Thursday, October 5, 2023

കോളിളക്കം...സിനിമയും ചില ഓർമ്മകളും

 കോളിളക്കം  എന്ന സിനിമയുടെ  അൻപതാം ദിവസ ആഘോഷമായിരുന്നു അന്ന്.  കൊട്ടാരക്കര വീനസ് തീയേറ്ററിലേക്ക് ജനം ഇരച്ച് കയറി വന്നു കൊണ്ടിരുന്നു. ആ ദിവസത്തിൽ പടത്തിൽ അഭിനയിച്ച നടൻ ശ്രീ മധുവും  മറ്റ് താരങ്ങളും വീനസിൽ ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു പരസ്യം. ആ കാലഘട്ടം അങ്ങിനെയായിരുന്നുവല്ലോ. സിനിമാ നല്ലതാണെങ്കിൽ ഇരുപത്തി അഞ്ചും അൻപതും ദിവസങ്ങൾ  തികയുന്ന ദിവസത്തിൽ അഭിനേതാക്കൾ അത് പ്രദർശിപ്പിക്കുന്ന കൊട്ടകയിലെ ആഘോഷത്തിൽ പങ്കെടുക്കുമായിരുന്നു, ആ ദിവസവും നല്ല ഒരു കളക്ഷൻ തീയേറ്റർകാർക്ക് ലഭിക്കുന്നത് സാധാരണമാണ്.

മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ വൻ ദുരന്തമായിരുന്നു, കോളിളക്കം ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായത്. ഒരു ഹെലികോപ്ടറിൽ സുപ്രസിദ്ധ നടൻ ജയൻ ചാടിക്കയറുന്ന രംഗം ചിത്രീകരിക്കുമ്പോൾ ഹെലികോടറിൽ അദ്ദേഹത്തിന്റെ തല മുട്ടി നടൻ താഴേക്ക് വീണുദുരന്തം സംഭവിച്ചു. ഡ്യൂപ്പ് വെച്ച് അഭിനയിക്കാത്ത നടനായിരുന്നു അദ്ദേഹം. ആ ദുരന്തത്തോടെ ആവറേജ് ചിത്രമായ കോളിളക്കം  തീയേറ്ററുകളിൽ വൻ ഹിറ്റായി മാറി

 അൻപതാം ദിവസ ആഘോഷത്തിൽ പങ്കെടുക്കാനായി മധു സാർ തീയേറ്ററിൽ വരുന്നതിനു മുമ്പ് കുഞ്ചനും സിലോൺ മനോഹറും കൊട്ടകയിലെത്തുകയും സിലോൺ മനോഹർ മധുരമായ സ്വരത്തിൽ അന്ന് സിനിമാ ലോകത്തെ ഹിറ്റായ “സുരാങ്കനി...“ പാടി കാണികളെ ഹരം കൊള്ളിക്കുകയും കുഞ്ചൻ പല വിധത്തിലുള്ള മിമിക്രി പരിപാടി അവതരിപ്പിക്കുകയും ചെയ്ത് ആഘോഷത്തെ നിറം പിടിപ്പിച്ചു.

സിലോൺ മനോഹറിനെ അറിയില്ലേ? സത്യ ബാബാ മോഡലിലെ തലമുടിയും  ഉറച്ച  ശരീര ഭാവങ്ങളുമുള്ള അന്നത്തെ പല സിനിമകളിലെയും വില്ലൻ! ആ ദിവസം  പരിചയപ്പെട്ടപ്പോൾ ഇത്രയും വിനയമുള്ള ഈ മനുഷ്യനെങ്ങിനെ വില്ലൻ റോളിൽ അഭിനയിക്കുന്നു എന്ന് ഞാൻ അതിശയിച്ച് പോയി.പ്രസിദ്ധമായ  ആ മുടി ഒന്നുമില്ലാതെ “തുറുപ്പ് ഗുലാൻ“ എന്ന പടത്തിൽ  വില്ലൻ റോളിൽ അഭിനയിക്കുന്നതാണ് അവസാനമായി കണ്ടത്.ആൾ ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല.

മധു സാർ വന്ന് ചേർന്നപ്പോൾ ജനം ആർത്ത് വിളിച്ചു. തീയേറ്റർ ഉടമസ്ഥൻ ചെറിയാച്ചന്റെ വീട്ടിലായിരുന്നു അതിഥികൾക്ക് കാപ്പി ഏർപ്പാടാക്കിയിരുന്നത്. സിനിമാ ഫീൽഡിൽ എല്ലാ വിഭാഗത്തിലും അൽപ്പം പരിചയമുണ്ടായിരുന്ന എനിക്ക് അന്ന് നടന്മാർ തമ്മിലുള്ള ഇടപെടലിന്റെ  ഏറ്റക്കുറച്ചിൽ  പൂർണമായി തിരിച്ചറിയാൻ സാധിച്ചത് അന്നാണ്. കാപ്പി മേശയിൽ മധു സാറും നിർമ്മാതാവും അടുത്തടുത്തിരുന്നു. സിലോൺ മനോഹറിന്റെ നേരെ നോക്കി മധു സാർ വിളിച്ചു “മരിച്ച മനുഷ്യൻ കാപ്പി കുടിക്കാൻ വരൂ...“ ( ആ പടത്തിൽ സ്റ്റണ്ട് രംഗത്ത്  സിലോൺ മനോഹർ കൊല്ലപ്പെട്ട രംഗം ഉണ്ടായിരുന്നു.) പക്ഷേ മനോഹർ ആ മേശയിൽ കൂടിയില്ല. അതി ഭവ്യതയോടെ  അദ്ദേഹം അറ്റൻഷനിൽ മേശക്കരുകിൽ വടി പോലെ നിന്നു. പിന്നീട് ആ അറ്റൻഷൻ നിൽപ്പ് ഞാൻ കണ്ടത് മുഖ്യ മന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യമുള്ള സദസ്സിലെ ഭീമൻ രഘുവിന്റെ നിൽപ്പായിരുന്നു. ഭീമന്റെ ആ നിൽപ്പിൽ എനിക്ക് അതിശയമൊന്നുമില്ലായിരുന്നു. പദവിയിൽ ഉയർന്നവർക്ക് അരികെ സിനിമാക്കാരും അവർ അഭിനയിക്കുന്ന സിനിമയിൽ കാണുന്നത് പോലെ പരസ്പരം അടുത്തിടപെടുകയോ അടുത്തിരിക്കുകയോ ചെയ്യാറില്ല. ആ ഫീൽഡിലും വലിപ്പ ചെറുപ്പം നിർബന്ധമാണ്` പോലും.

 മലയാളത്തിലെ ഒരു മെഗാ സ്റ്റാർ  ഷൂട്ടിംഗ് സ്ഥലത്ത് കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ കക്ഷി കുപിതനാകും. കുറച്ച് കാലങ്ങൾക്ക് മുമ്പ് മലയാളത്തിലെ ബാലക്രിഷ്ണൻ ചേട്ടന്റെ (സ്റ്റിൽസ് ഫോട്ടോഗ്രാഫർ) കാൽ പിടിക്കുന്ന ഒരു രംഗം ഒഴിവാക്കി ചിത്രീകരിക്കാൻ സുപ്രസിദ്ധ നർത്തകി കൂടിയായ നടി നിർബന്ധിച്ചു. ബാലക്രിഷ്ണൻ ചേട്ടൻ മരിച്ചു പോയെങ്കിലും ഇന്നും ആ കഥ സിനിമാ രംഗത്ത് പാട്ടാണ്.

കോളിളക്കം അൻപതാം ദിവസം ആഘോഷ പരിപാടി കഴിഞ്ഞപ്പോൾ മധു സാർ തിരുവനന്തപുരത്തേക്ക് പോയ കാറിൽ കയറാൻ കുഞ്ചനെ വിളിച്ചെങ്കിലും നടൻ കയറിയില്ല മറ്റൊരുകാറിലാണ് പോയത്.

ജീവിതത്തിലെ ഈ ഗ്രേഡ് തിരിക്കൽ എല്ലാ രംഗത്തുമുണ്ട്. ജുഡീഷ്യറിയിലും പോലീസിലും സൈന്യത്തിലും അത് തൊഴിലിന്റെ ഭാഗമായി വരുമ്പോൾ ആശുപത്രിയിലും മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ആദരി ക്കപ്പെടേണ്ടവർക്ക് ആവശ്യമില്ലെങ്കിലും ആദരിച്ചേ മതിയാകൂ എന്ന തോന്നൽ ആദർക്കേണ്ടവന് അസ്ഥിയിൽ പിടിച്ചാൽ ഭീമൻ രഘുവായി വടി പോലെ നിൽക്കാൻ നാം മടി കാണിക്കാറില്ല.

No comments:

Post a Comment