Wednesday, October 28, 2009

മെഡി.കോളേജു ഡയറി (പതിനാല്)

( "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപു" പതിനാലം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. പൂർണ്ണമായി മനസ്സിലാക്കാൻ മുൻഭാഗങ്ങൾ വായിക്കുക.)
20-11-1997(തുടർച്ച)
ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്ക് നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം .പെട്ടെന്നു നിലവിളി നിലച്ചു. എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. വാതിൽ തള്ളി തുറന്നു ഞാൻ സൈഫു കിടന്ന മുറിയിലേക്കു പാഞ്ഞു. ഇടനാഴിയിൽ നിൽപ്പുണ്ടായിരുന്ന രാജുവും സലിയും എന്നെ തടഞ്ഞു. അവരുടെ കയ്യും തട്ടി ഞാൻ റൂമിന്റെ വാതില്‍ക്കലെത്തി . അപ്പോഴേക്കും എന്റെ പുറകെ പാഞ്ഞെത്തിയ രാജു എന്റെ കൈക്കു പിടിച്ചു നിർത്തി.
"എന്താണു ഈ കാണിക്കുന്നതു"
ഞാൻ സമനില വീണ്ടെടുക്കനായി എണ്ണി; "ഒന്നു...രണ്ടു....മൂന്നു.....നാലു....." അതാ കേൽക്കുന്നു എന്റെ മകന്റെ ശബ്ദം. ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ അവനോടു എന്തോ ചോദിക്കുന്നു.അവൻ മറുപടി പറയുന്നു. എന്റെ ദൈവമേ നന്ദി! ഞാൻ ഭിത്തിയിലേക്കു ചാരി,അറിയാതെ നിലത്തേക്കു ഇരുന്നു. ഭാര്യ അടുത്തു വന്നിരുന്നു. ഞങ്ങൾ പരസ്പരം നോക്കി. അവളും സൈഫുവിന്റെ ശബ്ദം കേട്ടിരിക്കുന്നു. ഇതിനിടയിൽ സലി അകത്തു പോയി തിരികെ വന്നു.
" അവനു കുഴപ്പമില്ല, 40 സി.സി.പഴുപ്പു കുത്തിയെടുത്തു. സലി പറഞ്ഞു.
ഇത്രയും പഴുപ്പു അവന്റെ തലയിൽ ഉണ്ടായിരുന്നു.
ആദ്യ തവണ ഡ്രിൽ ചെയ്ത അതേ ദ്വാരത്തിലൂടെ തന്നെയാണു ഇപ്പോഴും ഡ്രിൽ ചെയ്തു പഴുപ്പു കുത്തി എടുത്തതെന്നു അറിയാൻ കഴിഞ്ഞു. എന്റെ മോൻ എന്തു മാത്രം വേദന സഹിച്ചിരിക്കണം. അവൻ അത്രയും ഉച്ചത്തിൽ നിലവിളിച്ചതിന്റെ കാരണം അതായിരുന്നു.
ഡോക്റ്റർ ആലപ്പാടൻ പുറത്തേക്കു വന്നു.
" കുട്ടിയുടെ തലയിൽ കുറച്ചൊന്നുമല്ല പഴുപ്പുണ്ടായിരുന്നതു.... ട്ടോ" അദ്ദേഹം ചിരിച്ചു കൊണ്ടു എന്നോടു പറഞ്ഞു.
അവനെ ഇന്റൻസീവു കെ യർ യൂണിറ്റിൽ കിടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
അങ്ങിനെ സൈഫു ന്യൂറോ സർജറി ഇന്റൻസീവു കെ യർ യൂണിറ്റിൽ പ്രവേശിപ്പിക്കപ്പെട്ടു.
മറ്റൊരു പ്രധാന കാര്യം കൂടി ഇവിടെ കുറിക്കുന്നു. ദിനം പ്രതി 1200 രൂപയുടെ കുത്തിവെയ്പ്പു 25 ദിവസമായി സൈഫുവിനു കൊടുത്തിരുന്നുവല്ലോ; ഡോക്റ്റർ ആലപ്പാടൻ വിലകൂടിയ ആ കുത്തിവെയ്പ്പു നിർത്തി പകരം സി.പി. എന്നറിയപ്പെടുന്ന ക്രിസ്റ്റിലിൻ പെൻസിലിൻ 2 മണിക്കൂർ ഇടവിട്ടു കുത്തി വൈക്കാൻ നിർദ്ദേശിച്ചു. കൂടാതെ ക്ലോറോമൈസിൻ 6 മണിക്കൂർ ഇടവിട്ടു കുത്തി വൈക്കാനും ബിക്കാർട്ടെക്സ്‌, ടേഗ്രറ്റോൾ എന്നീ ഗുളികകൾ കൊടുക്കാനും അദ്ദേഹം പറഞ്ഞു.
സി.പി. തുഛ വിലക്കുള്ള കുത്തി വെപ്പു മരുന്നാണു. . മറ്റു മരുന്നുകൾക്കും വില ഏറെയില്ല. ഇന്നലെ വരെ 1200 രൂപ വിലയുള്ള മരുന്നായിരുന്നു ദിവസവും അവനു കുത്തി വെച്ചിരുന്നതു. എന്റെ നട്ടെല്ലു ഒടിക്കുന്ന സാമ്പത്തികഭാരം എന്നിൽ നിന്നും മാറ്റപ്പെട്ടിരിക്കുന്നു.
ഇവിടെ പ്രസ്ക്തമായ ഒരു ചോദ്യം ഉദിക്കുന്നു.സൈഫുവിനു സി.പി. മതിയായിരുന്നു എങ്കിൽ ഈ 25 ദിവസവും എന്നെക്കൊണ്ടു എന്തിനു വിലയേറിയ മറ്റു മരുന്നുകൾ വാങ്ങിപ്പിച്ചു. അഥവാ ഫോർട്ടം തുടങ്ങിയ വിലയേറിയ മരുന്നുകൾ ആദ്യമേ കുത്തിവൈക്കേണ്ടതു അത്യാവശ്യമായിരുന്നെങ്കിൽ തന്നെയും രോഗശമനം കാണാതിരുന്നപ്പോൾ മരുന്നിനു പകരം മറ്റു മരുന്നുകൾ നിർദ്ദേശിക്കാമായിരുന്നില്ലേ? ഈ 25 ദിവസവും എന്തിനു ഒരേ മരുന്നു തന്നെ തുടർന്നു.
ഉത്തരം ലളിതം.ഒരേ ഡോക്റ്ററുടെ മേൽ നോട്ടത്തിൽ ചികിൽസ്സിച്ചിരുന്നെങ്കിൽ രോഗത്തിന്റെ ഏറ്റകുറച്ചിൽ ശ്രദ്ധിച്ചു മരുന്നു മാറ്റുകയോ തുടരുകയോ ചെയ്യാമായിരുന്നു. പലരും വന്നു പരിശോധിച്ചതിനാൽ ആരും നിലവിലുള്ള മരുന്നു മാറ്റി പുതിയ മരുന്നു പരീക്ഷിക്കാൻ മിനക്കെട്ടില്ല. എന്തു മാത്രം സാമ്പത്തിക നഷ്ടവും ക്ലേശങ്ങളും ഞങ്ങൾക്കുണ്ടായി എന്നു മാത്രമല്ല ആവശ്യമില്ലതെ ഔഷധ പ്രയോഗം സൈഫുവിന്റെ ശരീരം സഹിക്കേണ്ടി വന്നു.
ന്യൂറോ സർജറി ഐ.സി.യിലെ രോഗികളുടെ കൂട്ടിരിപ്പുകാർ ഐ.സിയുടെ വരാന്തയിൽ വെറും തറയിൽ രാത്രിയിൽ ന്യൂസ്‌ പേപ്പറോ ഷീറ്റോ വിരിച്ചു കിടക്കുകയാണു പതിവു.( ഇപ്പോള്‍ അവിടെ കൂട്ടിരുപ്പ്കാർക്കു വിശ്രമിക്കാൻ സൗകര്യം ഉണ്ടെന്നാണു അറിവു) ഞാനും ഭാര്യയും അങ്ങിനെ ചെയ്തു. ചില സമയം രോഗികളുടെ പേരു വിളിച്ചു പറഞ്ഞു നഴ്സുമാർ ബന്ധുക്കളെ തിരക്കും. രോഗിക്കു കാപ്പിയോ വസ്ത്രമോ കൊടുക്കാനായിരിക്കും വിളിക്കുക. രോഗിയുടെ പേരെഴുതി ഒട്ടിച്ച പാത്രങ്ങളിൽ കാപ്പിയോ കഞ്ഞിയോ ആവശ്യമുള്ളതു അവരെ ഏൾപ്പിച്ചാൽ അവർ അതു അകത്തു കൊണ്ടു പോയി കൊടുക്കും. എന്നാൽ രാത്രി ഏറെ ചെന്നു രോഗിയുടെ പേരു വിളിച്ചു പറഞ്ഞു ബന്ധുക്കളെ തിരക്കുന്നതു അപശകുനമാണു. അ രോഗിക്കു എന്തെങ്കിലും സംഭവിച്ചിരിക്കും.
ദിവസവും വൈകുന്നേരം 6 മണിക്കു ഐ.സി.യുടെ 2 ചെറിയ ജനലുകളിലൂടെ രോഗികളെ കാണാൻ അനുവദിക്കും.
രാത്രിയിൽ കിടക്കുന്നതിനായി തറയിൽ വിരിക്കുനതിനു ഷീറ്റ്‌ എടുക്കാനായി റൂമിൽ വന്നപ്പോൾ ഈ കുറിപ്പുകൾ എഴുതുന്നു. സമയം അതിക്രമിച്ചിരിക്കുന്നു. ഭാര്യ ഇപ്പോൾ പരിഭ്രമിക്കുകയായിരിക്കും. ഇന്നത്തെ കുറിപ്പു നിർത്തുന്നു.
( മെഡിക്കൽ കോളേജു ഡയറികുറിപ്പു തുടരുന്നു..........)

2 comments:

  1. വല്ലാതെ അനുഭവം തന്നെ :-(
    മകന്‍ ഇപ്പൊ അസുഖമൊക്കെ മാറി മിടുക്കനായെന്നു കരുതുന്നു..

    ReplyDelete
  2. ദീപൂ,
    കമന്റിനു നന്ദി. പൂർണ്ണ സുഖമായീ എന്നു പറയാൻ വയ്യ. എങ്കിലും വലിയ കുഴപ്പങ്ങൾ ഒന്നുമില്ല.വർഷങ്ങൾ പന്ത്രണ്ട്‌ കഴിഞ്ഞിരിക്കുന്നു.ബാക്കി പോസ്റ്റുകൾ വായിക്കുമ്പോൾ അതു മനസ്സിലാകും.

    ReplyDelete