Wednesday, March 2, 2022

ഫൈസൽ ബഷീർ എന്ന കൗൺസിലർ


 അപ്പു എന്ന് ഞങ്ങൾ വിളിക്കുന്ന ഫൈസൽ ബഷീർ

അപ്പൂ നിന്റെ അസാന്നിദ്ധ്യം കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ്കാരായ ഞങ്ങൾ  ശരിക്കും  അനുഭവിക്കുന്നു.

ഒരു വാർഡ്  മെമ്പർ എന്നതിലുപരി  ഞങ്ങളുടെ എല്ലാ കാര്യത്തിലും  നിന്റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരുന്നുവല്ലോ. നിറ ചിരിയോടെ ഞങ്ങളുടെ വീടുകൾക്ക് മുമ്പിൽ നീ എന്നും വന്ന് നിൽക്കുമായിരുന്നു. ഒരു ജന പ്രതിനിധി എങ്ങിനെ ആയിരിക്കണമെന്ന മാതൃകയായിരുന്നു നീ.  രാഷ്ട്രീയം ഒരിക്കലും നമ്മുടെ ഇടയിൽ മതിലുകൾ സൃഷ്ടിച്ചിരുന്നില്ല. വാർഡിലെ എല്ലാ നിവാസികളുടെയും പ്രതിനിധിയായിരുന്നു നീ. അത് കൊണ്ട് തന്നെയാണ്  സമൂഹത്തിന്റെ ശത്രുക്കൾ  നിന്നെ പരിക്കേൽപ്പിച്ച് വഴിയിൽ തള്ളിയപ്പോൾ  മാർക്സിസ്റ്റ്കാരനായ നിന്നെ കോരി എടുക്കാനും വണ്ടിയിൽ കയറ്റാനും ഒരു യൂത്ത് കോൺഗ്രസ്സ്കാരൻ മുൻപിട്ട് നിന്നത്.  കാരണം വാർഡിൽ നല്ലത് പ്രവർത്തിക്കുന്ന നിന്നെ ജനങ്ങൾ രാഷ്ട്രീയത്തിനതീതമായി സ്വന്തമായി കണ്ടിരുന്നുവല്ലോ.

തെരഞ്ഞെടുപ്പിൽ നീ വിജയിച്ചപ്പോൾ  എല്ലാ രാഷ്ട്രീയക്കാരെയും കാണുന്നത് പോലെ നിന്നെയും ഞാൻ കണ്ടു. ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രസ്ഥാനത്തിനും തലച്ചോർ  പണയം വെച്ചിട്ടില്ലാത്ത എനിക്ക് രാഷ്ട്രീയക്കാരോട് അത്രക്കും പുശ്ചമായിരുന്നു. കുറ്റം കണ്ടാൽ ഒരു മടിയും കൂടാതെ അത് തുറന്ന് പറയേണ്ട നിർബന്ധ സ്വാഭാവക്കാരനായ എനിക്ക്  രാഷ്ട്രീയത്തെ അങ്ങിനെയല്ലേ കാണാൻ പറ്റൂ. പക്ഷേ എന്റെ എല്ലാ കാഴ്ചപ്പാടുകളെയും തകിടം മറിക്കുന്ന പ്രവർത്തനമായിരുന്നു നിന്റേത് എന്ന് ബോദ്ധ്യമാകാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. വാർഡിലെ ഓരോ ആവശ്യങ്ങളും താമസം കൂടാതെ  നീ നിർവഹിച്ചു, ഇപ്പോൾ ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിൽസയിലായപ്പോൾ നിന്റെ അഭാവം ഞങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു അനിയാ...

എന്തിനായിരുന്നു  അനിയാ നിന്നെ ആർ.എസ്സ്.എസ്സ്കാർ മാരകമായി ഉപദ്രവിച്ചതെന്ന് ഇനിയും മനസ്സിലാകുന്നില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ എതിരാളികളെ പോലും അഭിമുഖീകരിക്കുന്ന നിന്നെ  കോളേജ് ഇലക്ഷനും അതിനെ തുടർന്നുണ്ടായ ചില്ലറ വാഗ്വാദങ്ങൾക്കും കാരണമായി ഇത്രയും ക്രൂരമായി  ഉപദ്രവിക്കേണ്ട കാര്യമില്ലായിരുന്നു എന്ന പക്ഷക്കാരാണ് ഞങ്ങൾ. ഇതിലും വലിയ ഇലക്ഷനുകളും  ബഹളങ്ങളും നാട്ടിൽ ഉണ്ടായിട്ടുണ്ടായിരുന്നല്ലോ അന്നൊന്നും ആരോടും കാണിക്കാത്ത പ്രതികാരം നിന്നോട് ആ രാത്രിയിൽ കാണിച്ചതിന്റെ പ്രസക്തി ഒട്ടും മനസിലാകുന്നുമില്ല. കഴിഞ്ഞ ദിവസത്തെ വാഗ്വാദങ്ങളിൽ ഒരു മെമ്പർ എന്ന നിലയിൽ പോലീസും നീയുമായുള്ള തർക്കങ്ങളെ തുടർന്ന് നിന്നെ ഉപദ്രവിച്ചാൽ പോലീസ് നിഷ്ക്രിയരായേക്കാം എന്ന മുൻ ധാരണ നിന്നെ ഉപദ്രവിച്ചവർക്ക് ഉണ്ടായിരുന്നോ? അതോ  സമൂഹത്തിൽ നിന്റെ സേവനം കാരണമായി  നീ ഉയർന്ന് വന്നേക്കാമെന്നും അത് കൊണ്ട് തന്നെ അത് തടയേണ്ടതാണെന്നും നിന്റെ പ്രസക്തി  തമസ്ക്കരിക്കണമെന്നും അന്ന്  ആക്രമണങ്ങൾ നടത്തിയവർക്ക് ഉദ്ദേശ ലക്ഷ്യമായുണ്ടായിരുന്നോ ? ഒന്നും മനസ്സിലാകുന്നില്ല, കാരണം നിന്നെ ഇങ്ങിനെ ഉപദ്രവിക്കേണ്ട  ഒരു പ്രവർത്തിയും നിന്നിൽ നിന്നും ഉണ്ടായിട്ടില്ലാ എന്ന് ഞങ്ങൾ സാധാരണ ജനങ്ങൾക്ക് ബോദ്ധ്യമുണ്ടല്ലോ. അത് പോലെ തന്നെ ശാന്തിയും സമാധാനവുമായി കഴിയുന്ന  ഈ സ്ട്രീറ്റിൽ പുറത്ത് നിന്നും വന്ന് ഇത് പോലെ അക്രമം കാണിക്കാൻ  ഇത് വരെ  ആരും മുതിർന്നിട്ടുമില്ലായിരുന്നു.കാരണം ഞങ്ങൾ ആരെയും ഉപദ്രവിക്കണമെന്ന താല്പര്യം ഇല്ലാത്തവരായിരുന്നല്ലോ. പിന്നെന്ത് സംഭവിച്ചു ഈ നാട്ടിൽ ഇപ്രകാരം ഒരു ആക്രമണത്തിന് ഹേതുവായി.

എന്തായാലും നീ ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ് നീ ഞങ്ങൾക്ക് എന്തായിരുന്നു എന്ന് ഇപ്പോൾ  ഞങ്ങൾ തിരിച്ചറിയുന്നു,  അത് കൊണ്ട് തന്നെ  എത്രയും പെട്ടെന്ന് തന്നെ നീ സുഖമാകാനും ഞങ്ങളോടൊപ്പം കൂടിക്കലരാനും  ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു.

No comments:

Post a Comment