Sunday, January 25, 2026

22 വർഷങ്ങൾ കഴിഞ്ഞു


 ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ വെള്ള മണൽ പരപ്പിൽ ഉമ്മാ ഉറങ്ങാൻ പോയത് ഇന്നേക്ക് 22 വർഷങ്ങൾക്ക് മുമ്പായ്രുന്നു.  വർഷങ്ങൾക്ക് ശേഷം ആ സ്ഥലത്ത് തന്നെ ഉമ്മായുടെ മൂത്ത മകളും (എന്റെ മൂത്ത സഹോദരിയും) കൂട്ടിനു ഉറങ്ങാൻ പോയി.

ഉമ്മാ പോയപ്പോഴുണ്ടായ ശൂന്യത 22 വർഷങ്ങൾക്ക് ശേഷവും മാറിയിട്ടില്ല. ഉമ്മാക്ക് സമം ഉമ്മാ മാത്രമേ ഉള്ളൂ.

എത്ര വലിയ  മാനസിക സംഘർഷമാണെങ്കിലും അത് താഴ്ത്തി വെക്കാനൊരു  ആശ്രയം ഉമ്മാമാത്രമായിരുന്നു. 

എല്ലാം കേട്ടു കഴിഞ്ഞ് ഉമ്മാ പറയും “ സാരമില്ലെടാ, അതെല്ലാം പടച്ചവൻ മാറ്റി തരും“  ആ സ്വാന്തനം മാത്രം മതിയായിരുന്നു എനിക്ക്. ആശ്വാസം ലഭിക്കാൻ.

പോക്ക് വെയിൽ പൊന്നുരുക്കി വീഴ്ത്തിയ  സായാഹ്നത്തിൽ  വീടിനു സമീപത്തെ തെങ്ങിൻ ചുവട്ടിൽ എന്നെ നിർത്തി .ചരുവത്തിലെ വെള്ളം എന്റെ  നഗ്ന മേനിയിൽ കോരി ഒഴിക്കുമ്പോൾ  ചാടി തുള്ളുന്ന  എന്റെ പുറക് വശത്ത് നുള്ളി ഒരു അടിയും തന്ന്   ഉമ്മാ പറയുന്ന “അടങ്ങി നില്ലെടാ  ചെക്കാ, എന്ന സ്നേഹത്തിലുള്ള ശകാരം  ഇന്നും ഓർമ്മയിൽ ഉണ്ട്. വെയിലിന്റെ സ്വർണ നിറം  ഉമ്മായുടെ മുഖം ഒന്നു കൂടി ചുവ പ്പിച്ചിരുന്നത് എത്രയോ വർഷങ്ങൾക്ക് ശേഷവും ഇന്നു ഞാൻ ഓർമ്മിക്കുന്നു.

ഉമ്മാ ഉറങ്ങുകയാണ്....അത്യുന്നതമായ സമാധാനത്തോടെ  ഉറങ്ങ് ഉമ്മാ...വിധി തീർപ്പ് നാളിൽ നമ്മളെ   സ്വർഗത്തിൽ ഒരുമിച്ച് ജീവിപ്പിക്കാൻ നാഥൻ തുണക്കട്ടെ....

No comments:

Post a Comment