ആ വർഷകാലത്തെ ദിവസങ്ങളിലെല്ലാം കനത്ത മഴയായിരുന്നു. കർക്കിടകം തകർത്ത് പെയ്തു. കരിമേഘം കൊണ്ട് പകൽ കറുത്തിരുണ്ടപ്പോൾ രാത്രി കുറ്റാകുറ്റിരുട്ടായി.
ഗതകാലത്തിലെ ആ കറുത്ത രാത്രിയിൽ ഞങ്ങളുടെ വീടിന് സമീപം നിന്ന് അസുമാ താത്തായുടെ വിളി ഉയർന്നു..
“സുഹറായേ! എടീ സുഹറായേ.....“
രാത്രിയിലെ ആ വിളി കേട്ട് എന്റെ ഉമ്മാ സുഹറാ പുറത്തിറങ്ങി. മൂന്ന് നാല് വീട് അപ്പുറത്ത് താമസിക്കുന്ന അസുമാ താത്താ ഞങ്ങളുടെ ബന്ധുവും കൂടിയാണ്.
“നിന്റെ മോന് എന്തിന്റെ സൂക്കേടാ, അവനെ പിടിച്ച് നീ പെണ്ണ് കെട്ടിക്ക് “
അസുമാ താത്താ ഉറക്കെ പറഞ്ഞു.
“എന്താ താത്താ അവൻ എന്ത് ചെയ്തു...?“
പന്ത്രണ്ട് വയസ്സ്കാരനായ എന്നെ പിടിച്ച് പെണ്ണ് കെട്ടിക്കാൻ ഈ രാത്രിയിൽ ശുപാർശ ചെയ്യുന്നതിന്റെ ഗുട്ടൻസ് അറിയാതെ ഉമ്മ പരുങ്ങിയപ്പോൾ അസുമാ താത്താ പറഞ്ഞു.
“ ഈ രാത്രിയിൽ മനുഷേര് ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടിക്കിടന്ന് ഉറങ്ങാൻ തരം നോക്കുന്ന നേരം അവനും കൂട്ടുകാരും കൂടി കുളത്തിൽ ചാടി കുളിക്കുന്നത് എന്ത് സൂക്കേടാടീ.. വെള്ളത്തിലെ ബഹളം കേട്ട് ഞങ്ങളെല്ലാം പേടിച്ച് ഹലാക്കായി ചെന്ന് നോക്കിയപ്പോൾ എല്ലാവനും കൂടി കുളത്തിൽ തകർത്ത് വാരുന്നു....“
ഇതെല്ലാം കേട്ട് ഞാൻ വീടിനടുത്ത പൂവരശ് മരത്തിന്റെ ചുവട്ടിൽ ഒളിച്ച് നിൽക്കുകയായിരുന്നു. അസുമാ താത്താ പോയതിന് ശേഷം വീട്ടിൽ കടന്ന് ചെന്ന എനിക്ക് വാപ്പായുടെ വക അടി ശരിക്ക് കിട്ടിയത് ബാക്കി ചരിത്രം.
എന്തിനാണ് ഞങ്ങൾ കുളത്തിൽ ചാടിയത്.
പകൽ ആ കുളത്തിൽ ചാടാനോ തകർത്ത് വാരാനോ അസുമാ താത്താ സമ്മതിക്കില്ല. കുളം കാണുമ്പോൾ ആവേശം പൊന്തി വരും, ചാടാൻ, നീന്തി തുടിക്കാൻ പക്ഷേ ആ സ്ത്രീ സമ്മതിക്കില്ല. എങ്കിൽ രാത്രി ആരുമറിയാതെ കുളത്തിൽ ഇറങ്ങി തകർത്ത് വാരാമെന്ന് കരുതി. കൂട്ടുകാരും ബന്ധുക്കളുമായ റഷീദും ഗഫൂറും അബ്ദുൽ സലാമും കൂടി ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു ഈ രാത്രി കുളി. പക്ഷേ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ ആവേശം അതിര് വിട്ടു. പിന്നെ ബഹളമായി. കുളത്തിന്റെ നാല് പക്കത്തുള്ളവർ വിരണ്ടു. കുളത്തിൽ രാത്രി കുട്ടിച്ചാത്തൻ ഇറങ്ങിയോ?!
അസുമാ താത്താ മണ്ണെണ്ണ വിളക്കും കത്തിച്ച് കുളത്തിലേക്ക് വന്നപ്പോൾ ഞങ്ങൾ പാഞ്ഞൊളിച്ചു. എന്നെ അവർ തിരിച്ചറിഞ്ഞിരുന്നു, അതാണ് രാത്രിയിൽ തന്നെ ഉമ്മായെ വിളിച്ച്പരാതി പറഞ്ഞതിന്റെയും ഈ പന്ത്രണ്ട് വയസ്സുകാരനെ പെണ്ണ് കെട്ടിക്കാൻ ശുപാർശ ചെയ്തതിന്റെയും കാരണം.
മഴക്കാലം അത്രക്ക് സന്തോഷമാണ് ഞങ്ങൾക്ക് തന്നിരുന്നത്. ആലപ്പുഴയിൽ വട്ടപ്പള്ളി ഭാഗത്ത് ഓരോ പറമ്പിലും അന്ന് ഓരോ കുളമുണ്ടായിരുന്നു. ആ കുളങ്ങളെല്ലാം പറമ്പിന്റെ ഉടമസ്ഥരുടെ പേരിൽ അറിയപ്പെട്ടു. അസുമാത്തായുടെ കുളം, മീരാമ്മാത്തായുടെ കുളം, അക്കായുടെ കുളം, ചൊന്നാര് മാമായുടെ കുളം, കാർത്യായിനിയുടെ കുളം..അങ്ങിനെ പോകുന്നു, കുളങ്ങളുടെ പേരുകൾ. മഴ വരുമ്പോൾ ഈ കുളങ്ങൾ നിറയും . ഉടമസ്ഥർ കാണാതെ അതിൽ ഇറങ്ങി പതച്ച് നീന്തുക, ചൂണ്ട ഇട്ട് മീൻ പിടിക്കുക, ഉടമസ്ഥർ പാഞ്ഞ് വരുമ്പോൾ അവരെ കളിയാക്കി ഓടുക, ഇതെല്ലാം വർഷകാലത്തെ ഞങ്ങളുടെ സ്പഷ്യൽ പരിപാടികളായിരുന്നല്ലോ. മഴക്കാർ മാനത്ത് കാണുമ്പോൾ മയിലുകൾ മാത്രമല്ല ഞങ്ങളും ആനന്ദ നൃത്തം ചെയ്തിരുന്നു.
കാലം ചെന്നപ്പോൾ കുളങ്ങളെല്ലാം മണ്ണിട്ട് നികത്തി വീടുകളായി. വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ വട്ടപ്പള്ളിയിൽ പോയപ്പോൾ അന്നത്തെ രാത്രിയുടെ ഓർമ്മക്ക് അസുമാ താത്തായുടെ കുളം കാണാൻ ഞാൻ പോയി. അവിടെ ഒരു പുതിയ കെട്ടിടം നിൽക്കുന്നു. പണ്ടവിടെ ഒരു കുളം ഉണ്ടായിരുന്നെന്നും ഈയുള്ളവനും കൂട്ടുകാരും കൂടി രാത്രി സമയത്ത് കുളത്തിലിറങ്ങി ആൾക്കാരെ വിരട്ടിയെന്നും ഉള്ള കഥകൾ ഒന്നുമറിയാതെ ആ വീട്ടിൽ അടുത്ത തലമുറ സുഖമായി കഴിയുന്നു. എല്ലാ കുളങ്ങളും മണ്ണിട്ട് നികത്തി വീടുകളായി പരിണമിച്ചിരിക്കുന്നു.
ഇന്ന് അസുമാ താത്തയുമില്ല, അന്നത്തെ ബാല്യകാല സുഹൃത്തുക്കൾ ആരുമില്ല., ഇന്നത്തെ തലമുറക്ക് ചൂണ്ടയുമില്ല, ബാല്യകാല സൗഹൃദങ്ങളും കുസൃതികളും ഇല്ല, എല്ലാം മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മൊബൈലിൽ തലകുനിച്ചിരുന്നു തോണ്ടുന്ന ഇന്നത്തെ കുട്ടിക്ക് എന്ത് കർക്കിടകം എന്ത് ഇടവപ്പാതി.
പകൽ വെളിച്ചം അൽപ്പം പോലുമില്ലാതെ കറുത്തിരുണ്ട ഇന്നത്തെ ഈ കർക്കിടക സായാഹ്നത്തിൽ ദൂരെ കുന്നുകൾക്ക് മീതെ മഴ ആർത്ത് പെയ്തു കൊണ്ടിരിക്കുന്നത് നോക്കി ഇരുന്നപ്പോൾ ഒരു ചൂണ്ട കിട്ടിയിരുന്നെങ്കിൽ ഏതെങ്കിലും കുളത്തിലോ തോടിലോ ചാടി പതച്ച് നീന്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.
No comments:
Post a Comment