Thursday, May 9, 2019

പ്രേമത്തിന്റെ ബിരിയാണി പൊതി.

പട്ടിണിക്കാലത്തായിരുന്നു അന്ന് നോമ്പ്.
ചക്കര ചായയും  ഒരു വെള്ളയപ്പവും കൊണ്ട്  നോമ്പ് തുറന്നിട്ട്  രാത്രി  മൂന്ന് മണിക്ക് കിട്ടുന്ന റേഷനരി ചോറിന്റെ  ഇടയത്താഴവും പ്രതീക്ഷിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന ഉറക്കം വരാത്ത രാവുകൾ.
ഞങ്ങൾക്ക് മാത്രമല്ല, നാടൊട്ടുക്ക്  പട്ടിണിയും പരിവട്ടവും തന്നെയായിരുന്നല്ലോ ആ കാലഘട്ടം നൽകിയിരുന്നത്.
അന്നത്തെ ദിവസം   നോമ്പ് തുറന്നത് ഒരു ചെറിയ പഴം കൊണ്ട് മാത്രം. പതിവ് ചക്കര ചായയുമില്ല വെള്ളയപ്പവുമില്ല. മണി ഒൻപത് കഴിഞ്ഞു. പുറത്ത് പൂ നിലാവ് പരന്നൊഴുകിയിരുന്നെങ്കിലും അതിലൊന്നും മനസ്സ് ചെല്ലാതെ  ഈ പതിനാറ്കാരൻ  വിശന്ന് പൊരിഞ്ഞ്  ചായ്പ്പിൽ കമഴ്ന്ന് കിടന്നപ്പോൾ പുറത്ത് വേലിക്കൽ നിന്നും “ശൂ“ എന്ന അടയാള ശബ്ദം കേട്ടു.
 അത് അവളാണ്.
പതിവില്ലാത്തവണ്ണം ദേഷ്യവും സങ്കടവും തോന്നി. വയറു പൊരിയുമ്പോഴാണ് അവളുടെ ഒരു “ ശൂ “. എങ്കിലും ഞാൻ എഴുന്നേറ്റ് വേലിക്കൽ ചെന്നപ്പോൾ  വേലിക്ക് മുകളിലൂടെ  അവൾ ഒരു പൊതി നീട്ടി.
 “ബാപ്പ, കല്ല് പാലത്തിനടുത്ത് ഏതോ പണ്ടകശാല മുതലാളിയുടെ  നോമ്പ് തുറക്ക് ബിരിയാണി വെക്കാൻ പോയി, അവിടെന്ന്  കൊണ്ട് വന്ന ബിരിയാണിയിൽ എനിക്ക് കിട്ടിയ പങ്കാണിത്.“ അവൾ പറഞ്ഞു.
എന്തെന്നില്ലാത്ത സന്തോഷത്താൽ അവളെ കെട്ടിപ്പിടിക്കണമെന്നൊക്കെ തോന്നിയെങ്കിലും  വിശപ്പിന്റെ ആധിക്യത്താൽ  പൊതിയും കൊണ്ട് ചായ്പ്പിന്റെ ഉള്ളിലേക്ക് ഞാൻ വലിഞ്ഞു. അൽപ്പ നേരം കൊണ്ട് പൊതി കാലി ആയി. അപ്പോൾ വേലിക്കൽ നിന്നും വീണ്ടും കേൾക്കാം “ശൂ“
ആൾ പോയില്ലേ? ഞാൻ അങ്ങോട്ട് ചെന്നു,
“എല്ലാം തിന്നോ? അവൾ തിരക്കി.
 “തിന്നു“ സന്തോഷത്തോടെയായിരുന്നു എന്റെ മറുപടി.
“ഇത്തിരി പോലും എനിക്ക് വേണ്ടി ബാക്കി വെച്ചില്ലേ?“ അവളുടെ ചോദ്യം.
“നീ, തിന്നില്ലായിരുന്നോ ..“ ഒരു ഞെട്ടലോടെയായിരുന്നു എന്റെ ചോദ്യം.
“ എനിക്ക് വേണ്ടി ഇത്തിരി ബാക്കി വെക്കൂന്ന്  കരുതി,  ആ ബാക്കി തിന്നാനൊരു കൊതി...“
“നോമ്പ് തുറന്നപ്പോൾ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.
“ഇല്ല, ഇന്നലെയും ഒന്നും ഇല്ലായിരുന്നു, ഇന്നലെ ഇടയത്താഴത്തിന് റേഷൻ അരി കഞ്ഞി ആയിരുന്നു“
“നീ  തിന്ന് കഴിഞ്ഞ് ബാക്കി കൊണ്ട് വന്നാൽ  പോരായിരുന്നോ“ എന്റെ സ്വരത്തിൽ പരിഭവവും  കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു
‘അതെങ്ങിനാ, ഇവിടെ ഒരാൾ ഒന്നും കഴിക്കാതിരിക്കുമ്പോൾ എനിക്കെങ്ങിനെ  തിന്നാൻ ഒക്കും“ ആ സ്വരത്തിൽ വിങ്ങൽ ഉണ്ടായിരുന്നോ
“ഛേ!!!“ എന്റെ ആർത്തിയോട്  സ്വയം എനിക്കുണ്ടായ അവജ്ഞയും പ്രതിഷേധവും  വിഷമവും   എന്നിൽ നിന്നും  ഞാൻ അറിയാതെ  ആ ഒരു വാക്കിലൂടെ പുറത്ത് വന്നു.
“അത് സാരമില്ല, അവിടെ വയറ് നെറഞ്ഞപ്പം  എന്റേം വയറ്  നെറഞ്ഞ്“ അവൾ പറഞ്ഞു
 കുഞ്ഞും നാൾ മുതൽ അവൾ അങ്ങിനെ ആയിരുന്നല്ലോ,അവൾക്ക് എന്ത് കിട്ടിയാലും  അത് എനിക്ക് കൊണ്ട് തരുമായിരുന്നു.
“ എന്നാലും വിശന്നിരുന്ന നിനക്ക് ഇത്തിരി പോലും തരാതെ  നിന്റെ ചോറ് ഞാൻ....ഛേ!!! ഞാൻ പിന്നെയും പറഞ്ഞു.  കഴിച്ചതെല്ലാം  അപ്പോൾ തന്നെ ദഹിച്ചത് പോലെ എനിക്ക് തോന്നി.
പിന്നെത്രയോ നോമ്പ് കാലം വന്ന് പോയി.
ഇന്ന് എന്റെ ആ വീടില്ല,അവളുടെ വീടുമില്ല,
കാലമെന്ന ചൂണ്ടലിൽ കൊരുത്ത്  ഞങ്ങൾ  ഇരുവരും പല തീരങ്ങളിലേക്ക് വലിച്ച് കയറ്റപ്പെട്ട്  പരസ്പരം പിരിഞ്ഞ് ജീവിക്കാനായിരുന്നു വിധിയെങ്കിലും  നോമ്പ് കാലമാകുമ്പോൾ  അന്നത്തെ ഓർമ്മ  ഉള്ളിലേക്ക് കടന്ന് വരും. ലോകത്തിന്റെ ഏതോ കോണിൽ എന്നെ പറ്റി  ഓർമ്മിച്ചോ ഓർമ്മിക്കാതെയോ കഴിയുന്ന അവളുടെ മനസ്സിൽ അന്നത്തെ പൂ നിലാവും ആ ബിരിയാണി പൊതിയും ഇപ്പോഴും ഉണ്ടാകുമോ എന്തോ? എന്നാലും  ഓരോ നോമ്പ് കാലം കടന്ന് വരുമ്പോഴും  എന്റെ  ഉള്ളിൽ ഇരുന്ന് ആരോ ഛേ! എന്ന് പറഞ്ഞ് പോകുന്നു.

2 comments:

  1. As usual...touching...great writing...congratz..

    ReplyDelete
  2. നന്ദി...ഒരുപാട്...ഒരുപാട്....Thadhagadhan

    ReplyDelete