്ചു. പക്ഷേ അതും കുറച്ച് കാലം കഴിഞ്ഞ് പണി മുടക്കിയപ്പോൾ ഒന്നിരാടം ദിവസം ഡയാലിസിലായി .പ്ളാവിന്റെ വേര് കനത്ത് നിൽക്കുന്നത് പോലെ കൈത്തണ്ടിൽ കത്തീഡ്ലിൽ വെച്ച ഭാഗം പിണഞ്ഞ്  കിടക്കുന്നത്   നാം അന്തം വിട്ട് നോക്കി നിൽക്കും പക്ഷേ അവന് അതെല്ലാം ബഹുരസമായി  തോന്നിക്കുന്നത് പോലെ  ഭാവങ്ങൾ പ്രകടിപ്പിക്കും. ജീവിതം അവന് എപ്പോഴും തമാശയായിരുന്നല്ലോ.

 മനസ്സിന്റെ  കുഴക്കിനാൽ മകൻ മരിച്ച വിവരം പോസ്റ്റിൽ ഒരു വരിയിൽ ഒതുക്കിയത്  ശരിയാണ്. അതിന്  എന്നെ ചിലർ നന്നായി ശിക്ഷിച്ചിരിക്കുന്നു.

 മാരക രോഗ ബാധയുടെ എല്ലാ വേദനയും അനുഭവിക്കുമ്പോൾ തന്നെ കിട്ടുന്ന സമയം ഷിബു മറ്റു വൃക്ക രോഗികളെ സഹായിക്കാനിറങ്ങുമായിരുന്നു. എന്നും അവൻ അങ്ങിനെ തന്നെ ആയിരുന്നു. കർണന്റെ സ്വന്തം ചേട്ടനായ അവൻ കയ്യിൽ കിട്ടിയ പൈസായും മറ്റുള്ളവരിൽ നിന്നും വാങ്ങിയതും പരസഹായത്തിന് ചെലവഴിച്ചപ്പോൾ കടം മിച്ചമായി. കേസുകൾ പെരുകി. ബി,പി. കൂടി. വൃക്ക പിന്നെയും പിന്നെയും പണി മുടക്കി.

കമ്പ്യൂട്ടറിൽ ആചാര്യനായ അവൻ പണ്ട് കാലത്ത് മദിരാശി പട്ടണത്തിൽ പോയി കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ വാങ്ങിക്കൊണ്ട് വന്ന് രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു അത് കൂട്ടി യോജിപ്പിച്ച്  പിറ്റേന്ന് രാവിലെ അന്നത്തെ കാലത്ത് കൂണ് പോലെ മുളച്ച് വന്നിരുന്ന കമ്പ്യൂട്ടർ സെന്ററുകളിൽ  വിലക്ക് കൊടുക്കും. മദിരാശിയിൽ സേട്ടുമാർക്ക് കമ്പ്യൂട്ടർ ഭാഗങ്ങൾക്ക് വില അവൻ ഒപ്പിട്ട ബ്ളാങ്ക് ചെക്കായി കൊടുക്കുമായിരുന്നു. കമ്പ്യൂട്ടർ സെന്ററുകളിൽ വിറ്റ വില  അവ്ൻ ചെക്കായി കൈപറ്റും. ഒരിക്കലും മാറി എടുക്കാൻ കഴിയാത്ത വണ്ടി ചെക്കുകൾ. പക്ഷേ അവൻ സേട്ടുമാർക്ക് കൊടുത്തഒപ്പിട്ട ചെക്കുകൾ  ബാങ്കിൽ അവർ ഹാജരാക്കുമ്പോൾ ആരിലെങ്കിൽ നിന്നും കടം വാങ്ങി ചെക്ക് മാറിവിടും. ഫലം കടബാദ്ധ്യതയുടെ  ചുഴിയിൽ അവൻ പെട്ടു.

ചുരുക്കാം. അവൻ എന്നിൽ നിന്നും മാറി പോയി. രോഗം മൂർച്ഛിച്ച് വരുമ്പോൾ എന്നെ വിളിക്കും. നേരിൽ വരില്ല. അങ്ങിനെ ഷിബു കൊട്ടാരക്കരക്കാർക്ക് അപരിചിതനായി. ഇതിനിടയിൽ  കുട്ടികളുടെ ഒരു സിനിമയും എടുത്ത് പൊട്ടി.അന്നത്തെക്കാലത്ത് അവൻ യൂ ട്യൂബിൽ പ്രാദേശിക വാർത്താ ചാനൽ ഉണ്ടാക്കി. അസാധാരണ ജീനിയസായ അവനെ എല്ലായിടവും സാമ്പത്തിക ബാദ്ധ്യത  തകർത്തുവല്ലോ.

അവന്റെ  കഥ ഇത്രയും വിശദീകരിക്കാൻ കാരണം  ഇന്നലെ രാത്രിയിൽ എന്റെ കൊച്ചു മോൻ സൽമാൻ കൊട്ടാരക്കര ചന്തമുക്കിൽ ഒരു ഹോട്ടലിൽ സാധനം വാങ്ങാൻ പോയി. അവിടെ ഹോട്ടൽ ഉടമസ്ഥനും മറ്റൊരാളും  ഷിബുവിന്റെ മരണ കാരണം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് സൽമാൻ കേൾക്കാനിടയായി. രണ്ട് പേർക്കും സൽമാനും ഞാനുമായുള്ള  ബന്ധം അറിയില്ല.. മരണ കാരണം അറ്റാക്കാണെന്ന് ഹോട്ടൽ മുതലാളി തറപ്പിച്ചു പറഞ്ഞുവത്രേ. ഇത്ര ചെറുപ്പത്തിലെയോ എന്ന് കേട്ടിരുന്ന ആൾ ചോദിച്ചപ്പോൾ  ഹോട്ടൽ മുതലാളി പറഞ്ഞ മറുപടി  “അവന്റെ കയ്യിലിരിപ്പ് അതാണെന്ന്...“ എന്നിട്ട് ഇത്രയും കൂടി പറഞ്ഞു “ ആ സാർ കുറച്ച് ഭേദമാണ് ഇവന്മാർ ഒന്നും ശരിയല്ലാ എന്ന്.....“

ഷിബുവിന്റെ കയ്യിലിരിപ്പ് ഞാൻ മുകളിൽ വിവരിച്ചതല്ലാതെ മറ്റൊന്നുമില്ല. മാത്രമല്ല അവൻ വർഷങ്ങളായി കൊട്ടാരക്കര ടൗണിൽ കാല് കുത്തിയിട്ടുമില്ല.   ഒരു അഭിഭാഷകനും  സർക്കാർ ഉദ്യോഗസ്ഥനും അടങ്ങിയ മറ്റ് മൂന്നു മക്കൾ മാന്യന്മാരായി സ്വന്തം കാര്യങ്ങൾ നോക്കി  ഇവിടെ കഴിഞ്ഞ് വരുന്നു.


ഇവിടെ പ്രശ്നം അതല്ല. വെറുതെ ഇരിക്കുമ്പോൾ ആരെ പറ്റിയെങ്കിലും അപവാദം പറഞ്ഞില്ലെങ്കിൽ  ഇവന്മാർക്ക് ഉറക്കം വരില്ല. അത് മരിച്ചവരെ പറ്റിയായാലും അവർക്ക് ഒരു മടിയുമില്ല.

മകന്റെ മരണ കാരണം വിശദമാക്കേണ്ടത് ഒരു പിതാവ് എന്ന നിലയിൽ എന്റെ കടമയാണ്. അത് ഞാൻ ഇവിടെ നിവർത്തിച്ചു. കൊട്ടാരക്കര പള്ളി പുരയിടത്തിൽ ശാന്തമായി ഉറങ്ങുന്ന എന്റെ മകന്റെ ആത്മാവിനോട് ഞാൻ നീതി പുലർത്തണമല്ലോ.അവനെ അന്നുമെന്നും സ്നേഹിച്ചിരുന്നവനാണല്ലോ അവന്റെ പിതാവ്.

No comments:

Post a Comment