Thursday, September 12, 2019

ആദ്യമായി ഓണ സദ്യ ഉണ്ടത്......

നട്ടുച്ച നേരത്ത്  വാപ്പാ  ഒൻപത് വയസ്സ്കാരനായ എന്നെയും സൈക്കിളിൽ  കയറ്റി   പുന്നപ്ര  ലക്ഷ്യമാക്കി  പൊയ്ക്കൊണ്ടിരുന്നു. ആലപ്പുഴയിൽ യാഥാസ്ഥിക  മുസ്ലിം കേന്ദ്രമായ  വട്ടപ്പള്ളിയിൽ നിന്നും  പുന്നപ്ര രക്ത സാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട് വഴി  ദേശീയ പാതയിലെത്തി  ആ വെയിലത്ത് ഞങ്ങൾ  പൊയ്ക്കൊണ്ടിരുന്നത് ഓണ സദ്യ ഉണ്ണാനായിരുന്നു. വാപ്പായുടെ  സുഹൃത്തും വക്കീൽ ഗുമസ്തനുമായ മാധവൻ പിള്ളയുടെ  പുന്നപ്രയിലുള്ള വീട്ടിൽ ഓണമുണ്ണാൻ മാധവൻ പിള്ള  കഴിഞ്ഞ ആഴ്ചയിൽ  ഞങ്ങളെ ക്ഷണിച്ചിരുന്നല്ലോ.
 വാപ്പായുടെ  മറ്റൊരു സുഹൃത്തും  വട്ടപ്പള്ളി  ജാഫർ മസ്ജിദ്  ഇമാമുമായ  അബ്ദുൽക്കരീം ഉസ്താദുമായി  കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ച്   എല്ലാ കാര്യവും പറയുന്ന കൂട്ടത്തിൽ വാപ്പാ ഈ കാര്യവും പറയുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു. ഉസ്താദ് പറഞ്ഞു “ ഒരു  ചോറ് കിട്ടുന്നത് കളയണ്ടാ, പോയി വാടോ, പെരുന്നാളിന് നായരെ ഇങ്ങോട്ടും വിളി, നമ്മുടെ നെയ്ച്ചോറ് എങ്ങിനുണ്ടെന്ന് അവരും അറിയട്ടെ....“
വിയർത്ത് കുളിച്ച് വീട്ടിലെത്തിയ ഞങ്ങളെ മാധവൻ പിള്ളയും  കുടുംബവും സന്തോഷത്തോടെ എതിരേറ്റു.
 ജീവിതത്തിൽ ഇലയിൽ ആദ്യമായി ചോറ് ഉണ്ടത്  അന്നാണ്. കൈക്കുമ്പിളിൽ  മോര്   ഗുള് ഗുള് ശബ്ദത്തോടെ ആദ്യമായി വലിച്ച് കുടിച്ചതും അന്നായിരുന്നു. അവിടെ നിന്നും തിരികെ പോരുമ്പോൾ ഒരു പൊതി ശർക്കര പുരട്ടി  നായർ എനിക്ക് തന്നു, വീട്ടിൽ സഹോദരങ്ങൾക്ക് കൊടുക്കാനായി.
അന്ന്  മുസ്ലിമിനെയും ഹിന്ദുവിനെയും  ക്രിസ്ത്യാനിയെയും  പൊതുവിൽ ഒരുമിപ്പിച്ചിരുന്നത് ഒരൊറ്റ വിഷയമായിരുന്നു.  പട്ടിണി. അന്ന് പട്ടിണിയുടെ കാലമായിരുന്നു. അത് കൊണ്ട് തന്നെ ഓണവും പെരുന്നാളുകളും  ആഹ്ളാദഭരിതവുമായിരുന്നു.
കാലമെത്ര കടന്ന് പോയിരിക്കുന്നു. മാധവൻ പിള്ള എപ്പോഴേ പോയി കാണും. അദ്ദേഹത്തിന്റെ മക്കളായ ശശിയും അനുജനും ഇപ്പോൾ ഉണ്ടോ ആവോ?
പുന്നപ്രയിൽ മാധവൻ പിള്ളയുടെ വീട് എവിടെയെന്ന് ഞാൻ മറന്ന് പോയി.    ആ വീട് എവിടെയെന്ന് അറിയാമായിരുന്നെങ്കിൽ അന്യമത വിദ്വേഷവും അസഹിഷ്ണതയും വെറുപ്പും നിറഞ്ഞ് നിൽക്കുന്ന ഈ കാലത്ത് ഞാൻ അവിടെ പോയി   ഓണം ഉണ്ണുമായിരുന്നു

No comments:

Post a Comment