വിസ്മയ കേസിന്റെ അലയൊലികൾ തീർന്നു കഴിഞ്ഞു. മാധ്യമ പ്രവർത്തകർ ആശ്വാസ പൂർവം നെടുവീർപ്പിട്ടു. കാരണം അവരാണല്ലോ ഏതൊരു കേസിന്റെയും വിധി കോടതിക്ക് മുമ്പ് തീരുമാനിക്കേണ്ട വിധം പൊതു ബോധം സൃഷ്ടിച്ചെടുക്കാനായി പുറകിൽ നിന്ന് പ്രവർത്തിക്കുന്നത്. അവർക്ക് ഇനി അടുത്ത കേസിന് പുറകേ പോകാം.
വിസ്മയ കേസിലെ വിധി സമൂഹത്തിന് ഒരു പാഠമാണെന്ന സന്ദേശം നൽകുന്നു എന്ന് നിയമ വൃത്തങ്ങൾ പറയുന്നതായി പത്രങ്ങളും ചാനലുകളും ഘോഷിക്കുന്നു. ഈ വിധി വന്നതിന് ശേഷം സ്ത്രീധന പീഡനം അവസാനിക്കുകയും സ്ത്രീ വർഗത്തിൽ തന്നെ പെട്ട അമ്മായി അമ്മമാർ മകന് വേണ്ടി കോടികൾ ആവശ്യപ്പെടുന്നതും പെണ്ണിന്റെ മെയ്യാഭരണങ്ങളും കുടുംബ ഓഹരിയും അളന്ന് നോക്കൽ അവസാനിപ്പിക്കുകയും ചെയുന്നു എങ്കിൽ ആ സന്ദേശം നൽകുന്ന വിധി എത്ര പ്രയോജനകരമാണ് അത്.അങ്ങിനെ തന്നെ ഭവിക്കട്ടെ എന്ന് നമുക്ക് ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്യാം.
എന്നാൽ ഈ വിധിയിൽ മറ്റൊരു സന്ദേശം അടങ്ങിയിരിക്കുന്നു എന്ന് എല്ലാവരും മനപൂവം വിസ്മരിക്കുന്നു. കേസിലെ നാൾവഴി ആദ്യം മുതൽ നിരീക്ഷിക്കുന്ന ഏതൊൾക്കും ആ സത്യം തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. ആ സത്യം മനസിലാക്കിയിരുന്നെങ്കിൽ പാവം ആ പെൺകുട്ടി ഇന്നും ജീവിച്ചിരുന്നേനെ. പരസ്പര ആശയ വിനിമയം മുമ്പത്തേക്കാളും എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഈ ആധുനിക കാലത്ത് ദുഷ്ടനും ധനാർത്തി മൂത്തവനുമായ ആ ഭർത്താവിന്റെ നിരന്തരമായ പീഡനം ആ കുട്ടിക്ക് സ്വന്തം രക്ഷിതാക്കളുമായി പങ്ക് വെച്ച് ആ കശ്മലന്റെ പീഡനത്തിൽ നിന്നും രക്ഷപെടാൻ എത്രയോ എളുപ്പം സാധിക്കുമായിരുന്നു. മാത്രമല്ല ആ കുട്ടി വിദ്യാ സമ്പന്നയാണ്, വെറും പൊട്ടിപ്പെണ്ണുമല്ല. പിതാവ് നൽകിയ മൊഴിയിൽ കുട്ടി പീഡന വിവരം നിരന്തരം ഫോൺ ചെയ്തു പറഞ്ഞിരുന്നു എന്ന് പറഞ്ഞതാണല്ലോ കേസിന്റെ പ്രധാന തെളിവായി കണക്കിലെടുത്തത്. കുട്ടിയെ ഉപദ്രവിക്കുന്നതിന് ഒരു കാരണം തന്നെ വീട്ടിലേക്ക് എപ്പോഴും ഫോൺ ചെയ്യുന്നു എന്നതുമായിരുന്നല്ലോ.
സമൂഹത്തിലെ ചില കാഴ്ചപ്പാടുകളാണ് ഇവിടെ പ്രതിബന്ധം സൃഷ്ടിക്കുന്നത്. കെട്ടിച്ചയച്ച പെണ്ണ് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നു എന്നത് ഏതോ വലിയ നാണക്കേടായി സമൂഹം കാണുന്നു. മനുഷ്യൻ ചന്ദ്രനിൽ താമസിക്കാൻ തയാറെടുക്കുന്ന ഈ കാലത്തും ഇ പ്രകാരം പൊള്ളയായ ചില കാഴ്ചപ്പാടിൽ അഭിരമിക്കുന്ന രക്ഷിതാക്കൾ കെട്ടിച്ചയക്കുന്ന വീട്ടിലെ പീഡനം അറിയിക്കുന്ന പെൺകുട്ടിയൊട് “ക്ഷമിക്ക് മോളേ!...ക്ഷമിക്ക്..“ എന്ന് ഗുണദോഷിക്കുന്നതിനെ തീർച്ചയായും പിൻ താങ്ങുന്ന ഒരു വ്യക്തിയാണ് ഈ കുറിപ്പ്കാരൻ. പക്ഷേ അത് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനവും ആഴവും മനസിലാക്കി വേണമെന്ന് മാത്രം. തുമ്മുന്നതിനും തുടക്കുന്നതിനും പരാതി പറയുന്നത് പോലല്ല, ധനാർത്തി മൂത്ത് ശാരീരികവും മാനസികവുമായ പീഡനത്തെ കാണേണ്ടത്. ഇവിടെ രക്ഷിതാക്കൾ കുട്ടിയുടെ പരാതിയുടെ ആഴം തീരിച്ചറിഞ്ഞ് സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് യുക്തമായ നടപടികൾ എടുക്കുക തന്നെ ചെയ്യണം. പരാതി കേൾക്കാനും എന്നെ സഹായിക്കാനും ആരുമില്ലാ എന്ന തിരിച്ചറിവ് പെൺകുട്ടിക്കുണ്ടായാൽ അത് പല ദുരന്തത്തിന് കാരണമായി തീരുമെന്ന സന്ദേശവും വിസ്മയ കേസ് നമുക്ക് തരുന്നു.
ഇപ്പോൾ നാട്ടിൽ നിറയെ കുടുംബ കോടതികളും സ്ത്രീധന പീഡന കേസുകൾ കൈകാര്യം ചെയ്യുന്ന ക്രിമിനൽ കോടതികളും നിലവിലുണ്ടായിരിക്കെ പണക്കൊതി മൂത്ത ആ ഭർത്താവിൽ നിന്നും നേരിട്ട പീഡനം അയാളുടെ വീട് വിട്ട് സ്വന്തം വീട്ടിൽ താമസമാക്കി ആ കുട്ടി തന്നെ നേരിൽ കോടതിയിൽ മൊഴി നൽകിയാൽ തീർച്ചയായും ആ കേസ് വിജയിക്കും അപ്പോഴും കേസാന്ത്യത്തിൽ ഇപ്പോൾ കിട്ടിയ പത്ത് വർഷം (ആത്മഹത്യാ പ്രേരണ ഒഴികെ) പല വകുപ്പുകളിലായി തടവ് അയാൾക്ക് കിട്ടുകയും സർക്കാർ ജോലി നഷ്ടപ്പെടുകയും ചെയ്യും. പകരം “ഓ! കോടതി കയറി വർഷങ്ങൾ തള്ളി നീക്കാനും നാണക്കേടാകാനും വയ്യ എന്ന ചിന്ത രക്ഷിതാക്കൾക്ക് ഉണ്ടായാൽ ഈ വക ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കും.
ഇതര കോടതികളേക്കാളും കുടുംബ കോടതികളിലെ തിരക്കും കേസിന്റെ ബാഹുല്യവും സമൂഹത്തിലെ പെൺകുട്ടികൾ നിയമ ബോധം ഉള്ളവരായി തീരുന്നു എന്ന ലക്ഷണം പ്രകടിപ്പിക്കുന്നത് ആശ്വാസകരമായി അനുഭവപ്പെടുന്നു. ഒരു കാര്യം മാത്രം കേസുകളുടെ ബാഹുല്യവും കോടതികളുടെ എണ്ണക്കുറവും ഉണ്ടാക്കുന്ന കാലതാമസം ക്ഷ്മിക്കാൻ കഴിവുണ്ടായിരിക്കണമെന്ന് മാത്രം.
No comments:
Post a Comment