Thursday, May 19, 2022

ജെ.സി ഡാനിയലും റ്റി.കെ. പരീക്കുട്ടിയും

 1928--29 കാലത്ത് ജെ.സി. ഡാനിയൽ വിഗത കുമാരൻ സിനിമ എടുത്തു. 1954 വർഷത്തിൽ ചന്ദ്ര താരാ പ്രോഡക്ഷന്റെ ഉടമസ്ഥൻ റ്റി.കെ.പരീക്കുട്ടി “നീലക്കുയിൽ സിനിമായും  നിർമ്മിച്ചു. 26 വർഷങ്ങളിലെ വ്യത്യാസത്തിൽ നിർമ്മിച്ച ഈ ചലച്ചിത്രങ്ങളിൽ രണ്ടിലും ദലിത് സാന്നിദ്ധ്യമുണ്ടായിരുന്നു. ആദ്യത്തേതിൽ  ദലിത് സ്ത്രീയായ നടി റോസി സവർണയായി വേഷമിട്ടു. രണ്ടാമത്തേതിൽ സവർണയായ (ക്രിസ്ത്യാനി) സ്ത്രീ മിസ് കുമാരിയെന്ന ത്രേസ്യ ദലിത് വേഷമിട്ടു. ആദത്തെ സിനിമ പ്രദർശിപ്പിച്ച തിരുഅനന്തപുരത്തെ  ജൂപിറ്റർ സിനിമാ കൊട്ടക ജന രോഷത്താൽ തല്ലി പൊളിക്കപ്പെട്ടു. റോസി   വീട് അഗ്നിക്കിരയാക്കപ്പെട്ടതിനാൽ നന്ദൻ കോട് നിന്നും നാഗർ കോവിൽ വരെ ജീവനും കൊണ്ട് ഒരു ലോറി ഡ്രൈവറുടെ സഹായത്താൽ രക്ഷപ്പെട്ടു. അവരുടെ ശിഷ്ട കാലം എന്തായെന്നു ഇന്നും  ശരിയായ അറിവുകളില്ല അഭ്യൂഹങ്ങൾ മാത്രം. സിനിമാ നിർമ്മിച്ച ഡാനിയൽ പ്രമാണിമാരുടെ വധഭീഷണിയിൽ നിന്നും രക്ഷ പെട്ടത്  അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് എൽ.എം.എസ്. ജംഗ്ഷനിലെ ബുക്ക് സ്റ്റാൾ ഉടമസ്ഥന്റെ ഇംഗ്ളീഷ് റസിഡന്റുമായുള്ള അടുപ്പത്താൽ മാത്രം. എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ട് അവസാന കാലം സ്വദേശമായ അഗസ്തീശ്വരത്തിൽ ദുരിതത്തിൽ കഴിച്ച് കൂട്ടിയ അദ്ദേഹത്തിന്റെ പേർ മാത്രം മരണ ശേഷം മലയാളികൾ അവാർഡിനുപയോഗിച്ചു.

രണ്ടാമത്തെ സിനിമ നീലക്കുയിൽ പ്രസിഡന്റിന്റെ അവാർഡ് വരെ വാങ്ങിക്കൂട്ടി. അത് വരെയുള്ള കളക്ഷൻ റിക്കാർഡ്കൾ തിരുത്തി. തീയേറ്ററുകൾ കാണികളാൽ പ്രത്യേകിച്ച് സ്ത്രീകളുടെ  പ്രവാഹത്താൽ  നിറഞ്ഞൊഴുകി. നിർമ്മാതാവിന് കനത്ത ലാഭം കിട്ടി. രണ്ട് സംവിധായകന്മാർ ഒരുമിച്ച് സംവിധാനം ചെയ്ത പടമെന്ന ഖ്യാതിയും നേടി ( രാമു കാര്യാട്ട്, പി.ഭാസ്കരൻ) ഗാനങ്ങൾ 68 കൊല്ലത്തിനു ശേഷവും ജനത്തിന്റെ നാവുകളിലുണ്ട്. ( കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, മാനെന്നും വിളിക്കില്ല,  തുടങ്ങിയവ) ) 

ആദ്യത്തെ പടത്തിൽ നടിയുടെ തലയിലെ പൂവ് നായകൻ പരസ്യമായി എടുക്കുന്ന സീനുള്ളതാണ് പ്രകോപനത്തിനു കാരണമായി പറയുന്നത്.“ എന്നാൽ പിന്നെ ആണും പെണ്ണുമായുള്ള എല്ലാ കാര്യങ്ങളും അങ്ങ് കാണീച്ചൂടേ?“ എന്ന് പ്രമാണിമാർ ചോദ്യം ചെയ്തു.  മാത്രമല്ല ഒരു ദളിത് സ്ത്രീ, മേൽ ജാതിക്കാരി ആയി വേഷമിട്ടു എന്ന ഘോര അപരാധവും സിനിമയിൽ. ചെയ്തു.

രണ്ടാമത്തെ പടത്തിൽ ഗാന രംഗങ്ങളിലും അല്ലാതെയും സ്ത്രീ പുരുഷ സ്പർശവും കെട്ടിപ്പിടുത്തവും ഗർഭം ധരിപ്പിക്കലും ഉപേക്ഷിക്കലും പരസ്യമായ പ്രേമ രംഗങ്ങളും സുലഭം. ജനം അതങ്ങ് ശരിക്കും ആസ്വദിച്ചു.

 മുകളിൽ കാണിച്ച യാഥാർത്ഥ്യങ്ങളുടെ  വെളിച്ചത്തിൽ  ഇരുപത്തി ആറ് വർഷത്തിനിടയിൽ കേരള സമൂഹത്തിൽ ആദ്യത്തെ സിനിമാ യും   രണ്ടാമത്തെ സിനിമയും പുറത്ത് വന്നപ്പോൾ പ്രേക്ഷകരിൽ ചുരുങ്ങിയ കാലയളവിൽ ഇത്രയും മാറ്റം സംഭവിക്കാൻ ഇടയാക്കിയ ഘടകങ്ങൾ രാഷ്ട്രീയമായും സാമൂഹ്യമായും ഭരണപരമായും എന്തൊക്കെയാണ് ഉണ്ടായത് എന്ന് ശരിക്കും ഒരു പഠന വിഷയമാക്കേണ്ടതല്ലേ?  അതിന് വേണ്ടിയാണ് ഈ കുറിപ്പുകൾ...







No comments:

Post a Comment