സയ്യിദ് പൂക്കോയാ തങ്ങലുടെ മഖാമിൽ നിന്നും കതിനാ വെടിയുടെ ശബ്ദം കേൾക്കാൻ ഞങ്ങൾ കുട്ടികൾ കാതോർത്ത് കാത്തിരുന്ന കാലം.
നോമ്പ് തുറക്ക് രണ്ട് വെടിയാണ്. പെരുന്നാൾ അറിയിക്കാൻ ഒരു വെടിയും. മൊയ്തീൻ എന്നൊരാളാണ്` ഈ കതിനാക്ക് തീ കൊടുക്കുന്നത്. നോമ്പ് സമയങ്ങളിൽ ചിലപ്പോൾ ഞങ്ങൾ മഖാമിന്റെ വാതിൽക്കൽ പോയി നിന്ന് മെയ്തീന്റെ ചലനങ്ങളെ സശ്രദ്ധം വീക്ഷിക്കും. അയാൾ ഇടക്കിടെ പള്ളിക്കകത്തെ വാച്ചിലേക്ക് എത്തി നോക്കും. തൂങ്ങിക്കിടന്ന് ആടുന്ന പെൻഡുലമുള്ള ഒരു പഴയ വാൾ ക്ളോക്ക് ഭിത്തിയിലുണ്ട്, അതിലാണ്` അയാളുടെ നോട്ടം. ചിലപ്പോൾ അയാൾ അനങ്ങാതെ ഇരിക്കുമ്പോൾ ഞങ്ങൾ പറയും “ പോയി നോക്ക് മൊയ്തീനിക്കാ....“
“നിങ്ങളെ കാണുമ്പോൾ വാച്ചിന് പേടിയാവത്തില്ലാ മക്കളേ. സമയമാകുമ്പോൾ ഞാൻ നോക്കും എനിക്കറിയാം വാച്ച് നോക്കാൻ എന്നെ നീയൊന്നും പടിപ്പിക്കണ്ടാ.....“ അയാൾ പറയും. വാച്ചിൽ നോക്കി അവസാനം അയാൾ ഓടിച്ചെന്ന് കതിനാക്ക് തീ കൊടുക്കും, ഞങ്ങൾ ചെവിയിൽ വിരൽ തിരുകുകയും പിന്നെ പൈപ്പിന് സമീപത്തേക്ക് വെള്ളം കുടിക്കാനും തുടർന്ന് കഞ്ഞിക്ക് ചട്ടിയന്വേഷിച്ചും ഓടുകയും ചെയ്യുമായിരുന്നല്ലോ.
പെരുന്നാളിനുള്ള കതിനാ വെടിക്ക് കുട്ടികൾ മാത്രമല്ല, എല്ലാ ആൾക്കാരും കാതോർത്തിരിക്കും. മാടിനെ അറുക്കുന്ന ഇബ്രായീനിക്കാ മുതൽ പടക്കം വിൽക്കുന്ന അബ്ദുക്കാ വരെയും തയ്യൽക്കാരൻ വർഗീസ് ചേട്ടൻ മുതൽ മില്ലുകാരൻ അദ്രയീക്കാ വരെ ആ ശബ്ദത്തിനാണ് കാത്തിരിക്കുന്നത്.
പെരുന്നാൾ രാവിന് രാത്രി ആരും ഉറങ്ങാറില്ല. കടകൾ പുലർച്ച വരെ തുറന്നിരിക്കും. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. ഇന്ന് ആൾക്കാരുടെ കയ്യിൽ പൈസ്സാ ആയി പട്ടിണി പോയി. കതിനാ വെടിയും പോയെന്നാണ്` അറിവ്. ഒരു കാലം മുമ്പ് വരെ റേഡിയോയും പിന്നീട് റ്റിവിയും കതിനാ വെടിയുടെ പകരക്കാരായി വന്നു അതിനാൽ കതിനാ വെടിക്ക് പ്രസക്തി ഇല്ലാതായി
ഞാൻ ആലപ്പുഴ വിട്ടിട്ട് കാലങ്ങളേറെയായല്ലോ. കുറച്ച് കാലം മുമ്പ് വരെ എന്ത് തിരക്കുണ്ടെങ്കിലും പെരുന്നാളിന്റെ തലേ രാവ് ആലപ്പുഴ വട്ടപ്പള്ളിയിൽ പോകുമായിരുന്നു. കാരണം കേരളത്തിൽ കോഴിക്കോടും ആലപ്പുഴയിൽ സക്കര്യാ ബസാറിലുമുള്ളത് പോലെ പെരുന്നാളിന്റെ തലെ രാവ് ആഘോഷം മറ്റെങ്ങുമില്ലാത്തതിനാൽ ഞാൻ ജനിച്ച് വളർന്ന സ്ഥലത്തെ പെരുന്നാൾ രാവ് എങ്ങിനെ ഒഴിവാക്കാനാണ്.
ഇന്ന് ഈ രാത്രിയിൽ വിദൂരമായ കൊട്ടാരക്കരയിലിരുന്ന് ആലപ്പുഴ സക്കര്യാ ബസാറിലെയും വട്ടപ്പളിയിലെയും പെരുന്നാൾ രാവ് ആഘോഷം ഞാൻ ഭാവനയിൽ കാണുകയാണ്.
എനിക്ക് അവിടെ പോകാനും ആ ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കാത്ത നിസ്സഹായാവസ്ഥയെ പറ്റി വേദനയോടെ ചിന്തിക്കുകയും ചെയ്യുന്നു
No comments:
Post a Comment