Monday, March 9, 2020

ബി.എസ്.എൻ.എല്ലിന്റെ മരണ മണി മുഴങ്ങി

 ബ്രോഡ് ബാന്റിന്റെ  പ്രതിമാസ വാടക അടക്കാനായി ബി.എസ്.എൻ.എൽ. ഓഫീസിൽ പോയതായിരുന്നു ഞാൻ.
കുത്തക കമ്പനികളോടുള്ള ഇഷ്ടക്കേട് കാരണം  എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും  ഇപ്പോഴും ഞാൻ ബിഎസ്.എൻ.എൽ. വരിക്കാരനായി തുടർന്ന് വരുന്നു..
ഫോൺ ചാർജ് അടക്കാനുള്ളവരുടെ  തിരക്കൊന്നും അനുഭവപ്പെടാതിരുന്നതിനാൽ   കൗണ്ടറിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടത് കൊണ്ടാവാം  മൂന്ന് കസേരക്കപ്പുറത്ത് നിന്നും  ഒരു വനിതാ ജീവനിക്കാരി എഴുന്നേറ്റ്  ഞാൻ നിന്ന കൗണ്ടറിലേക്ക് വന്നു എന്റെ കയ്യിൽ നിന്നും പൈസാ വാങ്ങി  രസീത് പ്രിന്റ് ചെയ്യാൻ തുടങ്ങി.
“ എന്താ ശ്രീമതീ...കസേരകൾ ഒഴിഞ്ഞ് കിടക്കുന്നു, എല്ലാവരും ലീവിലാണോ?“
  പരിചയക്കാരി ആയതിനാൽ  ഞാൻ സൗഹൃദ പൂർവം തിരക്കി.
“അല്ലാ, സർ, ഞങ്ങൾ രണ്ട് പേര് മാത്രമേ ഇപ്പോൾ ഇവിടെ ജോലിക്കുള്ളൂ...ചിലരെ പിരിച്ച് വിട്ടു, ചിലർ സ്വയം പിരിഞ്ഞു, ചിലർ സ്ഥലം മാറി പോയി. ഇപ്പോൾ എല്ലാ ജോലിയും  ഞങ്ങൾ രണ്ട് പേര് കൂടി ചെയ്യുന്നു. രാവിലെ  ആഫീസും ഞങ്ങളാണ് ക്ളീൻ ചെയ്യുന്നത്. ഇല്ലെങ്കിൽ പൊടിയുടെ മുകളിരുന്ന് ജോലി ചെയ്യേണ്ടി വരും....“
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, കൗണ്ടറുകൾ പൊടിയിൽ മുങ്ങിയിരിക്കുന്നു, തറയിൽ പേപ്പർ തുണ്ടുകളും മറ്റും...
ഉപഭോക്താക്കളും അപൂർവം. വിശാലമായ ആഫീസും, കസേരകളും കമ്പ്യൂട്ടറുകളും, പക്ഷേ എല്ലാം ശൂന്യം.
“അപ്പോൾ ഫീൽഡിൽ കേട് പാടുകൾ തീർക്കുന്നവർ.....? ഞാൻ വാചകം മുഴുവാനാക്കിയില്ല.
“ഒന്നോ രണ്ട് പേരുണ്ട്, അവരാലാകുന്നത് ചെയ്ത് കൊടുക്കും, അത്രന്നെ“
 അങ്ങിനെ ബിഎസ്.എൻ. എല്ലിന്റെ...മരണ മണി മുഴങ്ങി തുടങ്ങി.
വർഷങ്ങൾക്കപ്പുറത്തേക്ക് ഓർമ്മകൾ  പാഞ്ഞു. ഒരു കണക്ഷൻ ലഭിക്കാൻ എത്ര തവണ  സർക്കാർ വക ഫോൺ ആഫീസിൽ കയറി ഇറങ്ങി. ആരെയെല്ലാം    കൊണ്ട് ശുപാർശ ചെയ്യിച്ചു . അന്ന് ടെലഫോൺ ആഫീസിലെ ജീവനക്കാരുടെ ഗമ !!!   അതൊന്ന് കാണേണ്ടതായിരുന്നു. ടെലഫോൺ ആഫീസിലാ ജോലിയെന്ന് പറയുന്നത് തന്നെ ഒരു അന്തസ്സായിരുന്നു. സെൻട്രൽ ഗവണ്മെന്റ് ജോലി, കനത്ത ശമ്പളം....എല്ലാം ദാ! തകർന്ന് കിടക്കുന്നു.
കുത്തക കമ്പനികൾ എങ്ങിനെയാണ് സർക്കാർ വക കമ്പനികളെ വിഴുങ്ങുന്നതെന്നുള്ളതിനും  ജീവനക്കാരുടെ തണ്ടും ഗമയും ഭാവവും, അലസതയും  പൊതു ജനങ്ങളോടുള്ള പെരുമാറ്റവും എങ്ങിനെ ഒരു സ്ഥാപനത്തെ നശിപ്പിക്കും എന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ബി.എസ്.എൻ.എൽ.

2 comments:

  1. ഓരോ സർക്കാർ സ്ഥാപനത്തിന്റെയും ഗതിയിതുതന്നെ. ഭാവിയിൽ വില്ലേജ് ഓഫീസുമൊക്കെ സ്വകാര്യ കമ്പനികൾ ഏറ്റെടുക്കുമായിരിക്കും!

    ReplyDelete
  2. സജീമേ! നമ്മുടെയെല്ലാം ബ്ളോഗ് ലോകം മറന്നിട്ടില്ല അല്ലേ! വളരെ സന്തോഷം. മുഖ പുസ്തകത്തേക്കാളും എനിക്കിഷ്ടം കൂടുതൽ ഇവിടെയാണ്.

    ReplyDelete