വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ ഹോട്ടൽ പരിശോധനയിൽ അധികാരികൾ കണ്ടെത്തിയ മാംസം പട്ടി മാംസമായിരുന്നു. ഇപ്പോൾ ആ ജില്ലയിൽ തന്നെ ഒരു പരാതി കഴിഞ്ഞ ദിവസം ആഹാരത്തിൽ മറ്റൊരു ജീവിയുടെ തോൽ കണ്ടെത്തി എന്നായിരുന്നു.
ഇന്ന് കേരളത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 110 കടകളാണ് പൂട്ടിയത്. അതിൽ 61 എണ്ണത്തിന് കട നടത്തുന്നതിനാവശ്യമായ അനുമതി പത്രമോ മറ്റ് ആധികാരിക രേഖകളോ ഇല്ലായിരുന്നു.
എന്റെ വീട്ടിലെ കുട്ടികൾ നേരിട്ടനുഭവിച്ച ഒരു ബുദ്ധിമുട്ടിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വിവരം ആസ്പദമാക്കി മൽസ്യത്തിൽ മായം ചേർത്ത് വിൽപ്പന നടത്തുന്ന വിവരം സൂചിപ്പിച്ച് ഞാനിട്ട പോസ്റ്റിന്` ശേഷം മായം ചേർത്ത മൽസ്യം കഴിച്ച് നാട്ടിൽ പലരും ആശുപത്രിയിലായെന്നും മീൻ കഴിച്ച ഒരു പൂച്ച ചത്തെന്നും മറ്റും പത്ര വാർത്തകൾ വരുകയും പിന്നീട് ഭക്ഷ്യ സുരക്ഷക്കാർ പരിശോധന കർശനമാക്കിയപ്പോൾ ചന്തയിൽ മീനിന്റെ ദൗർലഭ്യവും വില വ്ർദ്ധനയും ഉണ്ടായി,എന്നും അതിപ്പോഴും തുടരുന്നു.എന്നും അറിയാൻ കഴിഞ്ഞു.
കഴിഞ്ഞ ദിവസം കാസർഗോഡ് ഷവർമ കഴ്ച്ച് 16 വയസ്സുള്ള ഒരു പെൺകുട്ടി മരണമടഞ്ഞു. ആ വക ദുരന്തങ്ങൾ ഷവർമ എന്ന ആധുനിക ആഹാര പദാർത്ഥം രംഗത്തെത്തിയപ്പോൾ മുതൽ ഈ നാട്ടിൽ സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്തെങ്കിലും ദുരന്തം ഉണ്ടായി കഴിഞ്ഞ് ബന്ധപ്പെട്ട വകുപ്പ് ഉടൻ തന്നെ പിടിയെടാ കെട്ടെടാ എന്നും പറഞ്ഞ് കാടിളക്കാൻ ഇറങ്ങി , കുറച്ച് പുക പടലം സൃഷ്ടിക്കും, അത് കഴിഞ്ഞ് എല്ലാം ശാന്തമാകും, അവർ അവരുടെ ആഫീസിൽ ഫാന് കീഴിൽ സുഖമായി ചാരി ഇരുന്ന് മൊബൈലിൽ ചാറ്റും മറ്റും നടത്തി സമയം തള്ളി നീക്കും. മരിച്ച കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് തന്റെ കുട്ടി പോയി എന്നത് മാത്രം മിച്ചമായി ഭവിക്കും.
ഇപ്പോഴത്തെ ബഹളത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട് എന്ന പ്രത്യേകത ഉള്ളത് ആശ്വാസകരമാണ്.
പ്രസക്തമായ ഒരു വിഷയം അബദ്ധത്തിൽ ഒരാളെ കൊല്ലുന്നതും മനപ്പൂർവം കൊല്ലുന്നതും രണ്ടും രണ്ടാണ് എന്നതാണ്. മൽസ്യത്തിൽ കച്ചവട ലാഭത്തിനായി മരുന്ന് ചേർക്കുമ്പോൾ, ഷവർമ്മാ പാകം ചെയ്യാനായി ഒരു വാരം കഴിഞ്ഞ കോഴി മാംസം ചേർക്കുമ്പോൾ അത് നിർമ്മിക്കുന്നവൻ അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്; അതായത് ഇത് കഴിക്കുന്നവന് ഹാനികരമായി ഈ ഭക്ഷണം ഭവിക്കും എന്ന അറിവോടെയാണ്` ആ കൃത്യം ചെയ്യുന്നത്.അവന് തന്റെ ലാഭം മാത്രമാണ് ലക്ഷ്യം. ആര് ചത്താലും എനിക്ക് ലാഭം കിട്ടണം എന്ന കാഴ്ചപ്പാട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറ്റുള്ളവർക്ക് എന്ത് സംഭവിക്കും എന്ന ചിന്ത അൽപ്പം പോലും കച്ചവടക്കാർക്കില്ല. ലാഭേച്ഛ മാത്രം.
മൊത്തക്കച്ചവടക്കാരനിൽ നിന്നും പാക്റ്റിലാക്കി വാങ്ങി ചില്ലറയായി വിൽക്കുന്ന ചില്ലറ വിൽപ്പനക്കാരൻ മനപ്പൂർവമല്ല ചെയ്യുന്നത്,അവനറിയില്ലല്ലോ പാക്കറ്റിൽ എന്തെലാം ഉള്ളടക്കമാണെന്ന്...
ഈ കുറിപ്പുകൾ അവസാനിക്കുമ്പോൾ പറയാനുള്ളത് മനപ്പൂർവം ചെയ്യുന്ന കേസിൽ ശിക്ഷ കർശനമാക്കുക എന്നതാണ് കാരണം അവനറിയാമല്ലോ ഞാൻ ഇത് വിൽക്കുമ്പോൾ അത് വാങ്ങുന്ന ആളിന്റെ ശരീരത്തിൽ ഞാൻ കൊടുക്കുന്ന വിഷാംശം ദോഷമായി തീരുമെന്ന്. അതേ പോലെ തന്നെ അവനറിയാമല്ലോ എന്റെ സൂക്ഷ്മതക്കുറവ് കൊണ്ട് അപരന് ആപത്ത് സംഭവിക്കുമെന്ന് ആ മനോഭാവം ഭീകരമാണ്` അതിന് അർഹിക്കുന്ന ശിക്ഷ തന്നെ വേണം.
No comments:
Post a Comment