Tuesday, July 30, 2019

കവിയുടെ കാൽപ്പാടുകൾ.....

കവിയുടെ കാൽപ്പാടുകൾ. പി. കുഞ്ഞു രാമൻ നായരുടെ ആത്മകഥ.
1972ൽ പ്രസിദ്ധപ്പെടുത്തിയ  ഈ ആത്മകഥ തേടി  കേരളത്തിന്റെ  വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ വർഷങ്ങളോളം അലഞ്ഞതും  പിന്നീട് തിരുവനന്തപുരം പാളയത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു വഴിയോരക്കടയിൽ നിന്നും അമൂല്യമായ ഈ പുസ്തകം കൈ വന്നതും മുമ്പ് ഞാനിവിടെ കുറിച്ചിരുന്നു.
വർഷങ്ങളോളം എങ്ങും കിട്ടാതിരുന്ന ഈ പുസ്തകം പിന്നീട്  ഡീസി. പ്രസിദ്ധീകരിച്ചു എന്നറിഞ്ഞ് ഉടൻ തന്നെ അത് വാങ്ങി വീണ്ടും വായന തുടങ്ങി. കവിയുടെ കാൽപ്പാടുകളോടൊപ്പം  “എന്നെ തിരയുന്ന ഞാനും“  “നിത്യ കന്യകയെ തേടി“ എന്നീ രണ്ട് പുസ്തകങ്ങളും കൂടി  ചേർത്ത് പി. കുഞ്ഞിരാമൻ നായരുടെ  മൂന്ന് ആത്മകഥകളും ഒറ്റ പുസ്തകമാക്കിയാണ് ഡീ.സി. ഈ തവണ പ്രസിദ്ധീകരിച്ചത്. പേജ് 710. വില 650 രൂപാ.
മുന്തിരിപ്പഴം  വായിലിട്ടാൽ  പെട്ടെന്ന് അലിഞ്ഞ് അതിന്റെ രുചി ആസ്വദിക്കാൻ കഴിയുമെങ്കിലും കൽക്കണ്ടം ആസ്വദിക്കണമെങ്കിൽ അത് വായിലിട്ട് കടിച്ച് പൊട്ടിച്ച്  കുറേ ശ്രമം നടത്തണം; പക്ഷേ ആ രുചി, ആ മധുരം  അത് വിവരണാതീതമാണ്. “കവിയുടെ കാൽപ്പാടുകൾ“ കൽക്കണ്ടമാണ്.

അയഞ്ഞ് തൂങ്ങിയ  ജൂബായുടെ  ഒരു കീശയിൽ കപ്പലണ്ടിയും മറ്റേ കീശയിൽ കൽക്കണ്ട തുണ്ടുകളും പേറി  മലയാള നാട്ടിൽ  ഒരു അവധൂതനെ പോലെ അലഞ്ഞ് തിരിഞ്ഞ ഈ മനുഷ്യന്റെ  ആത്മകഥ ഒരു നോവൽ വായിക്കുന്നത് പോലെ  ആസ്വദിക്കാൻ കഴിയും. കവിത എഴുതുന്ന ആൾ ഗദ്യം എഴുതിയാൽ എങ്ങിനെ ഇരിക്കുമോ  അതാണ് ഈ പുസ്തകം. എന്തൊരു സൗന്ദര്യം വാക്കുകൾക്ക്.
സ്വന്തം അനുഭവങ്ങളാണ് വിഷയം.  അതിത്രക്ക് സത്യസന്ധമായി എഴുതിയ വേറൊരാൾ  ഉണ്ടാകുമോ എന്ന് സംശയം തോന്നി പോകുന്നു.
ആത്മ കഥ എന്നതിലുപരി ആത്മ വിമർശം എന്ന് പറയുന്നതാണ് ശരി.
തന്റെ  സ്വകാര്യതയെ പച്ചക്ക് വിവരിക്കുക, സുന്ദരമായ ഭാഷയിൽ.

സംബന്ധം ചെയ്തിട്ടില്ല എല്ലാം അസംബന്ധങ്ങളായിരുന്നു എന്ന് കവി പറയുന്നു, അതിന്റെ എണ്ണവും പറയുന്നു  .അങ്ങിനെഉള്ള ഒരാൾക്ക് പറ്റുന്ന അമളി എത്ര തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കൂ....

” രാത്രി വണ്ടിയിറങ്ങി മുല്ലക്കലെത്തി....
ടീച്ചർ മണത്തറിഞ്ഞു, അചു എഴുത്തഛനെ തുണ കൂട്ടി  മുല്ലക്കലെത്തി..അകലെ നിന്ന് ആ വരവ് കണ്ട  രാജലക്ഷ്മി പറഞ്ഞു, ...ടീച്ചർ വരുന്നു.
ഓടിയിറങ്ങി  പടിക്കൽ പാടത്തെ പഴം പിടിച്ച നെല്ലിൽ  ഒളിച്ചിരുന്നു.മണ്ണട്ടകൾ കൂവി. കവി  നെല്ലറയിൽ....കവി നെല്ലറയിൽ...
ടീച്ചർ വീട്ടിൽക്കയറിയതക്കം നോക്കി  ...മംഗലത്ത് വീട്ടിലെത്തി  തിണ്ണയിൽ വേഷ്ടി മൂടി പുതച്ച്  കിടന്ന് കൂർക്കം വലിച്ചു.....
എട്ട് മാസം വയറ്റിലുള്ള ടീച്ചർ.....മഞ്ഞക്കിളിയായി പാറിക്കളിക്കുന്ന രാജലക്ഷ്മി...
അവർ കീരിയും പാമ്പുമായി ഒരുച്ച നേരത്ത്  പാടത്ത് വെച്ച് കടുത്ത വാക്സമരം  നടന്നു.
ടീച്ചർ താക്കീത് ചെയ്തു.ഇനി മുല്ലക്കൽ പടി കയറുന്ന  ദിവസം..ഇവിടെക്കേറി വരുമ്പോൾ  അമ്മുക്കുട്ടി ടീച്ചറുടെ ശവം  കാണാം.
പിന്നീട് മുല്ലക്കൽ  പടി കണ്ടില്ല....“

ആളറിയാതെ കവിയെ പോലീസ്  പിടിച്ച് സ്റ്റേഷനിൽ കൊണ്ട് പോയ അനുഭവം എത്ര രസകരമായി വർണിച്ച്  അവസാനം സബ് ഇൻസ്പക്ടർ  ആളെ മനസിലായി കഴിഞ്ഞപ്പോൾ  കവി എഴുതിയ പുസ്തകം പാഠ പുസ്തകമായി  പഠിച്ചാണ് താൻ ജയിച്ചത് എന്ന് പറഞ്ഞത് കേട്ട്  കവിയുടെ സ്വഗതം ഇങ്ങിനെ

”ഈ നാട്ടിലെ എഴുത്ത്കാരന്റെ നഗ്ന ചിത്രം കണ്ടില്ലേ..പുസ്തകം പഠിച്ച് ഉദ്യോഗത്തിൽ കയറിയവൻ  അധികാരക്കസേരയിൽ ഞെളിഞ്ഞിരിക്കുന്നു, ആ പുസ്തകം എഴുതിയവൻ  പുറത്ത് പൊട്ടിയ വെട്ടു കല്ലില്പറ്റിയിരിക്കുന്നു....“

പുസ്തകത്തിലുടനീളം പ്രകൃതി വർണന തന്നെയാണ്,  അതാണല്ലോ കവിയുടെ സവിശേഷതയും. ഒരു ചെറിയ ഉദാഹരണം.
“ദൂരെ  മരങ്ങൾക്കിടയിൽ അമിട്ട് പൊട്ടിത്തെറിച്ച വൃശ്ചിക മാസ സന്ധ്യ, പറക്കുന്ന വെള്ള കൊറ്റികൾ..വെണ്മേഘങ്ങൾ....താഴെ പച്ച വയൽ...തുരുത്തിൽ പഴയന്നൂർ അന്നപൂർണേശ്വരീ ക്ഷേത്രദീപം.....“

വായിച്ച് കഴിയുമ്പോൾ  മനസ്സ് നിറയെ വിവരിക്കാനാവാത്ത വികാര വിചാരങ്ങൾ....
ഈ പുസ്തകം  അമൂല്യമാണ് തീർച്ച.....

No comments:

Post a Comment