Sunday, January 18, 2026

മാധ്യമ വിചാരണ

 ആ ചെറുപ്പക്കാരൻ  ഇന്ന് ആത്മഹത്യ  ചെയ്തില്ലായിരുന്നെങ്കിലുള്ള  അവസ്ഥ എന്തായിരിക്കും.

നാളെ പത്രങ്ങൾ നിറയെ  അയാളുടെ ചിത്രങ്ങൾ സഹിതം  പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾ വരും. ഫെയ്സു ബുക്കും വാട്സ് അപ്പും റ്റ്വിട്ടറും  പിന്നെ ഈ ബൂമി മലയാളത്തിലുള്ള സർവമാന നവ മാധ്യങ്ങളും ആ വാർത്ത ആഘോഷിക്കും. അയാളുടെ ബന്ധുക്കളും  സ്വന്തക്കാരും വാതിൽ അടച്ച് നാണക്കേട് കൊണ്ട് തലകുനിച്ച് വീടിനകത്തിരിക്കും.

അയാൾ മരണത്തെ പുൽകിയത് കൊണ്ട് ആ വക കാര്യങ്ങൾക്ക് സമാപ്തി ആയി.

ബസ്സിൽ യാത്ര ചെയ്തിരുന്ന  പെൺ കുട്ടിയുടെ പവിത്ര മേനിയിൽ  അടുത്ത് നിന്ന കശ്മലന്റെ  സ്പർശനം ഉണ്ടായതിനെ തുടർന്ന് പെൺകുട്ടി ഉടനെ നവ മാധ്യത്തിലൂടെ സംഭവം ഫോട്ടോ സഹിതം പങ്ക് വെച്ചു. തുടർന്ന് “അതി ജീവിതയുടെ“ പോസ്റ്റിനാൽ ഇരയാക്കപ്പെട്ടവൻ ജീവനൊടുക്കിയ സംഭവത്തെ പറ്റിയാണ് ഞാൻ മുകളിൽ കുറിച്ചത്.

സ്ത്രീകൾക്ക് സമൂഹത്തിൽ  നിന്നും ഉണ്ടാകുന്ന പീഡനത്തെ പ്രതിരോധിക്കാൻ ഡെൽഹി പെൺകുട്ടിയുടെ ദാരുണ മരണത്തിന് ശേഷം സ്ത്രീ സംബന്ധമായ  നിയമങ്ങൾ കർശനമാക്കാൻ നിയമ നിർമ്മതാക്കൾ  തീരുമാനമെടുത്ത് നിയമം നടപ്പിലാക്കി.

അതിന്റെ ഫലം സമൂഹത്തിൽ ഉണ്ടായോ കുറ്റകൃത്യങ്ങൾക്ക് കുറവുണ്ടായോ എന്നത് മറ്റൊരു വിഷയം..അത് പിന്നെ ചർച്ച ചെയ്യാം.

 കുറ്റം ആരോപിക്കപ്പെട്ടാൽ  അത് സത്യമാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്തുന്നതിനു മുമ്പ്  അത് പത്രത്തിലും നവ മാധ്യമങ്ങളിലും കുറ്റാരോപിതന്റെ ഫോട്ടോയും അയാളുടെ അപ്പൂപ്പന്റെ മേൽ വിലാസവും  സഹിതം നൽകി  മാധ്യമ വിചാരണ നടത്തുന്ന പ്രക്രിയയെ പറ്റിയും  തുടർന്ന്  വഴിയെ പോകുന്ന വായി നോക്കി വരെ വന്ന് കുറ്റാരോപ്പിതനെ  പിച്ചിക്കീറുന്ന അഭിപ്രായ പ്രകടനം നടത്തി ആളാകുന്ന രീതിയെപറ്റിയാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്  

ഇത് നിയമം മുഖേനെ അവസാനിപ്പിച്ചേ പറ്റൂ. ഇല്ലാ എങ്കിൽ  ഇനിയും നിരപരാധികൾ  കുരിശ് ചുമന്ന് കാൽ വരി ചവിട്ടേണ്ടി വരും.

കുറ്റം ചെയ്തവനെ കർശനമായി ശിക്ഷിക്കേണം അതിൽ ഒരു ആക്ഷേപവും ആർക്കുമില്ല. പക്ഷേ അതിനു മുമ്പ് അവന്റെ കുറ്റം തെളിയിക്കപ്പെട്ടേ പറ്റൂ.

അത് വരെ അവൻ കുറ്റാരോപിതൻ മാത്രമാണ്. ഇത് പറയുമ്പോഴേക്കും  എന്ത് കോടതി ഏത് കോടതി എല്ലാം പണത്തിലും അധികാരത്തിന്മേലാണെന്നും  പാവപ്പെട്ടവനും പാവം സ്ത്രീക്കും നീതിയില്ലാ എന്നൊക്കെ വിളിച്ച് പറയുന്നവരോട് എന്നാൽ പകരം ഒരു നിയമം നിങ്ങൾ കൊണ്ട് വരൂ എന്ന് മറു വാദം ഉന്നയിക്കണം. 

ആരോപിക്കപ്പെട്ടാൽ ഉടനെ അത് അത്രയും ശരിയാണെന്ന് കാഴ്ചപ്പാടോട് കൂടി  ശിക്ഷിച്ചേ മതിയാകൂ എന്ന നിർബന്ധം പിടിക്കുന്നവരോട്  പൊയി തുലയാൻ പറയണം. 

അല്ലെങ്കിൽ ഈ തരത്തിലുള്ള ആത്മഹത്യക്ക് നിങ്ങൾ ഉത്തരം പറയണം.

No comments:

Post a Comment