Monday, February 19, 2024

ഓർമ്മകൾ മരിക്കുന്നില്ല....


 പഴയ ഫയലുകൾ പരതി കൊണ്ടിരുന്നപ്പോൾ  ഈ ഫോട്ടോ കണ്ണിൽ പെട്ടു. ഞാൻ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്ന എന്റെ ചെറുകഥാ സമാഹാരത്തിന്റെ  കവർ പേജായിരുന്നു അത്. ഇത് തയാറാക്കിയ  ആൾ  കഴിഞ്ഞ  ദിവസം (14--2--2024) പുലർച്ച  ഒരു മണിയോടെ  ഈ ലോകം വിട്ടു യാത്ര ആയി. എന്റെ മൂത്ത മകൻ ഷിബു.

പുസ്തകം തയാറാക്കുന്ന വിവരം അവനെ അറിയിച്ചപ്പോൾ രണ്ട് ദിവസത്തിനകം  ഈ കവർ ചിത്രം അവൻ രൂപപ്പെടുത്തി  എനിക്ക് അയച്ച് തന്നു. അപ്പോൾ എനിക്കത് ഉപയോഗിക്കാൻ കഴിഞ്ഞില്ല, പിന്നീട് ആ പുസ്തകം “മാക്സിയും ബെർമൂഡയും എന്ന പേരിൽ  വേറെ കവർ ചിത്രത്തോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് ഈ കവർ ഫോട്ടോ  പഴയ ഫയലുകളിൽ സുഖനിദ്രയിലായി..

അവൻ ഈ ലോകം വിട്ട് പോയതിന് ശേഷം  ഒരു നിമിത്തം എന്ന പോലെ ഈ ഫോട്ടോ ഇപ്പോൾ എന്റെ  ശ്രദ്ധയിൽ വന്നിരിക്കുന്നു. അവന്റെ  കഴിവുകൾ  ഓർമ്മിപ്പിക്കാൻ. 

 ഒരു അക്കാദമിക്ക് യോഗ്യതയുമില്ലാത്ത അവൻ കമ്പ്യൂട്ടറിന്റെ ആചാര്യനായിരുന്നു. എന്റെ പുതിയ പുസ്തകമായ “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും“ എന്ന പുസ്തകത്തിന്റെ കവർ പേജിന്റെ രൂപ രേഖയും അവന്റെ ബുദ്ധിയിൽ ഉദിച്ചതാണ്. ഈ നാട്ടിൽ പലരും കമ്പ്യൂട്ടറിൽ  ഹരിശ്രീ കുറിച്ചത് അവനിൽ നിന്നുമായിരുന്നെന്ന് അവന്റെ മരണ വിവരം അറിഞ്ഞെത്തിയ  ആൾക്കാരിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു.

കമ്പ്യൂട്ടറായിരുന്നു അവന് എല്ലാം. ആ കമ്പ്യൂട്ടർ ഭ്രാന്ത് തന്നെ അവനെ തകർക്കുകയും ചെയ്തുവല്ലോ.

ഇപ്പോൾ ഈ സമയം പുറത്ത്  കുംഭ നിലാവ് പരന്നൊഴുകയാണ്. ഈ നിലാവ് തന്നെ കൊട്ടാരക്കര ഖബർസ്ഥാനിലും  പെയ്തിറങ്ങുന്നു.. എന്റെ മകൻ  ആ പുരയിടത്തിൽ ഒരു ഭാഗത്ത് അവന്റെ വിശ്രമ സ്ഥലത്ത് ശാന്തമായുറങ്ങുന്നു. എല്ലാ സംഘർഷങ്ങളിൽ നിന്നും അകന്ന് അത്യുന്നതമായ സമാധാനത്തിന്റെ ശീതള ഛായയിൽ അവൻ ഉറങ്ങുന്നു. അവൻ ഉണർന്നെഴുന്നേൽക്കുമ്പോൾ കരുണാമയനായ സൃഷ്ടാവ് അവന് സ്വർഗ പൂങ്കാവനത്തിൽ ഇടം കൊടുക്കുവാനായി ഈ പിതാവ് പ്രാർത്ഥിക്കുന്നു. ഉറങ്ങു മകനേ! ശാന്തമായുറങ്ങൂ.......

No comments:

Post a Comment