ഉൽസവങ്ങൾ., പൂരങ്ങൾ, പെരുന്നാൾ നമസ്കാരങ്ങൾ , പള്ളിപ്പെരുന്നാളുകൾ, തുടങ്ങിയ ചടങ്ങുകൾക്ക് ജന സമുദ്രമാണ് അലയടിച്ചെത്തുന്നത്. രണ്ട് വർഷം ഒന്നിനും കഴിയാതെ വീടകങ്ങളിൽ ജയിൽപ്പുള്ളികളെ പോലെ കഴിഞ്ഞിരുന്ന ജനം ഇപ്പോൾ സ്വാതന്ത്രിയം കിട്ടിയപ്പോൾ അതങ്ങ് ആഘോഷിക്കുകയാണ്. എവിടെയും ജനക്കൂട്ടങ്ങൾ. സിനിമാ തീയേറ്ററുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇത് തന്നെ അവസ്ഥ.
രണ്ട് വർഷം അണു നാശിനി ഉപയോഗിച്ച് കൈ കഴുകി നടന്നതും മൂക്ക് പട്ട കെട്ടി നടന്നതും വീടകങ്ങളിൽ വിരസമായ മണിക്കൂറുകൾ തള്ളി നീക്കിയതും വിദ്യാലയങ്ങൾ അടച്ച് പൂട്ടപ്പെട്ടതും ആംബുലൻസുകൾ ചീറിപ്പാഞ്ഞിരുന്നതും തൊഴിലുകൾ നഷ്ടപ്പെട്ടതും കിറ്റുകൾക്കായി കാത്തിരുന്നതുമെല്ലാം എന്നോ എവിടെയോ നടന്ന ഭാവമാണെല്ലാവർക്കും.
എന്ത് കാരണത്താൽ മേൽപ്പറഞ്ഞതെല്ലാം നടത്തിക്കൂട്ടിയോ ആ കാരണം പരിപൂർണമായി ഒഴിഞ്ഞ് പോയിയെന്ന് ഒരു റിപ്പോർട്ടുമില്ല. നാലുചുറ്റും പമ്മി നടക്കുകയാണ് ആ കാരണം. തരം കിട്ടുമ്പോൾ ചാടി വീഴാനാണ് അവന്റെ പമ്മി നടപ്പ് എന്നുള്ളത് എല്ലാവരും മറക്കുന്നു.
ഭരണ പക്ഷവും പ്രതിപക്ഷവും ഇടക്കാല തെരഞ്ഞെടുപ്പ് വരെ ഈ വിഷയ സംബന്ധമായി നിശ്ശബ്ദത പാലിക്കുമെന്നും വൻ ജനക്കൂട്ടം സഘടിപ്പിക്കുമെന്നും ഉറപ്പായ കാര്യം മാത്രം.
അജീർണം വന്ന് ചർദ്ദിയും അതിസാരവും വന്ന് അവശനായവൻ അൽപ്പം ശാന്തി കിട്ടിയപ്പോൾ വയറ് നിറയെ ബിരിയാണീ വാരി വിഴുങ്ങുന്ന കാഴ്ചയാണ്` എവിടെയും.
അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം. വന്ന് കഴിഞ്ഞ് പരിതപിക്കുന്നതിനേക്കാളും വരാതെസൂക്ഷിക്കുന്നത് നന്ന്. പൂർണമായി വൈരസ് നാട്ടിൽ നിന്നും വിട്ട് പോകുന്നത് വരെ ജാഗ്രത പാലിക്കേണ്ടത് ഏവർക്കും നന്ന്.
No comments:
Post a Comment