Saturday, February 26, 2022

ഷേണായി പോക്രി ആണ്..“

 ഓണാട്ട്കര പ്രദേശത്ത് പണ്ട് പാടി പതിഞ്ഞ ഒരു പഴഞ്ചൊല്ലുണ്ട്.

“ഷേണായി  പോക്രി ആണ്...“ അതിന്റെ കഥ ഇപ്രകാരമാണ്. യാതൊരു അടിപിടി ബഹളങ്ങളിലും  കുഴപ്പങ്ങലിലും ചെന്ന് തലയിടാത്ത ഒരു കുഞ്ഞ് തെറി പോലും വിളിക്കാത്ത ശാന്ത പ്രകൃതക്കാരനായ  ഷേണായിക്ക്  സബ് ഇൻസ്പക്ടറായി  നിയമനം കിട്ടി. കായംകുളം സ്റ്റേഷനിൽ വന്ന് ചാർജെടുത്തു. രണ്ട്മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു പോലീസ്കാരൻ ഓടിക്കിതച്ച് വന്ന് എസ്.ഐ.യോട് പറഞ്ഞു.“ എന്റെ സാറേ് വവ്വക്കാവിൽ റോഡ് സൈഡിൽ  കുറച്ച് മേത്തന്മാർ അടി കൂടുന്നു, ഉടൻ അവിടെ ചെന്നിട്പെട്ടില്ലെങ്കിൽ അവിടെ കൊലപാതകം തന്നെ നടന്നേക്കും.“

ഇത് കേട്ട ഷേണായി സാർ ഉടൻ ചാടി എഴുന്നേറ്റ് ചാടി തുള്ളി “ഹും..ആങ്ഹാ...അത്രക്കായോ അവന്മാർ...ഇപ്പത്തന്നെ ശരിയാക്കിയേക്കാം..“ എന്നൊക്കെ തകർപ്പൻ  ഡയലോഗ് കാച്ചി ഒന്ന് രണ്ട് ചാട്ടങ്ങളെല്ലാം നടത്തി ഓടിച്ചെന്ന് ജീപ്പിൽ   ദേശീയ പാതയിൽ  ചെന്ന് കയറി.

വവ്വക്കാവ് കായംകുളത്തിന് വടക്ക് വശമുള്ള സ്ഥലമാണ്. കായംകുളം കൊച്ചുണ്ണിയുടെ  ജന്മ സ്ഥലം. നിരത്തിൽ കയറി നിന്ന ഷേണായി സാർ വടക്കോട്ട് പോകുന്ന ഒരു വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറെ പിടിച്ചിറക്കി അയാളോട് ഗർജ്ജിച്ചു “എടോ താൻ വടക്കോട്ട് പോവുകയല്ലേ ?

“അതേ! ഏമാനേ!? ഡ്രൈവർ ഉത്തരമേകി.

“എങ്കിൽ താൻ വവ്വക്കാവിൽ ചെല്ലുമ്പോൾ അവിടെ കുറേ മേതന്മാർ കിടന്ന് തല്ല് കൂടുന്നുണ്ട്...അവന്മാരോട് പറയണം  പുതിയതായി ചാർജെടുത്ത  .എസ്.ഐ.. ഷേണായിയാണ്.  ഷേണായി അൽപ്പം പോക്രി ആണ് ...സൂക്ഷിച്ചോ...“ എന്ന്

ഇതും പറഞ്ഞ് ഷേണായി സാർ തെക്കോട്ട വണ്ടി വിട്ട് പോയി.

ഈ പഴയ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം ഉക്രൈൻ യുദ്ധത്തിന്റെ നിഴൽ വീഴാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ നമ്മുടെ അമേരിക്കൻ പ്രസിഡന്റ്  ബൈഡൻ കിടന്ന് കൂവാൻ തുടങ്ങി ഉക്രൈനെ  തൊട്ടാൽ റഷ്യയെ തട്ടിക്കളയും തുലച്ച് കളയും എന്നോക്കെ . അവസാനം റഷ്യ ഉക്രൈനിനെ വിഴുങ്ങി കഴിഞ്ഞപ്പോഴും  ബൈഡൻ  പറയുന്നത് നമ്മുടെ പഴയ ഷേണായി സാറിനെ പോലെ അമേരിക്ക റഷ്യയെ തട്ടിക്കളയുമെന്നാൺ്..

ആരും ആരെയും ഒന്നും ചെയ്യാൻ പോകുന്നില്ല, അവരവർക്ക് മേല് നോവുന്ന ഒരു കാര്യത്തിനും ആരുമൊന്നും ചെയ്യില്ല. റഷ്യ എന്ത് ന്യായീകരണം പറഞ്ഞാലും പണ്ട് ഉക്രൈൻ എന്തായിരുന്നാലും ഇപ്പോൾ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട  ഒരു സർക്കാരാണ് അവിടുള്ളത് ആ സർക്കാരിനെ യുദ്ധത്തിലൂടെ ആക്രമിച്ച്  നാടും ജനത്തെയും നശിപ്പിച്ച് മുന്നേറുന്നതിനെ  അക്രമം എന്ന് തന്നെ പറയേണ്ടി വരുന്നു. ആയുധ ശക്തി ഉണ്ടെങ്കിൽ ഈ ലോകത്ത് എന്തും ചെയ്യാമെന്ന് വരുകിൽ ഒരു രാഷ്ട്രവും ഈ ഭൂമിയിൽ നില നിൽക്കില്ലല്ലോ. നാല് ചുറ്റും  നിന്ന് ആർക്കുന്നവർ എല്ലാവരും ഒന്ന് ചേർന്ന്  നിന്ന് തിരിച്ചടിക്കുമെന്ന തോന്നലുണ്ടെങ്കിൽ ഏത് ചട്ടമ്പി രാഷ്ട്രവും ഒന്ന്  മടിക്കും.

ഇവിടെ എല്ലാവരും സ്വന്തം തടി നോക്കും. ഉക്രൈൻ പ്രസിഡന്റ് പറഞ്ഞത് തന്നെ ശരി “ നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ ആരും സഹായിക്കില്ല.....“

ഡ്യൂബ് ചെക്കും ചെക്കോസ്ളാവക്യയും നമ്മുടെ മുമ്പിലുണ്ട് ഇപ്പോൾ ഉക്രൈനും.

Friday, February 18, 2022

കളഞ്ഞ് കിട്ടിയ രണ്ട് രൂപാ നോട്ട്

 അന്നത്തെ സായാഹ്നത്തിൽ മാർക്കറ്റിലേക്കുള്ള യാത്രയിൽ പത്ത് വയസ്സുള്ള എന്നോടൊപ്പം കൂട്ടിന് വന്നത്  റഷീദാണ്. അൽപ്പം കോങ്കണ്ണൂള്ള റഷീദ്  എന്റെ ബന്ധുവുമാണ്. ഭയങ്കര വിടൽസിന്റെ  ആളായ റഷീദിന്റെ വിടൽസ് കേട്ട് കൊണ്ട് ഞാൻ ആലപ്പുഴ വട്ടപ്പള്ളീ റോഡിലൂടെ നടന്ന് സ്രാങ്കിന്റെ വീടിനടുത്ത് എത്തി. അപ്പോഴാണ് അവിടെ റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ  ഒരു രണ്ട് രൂപാ നോട്ട്  കിടക്കുന്നത് ഞാൻ കണ്ടത്.

ഞാൻ  റഷീദിനെ അത് ചൂണ്ടിക്കാണീച്ച് പറഞ്ഞു എടാ ദേ! രണ്ട് രൂപാ കിടക്കുന്നു. എന്നിട്ട് ഞാൻ അതെടുക്കാനായി തുനിഞ്ഞു. പക്ഷേ എനിക്ക് മുമ്പ്  റഷീദ് ഓടി പോയി അതെടുത്ത് അവന്റെ നിക്കറിന്റെ പോക്കറ്റിലാക്കി എന്നിട്ടെന്നോട് പറഞ്ഞു “നിനക്ക് കടല മിട്ടായി വാങ്ങി തരാം. ബെശമിക്കണ്ടാ.“

എനിക്ക് അത് സമ്മത്മല്ലായിരുന്നെങ്കിലും റഷീദ് എന്നെക്കാളും മുതിർന്നവനും  വാഗ്ദാടി ഉള്ളവനുമായിരുന്നു. അവനോടെതിർക്കാൻ എനിക്ക് കെൽപ്പില്ലാത്തതിനാൽ ഞാൻ മിണ്ടാതെ തല കുലുക്കി. അന്ന് കൂലിക്കാരന്റെ ഒരു ദിവസത്തെ ശമ്പളം രണ്ട് രൂപായാണ്. ഞാൻ അവനോട് പറഞ്ഞു “ഏതെങ്കിലും  പാവപ്പെട്ടവന്റേതായിരിക്കും, നമുക്ക് ആരോടെങ്കിലും പറഞ്ഞാലോ,......“

റഷീദ് ചുണ്ട് പിളർത്തുകയും തല കുലുക്കുകയും മൊട്ടത്തല തടവുകയും ചെയ്തിട്ട് എന്നോട് മൊഴിഞ്ഞു, “ എടാ...ഹമുക്കേ! ഇത് പടച്ചൊൻ മോളീന്ന് നമുക്കിട്ട് തന്നതാ....നമുക്ക് മിട്ടായീം, പന്തുമെല്ലാം വാങ്ങിക്കാൻ ഇട്ടതാ.....ആരോടും ഇത് പറയണ്ടാ....“

 അവൻ എന്നേക്കാളും അറിവുള്ളവനും  ലോക പരിചയമുള്ളവനുമായിരുന്നതിനാൽ  ഞാൻ മടുപടി പറഞ്ഞില്ല. എങ്കിലും എനിക്കെന്തോ ശ്വാസം മുട്ട് പോലെ. ഒരു അണാ, രണ്ടണാ  നാണയങ്ങൾ താഴെ വീണ് കളഞ്ഞ് കിട്ടിയിട്ടുണ്ട്, പക്ഷേ രണ്ട് രൂപാ  കളഞ്ഞ് കിട്ടുന്നത് എന്നെ  വല്ലാതെ പരിഭ്രമിപ്പിച്ചല്ലോ.

ഞങ്ങൾ നടന്ന് കൗൺസിലർ ബച്ചു സേട്ടിന്റെ വീടിന് സമീപമെത്തിയപ്പോൾ അവിടെ യൂണീയനാഫീസിന്റെ  തിണ്ണയിൽ ഒരു സ്ത്രീ വലിയ വായിൽ നിലവിളിക്കുന്നു. ബച്ചു സേട്ട് അവരോട് കാര്യം തിരക്കുകയാണ്. അവർ അടുത്ത് നിൽക്കുന്ന ഒരു കൊച്ച് പെൺകുട്ടിയുടെ  നേരെ വിരൽ ചൂണ്ടി ദേഷ്യവും സങ്കടവും നിറഞ്ഞ സ്വരത്തിൽ പറയുന്നു “ അവളുടെ കയ്യിൽ രണ്ട് രൂപാ കൊടുത്ത് റേഷൻ വാങ്ങാൻ വിട്ടതാ എന്റെ പൊന്ന് സേട്ടേ.... കെട്ടിയോൻ ഇന്ന് ജോലിക്ക് പോയിടത്ത് നിന്നും രൂപാ കിട്ടീതാ .ആ ഹറാം പിറന്നോൾ അതെവിടെയോ കൊണ്ട് തുലച്ചു....“

ഞാൻ ആ പെൺ കുട്ടിയെ നോക്കി. വലിയ രണ്ട് കണ്ണുകളുള്ള ഒരു മെലിഞ്ഞ പെൺ കുട്ടി. ആ വലിയ  കണ്ണൂകളിൽ നിന്നും കുടു കുടാ കണ്ണീര് ചാടുന്നു. ഏങ്ങലടിക്കുന്നുമുണ്ട്. ഈ ലോകത്തുള്ള എല്ലാ ദയനീയതയും ആ മുഖത്തുണ്ട്. എനിക്കു ആ സങ്കടം സഹിച്ചില്ല, ഞാൻ കോങ്കണ്ണനോട് പതുക്കെ പറഞ്ഞു “ എടാ പന്നീ, ആ പൈസാ അവരുടേതായിരിക്കുമെടാ, അതങ്ങ് കൊടുക്ക് നീ... ഇല്ലെങ്കിൽ ഞാൻ അവരോടെല്ലാം പറയും “.“

അടുത്ത നിമിഷം കോങ്കണ്ണൻ എന്റെ ചെവിയിൽ മുരണ്ടു. “ കള്ള സുവ്വറേ! ബലാലേ...നീ വല്ലോം ഈ കാരിയം മിണ്ടിയാൽ മദ്രസ്സയിൽ  സൊഹർബാന് നീ അമ്പഴങ്ങാ  രഹസ്യമായി കൊണ്ട് കൊടുക്കുന്ന കാരിയവും പിന്നെ...ഹി....ഹി....മറ്റേ കാര്യവും ഞാൻ നിന്റെ ഉമ്മായോട് പറയുമെടാ പൊന്നാരേ.....“ 

ഞാൻ ഞെട്ടി . പത്ത് വയസ്സുകാരനായ ഞാൻ എട്ട് വയസ്സുകാരിയായ സൊഹർബാന് അമ്പഴങ്ങാ കൊടുത്ത് അവളെ കെട്ടിക്കോളാമെന്ന്  വാക്ക് ഉറപ്പിച്ച കാര്യം ഈ കഴുതയോടുള്ള ആത്മാർഥ സ്നേഹത്തിൽ പറഞ്ഞ് പോയത് ഇപ്പോൾ വിനയായി. അതിനാൽ തല കുനിച്ച് ഒന്നും മിണ്ടാതെ  ഞാൻ നിന്നു. റഷീദ് ജേതാവിനെ പോലെ എന്റെ പള്ളക്ക് ഒരു കുത്തും കുത്തിയിട്ട് ചെവിയിൽ പറഞ്ഞു, “ ഇനി നിനക്ക കടല മുട്ടായിയുമില്ല ഒരു മൈ....മ് വാങ്ങി തരില്ലാ ..പോടാ...പോ....“

തുറമുഖ തൊഴിലാളികളും സേട്ടും കൂടി അപ്പോൾ തന്നെ പിരിവെടുത്ത് രണ്ട് രൂപാ  ആ സ്ത്രീക്ക് കൊടുത്തു. ഹോ! അപ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.

പിറ്റേ ദിവസം റഷീദ്  ഭയങ്കര ഒരു വിടൽസുമായി എന്റടുത്ത് വന്നു.  “എടാ...പടച്ചോൻ എനിക്കിന്ന് മോളിൽ നിന്നും ഇട്ട് തന്നത് ഒരു ചെക്കാ...ബല്യൊരു ചെക്ക്....“

ചെക്കെന്തെന്നും മറ്റും എനിക്കന്നറിയില്ലല്ലോ. അതെന്ത് ചെയ്യണമെന്നുമറിയില്ല, എങ്കിലും ഞാൻ മുകളീലോട്ട് നോക്കി പരിഭവത്തോടെ പറഞ്ഞു “ ഹെന്റെ പടച്ചോനേ!...നിനക്ക് പൈസാ കൊടുക്കാൻ ഈ ഹമുക്കിനെ മാത്രമേ കണ്ടുള്ളുവോ...ഈ ദുനിയാവിൽ വേറെ ആരേം കണ്ടില്ലേ റബ്ബേ!...“

വേനലും മഴയും മഞ്ഞും മാറി മാറി വന്ന് പോയതിന് ശേഷം ഒരു നാളിൽ വട്ടപ്പള്ളിയിൽ വന്ന ഞാൻ റഷീദിനെ കാണാൻ അവന്റെ വീട്ടിൽ പോയി. അന്ന് പ്രമേഹ രോഗത്താൽ അവന്റെ കാൽ മുറിച്ച് മാറ്റിയിരുന്നു. എങ്കിലും അവൻ ഉല്ലാസവാനായിരുന്നു ഞാൻ  റഷീദിനോട്  ചോദിച്ചു, റഷീദേ! നീ അന്ന് ആ ചെക്കെന്ത് ചെയ്തു....?

“ അവൻ  കണ്ണ് നിറയുന്നത് വരെ പൊട്ടിച്ചിരിച്ചു, എന്റെ  കൈ പിടിച്ച് അമർത്തി....ഓർമ്മകൾ ആസ്വദിച്ച് കൊണ്ട് അവൻ പറഞ്ഞു.“ അന്നത്തെ കാലം അതെത്ര  ഖുശി ആയിരുന്നെടാ....“

പിന്നീടെപ്പോഴോ റഷീദ് മരിച്ചു. രണ്ട് രൂപാ നോട്ടും ഇന്ത്യയിൽ നിന്നും നിഷ്കാസിതമായി. തുറമുഖം ഇല്ലാതായതോടെ യൂണിയൻ ആഫീസുകളും മറഞ്ഞു. ആ പെൺകുട്ടി  ഇന്ന് എവിടെയോ ആ വലിയ കണ്ണുകളുമായി ജീവിച്ചിരിപ്പുണ്ടാകാം

ഇന്ന് റോഡിന്റെ ഓരത്ത് ആരും കാണാതെ ഒരു അൻപത് രൂപാ നോട്ട് കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ആ പഴയ രണ്ട് രൂപാ നോട്ട് കാര്യം ഓർമ്മയിൽ വന്നു.

Monday, February 14, 2022

പതിനാലാം രാവിലെ ചന്ദ്രൻ

 ചൗദ് വിൻ ക ചാന്ദ് ഹോ!!! 

ഉറങ്ങി കിടക്കുന്ന സുന്ദരിയായ  കാമിനിയെ നോക്കി  യുവാവ്  പാടുകയാൺ`...നീ പതിനാലാം രാവിലെ ചന്ദ്രനാണല്ലോ...

വളരെ ചെറുപ്പത്തിൽ കേട്ട ഈ ഹിന്ദി ഗാനം ഗുരുദത്തും വഹീദാ റഹ്മാനും അഭിനയിച്ച ചൗദ് വിൻ കാ ചാന്ദ് എന്ന  ഹിന്ദി സിനിമയിലേതാണ്. ആ സിനിമാ കണ്ടിട്ടില്ലെങ്കിലും  ചെറുപ്പത്തിൽ അന്നത്തെ  മുതിർന്ന യൗവനങ്ങൾ ഇണകളെ നോക്കി ഈ ഈരടി പാടിയിരുന്നുവെന്ന് ഇന്നും ഓർമ്മിക്കുന്നു. അന്നതൊരു ഹരമായിരുന്നു പ്രണയിനികളെ നോക്കി  അക്കാലത്തിറങ്ങുന്ന  ഇത് പോലുള്ള പ്രേമ ഗാനങ്ങൾ  ആലപിക്കുന്നത്. അവരുടെ ഹൃദയങ്ങളെ ഈ ഈണങ്ങൾ പ്രണയ തരളിതമാക്കുകയും  അവാച്യമായ  അനുഭൂതി  അവർക്ക് ലഭിക്കുകയും ചെയ്തിരുന്നുവല്ലോ. പൂത്ത് വിടർന്ന് സുഗന്ധം പരത്തി നിൽക്കുന്ന  പനിനീർപ്പൂ പോലെ  പ്രണയം അവരെ മത്ത് പിടിപ്പിച്ചു, 

 കാലം ചെല്ലുമ്പോൾ ആ പൂവിന് സുഗന്ധവും ശോഭയും നശിക്കുന്നത് പോലെ  പ്രണയത്തിന്റെ ലഹരിയും  ഇല്ലാതാകുന്നു.   ഇപ്രകാരം ഒരു പ്രണയം തനിക്കുണ്ടായിരുന്നു എന്ന് ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായിപിന്നെ എന്നെങ്കിലും  ഓർമ്മിക്കും. വർഷങ്ങൾ കഴിഞ്ഞ്  ആ ഗാനം ഭൂതകാലത്തിന്റെ ശ്മശാന ഭൂവിൽ നിന്നും  തല നീട്ടി വർത്തമാന കാലം നോക്കി സജീവമാകുമ്പോൾ  പഴയ കാല പ്രണയം നമ്മിലേക്ക് ഇരച്ച് കയറിവരും. അന്ന് നമ്മൾ മക്കളും  കൊച്ച് മക്കളുമായി കഴിയുന്ന കാലമായിരിക്കും.  എങ്കിലും  ആഗാനം നമ്മുടെ ഉള്ളിൽ ഒരു ചോദ്യം ഉയർത്തും അവൾ/ അവൻ ഇപ്പോൾ എവിടെ ആയിരിക്കും? എന്നെ ഓർമ്മിക്കുന്നുണ്ടോ? ആവോ.....

പഴയ ഗാന കാലങ്ങൾക്ക് അങ്ങിനെ ഒരു കഴിവുണ്ട്, മറ്റാർക്കും അറിയാത്ത നമുക്ക് മാത്രം അറിയാവുന്ന  ഏതോ ഒരു പ്രണയ കഥയുടെ അലയൊലികൾ  നമ്മുടെ മനസ്സിലേക്ക് കൊണ്ട് വന്ന് കുറേ നിമിഷങ്ങൾ നമ്മളെ ഭൂത കാലത്തേക്ക് കൊണ്ട് പോകുവാനുള്ള കഴിവ്.........

Friday, February 11, 2022

കലയും മനുഷ്യത്വും

“.....വക്കീൽ വിസ്ക്കി ഉയർത്തി  ചീയേഴ്സ് പറഞ്ഞു ”പക്ഷേ ഒരു കാര്യം  സമ്മതിച്ചേ പറ്റൂ... ഒടുക്കത്തെ ചങ്കൂറ്റവാ  ഞാൻ കണ്ണിൽ കണ്ടതാ...“

വക്കീൽ കണ്ണിറുകെയടച്ച് ഒരു കവിളിറക്കി

“ആലപ്പുഴ കോടതിവരാന്തയിൽ  കണ്ട കാഴ്ചയാണൊരുത്തനെ പോലീസ് കയ്യാമം വെച്ച് കൊണ്ട് വന്നു.. ഒരു പീറ “സഹാവ്“. നമ്മടെ എസ്.ഐ. സത്യനേശൻ നാടാർ അവന്റെ അടി വയറ് നോക്കി  ഒരു താങ്ങ് താങ്ങി. കോടതിയാണെന്നൊന്നും അയാക്ക് നോട്ടവില്ലല്ലോ.. വേന്ദ്രനല്ലേ...വേന്ദ്രൻ....““

അതെങ്ങിനെ ഒന്നാന്തരം തിരുവനന്തരപുരത്ത്കാരൻ നാടാരല്ലേ...മോശമാവുമോ?...ജോർജ് പീറ്റർ ഇടക്ക് കയറി.“ സർ സി.പിയുടെ സ്വന്തം ആളല്ലേ..കമ്മ്യൂണിസ്റ്റ്കാരെന്ന് കേട്ടാൽ കലിപ്പാണയാക്ക്...“

“ങാ....വക്കീൽ മൂളി. എസ്.ഐ. സത്യനേശൻ അവന്റെ നേർക്ക് കാല് പൊക്കിയതും ഒരാൾ കൈക്ക് കേറി ഒറ്റ പിടുത്തം “  തൊട്ട് പോവരുതവനെ...ഇത് കോടതി വരാന്ത്യാണെന്ന് ഓർമ്മ വേണം എന്നൊരു താക്കീത്....സത്യനേശൻ അന്തം വിട്ട് നോക്കി നിന്ന് പോയി...സഖാവ് ക്രിഷ്ണ പിള്ള ആയിരുന്നു. തീ പാറുന്ന നോട്ടം. കയ്യിൽ മുറുകെ പിടിച്ചിരിക്കുവായിരുന്നു ക്രിഷ്ണ പിള്ള...  ഒച്ച കേട്ട് മജിസ്ട്രേട്ട് പുറത്തേക്കിറങ്ങി വന്നു...................‘

 കെ.വി. മോഹൻ കുമാറിന്റെ  “ഉഷ്ണ രാശി “  പേജ് നമ്പർ  127----128---

ആ സത്യനേശൻ നാടാരെന്ന എസ്.ഐ. പിൽക്കാലത്ത്  സത്യനെന്ന മലയാളം സിനിമാ നടനായി. തൊഴിലാളി നേതാവായും കമ്മ്യൂണിസ്റ്റ് നേതാവായും തകർത്തഭിനയിച്ചു.  അഭിനയമല്ലല്ലോ യഥാർത്ഥ ജീവിതം. എസ്.ഐ. ആയിരുന്നപ്പോൾ  അദ്ദേഹം  കയ്യിൽ കിട്ടിയ കമ്മ്യൂണിസ്റ്റുകളെ ഇടിച്ച് കലക്കി പത ചാടിച്ചു.  പിൽക്കാലത്തു സിനിമായിൽ അഭിനയിച്ചപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവം ഇത് തന്നെയായിരുന്നു.  മലയാളം സിനിമാകളിൽ പ്രത്യേകിച്ച് വടക്കൻ  പാട്ട് വീരനായി പലപ്പോഴും  ഉദയാ സ്റ്റുഡിയോയിൽ വരുന്ന സത്യനെ കാണാൻ ഞങ്ങൾ കുട്ടികൾ ക്ളാസ്സ് കട്ട് ചെയ്തു പോകുമായിരുന്നു. ആൾക്കൂട്ടം കാണുമ്പോൾ കക്ഷിക്ക് കലി കയറും..പിന്നെ ശ്രേഷ്ഠ ഭാഷയിലേ സംസാരിക്കൂ.....മോനേ“ എന്നേ വിളിക്കൂ, മോന്റെ മുമ്പിൽ മറ്റൊരു വാക്കും ചേർക്കും.

മഹാ നടനെ ഇകഴ്താനല്ല എന്റെ കുറിപ്പുകൾ.  കലാകാരൻ  മനുഷ്യത്വം ഉള്ളവനും ജന്മനാ തന്നെ  ദയാലുവുമായിരിക്കും എന്നാണ് വെയ്പ്പ്. പക്ഷേ കല വേറെ കയ്യിലിരിപ്പ് വേറെ എന്നാണ്  കാലം തെളിയിച്ചിട്ടുള്ളത്. ഇന്നും അത് തന്നെ ആണായാലും പെണ്ണായാലും  കല കൊണ്ടും  മനുഷ്യത്വം നേടാത്ത എത്രയോ പേർ നമുക്ക് നാല് ചുറ്റും  ഉണ്ട്. പക്ഷേ കല അവന്റെ അല്ലെങ്കിൽ അവളുടെ എല്ലാ  കുനുഷ്ഠുകളും  മറയ്ക്കപ്പെടും. അവൻ എത്ര പെണ്ണ് കെട്ടിയാലും കുഴപ്പമില്ല, എത്ര പെണ്ണീനെ നശിപ്പിച്ചാലും കുഴപ്പമില്ല. ആരോടെങ്കിലും വിശ്വാസ വഞ്ചന നടത്തിയാലും കുഴപ്പമില്ല.  കലാകാരൻ എന്ന പേര് അവന് തുണയേകും. ഇതാണ് അന്നുമിന്നും  നാട്ടിൽകണ്ട് വരുന്നത്, ഒരു മാറ്റവുമില്ലാതെ......

Wednesday, February 9, 2022

കോവിഡ് പൂർവ കാലം

 ക്വാറന്റൈനിൽ കഴിയാൻ  നിർബന്ധിതനായ പത്തനംതിട്ടക്കാരൻ    പ്രവാസി ഭാര്യയുമായുള്ള സൗന്ദര്യ പിണക്കത്താൽ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ  നാട്ടുകാരും പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന്  മദമിളകിയ ആനയെ പോലെ അയാളെ ഓടിച്ചിട്ട് പിടിക്കുകയും കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയും ചെയ്ത വാർത്ത  കോവിഡ് കാല ആരംഭത്തിൽ നമ്മൾ വായിച്ചു. അന്ന് അങ്ങിനെയായിരുന്നു,നാട്ടിലെ സ്ഥിതി. പ്രവാസി നാട്ടിലെത്തിയാൽ വീട്ടിലൊരു മുറിയിൽ  തനിച്ച് കുറച്ച് ദിവസം കഴിയണം, സമയാ സമയങ്ങളിൽ ബന്ധുക്കൾ റൂമിന്റെ വാതിൽക്കൽ ആഹാരം എത്തിക്കും,  കാഴ്ച ബംഗ്ളാവിലെ മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നത് പോലെ, പാത്രം അയാൾ തന്നെ കഴുകി വെക്കും, അത്രക്കും കോവിഡിനെ  മനുഷ്യർ ഭയന്നു.

ആ കാലത്താണ് ലോക് ഡൗൺ വിശേഷങ്ങൾ അറിയാൻ ഒഴിഞ്ഞ നിരത്തിനരികിലുള്ള പീടിക വരാന്തയിലിരുന്ന  ഒന്ന് രണ്ട് നാട്ടിൻപുറത്ത്കാരെ ഉത്തരേന്ത്യക്കാരൻ വലിയ ഒരു ഏമാൻ ഏത്തമിടീപ്പിച്ചത്..

 സന്ധ്യാ നേരങ്ങളിൽ ആരാധനാ‍ാലയങ്ങളിൽ ഭയഭക്തിയോടെ ഇരിക്കുന്നത് പോലെ നാട്ടുകാർ റ്റി.വി.യുടെ  മുമ്പിൽ മുഖ്യമന്ത്രി വാർത്തകൾ അറിയിക്കാൻ വരുന്നത് പ്രതീക്ഷിക്കുകയും ഇന്നെത്ര കോവിഡ് കേസുകളെന്ന് അറിയാൻ ആകാംക്ഷ മുറ്റി  കണ്ണൂം തുറിച്ച് കാത്തിരിക്കുകയും ചെയ്തു.

ആ കാലത്ത് എത്ര സ്നേഹ സമ്പന്നരായ പരിചയക്കാർ പോലും വീട്ടിൽ വരുന്നത് നമ്മൾ ഭയന്നു. കോവിഡ് പല വേഷത്തിലും രൂപത്തിലും വരുമല്ലോ, അത് പരിചയക്കാരുടെ രൂപത്തിലുമാകാം വരുന്നത് എന്നതിനാൽ മൂന്നു മീറ്റർ ദൂരം അളന്ന് തിട്ടപ്പെടുത്തി നമ്മൾ ആ പോയ്ന്റിൽ മൂക്ക്പ്പട്ട അണിഞ്ഞ് നിന്ന് അൽപ്പം മാത്രം സംസാരിച്ചു. ഒരു ദിവസം എന്റെ വീട്ടിലെ അടുക്കള ഭരണാധികാരി  അവളോട് വാർത്തകൾ പറയാൻ വന്ന പരിചയക്കാരിയോട്    മൂന്നു മീറ്റർ അതിർത്തിക്കകത്ത് നിന്ന് കൊച്ച് വർത്താനം പറഞ്ഞു എന്ന കാരണത്താൽ അന്നേ ദിവസം രണ്ടാമതും ഞാൻ അവളെ ഭീഷണിപ്പെടുത്തി കുളിപ്പിച്ചു. ദേഹ മാസകലം  സാനിറ്റൈസർ എന്ന ദിവ്യ  തൈലം പൂശി.

കടകളിൽ നിന്നും പ്രതിമാസം  ലിസ്റ്റിൻ പ്രകാരം സാധനം വാങ്ങുന്നതിനോടൊപ്പം ഒരു പെട്ടി മാസ്കും സാനിറ്റൈസർ കുപ്പിയും നിർബന്ധമായി പർച്ചേസ് ചെയ്തു. പുറത്ത് പോയി വരുമ്പോഴൊക്കെ കുളി നിർബന്ധമാക്കി, കുട്ടികൾ കൈ കഴുകി കഴുകി ഒരു പരുവത്തിലായി കല്യാണങ്ങൾ ഒഴിവാക്കി. മരണങ്ങൾ അറിഞ്ഞില്ലെന്ന് നടിച്ചു.

ആംബുലൻസുകൾ നിരത്തിലൂടെ ചീറിപ്പാഞ്ഞു. അയല്പക്കത്ത് കോവിഡ് കേസുണ്ടായാൽ പണ്ട് വസൂരി രോഗം വന്നാലെന്ന പോലെ ഭയക്കുകയും  അയാളെന്തേ കോവിഡ്  ആശുപത്രിയിൽ പോയി കിടക്കാത്തതെന്ന് പരിതാപപ്പെടുകയും ചെയ്തു.

ലോക് ഡൗൺ സ്ഥിരം പതിവായി, കടകൾ അടഞ്ഞ് കിടന്നു, കിറ്റുകൾ റേഷൻ കടയിലൂടെ ഒഴുകി വന്നു, പെൻഷൻ ധാരാളം ലഭ്യമായി.  കുട്ടികൾ ഓൺ ലൈനിലായി  മൊബൈൽ എടുത്താൽ ചൂരലുമായി കുട്ടികളെ വേട്ടയാടുന്ന രക്ഷിതാക്കൾ മോനേ..മോളേ...മൊബൈലിൽ ചാർജ് ഉണ്ടോ എന്ന് നോക്കാൻ പറയുകയും  മൊബൈൽ കയ്യിൽ കൊണ്ട് കൊടുക്കുകയും ചെയ്തു. കുട്ടികൾ സാറന്മാർ ഓൺ ലൈനിൽ പേർ വിളിക്കുമ്പോൾ “ ഹാജർ സാർ“   എന്ന് പറയുകയും  ആ ചടങ്ങ് കഴിഞ്ഞാൽ ഇഷ്ടമുള്ള സൈറ്റിൽ കയറുകയും ചെയ്തു.

ഇതിത്രയും അടുത്ത കാലം വരെയുള്ള സ്ഥിതി ഗതികൾ.

ഇന്ന്  ആലപ്പുഴയിലുള്ള എന്റെ സ്നേഹിതനായ അഭിഭാഷകനെ ഫോണിൽ വിളിച്ചു, ഒരു കേസ് കാര്യം അന്വേഷിച്ചപ്പോൾ  അയാൾ പറഞ്ഞു “ സാർ ഇന്ന് ഞാൻ കോടതിയിൽ പോയില്ല,“  കാരണം അന്വേഷിച്ചപ്പോൾ  അയാളുടെ മറുപടി,  “ഓ!, ടെസ്റ്റ് ചെയ്തപ്പോൽ കോവിഡ്, വീട്ടിൽ എല്ലാവർക്കുമുണ്ട്,  മൂന്നു നാല് ദിവസം കഴിഞ്ഞേ ഇനി പോകുന്നുള്ളൂ...“  ആൾക്ക്  ഒരു പരിഭ്രമവുമില്ല, വേവലാതിയുമില്ല, സാധാരണ സംഭവം പോലെ ഈ കാര്യം അയാൾ പറഞ്ഞു.

നാട്ടിൽ  അടുക്കള ഭാഗത്ത്  സൊറ പറച്ചിലും  അടുത്തിരിപ്പും സാധാരണമായി.  അവർ തമ്മിൽ തമ്മിൽ പറഞ്ഞു, ഓ! ഇതെന്ത് കോവിഡ്!  പണ്ട് സർ സി.പി.യുടെ  കാലത്തെ കോവിഡിനെ ഒന്ന് കാണണം..ഹൗ!...എന്താ കഥ....“

കാലം തന്നെ എല്ലാത്തിനും സാക്ഷി. ഗുരുതരമായതിനെ  ലഘുതരമാക്കുന്നതും കാലം തന്നെ.  പോകെ പോകെ എല്ലാം ചിര പരിചിതമാക്കുന്നതും സംഭ്രമങ്ങൾ ദൂരീകരിക്കുന്നതും കാലം തന്നെ.

കാലം ഒരു മഹാ സംഭവം തന്നെ....

Sunday, February 6, 2022

ബാങ്ക് ലോൺ ദുരിതങ്ങൾ

 എറുണാകുളം  ഡി.ആർ. റ്റി. (Debt recovery Tribunal) കോടതി  പരിസരത്ത് വെച്ച് എന്റെ ഒരു പഴയ പരിചയക്കാരനെ കണ്ടപ്പോൾ അയാൾ ആകെ പരവശനായിരുന്നു. ബാങ്ക് ലോണെടുത്തവരുടെ കേസുകൾ  ആ കോടതിയിലാണ് കൈകാര്യം ചെയ്യുന്നത്. വർഷങ്ങളായി ആ മനുഷ്യൻ ആ കോടതിയിൽ കയറുന്നു. കേസുകളുടെ ബാഹുല്യത്താൽ  അയാളുടെ കേസുകൾ ഇത് വരെ പരിഗണനയിലെടുത്തിട്ടില്ല. കേസ്  നടക്കുമ്പോഴും അയാൾ എടുത്ത ലോണിന്റെ പലിശ  പൂർണമായി മുതൽ അടച്ച് തീരുന്നത് വരെ വർദ്ധിച്ച് കൊണ്ടേ ഇരിക്കും എന്ന സത്യം അയാൾ അപ്പോഴേക്കും പഠിച്ച് കഴിഞ്ഞിരുന്നു. അതായത് അയാൾ ഉറങ്ങുമ്പോഴും പലിശ ഉറങ്ങുകയില്ല, അപ്പോഴും അത് ഉണർന്നിരുന്ന് വർദ്ധിച്ച് കൊണ്ടേ ഇരിക്കുമെന്ന സത്യം.

വർഷങ്ങൾക്കപ്പുറം ഒരു ദിവസം ഈ പരിചയക്കാരനെ ഞാൻ കാണുമ്പോൾ അയാൾ ആഹ്ളാദഭരിതനായിരുന്നു. എന്നെ കണ്ട ഉടൻ അയാൾ സന്തോഷത്തോടെ പറഞ്ഞു “ സർ, എനിക്ക് ബാങ്കിൽ നിന്നും ലോൺ അനുവദിച്ച് കിട്ടി...“ ലോട്ടറി കിട്ടിയ സന്തോഷമായിരുന്നു അയാളുടെ മുഖത്ത്. ഞാൻ ഒന്നും പറഞ്ഞില്ല, ബാങ്ക്കാർക്ക് ബാദ്ധ്യതപ്പെട്ടാൽ  കൃത്യമായി തിരിച്ചടക്കാൻ  സാധിച്ചില്ലാ എങ്കിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് നന്നായറിയാമായിരുന്നല്ലോ.

എട്ട് വർഷകാലം സൂപ്രണ്ടായിരുന്ന എന്റെ മുമ്പിൽ ബാങ്ക്കാരുടെ  കേസുകൾ ( ലോൺ എടുത്ത് കഴിഞ്ഞ് തിരിച്ചടക്കാത്തവരുടെ) ധാരാളമായി ഫയൽ ചെയ്യപ്പെട്ടിരുന്നു.  അന്ന് ഡിആർ.റ്റി. കോടതി നിലവിൽ വന്നിരുന്നില്ല ,   കടമെടുത്തവന്റെ വീട് ഉൾപ്പടെ ഉള്ള വസ്തു വകകളിൽ നിന്നും മുതലും    പലിശയും ഈടാ‍ക്കി കിട്ടാനായിരുന്നു ആ കേസുകളിൽ ബഹു ഭൂരി പക്ഷവും ഫയൽ ചെയ്തിരുന്നത്.

പരസഹായത്തിന് മുതിർന്ന്  ഈ ലോണുകളിൽ ജാമ്യമായോ ഈടാ‍യോ തന്റെ സ്വന്തം വസ്തു വകകൾ പണയപ്പെടുത്തിയവന്റെ കാര്യമായിരുന്നു ബഹു കഷ്ടം. അവൻ സർക്കാർ ജീവനക്കാരനെങ്കിൽ  ശമ്പളത്തിൽ നിന്നും  ലോൺ തുകയും പലിശയും ഈടായി തീരുന്നത് വരെ  റിക്കവറി നടന്ന് കൊണ്ടേ ഇരിക്കാൻ ആവശ്യമായ രേഖകൾ അയാൾ കടമെടുത്തവനോടൊപ്പം ബാങ്കിന് ലോൺ എടുത്ത സമയം ഒപ്പിട്ട് കൊടുത്തിരുന്നല്ലോ.

ആവശ്യമായ എല്ലാ രേഖകളും അത് ഒരു കെട്ട് കടലാസ്സുകൾ കാണും ബാങ്ക് അധികൃതർ ലോൺ അനുവദിക്കുന്നതിനോടൊപ്പം ഒപ്പിട്ട് വാങ്ങി അവൗടെ നില ഭദ്രമാക്കിയിരിക്കും.  ചുരുക്കത്തിൽ മുതലും പലിശയും  കൃത്യമായി തിരിച്ചടക്കാത്തവന്റെ കാര്യം നീരാളി പിടിയിൽപ്പെട്ട ജീവിയുടേത് പോലെ ആയി തീരും. വീട് വെക്കാൻ ലോൺ വാങ്ങിയവന് സമാധാനത്തൊടെ  ആ വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയില്ല, ഏത് നേരവും ബാങ്ക് ലോൺ....ബാങ്ക് ലോൺ ...എന്ന് അയാളും കുടുംബവും ഉരുവിട്ട് കൊണ്ടിരിക്കുമ്പോൾ എന്ത് സമാധാനം....?! ലോൺ എടുത്ത കച്ചവടക്കാരന്റെ അവസ്ഥയും  ഇത് തന്നെ.

ബാങ്ക്കാർ നൽകിയ കേസുകളൊന്നും  പരാജയപ്പെട്ടതായി  അറിവിലില്ല. അവരുടെ നില നിൽപ്പ് തന്നെ ആ ലോൺ തുക തിരിച്ച് പിടിക്കുന്നതിലൂടെയാണല്ലോ. അതിനാൽ തന്നെ മാനുഷിക വികാരങ്ങളൊന്നും അവരെ ബാധിക്കുകയേയില്ല. കേസ് വിധിച്ച് തുക പണയ വസ്തുവിൽ ഈടാക്കുന്ന നടപടിയിലേക്ക് ( വിധി നടത്ത്) തിരിയുന്ന അവസ്ഥയാണ് ഏറ്റവും ദുഖകരം. ഭൂരിഭാഗം പേരും ആ സ്റ്റേജിൽ പണയ വസ്തു കിട്ടുന്ന വിലക്ക് ( അത് തുഛവുമായിരിക്കും) വിൽപ്പന നടത്തി ബാങ്ക് ലോൺ കൊട്ത്ത് തീർത്ത് മിച്ചമെന്തെങ്കിലും ഉണ്ടെങ്കിൽ  അതുപയോഗിച്ച്  കിടപ്പാടം വേറെ എവിടെയെങ്കിലും തരപ്പെടുത്തും. പലർക്കും എല്ലാം നഷ്ടമാകും.

വർഷങ്ങളോളം  പ്രോസസ്സ് സെക്ഷൻ തലവനായി ( സെൻട്രൽ നാസ്സർ എന്നാണ് ആ തസ്തികയുടെ പേര്) ജോലി നോക്കിയിരുന്ന എനിക്ക് പല കണ്ണീർ  കേസുകളും കാണേണ്ടി വന്നിരുന്നു. വിധി നടത്തി കൊടുക്കാൻ ആമീൻ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നത് പ്രോസസ് സെക്ഷനിൽ നിന്നുമായതിനാൽ  നടപടികളുടെ അവസാനം കാണുവാൻ  പലപ്പോഴും  ഇടയായി. അതിൽ വികാരഭരിതമായ ഒരു കേസ് ഇപ്പോഴും ഓർമ്മയിലുണ്ട്.

ഒരു കൊടുവാൾ ബാങ്കാണ് വാദി ( ബ്ളേയ്ഡ് എന്ന് പറഞ്ഞാൽ ബ്ളെയ്ഡിന് നാണക്കേടാണ്  അത് കൊണ്ടാണ് കൊടുവാളെന്ന് ഉപയോഗിച്ചത്  ) പ്രതി ചവറ സ്വദേശി ഒരു ബസ് ഉടമസ്ഥൻ. ഒരു ബസ് വാങ്ങാൻ വീടും പുരയിടവും വിറ്റ് കിട്ടിയ തുക തികയാതെ വന്നപ്പോൾ അയാൾ നടേ പറഞ്ഞ ബാങ്കിൽ നിന്നും ബാക്കി തുകക്ക് ലോണെടുത്തു. വിലക്ക് വാങ്ങിയ ബസ്സ് ആയിരുന്നു ഈടായി ബാങ്ക് പരിഗണിച്ചത്. അയാളുടെ നിർഭാഗ്യത്തിന് തൊഴിൽ സമരവും മറ്റും കാരണത്താൽ  കൃത്യമായി തിരിച്ചടവ് നടത്താൻ സാധിച്ചില്ല, പലിശ  പിഴ പലിശ അങ്ങിനെ പല ഇനത്തിലായി ലോൺ  തുക കൂടി വന്നു. വർഷങ്ങൾ ഓടി പോയി. അവസാനം കേസായി നടപടിയായി വിധിയും വിധി നടത്തുമായി.  ആമീനെ കോടതിയിൽ നിന്നും  നിയമിച്ചു. ബസ് കൊട്ടാരക്കര റൂട്ടിലാണ് ഓടിക്കൊണ്ടിരുന്നത്. ആമീൻ പോയി  ബസ് കസ്റ്റഡിയിലെടുത്ത്  കോടതിയിൽ കൊണ്ട് വന്നു. കേസ് കൊല്ലം കോടതിയിലും വിധി നടത്ത് കൊട്ടാരക്കര കോടതിയിലുമായിരുന്നു. പിടിച്ചെടുത്ത ബസ് ഇനി കൊല്ലത്തെത്തിക്കണം.  ഈ ചെലവെല്ലാം ബാങ്ക് ചുമത്തുന്നത് പ്രതിയുടെ തലയിൽ തന്നെ. കൊല്ലത്ത് കൊണ്ട് പോയി ലേലത്തിൽ വിറ്റ് ബാങ്കിന് ഈടാകാനുള്ള  തുക ഈടാക്കും ബാക്കി എന്തെങ്കിലും ചില്ലറ ഉണ്ടെങ്കിൽ പ്രതിക്ക് കൊടുകും  അത്ര തന്നെ.

ബസ് ഉടമസ്ഥൻ  കൊട്ടാരക്കര കോടതിയുടെ മുമ്പിൽ പാർക്ക് ചെയ്ത ആ ബസിന്റെ നാല് ചുറ്റും  കറങ്ങി നടന്നു, ഇടക്കിടക്ക് ആ ബസ്സിനെ അയാൾ തടകും. ഞാൻ വരാന്തയിൽ നിന്ന് ഈ കാഴ്ച കാണുകയായിരുന്നു.  അയാൾ എന്റെ സമീപത്തേക്ക് വന്ന് എന്നോട് പറഞ്ഞു, “ എന്റെ മകനെ പോലെ ആയിരുന്നു ആ ബസ്സെനിക്ക്, മോന്റെ പേരാണ്` ബസ്സിനിട്ടിരിക്കുന്നത്...“

ഇതിനിടയിൽ ബസ് കൊല്ലത്തേക്ക് പോകാൻ സ്റ്റാർട്ടാക്കി. അയാൾ വിങ്ങി പൊട്ടി, എന്നിട്ട് ബസ്സിനെ അയാൾ കൈ വീശി കാണിച്ചു, ഗദ്ഗദത്തോടെ പറഞ്ഞു, പൊയ്ക്കോ മോനേ....“

ബാങ്ക് അധികൃതർക്ക് ഒരു കുലുക്കവുമില്ലായിരുന്നു.  ഞാൻ നേരത്തേ പറഞ്ഞുവല്ലോ, അവർ കർശനമായി തന്നെ നിൽക്കും.

ഇത്രയും വായിക്കുന്ന ഒരാൾ ചോദിച്ചേക്കാം  “നിവർത്തി ഇല്ലാത്ത ഒരാൾ ബാങ്ക് ലോണെടുക്കാതെ എന്ത് ചെയ്യും എന്ന്..“

ഞാൻ പറയും, “ കൃത്യമായിതിരിച്ചടക്കാൻ സ്ഥിരം വരുമാനമില്ലാത്തവൻ ലോൺ എടുക്കരുതെന്ന്..  സ്ഥിരമായി വരുമാനമില്ലാത്തവൻ ലോൺ എടുത്താൽ എന്തെങ്കിലും  കാരണത്താൽ തിരിച്ചടവ് സാധിച്ചിലെങ്കിൽ അവന്റെ കാര്യം കഷ്ടം തന്നെയാകുമെന്നതിൽ സംശയമില്ല. വീട് വെക്കാൻ ലോൺ എടുക്കുന്നവൻ  വീടിന്റെ  ഏരിയാ കുറച്ച്, ആർഭാടം കുറച്ച്,  കൊക്കിലൊതുങ്ങുന്ന വിധമേ ലോൺ എടുക്കാവൂ, അല്ലാതെ അയല്പക്കത്തെ ദേ! അവളുടെ വീട് പോലെ എനിക്കും വേണമൊരെണ്ണം എന്ന് വിചാരിച്ചാൽ  ജീവിതം കട്ട പൊക ആകും, ഒരു ദിവസം പോലും സമാധാനമായി ആ വീട്ടിൽ കിടന്നുറങ്ങില്ല.  വാഹന ലോൺ എടുക്കുന്നവർ, വില കൂടിയ  വാഹനം ഒഴിവാക്കി ഇടത്തരമൊന്ന് തരപ്പെടുത്തുക,   നിങ്ങൾക്ക് ലോൺ തിരിച്ചടക്കാൻ കഴിയുന്ന തുകക്ക് ലോൺ എടുക്കുക. അല്ലാത്തത് ഒഴിവാക്കി സമാധാനമായി ജീവിക്കുക,  ആരും നിങ്ങളെ ആക്രമിക്കുകയില്ലല്ലോ. ലോൺ എടുക്കാതെ തരമില്ലെന്ന് വന്നാൽ തന്റെ കഴിവിന്റെ പരിധി മനസിലാക്കി ലോൺ എടുക്കാൻ ശ്രമിക്കുക എന്നതാണ് മുഖ്യമായി ചെയ്യേണ്ടത്.

Wednesday, February 2, 2022

സന്ധ്യാ രാഗം

 

ഞങ്ങൾ താമസിക്കുന്ന വീടിന്റെ  കിഴക്ക് ഭാഗത്ത്  റെയിൽ വേ പാതയാണ്. ആ പാതക്കരികിൽ നിൽക്കുന്ന മഹാഗണി വൃക്ഷത്തിന്റെ സായാഹ്നാന്ത്യ സമയത്തുള്ള  ഫോട്ടോ ആണിത്. ഇനി അൽപ്പ സമയം കൂടി കഴിയുമ്പോൾ ഈ വൃക്ഷം നാനാതരം  പക്ഷികളാൽ നിബിഡമാകും. പുലർച്ച സ്ഥലം വിട്ട ഈ പറവകൾ പകലൊടുങ്ങുമ്പോൾ രാ പാർക്കാൻ ഇടം തേടുന്നത് ഈ വൃക്ഷത്തിലാണ്. അവരെല്ലാവരുമുണ്ട്, പ്രധാനമായും കാക്ക, പിന്നെ പലതരം കിളികൾ, അവയിൽ മാടത്തയും  ഇരട്ടത്തലച്ചിയും, പച്ചിലക്കുടുക്കയും, വേറെന്തെല്ലാമോ പേരുകളുള്ള കൂട്ടരും ഉണ്ടല്ലോ.

പടിഞ്ഞാറേ മാനത്ത് ധാരാളം സിന്തൂരം വാരി വിതറി അന്തരീക്ഷമാകെ ചുവപ്പ് നിറം പകർന്നിട്ടാണ് പകലോൻ യാത്ര പറയുന്നത്. ആ സമയത്താണ് മഹാഗണി മരത്തിലെ കുടി പാർപ്പുകാർ  പകലത്തെ ജോലിയും കഴിഞ്ഞ് ഉറങ്ങാൻ ഇടം തേടി  മരത്തിൽ വരുന്നത്. എന്തൊരു ബഹളമാണെന്നോ ആ സമയം.

 അന്തരീക്ഷം ഇരുളിലേക്ക് ഊളിയിടുന്നതിനു മുമ്പ്  സന്ധ്യാ രാഗം പകർന്നൊഴുകുന്ന  അന്തരീക്ഷത്തിൽ  വിളക്ക് പോലും പ്രകാശിപ്പിക്കാതെ നാലു ചുറ്റും കാണുന്ന ശാന്ത സുന്ദരമായ പ്രകൃതിയെ മനസ്സിലേക്ക് ആവാഹിച്ച് ഉമ്മറത്തെ ചാരു കസേരയിൽ കിടന്ന് ഞാൻ ഈ പക്ഷികളുടെ ബഹളം ശ്രദ്ധിക്കാറുണ്ട്. ഇവരെന്താണ് ഈ സന്ധ്യ സമയത്ത് ഉച്ചത്തിൽ പറഞ്ഞ് കൊണ്ടിരിക്കുന്നത്

. ഈ വക കാര്യങ്ങളിലൂടെ മനസ്സിനെ പായിച്ച് ഏകാന്തതയുടെ വിരസത മാറ്റാനും മനസ്സിനെ ഒന്നിനൊന്ന് ഉത്തേജിപ്പിക്കാനും കഴിയുമല്ലോ. അത്കൊണ്ട് തന്നെ പക്ഷികളുടെ ഭാഷ ഒന്ന് സങ്കൽപ്പിക്കാൻ ശ്രമം നടത്തി.

വലിയ ശബ്ദത്തിൽ  കാ..കാ.. പറയുന്ന ഒരു കാക്ക തന്റെ കൂട്ടുകാരനോട് ചോദിക്കുകയാവാം...“ ഇന്നെവിടെയാടേ...നീ തീറ്റ തേടി പോയത്...“

ഒച്ച അടഞ്ഞ ശബ്ദത്തിലുള്ള കൂട്ടുകാരന്റെ മറുപടി “ ഓ! ഒന്നും പറയേണ്ട എന്റെ കൂട്ടുകാരാ...ഒരു പരമ നാറിയുടെ പറമ്പിലായിരുന്നു തീറ്റയും നോക്കി ഇരുന്നത്,  ഒരു കുന്തവും കിട്ടിയില്ല,  അവന് വെപ്പും കുടിയുമൊന്നുമില്ലെന്ന് തോന്നുന്നു....“

പതിഞ്ഞ ശബ്ദത്തിലുള്ള മറ്റൊരു ശബ്ദം ഏതോ പൂവാലൻ കാക്കയുടേതാകാം...“എടിയേയ്....എന്താ വല്ലാത്ത ഒരു ഫോസ്...നിന്റെ കെട്ടിയോൻ വേറൊരുത്തിയുമായി ദേ! ആ പ്ളാവിലുണ്ട്, ഇന്ന് കുടിയേറിയിട്ടുണ്ട്....“

“ കാക്ക ശബ്ദത്തിലും മനോഹാരിത ഉള്ള  ശബ്ദം ആ പെൺ കാക്കയുടേതാകാം....“ നീ പോയി ഒരു മുട്ട് കൊടുക്കെടാ ...തെണ്ടീ...ഞാനങ്ങ് സഹിച്ചോളാം...എന്നാലും നിന്റടുത്ത് വരില്ല.....“

എന്റെ പിള്ളാരേ! നിങ്ങൾ വഴക്കടിക്കാതിരിക്കിൻ....ഉറാങ്ങാൻ സമയമായി...“എന്ന് പറഞ്ഞ പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദമുള്ള കാക്ക ഒരു കാർന്നോര് കാക്കയാകാം.

“ഇയ്യാള് ഇയാളുടെ പണി നോക്ക് “ എന്ന് പറഞ്ഞത് നമ്മുടെ പൂവാലനാകും.

ഇതിനിടയിൽ മൈനയും മാടത്തയും പചിലക്കുടുക്കയും അവരുടേതായ ശബ്ദത്താൽ  അലക്കുന്നുമുണ്ട്.

അന്തരീക്ഷത്തിലെ ചുവപ്പ് അപ്രത്യക്ഷമാകുമ്പോൾ ബഹളം സ്വിച്ചിട്ടത് പോലെ നിൽക്കും.എല്ലാവരും നിശ്ശബ്ദതയിലേക്ക്...ഉറക്കത്തിലേക്ക്..

എന്നാലും ഇടക്ക് കുഞ്ഞൻ കാക്കയുടെ കരച്ചിൽ  കേൾക്കാം...കൂട്ടത്തിൽ തള്ളയുടെയോ തന്തയുടെയോ കനത്ത ശബ്ദവും.അതിന്റെ അർത്ഥം ഇങ്ങിനെയാകാം..

“അമ്മേ...എനിക്ക് കുളിരുന്നു, എന്റെ അടുത്ത് വന്നിരി....“

“എന്റെ പൊന്നു മോനുറങ്ങ് അമ്മ അടുത്ത് വന്നിരിക്കാം....ഈ അഛന് ഒരു സ്നേഹവുമില്ല, പോയിരുന്ന് ഉറങ്ങുന്നത് കണ്ടില്ലേ....“ പിന്നെ ആ ശബ്ദങ്ങളും നിലക്കും. സർവം നിശ്ശബ്ദം. ആ മഹാഗണി മരവും ഉറങ്ങുമായിരിക്കും.

നാല് ചുറ്റും  ഇരുൾ പരക്കുമ്പോൾ ...“ ആ ഉമ്മറത്തെ ലൈറ്റൊന്ന് ഇട്ടിട്ട്  ഇരുന്ന് സ്വപ്നം കണ്ടൂടേ! ...“ എന്ന് വീട്ടിനുള്ളിൽ നിന്ന് വിളി വരുന്നത് നമ്മുടെ  കാക്കിയുടേതാണ്...

“സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണ ഒരു ഭർത്താവിന്  അത്യന്താപേക്ഷിതമായി ഉണ്ടാകണമെന്നതിനാലായിരിക്കാം ലൈറ്റ് ഉടനേ തന്നെ പ്രകാശിതമായത്....