("ഒരു മെഡിക്കൽ കോളേജു ഡയറി കുറിപ്പുകള്‍ " ) എന്ന എന്റെ പുസ്തകത്തിൽ നിന്നും ബ്ലോഗിൽ പോസ്റ്റു ചെയ്ത അഞ്ചാം ഭാഗം .പൂർണ്ണമായി മനസ്സിലാക്കാൻ മുൻഭാഗങ്ങൾ വായിക്കുക.)
29-10-1997 രാത്രി 11 മണി.
സൈഫുവിനു അസാധാരണ വിശപ്പു. ഇതെന്താണിങ്ങനെ എനു ഞാൻ അതിശയിച്ചു. ഏതായാലും നല്ല ലക്ഷണമല്ല. വൈകുന്നേരം വന്നിരുന്ന ഡോക്റ്ററോടു ഈ കാര്യം തിരക്കി.
" അവനല്ലേ ആഹരം കഴിക്കുന്നതു നിങ്ങളല്ലല്ലോ" എന്നായിരുന്നു മറുപടി.
" നീ കഴിക്കെടാ പയ്യനേ" എന്നു പറഞ്ഞു അയാൾ സ്ഥലം വിട്ടു. അൽപ്പം ദയ കാണിക്കുന്ന ഒരാളുമില്ലേ ഇവിടെ?. ആൾക്കാരോടു സൗമ്യ ഭാഷയിൽ സം സാരിച്ചാൽ ഇവരുടെ ഇമേജു നഷ്ടപ്പെടുമോ?. മൃഗങ്ങല്‍ക്കില്ലാത്തതും മനുഷ്യനു ഉള്ളതുമായ "ചിരി" എന്ന സാധനം ഈ ഭിഷഗ്വരന്മാർക്കു ദൈവം നൽകിയിട്ടില്ലേ?പോലീസു ഓഫീസ്സറും ന്യായാധിപന്മാരും മുഖത്തു ഗൗരവം കാണിക്കുന്നതിന് കാരണം ഉണ്ടാകാം. പക്ഷേ ഒരു ഡോക്റ്റർക്കു മുഖത്തു ഗൗരവത്തിന്റെ ആവശ്യമില്ലല്ലോ!. ഡോക്റ്ററുടെ സൗഹ്രുത്തോടെയുള്ള പെരുമാറ്റം-സ്നേഹത്തോടെയുള്ള തോളിൽ തട്ടൽ. എന്തു സന്തോഷമായിരിക്കും രോഗിക്കു ഉണ്ടാകുക!.
ഉറക്കം കണ്ണിലേക്കു ഇഴഞ്ഞു വരുന്നു. സൈഫുവിനു രോഗം കഠിനമായതിനു ശേഷം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. സ്റ്റൂളിലിരുന്നു കട്ടിൽ പടിയിലേക്കു തല ചായ്ച്ച് മയങ്ങുനു. അത്രമാത്രം.
ഇന്നു ഈ ആശുപത്രിയിൽ മരണം കൂടുതലുണ്ടായിരുന്നെന്നു തോന്നുന്നു. കടകടാരവത്തോടെ പോകുന്ന ട്രോളിയിൽ തുണി കൊണ്ടു മൂടിയ ശവം സഞ്ചരിക്കുന്നു. അതിനെ പിൻ തുടർന്നു ഏങ്ങലടിച്ചു ബന്ധു ജനങ്ങളും. പതിവു കാഴ്ച്ചയായിരിക്കുന്ന ഈ സംഭവം ചിലപ്പോൾ കൂടുതൽ വികാരഭരിതമാകുന്നതു പരിഭ്രമത്തോടെ ട്രോളിയിലെ മൃതദേഹത്തെ പിൻ തുടരുന്ന കൊച്ചു കുട്ടികളെ കാണുമ്പോൾ മാത്രം.
സൈഫുവിന്റെ കാലുകൾ ഏറെ മെലിഞ്ഞിരിക്കുന്നു. കാലുകൾ ഉപയോഗിക്കാത്തതിനാലായിരിക്കാം മെലിച്ചിൽ. അവൻ ഉറക്കത്തിൽ അസ്വസ്ഥനാണെന്നു മുഖം കാണുമ്പോൾ അറിയാം. അവന്റെ അമ്മയെ കട്ടിലിനു താഴെ ഉറങ്ങാൻ കിടത്തി അവനു കൂട്ടിരിക്കുന്ന ഞാൻ ഉറങ്ങാതിരിക്കാൻ ഈ കുറിപ്പു എഴുത്തു സഹായകരമായി. രാത്രിയിൽ രോഗം വർദ്ധിച്ചാൽ എന്തു ചെയ്യും?. ഒരു പി.ജി. വിദ്യാർത്ഥിയും ഒരുഹൗസ്സു സർജനും ഡ്യൂട്ടി നഴ്സ്സും മാത്രമാണു വാർഡിൽ ഉള്ളതു. ഏതെങ്കിലും രോഗിക്കു അസുഖം കൂടിയാൽ പി.ജി. വിദ്യാർത്ഥിയും ഹൗസ്സു സർജനും ഓടിയെത്തും. ഞങ്ങൾ ഇവിടെ വന്നു ഈ നേരം വരെ രാത്രിയിൽ ഗുരുതരാവസ്ഥയിലായ രോഗിയെ പരിശോധിക്കാൻ ഡ്യൂട്ടി ഡോക്റ്ററോ ചീഫ് ഡോക്റ്ററോ വരുന്നതായി കണ്ടിട്ടില്ല. രോഗിയുടെ ആയുസ്സിന്റെ ബലം കൊണ്ടു ഗുരുതരാവസ്ഥ തരണം ചെയ്താൽ പിറ്റേദിവസം കേസ്സു ഷീറ്റു നോക്കി ഹൗസ്സു സർജൻ ചെയ്ത ചികിൽസ്സ എന്തെന്നു ചീഫ് ഡോക്റ്റർ മനസ്സിലാക്കി വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.. അത്രതന്നെ.
ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജു ആശുപത്രിയിൽ ക്യാഷ്വാലിറ്റിയിലൂടെ പ്രവേശിക്കപ്പെട്ട രോഗിയുടെ അവസ്ഥയും ദയനീയം ആണു. രക്തം ,മൂത്രം തുടങ്ങിയവ പരിശോധിച്ചു രോഗം എന്തെന്നു പിടികിട്ടുന്നതു വരെ വേദനസംഹാരിയും മയങ്ങാനുള്ള മരുന്നുമല്ലാതെ മറ്റൊന്നും രോഗിക്കു ലഭിക്കില്ല. ഇവ രണ്ടിനും രോഗാവസ്ഥ വഴങ്ങുന്നില്ല എങ്കിൽ ആ രോഗിയുടെ കാര്യം കഷ്ടം തന്നെ.
ഈ വിധത്തിലുള്ള ഒരു രോഗിയെ ഇന്നു കണ്ടു.ചെറുപ്പക്കാരന്‍ . അയാളുടെ കൈകാലുകൾ കട്ടിലിനോടു ചേർത്തു തുണി കൊണ്ടു കെട്ടിയിട്ടു. എന്നിട്ടും അബോധാവസ്ഥയിൽ അയാൾ കുതറി ചാടാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു. കണ്ണിലെ കൃഷ്ണമണികൾ മുകളിലേക്കു മറിഞ്ഞുപോയി. വായിൽ നിന്നും നുരയും പതയും വന്നു ഒരു കാളക്കൂറ്റന്റെ ശബ്ദത്തിൽ അയാൾ അമറിക്കൊണ്ടേ ഇരുന്നു. സുന്ദരിയായ അയാളുടെ ഭാര്യ വരാന്തയിൽ വെറും നിലത്തു ചടഞ്ഞിരുന്നു സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ അലറി വിളിച്ചിരുന്നു. നടുവു മേലോട്ടു വളച്ചു കുതറിച്ചാടുന്ന രോഗിയെ ബന്ധുക്കൾ പ്രയാസപ്പെട്ടു കട്ടിലിനോടു ചേർത്തു പിടിച്ചു. രവിലെ 11 മണിക്കു കൊണ്ടു വന്ന അയാളുടെ ശരീരത്തിൽ നിന്നും ഹൗസ്സ് സർജനും പി.ജി.വിദ്യാർത്ഥിയും കൂടി രക്തം പലതവണ കുത്തിയെടുത്തു. പരിശോധനക്കു കൊടുത്തു. റിസൽറ്റുകൾ പലതും ലഭിച്ചിട്ടും സീനിയർ ഡോക്റ്ററന്മാരോടു ഉപദേശങ്ങൾ ആരാഞ്ഞിട്ടും അവരിലാർക്കും രോഗമെന്തെന്നു പിടികിട്ടിയില്ലെന്നു തോന്നുന്നു.വൈകുന്നേരത്തോടെ രോഗിയുടെ ശബ്ദവും ചലനവും പതുക്കെയായി. സന്ധ്യക്കു എല്ലാവരും ചേർന്നു രോഗിയെ എങ്ങോട്ടോ കൊണ്ടു പോയി. മറ്റു ചികിൽസ്സാ കേന്ദ്രത്തിലാവാം.ആശയ്ക്കു വകയില്ലെന്നു കണ്ടു വീട്ടിലേക്കാവാം. സൈഫു ഈ രംഗംങ്ങൾ കണ്ണിമയ്ക്കാതെ നോകി കിടന്നു. മറ്റു പലതിലേക്കും അവന്റെ ശ്രദ്ധ തിരിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല.
വാർഡുകളിൽ രാത്രി സമയങ്ങളിൽ ഒരു സീനിയർ ഡോക്റ്ററുടെ സേവനം അത്യന്താപേക്ഷിതമാണു.ഒരു പക്ഷേ അങ്ങിനെയൊരു ഡോക്റ്റർ ഡ്യൂട്ടിയിലുണ്ടാവാം- അദ്ദേഹം തന്റെ മുറിയിൽ സുഖമായി ഉറങ്ങുകയാവാം.
പേന കയ്യിൽ നിന്നും വഴുതി പോകുന്നു. ഉറക്കം കലശലായി വരുന്നു. സൈഫു ഉറക്കാമാണു. അവന്റെ അമ്മ ഉറക്കം മതിയാക്കി അവന്റെ കാൽ തടവിക്കൊടുത്തു അരികിൽ ഇരിക്കുന്നു. കുറിപ്പുകൾ നിർത്തി കട്ടിൽ പടിയിലേക്കു തല ചായ്ക്കാം.
(മെഡി.കോളേജു ഡയറി കുറിപ്പുകള്‍ തുടരുന്നു........)
വേദനയോടെ വായിക്കുന്നു.....
ReplyDelete