Monday, March 23, 2020

പണ്ടൊരു വസൂരിക്കാലത്ത്.....

 പണ്ടൊരു വസൂരിക്കാലത്ത്
   “പിള്ളാരായിരുന്നോ അതോ കുരുടനായിരുന്നോ അതോ സ്ത്രീയോ?“
“പിള്ളാരായിരുന്നു എന്നാണ് കേട്ടത്, കടപ്പുറം ആശുപത്രിയുടെ ഇടവഴിയിൽ കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ട് എന്താ പിള്ളാരേ! കരേണത് എന്ന് ചോദിച്ച് അടുത്ത് ചെന്നപ്പോൾ  അവരെ പെട്ടെന്ന് കാണാതായി..അതിന്റെ  പിറ്റേന്ന് പനി തുടങ്ങി.“
‘  പിള്ളേരെ ആണ് കണ്ടതെങ്കിൽ രക്ഷപെടും. ,  പക്ഷേ കണ്ണോ കാതോ എന്തെങ്കിലും പോകും... പക്ഷേ കുരുടനോ കുട്ടയുമായി നിൽക്കുന്ന സ്ത്രീയോ ആണെങ്കിൽ കാര്യം പോക്കാ.... എട്ടിന്റന്ന് തട്ടും“
വളരെ വർഷങ്ങൾക്ക് മുമ്പ്  എന്റെ കുഞ്ഞു പ്രായത്തിൽ  സ്ത്രീകൾ കൂടിയിരുന്നു സംസാരിക്കുന്നത്  ഞാൻ അടുത്ത് നിന്ന് കേട്ടതിലെ  ചില സംഭാഷണ ശകലങ്ങളാണ്  മുകളിൽ കൊടുത്തിരിക്കുന്നത്.
ആലപ്പുഴയിൽ അന്ന് വസൂരി പടർന്ന് പിടിച്ചിരിക്കുന്നു. ഞങ്ങൾ താമസിച്ചിരുന്ന വട്ടപ്പള്ളി പ്രദേശത്ത് പല വീടുകളിലും രോഗം എത്തി ചേർന്നിരുന്നു. ആളുകൾ ഭയന്ന് വീടിന് പുറത്തിറങ്ങാതായി.
പല കഥകളും നാട്ടിൽ പറഞ്ഞ് പറഞ്ഞു ഭയാനകമായി ജനങ്ങൾക്കിടയിൽ പരന്നു. അതിശയം നിറഞ്ഞ കഥകൾ.
രണ്ട് കുട്ടികൾ കരഞ്ഞോണ്ട് നിൽക്കുന്നത് കാണാം അടുത്ത് ചെല്ലുമ്പോൾ  അപ്രത്യക്ഷമാകും. അടുത്തത് ഒരു കുരുടനാണ്. അയാൾ തപ്പി തപ്പി നടക്കും, നമ്മൾ വഴി കാണിക്കാൻ  ചെല്ലുമ്പോൾ അയാളെ കാണില്ല. പിന്നൊന്ന്  ഒരു സ്ത്രീയാണ് ഒരു കുട്ടയുമായി മാനത്ത് നോക്കി നിൽക്കും, അവരെയും അടുത്ത് ചെന്നാൽ കാണില്ല. ഇവരെയെല്ലാം കണ്ടാൽ ദീനം ഉറപ്പായും  ബാധിക്കുമത്രേ!
അതിശയോക്തി നിറഞ്ഞ കഥകൾ  ജനങ്ങളെ ഭയത്തിലാഴ്ത്തി. പെട്ടെന്ന് പെട്ടെന്ന് ഉണ്ടായ മരണങ്ങൾ  കഥകൾക്ക് ഒന്ന് കൂടി ഭീകര ഭാവം  ചാർത്തി.
വാച്ച്കാരി പാത്തുമ്മായിത്തായുടെ മകൻ സമദ് മരിച്ചു, അവൻ എന്റെ പ്രായമായിരുന്നു. അബ്ദുൽ റസാക്ക് സ്രാങ്കിന്റെ അനുജൻ ജബ്ബാറിക്ക മരിച്ചു.ഗുസ്തിക്കാരനെ പോലെയായിരുന്നു അയാളുടെ നെഞ്ച് വിരിവ്, എന്ത് ചെയ്യാം ദീനം  ബാധിച്ചതിന്റെ എട്ടിന്റെ അന്ന് മരിച്ചു. എന്റെ പിതൃ സഹോദരീ പുത്രി പാത്തായിയുടെ മകൾ ഖയറുവിന് ദീനം വന്നു.  ആൾക്ക് ജീവിതം തിരിച്ച് കിട്ടി., പക്ഷേ കണ്ണുകളിൽ പൂവ് പോലെ പാട വന്നു. മുഖം ആസകലം  വസൂരി വന്ന് ഉണങ്ങിയതിന്റെ പാടുകളും ഉണ്ടായി. ഖയറു രോഗം മാറി കുളിച്ച അന്ന് ഞാൻ കാണാൻ പോയി. അവളെ കണ്ട് ഞാൻ ഞെട്ടി. എത്ര സുന്ദരി ആയിരുന്ന ആ ചെറു പെൺ കുട്ടിയുടെ മുടി പറ്റെ വെട്ടി, മുഖത്ത് പാടുകളുമായി എല്ല് പോലെ  മെലിഞ്ഞ് പായിൽ കിടക്കുകയായിരുന്നു. ആ കാഴ്ച കണ്ടതിന്റെ രണ്ടാം ദിവസം എനിക്ക് പനിച്ചു. പക്ഷേ അത് വസൂരി ആയിരുന്നില്ല എങ്കിലും   20 ദിവസം പനിച്ച് കിടന്നു
വസൂരി രോഗം ശക്തിയായ പനിയും ദേഹ വേദനയുമായി തുടങ്ങും, 3--4-- ദിവസം കഴിഞ്ഞ് ശരീരം മുഴുവൻ കുരുക്കൾ പൊങ്ങും  ദിവസങ്ങൾക്കുള്ളിൽ അത് പൊട്ടി അഴുകും ചിലപ്പോൾ മരിക്കും അപൂർവം ചിലർ കണ്ണോ കാതോ നഷ്ടപ്പെട്ട് പിൽക്കാലം കഴിച്ച് കൂട്ടും ഭൂരിഭാഗം മരിക്കും.
വസൂരിക്ക് അന്ന് അലോപ്പതി ചികിൽസയില്ല. അന്ന് പ്രധാനമായി ഹോമിയോ ചികിൽസയായിരുന്നു ഞങ്ങൾ വട്ടപ്പള്ളിക്കാർ  വസൂരിക്ക് എതിരായി  നടത്തിയിരുന്നത്. മധുര ഗുളിക നിറഞ്ഞ വേരിയോളിനം 200 ഹോമിയോ മരുന്ന് കുപ്പി വീട്ടിൽ വാങ്ങി കൊണ്ട് വന്ന് ദീനം ബാധിക്കാതിരിക്കാൻ  ജനങ്ങൾ കഴിച്ചു.ഞങ്ങൾ കുട്ടികൾ ആ ഗുളികകൾ മുതിർന്നവർ കാണാതെ എടുത്ത് കഴിച്ചിരുന്നു.
 ആലിശ്ശേരി വാർഡിലെ ഹോമിയോ ഡോക്ടർ ജോണായിരുന്നു വസൂരി ചികിൽസക്ക് പ്രസിദ്ധൻ.  അസ്ഥിയിൽ നിന്നും മാംസം അഴുകി വീണ കരിഞ്ചപ്പട്ട എന്ന കടുത്ത വസൂരിയും ജോൺ ഡോക്ടറുടെ ചികിൽസ കൊണ്ട് ഭേദമായിട്ടുണ്ട് എന്ന് ജനം പറഞ്ഞു. അദ്ദേഹത്തിന് ഒരു ഭയവും ഇല്ലാതെ തന്റെ സൈക്കിളിൽ രോഗം വന്ന വീടുകളിൽ  ചികിൽസിക്കാൻ പോയിരുന്നത് ഈ കുറിപ്പ്കാരൻ കണ്ടിട്ടുണ്ട്.
ആശുപത്രിയിൽ നിന്നും ആ കാലത്ത് ഹെൽത്ത് ഇൻസ്പക്ടറന്മാർ  വീടുകൾ തോറും കുത്തി വെപ്പിനായി (ഗോവസൂരി പ്രയോഗം)  വരും. ഞങ്ങൾ കുട്ടികൾ അവരെ കണ്ട് കുത്തി വെപ്പിൽ നിന്നും രക്ഷ തേടാൻ പരക്കം പാഞ്ഞു. മാതാ പിതാക്കൾ  കുട്ടികളെ ബലമായി പിടിച്ച് കൊണ്ട് വന്ന് കുത്തി വെപ്പു നടത്തും.

രോഗം പരക്കുന്ന ആ കാലത്ത് മുസലിയാർമാർക്കും  ഉസ്താദ്മാർക്കും ചാകരയാണ്. എല്ലാ വീടുകളിലും അവരെ വിളിച്ച്  ഖുർ ആൻ പാരായണവും  റാത്തീബ് നടത്തലും തകൃതി.
 പറമ്പുകളിലെ ചവറ് കൂനകളും മറ്റ് മാലിന്യങ്ങളും മുനിസിപ്പാലിറ്റിയിൽ നിന്നും കൂലിക്കാർ വന്ന്  തൂത്ത് വാരി തീയിടും.. പരിസരമെല്ലാം ഒരു വിധം ശുദ്ധി ആയി തീരും.
പിള്ളാരെയും  കുരുടനെയും സ്ത്രീയെയും കാണാതിരിക്കാൻ ആളുകൾ ഇടവഴികൾ ഉപേക്ഷിച്ച്  പ്രധാന നിരത്തുകളെ ആശ്രയിച്ചു. അതും പകൽ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആ കാലത്ത് നേരത്തെ തന്നെ രാത്രി എത്തി ചേരുമായിരുന്നു, ആരും പുറത്തിറങ്ങാതായി. കട കമ്പോളങ്ങൾ അടഞ്ഞ് കിടന്നു.
 വസൂരി വന്ന് മരിച്ച ശവങ്ങൾ രാത്രി കാലത്താണ്  അടക്കിയിരുന്നത്. പൊതിഞ്ഞ് കെട്ടി മുസലിം പള്ളിയിലും ഇതര ജാതിക്കാർ വലിയ ചുടുകാടിലും കൊണ്ട് പോയി മറവ് ചെയ്യും. (ഇതിനെ പണ്ടാരക്കെട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്) ചിലതെല്ലാം ജീവനോടെ ചുടുകാട്ടിൽ കൊണ്ടിട്ടെന്നും  അവിടെ കിടന്ന്  അസുഖം മാറി  വീടിൽ തിരിച്ചെത്തിയെന്നും കഥകൾ  ഉണ്ടായി.
വളരെ വർഷങ്ങൾക്ക് മുമ്പ് വന്ന  അന്നത്തെ വസൂരി ബാധക്ക് ശേഷം പിന്നെ വസൂരിയെ പറ്റി കേട്ടിട്ടില്ല. പിൽക്കാലത്ത് എസ്.കെ.പൊറ്റക്കാടിന്റെയും കാക്കനാടന്റെയും നോവലുകളിൽ വസൂരിയെ വായിച്ചതല്ലാതെ ഈ നാട്ടിലെന്നല്ല ലോകത്ത് നിന്ന് തന്നെ വസൂരി നിർമ്മാർജനം ചെയ്യപ്പെട്ടു.
പക്ഷേ ജനം  വസൂരിക്ക് പകരം നിപ്പയെയും  കൊറോണാ ബാധയെയും ഭയക്കാൻ തുടങ്ങി.
നിപ്പാ ബാധ കാലത്ത് കോഴിക്കോട്  വസൂരിക്കാലത്തെ പോലെ  കടകൾ അടച്ചു. നിരത്തുകൾ ജന ശൂന്യമായി. ശവങ്ങൾ ദഹിപ്പിക്കുകയും പള്ളികളിൽ വളരെ ആഴത്തിൽ കുഴിച്ചിടുകയും ചെയ്തു. ആൾക്കാർ മുഖം മൂടി    അണിഞ്ഞ് നടക്കുകയും രോഗികളെ പരിചരിക്കുന്നവർ ബാഹ്യാകാശ ജീവികളുടെ സൂട്ടു ധരിക്കുകയും ചെയ്തു.
 ഇപ്പോൾ കൊറോണയും അതേ ഭീതി ഉളവാക്കുന്നു. പഴയ കാലത്തേക്കാളും  ഭീകരമായി . പക്ഷേ ആധുനിക കാലത്ത് കരയുന്ന കുട്ടികളും കുരുടനും സ്ത്രീയും രോഗത്തിന്റെ ഏജൻസിയുമായി വരുന്നില്ലെന്ന വ്യത്യാസം മാത്രം 

No comments:

Post a Comment