Monday, June 29, 2026

സിനാൻ.....

 ഞങ്ങളുടെ സിനാൻ......

ഒരു ബഷീറിയൻ   സ്റ്റൈലിൽ ആണ് ഇന്ന് സിനാൻ.


ചാരുകസേരയിൽ  ചിന്തയിൽ മുഴുകി....

സമീപം കടും ചായ ഉണ്ട്. പിന്നെ  സ്ഥിരം സംഗീത ശ്രവണ സഹായിയും.

അതിൽ പാട്ട് “ സോ ജാ രാജകുമാരിയോ , ദുനിയാകേ രഖ് വാലയോ ആകാം.

അതുമല്ലെങ്കിൽ  “ അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നൂ“ , “ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ“  ഏതെങ്കിലും  ശാസ്ത്രീയ സംഗീതം, ഇവയൊക്കെ ആകാം.

കാരണം അതെല്ലാമേ അവന് ഇഷ്ടപ്പെടൂ.. അവന്റെ മാതാപിതാക്കളോ അവ്ന്റെ വല്യാപ്പയോ  ജനിക്കുന്നതിനു മുമ്പുള്ള സോജാ രാജകുമാരീ  എങ്ങിനെ 15 വയസ്സ്കാരനായ ഇവൻ ഇഷ്ടപ്പെടുന്നു എന്നുള്ളത് ഇപ്പോഴും ഞങ്ങളെ അതിശയിപ്പിക്കുന്ന  സത്യമാണ്.

 ചെറുപ്പം മുതലേ സിനാന് ആ വക പാട്ടുകളാണ് ഇഷ്ട്ടമെന്ന് അവന്റെ ഭാവത്തിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

ഇപ്പോൾ സംസാരിക്കാത്ത അവൻ  ഒരു ദിവസം ഇതെല്ലാം പാടിയേക്കാം.

അതിശയങ്ങൾ സൃഷ്ടിക്കാൻ  ദൈവത്തിനല്ലേ കഴിയൂ.  

ആ അതിശയത്തിനായി എന്നുമെന്നും പ്രാർത്ഥിക്കുന്നു.

Saturday, June 13, 2026

ഇടവത്തിലൊരു സന്ധ്യയിൽ

 കായലിനക്കരെ പോകാനെനിക്കൊരു

കളി വള്ളമുണ്ടായിരുന്നു  പണ്ടൊരു കളി വള്ളമുണ്ടായിരുന്നു

ഒത്തിരി ദൂരം തുഴഞ്ഞ് തരാനൊരു മുത്തശ്ശി ഉണ്ടായിരുന്നു

നല്ലൊരു മുത്തശ്ശി ഉണ്ടായിരുന്നു.

“ വിശറിക്ക് കാറ്റ് വേണ്ട“ എന്ന നാടകത്തിൽ(1958) വയലാർ രചിച്ച്  എൽ.പി.ആർ.വർമ്മ  സംഗീതം  നിർവഹിച്ച ഈ ഗാനം  ബാല്യത്തിൽ എനിക്കേറെ ഇഷ്ടമായിരുന്നു. 

മൂടിക്കെട്ടി നിൽക്കുന്ന ഈ ഇടവപ്പാതി സന്ധ്യയിൽ  ഈ പാട്ട് കേൾക്കുമ്പോൾ  ആലപ്പുഴയിലെ കിഴക്കൻ അതിർത്തിയിലെ കായലും  അക്കരെ ഇക്കരെ തുഴഞ്ഞ് പോകുന്ന കൊച്ച് വള്ളങ്ങളും  മനസ്സിലേക്ക് നീന്തി നീന്തി എത്തുകയാണല്ലോ.

വയലാർ ആ ഗാനത്തിലൂടെ പണ്ടെങ്ങോ ആ കായലിന്റെ ആഴത്തിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ ഓർമ്മ  നമ്മുടെ ഉള്ളിലേക്ക് കടത്തി വിടുന്നു. പാട്ടിനോടൊപ്പം  ആ സംഭവവും  നമ്മുടെ ഉള്ളിലേക്കോടിയെത്തും അതും ഇത് പോലുള്ള ഇടവപ്പാതി സന്ധ്യയിൽ മൂകമായ ഈ അന്തരീക്ഷത്തിൽ  വിങ്ങി വിങ്ങി നിൽക്കുന്ന സന്ധ്യാ രാഗത്തിൽ പാട്ടിനോടൊപ്പം പഴയകാല ഓർമ്മകളും ഓടിയെത്തുമ്പോൾ ആരുടെ മനസാണ് തരളിതമാകാത്തത്.

പ്രഭാതം ദിവസത്തിന്റെ ജനനമാണ്. അത് കൊണ്ട് തന്നെ സന്തോഷ പ്രദവും.

സന്ധ്യ ദിവസത്തിന്റെ മരണമാണ് അത്കൊണ്ട് തന്നെ ദു:ഖകരവും.







സിനാന് 15 വയസ്സ്

 ഞങ്ങളുടെ സിനാൻ ഇന്ന് 15 വയസ്സിലേക്ക് കടന്നു.

എല്ലാ വർഷവും ഈ ദിനത്തിൽ  അവന് ജന്മ ദിനാംശംസകൾ  നമ്മൾ നേരാറുണ്ട്. അവന് വേണ്ടി  പ്രാർത്ഥിക്കുകയും ചെയ്യും. 

വർത്തമാനം പറയാൻ സാധിക്കാത്ത  സ്വന്തമായി കാര്യങ്ങൾ നിവർത്തിക്കാൻ ആവാത്ത അവന് ആ പ്രാർത്ഥനകൾ എന്നും  കരുണാമയന്റെ കാരുണ്യമായി  ഭവിക്കാറുണ്ട്.

ഇന്നും ഞങ്ങളുടെ പൊന്നുമോന്റെ  ശോഭനമായ  ഭാവിക്കും ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുമല്ലോ.

                                                 ഷരീഫ്  കൊട്ടാരക്കര

                                               7--6--2026