Friday, October 30, 2009

"ഒരു മെഡി.കോളേജു ഡയറി"(പതിനഞ്ച് )

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" പതിനഞ്ചാം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. (പൂർണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
21-11-1997
ഇപ്പോൾ രാത്രി 11 മണി. ഫ്ലാസ്ക്ക്‌ എടുക്കാൻ റൂമില്‍ വന്നതാണു. ഇന്നു രാവിലെ ഡോക്റ്റർ ജേക്കബ്‌ സൈഫുവിനെ ഇന്റൻസീവ്‌ കെ യർ യൂണിറ്റിൽ നിന്നും പുറത്തെടുത്തു അവനെ കുളിപ്പിക്കാനായി നിർദ്ദേശിച്ചു. ഞാൻ അന്തം വിട്ടു നിന്നു. പണ്ടു പനി വന്നു ഭേദമായാലും 3 ദിവസം കുളിക്കില്ല. പിന്നീട് തല നനക്കാതെ കുളിച്ചു പനി വീണ്ടും വരുന്നില്ല എന്ന് ബോദ്ധ്യപ്പെടതിനു ശേഷമേ തല നനക്കൂ ഇതാ ഇവിടെ നല്ല പനിയുള്ളഒരു രോഗിയെ കുളിപ്പിക്കാനായി ആവശ്യപ്പെടുന്നു. എന്റെ ശങ്ക കണ്ടപ്പോള്‍ ഡോക്ടര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു
"ഞങ്ങളല്ലേ ഇവിടുള്ളതു ധൈര്യമായി കുളിപ്പിക്കൂ".
പിന്നെ ഞാൻ മടിച്ചില്ല.അവനെ ട്രോളിയിൽ റൂമില്‍ കൊണ്ടു വന്നു കുളിപ്പിച്ചു.
40 സി.സി. പഴുപ്പു തലയിൽ നിന്നും പോയപ്പോൾ അവന്റെ മുഖത്തു പ്രസാദം അൽപ്പമായെങ്കിലും തിരിച്ചെത്തിയിരിക്കുനു. കുളി മുറിയിൽ നിന്നും പുറത്തു കൊണ്ടു വന്നു തല തുവർത്തുമ്പോൾ ഇന്റൻസീവു കെ യർ യൂണീറ്റിലെ വിശേഷങ്ങൾ ഞങ്ങൾ അവനോടു ചോദിച്ചു. അവിടെ എ.സി. ഉള്ളതിനാൽ നല്ല തണുപ്പാണെന്നും കമ്പിളി തരുന്നുണ്ടെന്നും അവൻ പറഞ്ഞു. മറ്റു രോഗികളെപ്പറ്റി അന്വേഷിച്ചപ്പോൾ അടുത്ത കട്ടിലിലെ ഒരു വല്യമ്മ എപ്പോഴും തലപൊക്കി അവനോടു ചോദിക്കുമത്രേ!
"എന്താ പെണ്ണേ, നീ പെറ്റു കിടക്ക്വാണോ?" എന്നു.
വല്യമ്മക്കു തലയിൽ അടികൊണ്ടു പരിക്കു പറ്റിയതാണെന്നു നഴ്സ്സ്‌ പറഞ്ഞറിഞ്ഞു. മറ്റു രോഗികളിൽ പലർക്കും ബോധമില്ല.
"ശവങ്ങളുടെ ഇടയിൽ കിടക്കുന്നതു പോലെ"
നഴ്സിന്റെ സാന്നിദ്ധ്യം ഉള്ളതിനാൽ ഭയം തോന്നുന്നില്ലെന്നും അവൻ പറഞ്ഞു. വൈകുന്നേരം 6 മണിക്കു ഞങ്ങൾ ജനലരികിൽ വരണമെന്നും അവൻ കൂട്ടി ചേർത്തു.
വൈകുന്നേരം ജനലിലൂടെ അവനെ കാണാൻ ഞങ്ങൾ ശ്രമിച്ചു. ആൾക്കൂട്ടത്തിന്റെ തിക്കും തിരക്കും കാരണം അൽപ്പ സമയം മാത്രമേ ജനലരികിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ. സൈഫു എഴുന്നേറ്റിരുന്നു ഞങ്ങളുടെ നേരെ കൈ വീശി. ബാക്കി രോഗികളെല്ലാം കിടക്കുകയാണു. ഞങ്ങളെ കണ്ടതിലുള്ള സന്തോഷം അവന്റെ മുഖത്തു പ്രകടമായിരുന്നു.
ജനലിൽ കൂടി ഐ.സി.യൂണിറ്റിലെ രോഗിയെ കാണൽ ഒരു അനുഭൂതി തന്നെ ആണ് . കണ്ടതിലുള്ള സന്തോഷവും കണ്ടു മതിയാവാത്തതിന്റെ സങ്കടവും കലർന്ന അനുഭൂതി.
പുറത്തെ തളത്തിൽ മറ്റു കൂട്ടിരുപ്പുകാരോടൊപ്പം ഈ രാത്രിയിൽ ഞങ്ങൾ വെറുതെ കിടക്കുന്നു എനു മാത്രം. ഉറക്കം വരില്ല. ഇനി എത്ര നാൾ അവൻ ഐ.സി.യിൽ കിടക്കും.
22-11-1997. രാത്രി.2.45 മണി.
അൽപ്പനേരം മുമ്പു അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാനാവില്ല.
പാതിരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതെ ഇന്റൻസീവു കെ യർ യൂണിറ്റിന്റെ മുൻ വശം വരാന്തയിൽ വെറുതെ ഓരോന്നാലോചിച്ചു കിടന്നു. മോർച്ചറിയുടെ ഭാഗത്തു നിന്നും പട്ടിയുടെ ഓരിയിടൽ നിർത്താതെ തുടരുകയാണു. ഭാര്യയും ഉറങ്ങിയിട്ടിലെന്നു ഞാൻ കണ്ടു. ഏതൊരുവനാണു ഉറങ്ങാൻ കഴിയുക.
ഇനു പകൽ ഒരു കാഴ്ച്ച കണ്ടു. ലക്ഷദ്വീപിൽ നിന്നും മെഡിസിൻ പഠനത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വന്ന ഒരു വിദ്യാർത്ഥി സ്കൂട്ടർ അപകടത്തിൽ പെട്ടു ന്യൂറോ സർജറിയിൽ ചികിൽസക്കായി പ്രവേശിക്കപ്പെട്ടു. അയാളുടെ ബന്ധുക്കൾ എല്ലാവരും ഈ വിവരം അറിഞ്ഞു ദ്വീപിൽ നിന്നും വന്നു ന്യൂറോ സർജറി വിഭാഗത്തിന്റെ ഒരിടത്തായി കൂട്ടം കൂടി ഇരുന്നു.കുട്ടികളും മുതിർന്നവരും അടങ്ങിയ ഒരു ചെറിയ ആൾക്കൂട്ടം. പലരുടേയും ചുണ്ടുകൾ അനങ്ങുന്നതിൽ നിന്നും അവർ പ്രാർത്ഥിക്കുകയാണെന്നു മനസ്സിലായി.
സ്കാൻ ചെയ്യുന്നതിനു സ്കാൻ ഡിപ്പാർട്ടുമന്റിലേക്കു കൊണ്ടു പോകാൻ ട്രോളിയിൽ കിടത്തി ഉന്തികൊണ്ടു പോകുമ്പോഴാണു ഞാൻ അയാളെ കണ്ടതു. അയാളുടെ ശരീരത്തിൽ നിന്നും പലവിധത്തിലുള്ള ട്യൂബുകൾ തൂങ്ങിക്കിടക്കുന്നു. ഓക്സിജൻ ജാറിൽ നിന്നും കൃത്രിമ ശ്വാസം കൊടുക്കുകയാണു.തല മുണ്ഡനം ചെയ്ത അയാളുടെ അടഞ്ഞ കണ്ണുകളുടെ വശങ്ങളിൽ കൂടി കണ്ണീർ ഒലിച്ചിറങ്ങുന്നു. ട്രോളിയുടെ സമീപം കുനിഞ്ഞ ശിരസ്സുമായി ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ നടക്കുന്നു. പുറകെ നിശ്ശബ്ദരായി ദ്വീപു നിവാസ്സികൾ ആണും പെണ്ണുമായി ട്രോളിയെ പിൻ തുടരുകയാണു. ആ കാഴ്ച്ച പറഞ്ഞറിയിക്കാനാവാത്ത ദുഃഖം ഉളവാക്കി. അവർ ആരും കരയുന്നില്ല. പക്ഷേ അവരുടെ കണ്ണുകളിൽ ഓരോ ശോക സമുദ്രമാണു അലയടിച്ചിരുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു. എത്ര മാത്രം പ്രതീക്ഷയോടെ ആയിരിക്കും വീട്ടുകാർ അയാളെ ഡോക്റ്ററാക്കാൻ അറബിക്കടലും താണ്ടി തിരുവനന്തപുരത്തേക്കു അയച്ചതു. വീട്ടിൽ നിന്നും ചിരിച്ച മുഖവുമായി യാത്ര പറഞ്ഞിറങ്ങിയ മകന്റെ ഈ കിടപ്പു അവർ എങ്ങിനെ സഹിക്കുമെന്നു ഉറക്കം വരാത്ത ഈ രാത്രിയിൽ ഐ.സി.യുടെ വരാന്തയിൽ കിടന്നു ഞാൻ ചിന്തിച്ചു.
അറബിക്കടലും ലഗൂനും നിരയായ തെങ്ങിൻ തോപ്പും കടലിലെ വഞ്ചികളും നിറഞ്ഞ ഒരു ക്യാൻ വാസ്സിലേക്കു ആകർഷിക്കപ്പെട്ടു പതുക്കെ മയക്കത്തിലേക്കു വീണ ഞാൻ പെട്ടെന്നു ഞെട്ടി ഉണർന്നു.
അതേ! സൈഫുവിന്റെ പേരാണു ഞാൻ കേട്ടതു . ഭാര്യയും എഴുന്നേറ്റിരിക്കുന്നു.
"സൈഫുവിന്റെ ആൾക്കാർ ഉണ്ടോ" നഴ്സ്സിന്റെ ശബ്ദം വീണ്ടും
രാത്രി 2.15 ആയിരിക്കുന്നു. ഈ രാത്രിയിൽ എന്തിനാണു ഞങ്ങളെ വിളിക്കുന്നതു. ലോകാലോകങ്ങളുടെ സൃഷ്ടാവേ! ഞങ്ങളുടെ കുഞ്ഞിനു എന്തു പറ്റി?!!!. രാത്രിയിൽ തക്ക കാരണമില്ലാതെ വിളിക്കില്ല."ഞങ്ങൾ ഇവിടുണ്ടു" എന്നു പറയാൻ പോലും നാക്കു പൊങ്ങിയില്ല.ഞാൻ കൈ പൊക്കി കാണിച്ചു.
"ഇവിടെ വരണം" നഴ്സ്‌ ആവശ്യപ്പെട്ടു. ഞാൻ ഐ.സി.യൂണിറ്റിന്റെ വാതിൽക്കലേക്കു യാന്ത്രികമായി നടന്നു.
ഇപ്പോൾ അ നഴ്സ്സ്‌ പറയാൻ പോകുന്ന വാക്കുകളിൽ എല്ലാം അടങ്ങിയിരിക്കും. എന്റെ ദുഃഖവും സന്തോഷവും ആ വാക്കുകളിലാണു. അവരുടെ ചുണ്ടുകളിൽ നിന്നും അടർന്ന വീഴുന്ന വാക്കുകള്‍ എന്നെ സംബന്ധിച്ച് വിധി നിര്നായകമായിരിക്കുമെന്നു ഞാന്‍ കരുതി. എന്റെ ഭാര്യക്ക് നടക്കാന്‍ പോലും കഴിഞ്ഞില്ല. അവള്‍ കണ്ണും മിഴിച്ചു തറയില്‍ ഇരുന്നു.
"സൈഫുവിനെ കൊണ്ടുപൊയ്ക്കൊള്ളൂ റൂമിലേക്ക്‌ " നഴ്സ്സു പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ഈ രാത്രിയിൽ തന്നെ അവനെ എന്തിനു കൊണ്ടു പോകണം? ഞാൻ നഴ്സ്സിനെ പിൻ തുടർന്നു ഇടനഴിയിലെത്തി. അവിടെ ഒരു ട്രോളിയിൽ സൈഫു കണ്ണടച്ചു കിടക്കുന്നു. എന്റെ കണ്ണിൽ ജലം നിറഞ്ഞു. എനിക്കൊന്നും കാണാൻ കഴിയാതെയായി. നഴ്സ്സ്‌ ഐ.സി. തുറന്നു അകത്തു പോയി.ഇപ്പോൾ ഇടനാഴിയിൽ ഞാനും എന്റെ മകനും മാത്രം. ഞാൻ ട്രോളിയുടെ സമീപത്തേക്കു നടന്നു. മുണ്ഡനത്തിനു ശേഷം കിളിർത്തു വന്ന അവന്റെ കുറ്റിത്തലമുടിയിൽ ഞാൻ തലോടി.
പെട്ടെന്നു അവൻ കണ്ണു തുറന്നു. നേരിയ ഒരു പുഞ്ചിരി അവന്റെ അധരത്തിൽ തെളിഞ്ഞു മാഞ്ഞു. താഴ്‌ന്ന സ്വരത്തിൽ അവൻ എന്തോ പറഞ്ഞു. ഞാൻ എന്റെ ചെവി അവന്റെ ചുണ്ടിനു സമീപം താഴ്ത്തി.
"വേറൊരാൾക്കു ബാറ്റ്‌ ചെയ്യാനുള്ളതു കൊണ്ടു ഞാൻ ഔട്ടായി." അവൻ പതുക്കെ പറഞ്ഞു.
ഇവൻ പിച്ചും പേയും പറയുകയാണോ? എപ്പോഴും ക്രിക്കറ്റുമായി നടക്കുന്നവനാണു. ആ ഓർമ്മയിലാണോ ഇപ്പോഴും.
ഐ.സി.യുടെ വാതിൽ തുറന്നു നഴ്സ്സ്‌ പുറത്തു വന്നു. ചോദ്യ ഭാവത്തിൽ ഞാൻ അവരെ നോക്കിയപ്പോൾ കാര്യം എന്തെന്നു അവർ വിശദമായി പറഞ്ഞു തന്നു. ഗുരുതരമായ അവസ്ഥയിൽ ഒരു രോഗിയെ (കൊട്ടാരക്കരയിൽ ഞങ്ങളുടെ പരിചയക്കാരിയെന്നു പിന്നീടറിഞ്ഞു) ഐ.സി.യിൽ അഡ്മിറ്റ്‌ ചെയ്യാൻ ഒരു കട്ടിൽ ഒഴിപ്പിക്കേണ്ടിയിരുന്നു. ഐ.സി.യിലെ അന്തേവാസികളിൽ ഗുരുതരാവസ്ഥ അൽപ്പം തരണം ചെയ്ത ഒരു രോഗിയെ മാറ്റാനായി നോക്കിയപ്പോൾ നറുക്കു വീണതു സൈഫുവിനാണു. അതാണു അസമയത്തുള്ള ഈ കുടി ഒഴിപ്പിക്കൽ.
" എന്നെ ഔട്ടാക്കി" എന്നവൻ പറഞ്ഞതു അതു കൊണ്ടാണു. രാത്രി ആ സമയത്തു ഹ്രുദയാലുവായ ഒരു അറ്റൻഡറുടെ സഹായത്തോടെ പേ വാർഡിലെ ഏറ്റവും മുകളിലത്തെ നിലയിലെ ഈ മുറിയിൽ സൈഫുവിനെ തിരിച്ചു കൊണ്ടു വന്നു. കഴിഞ്ഞ കുറേ നിമിഷങ്ങൾ അങ്ങിനെ ടെൻഷനിൽ കഴിഞ്ഞു. ഇതു എഴുതി നിർത്തുമ്പോൾ പുലർകാലം 3.40 മണി ആയി. ഉറക്കവും ഞാനുമായി പിണങ്ങിയിട്ടു നാളുകളേറെയായി.
(മെഡ്‌.കോളേജു ഡയറി കുറിപ്പു തുടരുന്നു.........)


8 comments:

 1. KANNIL VELLAM VARATHE VAYIKKAN KAZHIYARILLA

  ReplyDelete
 2. Eldho kakkattoor, ajnjaatha,
  thanks for visit to the Diary.

  ReplyDelete
 3. നഴ്സിന്റെ വിളി ഞങളേയും അങ്കലാപ്പിലാക്കി.

  ReplyDelete
 4. kuttichchaaththan, areekodan mash,
  thanks for visiting the diary

  ReplyDelete
 5. Reading every line with anxiety and agony. God bless you all!

  ReplyDelete
 6. sherriff

  വായിച്ചു തുടങ്ങുന്നു
  വീണ്ടും വരാം
  അഭിപ്രായങ്ങള്‍ പറയാം
  ആശംസകള്‍

  ReplyDelete