Thursday, October 1, 2009

മെഡി.കോളേജു ഡയറി (ഭാഗം-രണ്ടു )

(മെഡിക്കൽ കോളേജു ഡയറി എന്ന എന്റെ പുസ്തകത്തിൽ നിന്നും കഴിഞ്ഞ ദിവസം പോസ്റ്റു ചെയതിന്റെ ബാക്കി ഭാഗം തുടരുന്നു)
എട്ടര മണിക്കു ശ്രീ ചിത്രായിൽ എത്തി. കനത്ത ചട്ടവട്ടങ്ങൾ.!. സെക്യൂരിറ്റിക്കാരുടെ ആക്രോശങ്ങൾ! ടാക്സിയിൽ നിന്നും മകനെ സ്ട്രക്ചറില്‍ എടുത്തു ന്യൂറോ സർജറി ഓ.പി.യിൽ എത്തിച്ചു. രജിസ്റ്റ്രേഷൻ തുടങ്ങിയ മാമൂലുകൾക്കു ശേഷം ഡോക്റ്ററുടെ പരിശോധനക്കായി അദ്ദേഹത്തിന്റെ റൂമില്‍ എത്തിച്ചപ്പോള്‍
പത്തുമണിയായി. ഇതിനിടയിൽ പലതവണ മകൻ കണ്ണു തുറന്നു. വേദനയും ഭയവും അവനെ അസ്വസ്ഥനാക്കിയിരുന്നു. ഡോക്റ്റർ കൊല്ലം ആശുപത്രിയിലെ ചികിൽസാ ഷീറ്റും സ്കാൻ റിപ്പോർട്ടും പരിശോധിച്ചു. മകന്റെ കഴുത്തു വളക്കാൻ നോക്കിയിട്ടും വളയുന്നില്ല എന്ന് കണ്ടപ്പോൾ അറ്റം വൃത്താക്രുതിയിലുള്ള ദണ്ഡിനാൽ കാൽമുട്ടു തട്ടിനോക്കുകയും ദണ്ഡിന്റെ മുനയുള്ള വശത്താൽ ഉള്ളം കാലിൽ ചുരണ്ടുകയും ചെയ്തു. മകൻ കാൽ മാറ്റാൻ ശ്രമിക്കുന്നതു കണ്ടു മറ്റേ കാലിലും പരിശോധന ആവർത്തിക്കുകയും സ്കാൻ ഫിലിം ലൈറ്റിൽ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. ഉൽക്കണ്ഠ നിറഞ്ഞ നിമിഷങ്ങൾക്കു ശേഷം കുറേയേറെ മരുന്നുകൾ കുറിച്ച കടലാസ്സു തുണ്ട്‌ എന്റെ നേരെ നീട്ടി "ഇതിൽ പറയുന്ന കുത്തിവെയ്പ്പുകൾ മൂന്നു ആഴ്ച നടത്തിയതിനു ശേഷം രോഗിയെ കൊണ്ടുവന്നു കാണിക്കൂ" എന്നു പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ അവിടെ കിടത്തുമെന്നും വിദഗ്ദ്ധ ചികിൽസ നൽകുമെന്നും അങ്ങിനെ അവൻ സുഖം പ്രാപിക്കുമെന്നും വിശ്വസിച്ചിരുന്ന എനിക്കു തലയിൽ വെള്ളിടി പോലെ ആയിരുന്നു ആ വാക്കുകൾ. മകന്റെ രോഗകാഠിന്യത്തെപ്പറ്റി ഞാൻ വിവരിച്ചതു ഡോക്റ്റർക്കു മനസ്സിലായില്ലേ? അതോ എന്റെ കുട്ടിയെ ചികിൽസിച്ചാൽ ഭേദമാകില്ല എന്ന വിശ്വാസത്താൽ തിരികെ കൊണ്ടുപോകാൻ പറയുകയാണോ? അന്തം വിട്ടു നിന്ന ഞാൻ മകനെ അവിടെ അഡ്മിറ്റ്‌ ചെയ്യണമെന്നു ഡോക്റ്ററോടു കെഞ്ചി പറഞ്ഞു. ഇപ്പോൾ അവിടെ വെന്റിലേറ്റർ ഒഴിവില്ലെന്നും തലച്ചോറിൽ മെനൈഞ്ചിറ്റിസ്‌ ശക്തിയായി ബാധിച്ചിരിക്കുന്നതിനാൽ ഇപ്പോൾ ഓപ്പറേഷൻ സാധ്യമല്ലെന്നും കുറിച്ചുതന്ന മരുന്ന് ഏതെങ്കിലും ആശുപത്രിയുടെ മേൽനോട്ടത്തിൽ മൂന്നു ആഴ്ച കുത്തിവെച്ചതിനു ശേഷം കൊണ്ടു വരുമ്പോൾ അപ്പോൾ ഉള്ള അവസ്ഥ കണ്ടു ബാക്കി തീരുമാനിക്കാമെന്നും പറഞ്ഞു ഡോക്റ്റർ കൈ കഴുകാൻ വാഷ്ബേസിനിലേക്കു തിരിഞ്ഞപ്പോൾ എന്റെ മകന്റെ കാര്യത്തിൽ അദ്ദേഹത്തിൽ നിന്നും അനുകൂലമായ മറുപടി പ്രതീക്ഷിക്കേണ്ട എന്നു തീർച്ചയായി. ഈ അവസ്ഥയിൽ എന്റെ കുഞ്ഞിനെ എവിടെ കൊണ്ടുപോകുമെന്നു ചിന്തിച്ചപ്പോൾ കണ്ണിൽ ഇരുട്ടു കയറി. സ്ട്രക്ചറില്‍ മകനെ എടുത്തു വീണ്ടും കാറിന്റെ പിൻ സീറ്റിൽ കിടത്തി.ലോകത്തിലെ ഏറ്റവും നിസ്സഹായനായ മനുഷ്യൻ ഞാനാണെന്നു എനിക്കു തോന്നി. 15 വയസ്സു വരെ വളർത്തിയ അവനു വേണ്ടി ഇപ്പോൾ എനിക്കു ഒന്നും ചെയ്യാൻ കഴിയില്ല എന്ന ചിന്ത എന്നെ ഭ്രാന്തു പിടിപ്പിച്ചു. തീർച്ചയായും എന്തെങ്കിലും ചെയ്തേ മതിയാകൂ. ശ്രീ ചിത്രായിൽ നിന്നും തഴഞ്ഞ കുട്ടിയെ ഇനി വിദഗ്ധ ചികിൽസക്കായി എറുണാകുളത്തോ മറ്റോ കൊണ്ടു പോകണം. അവിടംവരെ എത്തിചേരാനുള്ള സമയദൈർഘ്യം, ആവശ്യത്തിനുള്ള പണം കരുതായ്ക എന്നിവ എന്നെ പരവശനാക്കി. അപ്പോഴാണു വരണ്ടമണ്ണിൽ തണുത്ത മഴ പോലെ എന്റെ അടുത്ത ബന്ധുവിൽ നിന്നും ഒരു നിർദ്ദേശം വന്നതു.ഭാര്യാ സഹോദരീ പുത്രിയും സലി എന്നു ഞങ്ങൾ വിളിക്കുന്നതുമായ ഈ കുട്ടി മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥയാണു. ശ്രീ ചിത്രായിൽ മകന്റെ പരിശോധനയ്ക്കു അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു.
"ഇവിടെ മെഡിക്കൽ കോളേജിൽ അവനെ കാണിക്കാം" എന്നു അവൾ പറഞ്ഞു.ശ്രീചിത്രാ തലയിൽ നിറഞ്ഞു നിന്നതു കാരണം മെഡിക്കൽ കോളേജു ആശുപത്രിയെപ്പറ്റി ചിന്തിച്ചതേയില്ല. മാത്രമല്ല അവിടെ യാന്ത്രികമായ പെരുമറ്റവും അലസമായ പരിചരണവുമാണെന്നാണു കേട്ടുകേൾ വി. ഇനിയിപ്പോൾ ന്യൂനതകളെപ്പറ്റി ചിന്തിക്കാതെ അവിടെ പോകുക എന്നു ഞാൻ തീരുമാനിച്ചു. സലിയുടെ സഹായത്തോടെ ജനറൽ ഓ.പിയിലെത്തി.ന്യൂറോ സർജറി ഓ.പി. നാളെയാണു. ജനറൽ ഓ.പിയിലെ ഡോക്റ്റർ അന്നാമ്മാ ചാക്കോയെ സലി വിവരങ്ങളെല്ലാം ധരിപ്പിച്ചു. ശ്രീചിത്രായിലെ കുറിപ്പു ഏൽപ്പിച്ചു. ശ്രീചിത്രായിലെ പരിശോധന ഒന്നു കൂടി ആവർത്തിക്കപ്പെട്ടു. അതേ കുത്തിവെപ്പു തന്നെ നിർദ്ദേശീക്കപ്പെടുകയും ചെയ്തു. ഒന്നാം വാർഡിൽ ഒന്നാം നമ്പർ കട്ടിൽ അനുവദിക്കപ്പെട്ടതോടെ മകനെ ആ കട്ടിലിലേക്കു മാറ്റി.
മെഡിക്കൽ കോളേജു ആശുപത്രിയിലെ ഞങ്ങളുടെ ആദ്യ ദിവസമായ ഇന്നു തന്നെ ഇവിടെ ജോലി ചെയ്യുന്ന ഡോക്റ്റർമാരുടെ കർക്കശ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞു. വൈകുന്നേരം ഒന്നാം വാര്‍ഡിലെ ചീഫ്‌ ഡോക്റ്ററായ പ്രോഫസ്സർ പരിശോധനക്കായി വന്നു. പ്രോഫസ്സറോടൊപ്പം രണ്ടു ജൂനിയർ ഡോക്റ്ററന്മാർ, ഹൗസ്സ്‌ സർജന്മാർ തുടങ്ങിയവരുമുണ്ടു.മെനൈഞ്ചിറ്റിസ്‌ രോഗിയെ പരിശോധിക്കാൻ വരുന്ന ചികിൽസകരും ചികിൽസാ വിദ്യാർത്ഥികളും രോഗിയുടെ തല നെഞ്ചിലേക്കു വളച്ചു കഴുത്തിനു മുറുക്കം ഉണ്ടോ എന്നു നോക്കും. രോഗത്തിന്റെ കാഠിന്യാവസ്ഥയിൽ ഇങ്ങിനെ ചെയ്യാൻ ശ്രമിക്കുമ്പോൾ തല നെഞ്ചിലേക്കു വളയാതെ രോഗി വേദനയാൽ പുളയും. മകനും ഇതു തന്നെ അനുഭവിച്ചു. പ്രോഫസ്സർ കഴുത്തു വളക്കലും കാലിൽ ദണ്ഡു കൊണ്ടു തട്ടലും ചുരണ്ടലും കഴിഞ്ഞു കേസ്സ്‌ ഷീറ്റ്‌ പരിശോധിച്ചപ്പോൾ മകന്റെ അസഹനീമായ തലവേദനയെപ്പറ്റി ഞാൻ ഡോക്റ്ററോടു പറഞ്ഞു.
" തലക്കു അസുഖം വന്നാൽ തലക്കല്ലേ വേദന വരുന്നതു, അല്ലാതെ കാലിനും കൈക്കുമാണോ വേദന വരുന്നതു "
ഡോക്റ്റർ എന്റെ നേരെ തുറന്നടിച്ചു.
കുത്തിവെയ്ക്കുന്നുണ്ടല്ലോ വേദന കുറയും അഥവാ കുറയുന്നില്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാം എന്നൊക്കെ എന്നെ സമാധാനിപ്പിക്കും എന്നാണു ഞാൻ പ്രതീക്ഷിച്ചതു. വിദ്യാഭ്യാസവും സംസ്കാരവും ഉള്ള ഒരു ഡോക്റ്റർ കാരുണ്യത്തോടെ പെരുമാറും എന്നു ഞാൻ വിശ്വസിച്ചിരുന്നു.
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഗൗരവം എന്റെ പെരുമാറ്റത്തിൽ സ്വാഭാവികമായി പ്രതിഫലിക്കാറുണ്ടു. ( എനിക്കല്ലേ അറിയൂ എന്റെ ഉള്ളിൽ ഒരു ഗൗരവും ഇല്ലെന്നു) മെഡിക്കൽ കോളേജിൽ ഡോക്റ്ററന്മാറാണു വിധികർത്താക്കൾ. അവിടെ വിനയവും താഴ്മയും അത്യാവശ്യം!
ഡോക്റ്ററുടെ മറുപടിയാൽ എനിക്കുണ്ടായ ജാള്യത മറക്കാനായി ഞാൻ വിനയത്തോടെ പറഞ്ഞു.
" ശ്രീ ചിത്രായിൽ നിന്നും തന്ന പ്രിസ്ക്രിപ്ഷനാണു കേസ്സ്‌ ഷീറ്റിലുള്ളതു"
"മെഡിക്കൽ കോളേജു ഈസ്‌ നോട്ട്‌ എ വർക്ക്‌ ഷോപ്പ്‌ ഓഫ്‌ ശ്രീ ചിത്രാ, ഇവിടെ ന്യൂറോ സർജറി ഡിപ്പർട്ട്മന്റുണ്ട്‌ ന്യൂറോ
സർജന്മാരുണ്ടു. ആവശ്യമുണ്ടെങ്കിൽ അവർ ചികിൽസിക്കും ശ്രീ ചിത്രയുടെ പ്രിസ്ക്രിപ്ഷന്‍ ഇവിടെ ആവശ്യമില്ല."
എന്നോടു ഡോക്റ്റർ പറഞ്ഞ മറുപടിയിൽ പരിഹാസവും പുശ്ചവും കലർന്നിരുന്നു. മകന്റെ രോഗ കാഠിന്യം , മാനസികമായും ശാരീരികവുമായ ക്ഷീണം ഇതെല്ലാം കൂടി എന്നിലേക്കു കോപം ഇരച്ചു കയറിവരുന്നതു ഞാൻ മാത്രമല്ല ഭാര്യയും മനസ്സിലാക്കിയതു കൊണ്ടാവം അവൾ എന്നെ ദയനീയമായി നോക്കുകയും മകന്റെ നേരെ കണ്ണു കാണിക്കുകയും ചെയ്തു.
അതേ! എന്റെ മകനെ ചികിൽസിക്കാനാണു ഞാൻ ഇവിടെ വന്നതു.....ക്ഷമ .....ക്ഷമ.... മനസ്സില്‍ ആരോ മന്ത്രിച്ചു. തുടര്‍ന്ന്
ഡോക്റ്റർ പ്രിസ്ക്രിപ്ഷൻ പരിശോധിച്ചു. ചില മരുന്നുകൾ 100 മി.ഗ്രാം എന്നതു 200 മി.ഗ്രാം എന്നു മാറ്റി. ചിലതു 200 എന്നതു 100 എന്നു തിരുത്തി. അദ്ദേഹത്തിന്റെ വകയായി ചില ഭേദഗതികൾ വേണമല്ലോ!
ഡോക്റ്ററും സംഘവും പോയി കഴിഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞു; ശ്രീചിത്രയും മെഡിക്കൽ കോളേജു ആശുപത്രിയും തമ്മിൽ ഒരുമന്ത്രിയുടെ ചികിൽസ സംബന്ധിച്ചു ആ ദിവസങ്ങളിൽ സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു എന്നു. അന്നത്തെ തൊഴിൽ വകുപ്പു മന്ത്രിയും തൊഴിലാളി നേതാവുമായ ശ്രീ ബേബി ജോൺ പക്ഷാഘാതവും മറ്റുമായി മെഡിക്കൽ കോളേജു ആശുപത്രിയിൽ ചികിൽസയിൽ ഇരുന്നിട്ടും വലിയ കുറവു കാണാത്തതിനാൽ ബന്ധുക്കൾ ഇടപെട്ടു ശ്രീ ചിത്രയിലേക്കു മാറ്റിയെന്നും അവിടെ കുറവു കണ്ടു തുടങ്ങിയെനും അതിനെ തുടർന്നു ആ രണ്ടു ആതുരാലയങ്ങളിലെ ഭിഷഗ്വരന്മാർ തമ്മിൽ തൊഴിൽ സംബന്ധമായ സ്പർദ്ധ നിലവിലുണ്ടെന്നും ഞാൻ അറിഞ്ഞു.അതിന്റെ പ്രതികരണമായിരുന്നു ഡോക്റ്ററുടെ വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നത്‌. അതിനു എന്റെ മകൻ എന്തു പിഴച്ചു!.
കണ്ണുകളിൽ ഉറക്കം കയറി തുടങ്ങിയതിനാൽ 27-10-97 ലെ ഈ കുറിപ്പുകൾ നിർത്തുന്നു. ഉറക്കം വന്നാലും എങ്ങിനെ ഉറങ്ങും. കട്ടിലിൽ രോഗിയോടൊപ്പം കൂട്ടിരുപ്പുകാരെ കിടത്തില്ല. ഒരാൾക്കു കട്ടിലിനു സമീപം സ്റ്റൂളിൽ ഇരിക്കുക മാത്രം ചെയ്യാം. ഈ നിയമം ലംഘിക്കേണ്ടെന്നു കരുതിയാണു ഭാര്യ കട്ടിലിനു കീഴിൽ അഭയം കണ്ടെത്തിയതു.സെക്യൂരിറ്റിക്കാർ പരിശോധനക്കു വന്നാൽ രണ്ടിലൊരാൾ പുറത്തു പോകണം. അവർ പരിശോധനക്കു വരരുതേ എന്ന പ്രാർത്ഥനയാണു ഇപ്പോൾ മനസ്സിൽ.
ഈ ദിവസത്തെ കുറിപ്പിൽ ആദ്യം സൂചിപ്പിച്ചിരുന്ന മൃതദേഹം ഞങ്ങളുടെ അരികിൽ നിന്നും ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
28--10--1997.
ഇന്നു രാത്രിയും ഈ കുറിപ്പുകൾ എഴുതുന്നു.ഇന്നു പുലർച്ചക്കു ആശുപത്രി വരാന്തയിലൂടെ തള്ളി നീക്കുന്ന ട്രോളികളുടെ കടകടാരവം മയക്കത്തിൽ നിന്നും എന്നെ ഉണർത്തി. ഒരു സ്റ്റൂളിൽ ഇരുന്നു കട്ടിലിൽ തലചായ്കാൻ സാധിച്ചപ്പോൾ ചെറുതായി മയങ്ങി.അത്രമാത്രം.മകൻ ഉണർന്നു കിടക്കുന്നു. വെളുപ്പിനു കുത്തിവെയ്ക്കുന്നതിനായി നഴ്സ്സ്‌ വന്നു. ഒരു ആമ്പ്യൂൾ 300 രൂപാ വിലയുള്ള ഫോർട്ടം എന്ന മരുന്നു മൂന്നു നേരം കുത്തിവെയ്ക്കണം. കൂട്ടത്തിൽ മറ്റു കുത്തിവെയ്പ്പുകളും. പ്രതിദിനം 1200 രൂപയുടെ മരുന്നു കുത്തിവെയ്പ്പിനായി വാങ്ങണം. ആശുപത്രിയിൽ നിന്നും വില കുറഞ്ഞ ചില ഗുളികകൾ മാത്രം തരും. കുറഞ്ഞതു മൂന്നു ആഴ്ച്ചകൾ ഈ രീതിയിൽ കുത്തിവെയ്പ്പ്‌ തുടരണമെന്നാണു അറിഞ്ഞതു. നിർദ്ധനരായ രോഗികൾ ഈ അവസ്ഥയിൽ എന്തു ചെയ്യുമെന്നു ഞാൻ അതിശയിച്ചു.
കൈവശം ഉണ്ടായിരുന്ന തുകയ്ക്ക്‌ ഞാൻ കുറെ മരുന്നു വാങ്ങി ശേഖരിച്ചിരുന്നു. ഫോർട്ടം എന്ന മരുന്നു കുത്തി വെയ്ക്കാനായി നഴ്സ്സ്‌ അതിൽ ശുദ്ധീകരിച്ച വെള്ളം ചേർത്തു സിറിഞ്ചിലേക്കു വലിച്ചു കയറ്റി. പെട്ടെന്നു സിറിഞ്ചിന്റെ പിസ്റ്റൺ തള്ളിപ്പോയി. അതാ ഫോർട്ടം മുഴുവൻ തറയിൽ കിടക്കുന്നു. മുന്നൂറു രൂപാ പാൽ നിറത്തിൽ തറയിൽ ചിതറി കിടക്കുന്നതു കണ്ടു നഴ്സ്സും ഒപ്പം ഞാനും ഞെട്ടി.
"പകരം മരുന്നു ഉണ്ടോ ഇല്ലങ്കിൽ മുന്നൂറു രൂപാ ഞാൻ തരാം മരുന്നു വാങ്ങാൻ...." എന്നായി നഴ്സ്സ്‌.
അവരുടെ കുറ്റബോധം കണ്ടു ഞാൻ വാങ്ങിവെച്ചിരുന്ന മരുന്നിൽ നിന്നും ഒരു ആംബ്യൂൾ എടുത്തു കൊടുത്തു. പൈസ്സാ വേണ്ടാ എന്നും പറഞ്ഞു. അപ്പോഴും ഞാൻ ചിന്തിച്ചു;പാവപ്പെട്ട ഒരു രോഗി ആയിരുന്നെങ്കിൽ ആ അവസ്ഥയിൽ എന്തു ചെയ്യുമായിരുന്നു എന്നു.
മകനു പകൽ സമയങ്ങളിൽ വിട്ടു വിട്ടു പനി അനുഭവപ്പെട്ടു.അവൻ കണ്ണു തുറന്നു കിടക്കണമെന്നും ഞങ്ങളോടു സം സാരിക്കണമെന്നും ഞാൻ ആഗ്രഹിച്ചു.
മെഡിക്കൽ കോളേജിലെ അന്തരീക്ഷവുമായി പരിചയപ്പെട്ടുവരുന്നു. ഇവിടെ നേരായ വഴി പ്രായോഗികമല്ലെന്നു കുറച്ചു മണിക്കൂറുകൾ കൊണ്ടു മനസ്സിലായി.നടപടിക്രമങ്ങളുടെ ചട്ടക്കൂട്ടിൽ രോഗികളും കൂട്ടിരുപ്പുകാരും ഞെരുങ്ങി അമരുന്നു. കർശനമായി നിയമം നടപ്പിലാക്കുന്നതിന്റെ തിക്തഫലം ഇന്നു രാവിലെ ഞാൻ അനുഭവിച്ചു .......
(അതെന്തായിരുന്നെന്നും തുടർന്നുള്ള ദിവസങ്ങളിൽ അനുഭവിച്ചതും കണ്ടതുമായ യാതനകളും അടുത്ത ദിവസങ്ങളിലെ പോസ്റ്റുകളിൽ കാണാം....മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ തുടരുന്നു.......)

7 comments:

  1. Dear Blogger,

    We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://sheriffkottarakara.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

    pls use the following format to link to us

    Kerala

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  2. ബോണ്ട് സൈസ് ഒന്നു കുറക്കാമൊ വായിക്കാൻ ബുദ്ധിമുട്ട്.

    ReplyDelete
  3. Shereefikka contact number onnu tharumo?mail cheythaal mathi ajunaith@gmail.com

    ReplyDelete
  4. Dear Shariff,
    Your experiences show the uncivilized face of Indian medical system. I remember what a friend of mine said when I asked him why he came to UK to settle down here in his 50s. He said "England is a civilized country where everyone gets free treatment and treated farely and equally." I too had similar experiences from bloody govt doctors in Kerala and so try to avoid going to hospitals there. Here in the UK patient is the king. He decides what treatment he wants. The doctor has a duty to answer all the doubts patients express. In fact the treatment is absolutely free. I have seen those stupid Indian doctors with big "headweight" stand humbly infront of white carers or nurses here. They raise their horns only infront of the poor in India. It may take another century to change this barbarian attitude of our idiots(Docs). Relevent post. Keep publishing. Good Luck, Manoj

    ReplyDelete
  5. കണ്ണനുണ്ണി, സൈറ്റു സന്ദർശിച്ചതിനു നന്ദി.
    ഞാനും എന്റെ ലോകവും, നിർദ്ദേശത്തിനു നന്ദി.വേണ്ട മാറ്റങ്ങൾ വരുത്താം.
    ജുനൈദു, എന്റെ ഫോൺ നമ്പറുകൾ ഇ മെയിലിൽ അയച്ചിട്ടുണ്ടു.
    പ്രിയ മനോജ്‌,(പാഴ്മരം),
    അഭിപ്രായം പൂർണ്ണമായും ശരിയാണു.ഇവിടത്തെ ചികിൽസകരിൽ ഭൂരിഭാഗവും അവർ ഏതോ ഉട്ടോപ്യൻ സാമ്രാജ്യത്തിലെ പ്രധാനികളണെന്നാണു വിചാരിക്കുന്നതു.ഒരു വാക്കു പോലും ഉരിയാടുന്നതിൽ അവർ പിശുക്കു കാണിക്കുന്നു.എന്റെ ഈ പോസ്റ്റുകൾ അവസാനം വരെ വായിക്കുമ്പോൾ അതു ബോദ്ധ്യമാകും. കമന്റ്സിനും നിരീക്ഷണത്തിനും ഏറെ നന്ദി.

    ReplyDelete