Wednesday, November 7, 2018

അണിഞ്ഞൊരുക്കം......

വരന്റെ  പാർട്ടിയോടൊപ്പം വധൂഗൃഹത്തിലേക്ക് പോകേണ്ട ഞങ്ങൾ സഞ്ചരിക്കാനുള്ള ബസ്സിന്റെ ജനൽ ഭാഗത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ധൃതി പിടിച്ച് പാഞ്ഞ് വരുന്ന സ്നേഹിതനെ കണ്ടത്. ഒഴിഞ്ഞ സീറ്റുള്ള ബസ്സ്  അന്വേഷിച്ച്  നടക്കുകയായിരുന്ന അയാളെ ഞാൻ കൈ കാണീച്ച് വിളിച്ചപ്പോൾ  വന്ന് ബസ്സിൽ കയറി എന്റെ അടുത്ത സീറ്റിലിരുന്ന്  കിതപ്പ് മാറ്റാനായി ദീർഘമായി ശ്വസിക്കുകയും  ടവ്വൽ കൊണ്ട് മുഖത്തെ വിയർപ്പ് തുടക്കുകയും ചെയ്തിട്ട്  ആരോടിന്നില്ലാതെ പറഞ്ഞു.“  ഞാൻ കരുതി  കല്യാണം കൂടാൻ ഒക്കുകയില്ലാ ന്ന്.“
“പത്ത് മണിക്ക്  പോകുമെന്ന് പറഞ്ഞിട്ട്  പതിനൊന്നായിട്ടും  പോയിട്ടില്ല,  മുസ്ലിങ്ങളുടെ  വിവാഹത്തിന്റെ   മുഹൂർത്തം ബിരിയാണി  പാകമാകുന്ന സമയമാണെന്നറിയില്ലേ? അതിരിക്കട്ടെ ഇത്രയും വൈകാൻ നിന്നതെന്തേ, അൽപ്പം നേരത്തെ ഇങ്ങ് പോകാമായിരുന്നില്ലേ?  ഞാൻ ചോദിച്ചു.
“ ഞാൻ അവളെ വെടി വെച്ച് കൊല്ലും“  സ്നേഹിതൻ കുപിതനായി പറഞ്ഞു.
“ആരെ?“
“എന്റെ ഭാര്യയെ.“
“ കൊലപാതകം കുറ്റകരമാണ് വകുപ്പ് 302, വധ ശിക്ഷ വരെ കിട്ടിയേക്കാം..“ ഞാൻ പറഞ്ഞു.
“എന്നെ തൂക്കി കൊല്ലട്ടെ, എന്നാലും സാരമില്ല“  അയാൾ കൂളായി പറഞ്ഞു, അത്രക്ക് സഹിക്കാൻ മേലാ സാറേ“ രോഷം കൊണ്ട് വിറക്കുകയായിരുന്നു  സ്നേഹിതൻ.
“ ആ പാവം പെണ്ണ് അത്രക്ക് എന്ത് കുറ്റം ചെയ്തെടോ“ ഞാൻ ആരാഞ്ഞു.
“ എന്റെ പൊന്ന് സാറേ!  അതിരാവിലെ  തുടങ്ങിയതാ അവളുടെ ഒരുക്കം,  പെണ്ണല്ലേ, പത്ത് പേർ കൂടുന്നിടത്ത് പോകുന്നതല്ലേ   നല്ലോണം ചമയങ്ങൾ അണിഞ്ഞോട്ടെ എന്ന് ഞാനും കരുതി, എന്റെ  പടച്ചോനെ !  അണിഞ്ഞൊരുങ്ങി, ഒരുങ്ങി, പത്തുമണിയായി,   പെട്ടെന്ന് വാ,  എന്ന് ഞാൻവിളിക്കുമ്പോൾ ദാ! വരുന്നു, ഒരു മിനിട്ട്, എന്നും പറഞ്ഞ് പിന്നെയും ഒരു മണിക്കൂറ്...  കഴിഞ്ഞു, ഞാൻ ദേഷ്യപ്പെട്ടപ്പോൾ ,  ഈ  സാരി കൊള്ളാമോ എന്നും പറഞ്ഞ് എന്റെ മുമ്പിൽ നിന്ന്  നാല് കറക്കവും അവളുടെ പുറക് വശത്തേക്ക് നോക്കി ഒരു കുലുക്കവും പിന്നെ നാല് ചുറ്റലും, എന്റെ കയ്യിൽ തോക്കുണ്ടായിരുന്നെങ്കിൽ ഞാൻ അപ്പോൽ തന്നെ ചായ്ച്ചേനെ......“
“ എടോ പെണ്ണല്ലേ, അവൾ അൽപ്പം ഒരുങ്ങി പൊയ്യ്ക്കോട്ടേ!  അതിന്  താനെന്തിന്  ഇത്രയും കോപിക്കുന്നത്......“ ഞാൻ അയാളെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.
“ദേ  ഒരു മാതിരി മറ്റേ വർത്താനം പറയല്ലേ സാറേ!  ഞങ്ങളുടെ കല്യാണത്തിന്റന്നോ മറ്റോ അവൾ ഒരുങ്ങി എന്റെ മുമ്പിൽ വന്നിട്ടുണ്ട്,  പിന്നെ എപ്പോഴെങ്കിലും ഞാൻ കാണാൻ അവൾ ഒരുങ്ങിയിട്ടുണ്ടോ?  ഇല്ലാ...ഇല്ലാ...ഇല്ലാ....  അവളെ ജീവനെ പോലെ സ്നേഹിക്കുന്ന   എന്റെ മുമ്പിൽ ഒരുങ്ങി വരാതെ  പിന്നാര് കാണാനാ മനുഷ്യാ അവളുടെ ഈ ഒരുക്കം....ഹും  തിരിച്ച് വരട്ടെ...എന്നിട്ടാ...ബാക്കി.... അയാൾ അമർന്ന് ഇരുന്നപ്പോൾ  ബസ്സിലെ  ഓഡിയോ അലറി..“  ഡാഡി മമ്മി വീട്ടിലില്ലേ,  തട പോടാ നാരുമില്ലേ....വിളയാടാൻ.....   സ്പീക്കറിന്റെ ശബ്ദം കൊണ്ട് അയാൾ ബാക്കി പറഞ്ഞത് കേൾക്കാൻ കഴിഞ്ഞില്ല.

No comments:

Post a Comment