Saturday, November 10, 2018

ഒരു ബ്ളോഗ് മീറ്റിന്റെ ഓർമ്മക്ക് മുമ്പിൽ

ഇന്ന് 2018 നവംബർ 10.

മലയാളം ബ്ളോഗ് ലോകം വീണ്ടും സജീവമാക്കുന്നതിന്റെ ശ്രമം എന്ന നിലയിൽ  ഇന്ന് പഴയ ബ്ളോഗറന്മാർ പലരും  അവരവരുടെ ബ്ളോഗിൽ  പോസ്റ്റുകൾ  വിക്ഷേപിക്കുന്നു. അതിന്റെ ഭാഗമായി  എന്റെ വക ഒരെണ്ണം. പക്ഷേ  ഇത് 2010  ആഗസ്റ്റ് എട്ടാം തീയതി പോസ്റ്റ് ചെയ്തതാണ്.  ഇപ്പോൾ  ഇത് പുന:പ്രസിദ്ധീകരണം ചെയ്യുന്നത്, അന്ന് നടന്ന  ഒരു ബ്ളോഗ് മീറ്റ് വിവരണത്തിൽ  പഴയ ബ്ളോഗറന്മാർ ആരെല്ലാമെന്ന് സൂചിപ്പിക്കുന്നുണ്ട്. അവരെ ഓർമ്മിപ്പിക്കുന്നതിന്  കൂടിയാണ് ഈ  പോസ്റ്റ്.




Showing posts with label അനുഭവംShow all posts

Sunday, August 8, 2010


എറുണാകുളം മീറ്റില്‍ കണ്ടത്

എറുണാകുളത്തു നിന്നും ഇതാ ഇപ്പോൾ എത്തിയതേയുള്ളൂ.
പേരുകൾ ഓർമയിൽ നിന്നും പെട്ടെന്നു മാഞ്ഞു പോകുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോൾ എനിക്കുള്ളതിനാൽ തലയിൽ ശേഖരിച്ചു വെച്ച വസ്തുതകൾ ഉടൻ തന്നെ രേഖപ്പെടുത്താനുള്ള തത്രപ്പാടിൽ ഒരു ദീർഘ ദൂര യാത്രക്കു ശേഷം അത്യന്താപേക്ഷിതമായ ഒരു വിശ്രമത്തിനു മുതിരാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഞാൻ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.

വീട്ടിൽ എല്ലാവരും ഉറക്കം പിടിച്ച ഈ രാത്രിയിൽ ഞാൻ കീബോർഡിൽ വിരൽ അമർത്തിക്കൊണ്ടേ ഇരിക്കുകയാണു.

ചെറായി മീറ്റ്‌ ഒരു ലഹരി ആയി മനസ്സിൽ ഉണ്ടായിരുന്നതിനാൽ അതിയായ പ്രതീക്ഷയോട്യും സന്തോഷത്തോടെയുമാണു ഞാൻ രാവിലെ ഒൻപതു മണിക്കു എറുണാകുളം -ഇടപ്പള്ളി ബ്ലോഗ്‌ മീറ്റിനു എത്തി ചേർന്നതു.

പാലാരിവട്ടം ബൈപാസ്സ്‌ ജംഗ്ഷനു സമീപം ഹൈ വേ പാലസ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.

മീറ്റ്‌ സ്ഥലത്തു എത്തി ചേർന്നപ്പോൾ ചിരിക്കുന്ന മുഖവുമായി "ഇക്കാ" എന്നു വിളിച്ചു ജുനൈദ്‌ എത്തി.പുറകേ മുള്ളൂക്കരനും.മുള്ളൂക്കാരന്റെ പേരു ഈ തവണ മറക്കാതിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ചിരിച്ചു കൊണ്ടു എനിക്കു കൈ നീട്ടിയ ചെറുപ്പക്കാരന്റെ പേരു നാക്കിൻ തുമ്പത്തു ഇരിക്കുന്നതേ ഉള്ളൂ. പുറത്തേക്കു വരുന്നില്ല.കൂട്ടത്തിൽ പാലൊളി പോലെ ചിരി തൂകി ജോയും ഉണ്ടു.

ശുഷ്കമായ ആഡിറ്റോറിയം കണ്ടപ്പോൾ മനസ്സു ആളി. ഇതെന്തു പറ്റി? ഈ ബ്ലോഗ്‌ മീറ്റിൽ വരാതെ എല്ലാവരും ഒഴിഞ്ഞു മാറിയോ?

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദൂരെ നിന്നു അപ്പൂട്ടന്റെ രൂപം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജുനൈദ്‌ ഉച്ചത്തിൽ വിളിച്ചു"അപ്പൂട്ടോ" അപ്പൂട്ടൻ ചിരിയോടെ കൈ ഉയർത്തി കാട്ടി.

യൂസുഫ്‌ ഭായി രജിസ്റ്റ്രേഷൻ കൗണ്ടറിൽ ഇരുന്നു തകൃതിയായി ജോലി തുടരുകയാണു.

പിന്നീടു ബ്ലോഗ്‌ മീറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ രണ്ട്‌ വ്യക്തിത്വങ്ങൾ എത്തി ചേർന്നു.ഹരീഷും പാവപ്പെട്ടവനും.രണ്ടു പേരും ഇന്നലെ മുതൽ ഇവിടെ ക്യാമ്പ്‌ ചെയ്യുകയാണെന്നു തോന്നുന്നു.

പതുക്കെ പതുക്കെ ആൾക്കാർ വന്നു തുടങ്ങി.

സുന്ദരനും സുശീലനുമായ ഇസ്മായിൽ കുറുമ്പാടി തൊപ്പിയുമായി തന്നെ വന്നു.കൂട്ടത്തിൽ കൊട്ടോടി ഉസ്താദും ഉണ്ടു.(കൊട്ടോടി എനിക്ക് ഉസ്താദാണു.ബ്ലോഗ്‌ നിർമാണം പലതും ഫോണിൽ കൂടി കൊട്ടോടിയാണു എന്നെ പഠിപ്പിച്ചിരുന്നതു.)രണ്ടു പേരും വരുന്ന കാര്യം അതി രാവിലെ തന്നെ എന്നെ അവർ അറിയിച്ചിരുന്നു.

മനസ്സിനു സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണു പിന്നീടു ഞാൻ കണ്ടതു.

നടക്കാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സാദിഖ്‌ (കായം കുളം)സാഹസികമായി ഹാളിൽ എത്തി ചേർന്നിരിക്കുന്നു;വീൽ ചെയറിൽ.

കണ്ണു നിറഞ്ഞു പോയി.

വീൽ ചെയറിലെ സഞ്ചാരം ആയിരുന്നിട്ടു പോലും ആ നല്ല മനുഷ്യൻ മീറ്റിൽ പങ്കെടുത്തു സഹ ബ്ലോഗറന്മാരെ പരിചയപ്പെടാൻ മുതിർന്നതിൽ എത്രമാത്രം അഭിനന്ദിച്ചാലാണു മതി വരുക.

തുടർന്നു ക്യാമറയിൽ ഒതുങ്ങാത്ത പ്രിയ സജീവേട്ടൻ (കാർട്ടൂണിസ്റ്റ്‌) പ്രത്യക്ഷൻ ആയി, ആ മധുരം നിറഞ്ഞ ചിരിയുമായി.എന്നിട്ടു ഒരു മൂലയിൽ മാറി ഇരുന്നു ഓരോ ബ്ലോഗറന്മാരുടെയും കാരിക്കേച്ചർ വരക്കാനുള്ള തയാറെടുപ്പു തുടങ്ങി.

അടുത്തതു ഹാഷിം(കൂതറ എന്നു ഞാൻ പറയില്ല)രംഗ പ്രവേശനം ചെയ്യുന്നു ദുർ നടപ്പുമായി.(ഒരു ആക്സിഡന്റിൽ കാലും കയ്യും ഒടിഞ്ഞു കമ്പി ഇട്ട ഹാഷിം നടക്കുമ്പോൾ ഇപ്പോഴും അൽപ്പം മുടന്തു കാണിക്കുന്നതിനാലാണൂ ദുർ നടപ്പു എന്നു വിശേഷിപ്പിച്ചതു)

ഡോക്റ്റർ ജയൻ ഏവൂരും തുടർന്നു എത്തി എല്ലയിടത്തും പാഞ്ഞു നടന്നു ആത്മാർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്തു.

കുമാരൻ കണ്ണൂരിൽ നിന്നും കുമാരസംഭവുമായാണു എത്തി ചേർന്നതു. കുമാരൻ ഞങ്ങളുടെ കുമാരനല്ലേ.അതിനാൽ പലരും കുമാരസംഭവം പുസ്തകം വാങ്ങി.

എടപ്പാൾ നിന്നും ജാബിറും കൂറ്റനാടു നിന്നും....ശ്ശെടാ....കൂറ്റാ...ആ പയ്യന്റെ പേരും മറന്നു പോയി..എത്തി.

സാക്ഷാൽ കാപ്പിലാനും കൂടി പ്രത്യക്ഷമായപ്പോൾ മീറ്റ്‌ കൊഴുത്തു.

സജിം തട്ടത്തു മല(പേരു തെറ്റിയെങ്കിൽ പൊറുക്കുക) മണി കണ്ഠൻ, നന്ദൻ,തോന്ന്യാസി(ആൾ പഴയതു പോലെ ഉഷാറിൽ ആയിരുന്നു) മുരളിക, തബാറക്‌ തുടങ്ങി എല്ലാവരും ഹാജർ(ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
സ്ത്രീകളായി ലക്ഷ്മി മുതൽ പേർ.പൗർണ്ണമി താമസിച്ചാണു ഉദിച്ചതു.

ടൈപിസ്റ്റ്‌/എഴുത്തുകാരി വരാതിരുന്നതിന്റെ കാര്യം അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നി.

ചടങ്ങുകൾ ആരംഭിച്ചപ്പോൾ സാമാന്യം തെറ്റില്ലത്ത ആൾക്കൂട്ടമായി മാറിക്കഴിഞ്ഞിരുനു എറുണാകുളം ബ്ലോഗ്‌ മീറ്റ്‌.

കർക്കിടകത്തിലെ കാലാവസ്ഥ ബ്ലോഗറന്മാരെനിരുത്സാഹപ്പെടുത്തിയിരിക്കാം.തൊടുപുഴയിൽ നിന്നുള്ള സ്ഥലം മാറ്റവും പലരിലും ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കാം.ഈ കാരണത്താലാകാം ചെറായി മീറ്റിലെ എണ്ണം എറുണാകുളത്തു കാണാതിരുന്നതു.

അനിൽ​‍്‌ @ബ്ലോഗ്‌ ,അരുൺ കായംകുളം, രമണിക, നിരക്ഷരൻ, നാട്ടുകാരൻ, ലതിക, ചാർവ്വാകൻ, അങ്കിൾ, കേരളാ ഫാർമർ, ചാണക്യൻ, അരീകോടൻ മാഷ്‌, വാഴക്കോടൻ, സജിയച്ചായൻ,ശ്രീ, മുതലായവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടപ്പോൾ തന്നെ പുതിയ ബ്ലോഗറന്മരുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ട വസ്തുതയാണു.

ഇതിൽ പലരുടെയും പേരുകൾ വിട്ടു പോയതു മനപൂർവ്വമല്ലെന്നു മുൻ കൂർ ജാമ്യം എടുക്കുന്നു.

ബ്ലോഗറന്മാർ സ്വയം പരിചയപ്പെടുത്തി കഴിഞ്ഞതിനു ശേഷം പ്രത്യേക ക്ഷണിതാവായി വന്ന പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട നിമിഷ നേരങ്ങൾക്കുള്ളിൽ സദസ്സിനെ കയ്യിലെടുത്തു. താള ലയങ്ങളോടെ സ്വര ശുദ്ധിയിൽ അദ്ദേഹം കവിത ആലാപിച്ചതു സദസ്സു സശ്രദ്ധം ശ്രവിച്ചിരുന്നു.

ഇതിനിടയിൽ ബൂ ലോകം ഓൺ ലൈൻ അച്ചടിച്ച പത്രം എല്ലാവർക്കും വിതരണം ചെയ്തിരുന്നു.

വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും ബ്ലോഗറന്മാർ ഒത്തു കൂടി ശ്രുതി മധുരമായ ഗാനങ്ങൾ കേട്ടു .

ആദ്യം ഒരു കുട്ടി ബ്ലോഗറിന്റെ ഗാനമായിരുന്നു."വക്കാ വക്കാ" കുട്ടി ഗംഭീരമായി പാടി.നല്ല ഭാവി ഉള്ള പയ്യൻ.
പിന്നീടു സതീശൻ ബ്രഹ്മാനന്ദന്റെ ഒരു ഗാനം മധുരമായി ആലപിച്ചു.മണികണ്ഠൻ തന്റെ ചെറായി മാസ്റ്റർ പീസ്‌ "ഞമ്മന്റെ ബാപ്പാ അബ്ദുറസാക്കു" കുട്ടിയുടെ സ്വരത്തിൽ പാടി.

അതിനു ശേഷം ...ഹായ്‌!!! ഇപോഴും ആ ഗാനവും സ്വരവും മനസ്സിൽ നിന്നു പോകുന്നില്ല.അങ്ങാടിപ്പുറം സ്വദേശി ശ്രീ ആര്യൻ ആയിരുന്നു അതു. അദ്ദേഹവും ഭാര്യയും എത്തിചേർന്നിരുന്നു.

എനിക്കു ഏറ്റവും പ്രിയം കരമായ ആ ഗാനം "പണ്ടു പാടിയ പാട്ടിനൊരു ഈണം ചുണ്ടിൽ മൂളുമ്പോൾ, കൊണ്ടു പോകരുതേ ഈ മുരളിയും കൊണ്ടു പോകരുതേ" എന്ന ഗാനം ആര്യന്‍ ഹൃദ്യമായി ആലപിച്ചു. എന്തൊരു സ്വര മാധുരി ആയിരുന്നു അതു.ഗാനാലാപത്തിൽ ശ്രി ആര്യൻ അനുഗ്രഹിക്കപ്പെട്ട വ്യക്തി തന്നെ ആണു. ഒട്ടും സംശയമില്ല.

മീറ്റ്‌ അവസാനത്തിൽ കവി മുരുകൻ കാട്ടാക്കട വീണ്ടും നാടൻ പാട്ടുകളും തന്റെ പ്രസിദ്ധമയ കവിത ബാഗ്ദാദും ആലപിച്ചു.
മൂന്നു മണിക്കു ചായക്കു ശേഷം മീറ്റു പിരിയുന്നു എന്നു പാവപ്പെട്ടവന്‍ അറിയിച്ചപ്പോള്‍ മനസ്സിന്റെ കോണീൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടുവോ?!

കൂട്ടരേ നമ്മൾ എന്നാണിനി കാണുക? എന്റെ മനസ്‌ ആരാഞ്ഞു.

ഘടികാരത്തിന്റെ സൂചി പോലെ കൃത്യമായി കറങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ ഈ സ്നേഹമല്ലേ ബാക്കി ആയുള്ളൂ.

നാളെ മുതൽ വീണ്ടും പഴയ അന്തരീക്ഷത്തിലേക്കു ഉൾവലിയുന്നു.

എല്ലാവരുടെയും കൈ പിടിച്ചു കുലുക്കി ചിരിച്ചു കൊണ്ടു യാത്ര പറയുമ്പോൾ മനസ്സിൽ എനിക്കു ചിരിക്കു പകരം വേദനയാണുണ്ടായിരുന്നതു.

എന്നാണിനി നാം കാണുക? 
വീണ്ടും ആ ചോദ്യം തേങ്ങലോടെ മനസിൽ ഉയരുന്നു.

7 comments:

  1. ഷരീഫ്കാ...ബ്ളോഗ് മീറ്റ്കൾ...വേറെ ഒരു അനുഭവം തന്നെ

    ReplyDelete
    Replies

    1. Areekkodan | അരീക്കോടന്‍ ഒരിക്കലും മറക്കാത്ത അനുഭൂതി നൽകുന്ന അനുഭവം മാഷേ!

      Delete
  2. എറണാകുളത്തായിരുന്നു മീറ്റ് എങ്കിലും ആ സമയത്ത് ഞാൻ കാശ്‌മീരിൽ ആയിരുന്നു. അത് കൊണ്ട് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.കോഴിക്കോട് മീറ്റിലാണ് ഞാൻ പങ്കെടുത്തത്തത്

    നമുക്കിനിയും ബ്ലോഗ് മീറ്റുകൾ സംഘടിപ്പിക്കണം

    ReplyDelete
    Replies
    1. തീർച്ചയായും റോസിലിക്കുട്ടീ......തെക്കൻ ഭാഗത്ത് വെച്ച് ഒരു മിനി മീറ്റിന് വേണ്ടി ആലോചന തലയിൽ ഉണ്ട്. അറിയിക്കാം.

      Delete
  3. ഇടപ്പള്ളിയിൽ പങ്കെടുത്ത ബ്ലോഗർമാരുടേ പേരുകളിൽ മനോരാജിന്റെ പേര് ചേട്ടൻ വിട്ടുപോയോ? മനോരാജും ഇടപ്പള്ളിയിലെ ബ്ലോഗ് മീറ്റിൽ ഉണ്ടായിരുന്നു. ബ്ലോഗ്ഗ് ഓടിച്ചു വായിച്ചപ്പോൾ ഞാൻ കാണാതിരുന്നതാണോ?

    ReplyDelete
    Replies
    1. മനോരാജിന്റെ പേര് വിട്ട് പോയതായിരിക്കും. ഇത് ഒരു പഴയ പോസ്റ്റ് ആണ് റീ പോസ്റ്റ് ചെയ്തതാണ് സ്നേഹിതാ..

      Delete
  4. ഇടപ്പള്ളി ബ്ലോഗ് സംഗമത്തെ കുറിച്ച് ഞാൻ എഴുതിയതിലേയ്ക്കുള്ള ലിങ്ക് താഴെ ചേർക്കുന്നു

    https://maneezviews.blogspot.com/2010/08/blog-post_8.html

    ReplyDelete