Friday, November 23, 2018

44 വർഷങ്ങൾ ദീപ്ത സ്മരണകൾ...

44 വർഷം ഇന്ന് തികയുന്നു വാപ്പാ കടന്ന് പോയിട്ട്. 44 വർഷം ദീർഘമായ കാലഘട്ടമാണെങ്കിലും ഇന്നലെ നടന്ന പോലെ  ആ വിട വാങ്ങൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ പൂഴിമണലിൽ തീർത്ത ആ  കബറിടത്തിൽ വാപ്പായുടെ  ഭൗതിക ശരീരം താഴ്ത്തി വെക്കുമ്പോൾ  ആ വേർപാടിന്റെ വേദന  എന്നും  നിലനിൽക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലല്ലോ. സമ്പൽസമൃദ്ധിയിൽ ജനിച്ച്   കാലത്തിന്റെ  മറിമായങ്ങളാൽ മുഴുപട്ടിണിക്കാരനായി മരിക്കുമ്പോഴും ഞങ്ങളോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിരുന്നില്ല എന്ന് മാത്രമല്ല ഞങ്ങൾ ആഹാരം കഴിക്കാൻ വേണ്ടി പട്ടിണി കിടക്കാനും  വാപ്പാ തയാറായി. ഫലം  ശരീരത്തെ കാർന്ന് തിന്നുന്ന ക്ഷയരോഗത്തിലേക്ക് കാലെടുത്ത് വെക്കുക എന്നതായിരുന്നു.  അന്ന് പാവപ്പെട്ടവരുടെ കൂട്ടുകാരനായിരുന്നല്ലോ ആ മാരക രോഗം..  ഇതിനെല്ലാമിടയിലും വായനക്ക് അദ്ദേഹം സമയം കണ്ടെത്തി.  മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ രാത്രി ഏറെ ചെന്നും  വായനയിൽ മുഴുകിയിരുന്ന വാപ്പായുടെ ഓർമ്മകളണല്ലോ എന്നെയും വായനക്കാരനാക്കിയത്. 15 വയസ്സിൽ എന്റെ ആദ്യ കഥ  മലയാളി വാരാന്ത്യ പതിപ്പിൽ അച്ചടിച്ച് വന്നത് വായിച്ച് ഉമ്മായോട് പറഞ്ഞ  “ഇത് അവനെഴുതിയതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല “എന്ന അഭിപ്രായമായിരുന്നു കഥ എഴുത്തിൽ  എനിക്ക് ആദ്യം കിട്ടിയ അഭിനന്ദനം.
ഇന്ന് ഇഷ്ടമുള്ള ആഹാരം ഏതും കഴിക്കാൻ തക്കവിധം  പരമകാരുണികൻ എന്നോട്  ദയവ് കാട്ടുമ്പോൾ  ഈ ആഹാരത്തിന്റെ പങ്ക്  ഞങ്ങൾക്ക് വേണ്ടി  മുഴു പട്ടിണി  കിടന്ന ആ വലിയ മനുഷ്യന്  നൽകാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന ചിന്തയാണ് ഇപ്പോഴും മനസിൽ. അദ്ദേഹത്തിന് ഈ ലോകത്തിൽ കിട്ടാതിരുന്ന  ആഹാരം  സ്വർഗത്തിൽ അദ്ദേഹത്തിന് സുലഭമായി കിട്ടാൻ മനസിൽ തട്ടി പ്രാർത്ഥിക്കുന്നു.

2 comments:

  1. ഇപ്പോഴത്തെ ഇക്കയെ ഓർത്ത് വാപ്പ സന്തോഷിക്കുന്നുണ്ടാകും

    ReplyDelete