Friday, March 25, 2022

പൂജാരിയും തുമ്മലും

 യാഹ് ഛീ......യാഹ്ചീ.... തുമ്മിയത്  സ്കൂൾ കുട്ടികൾ

പോടാ...പോടാ...ഉമ്മായേം ബേണ്ടാ...പെങ്ങലേം ബേണ്ടാ...നാറും.... ഈ ചീത്ത വാക്കുകൾ പറഞ്ഞത് അമ്മൻ കോവിലിലെ  പൂജാരി.

സ്ഥലം ആലപ്പുഴ  മുഹമ്മദൻ സ്കൂൾ  കവല (ഇപ്പോൾ അത് കളക്ട്രേറ്റ് ജംഗ്ഷനാണ്) സ്കൂളിന് കിഴക്ക് വശം ഒരു ചെറിയ അമ്മൻ കോവിൽ ഉണ്ട്. ഇന്ന് അത് പുനർ നിർമ്മാണം ചെയ്ത്  വലുതാക്കിയിരിക്കുന്നു. പണ്ട് ആ അമ്മൻ കോവിലിൽ ഉത്തരേന്ത്യക്കാരനായ ഒരു പൂജാരി ഉണ്ടായിരുന്നു.സ്കൂൾ  ഇന്റർവെൽ സമയത്ത് കുട്ടികൾ അവർ എല്ലാ മതസ്തരുമുണ്ട്, അമ്മൻ കോവിലിന് സമീപം ചെന്ന് പൂജാരിയെ കാണുമ്പോൾ  തുമ്മി കാണിക്കും. അയാൾക്ക് അത് ഭയങ്കര കലിപ്പാണ്. അശുദ്ധമാകുമ്മെന്നുള്ളത് കൊണ്ടാകാം അയാളുടെ  കോപം. അപ്പോൾ പ്രതികരിക്കുന്ന തെറിയാണ് മുകളിൽ പറഞ്ഞത്. എല്ലാ മതസ്തരുമുണ്ടെങ്കിലും പൂജാരിക്ക്  പക മുസ്ലിം കുട്ടികളോടായിരുന്നു

ശരീരം ആസകലം ഭസ്മം പൂശി നെറ്റിയിൽ ഭസ്മത്തിന് മദ്ധ്യത്തിൽ സിന്ദൂര പൊട്ടുമിട്ട്  തല മുണ്ഡനം ചെയ്ത ഈ മനുഷ്യൻ മുട്ടോളം എത്തിയിരുന്ന ഒരു തോർത്താണ് സാധാരണയായി ധരിക്കാറ് പതിവ്. അതിന് കീഴിൽ കൗപീനം  തെളിഞ്ഞ് നിൽക്കും. അമ്മൻ കോവിലിൽ നിന്നും അയാൾ സൈക്കിളിൽ ഈ വേഷത്തിൽ പടിഞ്ഞാറൂള്ള ഗുജറാത്തി സ്ട്രീറ്റിൽ  ഏതോ അമ്പലത്തിൽ പൂജക്കായി പോകും. സൈക്കിളിന്റെ  ഹാൻഡിലിനിടയിൽ ഒരു ചെറിയ ശൂലം കുത്തി നിർത്തിയാണ് യാത്ര. മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന സക്കര്യാ ബസാർ ജംഗ്ഷനിൽ എത്തുമ്പോൾ ആൾക്കാർ കടത്തിണ്ണയിൽ നിന്നും യാഹ്ചീ..തുമ്മും സ്വാമി “ഉമ്മ നാരും പെങ്ങൽ നാരും“  ഉച്ചത്തിൽ കൂവി പറഞ്ഞ് സ്പീഡിൽ സൈക്കിൾ ചവിട്ടി വിടും.

  എന്റെ ചെറുപ്പത്തിൽ  ഇത് കാണുമ്പോൾ വലിയ തമാശയായാണ് അനുഭവപ്പെട്ടിരുന്നത്.പക്ഷേ ഉത്തരേന്ത്യക്കാരനായ അയളുടെ മനസ്സിലെ വർഗീയത അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.

ഞങ്ങൾ സ്കൂൾ അവധിക്ക് കൊമേഴ്സിയൽ കനാലിൽ  ചൂണ്ട ഇടാൻ പോകുമായിരുന്നു. അന്ന് ഒരു ദിവസം ഞാനും ലത്തീഫുമായാണ് ചൂണ്ടയുമായി പോയത്. മഴ വന്നപ്പോൾ ഞങ്ങൾ തോട്ടിൻ കരയിൽ നിന്നും ഓടി പോയത് അടുത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധി  ആന്റ് സൺസിന്റെ പണ്ടകശാല വരാന്തയിലാണ്. കയ്യിൽ ചരടിൽ കോർത്ത ചെറിയ മീനുകളുമുണ്ട്. വരാന്തയിൽ ചെന്ന് കയറിയപ്പോൾ  അകത്ത് നിന്ന് ഞങ്ങളെ കണ്ട ഒരു ബനിയാൻ ( അന്ന് ഞങ്ങൾ ആലപ്പുഴക്കാർക്ക് ഗുജറാത്തിയും മാർവാടിയും സിന്ധിയും എല്ലാവരും ബനിയാന്മാരാണ്) പുറത്തേക്ക് പാഞ്ഞ് വന്ന് ഞങ്ങളുടെ നേരെ അലറി “ജാ,,,ജാ,,, ഹറാമീ ചൊക്ടേ....“ ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല, എങ്കിലും ബനിയാന്റെ രോഷവും കലിയും കണ്ട് ഞങ്ങൾ  പെരും മഴയത്ത് വെളിയിലേക്ക് ചാടി. പക്ഷേ ലത്തീഫ് ശക്തിയായി പ്രതിഷേധം കാണിച്ചു. അവൻ അവന്റെ പുറക് വശത്തെ മുണ്ട് പൊക്കി “കണി“ കുലുക്കി കാണീച്ചു. അന്ന് അടി വസ്ത്ര പരിപാടിയൊന്നുമില്ലല്ലോ.  കണി കാണിച്ച ആ നൃത്തം പരിപാടി കണ്ട ബനിയാന് കലി കയറി. പിന്നെ നടന്നത് അവിടെ ത്രാസ്സിൽ തൂക്കി കൊണ്ടിരുന്ന  ഒരു കിലോഗ്രാമിന്റെ ഇരുമ്പ് കട്ടി  എടുത്ത് ബനിയാൻ ഞങ്ങളെ എറിഞ്ഞു. ലക്ഷ്യം തെറ്റി ഇരുമ്പ് കട്ടി ഞങ്ങളുടെ മുമ്പിൽ വീണു. പോകുന്ന പോക്കിൽ ലത്തീഫ് ആ കട്ടിയുമെടുത്ത് പാഞ്ഞു. മഴയത്ത് ബനിയാൻ ഞങ്ങളുടെ പുറകേ മഴയിൽ നനഞ്ഞ് പാഞ്ഞ് വന്നു. അയാൾ ഓടി എത്തിയെങ്കിലും ഞങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം മാറി നിന്നു. കാരണം ലത്തീഫ്  കോർമ്പയിൽ  കോർത്ത മീൻ  പൊക്കി കാണിച്ചു. അയാൾ അവിടെ നിന്ന് “    ഒരു കിലോ വാപ്പസ് ലാവോ “ എന്ന് കൂവിയെങ്കിലും ലത്തീഫ്  “ നീ പോടാ ബനിയാനേ, ഏറ് ഞങ്ങൾക്ക് കൊണ്ടിരുന്നേലോ...“ എന്ന് ചോദിച്ച് കട്ടിയുമായി പാഞ്ഞ് കളഞ്ഞു.

ഈ രണ്ട് സംഭവങ്ങളിലും തൊട്ടുകൂടായ്മയുടെ  ഭീകരത അന്ന് എനിക്ക് മനസ്സിലായിരുന്നില്ല.  കാരണം സ്കൂളിലും പുറത്തും ജാതി വ്യത്യാസമൊന്നുമില്ലതെ ആയിരുന്നല്ലോ ഞങ്ങൾ കഴിഞ്ഞ് വന്നിരുന്നത്. നായരും ക്രിസ്ത്യാനിയും മുസ്ലിമും  ഈഴവനും പുലയനും എല്ലാം തോളിൽ കയ്യിട്ട്  കളിച്ച് നടന്നിരുന്ന സമൂഹമായിരുന്നല്ലോ അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നത്.ഇന്നും അത് തന്നെ കേരളത്തിൽ  സ്ഥിതി. ഞാൻ കോടതിയിൽ ജോലി ചെയ്യുമ്പോൾ  ഞങ്ങളുടെ പൊതി ചോറുകൾ ഉച്ചക്ക് പങ്കിട്ട് കഴിച്ചു. ഞങ്ങളുടെ വീടുകൾ എല്ലാ മതസ്തർക്കുമായി തുറന്നിട്ടു.

പക്ഷേ അന്നും സവർണ ഉത്തരേന്ത്യക്കാരൻ ഇതര മതസ്തരോട് അസ്പ്രഷ്ടത കാണീച്ച് തന്നെയാണ് ജീവിച്ചിരുന്നത്.  അതിന്റെ ബഹിർസ്ഫുരണമാണ് മുകളിൽ പറഞ്ഞ സംഭവങ്ങൾ . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൊതുവേ  വർഗീയതയിൽ പുറകിലാണ്. ഇന്നത്തെ ചെന്നെയ് ആയ പഴയ മദ്രാസ്സിൽ  താമസിച്ചിരുന്ന കാലത്ത് ഞാൻ ജോലി ചെയ്തിരുന്ന ക്രോം പേട്ടയിലെ ഭൂവനേശ്വരി ആന്റ് കമ്പനി  ബ്രാഹ്മണനായ  ക്രിഷണമാചാരിയുടെ ഉടമസ്ഥതയിൽ ആയിരുന്നു.  അവിടത്തെ മാനേജരും ബ്രാഹ്മണനുമായ കണ്ണനും ഞാനും ആഹാരം പങ്ക് വെച്ച് കഴിച്ചിട്ടുണ്ട്. ചെന്നയിൽ ഗ്രാമങ്ങളിൽ ചിലയിടത്ത് ദളിതരോട കാണിക്കുന്ന  മുഷ്ക് ഞാൻ പറയാതെ വിടുന്നു.  പക്ഷേ അത് അപൂർവത്തിലപൂർവമായിരുന്നല്ലോ.

ഇന്ന് പത്രങ്ങളിൽ ഉത്തരേന്ത്യൻ  വർഗീയതയെ പറ്റി വായിക്കുമ്പോൾ  അവരെല്ലാം ജനിക്കുമ്പോൾ തന്നെ ജാതി വാലുമായി ജനിച്ചവരാണെന്നും അവരെ നന്നാക്കാൻ ആരെ കൊണ്ടും കഴിയില്ല എന്നും തിരിച്ചറിയുന്നു.  അതോടൊപ്പം കേരളത്തിലെ  ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ ജീവിക്കാൻ കഴിയുന്നത് അതി ഭാഗ്യമെന്ന് തന്നെ  കരുതുന്നു.

No comments:

Post a Comment